2001 മുതൽ 2011 വരെയുള്ള കാലയളവിൽ കേരളത്തിലെ ജനസംഖ്യയുടെ ദശാബ്ദ വളർച്ചാനിരക്ക് 4.9 ശതമാനമായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ ഏറ്റവും താഴ്ന്ന നിരക്കാണിത്. 1981-ലെ സെൻസസ് പ്രകാരം 5,54,026 ആയിരുന്നു വയനാട്ടിലെ ജനസംഖ്യ. 2018-ലെ സെൻസസ് പ്രകാരം 8.47 ലക്ഷമാണ്.
വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്. അന്തർദ്ദേശീയ മാനദണ്ഡങ്ങൾ പ്രകാരം 30 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള മലമ്പ്രദേശങ്ങളിൽ മനുഷ്യവാസം പാടില്ലെന്നും, 22 ഡിഗ്രി മുതൽ 30 ഡിഗ്രി വരെയുള്ള പ്രദേശങ്ങളിൽ ഭൂവിനിയോഗത്തിൽ നിയന്ത്രണങ്ങൾ വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചരിവു കൂടിയ ഭൂപ്രദേശങ്ങൾ മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളാണ് എന്നതുതന്നെയാണ് ഇതിനുള്ള ശാസ്ത്രീയ അടിത്തറയായി മുന്നോട്ടുവെക്കുന്നത്.
ശക്തമായ മഴ ലഭിക്കുന്ന കേരളത്തിൽ കാർഷിക സമൂഹങ്ങൾ ഇത്തരം അപകടസാധ്യതയുള്ള ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നത് താരതമ്യേന കുറവായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളാണ് വലിയ മലഞ്ചെരിവുകളിൽ ഇടപെടൽ നടത്തി തുടങ്ങിയത്. അവിടെ തോട്ടം വികസനത്തിന്റെ പേരിൽ ചൂഷണവും വനം കൊള്ളയും അക്കാലത്ത് വ്യാപകമായി നടന്നു. അതിന്റെ ഭാഗമായി ബ്രിട്ടീഷുകാർ തന്നെ കൊണ്ടുവന്ന തൊഴിലാളികളും പിന്നീട് അവരുടെ പിൻമുറക്കാരായി എത്തിയവരുമാണ് ഉയർന്ന പ്രദേശങ്ങളിൽ താമസിക്കാൻ തുടങ്ങിയത്. അവരാണ് ഇന്ന് ഈ അപകട മേഖലയിൽ ജീവിക്കുന്ന ഭൂരിപക്ഷവും.
ചെരിവു കൂടിയ പർവത പ്രദേശങ്ങളിൽ കൃഷിയും മനുഷ്യജീവിതവും ശാസ്ത്രീയമായി ക്രമീകരിക്കേണ്ടതിൻെറ ആവശ്യകത ആഗോള തലത്തിൽ തന്നെ ചർച്ചയാവുകയാണ്. ഇത്തരം മേഖലകളിൽ ജീവിക്കുന്ന മനുഷ്യരുടെ സുരക്ഷ തന്നെയാണ് പ്രധാനം. ക്യൂബ, ഫ്രാൻസ്, ജോർജിയ, ഗ്രീസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഉക്രൈൻ തുടങ്ങിയ രാജ്യങ്ങൾ പർവത മേഖലകളിലെ ഭൂവിനിയോഗത്തെ സംബന്ധിച്ച് വ്യക്തതയുള്ള നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഭൂപ്രദേശങ്ങളെ എട്ടു വിഭാഗങ്ങളായി തിരിക്കുകയും അതിൽ ചരിവ് കൂടിയ മൂന്നുവിഭാഗങ്ങളിൽ കൃഷിയടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും നിരോധിക്കുകയും ചെയ്തിട്ടുണ്ട് അമേരിക്ക. എന്നാൽ ഇത്തരത്തിലുള്ള നയങ്ങളോ നിയമങ്ങളോ രൂപപ്പെടുത്താനോ നടപ്പിലാക്കാനോ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നത് വലിയ പോരായ്മയാണെന്ന് ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആൻറ് വൈൽഡ് ലൈഫ് ബയോളജിയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയും ചേർന്ന് 2020-ൽ നടത്തിയ ഉരുൾപൊട്ടൽ സാധ്യതാ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മണ്ണിന്റെ സ്വഭാവവും ചെരിവും കണക്കിലെടുത്ത് അമേരിക്ക, ഫിജി തുടങ്ങിയ ചില രാജ്യങ്ങൾ എങ്കിലും ലാന്റ് കേപ്പബിലിറ്റി ക്ലാസ്സിഫിക്കേഷൻസ് കൊണ്ടുവരുകയും ഓരോ മേഖലയ്ക്കും കൃഷി അടക്കമുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേകം പരിപാലന മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. 1988-ലാണ് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് ആദ്യമായി കേരളത്തിലെ ഉരുൾ പൊട്ടൽ സാധ്യതാ പ്രദേശങ്ങൾ അടയാളപ്പെടുത്തി മാപ്പ് പുറത്തുവിടുന്നത്. ഇതിനായി അവർ എടുത്ത മാനദണ്ഡങ്ങൾ ഭൂമിയുടെ ചരിവ്, മണ്ണിന്റെ ആഴം, പാറയിലെ വിള്ളലുകൾ എന്നിവയാണ്. ഈ ഭൂപടം കരിങ്കൽ ഖനനത്തിനും മറ്റും അനുമതി കൊടുക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് വളരെ പ്രയോജനപ്പെട്ടിട്ടുമുണ്ട്. 2018, 2019 വർഷങ്ങളിൽ സംഭവിച്ച ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമി നിരങ്ങൽ എന്നിവ പരിശോധിക്കുമ്പോൾ അവയിൽ പലതും സംഭവിച്ചിട്ടുള്ളത് ഈ മാപ്പിന് പുറത്താണെന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.