വീട്ടുപറമ്പിൽ മാലിന്യം കൂട്ടിയിട്ടാൽ ഉടമയ്ക്ക്​ പിഴ; മാലിന്യമുക്ത കേരളത്തിനായി ഒരു നിയമാവലി

പൊതുസ്ഥലങ്ങളിളും റോഡുകളിലും കടലാസ് കപ്പുകൾ, പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഭക്ഷ്യാവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതാണ്​ മാലിന്യ സംസ്‌കരണ നിയമാവലി. പറമ്പുകളിലോ പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ മാലിന്യം കത്തിക്കാനോ കുഴിച്ചിടാനോ പാടില്ലെന്നും വ്യക്തമാക്കുന്നു. നിയമലംഘനം നടത്തുന്നവർക്ക് പിഴ ചുമത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്.

ഗര-ഗ്രാമ വ്യത്യാസമില്ലാതെ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മാലിന്യസംസ്‌കരണം. മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ചട്ടങ്ങളും സംവിധാനങ്ങളുമുണ്ടെങ്കിലും അവയൊന്നും പൂർണ അർഥത്തിൽ ഫലപ്രദമാണെന്ന് പറയാനാകില്ല. മാലിന്യം ശേഖരിക്കുന്നത് പലപ്പോഴും കൃത്യമായി മിക്കയിടങ്ങളിലും നടക്കുന്നുണ്ട്. എന്നാൽ അവയുടെ സംസ്‌കരണം ശരിയായ രീതിയിൽ നടക്കുന്നില്ല. മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങളുണ്ടെങ്കിലും അത് എല്ലായിടത്തുമില്ല.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാലിന്യ സംസ്‌കരണം സുപ്രധാന വിഷയമായെടുത്ത് നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. 2016-ലാണ് കേന്ദ്ര സർക്കാർ മാലിന്യ സംസ്‌കരണ നിയമം പാസാക്കിയത്. ഈ നിയമത്തിന് 2018-ൽ കേരള സർക്കാർ സംസ്ഥാന നയം രൂപീകരിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള അധികാരം നൽകിയിരിക്കുന്നത്. കേന്ദ്ര നിയമവും അത് നടപ്പാക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച നയവുമുണ്ടെങ്കിലും സംസ്ഥാനത്ത് പലയിടങ്ങളിലും മാലിന്യ സംസ്‌കരണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്നത് യാഥാർഥ്യമാണ്. പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ദുശ്ശീലവും മലയാളികൾക്ക് ഇപ്പോഴുമുണ്ട്. മാലിന്യം ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കപ്പെടണമെന്നും അത് സാധ്യമല്ലെങ്കിൽ കൃത്യമായി വേർതിരിച്ച് ശേഖരിക്കുന്നവർക്ക് കൈമാറണമെന്നുമാണ് നിർദേശം.

നിലവിലെ നിയമങ്ങളനുസരിച്ച് ഫലപ്രദമായി മാലിന്യ ശേഖരണവും സംസ്‌കരണവും നടക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പുതിയ നിയമാവലി തയ്യാറാക്കിയിരിക്കുന്നത്. ശുചിത്വ കേരളം രൂപപ്പെടുത്തുന്നതിനായുള്ള ഫലപ്രദമായ ഒട്ടേറെ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് മാലിന്യ സംസ്‌കരണ നിയമാവലി തയ്യാറാക്കിയിരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും ചുമതലകളും നിശ്ചയിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമാവലി. പൊതുജനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമെല്ലാം ബാധകമാകുന്ന നിർദേശങ്ങളാണ് നിയമാവലിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൊതുസ്ഥലം, തെരുവ്, റോഡുകൾ, ജലസ്രോതസ് തുടങ്ങിയ ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ശിക്ഷാർഹമായിരിക്കും. അഴുക്കുചാലുകളിലെ വെള്ളം അനുവദിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ ഒഴുക്കിവിടുന്നതും കുറ്റകരമാകും.

2016-ലാണ് കേന്ദ്ര സർക്കാർ ഖരമാലിന്യ സംസ്‌കരണ നിയമം (Solid Waste Management Rules-2016) പാസാക്കിയത്. മുനിസിപ്പൽ സോളിഡ് വേസ്റ്റ്‌സ് (മാനേജ്‌മെന്റ് ആൻഡ് ഹാൻഡ്‌ലിങ്) റൂൾസ് 2000 നു പകരമായാണ് പുതിയ നിയമം കൊണ്ടുവന്നത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാ മന്ത്രാലയമാണ് നിയമം തയ്യാറാക്കിയത്. മന്ത്രാലയം കൊണ്ടുവരുന്ന ആറാമത്തെ വേസ്റ്റ് മാനേജ്‌മെൻറ്​ ചട്ടമാണിത്. നേരത്തെ പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, ബയോമെഡിക്കൽ, ഹസാർഡസ്, കൺസ്ട്രക്ഷൻ, ഡെമോളിഷൻ വേസ്റ്റ് മാനേജ്‌മെൻറ്​ നിയമങ്ങൾ അവതരിപ്പിച്ചിരുന്നു.

ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ വേർതിരിക്കണമെന്നാണ് നിയമം നിഷ്‌കർഷിക്കുന്നത്. വീണ്ടെടുക്കൽ, പുനരുപയോഗം, റീസൈക്ലിങ് എന്നീ പ്രക്രിയകളിലൂടെ മാലിന്യം ഫലപ്രദമായി സംസ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യം സൃഷ്ടിക്കുന്നവർ തന്നെ മാലിന്യത്തെ മൂന്നായി തരംതിരിക്കണമെന്നാണ് നിർദേശിക്കുന്നത്. ബയോഡീഗ്രേഡബിൾ അഥവാ ജൈവവിഘടനത്തിന് വിധേയമാവുന്നവയാണ് ഒന്നാമത്തെ വിഭാഗം. ജൈവവിഘടനത്തിന് വിധേയമാകുന്ന ഭക്ഷ്യവസ്തുക്കളാണ് ഇതിലുൾപ്പെടുന്നത്. ഡ്രൈ അഥവാ ഉണങ്ങിയ മാലിന്യങ്ങളാണ് രണ്ടാമത്തെ വിഭാഗം. പ്ലാസ്റ്റിക്, പേപ്പർ, മെറ്റൽ, മരം തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്. അപകടസാധ്യതയുള്ള ഗാർഹിക മാലിന്യമാണ് മൂന്നാമത്തെ വിഭാഗം. ഡയപ്പർ, നാപ്കിൻ, കൊതുക് നാശിനികൾ, ശുചീകരണവസ്തുക്കൾ തുടങ്ങിയവയാണ് ഈ വിഭാഗത്തിൽപെടുന്നത്. ഇത്തരത്തിൽ മാലിന്യം കൃത്യമായി വേർതിരിച്ച് വേണം ശേഖരിക്കുന്നവരെ ഏൽപ്പിക്കാൻ. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് മാലിന്യം ശേഖരിക്കുന്നതിന്റെയും സംസ്‌കരിക്കുന്നതിന്റെയും ചുമതല. പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കോർപറേഷനുകൾക്കും നേരിട്ടോ ഏജൻസികളെ ഏൽപ്പിച്ചോ മാലിന്യം ശേഖരിക്കാം.

മാലിന്യത്തെ തരംതിരിക്കേണ്ടതെങ്ങനെയെന്ന് നിയമാവലിയിൽ വ്യക്തമായി നിർദേശിച്ചിട്ടുണ്ട്. മാലിന്യത്തെ ഉറവിടത്തിൽ തന്നെ ഏഴായി തരംതിരിക്കണം എന്നാണ് നിർദേശം. ജൈവമാലിന്യം, അപകടകാരികളായ ഗാർഹിക മാലിന്യം, ആശുപത്രി മാലിന്യം, ഉദ്യാന സസ്യ മാലിന്യം, നിർമാണ-നശീകരണ മാലിന്യം, പുനരുപയോഗ സാധ്യതയുള്ള ജൈവേതര മാലിന്യം, ഇതര വിഭാഗം എന്നിങ്ങനെയാണ് മാലിന്യത്തെ വേർതിരിക്കേണ്ടത്. ഇങ്ങനെ വേർതിരിച്ച മാലിന്യങ്ങൾ നിശ്ചിതസമയത്തിനകം ശുചീകരണ വിഭാഗം ജോലിക്കാരെ ഏൽപ്പിക്കണം.

മാലിന്യം തരംതിരിച്ച് നൽകാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശിക്ഷാനടപടി സ്വീകരിക്കാം. മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ നടത്തിപ്പിനായി ഗുണഭോക്താക്കളിൽ നിന്ന് നിശ്ചിത തുക ഈടാക്കാവുന്നതാണ്. വൻകിട സ്ഥാപനങ്ങൾ മാലിന്യം തരംതിരിച്ച് സംസ്‌കരണത്തിനായി നൽകുന്നതിനുള്ള സംവിധാനം ആറുമാസത്തിനകം ഒരുക്കണമെന്നാണ് നിയമാവലിയിൽ പറയുന്നത്. പുതിയ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ തന്നെ ഇതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കണം.

പൊതുസ്ഥലത്ത് പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ പുതിയ നിയമാവലയിലുണ്ട്. പൊതുസ്ഥലത്ത് പരിപാടികൾ നടത്തുന്ന സംഘടനകളും സ്ഥാപനങ്ങളും മാലിന്യം തരംതിരിച്ച് മാലിന്യ സംസ്‌കരണ ജീവനക്കാർക്ക് കൈമാറണം. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പൊതുപരിപാടികൾ നടത്തുമ്പോൾ ഉണ്ടാകുന്ന ഖരമാലിന്യം തരംതിരിച്ച് മാലിന്യ ശേഖരണത്തിന് ഉത്തരവാദപ്പെട്ട ജീവനക്കാർക്ക് കൈമാറാമെന്ന് സംഘടനകൾ നേരത്തെ തന്നെ സത്യവാങ്മൂലം നൽകണം. പരിപാടി നടക്കുന്നതിന്റെ പത്ത് ദിവസം മുമ്പ് വിശദവിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അറിയിച്ച് അനുമതിപത്രം വാങ്ങണം. അടിസ്ഥാന യൂസർ ഫീ ആയി 500 രൂപ തദ്ദേശ സ്ഥാപനത്തിൽ അടയ്ക്കുകയും വേണം. മാലിന്യം തരംതിരിച്ച് കൈമാറുന്നത് ഉറപ്പാക്കാൻ ആവശ്യമെന്ന് കണ്ടാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പൊലീസിന്റെ സഹായം തേടാമെന്നും നിയമാവലിയിൽ പറയുന്നുണ്ട്. മാലിന്യം കൃത്യമായി തരംതരിച്ച് നീക്കം ചെയ്യുന്നതിനുള്ള കർശന നിർദേശങ്ങളാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ നിയമാവലിയിലുള്ളത്.

മാലിന്യം വലിച്ചെറിഞ്ഞാൽ നടപടി

പൊതു ഇടങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ മാലിന്യം ഇടുന്നതിനെതിരെ നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടായിരിക്കും. പൊതു ഇടങ്ങളുടെ പരിപാലത്തിനായി സംഘടനകളെ ചുമതലപ്പെടുത്താം. പൊതുസ്ഥലങ്ങൾക്കു പുറമെ സ്വകാര്യ സ്ഥലങ്ങളിലും മാലിന്യം അലക്ഷ്യമായി കൂട്ടിയിടാൻ പാടില്ല. തദ്ദേശസ്ഥാപനങ്ങൾക്ക് അവയുടെ അധികാരപരിധിയിലെ ഏത് പ്രദേശവും ശുചിത്വമേഖല (മാലിന്യരഹിത മേഖല) ആയി പ്രഖ്യാപിക്കാനാകും. ഇത്തരം മേഖലകളിൽ താമസക്കാരും കൈവശക്കാരും ഉടമകളും ഒരുവിധത്തിലുള്ള മാലിന്യങ്ങളും വലിച്ചെറിയാൻ പാടില്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവിറക്കാനാകും. വീട്ടുപറമ്പിൽ മാലിന്യം കൂട്ടിയിട്ടാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനാകും. മാലിന്യം അധികൃതർ നീക്കംചെയ്യുകയും അതിനുള്ള ചെലവ് സ്ഥല ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും.

ഉപയോഗിക്കാത്ത കെട്ടിടങ്ങളിൽ മാലിന്യം നിറഞ്ഞാൽ ഉത്തരവാദി ഉടമയായിരിക്കും. വാടകക്കാരോ പാട്ടക്കാരോ കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങളിലോ കെട്ടിടങ്ങളിലോ മാലിന്യം കൂടിക്കിടന്നാലും ഉത്തരവാദി ഉടമയോ കൈവശക്കാരോ ആയിരിക്കും. ഇത്തരം ഇടങ്ങളിലുള്ള മാലിന്യവും പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ അധികൃതർ നീക്കം ചെയ്യും. ചെലവ് ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും.

നിശ്ചയിക്കപ്പെട്ട ഇടങ്ങളിലല്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുളള പൊതുസ്ഥലങ്ങളിലോ റോഡുകളിലോ ജലസ്രോതസ്സുകളിലോ ആരും കുളിക്കുകയോ തുപ്പുകയോ വസ്ത്രം അലക്കുകയോ വിസർജനം നടത്തുകയോ കന്നുകാലികളെ കുളിപ്പിക്കുകയോ പക്ഷിമൃഗാദികളെ തീറ്റുകയോ വാഹനങ്ങൾ കഴുകുകയോ ചെയ്യരുത്. ശുചിത്വമേഖലയിലെ പൊതുവഴികൾ, പൊതുകെട്ടിടങ്ങൾ, പരിസരങ്ങൾ, സ്വകാര്യ/പൊതു ജലസ്രോതസ്സുകൾ എന്നിവ മാലിന്യമുക്തമായി പരിപാലിക്കുന്നതിനും നിരോധിത മേഖലകളിൽ മാലിന്യം ഇടാതെ സൂക്ഷിക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക് പൗരസമൂഹത്തെ ചുമതലപ്പെടുത്താവുന്നതാണെന്നും നിയമാവലിയിൽ പറയുന്നുണ്ട്.

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയും അവയുടെ പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രസ്തുത സ്ഥാപനങ്ങളിലെ അധികാരികളുടെ ഉത്തരവാദിത്വത്തമാണ്. ഓഫീസുകളുടെ പരിസരം മാലിന്യമുക്തമായി പരിപാലിച്ചില്ലെങ്കിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.
നിർമാണമോ അറ്റകുറ്റപ്പണിയോ നടക്കുമ്പോൾ പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഓലയോ ടാർപോളിനോ ഉപയോഗിച്ച് മറയ്ക്കണമെന്നും നിർദേശമുണ്ട്. മാലിന്യ സംസ്‌കരണത്തിലും ശുചീകരണത്തിലും ഏർപ്പെടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നതാണ് നിയമാവലിയിലെ മറ്റൊരു സുപ്രധാന നിർദേശം. നിരോധിത പ്ലാസ്റ്റിക്കിന്റെ ഉത്പാദനം, സംഭരണം, വിതരണം, വലിച്ചെറിയൽ എന്നിവ തടയാനും തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമാവലി.

തെരുവുകച്ചവടക്കാരുടെ മാലിന്യങ്ങൾ തരംതിരിച്ച് നിർദേശിക്കപ്പെട്ട കിയോസ്‌കുകളിൽ നിക്ഷേപിക്കണം. പൊതുസ്ഥലങ്ങളിളും റോഡുകളിലും കടലാസ് കപ്പുകൾ, പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഭക്ഷ്യാവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നുണ്ട്. പറമ്പുകളിലോ പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ മാലിന്യം കത്തിക്കാനോ കുഴിച്ചിടാനോ പാടില്ലെന്നും വ്യക്തമാക്കുന്നു. നിയമലംഘനം നടത്തുന്നവർക്ക് പിഴ ചുമത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. നിയമലംഘകർ പിഴ അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്.

കേരളത്തെ മാലിന്യമുക്തമാക്കാൻ ശുചിത്വ മിഷൻ

മാലിന്യ സംസ്‌കരണത്തിനും ശുചിത്വ കേരളം രൂപപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കായാണ് സംസ്ഥാന സർക്കാർ ശുചിത്വ മിഷൻ രൂപീകരിച്ചിരിക്കുന്നത്. ഖരമാലിന്യ സംസ്‌കരണത്തിന് ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയുമുണ്ട്. കേരളത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ശുചിത്വ മിഷൻ ജനങ്ങളിൽ മാലിന്യ സംസ്‌കരണ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. നിയമപ്രകാരം മാലിന്യം തരംതിരിച്ച് കൈമാറുന്നതിനും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതും ശുചിത്വ മിഷന്റെ ലക്ഷ്യമാണ്. മാലിന്യ സംസ്‌കരണത്തിൽ പ്രശ്‌നം നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സഹായം ലഭ്യമാക്കാനും ശാസ്ത്രീയ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്വവും ശുചിത്വ മിഷനുണ്ട്.

ശുചിത്വ മിഷൻ ലോഗോ

വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കണമെന്നാണ് ചട്ടമെങ്കിലും അത് സാധ്യമാകാത്ത ഇടങ്ങളിൽ മാലിന്യം ശേഖരിച്ച് ഉചിതമായ രീതിയിൽ സംസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കും. അജൈവ മാലിന്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ തരംതിരിച്ച് ശേഖരിച്ച് പുനചംക്രമണം ഉറപ്പാക്കുന്നതും ശുചിത്വ മിഷന്റെ ദൗത്യത്തിൽ ഉൾപ്പെടുന്നതാണ്.

കോവിഡ്​ മാലിന്യം എന്ന വെല്ലുവിളി

കോവിഡ്, മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ പുതിയ വെല്ലുവിളികളുയർത്തുന്നുണ്ട്. ഇത് മുന്നിൽ കണ്ട് ഹരിത കേരളം മിഷൻ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കമ്യൂണിറ്റി കിച്ചൻ പോലുള്ള പൊതുസംരംഭങ്ങളിലും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്. കമ്യൂണിറ്റി കിച്ചനുകൾ, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാലിന്യ സംസ്‌കരണങ്ങളിൽ പ്രത്യേക ശ്രദ്ധപുലർത്തണം. ഉപയോഗിച്ച മാസ്‌കുകളും കൈയ്യുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം. ഇവ ഉപയോഗിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ഇവ നശിപ്പിക്കണം. പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്‌വസ്തുക്കൾ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. അവ കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കണം. ഹരിതകർമ്മസേനാംഗങ്ങൾ വന്ന് ഇവ ശേഖരിച്ച് ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. കോവിഡ് ആശുപത്രികൾ, ഐസൊലേഷൻ യൂണിറ്റുകൾ, വീടുകളിലെ ക്വാറന്റയിൻ, താത്കാലിക കോവിഡ് സാമൂഹ്യ കേന്ദ്രങ്ങൾ മുതലായവയിൽ നിന്നും വരുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ എന്നിവ കോവിഡ് മാലിന്യങ്ങളായി പരിഗണിക്കണം. ഇവയെല്ലാം ശാസ്ത്രീയമായി സംസ്‌കരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളും ചുമതലകളും

1994-ലെ കേരള പഞ്ചാത്ത് രാജ് ആക്റ്റ് അനുസരിച്ച് മാലിന്യ സംസ്‌കരണത്തിനുള്ള അധികാരവും ഉത്തരവാദിത്വവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. മാലിന്യ സംസ്‌കരണത്തിനുള്ള ഉപാധികൾ കാലാകലങ്ങളിൽ അനുയോജ്യമായ രീതിയിൽ പരിഷ്‌കരിക്കാനുള്ള ചുമതലയും തദ്ദേശ സ്ഥാപനങ്ങൾക്കുണ്ട്. ഉറവിട മാലിന്യ സംസ്‌കരണത്തിന് വീട്ടുടമകൾക്കും സ്ഥാപന ഉടമകൾക്കും നിർദേശം നൽകുകയും അതിന് സൗകര്യമില്ലാത്തവർക്ക് മാലിന്യം വേർതിരിച്ച് കൈമാറാനുള്ള നിർദേശം നൽകുകയും വേണം. ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വവും തദ്ദേശ സ്ഥാപനങ്ങൾക്കുണ്ട്.
മാലിന്യം പൊതു ഇടങ്ങളിൽ കൂട്ടിയിടുന്നതും കത്തിക്കുന്നതും പൊതുജനങ്ങൾക്ക് ശല്യമുണ്ടാകുന്ന രീതിയിൽ ജീവനക്കാർ മാലിന്യം ശേഖരിക്കുന്നതും അശാസ്ത്രീയമായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നതും തദ്ദേശ സ്ഥാപനങ്ങൾ വിലക്കണം.

മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലോ പുറത്തോ അനുയോജ്യമായ ഇടങ്ങൾ കണ്ടെത്തുകയും ആരോഗ്യ-പരിസ്ഥിതി ഘടകങ്ങൾ പരിഗണിച്ചുകൊണ്ട് സംസ്‌കരണം നടത്തുകയും വേണം. ഖരമാലിന്യങ്ങളുടെ പുനരുപയോഗം, സംസ്‌കരണം, നിർമാർജനം, കൂട്ടുവളമാക്കാൽ എന്നിവയ്ക്കായി തദ്ദേശസ്ഥാപനങ്ങൾക്ക് നേരിട്ട് സംരംഭം ആരംഭിക്കുകയോ കരാർ കൊടുക്കുകയോ ചെയ്യാം.

പൊതുനിരത്തുകളും പൊതുഇടങ്ങളും പതിവായി വൃത്തിയാക്കുകയും സ്വകാര്യ ഇടങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യുകയും ചവറ് സംഭരണികളിൽ നിന്നും ദിവസേന ചവറുകൾ നീക്കുകയും മാലിന്യനീക്കത്തിന് മൂടിയുള്ള വാഹനം ഏർപ്പെടുത്തുകയും ചെയ്യേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. നിർദിഷ്ട സ്ഥലത്തോ സംഭരണിയിലോ നിർദിഷ്ട സമയത്തോ തരത്തിലോ അല്ലാതെ മാലിന്യമിടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വവും തദ്ദേശ സ്ഥാപന അധികാരികൾക്കുണ്ട്.
മാലിന്യനീക്കവും സംസ്‌കരണവും തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക ഏജൻസികൾ രൂപീകരിച്ച് ചെയ്യാവുന്നതാണ്. കുടുംബശ്രീ മുഖേനയും ശുചിത്വ മിഷൻ പട്ടികപ്പെടുത്തുന്ന ഏജൻസികൾ മുഖേനയുമാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.

എല്ലാവർക്കുമുണ്ട് ഉത്തവാദിത്വം

നാടിനെ മാലിന്യമുക്തമാക്കുന്നതിൽ സമൂഹത്തിനും വ്യക്തികൾക്കും ഉത്തരവാദിത്വങ്ങളുണ്ട്. സമൂഹത്തിന്റെയും വ്യക്തികളുടെയും ചുമതലകളും നിയമാവലിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുനിരത്തുകൾ, വഴികൾ, പൊതുഇടങ്ങൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നീ ഇടങ്ങളിൽ മാലിന്യം ഇടാതിരിക്കുക എന്നതാണ് ആളുകൾ പ്രാഥമികമായി ചെയ്യേണ്ടത്. ജൈവമാലിന്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും വീടുകളിലെ
സംഭരണികളിൽ പ്രത്യേകമായി സൂക്ഷിക്കണം. അപകടകരവും സംസ്‌കരിക്കാനാകാത്തതും പുനരുപയോഗക്ഷമമല്ലാത്തതുമായ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കണം. വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇങ്ങനെ വേർതിരിച്ച് സൂക്ഷിക്കുന്ന മാലിന്യങ്ങൾ നിർദിഷ്ട സംഭരണികളിൽ/ ഇടങ്ങളിൽ മാത്രമേ ഇടാവൂ. അല്ലെങ്കിൽ അവ തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തുന്ന ജീവനക്കാർക്ക് നിശ്ചിതസമയത്ത് കൈമാറണം.

Comments