വയനാട് ദുരന്തം:
കൂട്ടിയിട്ട മണ്ണ് നീക്കാത്തത്
അപകടകാരണം,
മരണം അഞ്ച്

‘‘നല്ല മഴ കിട്ടുന്ന, നല്ല ചരിവുള്ള, മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലയാണിത്. അതുകൊണ്ടുതന്നെ ഇവിടെ നിർമാണപ്രവർത്തനം നടത്തുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്. എട്ടു കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ മെറ്റീരിയലുകളിൽ മണ്ണാണ് ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത്. അത് ഇത്തരത്തിൽ കൂട്ടിയിടാതെ എവിടേക്കെങ്കിലും മാറ്റേണ്ടതായിരുന്നു’’- Hume Centre for Ecology and Wildlife Biology (HUME) ഡയറക്ടർ സി.കെ. വിഷ്ണുദാസ്.

News Desk

യനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്, തുരങ്കപ്പാത നിർമാണത്തിന്റെ ഭാഗമായി മണ്ണ് കൂട്ടിയിട്ടതിനാൽ. അപകടകരമായ രീതിയിൽ കൂട്ടിയിട്ട മണ്ണ്, കഴിഞ്ഞ 24 മണിക്കൂറിൽ പെയ്ത മഴയിൽ കു​ത്തിയൊലിച്ചാണ് അപകടമുണ്ടായത്. അഞ്ചു മരണത്തിനുപു​റമേ, മൂന്നു പേരെ കാണാതായിട്ടുണ്ട്.

കള്ളാടിയിലുണ്ടായത് സ്വഭാവികമായ മണ്ണിടിച്ചിലല്ലെന്നും ടണൽ നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ടിരുന്ന മണ്ണ് യഥാസമയം നീക്കാത്തതുകൊണ്ടുണ്ടായതാണെന്നും കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന Hume Centre for Ecology and Wildlife Biology (HUME) ഡയറക്ടർ സി.കെ. വിഷ്ണുദാസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

‘‘നല്ല മഴ കിട്ടുന്ന, നല്ല ചരിവുള്ള, മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലയാണിത്. അതുകൊണ്ടുതന്നെ ഇവിടെ നിർമാണപ്രവർത്തനം നടത്തുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്. ഇത്തവണ വയനാട്ടിൽ മഴ വളരെ കുറവാണ് കിട്ടിയത്, ഏതാണ്ട് 50 ശതമാനം കുറവ്. ഇന്നലെ മാത്രം പെയ്ത മഴയിൽ സംഭവിച്ച ദുരന്തമാണിത്. മുമ്പ്, മണ്ണിടിച്ചിലുണ്ടായ സമയത്ത് രണ്ടു ദിവസം കൊണ്ട് 400- 500 മി. മീറ്റർ മഴയൊക്കെ പെയ്തിട്ടുണ്ട്. അങ്ങനെയുള്ള മഴയായിരുന്നുവെങ്കിൽ ഇപ്പോഴുള്ളതിന്റെ എത്രയോ ഇരട്ടിയാകുമായിരുന്നു അപകടം. ഇവിടെ റോഡും മറ്റു നിർമാണങ്ങളുമുണ്ടായിരുന്നതുകൊണ്ടാണ്, മണ്ണ് കൂടുതൽ സ്ഥലത്തേക്ക് ഇടിഞ്ഞുപോകാതിരുന്നത്. എട്ടു കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ മെറ്റീരിയലുകളിൽ മണ്ണാണ് ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത്. അത് ഇത്തരത്തിൽ കൂട്ടിയിടാതെ എവിടേക്കെങ്കിലും മാറ്റേണ്ടതായിരുന്നു’’- സി.കെ. വിഷ്ണുദാസ് പറഞ്ഞു.

Hume Centre for Ecology and Wildlife Biology ഡയറക്ടർ സി.കെ. വിഷ്ണുദാസ്.
Hume Centre for Ecology and Wildlife Biology ഡയറക്ടർ സി.കെ. വിഷ്ണുദാസ്.

ഇന്ന് ഉച്ചയ്ക്കാണ് മീനാക്ഷി പാലത്തിനടുത്ത് മഴയിൽ മണ്ണ് ഒലിച്ചുപോയത്. തുരങ്കനിർമാണത്തിന് തുരന്നെടുത്ത മണ്ണ് വലിയ കുന്നുകളായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതാണ് മഴയിൽ ഒലിച്ചെത്തിയത്.

തുരങ്കനിർമാണ കമ്പനിയിലെ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പുകൾക്കുമുകളിലേക്ക് ടൺ കണക്കിന് മണ്ണും ചെളിയും ഒഴുകിയെത്തിയായിരുന്നു അപകടം. പള്ളിയും വീടും ബസ് സ്‌റ്റോപ്പം പൂർണമായും മണ്ണിനടിയിലായി.

വെള്ളവും മണ്ണും അതിശക്തിയായി താഴേയ്ക്ക് കുത്തിയൊഴുകുന്ന ഭയപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളിൽനിന്ന്, വലിയ ദുരന്തമാണ് ഒഴിവായതെന്ന് കാണാം. മണ്ണ് ഒലിച്ചുവരുന്നതിനുതൊട്ടുമുമ്പ് സ്ഥലത്തുണ്ടായിരുന്ന ഒരു ഹോട്ടലിൽനിന്ന് ആളുകൾ അവിടേക്ക് നോക്കുന്നതും പെട്ടെന്ന് കൂറ്റൻ ടാങ്കർ ലോറിയും മറ്റു വാഹനങ്ങളും ഒലിച്ചുവരുന്നതും കാണാം. വഴിപോക്കരും തൊഴിലാളികളും ഓടിരക്ഷപ്പെടുന്നതും മണ്ണിൽ പുതഞ്ഞുപോയവർ കഷ്ടിച്ച് രക്ഷപ്പെടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. തലനാരിഴയ്ക്കാണ് അവിടെയുണ്ടായിരുന്ന നിരവധി പേർ രക്ഷപ്പെട്ടത്. പരിക്കേറ്റ ഒമ്പത് അന്തർ സംസ്ഥാന തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിടിച്ചിൽ പ്രദേശത്തെ വീടുകളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചുളിക്ക ഗവ. എൽപി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽനിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്.

തുരങ്കപ്പാത നിർമാണസ്ഥലത്ത് കൂട്ടിയിട്ട മണ്ണ് മൂലം മഴയിൽ അപകടമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ ​പൊതുമരാമത്ത് വകുപ്പ്, മണ്ണ് ഉടൻ നീക്കാൻ കരാർ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിൽ മീനാക്ഷിപാലത്തിനുസമീപം താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇതുസംബന്ധിച്ച ​യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇത്തരം മുന്നറിയിപ്പുകളാണ് ലംഘിക്കപ്പെട്ടത്.

കൂട്ടിയിട്ട മണ്ണ് നീക്കാൻ കലക്ടറും ദുരന്തനിവാരണ അതോറിറ്റി മാനേജറും കഴിഞ്ഞ മാസം 20ന് ഉത്തരവിറക്കിയിരുന്നുവെന്നും എന്നാൽ കരാറുകാർ നിർദേശം പാലിച്ചില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

മനുഷ്യനിർമിതദുരന്തമാണെന്ന് കൃഷിമന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. കൊങ്കൺ റെയിൽവേ അധികൃതർ ഉൾപ്പെട്ട യോഗത്തിൽ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പുനൽകിയിരുന്നുവെന്നും എന്നാൽ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും മന്ത്രി പറഞ്ഞു.

Comments