നമ്മുടെ വീടുകളിൽനിന്ന് ദിവസവും പുറന്തള്ളുന്ന മാലിന്യങ്ങൾ എവിടേക്കാണ് പോകുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മൾ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഇലക്ട്രോണിക് ഉപകരണങ്ങളും നമ്മുടെ കൺമുന്നിൽനിന്ന് അപ്രത്യക്ഷമാകുമ്പോൾ, അവ ഭൂമുഖത്തുനിന്ന് ഇല്ലാതാകുന്നില്ല. പകരം, അവ ഒരു ആഗോള യുദ്ധത്തിലെ പ്രധാന ആയുധങ്ങളായി മാറുകയാണ്. തോക്കുകളും ടാങ്കുകളുമില്ലാത്ത, എന്നാൽ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെയും പ്രകൃതിയെയും ഏറെ പെട്ടെന്ൻ കാർന്നുതിന്നുന്ന ഈ നിശ്ശബ്ദ സംഘർഷത്തെയാണ് ലോകം ഇന്ന് ‘മാലിന്യയുദ്ധം’ (Waste War) എന്ന് വിശേഷിപ്പിക്കുന്നത്.
എന്താണ് WASTE WAR?
ലളിതമായി പറഞ്ഞാൽ, വികസിത രാജ്യങ്ങൾ തങ്ങളുടെ രാജ്യത്ത് കുന്നുകൂടുന്ന പ്ലാസ്റ്റിക്, ഇലക്ട്രോണിക്, രാസമാലിന്യങ്ങൾ എന്നിവ സംസ്കരിക്കാനുള്ള ഭീമമായ ചെലവ് ഒഴിവാക്കാൻ, അവയെ 'പുനരുപയോഗിക്കാവുന്നവ' എന്ന വ്യാജേന വികസ്വരരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന പ്രക്രിയയാണിത്. കുറഞ്ഞ സാമ്പത്തിക ശേഷിയും ദുർബലമായ പാരിസ്ഥിതിക നിയമങ്ങളുമുള്ള ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളാണ് പലപ്പോഴും ഇതിനിരയാകുന്നത്. പണത്തിന് പകരമായി തങ്ങളുടെ നാടിനെ വിഷം നിറഞ്ഞ ചവറ്റുകൊട്ടയാക്കി മാറ്റാൻ അവർ ഇതിലൂടെ നിർബന്ധിതരാകുന്നു. ഈ ചൂഷണത്തെ ‘മാലിന്യ കൊളോണിയലിസം’ (Waste Colonialism) എന്ന് വിശേഷിപ്പിക്കാം. പഴയ കൊളോണിയലിസം രാജ്യങ്ങളെ രാഷ്ട്രീയമായി കീഴടക്കിയെങ്കിൽ, പുതിയ മാലിന്യ കൊളോണിയലിസം അവരുടെ പ്രകൃതിയെയും ആരോഗ്യത്തെയും തകർത്ത് കീഴടക്കുന്നു.
പഴയ കൊളോണിയലിസം രാജ്യങ്ങളെ രാഷ്ട്രീയമായി കീഴടക്കിയെങ്കിൽ, പുതിയ മാലിന്യ കൊളോണിയലിസം അവരുടെ പ്രകൃതിയെയും ആരോഗ്യത്തെയും തകർത്ത് കീഴടക്കുന്നു.
ഇറക്കുമതി ചെയ്യപ്പെടുന്ന മാലിന്യക്കൂമ്പാരങ്ങൾ ദുർബലമായ പാരിസ്ഥിതിക നിയമങ്ങളുമുള്ള ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ ഗ്രാമങ്ങളെയാണ് വിഴുങ്ങുന്നത്. ഈ ആഗോള മാലിന്യ വ്യാപാരത്തിൽ നിർണ്ണായക വഴിത്തിരിവുണ്ടായത് 2018-ലാണ്. ലോകത്തിലെ ഏറ്റവും വലിയ മാലിന്യ ഇറക്കുമതിക്കാരായിരുന്ന ചൈന, "നാഷണൽ സ്വോർഡ്" എന്ന പേരിൽ നയം കൊണ്ടുവരികയും വിദേശ മാലിന്യങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ, യൂറോപ്പിലും അമേരിക്കയിലും മാലിന്യം കെട്ടിക്കിടക്കാൻ തുടങ്ങി. തുടർന്ന്, ഈ മാലിന്യക്കപ്പലുകൾ ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം, ഇന്ത്യ തുടങ്ങിയ പുതിയ തീരങ്ങൾ തേടിയിറങ്ങി. ഇത് ഈ രാജ്യങ്ങളിൽ വലിയ പാരിസ്ഥിതിക പ്രതിസന്ധികൾക്കും ജനകീയ പ്രക്ഷോഭങ്ങൾക്കും കാരണമായി. പല രാജ്യങ്ങളും മാലിന്യം നിറച്ച കണ്ടെയ്നറുകൾ കയറ്റിയയച്ച രാജ്യങ്ങളിലേക്കുതന്നെ തിരിച്ചയക്കാൻ തുടങ്ങിയതോടെ ഈ പോരാട്ടം രൂക്ഷമാവാൻ തുടങ്ങി.
ഈ മാലിന്യ രാഷ്ട്രീയ ചരിത്രത്തിനുശേഷം കുറച്ച് പതിറ്റാണ്ടുകളായി, മാലിന്യം എന്നത് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ഗുരുതരമായ സാമൂഹിക- രാഷ്ട്രീയ- പാരിസ്ഥിതിക വെല്ലുവിളികളിലൊന്നായി മാറാൻ തുടങ്ങിയിരിക്കുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി, പ്രകടമായിതന്നെ, ആഗോള അസമത്വങ്ങൾ രൂപപ്പെടുത്തുകയും ആധുനിക സമ്പദ്‌വ്യവസ്ഥകളിലെ ഘടനാപരമായ പിഴവുകൾ തുറന്നുകാട്ടുകയും ചെയ്യുന്നുണ്ടുതാനും.

മാലിന്യം എന്നത് നിത്യജീവിതത്തിലെ ഒരു പ്രാദേശിക പ്രശ്‌നമായി തോന്നാമെങ്കിലും യഥാർത്ഥത്തിൽ ആഗോള ഉപഭോഗരീതികളുമായും, അന്താരാഷ്ട്ര വ്യാപാരവുമായും, അധികാരബന്ധങ്ങളുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഉപഭോക്തൃ ഉൽപ്പന്നത്തിന്റെ 99% ആറ് മാസത്തിനുള്ളിൽ ഉപേക്ഷിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന കണക്കുകൾ പഠനങ്ങൾ വഴി പുറത്തു വരുമ്പോഴാണ്, നാം ചെറിയ പ്രശ്‌നമെന്ന് കരുതിയതിന്റെ യഥാർത്ഥ വ്യാപ്തി മനസ്സിലായി തുടങ്ങുന്നത്. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം, ലോക ജനസംഖ്യയുടെ 16% മാത്രമുള്ള ഉയർന്ന വരുമാനമുള്ള രാജ്യങ്ങളാണ് ലോകത്തെ മാലിന്യത്തിന്റെ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്നത്. എന്നാൽ, അമിത ഉപഭോഗത്തിന് ഏറ്റവും കുറഞ്ഞ സംഭാവന നൽകിയിട്ടും, അതിന്റെ ദോഷഫലങ്ങൾ ഏറ്റവും അനുഭവിക്കേണ്ടിവരുന്നതാവട്ടെ, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളും.
സമ്പന്ന രാജ്യങ്ങൾ, താരതമ്യേന കാര്യക്ഷമമായ മാലിന്യനിർമാർജന സംവിധാനങ്ങളിലൂടെയോ, മറ്റ് രാജ്യങ്ങളിലേക്ക് മാലിന്യം കയറ്റി അയച്ചുകൊണ്ടോ അവരുടെ മാലിന്യത്തെ മറച്ചുവെക്കുന്നു. എന്നാൽ വികസ്വര രാജ്യങ്ങൾ തുറന്ന സ്ഥലങ്ങളിൽ മാലിന്യം തള്ളുകയും കത്തിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യ- പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്നു. വികസിത രാജ്യങ്ങൾ പ്ലാസ്റ്റിക്, ഇ-മാലിന്യം, മറ്റ് അപകടകരമായ വസ്തുക്കൾ എന്നിവ പുനരുപയോഗം എന്ന വ്യാജേന ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റിയയയ്ക്കുമ്പോൾ ഈ അസമത്വം കൂടുതൽ വർധിക്കുന്നു. ഇത്തരം വ്യാപാരം ഹ്രസ്വകാലത്തേക്ക് വരുമാനം നൽകുന്നുണ്ടെങ്കിലും, അത് ദുർബലത വർദ്ധിപ്പിക്കുകയും, പ്രാദേശിക പരിസ്ഥിതിയെ മലിനമാക്കുകയും, സ്ത്രീകളെയും കുട്ടികളെയും കുടിയേറ്റക്കാരെയും ഉൾപ്പെടെയുള്ള അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
ജാവയിലെ 'വേസ്റ്റ് ഗ്രാമങ്ങളി’ലെ ആളുകൾ ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച് ഭക്ഷണം പാകം ചെയ്യുന്നതും, ഘാനയിലെ അഗ്‌ബോഗ്‌ബ്ലോഷിയിൽ കുട്ടികൾ ഇ- മാലിന്യം കൈകാര്യം ചെയ്യുന്നതും, ഇന്ത്യയിലെയും ബംഗ്ലാദേശിലെയും കപ്പൽ പൊളിക്കൽ കേന്ദ്രങ്ങളിലെ തൊഴിലാളികളുടെ ദുരിതവും ട്രാഷ് ക്യാപിറ്റലിസത്തിന്റെ ദാരുണ നേർക്കാഴ്ചകളാണ്.
ഇതുമൂലമുണ്ടാകുന്ന ഘടനാപരമായ അനീതി വളരെ വ്യക്തമാണ്. കാരണം ഏറ്റവും കുറവ് ഉപയോഗിക്കുന്നവർ, ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരുടെ അമിതത്വത്തിന്റെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നു. അനൗപചാരിക മാലിന്യസംഭരണ തൊഴിലാളികൾ (informal recyclers) വസ്തുക്കളുടെ പുനരുപയോഗത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും അവരെ വേണ്ടത്ര അംഗീകരിക്കുകയോ നയപരമായ കാര്യങ്ങളിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നില്ല. ഇത് അവരുടെ ദുരിതപൂർണ്ണമായ സാമൂഹിക- സാമ്പത്തിക അവസ്ഥയെ തീവ്രമാക്കുന്നു.
അതേസമയം പ്ലാസ്റ്റിക്, ഇലക്ട്രോണിക്സ് പോലുള്ള വ്യവസായങ്ങൾ ഈ പ്രശ്നം രൂക്ഷമാക്കുന്നു. ആഗോള പുനരുപയോഗ ശേഷിയേക്കാൾ വേഗത്തിൽ പ്ലാസ്റ്റിക് ഉത്പാദനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത് പ്രതിവർഷം 24 മുതൽ 34 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജല ആവാസവ്യവസ്ഥയിൽ എത്താൻ കാരണമാകുന്നു. അതിവേഗം വളരുന്ന മാലിന്യങ്ങളിലൊന്നായ ഇ-മാലിന്യം കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇരട്ടിയിലധികം വർധിച്ചു. ലെഡ്, മെർക്കുറി പോലുള്ള വിഷവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുന്നു. ഇങ്ങനെ തുടർന്ന് പോകുന്നു മാലിന്യത്തിന്റെ ആഗോള തുടർക്കഥകൾ.
മാലിന്യയുദ്ധം:
ട്രാഷ് ക്യാപിറ്റലിസവും ദരിദ്രരാഷ്ട്രങ്ങളുടെ ദുരിതവും
അലക്സാണ്ടർ ക്ലാപ്പ് എന്ന ബ്രിട്ടീഷ്- അമേരിക്കൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനും തന്റെ ‘വേസ്റ്റ് വാർസ്: ദ വൈൽഡ് ആഫ്റ്റർലൈഫ് ഓഫ് യുവർ ട്രാഷ്’ എന്ന ഗ്രന്ഥത്തിൽ മുന്നോട്ടുവെക്കുന്ന പ്രധാന വാദം, ആഗോള മാലിന്യപ്രശ്നം കേവലം പാരിസ്ഥിതിക വിഷയമല്ല, മറിച്ച് മുതലാളിത്തത്തിന്റെ പുതിയ രൂപമായ 'ട്രാഷ് ക്യാപിറ്റലിസം' ആണെന്നാണ്. അന്താരാഷ്ട്ര രാഷ്ട്രീയവും പരിസ്ഥിതിശാസ്ത്രവും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിൽ പ്രഗത്ഭനായ ക്ലാപ്പ്, മാലിന്യ വ്യാപാരത്തിന്റെ ഭീകരമുഖം നേരിട്ട് കണ്ടറിഞ്ഞ അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്.

സമ്പന്ന രാജ്യങ്ങൾ തങ്ങളുടെ അമിത ഉപഭോഗത്തിൽ നിന്നുണ്ടാകുന്ന അപകടകരമായ മാലിന്യങ്ങൾ സ്വന്തം മണ്ണിൽ സംസ്കരിക്കാനുള്ള ഉയർന്ന ചെലവ് ഒഴിവാക്കാൻ, ദരിദ്ര രാഷ്ട്രങ്ങളിലേക്ക് കയറ്റിയയയ്ക്കുന്നു. ഇതിനായി അവർ 'സഹായം' എന്ന മറവിൽ വിവിധ ഏജൻസികളെ ഉപയോഗിക്കുന്നു.
ജാവയിലെ 'വേസ്റ്റ് ഗ്രാമങ്ങളി’ലെ ആളുകൾ ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച് ഭക്ഷണം പാകം ചെയ്യുന്നതും, ഘാനയിലെ അഗ്‌ബോഗ്‌ബ്ലോഷിയിൽ കുട്ടികൾ ഇ- മാലിന്യം കൈകാര്യം ചെയ്യുന്നതും, ഇന്ത്യയിലെയും ബംഗ്ലാദേശിലെയും കപ്പൽ പൊളിക്കൽ കേന്ദ്രങ്ങളിലെ തൊഴിലാളികളുടെ ദുരിതവും ട്രാഷ് ക്യാപിറ്റലിസത്തിന്റെ ദാരുണ നേർക്കാഴ്ചകളാണെന്ന് ക്ലാപ്പ് വാദിക്കുന്നു.
അന്താരാഷ്ട്ര നിയമങ്ങളെ, പ്രത്യേകിച്ച് ബേസൽ കൺവെൻഷനെ, അംഗീകരിക്കാത്ത അമേരിക്ക പോലുള്ള രാജ്യങ്ങളുടെ നിലപാട്, തങ്ങളുടെ മാലിന്യങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ദരിദ്ര രാജ്യങ്ങളിലേക്ക് തള്ളാൻ അവരെ സഹായിക്കുന്നു. ഇത് സ്വന്തം സുരക്ഷയ്ക്കായി ദുർബല രാജ്യങ്ങളെ ചൂഷണം ചെയ്യുന്ന പാശ്ചാത്യ മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത്. എന്നിരുന്നാലും, ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലങ്ങളിൽ തന്നെ അത് സംസ്കരിക്കുക, ശക്തമായ നിയമങ്ങൾ നടപ്പാക്കുക, ജനപങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഈ ദുരവസ്ഥ മാറ്റിയെടുക്കാൻ കഴിയുമെന്നും ക്ലാപ്പ് പറയുന്നു.
മാലിന്യത്തിന്റെ രാഷ്ട്രീയവും
സാധാരണ ജനങളുടെ സമീപനവും
മാലിന്യ പ്രശ്നം കേവലം സാങ്കേതികമോ, പരിസ്ഥിതിപരമോ ആയ വിഷയമല്ല. മറിച്ച് അതിന് രാഷ്ട്രീയവും സാമൂഹിക നീതിയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഒരിക്കലും നിഷ്പക്ഷമല്ല. മറിച്ച്, സർക്കാരുകളും പ്രാദേശിക അധികാരികളും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ (ഉദാഹരണത്തിന്, മാലിന്യം കുഴിച്ചിടുന്ന സ്ഥലങ്ങൾ, മാലിന്യം കത്തിക്കുന്ന കേന്ദ്രങ്ങൾ) സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്നത് പലപ്പോഴും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളാണ് (Davies, 2014).
മാലിന്യത്തിന്റെ രാഷ്ട്രീയത്തിൽ വർഗ്ഗീയതയും ദാരിദ്ര്യവും ചേർന്നുണ്ടാക്കുന്ന അനീതികൾ ലോകമെമ്പാടും അതിരുകളില്ലാതെ തന്നെ പ്രകടമാണ്.
മാലിന്യ വിഷയത്തിൽ ജനങ്ങളുടെ സമീപനത്തിൽ എല്ലായ്പ്പോഴും വൈരുദ്ധ്യം കാണാം. ഒരുവശത്ത് മാലിന്യം കുറയ്ക്കണമെന്നും പുനരുപയോഗിക്കണമെന്നും ശക്തമായി വാദിക്കുന്നവർ, മറുവശത്ത് അതുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ തങ്ങളുടെ പ്രദേശത്ത് വരുന്നതിനെ എതിർക്കുകയാണ് ചെയ്യുന്നത്. ബോധവത്കരണം ഉയർന്നിട്ടും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നു.
ഇതിനിടെ, സാമൂഹികവും സാമ്പത്തികവുമായ ശക്തരായ സമൂഹങ്ങൾ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഇത്തരം പദ്ധതികളെ തടയുമ്പോൾ, രാഷ്ട്രീയ ശക്തിയില്ലാത്ത ദരിദ്രരും അരികുവത്കരിക്കപ്പെട്ടവരുമായ സമൂഹങ്ങൾ അപകടകരമായ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നു. ഇതാണ് ‘പരിസ്ഥിതി നീതി’ എന്നതുകൊണ്ട് ഉയർത്തിക്കാട്ടുന്ന പ്രധാന വാദം. മാലിന്യ കോളനിവത്കരണത്തിന് സമാനമായി, രാജ്യത്തിനകത്തും സമ്പന്ന പ്രദേശങ്ങളിൽ നിന്ന് ദരിദ്ര പ്രദേശങ്ങളിലേക്കുള്ള മാലിന്യത്തിന്റെ ‘ആന്തരിക ഒഴുക്ക്’ അധികാര അസമത്വങ്ങൾ മൂലം നടക്കുന്നു. ഇതും ഒരുതരത്തിൽ മാലിന്യ യുദ്ധം തന്നെ എന്നതിൽ തർക്കമില്ല.
ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, ജനങ്ങൾ വേസ്റ്റ് മാനേജുമെന്റ് പദ്ധതികളെ സ്വീകരിക്കുന്നതിൽ സർക്കാരിനോടുള്ള വിശ്വാസവും തീരുമാനങ്ങളുടെ സുതാര്യതയും നിർണായകമാണെതാണ്. പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാതെ മേൽത്തട്ടിൽ നിന്ന് കൊണ്ടുവരുന്ന പദ്ധതികൾ പ്രതിഷേധത്തിനും അനിശ്ചിതത്വത്തിനും വഴിവെക്കുന്നു എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ, മാലിന്യത്തിന്റെ രാഷ്ട്രീയത്തിൽനിന്ന് ലഭിക്കുന്ന പാഠം, ജനങ്ങളുടെ നിലപാടുകൾ അവഗണിച്ച് ഒരിക്കലും ദീർഘകാലികവും നീതിയുക്തവുമായ പരിഹാരങ്ങൾ സാധ്യമല്ല എന്നതാണ്.
മാലിന്യം വെറും നിർമാർജന പ്രശ്നമല്ല, മറിച്ച് അധികാര ബന്ധങ്ങളും സാമൂഹിക അസമത്വങ്ങളും പ്രതിഫലിപ്പിക്കുന്ന, ഒരു സാമൂഹ്യ ജീവിക്കും ഒഴിവാക്കാനാവാത്ത പ്രശ്നമാണ് എന്ന തിരുത്തൽ താഴെത്തട്ടിൽ ഉണ്ടാവേണ്ടതുമുണ്ട് എന്നതിൽ സംശയമില്ല. ജനങ്ങളുടെ ശബ്ദം ഉൾക്കൊള്ളുന്ന രീതിയിലാണ് യഥാർത്ഥത്തിൽ നീതിയുക്തമായ വേസ്റ്റ് മാനേജുമെന്റ്റ് മാർഗങ്ങൾ കണ്ടെത്താനാവുക എന്നതും വ്യക്തമാണ്.
മാലിന്യം, ദാരിദ്ര്യം, വർഗ്ഗീയത:
‘എമെൽ മോഡൽ’
മാലിന്യത്തിന്റെ രാഷ്ട്രീയത്തിൽ വർഗ്ഗീയതയും ദാരിദ്ര്യവും ചേർന്നുണ്ടാക്കുന്ന അനീതികൾ ലോകമെമ്പാടും അതിരുകളില്ലാതെ തന്നെ പ്രകടമാണ്.
1970-കളിൽ Waste Management Inc. എമെൽ, അലബാമയിൽ അമേരിക്കയിലെ ഏറ്റവും വലിയ ഹസാർഡസ്സ് വേസ്റ്റ് ലാൻഡ് ഫിൽ സ്ഥാപിച്ചു. അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ Sumter County- യിലെ ചെറിയ ഗ്രാമമാണ് എമെൽ. 2020-ലെ കണക്കുകൾ പ്രകാരം ഇവിടെ 66 പേർ മാത്രമാണ് താമസിക്കുന്നത്. ഇവരിൽ 94% ആഫ്രിക്കൻ അമേരിക്കൻ സമൂഹക്കാരാണ്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ശരാശരി കുടുംബവരുമാനം അമേരിക്കൻ ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ്.
മാലിന്യ പ്രശ്നം വെറും പരിസ്ഥിതി പ്രതിസന്ധി മാത്രമല്ല; അത് ആഗോള അധികാരബന്ധങ്ങൾ, വർഗ്ഗീയ അസമത്വങ്ങൾ, ദാരിദ്ര്യത്തിന്റെ ചൂഷണം എന്നിവയുടെ ഭാഗമാണ്
യഥാർത്ഥത്തിൽ 94% African American സമൂഹമാണ് എമെലിൽ ജീവിച്ചിരുന്നത്. അതിൽ 67% പേർ ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്ന ഈ പ്രദേശത്ത് കമ്പനി തൊഴിലവസരങ്ങളും വികസനവും വാഗ്ദാനം ചെയ്തിരുന്നു. ആരംഭത്തിൽ കുറച്ചുപേർക്ക് ജോലി ലഭിച്ചെങ്കിലും ഉടൻ തൊഴിൽ നഷ്ടപ്പെട്ടു, വരുമാനം കുറഞ്ഞു, എന്നാൽ വിഷവസ്തുക്കൾ നിറഞ്ഞ മണ്ണും മലിനമായ കുടിവെള്ളവും മാത്രമാണ് ശേഷിച്ചത്. കുട്ടികളിൽ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമായി, ഭൂഗർഭജലം മലിനമായി. പ്ലാൻറ് സ്ഥാപിക്കുക എന്ന ലക്‌ഷ്യം നിറവേറിയതിലൂടെ വലിയ സാമ്പത്തിക നേട്ടം വൈറ്റ് രാഷ്ട്രീയ ശക്തികൾക്ക് ലഭിച്ചു. ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിനാവട്ടെ കിട്ടിയത് പരിസ്ഥിതിനാശവും ആരോഗ്യപ്രശ്നങ്ങളും മാത്രം.
ഇതുപോലുള്ള അനീതികൾ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കാണാം. ആഫ്രിക്കയിലെ ഘാനയിലെ അഗ്‌ബോഗ്‌ബ്ലോഷി (Agbogbloshie) ലോകത്തിലെ ഏറ്റവും വലിയ ഇ- മാലിന്യ ഡമ്പിംഗ് കേന്ദ്രങ്ങളിൽ ഒന്നാണ്. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ അവിടെ പൊളിച്ചെടുക്കുന്നത് ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളും കുടിയേറ്റക്കാരുമാണ്. അവരുടെ ആരോഗ്യവും ജീവിതവും വിലകുറഞ്ഞതാണെന്ന് കരുതുന്ന ഒരു “ഗ്ലോബൽ ഡമ്പിംഗ് സൈറ്റി”ന്റെ ഭീകരരൂപമാണിത്.

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും കപ്പൽ പൊളിക്കൽ കേന്ദ്രങ്ങൾ (ship-breaking yards, e.g., Alang, Chattogram) “ഗ്ലോബൽ നോർത്ത്” രാജ്യങ്ങളിൽനിന്ന് വരുന്ന പഴകിയ കപ്പലുകൾ കൈകാര്യം ചെയ്യുന്നു. കുറഞ്ഞ വേതനത്തിന് അപകടകരമായ രാസവസ്തുക്കൾ നിറഞ്ഞ കപ്പലുകൾ പൊളിച്ച് തൊഴിലാളികൾ ജീവൻ പണയം വെക്കേണ്ടിവരുന്നു. ലാറ്റിനമേരിക്കയിലും സമാന അവസ്ഥകളുണ്ട്. മെക്സിക്കോയിലെ maquiladora (മെക്സിക്കോ–യു.എസ്. അതിർത്തിയിൽ പ്രവർത്തിക്കുന്ന assembly factories അല്ലെങ്കിൽ manufacturing plants) മേഖലയിൽ, അമേരിക്കയിൽ നിന്നുള്ള hazardous waste പലപ്പോഴും തിരികെ കൊണ്ടുപോകുന്നില്ല. അത് പ്രാദേശിക സമൂഹത്തിന്റെ വായുവും ജലവും മലിനമാക്കുന്നു. ദാരിദ്ര്യത്തിൽ കഴിയുന്ന സ്ത്രീകളും കുടിയേറ്റക്കാരുമാണ് ഇതിന്റെയും മുഖ്യ ഇരകൾ.

ഈ ഉദാഹരണങ്ങൾ കാണിക്കുന്നത്, മാലിന്യ പ്രശ്നം വെറും പരിസ്ഥിതി പ്രതിസന്ധി മാത്രമല്ല; അത് ആഗോള അധികാരബന്ധങ്ങൾ, വർഗ്ഗീയ അസമത്വങ്ങൾ, ദാരിദ്ര്യത്തിന്റെ ചൂഷണം എന്നിവയുടെ ഭാഗമാണ് എന്നാണ്. ഈ ദുരവസ്ഥ വെറും പാരിസ്ഥിതിക പ്രശ്നം മാത്രമല്ല. ആഗോള അധികാര ബന്ധങ്ങളുടെയും, വംശീയ അസമത്വങ്ങളുടെയും, ദാരിദ്ര്യത്തിന്റെ നിസ്സഹായതയുടെയും ആഗോള യാഥാർത്ഥ്യമാണ്.
ചരിത്രത്തിലെ കൊളോണിയലിസം ഭൂമിയും, വിഭവങ്ങളും, മനുഷ്യവിഭവശേഷിയും ചൂഷണം ചെയ്തപ്പോൾ, അതിന്റെ ആധുനിക പതിപ്പായ മാലിന്യ കൊളോണിയലിസം (Waste Colonialism), ദരിദ്രരാഷ്ട്രങ്ങളെ തങ്ങളുടെ അപകടകരമായ മാലിന്യങ്ങൾ തള്ളാനുള്ള സ്ഥലമായി മാറ്റുന്നു. നമ്മുടെ വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഓരോ മാലിന്യവും, ലോകത്തെവിടെയോ ഒരു ദരിദ്രന്റെ ജീവിതത്തിനും ആരോഗ്യത്തിനും മേൽ ചെന്ന് പതിക്കുന്നുണ്ട്. അശ്രദ്ധയോടെ നമ്മൾ വലിച്ചെറിയുന്ന ഒരു ചെറിയ വസ്തു പോലും, ഒരുപക്ഷേ, ഒരു പാവപ്പെട്ട മനുഷ്യന്റെ ജീവന്റെ വിലയുള്ളതാകാം. അതെ, നമ്മുടെ ഉപഭോഗ സംസ്കാരത്തിന്റെ അദൃശ്യമായ ഭാരം ചുമക്കുന്നത് ലോകത്തിലെ അരികുവൽക്കരിക്കപ്പെടവനാണ്.

▮
References:
1. Davies, A. (2003). Waste wars – Public attitudes and the politics of place in waste management strategies. Irish Geography, 36(1), 77–92. https://doi.org/10.1080/00750770309555813.
2. Heiman, M. K. (1996). Waste management and risk assessment: Environmental discrimination through regulation. Professional Geographer, 48(4), 400–418. https://doi.org/10.2747/0272-3638.17.5.400.
3. Wilson, L. M. (2023). White politics, Black lives, & the cost of being green: Environmental racism in Emelle, Alabama. Midwest Social Sciences Journal, 26(1), Article 10. https://doi.org/10.22543/2766-0796.1111.
4. Clapp, A. (2025). Waste wars: the wild afterlife of your trash. First edition. Little, Brown and Company.
