മണ്ണിൽപ്പുതഞ്ഞ മനുഷ്യർക്കുവേണ്ടി
ശ്വാസം മുട്ടാത്ത ചോദ്യങ്ങൾ

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ നൂറുകണക്കിന് മനുഷ്യ ജീവൻ നഷ്ടമാകാനും ഒരു ജനവാസപ്രദേശം തന്നെ ഇല്ലാതാകാനുമുള്ള കാരണം, പാരിസ്ഥിതിക പ്രശ്നങ്ങളോട് പുറം തിരിഞ്ഞുനിൽക്കുന്ന ഭരണകൂട സമീപനവും അത് വളർത്തിയെടുത്ത പൊതുബോധവുമാണ്- പ്രമോദ് പുഴങ്കര എഴുതുന്നു.

ണ്ടു ഗ്രാമങ്ങളടക്കം വലിയൊരു ഭൂപ്രദേശവും നൂറുകണക്കിന് മനുഷ്യരും ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ഇല്ലാതായിരിക്കുകയാണ് കേരളത്തിലെ വയനാട്ടിൽ. ചൂരൽമല, മുണ്ടക്കൈ എന്നീ ഗ്രാമങ്ങൾ ജനവാസത്തിന്റെ സ്മൃതികൾ മാത്രം അവശേഷിക്കുന്ന ഭൂഭാഗങ്ങളായി മാറി. മണ്ണിടിച്ചിലും ഉരുൾപൊട്ടലും നിരന്തര അപായസാധ്യതകളായി വയനാടിനെ മാത്രമല്ല കേരളത്തിന്റെ പശ്ചിമഘട്ട മേഖലയെയാകെ അസ്തിത്വ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു. സാമാന്യം വലിയ ജനവാസമേഖലകളുള്ള കേരളത്തിന്റെ പശ്ചിമഘട്ട പ്രദേശങ്ങളിൽ ഇനിയങ്ങോട്ട് എത്രമാത്രം സുരക്ഷിതമായ ജീവാവാസസംവിധാനം ഒരു നാഗരികസമ്പ്രദായത്തിൽ മനുഷ്യർക്ക് സാധ്യമാകും എന്ന വലിയ സന്ദേഹം എത്രയെത്ര അവഗണിച്ചാലും ഉയർന്നുവരിക തന്നെയാണ്. ചോദ്യങ്ങളേയും സന്ദേഹങ്ങളെയും പ്രശ്നങ്ങളെയും കേവലമായ അവസരവാദ രാഷ്ട്രീയത്തിന്റെയും താത്ക്കാലിക ലാഭനഷ്ടങ്ങളുടേയും മറവിൽ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്തതിന്റെ ബാക്കിയായി പശ്ചിമഘട്ടം മാത്രമല്ല സവിശേഷമായ ഭൂപ്രകൃതിയുടെ ആനുകൂല്യങ്ങളും പ്രത്യേകതകളുമുള്ള കേരളമൊന്നാകെ വലിയ പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുകയാണ്.

മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലുകൊണ്ട് പ്രകൃതിയിലുണ്ടാകുന്ന ദുരന്തങ്ങൾ മാത്രമല്ല കേരളത്തിന്റെ പ്രശ്നം. കാലാവസ്ഥാ മാറ്റമടക്കം കേരളീയ സമൂഹത്തിനു നേരിട്ട്, പ്രത്യക്ഷത്തിൽ പെട്ടെന്നൊന്നും പരിഹരിക്കാൻ കഴിയാത്ത നിരവധിയായ കാരണങ്ങളാലുണ്ടാകുന്ന പലവിധ പ്രകൃതി പ്രതിഭാസങ്ങളും അവയുടെ പ്രത്യക്ഷവും പരോക്ഷവുമായ ആഘാതങ്ങളും സ്വാധീനവും നേരിടാൻ സജ്ജമല്ലാത്ത ഒരു വ്യവസ്ഥയും കൂടിയാണ് നമുക്കുള്ളത് എന്നത് ഈ പ്രശ്നത്തെ രൂക്ഷമാക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെ കേവലമായ കാൽപ്പനിക വിലാപങ്ങൾ മാത്രമായി അപഹസിക്കുന്ന ആൾക്കൂട്ടാക്രോശങ്ങൾ വളരെ സൗകര്യപൂർവ്വം ഭരണകൂടം ഏറ്റെടുത്ത ഒരിടമാണ് കേരളം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ഇതേ ആക്രോശങ്ങൾ ഉയർന്നുകേൾക്കാം.

കേരളത്തിന്റെ പശ്ചിമഘട്ട പ്രദേശങ്ങളിൽ എത്രമാത്രം സുരക്ഷിതമായ ജീവാവാസ സംവിധാനം ഒരു നാഗരിക സമ്പ്രദായത്തിൽ മനുഷ്യർക്ക് സാധ്യമാകും എന്ന വലിയ സന്ദേഹം എത്ര അവഗണിച്ചാലും ഉയർന്നുവരിക തന്നെയാണ്.
കേരളത്തിന്റെ പശ്ചിമഘട്ട പ്രദേശങ്ങളിൽ എത്രമാത്രം സുരക്ഷിതമായ ജീവാവാസ സംവിധാനം ഒരു നാഗരിക സമ്പ്രദായത്തിൽ മനുഷ്യർക്ക് സാധ്യമാകും എന്ന വലിയ സന്ദേഹം എത്ര അവഗണിച്ചാലും ഉയർന്നുവരിക തന്നെയാണ്.

പ്രകൃതിയും പരിസ്ഥിതിയും എന്നത് മനുഷ്യകേന്ദ്രീകൃതമായ ഒരു ആവാസവ്യവസ്ഥയായി മാത്രം കാണുക എന്നത് ഈ ഭൂമിയുടെ ഭാവിയെ എത്രമാത്രം അപകടത്തിലാക്കും എന്നത് അനുദിനം സംശയങ്ങളില്ലാത്തവിധത്തിൽ തെളിയുകയാണ്. മനുഷ്യകേന്ദ്രീകൃതമായ ആവാസവ്യവസ്ഥയാണ് ഈ ഭൂമിയിലുള്ളത് എന്നത് ഒരു ജീവിവർഗ്ഗം എന്ന നിലയിൽ മനുഷ്യർക്ക് എളുപ്പത്തിൽ സ്വീകാര്യവും ഉൾക്കൊള്ളാൻ കഴിയുന്നതുമായ ഒരു ആശയമാണ്. എന്നാൽ അത്തരത്തിൽ മനുഷ്യനിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു നിലനിൽപ്പിനായി ഭൂമിയുടെ ജീവശരീരം വഴങ്ങില്ല. ഇത് വളരെ ബോധപൂർവ്വമായ ഒരു പ്രക്രിയയായി മനുഷ്യനെതിരെ പ്രകൃതി എന്ന മട്ടിൽ നടക്കുകയല്ല. മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകളുടെ പരിണിതഫലമായുണ്ടാകുന്ന മാറ്റങ്ങളും അവയുടെ ആഘാതങ്ങളും ഭൂമിയിൽ മനുഷ്യന്റെ മാത്രമല്ല ജീവന്റെ തന്നെ നിലനിൽപ്പിനെ അപായപ്പെടുത്തുന്ന വിധത്തിലേക്ക് മാറുകയാണ്. പ്രകൃതിയിൽ മാറ്റങ്ങൾ വരുത്താതെയും ചുറ്റുപാടുമുള്ള പ്രകൃതിയിൽ ഇടപെടാതെയും മനുഷ്യർക്ക് ജീവിക്കാനാകില്ല. മനുഷ്യൻ മാത്രമല്ല, എല്ലാ ജന്തുക്കളും ഇത്തരത്തിൽ തങ്ങൾക്കു ചുറ്റുമുള്ള ആവാസസാഹചര്യങ്ങളിൽ ഇടപെട്ടുകൊണ്ടാണ് ജീവിക്കുന്നത്. എന്നാൽ മറ്റ് ജന്തുക്കളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഘടകം മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് എന്നതും മനുഷ്യന്റെ ഇടപെടലുകൾ കേവലമായ ജീവന്റെ നിലനിൽപ്പിനെ മാത്രം അടിസ്ഥാനമാക്കിയല്ല എന്നതുമാണ്.

വാസ്തവത്തിൽ മുതലാളിത്തം അതിനു മുമ്പുണ്ടായിരുന്ന പല സാമൂഹ്യ, രാഷ്ട്രീയ, സമ്പദ് വ്യവസ്ഥകളേക്കാളും വലിയ സാധ്യതകളെ മനുഷ്യർക്ക് മുന്നിൽ തുറന്നിട്ടു എന്നത് വാസ്തവമാണ്. എന്നാലത് മുതലാളിത്തം സ്വേച്ഛയാൽ ചെയ്ത ഒന്നായിരുന്നില്ല.

മനുഷ്യൻ ഭൂമിയിൽ തനിക്കു ചുറ്റുമുള്ള ജൈവാജൈവ പ്രപഞ്ചത്തിൽ ഇടപെടുന്നതിൽ ബോധപൂർവ്വമായ രീതികളും രീതിഭേദങ്ങളുമുണ്ട്. ഇതിനുള്ള ശേഷിയാണ് മനുഷ്യനെ മറ്റ് ജന്തുക്കളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ജീവൻ നിലനിർത്തുന്നതിനുള്ള കേവലമായ ഘടകങ്ങൾ മാത്രമല്ല മനുഷ്യരെ ചുറ്റുപാടുമായുള്ള ഇടപെടലുകളിൽ മുന്നോട്ടു നയിക്കുന്ന ഘടകം. രണ്ടു കാലിൽ നടക്കുന്ന ജന്തു എന്ന സവിശേഷതയിൽ നിന്നും വ്യത്യസ്തമായി മനുഷ്യനെ മറ്റു ജന്തുക്കളിൽ നിന്നും വേർതിരിച്ചത് മനുഷ്യർ, കിട്ടുന്നത് പെറുക്കിത്തിന്നുകയും വിശക്കുമ്പോൾ വേട്ടയാടുകയും ചെയ്യുന്നതിൽ നിന്നും മാറി ഒരു ‘സമൂഹമായി’ രൂപപ്പെട്ടപ്പോഴാണ്. പറ്റങ്ങളും കൂട്ടങ്ങളും എന്നതിൽ നിന്നും സമൂഹത്തിലേക്കുള്ള മനുഷ്യന്റെ യാത്രയാണ് മനുഷ്യരാശിയുടെ വളർച്ചയെ നിർണ്ണയിച്ച ഘടകം.

മേൽപ്പറഞ്ഞ സമൂഹ നിർമ്മിതി ഒരേ തരത്തിലല്ല ചരിത്രത്തിലുണ്ടായത്. അത് പല രീതിയിൽ പല മട്ടിലായി ഉരുത്തിരിഞ്ഞുകൊണ്ടേയിരുന്നു. ഇന്ന് ലോകത്ത് ഏതാണ്ട് പൂർണ്ണമായും ആധിപത്യം നേടിയ ഉത്പാദന, സമ്പദ് വ്യവസ്ഥയായ മുതലാളിത്തം ഇത്തരമൊരു സാമൂഹ്യ ഘടനാക്രമത്തിലെ ഒരു വ്യവസ്ഥ മാത്രമാണ്. അതൊരു അനിവാര്യമായ സംഗതിയോ ആചന്ദ്രതാരം നിലനിൽക്കേണ്ടതോ നിലനിൽക്കാൻ പോകുന്നതോ ആയ ഒന്നല്ല. എന്നാൽ മുതലാളിത്ത വ്യവസ്ഥയെ വളരെ സ്വാഭാവികമായ സാമൂഹ്യഘടന എന്ന മട്ടിൽ നമുക്ക് മുന്നിൽ സർവ്വവിധത്തിലുള്ള മാർഗങ്ങളും ഉപയോഗിച്ചുകൊണ്ട് അവതരിപ്പിക്കുന്നതും അത്തരത്തിലൊരു വ്യവസ്ഥയ്ക്ക് വേണ്ടിയുള്ള പൊതുബോധനിർമ്മിതി ഇളക്കംതട്ടാതെ നിലനിർത്തുന്നതും മുതലാളിത്ത വ്യവസ്ഥയുടെ ഗുണഭോക്താക്കളാണ്. വാസ്തവത്തിൽ മുതലാളിത്തം അതിനു മുമ്പുണ്ടായിരുന്ന പല സാമൂഹ്യ, രാഷ്ട്രീയ, സമ്പദ് വ്യവസ്ഥകളേക്കാളും വലിയ സാധ്യതകളെ മനുഷ്യർക്ക് മുന്നിൽ തുറന്നിട്ടു എന്നത് വാസ്തവമാണ്. എന്നാലത് മുതലാളിത്തം സ്വേച്ഛയാൽ ചെയ്ത ഒന്നായിരുന്നില്ല.

മനുഷ്യൻ ഭൂമിയിൽ തനിക്കു ചുറ്റുമുള്ള ജൈവാജൈവ പ്രപഞ്ചത്തിൽ ഇടപെടുന്നതിൽ ബോധപൂർവ്വമായ രീതികളും രീതിഭേദങ്ങളുമുണ്ട്.
മനുഷ്യൻ ഭൂമിയിൽ തനിക്കു ചുറ്റുമുള്ള ജൈവാജൈവ പ്രപഞ്ചത്തിൽ ഇടപെടുന്നതിൽ ബോധപൂർവ്വമായ രീതികളും രീതിഭേദങ്ങളുമുണ്ട്.

പഴയ സാമൂഹ്യഘടനകളെയും അതിനെ നിലനിർത്തുന്ന ഉത്പ്പാദന ബന്ധങ്ങളെയും തകർത്തുകൊണ്ട് മാത്രമേ മുതലാളിത്തത്തിന് അതിന്റെ ഘടനയെ പണിതുയർത്താൻ കഴിയുമായിരുന്നുള്ളൂ. അത്തരത്തിൽ അവശ്യമായ എന്തെങ്കിലുമല്ലാതെ മറ്റൊരുതരത്തിലുള്ള ആനുകൂല്യവും അത് ചരിത്രത്തിലൊരുകാലത്തും സാധാരണക്കാരായ മനുഷ്യർക്ക് നൽകിയിട്ടില്ല. സാർവ്വത്രിക സമ്മതിദാനാവകാശവും പണിശാലകളിലെ തൊഴിൽ സമയം നിജപ്പെടുത്തലും തൊഴിൽശാലകളിലെ ബാലവേല ഇല്ലാതാക്കുന്നതും തൊഴിലാളികളുടെ വേതനവർദ്ധനവും ജനങ്ങളുടെ ജാനാധിപത്യാവകാശങ്ങളുമടക്കം സകലതും, സാധാരണക്കാരും തൊഴിലാളികളും, മുതലാളിത്തത്തിന്റെ ചൂഷണാധിഷ്ഠിത ഉത്പ്പാദനക്രമത്തിൽ കടുത്ത ചൂഷണത്തിനിരയായിക്കൊണ്ടിരിക്കുന്ന പല തട്ടിലുള്ള മനുഷ്യരും തെരുവിലിറങ്ങി സമരം ചെയ്ത് നേടിയതാണ്. മുതലാളിത്തത്തിന് സവിശേഷമായ ഒരു പുരോഗമനസ്വഭാവവുമില്ല. എന്നാൽ അതിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും ആവശ്യമായ ഘട്ടങ്ങളിൽ പഴയ സാമൂഹ്യ, രാഷ്ട്രീയ, ഉത്പ്പാദന ഘടനകളെയും വ്യവസ്ഥകളെയും തകർക്കുക എന്നത് അതിന്റെ അനിവാര്യതയാണ്. അങ്ങനെ തകർക്കുമ്പോൾ സ്വാഭാവികമായും പഴയ സമൂഹത്തിന്റെ പല തലങ്ങളിലുള്ള മൂല്യബോധത്തെയും സംസ്കാരത്തെയുമെല്ലാം മുതലാളിത്തം പൊളിക്കുകയും പുതിയ ജീവിത സങ്കൽപനങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

പ്രാകൃത ശേഖരണത്തെക്കുറിച്ച് പറയുമ്പോൾ മൂലധനത്തിൽ മാർക്സ് പറയുന്നുണ്ട്, “മുതലാളിത്ത ഉത്പ്പാദന രീതിയുടെ ഉത്പ്പന്നമല്ല മറിച്ച് അതിന്റെ പ്രാരംഭ ബിന്ദുവാണ്” ഈ ശേഖരണമെന്ന്.
പ്രാകൃത ശേഖരണത്തെക്കുറിച്ച് പറയുമ്പോൾ മൂലധനത്തിൽ മാർക്സ് പറയുന്നുണ്ട്, “മുതലാളിത്ത ഉത്പ്പാദന രീതിയുടെ ഉത്പ്പന്നമല്ല മറിച്ച് അതിന്റെ പ്രാരംഭ ബിന്ദുവാണ്” ഈ ശേഖരണമെന്ന്.

ആ നിർമ്മാണപ്രക്രിയ ഏകപക്ഷീയമായി മുതലാളിത്തത്തിന് തങ്ങളുടെ പിടിയിൽ ഒതുക്കിനിർത്താൻ കഴിയാത്തതുകൊണ്ടും പഴയ സാമൂഹ്യഘടനയുടെ നുകങ്ങളിൽ നിന്നും കുതറിപ്പോന്ന മനുഷ്യർ പുതിയ സാമൂഹ്യ, രാഷ്ട്രീയ ഭാവുകത്വങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചപ്പോഴുമാണ് നാമിന്ന് ലോകത്തു കാണുന്ന പുരോഗമനപരമെന്ന് പറയുന്ന മിക്ക മാറ്റങ്ങളും ഉണ്ടായിട്ടുള്ളത്. അല്ലാത്തിടത്തെല്ലാം തങ്ങളുടെ ചൂഷണഘടനയെ നിലനിർത്താൻ വേണ്ട യുദ്ധം മാത്രമേ മുതലാളിത്തം മറ്റേത് സാമൂഹ്യഘടനയുമായും നടത്തുകയുള്ളു. അതായത്, മുതലാളിത്ത സാമൂഹ്യക്രമം എന്നത് അതിന്റെ ജൈവഘടനയിൽത്തന്നെ പുരോഗമനപരമായ ഒന്നല്ല എന്ന് അതിന്റെ ചരിത്രം തെളിയിക്കുന്നുണ്ട്.

മുതലാളിത്തം അതിന്റെ വികാസചരിത്രത്തിൽ പല ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. എല്ലാ ഘട്ടങ്ങളിലും അതിന്റെ പൊതുഘടകങ്ങളായിരുന്നതും അതിനെ നിലനിർത്തിപ്പോരുന്നതും രണ്ട് അടിസ്ഥാന പ്രക്രിയകളാണ്. ഒന്ന്, അദ്ധ്വാനത്തിന്റെ ചൂഷണം, രണ്ട്, പ്രകൃതി വിഭവങ്ങളുടെയും വിഭവസ്രോതസ്സുകളുടേയും കൊള്ള. ഇത് രണ്ടുമില്ലാതെ മുതലാളിത്ത വ്യവസ്ഥയ്ക്ക് നിലനിൽക്കാനാവില്ല. മുതലാളിത്ത സംവിധാനത്തിന്റെ ഉപോത്പ്പന്നമല്ല പ്രകൃതി വിഭവങ്ങളുടെയും വിഭവസ്രോതസ്സുകളുടെയും കൊള്ള; അതിന്റെ ജൈവഘടനയാണ്. മുതലാളിത്തത്തിന്റെ ചൂഷണ യന്ത്രത്തെ ചലിപ്പിക്കുന്ന നിർണ്ണായക ഇന്ധനമാണത്.

പ്രകൃതി വിഭവങ്ങളുടെയും വിഭവസ്രോതസ്സുകളുടെയും കൊള്ളയിലാണ് മുതലാളിത്തം അതിന്റെ ഉത്പ്പാദനബന്ധങ്ങളെയും അതിന്റെ ചൂഷണക്രമത്തെയും കെട്ടിപ്പടുക്കാൻ തുടങ്ങുന്നത് തന്നെ. പ്രാകൃത ശേഖരണത്തെക്കുറിച്ച് (Primitive Accumulation - അതിന്റെ പേര് സൂചിപ്പിക്കുന്ന തരത്തിൽ ഒരു ഭൂതകാല പ്രക്രിയയല്ല അതെന്നത് മറ്റൊരു കാര്യം) പറയുമ്പോൾ മൂലധനത്തിന്റെ ഒന്നാം വാല്യത്തിൽ (അധ്യായം 26) മാർക്സ് പറയുന്നുണ്ട്, “മുതലാളിത്ത ഉത്പ്പാദന രീതിയുടെ ഉത്പ്പന്നമല്ല മറിച്ച് അതിന്റെ പ്രാരംഭ ബിന്ദുവാണ്” ഈ ശേഖരണമെന്ന്. ദൈവശാസ്ത്രത്തിൽ ആദിപാപത്തിന്റെ പങ്കാണ് രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയിൽ (Political Economy) പ്രാകൃത ശേഖരണത്തിനുള്ളതെന്നും മാർക്സ് പറയുന്നു. പ്രാകൃത ശേഖരണത്തെക്കുറിച്ചുള്ള മാർക്സിന്റെ ഈ വിലയിരുത്തലിൽ നിന്ന് പിൽക്കാല മുതലാളിത്തത്തിന്റെ വളർച്ചയുടെയും വികാസത്തിൻെറയും കാലത്ത് അതിനെ കുറച്ചുകൂടി വികസിപ്പിക്കേണ്ടി വന്നിട്ടുണ്ട്. പ്രാകൃത ശേഖരണത്തിന്റെ നൈരന്തര്യമാണ് മുതലാളിത്തത്തെ മുന്നോട്ട് ചലിപ്പിക്കുന്ന ഒരു പ്രധാന ശക്തി. അത് ഒരു ഘട്ടമായി കഴിഞ്ഞുപോകുന്ന ഒന്നല്ല. നവ ഉദാരീകരണത്തിന്റെ (Neoliberalism) കാലത്ത് ഈ കൊള്ളയുടെ നൈരന്തര്യം പകൽപോലെ വ്യക്തവുമാണ്. Accumulation By Dispossession എന്ന് ഈ മുതലാളിത്ത കവർച്ചയുടെ നൈരന്തര്യത്തെ ഡേവിഡ് ഹാർവി (David Harvey) വിശദമാക്കുന്നുണ്ട്.

മൂലധനത്തിന്റെ വ്യാപനവും മുതലാളിത്തത്തിന്റെ വളർച്ചയും അതിന്റെ വികാസവും, വിനാശകരവും ഹിംസാത്മകവുമായ ചൂഷണം അതിന്റെ എല്ലാ ഘട്ടത്തിലും നടത്തിക്കൊണ്ടിരുന്നു. എന്നാൽ വിഭവക്കൊള്ളയുടെ ഭാരം മുഴുവൻ അത് മഹാഭൂരിപക്ഷം വരുന്ന ദരിദ്രരാക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങൾക്ക് മേൽ കെട്ടിവെച്ചു.

എങ്ങനെയാണോ പ്രാകൃത ശേഖരണം അതിന്റെ ആദ്യഘട്ടത്തിൽ മുതലാളിത്തം തുടങ്ങിയത് അതേതരത്തിലുള്ള ഹിംസയും ഭീകരതയുമാണ് ഇക്കാലത്തും അതിനായി ഉപയോഗിക്കുന്നത്. അത് കുറേക്കൂടി സൂക്ഷ്മമായി മാറിയിട്ടുണ്ടാകും എന്ന് മാത്രമാണുള്ളത്. അടിമത്തവും കൊള്ളയും കൊലയും അധിനിവേശവും നിറഞ്ഞ അതിഭീകരമായ ഹിംസയിലൂടെയാണ് ഈ പ്രാകൃത ശേഖരണത്തിന്റെ നാൾവഴികളെന്ന് പറഞ്ഞുകൊണ്ട് മാർക്സ് ഈ മുതലാളിത്തക്കൊള്ളയെക്കുറിച്ച് പറയുന്നത്, “ഇതിന്റെ, ഈ ഹിംസാത്മകമായ പിടിച്ചുപറിയുടെ ചരിത്രം, മനുഷ്യരാശിയുടെ നാൾവഴിത്താളുകളിൽ എഴുതിയിരിക്കുന്നത്. തീയിലും രക്തത്തിലുമുള്ള അക്ഷരങ്ങളിലാണ്” എന്നാണ്. മുതലാളിത്തത്തിന്റെ പ്രമാണമാണത്, “Accumulate, accumulate ! That is the Moses and the Prophets” (കാൾ മാർക്സ്).

വാണിജ്യ മുതലാളിത്തത്തിന്റെ കാലത്ത് നിന്നും വ്യാവസായിക മുതലാളിത്തത്തിലേക്കും അധിനിവേശ കൊളോണിയൽ സാമ്രാജ്യത്വ ഘട്ടത്തിലേക്കും പിന്നീട് നവ ഉദാരീകരണ കാലത്തിലേക്കും കടക്കുമ്പോഴൊക്കെയും ഹിംസാത്മകമായ പ്രാകൃത ശേഖരണത്തിന്റെ യുദ്ധം തന്നെയാണ് മുതലാളിത്തം ഭൂമിക്കു മേലും മനുഷ്യരാശിക്കുമേലും നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ചെറിയ ചലനം പോലും മനുഷ്യനടങ്ങുന്ന ഭൂമിയുടെ ജൈവസ്പന്ദനങ്ങളുടെയും നീതിയുടെ സകല സങ്കല്പങ്ങളുടെയും വിനാശത്തിന്റെ നിമിഷസൂചികളുടെ ചലനമാണ്. “വ്യാവസായിക മുതലാളിയുടെ ഉത്ഭവം” എന്ന മൂലധനത്തിലെ 31-ാം അദ്ധ്യായം മാർക്സ് അവസാനിപ്പിക്കുന്നത് മുതലാളിത്തത്തിന്റെ, ചൂഷണത്തിന്റെ, ഹിംസയുടെ നൈരന്തര്യത്തിന്റെ വരും നാളുകളെക്കൂടി കണ്ടുകൊണ്ടാണ്, “പണം, ലോകത്തേക്ക് വന്നത് അതിന്റെ ജന്മനാലുള്ള കവിളിലെ ചോരപ്പാടുമായാണെങ്കിൽ (Marie Angier: “Du Crédit Public”), അടിമുതൽ മുടിവരെ, ഓരോ സുഷിരത്തിൽ നിന്നും ചോരയും അഴുക്കുമൊഴുക്കിയാണ് മൂലധനം വരുന്നത്.”

മൂലധനത്തിന്റെ വ്യാപനവും മുതലാളിത്തത്തിന്റെ വളർച്ചയും അതിന്റെ വികാസവും, വിനാശകരവും ഹിംസാത്മകവുമായ ചൂഷണം അതിന്റെ എല്ലാ ഘട്ടത്തിലും നടത്തിക്കൊണ്ടിരുന്നു. എന്നാൽ വിഭവക്കൊള്ളയുടെ ഭാരം മുഴുവൻ അത് മഹാഭൂരിപക്ഷം വരുന്ന ദരിദ്രരാക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങൾക്ക് മേൽ കെട്ടിവെച്ചു. അടിമകളുടെ അദ്ധ്വാനത്തിന്റെയും കൊളോണിയൽ-സാമ്രാജ്യത്വ കാലത്തിന്റെ കയ്യും കണക്കുമില്ലാത്ത അതിഭീകരമായ കൊള്ളയുടെയും സമ്പദ്ബലത്തിലാണ് യൂറോപ്പും അമേരിക്കയുമെല്ലാം തങ്ങളുടെ മുതലാളിത്ത സ്വർഗ്ഗങ്ങൾ കെട്ടിപ്പൊക്കിയത്. ശേഷകാലമാകട്ടെ മറ്റൊരു രീതിയിൽ ആഗോള ധനകാര്യ സ്ഥാപനങ്ങളും ഊഹമൂലധനവും വികസിത മുതലാളിത്ത വ്യവസ്ഥയുടെ ലോകക്രമത്തെ സംരക്ഷിക്കാൻ വേണ്ടി ഓരോ പ്രതിസന്ധിഘട്ടത്തിലും നടത്തുന്ന സൈനിക അധിനിവേശങ്ങളടക്കമുള്ള ഇടപെടലുകളുമായി ഈ മുതലാളിത്ത വികസനം അഭംഗുരം തുടർന്നുകൊണ്ടുപോന്നു.

മനുഷ്യ നാഗരികതകളും ജീവനും തന്നെ അവസാനിക്കുമെന്ന വലിയ അപായസാധ്യതയിലേക്കാണ് മുതലാളിത്തം ലോകത്തെ എത്തിച്ചത്.
മനുഷ്യ നാഗരികതകളും ജീവനും തന്നെ അവസാനിക്കുമെന്ന വലിയ അപായസാധ്യതയിലേക്കാണ് മുതലാളിത്തം ലോകത്തെ എത്തിച്ചത്.

എന്നാൽ 21-ാം നൂറ്റാണ്ടിന്റെ ഇക്കാലമാകുമ്പോഴേക്കും മുതലാളിത്ത വളർച്ചയുടെ സാധുത മാത്രമല്ല അതിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ലോകത്തെ പരിമിതമായ വിഭവങ്ങൾക്ക് മേൽ ഒരു ചെറുന്യൂനപക്ഷം വരുന്ന ധനികവർഗം നടത്തുന്ന കൊള്ള, ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. വിഭവ പരിമിതിയും അതിവേഗം വറ്റുന്ന സ്രോതസ്സുകളും മുതലാളിത്തത്തിന്റെ വളർച്ചാപദ്ധതിയെത്തന്നെ തകിടം മറിക്കുകയും ഇല്ലാതാക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ അതിനൊപ്പം ഈ ഭൂമിയിലെ മനുഷ്യ നാഗരികതകളും ജീവനും തന്നെ അവസാനിക്കുമെന്ന വലിയ അപായസാധ്യതയിലേക്കാണ് മുതലാളിത്തം ലോകത്തെ എത്തിച്ചത്. മുതലാളിത്തം വളർച്ചയെന്ന ഓമനപ്പേരിട്ട് ആളുകളെ പറ്റിക്കുന്ന ചൂഷണപ്രക്രിയയുടെ കഴിഞ്ഞ ഒന്നര നൂറ്റാണ്ടിന്റെ കോലാഹലങ്ങൾക്കിപ്പുറത്ത് ആഗോള താപനത്തിന്റെയും കാലാവസ്ഥ മാറ്റത്തിന്റെയും കെടുതികൾ മനുഷ്യരാശിക്ക് മേൽ അതിവേഗം പതിക്കുകയാണ്.

2030 ആകുമ്പോൾ ഭൂമിയിലെ താപനിലയിൽ ശരാശരി 1.5 ഡിഗ്രി സെൽഷ്യസ് വർദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് തടയാൻ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളൽ ഇപ്പോഴുള്ള നിലയിൽ നിന്നും 45% കുറയ്ക്കണം. കഴിഞ്ഞ 200 വർഷത്തിനുള്ളിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് 50% കൂടിയിട്ടുണ്ടെന്നാണ് കണക്ക്. അതിന് ആക്കം കൂടുകയല്ലാതെ കുറയുന്നില്ല. 2022-നെ അപേക്ഷിച്ച് 2023-ൽ ഹരിതഗൃഹ വാതക ബഹിർഗമനം 1.1% കൂടുകയാണുണ്ടായത്. ഇതിലെ പ്രധാന സംഭാവന വികസിത മുതലാളിത്ത രാജ്യങ്ങളുടേതാണ്. ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ ആളോഹരി കണക്കെടുത്താൽ ഈ അസന്തുലിതാവസ്ഥയുടെ അന്തരം മനസിലാകും. ഒന്നാം സ്ഥാനത്തുള്ള യു. എസിന്റെ (United States of America) ആളോഹരി പങ്ക് 15.32 ആണെങ്കിൽ ഇന്ത്യയുടേത് കേവലം 1.89 ആണ്. ഇത് രാജ്യങ്ങളുടെ കണക്കിലല്ല വാസ്തവത്തിൽ കൊടുക്കേണ്ടത്, മുതലാളിത്തത്തിന്റെ കണക്കിലാണ്. മുതലാളിത്ത വ്യവസ്ഥയും ജീവിതക്രമവും നിലനിർത്തുക എന്ന പ്രക്രിയയാണ് നടക്കുന്നത്. ഗൾഫ് യുദ്ധകാലത്ത് അമേരിക്കൻ പ്രസിഡണ്ട് ജോർജ് ബുഷ് അമേരിക്കൻ ജനതയോട് പറഞ്ഞത് ഇത് ‘American way of life” സംരക്ഷിക്കുന്നതിനുള്ള യുദ്ധമാണ് എന്നായിരുന്നു. പെട്രോളിയം അടക്കമുള്ള പരിമിതമായ വിഭവങ്ങൾക്ക് മുകളിലുള്ള മുതലാളിത്ത കുത്തകാവകാശമാണ് ആ ജീവിതക്രമം.

World Wide Fund for Nature 1998-ൽ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറഞ്ഞത് 1970-നും 1995-നും ഇടയിലുള്ള കാൽ നൂറ്റാണ്ടിൽ മാത്രം ലോകത്തിന് അതിന്റെ പ്രാകൃതിക സമ്പത്തിന്റെ മൂന്നിലൊന്ന് (⅓) നഷ്ടപ്പെട്ടു എന്നാണ്.

മുതലാളിത്ത വികസനത്തിന്റെ എക്കാലത്തെയും പ്രമാണം ‘വളർച്ച’ (Growth) എന്നതാണ്. വളർന്നുകൊണ്ടേയിരിക്കുക എന്നൊരു ഉത്പ്പാദന, സാമ്പത്തിക പ്രക്രിയയിലൂടെയല്ലാതെ അതിന് നില നിൽക്കാനാവില്ല. ഭൂമിയിലെ സകല വിഭവങ്ങളെയും മുച്ചൂടും മുടിച്ചിട്ടായാലും അതിന് വളർന്നുകൊണ്ടിരുന്നേ മതിയാകൂ. വാസ്തവത്തിൽ അത് ഭ്രാന്ത് പിടിച്ച അർബുദകോശങ്ങളെപ്പോലെയുള്ള വളർച്ചയാണ്. എങ്ങോട്ടാണ്, എന്തിനാണ് എന്ന ചോദ്യത്തിന് ലാഭത്തിന്റെ, അത്യാർത്തിയുടെ വേഗപ്രവേഗങ്ങൾ മാത്രമാണ് മറുപടി. മനുഷ്യരാശിക്ക്, ഭൂമിക്ക് അത്തരത്തിലൊരു അർബുദ സമാനമായ വളർച്ചയെ താങ്ങാനാകില്ല. അതിന്റെ അനീതിയോട് സന്ധി ചെയ്തുകൊണ്ട് മുന്നോട്ട് പോകാനാകില്ല. മുതലാളിത്ത വളർച്ചയുടെ അർബുദം ഭൂമിയെയും മനുഷ്യരാശിയെയും ഇല്ലാതാക്കുന്ന ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന് നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ ഒരു ജീവിതക്രമം എന്ന നിലയിൽ മുതലാളിത്ത വികസനം ഒരുതരം സ്വാഭാവികതയായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലാവസ്ഥ മാറ്റമടക്കമുള്ള പ്രശ്നങ്ങൾ തിരിച്ചറിയുമ്പോഴും അതിനെ ലഘൂകരിക്കാനും പരിഹരിക്കാനുമുള്ള ശ്രമങ്ങൾ മുതലാളിത്തത്തിനുള്ളിൽ നടത്താമെന്ന് നമ്മൾ വ്യാമോഹിക്കുകയാണ്. പ്രശ്നം മുതലാളിത്ത സൃഷ്ടിയാണ് എന്നതാണ് വസ്തുത. ഒരു വ്യവസ്ഥ എന്ന നിലയിൽ മുതലാളിത്തത്തിനെ മാറ്റാതെ മനുഷ്യരാശിക്ക് ഈ പ്രശ്നത്തിനുള്ളിൽ നിന്നും പുറത്തുകടക്കുക ദുഷ്ക്കരമായിരിക്കും. ഓരോ തവണയും കാർബൺ ബഹിർഗമന തോത് കുറയ്ക്കാനുള്ള ആഗോള ചർച്ചകൾ നടക്കുമ്പോൾ അതിൽ വികസിത മുതലാളിത്ത രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾ ഇത് വെളിപ്പെടുത്തുന്നുണ്ട്. അതൊരു ദേശ-രാഷ്ട്ര പ്രശ്നമല്ല, മറിച്ച് മുതലാളിത്ത ക്രമത്തിന്റെ പ്രശ്നമാണ്.

എന്നാൽ, മുതലാളിത്തം ചത്ത് മണ്ണടിയും വരെ ഈ പ്രശ്നത്തിൽ നമുക്കൊന്നും ചെയ്യാനില്ല എന്ന് മനുഷ്യരാശിക്ക് കരുതാനാവില്ല. മനുഷ്യരാശിയുടെയും ഭൂമിയുടെയും നിലനിൽപ്പിന്റെ കാര്യമായതുകൊണ്ട് നിരന്തരമായ ശ്രമങ്ങളും സമരങ്ങളും സാധ്യമായ എല്ലാ വഴികളുമുപയോഗിച്ചുകൊണ്ട് നടത്തിയേ മതിയാകൂ. അത് ലോകത്ത് പല രീതിയിൽ നടക്കുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും മാർക്സിസ്റ്റ് പ്രപഞ്ചവീക്ഷണത്തിൻെറയും കാഴ്ചപ്പാടിൽ നിന്നും നോക്കിയാൽ 21-ാം നൂറ്റാണ്ടിലെ വർഗ്ഗസമരം ഭൂമിക്കുവേണ്ടിയുള്ള മനുഷ്യരാശിയുടെ തന്നെ വലിയ സമരമായി മാറുന്നത് അങ്ങനെയാണ്.

ഇത്തരമൊരു രാഷ്ട്രീയവീക്ഷണത്തിലൂടെയാണ് കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായും അല്ലാതെയുമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ നാം കാണേണ്ടത്. അതിന് മുതലാളിത്ത ക്രമത്തിന്റെ ജീവിതാവബോധങ്ങളെ നിരന്തരം എതിരിടുകയും യാതൊരുവിധത്തിലും സുസ്ഥിരമോ തുടരാൻ കഴിയുന്നതോ അല്ലാത്ത, കേവലമായ ലാഭാർത്തിയുടെ ഉന്മാദം മാത്രമായ മുതലാളിത്ത വികസന ധാരണകളെ ചോദ്യം ചെയ്യുകയും അവയ്ക്ക് ബദൽ ജീവിതപദ്ധതികൾ കൊണ്ടുവരികയും വേണം. ഇത് വളരെ ആദർശാത്മകവും കാല്പനികവുമായ കാര്യമാണെന്നും വെറും സ്വപ്നലോകത്തെ ആദർശ വിശുദ്ധന്മാരുടെ സങ്കല്പ ലോകമാണെന്നുമൊക്കെയാണ് നമുക്ക് പെട്ടന്ന് തോന്നുക. എന്നാൽ അത്തരത്തിൽ നമ്മെ തോന്നിപ്പിക്കുന്ന പൊതുബോധത്തെ നിർമ്മിച്ചെടുക്കാനും അത് നിലനിർത്താനും മുതലാളിത്ത വ്യവസ്ഥ ആഗോളതലത്തിൽ ചെലവഴിക്കുന്ന സമയവും അദ്ധ്വാനവും ധനവും ചെറുതല്ലാത്തതുകൊണ്ടാണത് എന്നു മാത്രം.

എങ്ങനെയാണ് ലോകത്തിന് അതിന്റെ പരിമിതമായ, അവസാനിക്കാൻ പോകുന്ന വിഭവങ്ങളും വിഭവസ്രോതസ്സുകളും വെച്ചുകൊണ്ട് വികസിത മുതലാളിത്തത്തിന്റെ വളർച്ചാപദ്ധതിയുടെ ഭാഗമാകാൻ കഴിയുക എന്ന ചോദ്യത്തിന് ‘കൊള്ളയടിക്കാൻ നോക്കിക്കോളൂ’ എന്ന ഉത്തരമാണ് മുതലാളിത്ത വ്യവസ്ഥിതി നൽകുക. അങ്ങനെ കിട്ടുന്നത് നമുക്കും കൊള്ളയടിക്കാം എന്ന തോന്നലിലേക്ക് ജനങ്ങളുടെ പൊതുബോധത്തെ കൊണ്ടു ചെന്നെത്തിക്കുന്നതോടെ ജനങ്ങൾക്ക് കൊള്ളയടിയൊന്നും നടക്കില്ലെങ്കിലും മുതലാളിത്തക്കൊള്ള സുഗമമായി നടന്നുപോകും. World Wide Fund for Nature 1998-ൽ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറഞ്ഞത് 1970-നും 1995-നും ഇടയിലുള്ള കാൽ നൂറ്റാണ്ടിൽ മാത്രം ലോകത്തിന് അതിന്റെ പ്രാകൃതിക സമ്പത്തിന്റെ മൂന്നിലൊന്ന് (⅓) നഷ്ടപ്പെട്ടു എന്നാണ്.

സാധാരണ മനുഷ്യരെ പ്രകൃതി ദുരന്തങ്ങളുടെ ചുവട്ടിൽ മണ്ണിടിഞ്ഞും മലയിടിഞ്ഞും വെള്ളം കേറിയും ചത്തൊടുങ്ങാനും ദുരിതജീവിതം നയിക്കാനും ബാക്കിയിട്ടുകൊണ്ട് “വികസന രാഷ്ട്രീയം” കേരളത്തിൽ അരങ്ങ് തകർക്കുന്നത്, പ്രശ്നം അനുഭവിക്കുന്നത് മുഖമില്ലാത്ത ഏതോ മനുഷ്യരായതുകൊണ്ടാണ്.

വികസിത മുതലാളിത്ത രാജ്യങ്ങളുടെ ജീവിതക്രമത്തെയും അവികസിത, ദരിദ്ര രാജ്യങ്ങളിലെ ധനിക വർഗ്ഗത്തിന്റെ ജീവിതാഡംബരങ്ങളെ പരിപോഷിപ്പിക്കാനുമാണ് ഈ സമ്പത്ത് ചൂഷണം ചെയ്യപ്പെട്ടത്. മുതലാളിത്ത ജീവിതക്രമവും അതിന്റെ ശൈലികളും അവികസിത, ദരിദ്ര സമൂഹങ്ങൾക്കും ആർജ്ജിച്ചെടുക്കാം എന്ന മിത്ത് എത്ര പൊള്ളയാണെന്ന് ഇതിൽ നിന്നുതന്നെ മനസിലാക്കാം. ന്യൂനപക്ഷം വരുന്ന ധനികർക്ക് വേണ്ടി ഇത്രമാത്രം പ്രാകൃതിക സമ്പത്ത് നശിപ്പിച്ചിട്ടുണ്ടെങ്കിൽ, കോടിക്കണക്കിന് വരുന്ന സാധാരണ മനുഷ്യർക്ക് അതേ ജീവിതക്രമം ലഭിക്കാനാവശ്യമായ അനന്തമായ വിഭവങ്ങൾ ഈ ഭൂമിയിലില്ല എന്നത് സാമാന്യമായ വസ്തുതയാണ്. എന്നാൽ വളർച്ചയുടെയും വികസനത്തിന്റെയും ഈ മായാമൃഗത്തിന് പിന്നാലെ വലിയൊരു വിഭാഗം ജനങ്ങളെയും ഓടിക്കാൻ കഴിയുന്നു എന്നതാണ് മുതലാളിത്തത്തിന് അതിന്റെ ചൂഷണവ്യവസ്ഥയെ സുഗമമായി കൊണ്ടുനടത്തിക്കാൻ കഴിയുന്നതിന്റെ വലിയൊരു കാരണം.

മുതലാളിത്ത ഉൽപ്പാദന പ്രക്രിയയുടെ സ്വഭാവവും അതിന്റെ പ്രതിസന്ധിയുമായ പെരുകിക്കൊണ്ടേയിരിക്കുന്ന ഉത്പ്പാദനത്തെയും മുതലാളിത്ത ഉത്പ്പാദന വ്യവസ്ഥയേയും നിലനിർത്താൻ ഉപയോഗ മൂല്യം തീരെക്കുറഞ്ഞതും എന്നാൽ വിനിമയ മൂല്യം പെരുപ്പിക്കപ്പെട്ടതുമായ ഉത്പ്പന്നങ്ങൾക്കൊപ്പം അവ വാങ്ങുന്നതിനുള്ള മോഹവും മനുഷ്യരിലുണ്ടാക്കുന്നുണ്ട്. അങ്ങനെയാണ് ഉപഭോഗത്തിനുള്ള ആർത്തിയെ, വ്യവസ്ഥയെ നിലനിർത്താനുള്ള ആയുധമായി മുതലാളിത്ത വ്യവസ്ഥയും ഭരണകൂടവും മാറ്റുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളേയും അതിന്റെ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയത്തേയും വികസനവിരുദ്ധതയായി ആക്രമിക്കുന്ന കേരളത്തിലേതടക്കമുള്ള ഭരണകൂട നിലപാടിന്റെ കാരണവും ഇതാണ്.

കാലാവസ്ഥാ മാറ്റവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും മുതലാളിത്ത വളർച്ചാക്രമത്തിന്റെ ഭാഗമായ പാരിസ്ഥിതിക ചൂഷണത്തിന്റെ അടിയന്തര ആഘാതങ്ങളുമെല്ലാം ഏറ്റവുമാദ്യവും ഏറ്റവും രൂക്ഷമായും അനുഭവിക്കുന്നത് ദരിദ്രരായ, സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയാധികാര ശേഷികൾ ദുർബ്ബലമായ ജനവിഭാഗങ്ങളാണ്. ലോകത്തെല്ലായിടത്തും അതങ്ങനെയാണ്. വികസിത മുതലാളിത്ത സമൂഹങ്ങളുടെയും അവരുടെ ആഗോള കയ്യാളുകളുടെയും ലാഭക്കൊതിയും അത്യാർത്തിയും വിഭവധൂർത്തും മൂലം ഉണ്ടായ കാലാവസ്ഥാ മാറ്റത്തിന്റെ പ്രശ്നങ്ങൾ ദുരിതക്കടലായ് ആദ്യം മുക്കുന്നത് മാലിയിലും ബംഗ്ളാദേശിലുമുള്ള ദരിദ്ര മനുഷ്യരെയാകുന്നത് അങ്ങനെയാണ്. പാരിസ്ഥിതിക വിനാശത്തിന്റെ തീക്കാലം ആരെയും ഒഴിവാക്കില്ല എന്നത് മറ്റൊരു കാര്യം.

ജോൺ കെന്നെത്ത് ഗാൽബ്രെയ്ത്
ജോൺ കെന്നെത്ത് ഗാൽബ്രെയ്ത്

ഇത്തരത്തിൽ സാധാരണ മനുഷ്യരെ പ്രകൃതി ദുരന്തങ്ങളുടെ ചുവട്ടിൽ മണ്ണിടിഞ്ഞും മലയിടിഞ്ഞും വെള്ളം കേറിയും ചത്തൊടുങ്ങാനും ദുരിതജീവിതം നയിക്കാനും ബാക്കിയിട്ടുകൊണ്ട് “വികസന രാഷ്ട്രീയം” കേരളത്തിൽ അരങ്ങ് തകർക്കുന്നതും, പ്രശ്നം അനുഭവിക്കുന്നത് മുഖമില്ലാത്ത ഏതോ മനുഷ്യരായതുകൊണ്ടാണ്. മുതലാളിത്ത വികസനത്തിന്റെ ഭാഷയിലാണ് അവരുടെ സ്വപ്നങ്ങൾ പരാവർത്തനം ചെയ്യുന്നത് എന്ന് കാണാം. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം കേരളത്തിൽ ആസൂത്രിതമായുണ്ടായ പ്രചാരണപരിപാടിയുടെ ഒരു ഭാഗം പരിസ്ഥിതി രാഷ്ട്രീയമൊഴിച്ച് മറ്റെന്തും പറയാം, പരിസ്ഥതി രാഷ്ട്രീയത്തെ കണ്ടാൽ തല്ലിക്കൊല്ലണം എന്ന മട്ടിലായത്, സാധാരണക്കാരും ദരിദ്രരുമായ മനുഷ്യരെ പ്രകൃതി ദുരന്തങ്ങളുടെ വായിലേക്ക് യാതൊരുവിധ സംരക്ഷണവും കരുതലുമില്ലാതെ എറിഞ്ഞുകൊടുത്തിട്ട് പ്രകൃതി വിഭവങ്ങളുടെയും വിഭവസ്രോതസ്സുകളുടെയും വിൽപ്പനയും കൊള്ളയും നടത്തുന്ന ഭരണകൂടത്തിനും കോർപ്പറേറ്റുകൾക്കും അതിന്റെ വ്യവസ്ഥയ്ക്കും എതിരാണ് ആ രാഷ്ട്രീയം എന്നതുകൊണ്ടാണ്. പരിസ്ഥിതി രാഷ്ട്രീയം എന്നത് വിശാലമായ മാർക്സിസ്റ്റ്, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായതുകൊണ്ടാണ് കേരളത്തിലെ സർക്കാരും അതിന്റെ നാനാവിധ ജിഹ്വകളും പൊതുരാഷ്ട്രീയ മണ്ഡലവും ഒന്നടങ്കം പാരിസ്ഥിതിക രാഷ്ട്രീയത്തെ എതിർക്കുന്നത്.

കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി സംഭവിക്കുന്ന കാലാവർഷത്തിലടക്കമുള്ള വലിയ മാറ്റങ്ങൾ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ ഈ മാറ്റങ്ങളെ നേരിടാനുള്ള, അതിന്റെ ആഘാതങ്ങളെ ചെറുക്കാനുള്ള നമ്മുടെ നടപടികളും സന്നദ്ധതയുമാണ് ഇപ്പോൾ പ്രശ്നം.

ഇപ്പോൾ നടക്കുന്നതെല്ലാം നല്ലതിനാണ്, നടന്നതും നല്ലതിനാണ്, എന്തെങ്കിലും ചെറിയ പ്രശ്നമുണ്ടായെങ്കിൽ അതൊന്നും വ്യവസ്ഥയുടെ പ്രശ്നമല്ല, ചെറിയ നടത്തിപ്പ് പ്രശ്നമാണ് എന്നൊക്കെയുള്ള മട്ടിൽ അടിസ്ഥാനപരമായ ചോദ്യങ്ങളോടും പ്രശ്നങ്ങളോടും മുഖം തിരിഞ്ഞുനിൽക്കുന്നവർ എല്ലായ്പ്പോഴും ആ സമൂഹത്തിലെ ഉപരിവർഗ്ഗവും തൽസ്ഥിതിയുടെ ഗുണഭോക്താക്കളുമായിരിക്കും. നിലവിലെ വ്യവസ്ഥയുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നവരും അതിന്റെ പ്രഘോഷകരുമായിരിക്കും അവർ. സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ കെന്നെത്ത് ഗാൽബ്രെയ്ത് (John Kenneth Galbraith) ഇത്തരത്തിലുള്ള സമീപനത്തെ Culture of Contentment എന്ന് വിശേഷിപ്പിക്കുന്നു. നിലവിലെ വ്യവസ്ഥയുടെ എല്ലാ ആനുകൂല്യങ്ങളും അതിന്റെ ആഡംബരവും അനുഭവിക്കുന്ന വിഭാഗം അതിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റത്തോട് വലിയ വിമുഖതയായിരിക്കും പ്രകടിപ്പിക്കുക. അത്തരത്തിലൊരു മാറ്റത്തെ അവർ സാധ്യമായ എല്ലാ തരത്തിലും പ്രതിരോധിക്കുകയും ചെയ്യും. വയനാട് ദുരന്തം കഴിഞ്ഞപ്പോൾ പാറമട മുതലാളിമാർ കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക നീതിക്ക് നൽകിയ സംഭവനകളെക്കുറിച്ച് കേരളത്തിലെ ഭരണപക്ഷത്തിന്റെ സാമൂഹ്യമാധ്യമ, ശാസ്ത്രമാധ്യമ പ്രചാരകർ വികാരഭരിതരായി വാചാലരായത് ഇതുകൊണ്ടാണ്.

വയനാട്ടിലെ ഈ ഉരുൾപൊട്ടൽ മനുഷ്യ ഇടപെടൽ കൊണ്ടല്ല എന്നും അത് കുറച്ചു ദിവസങ്ങളിലായി ഒരു ചെറിയ ഭൂപ്രദേശത്തിന് ഉൾക്കൊള്ളാനാകാത്ത വിധത്തിൽ പെയ്ത അതിതീവ്രമഴയുടെ സ്വാഭാവിക ആഘാതമാണെന്നുമുള്ള ആശ്വാസ വിശദീകരണത്തിലാണ് സർക്കാരും അനുകൂലവൃത്തങ്ങളും അഭിരമിക്കുന്നത്. എന്നാൽ അത് പ്രശ്നത്തെ ലളിതവത്ക്കരിക്കുകയും വിശാലമായ പ്രശ്നത്തെ ചർച്ച ചെയ്യാതിരിക്കുന്നതിനുമുള്ള അടവായി മാറുകയുമാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി സംഭവിക്കുന്ന കാലാവർഷത്തിലടക്കമുള്ള വലിയ മാറ്റങ്ങൾ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ ഈ മാറ്റങ്ങളെ നേരിടാനുള്ള, അതിന്റെ ആഘാതങ്ങളെ ചെറുക്കാനുള്ള നമ്മുടെ നടപടികളും സന്നദ്ധതയുമാണ് ഇപ്പോൾ പ്രശ്നം. വിശാലാടിസ്ഥാനത്തിൽ കാലാവസ്ഥ മാറ്റത്തെ ചെറുക്കുന്നതിന് മുതലാളിത്ത വ്യവസ്ഥയുടെ അമിതോൽപ്പാദനത്തിന്റെയും അനാവശ്യ ഉപഭോഗത്തിന്റെയും വിഭവധൂർത്തിന്റെയും ക്രമത്തെ ചെറുക്കുകയും ഒരു ബദൽ ജീവിതക്രമത്തെ ഉണ്ടാക്കിയെടുക്കാനുള്ള രാഷ്ട്രീയ പരിപാടികളിൽ ഏർപ്പെടുകയും ചെയ്യുന്നതിനൊപ്പം ഇത്തരം പാരിസ്ഥിതിക ദുരന്തങ്ങളെ പരമാവധി ആഘാതം കുറയ്ക്കുന്നവയാക്കി നേരിടാനുള്ള സാമൂഹ്യ, ശാസ്ത്രീയ സജ്ജത ഉണ്ടാക്കിയെടുക്കുകയും വേണം. ഇതിൽ സമ്പൂർണ്ണമായി പരാജയപ്പെട്ട ഒരു ഭരണകൂടം ദുരന്തം സംഭവിച്ചപ്പോൾ വളരെ ആസൂത്രിതമായി നടത്തിയ പ്രചാരണ തന്ത്രം കൂടിയാണ് കേരളത്തിൽ നടന്നത്.

വയനാട് ദുരന്തത്തിനെ മാത്രമായി നോക്കിയാൽ, ഉരുൾപൊട്ടലിൽ നൂറുകണക്കിന് മനുഷ്യ ജീവനുകൾ നഷ്ടമാകാനും ഒരു ജനവാസപ്രദേശം തന്നെ ഇല്ലാതാകാനുമുള്ള കാരണം പാരിസ്ഥിതിക പ്രശ്നങ്ങളോട് പുറം തിരിഞ്ഞുനിൽക്കുന്ന ഭരണകൂട സമീപനവും അത് വളർത്തിയെടുത്ത പൊതുബോധവുമാണ്. പശ്ചിമഘട്ട മലനിരകളാകെ പല തലത്തിൽ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളാണ്. മറ്റ് ഭൂപ്രദേശങ്ങളിലെന്ന പോലെയുള്ള നിർമ്മാണ, വികസന പ്രവർത്തനങ്ങൾ അവിടെ സാധ്യമല്ല. അതൊരു പോരായ്മയുമല്ല. ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്കും പ്രത്യേകതകൾക്കും അനുയോജ്യമായ രീതിയിലുള്ള ആവാസക്രമമേ അവിടങ്ങളിൽ സാധ്യമാകൂ, അങ്ങനെയേ നടത്തുകയുമാകൂ. വൻകിട നിർമ്മാണങ്ങൾ തടഞ്ഞാൽ വായനാട്ടിലെങ്ങനെ ലുലു മാൾ വരുമെന്ന വിലാപം തലതിരിഞ്ഞ വികസനബോധത്തിന്റേത് മാത്രമല്ല നേരേനിൽക്കുന്ന മുതലാളിത്തബോധത്തിന്റേത് കൂടിയാണ്. വയനാട്ടിലെന്നല്ല എവിടെയും ആവശ്യമില്ലാത്ത വിനാശകരമായ ഉപഭോഗത്തിന്റെയും വിഭവധൂർത്തിന്റെയും സംവിധാനങ്ങളാണ് ഇത്തരം കച്ചവട സമുച്ചയങ്ങൾ. അതാണ് വികസനമെന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നതുകൊണ്ടാണ് പാറയെത്ര പൊട്ടിച്ചാലും കുന്നെത്ര ഇടിച്ചുനിരത്തിയാലും വികസനത്തിന്റെ എടുപ്പുകെട്ടുകൾ പൊങ്ങിയാൽ മതിയെന്ന് ജനങ്ങൾക്ക് തോന്നുന്നത്.

ചൂരൽ മലയിലും മുണ്ടക്കൈയിലും കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്ര മഴയുണ്ടാവുകയും ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്ന അവസ്ഥയുണ്ടെന്നും Hume centre for Ecology and Wildlife Biology ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നത് ഇപ്പോഴറിയുന്ന വിവരമില്ല. വയനാട്ടിലെ വലിയൊരു ഭാഗം ഭൂപ്രദേശങ്ങളും ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാധ്യയുള്ള സ്ഥലങ്ങളാണ്. Hume centre for Ecology and Wildlife Biology-യും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നത്, വയനാടിന്റെ ഭൂവിസ്തീർണ്ണത്തിന്റെ 21%-വും ഉരുൾപ്പൊട്ടലിന് അതിതീവ്ര സാധ്യതയുള്ള മേഖലകളാണ് എന്നാണ്. 49% മിതസാധ്യതാ മേഖലകളും 30% കുറഞ്ഞ സാധ്യതാ പ്രദേശങ്ങളുമാണ്. ഇത്തരത്തിലൊരു അപായസാധ്യത നിലനിൽക്കുന്ന ഒരു ജില്ലയിലുണ്ടാകേണ്ട എന്തെങ്കിലും തരത്തിലുള്ള സുസജ്ജമായ ദുരന്ത പ്രതിരോധ സംവിധാനങ്ങൾ ഭരണകൂടം വയനാട്ടിൽ തയ്യാറാക്കിയിരുന്നോ? ഇല്ല എന്നത് പകൽപോലെ വ്യക്തമാണ്. ഉരുൾപൊട്ടൽ ഏറ്റവും ഭീകരമായി തകർത്തുകളഞ്ഞ ചൂരൽ മലയിലും മുണ്ടക്കൈയിലും കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്ര മഴയുണ്ടാവുകയും ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്ന അവസ്ഥയുണ്ടെന്നും Hume centre for Ecology and Wildlife Biology ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ജില്ലാ കളക്ടർ വരെ അംഗമായിട്ടുള്ള സംഘത്തിൽ നൽകിയ ഈ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് കുറച്ചു കുടുംബങ്ങളെ അറിയിക്കുകയും ചിലർ മാറിത്താമസിക്കുകയും ചെയ്തു. ഇത്ര പരിതാപകരമായാണ് ഒരു ദുരന്തസാധ്യതാ പ്രദേശത്തെ, ജനങ്ങളുടെ ജീവനെ ഭരണകൂടം കൈകാര്യം ചെയ്തത്. അത് മറച്ചുവെക്കാൻ വേണ്ടിയാണ് ദുരന്തശേഷം ഇത്തരം കാര്യങ്ങളും പരിസ്ഥിതി രാഷ്ട്രീയവുമൊന്നും പറയരുത് എന്ന ആക്രോശവുമായി സർക്കാരിന്റെയും ഭരണപക്ഷത്തിന്റെയും സംഘടിത സൈന്യം ചാടിയിറങ്ങിയത്. കാലാവസ്ഥാ മാറ്റം കാരണം പെയ്യുന്ന അതിതീവ്രമഴയെ കേരള സർക്കാരിന് നിയന്ത്രിക്കാനാകില്ല. എന്നാൽ അത്തരത്തിലൊരു മഴ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ അപകടങ്ങളുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സുസജ്ജമായ തരത്തിൽ പ്രതിരോധ സംവിധാനങ്ങളൊരുക്കാൻ സർക്കാരിന് കഴിയും, കഴിയുകയും വേണം. ശവമടക്കിന് സർവ്വമത പ്രാർത്ഥന നടത്തി തൊണ്ടയിടറുന്ന നാടകങ്ങളല്ല പാരിസ്ഥിതിക ദുരന്തങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നൊരു ജനത ആവശ്യപ്പെടുന്നത്.

വയനാട്ടിലെ ഈ ഉരുൾപൊട്ടൽ മനുഷ്യ ഇടപെടൽ കൊണ്ടല്ല എന്നും അത് കുറച്ചു ദിവസങ്ങളിലായി ഒരു ചെറിയ ഭൂപ്രദേശത്തിന് ഉൾക്കൊള്ളാനാകാത്ത വിധത്തിൽ പെയ്ത അതിതീവ്രമഴയുടെ സ്വാഭാവിക ആഘാതമാണെന്നുമുള്ള ആശ്വാസ വിശദീകരണത്തിലാണ് സർക്കാരും അനുകൂലവൃത്തങ്ങളും അഭിരമിക്കുന്നത്.
വയനാട്ടിലെ ഈ ഉരുൾപൊട്ടൽ മനുഷ്യ ഇടപെടൽ കൊണ്ടല്ല എന്നും അത് കുറച്ചു ദിവസങ്ങളിലായി ഒരു ചെറിയ ഭൂപ്രദേശത്തിന് ഉൾക്കൊള്ളാനാകാത്ത വിധത്തിൽ പെയ്ത അതിതീവ്രമഴയുടെ സ്വാഭാവിക ആഘാതമാണെന്നുമുള്ള ആശ്വാസ വിശദീകരണത്തിലാണ് സർക്കാരും അനുകൂലവൃത്തങ്ങളും അഭിരമിക്കുന്നത്.

ഭൂവിനിയോഗത്തിലെ പ്രശ്നങ്ങൾ ഉരുൾപൊട്ടലടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ കൂടുതൽ വലിയ ദുരന്തങ്ങളാക്കി മാറ്റുമെന്നതിൽ സംശയമൊന്നുമില്ല. വയനാട് തന്നെ ഉദാഹരണമാണ്. വനഭൂമി തരം മാറ്റിയെടുത്ത ആയിരക്കണക്കിന് ഏക്കർ വരുന്ന ഏകവിള തോട്ടങ്ങൾ (Plantations), അശാസ്ത്രീയമായ കെട്ടിടനിർമ്മാണ രീതികൾ, വലിയ ചെരിവുള്ള ഭൂപ്രദേശങ്ങളിൽ യാതൊരുവിധ ശാസ്ത്രീയ മുൻകരുതലും നിയന്ത്രണവുമില്ലാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, പ്രദേശത്തിന്റെ ശേഷിയിലും കവിഞ്ഞ റിസോർട്ടുകൾ അടക്കമുള്ള വൻകിട നിർമ്മാണങ്ങളും ജനബാഹുല്യവും അതിനെത്തുടർന്നുള്ള പ്രശ്നങ്ങളും, മലയിടിച്ചുള്ള പാതനിർമ്മാണങ്ങൾ, തോട്ടങ്ങളുടെയും മറ്റ് നിർമ്മാണപ്രവർത്തനങ്ങളുടെയും ഭാഗമായി നികന്നുപോയ നിരവധിയായ സ്വാഭാവിക നീർച്ചാലുകൾ എന്നിവയെല്ലാം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവയെ കൂടുതൽ രൂക്ഷമാക്കുമെന്നതിൽ വലിയ തർക്കത്തിനൊന്നും സാധ്യതയില്ല. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമൊക്കെ ഉണ്ടാകുമ്പോൾ ഒരു പരിധിവരെയെങ്കിലും അതിന്റെ പതനത്തെ ലഘൂകരിക്കാനും ചെറുക്കാനും കഴിയുന്ന തരത്തിലുള്ള സ്വാഭാവികമായ പ്രാകൃതിക ശേഷിയാണ് ആരോഗ്യമുള്ള വനങ്ങളുണ്ടാക്കുന്നത്.

ഉരുൾപൊട്ടി വരുന്ന പ്രവാഹത്തെ ചെറുക്കാൻ താഴത്ത് വരുന്തോറും ഒട്ടും ശേഷിയില്ലാത്ത ഭൂമിയാകുമ്പോഴാണ് അതിന്റെ ആഘാതം ഭീമാകാരമാകുന്നത്. ഇത്തരം മേഖലകളിൽ മേൽമണ്ണിനെ പിടിച്ചു നിർത്താൻ കഴിയാത്ത വിധത്തിൽ ചെറിയ വേരുപടർപ്പുകൾ മാത്രമുള്ള, തോട്ടവിളകളുടെ കൃഷിയിലേക്ക് നൂറുകണക്കിന് ഹെക്ടർ ഭൂമി മാറുന്നതോടെ ശരീരത്തിന്റെ ഭാരം താങ്ങാനാകാത്ത ദുർബ്ബലമായ കാലുകളുള്ള ഒരു മനുഷ്യനെപ്പോലെയാകും ആ ഭൂപ്രദേശം. ഇത്തരത്തിലാണ് മനുഷ്യ ഇടപെടലിലെ അശാസ്ത്രീയതയും പാരിസ്ഥിതിക കരുതലുകളില്ലാത്ത സമീപനങ്ങളും ചില പാരിസ്ഥിതിക പ്രശ്നങ്ങളെ മനുഷ്യന് മേലുള്ള വലിയ ദുരന്തങ്ങളാക്കി മാറ്റുന്നത്.

കേരളത്തിൽ ഉരുൾപൊട്ടൽ അപകടങ്ങളെ നേരിടാനുള്ള ഭരണകൂട സജ്ജതയുടെ അഭാവത്തിന് ഒരു ന്യായീകരണവുമില്ല. ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം ഉരുൾപൊട്ടലുകൾ, അവയുടെ ആഘാതത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്, രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം.

വയനാടിന്റെ ഭൂപ്രകൃതി അപകടകരമായ വിധത്തിൽ മനുഷ്യ ഇടപെടലിന്റെ പ്രശ്നങ്ങൾ നേരിടുകയാണ് എന്നത് പറയാതിരിക്കേണ്ട കാര്യമല്ല. വയനാട്ടിലെ മഴയുടെ സ്വഭാവം വലിയ രീതിയിൽ മാറി. ശക്തി കുറഞ്ഞ നൂൽ മഴയെന്ന വയനാടൻ മഴ ഏതാണ്ടില്ലാതായി. ഒറ്റയടിക്ക് പെയ്യുന്ന വൻമഴകൾ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി കൂടി വന്നു. 1950-കളിൽ വയനാടിന്റെ 85% ഉണ്ടായിരുന്ന വനപ്രദേശത്തിന്റെ 62% 2018 ആകുമ്പോഴേക്കും നഷ്ടപ്പെട്ടു. തോട്ടങ്ങളാകട്ടെ 1500% കൂട്ടുകയും ചെയ്തു. നീർച്ചാലുകളും മലഞ്ചെരിവുകളും സ്വാഭാവിക ഭൂപ്രകൃതിയുടെ സവിശേഷതകളുമെല്ലാം പല വിധത്തിൽ വക്രീകരിക്കപ്പെട്ടു. ഇതിനർത്ഥം വയനാട്ടിലുള്ള മനുഷ്യരെ ഒന്നാകെ കുടിയൊഴിപ്പിക്കണം എന്നൊന്നുമല്ല. വാസ്തവത്തിൽ വലിയ അപായസാധ്യതകളുള്ള പ്രദേശങ്ങളിൽ ജീവിക്കേണ്ടിവരുന്ന ആ മനുഷ്യരുമായുള്ള തർക്കമല്ല ഇതൊന്നും. പാരിസ്ഥിതിക പ്രശ്നങ്ങളെ ശാസ്ത്രീയമായും പരിസ്ഥിതിയെ മനുഷ്യന്റെ നിലനിൽപ്പിനു വേണ്ട ആവാസകേന്ദ്രമായും കാണുന്നതിന് പകരം എങ്ങനെയും ചൂഷണം ചെയ്തു കൊള്ളയടിക്കുന്ന ഒരു വ്യവസ്ഥയോടും മനുഷ്യരെ ദുരന്തമുഖങ്ങളിൽ മണ്ണിന്നടിയിലും മലവെള്ളത്തിലും ശ്വാസംമുട്ടിച്ചാവാനും ജീവിതം മുഴുവൻ പണിയെടുത്തുണ്ടാക്കിയ സ്വപ്നങ്ങളെല്ലാം തകർന്ന് കുറെ മുതലാളിമാരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ദാനോദാരതയുടെ നാടകങ്ങളിലെ മൂകപാത്രങ്ങളായി മാറാനും വിധിക്കുന്ന ഭരണകൂടത്തിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത ഏറ്റുമുട്ടലാണിത്.

കേരളത്തിൽ ഉരുൾപൊട്ടൽ അപകടങ്ങളെ നേരിടാനുള്ള ഭരണകൂട സജ്ജതയുടെ അഭാവത്തിന് ഒരു ന്യായീകരണവുമില്ല. ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം ഉരുൾപൊട്ടലുകൾ, അവയുടെ ആഘാതത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്, രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം. പാർലമെന്റിൽ നൽകിയ കണക്കിൽ 2017-2022 കാലത്ത് ഇന്ത്യയിലുണ്ടായ ഉരുൾപൊട്ടലുകളുടെ ഏതാണ്ട് 60% കേരളത്തിലായിരുന്നു. 2018-ൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളുടെ ഭൂപടം പോലും വേണ്ട രീതിയിൽ ഉപയോഗിക്കുകയോ തദ്ദേശ ഭരണ സ്ഥാപനങ്ങളെയടക്കം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നടക്കുകയോ ചെയ്തിട്ടില്ല എന്ന് കാണാം.

പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയും അവയെ വിശാലമായ മുതലാളിത്ത വികസന ക്രമത്തിനെതിരായ സമരവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കേരളത്തിൽ ഭരണ ഇടതുപക്ഷവും വലതുപക്ഷ രാഷ്ട്രീയകക്ഷികളും കയ്യേറ്റക്കാരും പാറമട മുതലാളിമാരും വ്യാപാരികളുമൊക്കെയടങ്ങുന്ന സംഘവും അവരുടെയടക്കമുള്ള നിക്ഷിപ്ത താത്പര്യങ്ങൾ പങ്കുവെക്കുന്ന മതസംഘങ്ങളുമെല്ലാം ചേർന്ന് ആസൂത്രിതമായിത്തന്നെ ആക്രമണം നടത്തുന്നുണ്ട്. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള Western Ghats Ecology Expert Panel (WGEEP) 2011-ൽ നൽകിയ റിപ്പോർട്ടിനെതിരെ കേരളത്തിൽ ഇവരെല്ലാം ചേർന്ന് നടത്തിയ വലിയ സമരങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് അതിന്റെ പൊതുസ്വഭാവത്തിൽ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെയും അതിന്റെ പരിസരത്ത് ജീവിക്കുന്ന ജനങ്ങളുടെ ആവാസ സുരക്ഷയെയും കണക്കിലെടുക്കുന്നതുമായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിൽ പലതരത്തിലുള്ള വിമർശനങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കുമൊക്കെ ഇടമുണ്ട്. എന്നാലത് മൊത്തത്തിൽ തള്ളിക്കളയേണ്ട ഒരു റിപ്പോർട്ടല്ല എന്ന് മാത്രമല്ല പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിനെ ശാസ്ത്രീയമായും സമഗ്രമായും സമീപിച്ച ഒരു പഠനം കൂടിയായിരുന്നു. മാധവ് ഗാഡ്ഗിലിന്റെ പല അഭിപ്രായങ്ങളോടും, പാരിസ്ഥിതിക സംരക്ഷണ വിഷയങ്ങളിലടക്കം പല വിയോജിപ്പും നമുക്കുണ്ട്. എന്നാൽ അത്തരം വിയോജിപ്പുകളുടെ സംവാദ ശബ്ദങ്ങളായിരുന്നില്ല ഗാഡ്ഗിൽ റിപ്പോർട്ട് കത്തിക്കാനുള്ള ആക്രോശങ്ങളിൽ നമ്മൾ കേട്ടത്. അതിൽ മുഴങ്ങിയത് പാറമട മുതലാളിമാരുടെയും റിസോർട്ട് കച്ചവടക്കാരുടെയും മത സംഘടനകളുടെയുമൊക്കെ ശബ്ദമായിരുന്നു.

തങ്ങളുടെ ഉപജീവനസാധ്യതകൾ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയാൽ ഇല്ലാതാകുമെന്നും കുടിയിറങ്ങേണ്ട അവസ്ഥ വരുമെന്നുമൊക്കെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങളും അതിൽ ചേർന്നു എന്നതും വാസ്തവമാണ്. വാസ്തവത്തിൽ പശ്ചിമഘട്ട പ്രദേശങ്ങളിൽ താമസിക്കുന്ന മനുഷ്യരെ ദോഷകരമായി ബാധിക്കുന്ന നിർദ്ദേശങ്ങളൊന്നും ഗാഡ്ഗിൽ റിപ്പോർട്ടിലുണ്ടായിരുന്നില്ല, ചില മാറ്റങ്ങൾ വരുത്താവുന്ന കുറച്ചു പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയൊഴിച്ചാൽ ബാക്കിയെല്ലാം പശ്ചിമഘട്ട പ്രദേശവാസികളായ ജനങ്ങളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതായിരുന്നു. പശ്ചിമഘട്ട പ്രദേശത്തെ മൂന്ന് തലത്തിലുള്ള Environmental Sensitive സോണുകളാക്കി തിരിക്കുകയാണ് സമിതി ചെയ്തത്. അതിൽ അതീവ പാരിസ്ഥിതിക ലോല മേഖലയായ ഒന്നാം മേഖലയിലാണ് വലിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശുപാർശ ചെയ്തത്. അതുപോലും സാധാരണ ജനങ്ങളെ ബാധിക്കുന്നതായിരുന്നില്ല.

ഗാഡ്ഗിൽ റിപ്പോർട്ടിലെ ചില ശുപാർശകൾ ഇവയാണ്:

  • പരിസ്ഥിതി ലോല മേഖല 1-ലും 2-ലും പുതിയ ഖനനം അനുവദിക്കരുത്.
    2016-ഓടെ മേഖല 1-ലെ ഖനനം നിർത്തണം.
    നിയന്ത്രണവിധേയമായി മേഖല 2-ൽ ഇപ്പോഴുള്ള ഖനനവും മേഖല 3-ൽ പുതിയ ഖനനവും ആവാം.
    ജനിതക മാറ്റം വരുത്തിയ വിത്തുകൾ പാടില്ല.
    പ്ലാസ്റ്റിക് ഉപയോഗം മൂന്നുവർഷം കൊണ്ട് നിർത്തണം.
    പ്രത്യേകസാമ്പത്തിക മേഖലയോ പുതിയ ഹിൽ സ്റ്റേഷനോ പാടില്ല.
    പൊതുഭൂമി സ്വകാര്യവത്കരിക്കാൻ പാടില്ല.
    പുഴകളുടെ തിരിച്ചുവിടൽ അനുവദിക്കരുത്.
    മേഖല 1-ൽ മണൽവാരലിനും പാറപൊട്ടിക്കലിനും പുതിയ അനുമതി നൽകരുത്.
    മേഖല 1-ലും 2-ലും പരിസ്ഥിതി മലിനമാക്കുന്ന റെഡ് ഓറഞ്ച് കാറ്റഗറി വ്യവസായങ്ങൾ പുതുതായി അനുവദിക്കരുത്.
    മേഖല 1-ൽ പത്തു മെഗാവാട്ടിൽ കുറവുള്ള ജലവൈദ്യുത പദ്ധതികളാവാം. വലിയ കാറ്റാടി പദ്ധതികൾ പാടില്ല.
    മേഖല 2-ൽ പതിനഞ്ചു മീറ്റർ കവിയാത്ത അണക്കെട്ടുകളാവാം. 10-25 മെഗാവാട്ടുവരെയുള്ള ജലവൈദ്യുത പദ്ധതികളാവാം.
    റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങൾക്കു ശേഷമേ ആകാവൂ. പരിസ്ഥിതിക്കു കോട്ടം പറ്റാത്ത രീതിയിലാകണം കെട്ടിടനിർമ്മാണം.

ഈ നിർദ്ദേശങ്ങളൊന്നും തന്നെ സാധാരണ കർഷകരെയോ പശ്ചിമഘട്ടത്തിലെ ജനങ്ങളെയോ ദോഷകരമായി ബാധിക്കുന്ന ഒന്നായിരുന്നില്ല. എന്നാൽ ഖനന മാഫിയകൾക്കും റിസോർട്ട് വ്യാപാരികൾക്കും വനംകൊള്ളക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിർദ്ദേശങ്ങളായിരുന്നു ഇവ എന്നതുകൊണ്ടാണ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വലിയ പ്രതിഷേധം ആസൂത്രിതമായി ഉയർത്തിവിട്ടത്. അതിപ്പോഴും യാതൊരു മാറ്റവുമില്ലാതെ തുടരുന്നു എന്നതിലും അത്ഭുതമൊന്നുമില്ല.

ഗാഡ്ഗിൽ റിപ്പോർട്ടിൽ പലതരത്തിലുള്ള വിമർശനങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കുമൊക്കെ ഇടമുണ്ട്. എന്നാലത് മൊത്തത്തിൽ തള്ളിക്കളയേണ്ട ഒരു റിപ്പോർട്ടല്ല എന്ന് മാത്രമല്ല പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിനെ ശാസ്ത്രീയമായും സമഗ്രമായും സമീപിച്ച ഒരു പഠനം കൂടിയായിരുന്നു.

വയനാട് തുരങ്കപാതയുടെ നിർമ്മാണ പദ്ധതി നോക്കിയാൽ എന്തുകൊണ്ടാണ് പശ്ചിമഘട്ട സംരക്ഷണം ചിലർക്ക് താത്പ്പര്യമില്ലാത്ത സംഗതിയാകുന്നത് എന്ന് മനസിലാകും. വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലൂടെയാണ് 6.8 കിലോമീറ്റർ ദൂരമുള്ള ഈ തുരങ്കപ്പാത നിർമ്മിക്കാനുള്ള പദ്ധതി തുടങ്ങിയിരിക്കുന്നത്. ജൈവവൈവിധ്യമുള്ള പ്രദേശങ്ങങ്ങളിലെ വിനാശകരമായ നിർമ്മാണ പ്രവർത്തനമെന്നൊക്കെയുള്ള പ്രശ്നങ്ങൾ മാറ്റിവെച്ചാലും പാരിസ്ഥിതിക ആഘാതത്തിന്റെ കാര്യത്തിൽ വലിയ സന്ദേഹങ്ങളുണ്ടാക്കുന്നതാണ് പദ്ധതി. തുരങ്കപാത കടന്നുപോകേണ്ട ചേമ്പ്ര കുന്നുകൾക്കും വാവുൽ മലയ്ക്കും അടുത്തുള്ള പുത്തുമലയിൽ 2019-ൽ വൻ മണ്ണിടിച്ചിൽ ദുരന്തമുണ്ടായതാണ്. തെക്ക് പടിഞ്ഞാറൻ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. ഇത്തരത്തിലൊരു മേഖലയിൽ ഇതുണ്ടാക്കാൻ പോകുന്ന പാരിസ്ഥികാഘാതം സംബന്ധിച്ച വേണ്ടവിധത്തിലുള്ള പഠനങ്ങളൊന്നും നടന്നില്ല എന്നുതന്നെ പറയേണ്ടിവരും.

തുരങ്കപാതയുടെ പണിയേൽപ്പിച്ച Konkan Railway Corporation Limited തന്നെ പാരിസ്ഥികാഘാത പഠനവും നടത്തുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങിയത്. ഇത്തരത്തിലുള്ള വൻകിട പദ്ധതികളുണ്ടാക്കുന്ന സാമ്പത്തിക ഇടപാടുകളും അവയിലെ ദല്ലാൾപ്പണവുമൊക്കെയാണ് രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുടെ താത്പര്യമെന്നത് രഹസ്യമല്ല. വൻകിട പദ്ധതികൾ എല്ലായ്പ്പോഴും വികസനത്തിന്റെ മായക്കാഴ്ചയിൽ ജനങ്ങളെ കുരുക്കിയിടാൻ എളുപ്പമുള്ള ഒന്നാണ്. അതിന്റെ സാമ്പത്തിക പ്രായോഗികതകളോ ആവശ്യമോ ആർക്കുവേണ്ടി എന്ന ചോദ്യമോ പാരിസ്ഥിതിക പ്രശ്നങ്ങളോ ഒന്നും ഗൗനിക്കപ്പെടില്ല. പകരം എന്തുവന്നാലും നടപ്പാകും എന്ന നിശ്ചയദാർഢ്യ നാടകത്തിന്റെ മറവിൽ അവയൊക്കെ എഴുന്നള്ളിക്കപ്പെടും. കെ-റെയിൽ/സിൽവർ ലൈൻ പദ്ധതിയിൽ നാമത് കണ്ടതാണ്. ധനികരെ ചുമക്കുന്ന പല്ലക്കിന് വേണ്ടി സംസ്ഥാന ഖജനാവിനെയാകെ ചോർത്തി, പാരിസ്ഥിതിക ആഘാത പ്രശ്നങ്ങളെ പാടെ അവഗണിച്ചുകൊണ്ട് നടപ്പാക്കാൻ തുനിഞ്ഞ ആ പദ്ധതി വലിയ ജനകീയ പ്രതിഷേധമുയർന്നതുകൊണ്ട് മാറ്റിവെക്കാൻ നിർബന്ധിതമാവുകയായിരുന്നു കേരള സർക്കാർ. അദാനിക്ക് വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ ചെലവിൽ നിർമ്മിച്ചുകൊടുക്കുന്നപോലൊരു പദ്ധതിയുണ്ടാക്കുകയും ലാഭം മുഴുവൻ ഏതാണ്ട് മുക്കാൽ നൂറ്റാണ്ടുകാലത്തേക്ക് അദാനിക്ക് കൊണ്ടുപോകാനും ചുറ്റുമുള്ള റിയൽ എസ്റ്റേറ്റ് കച്ചവടം സർക്കാർ ഏറ്റെടുത്തു നൽകിയ ഭൂമിയിൽ നടത്താനും വേണ്ടിയുള്ള പദ്ധതിയെ കേരളത്തിന്റെ സ്വപ്ന വികസന പദ്ധതിയെന്നാണല്ലോ വിളിക്കുന്നത്.

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പശ്ചിമഘട്ട സംരക്ഷണവും പാരിസ്ഥിതിക സംരക്ഷണവുമെന്ന വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞവരെ കൂട്ടത്തോടെ ആക്രമിക്കുന്നതിനായി ഭരണപക്ഷത്തിന്റെ സൈബർ സേന മുന്നിട്ടിറങ്ങി.

വയനാട് ദുരന്തത്തിനെത്തുടർന്ന് സർക്കാരും ഭരണപക്ഷവും അതിന്റെ പലവിധ കയ്യാളുകളും ചേർന്നുനടത്തിയ പ്രചാരണ, പ്രതിച്ഛായ നിർമ്മിതിയുടെ ആസൂത്രിത ശ്രമങ്ങളെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. എങ്ങനെയാണ് ഭരണകൂടത്തിന്റെ നിരുത്തരരവാദിത്വവും കെടുകാര്യസ്ഥതയും സാധാരണക്കാരായ മനുഷ്യരുടെ ജീവനോടും ജീവനോപാധികളോടുമുള്ള അവഗണനയും ഇത്തരത്തിലൊരു വൻദുരന്തത്തിന് ആക്കം കൂട്ടിയതെന്ന വസ്തുതയെ മറച്ചുവെക്കുന്നതിനുവേണ്ടി ദുരന്തത്തിന് തൊട്ടുപിന്നാലെ ഇത്തരം പ്രചാരണം ആരംഭിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും എങ്ങനെയാണ് ഇത്രയധികമായത് എന്ന എല്ലാത്തരം ചർച്ചകൾക്കും ചോദ്യങ്ങൾക്കും തടയിടുകയായിരുന്നു ലക്ഷ്യം. ഒപ്പം എന്തുകൊണ്ട് ഈ ദുരന്തങ്ങൾ ഇങ്ങനെ സംഭവിക്കുന്നു എന്നും ഇത്തരം ദുരന്തങ്ങളെ ലഘൂകരിക്കുന്നതിന് പശ്ചിമഘട്ട സംരക്ഷണത്തിന്റെയും വിശാലാടിസ്ഥാനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും നിർണ്ണായകമായ പ്രാധാന്യമെന്താണെന്നുമുള്ള ചർച്ചകളെ തടയുകയും. അത്തരത്തിലുള്ള ചർച്ചകൾ ഉയർന്നുവരുന്നത് സംസ്ഥാനത്ത് പൊതുവിൽ നടക്കുന്ന പരിസ്ഥിതി ചൂഷണത്തിന്റെ പ്രശനങ്ങളെ ചർച്ചയാക്കുമെന്നത് അതിന്റെ ഗുണഭോക്താക്കളെ വിറളി പിടിപ്പിച്ചു.

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പശ്ചിമഘട്ട സംരക്ഷണവും പാരിസ്ഥിതിക സംരക്ഷണവുമെന്ന വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞവരെ കൂട്ടത്തോടെ ആക്രമിക്കുന്നതിനായി ഭരണപക്ഷത്തിന്റെ സൈബർ സേന മുന്നിട്ടിറങ്ങി. ഇപ്പോഴാണോ ഇത് പറയേണ്ടത് എന്നായിരുന്നു വലിയ ചോദ്യം. രക്ഷാപ്രവർത്തനം നിർത്തിവെച്ച് ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച ചെയ്യണമെന്നൊന്നും ആരും ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ ആ മട്ടിലായിരുന്നു പ്രചാരണം. നൂറുകണക്കിന് മനുഷ്യർ മണ്ണിന്നടിയിൽ പുതഞ്ഞുപോവുകയും മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചുപോവുകയും ചെയ്ത സംഭവം നടന്നാൽ അത്തരത്തിലൊരു ദുരന്തത്തെ സാധ്യമാക്കിയ ഘടകങ്ങളെന്തൊക്കെയെന്ന് അടിയന്തരമായി ചർച്ച ചെയ്യാത്ത സമൂഹത്തിന് കാര്യമായ തകരാറുണ്ടെന്നാണ് നാം കരുതേണ്ടത്.

പകരം പതിവുപോലെ ഗാഡ്ഗിലിനെയും ഗാഡ്ഗിൽ റിപ്പോർട്ട്, പരിസ്ഥിതി രാഷ്ട്രീയം എന്നൊക്കെ പറയുന്നവരെയും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ജന്മങ്ങളെന്ന മട്ടിൽ നേരിട്ടു. വയനാട് ദുരന്തത്തെക്കുറിച്ചോ അതിന്റെ ശാസ്ത്രീയമോ മറ്റു വിധത്തിലുള്ളതോ ആയ വശങ്ങളെക്കുറിച്ചോ പൊതുസമൂഹത്തോട് സംസാരിക്കരുതെന്നും ദുരന്ത പ്രദേശങ്ങളിൽ ശാസ്ത്രീയ പഠനങ്ങളടക്കം നടത്തരുതെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. തങ്ങളുടെ സഹജീവികളായ നൂറുകണക്കിന് മനുഷ്യർ ഒറ്റ രാത്രികൊണ്ട് മണ്ണിനടിയിലും വെള്ളത്തിനടിയിലുമായി മരിച്ചുകിടക്കുന്ന സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശകലനം ചെയ്യാനും അറിയാനുമുള്ള ഒരു ജനാധിപത്യ സമൂഹത്തിന്റെ അവകാശത്തെ ഇത്ര ഔദ്ധത്യത്തോടെ നിരോധിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് അത്തരം ചർച്ചകൾ ചെന്നെത്തുക ഭരണകൂടത്തിന്റെ വീഴ്ചകളിലേക്കാണ് എന്ന ബോധ്യമായിരുന്നു. വലിയ എതിർപ്പിനെത്തുടർന്ന് ആ ഉത്തരവ് പിൻവലിച്ചു. എന്നാൽ സൈബർ സേനയുടെ ആക്രമണം തുടർന്നു. അതിതീവ്ര മഴയൊഴികെ മറ്റൊന്നും ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പറയരുതെന്ന അലിഖിത നിയമം വന്നപോലെയായി. പാറമട മുതലാളിമാർ പശ്ചിമഘട്ടം പൊട്ടിച്ചതുകൊണ്ടാണ് കേരളത്തിൽ വിദ്യാലയങ്ങളും ആശുപത്രികളും പണിത് കേരളത്തെ യൂറോപ്പാക്കാൻ കഴിഞ്ഞതെന്ന മട്ടിൽ പ്രബന്ധങ്ങൾ വന്നു.

അടുത്ത ഘട്ടത്തിൽ, ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭരണകൂട വീഴ്ചയെക്കുറിച്ചോ പാരിസ്ഥിതിക രാഷ്ട്രീയത്തെക്കുറിച്ചോ പരാമർശിക്കുന്നവർ കേരള വിരുദ്ധരും സംസ്ഥാന ദ്രോഹികളുമായി. കേന്ദ്ര സർക്കാരിന്റെ പതിവ് സംഘപരിവാർ രാഷ്ട്രീയക്കളികളുടെ കൂട്ടത്തിൽ നടന്നിരിക്കാം എന്ന് കരുതാവുന്ന ഒരു വാർത്തയുടെ പിൻബലത്തിൽ ഉരുൾപ്പൊട്ടലിന്റെ കാര്യത്തിൽ പശ്ചിമഘട്ട സംരക്ഷണം, വികസനത്തിന്റെ രാഷ്ട്രീയം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം കേരള വിരുദ്ധർ മാത്രമല്ല ഫാഷിസ്റ്റുകൾ വരെയായി. പാറ പൊട്ടിച്ചല്ലേ വീടുണ്ടാക്കിയത്, നഗരത്തിലല്ലേ താമസം മുതലായ ചോദ്യങ്ങൾ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ നടുവൊടിക്കുന്ന സൈദ്ധാന്തിക സമസ്യകളായി എഴുന്നെള്ളിക്കപ്പെട്ടു.

ജീവിക്കുന്ന മണ്ണിൽ നിന്നും ഒറ്റ രാത്രിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച മനുഷ്യരുടെ ചെലവിൽ പതിവ് പ്രതിച്ഛായാ നിർമ്മാണ പരിപാടികളും കേരളത്തിലെ ഉപരിവർഗ ദാനോദാരതയുടെ പരസ്യവും നടന്നു. സംസ്ഥാന ഭരണക്ഷിക്കാർ വൈദ്യുതി ബന്ധം ശരിയാക്കിയ വൈദ്യുതി വകുപ്പിന് അഭിവാദ്യമർപ്പിച്ചു തുടങ്ങിയ പരിപാടി രക്ഷാപ്രവർത്തിനെത്തിയ സൈന്യത്തിന് സംഘപരിവാറുകാരും ഇടതുപക്ഷവും മത്സരിച്ച് അഭിവാദ്യമർപ്പിക്കുന്ന അവസ്ഥയിലെത്തി. ഒരു ദുരന്തത്തിൽ ഇടപെട്ടുകൊണ്ട് ഭരണകൂടത്തിന്റെ വിവിധ സംവിധാനങ്ങൾ ഇത്രയൊക്കെയെങ്കിലും ചെയ്യുന്നതിൽ ആഘോഷമെന്തിനെന്ന ചോദ്യം മണ്ണിന്നടിയിൽ മരിച്ചവരുടെ തൊണ്ടയിൽ കുടുങ്ങിക്കിടന്നു.

സാമൂഹ്യനീതിയുടെ ചരിത്ര രാഷ്ട്രീയത്തിൽ ഉണ്ടാക്കിയെടുത്ത ചിലതല്ലാതെ ലോകോത്തര നിലവാരത്തിൽ കേരളത്തിലെന്തൊക്കയാണ് വേറെയുള്ളത് എന്നുകൂടി നോക്കിയാൽ കൊള്ളാം.

ഭക്ഷണവിതരണം മുതൽ കുപ്പായവിതരണം വരെ സഹായമെത്തിക്കാനുള്ള പ്രവർത്തികളിൽ ജനം ആത്മാർത്ഥമായി പങ്കെടുത്തു. നൂറുകണക്കിനാളുകൾ മരിച്ചൊരു സംഭവത്തിൽ അതിനെക്കുറിച്ച് മാത്രം ചർച്ച ചെയ്യാതെ ചലച്ചിത്ര താരങ്ങളുടെ സംഭാവനകൾക്ക് ആരാധകരുടെ ആർപ്പുവിളികളുമായി കളം മാറി. വസ്ത്രം, ഭക്ഷണപ്പൊതി എന്നൊക്കെപ്പറഞ്ഞുകൊണ്ട് ഭരണകൂടം ജനങ്ങളോട് സഹായമാവശ്യപ്പെട്ടു. ഒരു ജില്ലയിലെ ചെറിയൊരു പ്രദേശത്ത് കേന്ദ്രീകരിച്ചുകൊണ്ടുള്ള ദുരിതാശ്വാസപ്രവർത്തനത്തിന് സാനിറ്ററി നാപ്ക്കിനും കുട്ടിക്കുപ്പായങ്ങളും വരെ അടിയന്തരമായി ശേഖരിക്കാൻ കഴിയാത്തൊരു ഭരണകൂടത്തിന്റെ പ്രതിച്ഛായാ നിർമ്മാണത്തിന്റെ അശ്ലീലമായിരുന്നു നടന്നത്. വയനാട്ടിലെ രക്ഷാപ്രവർത്തനം ലോകത്തിന് മാതൃകയായി എന്നൊക്കെയെഴുതി. ഇത്തരമൊരു ദുരന്തം നടന്നാൽ ലോകത്ത് മിക്കയിടങ്ങളിലും നടക്കുന്ന പോലൊരു രക്ഷാപ്രവർത്തനമാണ് വയനാട്ടിലും നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തുക, ജീവനുള്ളവരെ തിരയുക, ദുരന്തബാധിതരെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ താമസിപ്പിക്കുക എന്നിങ്ങനെയൊക്കെ. ഇതൊക്കെ നമ്മുടെ നാട്ടിലെ ശരാശരി സൗകര്യങ്ങളുടെ നിലവാരത്തിൽ തന്നെയാണ് നടന്നതും. അതിനപ്പുറവും ഇപ്പുറവും ഒരത്ഭുതവും സംഭവിച്ചിട്ടില്ല. പക്ഷെ സംസ്ഥാന സർക്കാർ പ്രായോജിത പ്രചാരണത്തിൽ കരിമ്പന ഏഴുനില മാളികയാണ്.

ദുരന്തബാധിതർക്ക് ലോകോത്തര നിലവാരത്തിൽ, മാതൃകയാകുന്ന വിധത്തിൽ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നടക്കേണ്ടത് തന്നെയാണ്. സാമൂഹ്യനീതിയുടെ ചരിത്ര രാഷ്ട്രീയത്തിൽ ഉണ്ടാക്കിയെടുത്ത ചിലതല്ലാതെ ലോകോത്തര നിലവാരത്തിൽ കേരളത്തിലെന്തൊക്കയാണ് വേറെയുള്ളത് എന്നുകൂടി നോക്കിയാൽ കൊള്ളാം. കേരളം കണ്ട മഹാപ്രളയം കഴിഞ്ഞപ്പോൾ പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംസ്ഥാനത്തിൻെറ മുന്നോട്ടുള്ള പോക്കിനൊരു മാർഗ്ഗരേഖയുണ്ടാകും എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല. വയനാട് ദുരന്തത്തിന് ശേഷവും വലിയ മാറ്റമൊന്നും ഉണ്ടാകാനുള്ള സാധ്യതയില്ല.

പരിസ്ഥിതിയുടെ രാഷ്ട്രീയം, ജീവിക്കുന്നവരും ഇനി ജീവിക്കാനിരിക്കുന്നവരുമായ എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയാണ്, അത് പ്രകൃതിയിൽ നിന്നും വേറിട്ട അധികാരിയല്ലാത്ത മനുഷ്യ സമൂഹത്തിന്റെ  നീതിയുടെ കാലത്തിനുവേണ്ടിയാണ്, അതുകൊണ്ടുതന്നെ അത് വയനാട്ടിലെ മനുഷ്യർക്കൊപ്പമാണ്.
പരിസ്ഥിതിയുടെ രാഷ്ട്രീയം, ജീവിക്കുന്നവരും ഇനി ജീവിക്കാനിരിക്കുന്നവരുമായ എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയാണ്, അത് പ്രകൃതിയിൽ നിന്നും വേറിട്ട അധികാരിയല്ലാത്ത മനുഷ്യ സമൂഹത്തിന്റെ നീതിയുടെ കാലത്തിനുവേണ്ടിയാണ്, അതുകൊണ്ടുതന്നെ അത് വയനാട്ടിലെ മനുഷ്യർക്കൊപ്പമാണ്.

എന്നാൽ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ, ഈ നൂറ്റാണ്ടിലെ വർഗസമരത്തിന്റെ രാഷ്ട്രീയത്തിന്റെ ചോദ്യങ്ങളെ അടിച്ചമർത്തുക എന്നത് സാധ്യമല്ല. അത് കൃത്യമായ വേർതിരിവുകളുള്ളൊരു യുദ്ധമാണ്. ഭൂമിയിലെ ജീവന്റെ നിലനില്പിനേയും മനുഷ്യനും മറ്റ് ജീവജാലങ്ങളുമടങ്ങുന്ന പരസ്പരാശ്രിത ബന്ധത്തിന്റെ ആവാസവ്യവസ്ഥയേയും സാമൂഹ്യ-രാഷ്ട്രീയാധികാരത്തിലെ നീതിയെയും കുറിച്ചുള്ള നിയാമകമായ സംഘർഷമാണത്. അതിൽ പരിസ്ഥിതിയുടെ രാഷ്ട്രീയമെന്നത് മുതലാളിത്ത ചൂഷണ വ്യവസ്ഥക്കെതിരായ രാഷ്ട്രീയമാണ്. ഈ ഭൂമിയിൽ തുല്യതയോടെ ജീവിക്കാനുള്ള മനുഷ്യന്റെയും സഹചാരികളായ സകലമാന ജൈവപ്രപഞ്ചത്തിന്റെയും അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടമാണ്.

വയനാട്ടിൽ മണ്ണിൽപ്പുതഞ്ഞ മനുഷ്യർ സഹായവിതരണത്തിന്റെയും പ്രതിച്ഛായാ നിർമ്മാണത്തിന്റെയും നാടകത്തിന്റെ ഇരകളാകുന്നത് അവരടക്കം വലിയൊരു വിഭാഗം മനുഷ്യരെ പാരിസ്ഥിതിക അഭയാർത്ഥികളാക്കി മാറ്റുന്ന, ചൂഷണത്തെ വികസനമായി വേഷംകെട്ടിക്കുന്നവരുടെ കൈകളിലാണ്. പരിസ്ഥിതിയുടെ രാഷ്ട്രീയം, ജീവിക്കുന്നവരും ഇനി ജീവിക്കാനിരിക്കുന്നവരുമായ എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയാണ്, അത് പ്രകൃതിയിൽ നിന്നും വേറിട്ട അധികാരിയല്ലാത്ത മനുഷ്യ സമൂഹത്തിന്റെ നീതിയുടെ കാലത്തിനുവേണ്ടിയാണ്, അത് പ്രകൃതിവിഭവങ്ങളെ കൊള്ളയടിച്ചുകൊണ്ട് മഹാഭൂരിപക്ഷം മനുഷ്യരുടെ ജീവനെയും ഈ ഭൂമിയേയും അപായകാലത്തിലേക്കെറിയുന്ന മുതലാളിത്ത വ്യവസ്ഥക്കെതിരാണ്, അത് പശ്ചിമഘട്ടത്തിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ അത് വയനാട്ടിലെ മനുഷ്യർക്കൊപ്പമാണ്.

Comments