‘Rebuild’ മുണ്ടക്കൈ: പശ്ചിമഘട്ടത്തെ വീണ്ടെടുക്കാൻ വേണം, ബദൽ പുനർനിർമാണം

വയനാട്ടിലെ ഉരുൾപൊട്ടലിനെതുടർന്നുള്ള പുനരധിവാസത്തിന്റെ ഭാഗമായി, പശ്ചിമഘട്ടത്തിന്റെ സവിശേഷ സാഹചര്യം കൂടി ഉൾ​ക്കൊണ്ടുള്ള ഒരു പുനർനിർമാണ പദ്ധതിയെക്കുറിച്ചുള്ള ആലോചന മുന്നോട്ടുവക്കുകയാണ് ആർക്കിടെക്റ്റായ ഹസൻ നസീഫ്.

കേരളം കണ്ട വലിയ പ്രകൃതിദുരന്തമാവുകയാണ് ജൂലൈയിൽ ചൂരൽ മലയിലുണ്ടായത് (Wayanad landslides). ദുരന്തത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിതീർന്നിട്ടില്ല. അലയൊലികൾ പ്രകമ്പനമായും ഘോരശബ്ദമായും തുടർന്നു കൊണ്ടിരിക്കുന്നു. ജീവനറ്റ ശരീരങ്ങൾ മണ്ണിനടിയിൽ അലിഞ്ഞു ചേർന്നുകഴിഞ്ഞു. ബാക്കിയായവർക്ക് പുതുജീവിതം സമ്മാനിക്കണം. അത് വരാനിരിക്കുന്ന തലമുറകൾക്ക് കൂടിയുള്ളതായിരിക്കണം. ഈ തലമുറയെ ബാധിച്ചതൊന്നും തുടരാൻ പാടില്ല. അതെ, ‘Rebuild mundakai’ പശ്ചിമഘട്ടത്തെ (Western Ghats) വീണ്ടെടുക്കാനുള്ള സന്ദേശമായിരിക്കണം. അതുവഴി പശ്ചിമഘട്ടത്തെ തിരിച്ചുപിടിക്കണം, അതിലൂടെ കേരളത്തിന്റെ പരിസ്ഥിതിയെ, കാലാവസ്ഥയെ, കൃഷിയെ, അനേകായിരം തലമുറകളെ തിരിച്ചു പിടിക്കണം.

ഉരുൾ ഒഴുക്കിമറിച്ചിട്ടത് ഒരു ഗ്രാമത്തെ ഒന്നാകെയാണ്. വർഷങ്ങളായുള്ള അനേകം മനുഷ്യരുടെ അത്യാധ്വാനങ്ങളെയാണ് അത് വിഴുങ്ങിക്കളഞ്ഞത്. ഇതൊക്കെയും തിരിച്ചുകൊണ്ടു വരണമെന്നാണ് ഏതൊരു മലയാളിയുടെയും ആഗ്രഹം.

ഭൂമിയിലെ സവിശേഷമായ ഒരു പ്രദേശമാണ് പശ്ചിമഘട്ടം. കിഴക്കു മുതൽ വടക്ക് വരെ നീണ്ടുകിടക്കുന്ന ഒരു പ്രതിഭാസം. ചുറ്റുമുള്ള വലിയ ഭൂപ്രദേശത്തിന്റെ സന്തുലിതാവസ്ഥക്കും ജീവശ്വാസത്തിനും വേണ്ടിയാണിത് നിലകൊള്ളുന്നത്. അതിനെ അങ്ങനെതന്നെ നിലനിർത്തുമ്പോഴാണ് ചുറ്റുമുള്ള ഭൂപ്രദേശങ്ങൾക്ക് ആരോഗ്യത്തോടെ ജീവിക്കാനാവുക.

ഉരുൾ ഒഴുക്കിമറിച്ചിട്ടത് ഒരു ഗ്രാമത്തെ ഒന്നാകെയാണ്. വർഷങ്ങളായുള്ള അനേകം മനുഷ്യരുടെ അത്യാധ്വാനങ്ങളെയാണ് അത് വിഴുങ്ങിക്കളഞ്ഞത്.
ഉരുൾ ഒഴുക്കിമറിച്ചിട്ടത് ഒരു ഗ്രാമത്തെ ഒന്നാകെയാണ്. വർഷങ്ങളായുള്ള അനേകം മനുഷ്യരുടെ അത്യാധ്വാനങ്ങളെയാണ് അത് വിഴുങ്ങിക്കളഞ്ഞത്.

ഈ നാട്ടറിവിന്റെ പരിമിതിയായിരിക്കാം കാലാകാലങ്ങളായി മനുഷ്യനെ പരിസ്ഥിതി ലോലപ്രദേശങ്ങളിലേക്ക് (eco sensitive region) കുടിയേറാനും വാസമുറപ്പിക്കാനും ടൂറിസം തുടങ്ങിയ വ്യവഹാരങ്ങളിലേക്ക് വളരാനും പ്രേരിപ്പിച്ചത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഈയാളുകളെയൊക്കെ ഒഴിപ്പിക്കുകയെന്നത് പ്രായോഗികമല്ല. പക്ഷെ പ്രകൃതി നൽകുന്ന സൂചനകളെ അവഗണിച്ച് മുന്നോട്ട് പോകാനും സാധ്യമല്ല. ഈയവസരത്തിലാണ് താരതമ്യേനെ മെച്ചപ്പെട്ട ഉത്തരം തേടേണ്ടത്.

Responsible architecture meets sustainability

നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഈ ദുരന്തങ്ങൾക്ക് കാരണം, പരിസ്ഥിതിലോല പ്രദേശങ്ങളിൽ മനുഷ്യ ഇടപെടലുകൾ കൂടി വന്നതും ആഗോളതാപനത്താൽ മഴയുടെ അളവിലുണ്ടായ വളർച്ചയുമാണ്. എന്നാൽ ഇത്തരം ദുരന്തങ്ങൾ ഭാവിയിലും നേരിടേണ്ടിവരും എന്നതിനാൽ ഉത്തരവാദിത്വമുള്ള വാസ്തുശാസ്ത്രം പ്രയോഗിക്കുക മാത്രമാണ് ശരിയായ വഴി. ഈ ദുരന്തങ്ങൾക്കുശേഷം ജീവിച്ചിരിപ്പുള്ളവർക്കിത് ബദലുകൾ ആവിഷ്കരിക്കാനുള്ള അവസരം കൂടിയാണിത്.

ദീർഘകാല പദ്ധതികൾക്ക് പ്രാമുഖ്യം

പ്രളയങ്ങളും മണ്ണിടിച്ചിലും കഴിഞ്ഞ് കേരളത്തെ പുനർനിർമ്മിക്കുന്നത്, ഇപ്പോഴത്തെ ആവശ്യങ്ങളെ മാത്രം പരിഗണിക്കുന്നതുമാത്രമാകരുത്, മറിച്ച് ദീർഘകാല സുസ്ഥിരതയും വരാൻ പോകുന്ന അപകടങ്ങളെ പ്രതിരോധിക്കാനുള്ള ആശയങ്ങൾ കൂടിയാകണം.

Photo: Ajmal MK
Photo: Ajmal MK

സുസ്ഥിര വാസ്തുശാസ്ത്രത്തിന്റെ (Sustainable Architecture) പങ്ക്:

‘മനുഷ്യൻ നിലകൊള്ളുന്ന ഭൂമി’ എന്നല്ല, മനുഷ്യന് ജീവിക്കാനാവശ്യമായ അവസ്ഥയിൽ നിലകൊള്ളുന്ന ഭൂമി എന്ന രീതിയിലാണ് മനുഷ്യനെയും പരിസ്ഥിതിയെയും സുസ്ഥിര വാസ്തുശാസ്ത്രം നോക്കിക്കാണുന്നത്. ഉത്തരവാദിത്വമുള്ള വാസ്തുശാസ്ത്രത്തിന്റെ ലക്ഷണം മേഖലയുടെ പ്രത്യേകമായ പരിസ്ഥിതി, സാംസ്കാരിക, സാമൂഹിക ഘടകങ്ങളെ പരിഗണിക്കുമെന്നതാണ്. ഇവിടെ പുനർനിർമ്മാണപദ്ധതി തയ്യാറാക്കുമ്പോൾ പുതുതായി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, പ്രകൃതിയുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കുന്ന, ദുരന്തസാധ്യതകൾ കുറയ്ക്കുന്ന,സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങൾ സൃഷ്ടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ഉത്തരവാദിത്വമുള്ള വാസ്തുശാസ്ത്രം പ്രാദേശിക പശ്ചാത്തലത്തെ ആഴത്തിൽ മനസ്സിലാക്കുന്നതോടെ തുടങ്ങുന്നു. ഇത് മേഖലയിലെ ഭൂപ്രകൃതി, കാലാവസ്ഥ, സാംസ്കാരിക പൈതൃകം എന്നിവ മാനിക്കുന്ന കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനാണ് ശ്രദ്ധയോന്നുക. ഉദാഹരണത്തിന്, പാരമ്പരാഗതമായ കേരള വാസ്തുശാസ്ത്രം, കനത്ത മഴയെയും വെള്ളക്കെട്ടിനെയും ഒക്കെ പ്രതിരോധിക്കാൻ കഴിയുന്ന ഡിസൈനോടുകൂടിയതായിരുന്നു. ആധുനിക വാസ്തുശാസ്ത്രം ഈ പാരമ്പര്യ ഡിസൈനുകളിൽനിന്ന് പാഠമുൾക്കൊണ്ട് പുതിയ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും ഉൾപ്പെടുത്തി മാതൃകകൾ സൃഷ്ടിക്കേണ്ടതാണ്.

Post flood rapid housing: 2018- ലെ പ്രളയത്തിന്റെ ഇരകൾക്ക് ദുരിതാശ്വാസക്യാമ്പുകളിൽ നിന്ന് എത്രയും വേഗം വീടുകളിലേക്ക് (ഇനിയൊരു പ്രളയത്തെ അതിജീവിക്കാൻ കഴിവുള്ള വീടുകളിലേക്ക് ) മാറുകയെന്ന ഉദ്ദേശ്യത്തിൽ ഞങ്ങൾ തയ്യാറാക്കിയ പദ്ധതിയായിരുന്നു post flood rapid housing project. വടകര തണൽ ചാരിറ്റബിൾ സംഘടനയുമായി ചേർന്ന് വയനാട് പൊഴുതന ഗ്രാമപഞ്ചായത്തിൽ 14 ദിവസം കൊണ്ട് പൂർത്തിയാക്കിയ വീടുകളാണിത്.

Post flood rapid housing project - ൽ പണിത വീട് / Photo: urvi.co
Post flood rapid housing project - ൽ പണിത വീട് / Photo: urvi.co

പരമ്പരാഗത ഉലപ്പന്നങ്ങളുടെ ക്ഷാമം നിലനിൽക്കുന്ന വയനാട് പ്രദേശത്ത് ബദൽ നിർമ്മാണം കാഴ്ചവെക്കുകയാണ് ചെയ്തത്. Steel pipe- കളും cement fibre board- കളും കളിമൺ ഓടുകളും ഉപയോഗിച്ച് നിർമ്മിച്ച ഈ വീടുകകൾ തൂണുകളാൽ ഉയർന്നു നിൽക്കുന്ന രീതിയിലാണുണ്ടാക്കിയത്. പിന്നീട് ചിലയിടങ്ങളിലുണ്ടായ ചെറിയ മണ്ണിടിച്ചിലിനെ പ്രതിരോധിക്കാൻ സാധിച്ച ആ project- കൾക്ക് 2018- ലെ Hudco National Award ലഭിച്ചിരുന്നു.

Post landslide rapid housing:

ഓരോ പ്രദേശത്തെയും സ്ഥിതിഗതികൾ വിലയിരുത്തി വേണം അവിടെ ഏതൊക്കെ ഉൽപ്പന്നങ്ങളാണ് സുസ്ഥിരമായ നിർമ്മാണത്തിനനുഗുണമാകുകയെന്ന് പറയാൻ. പശ്ചിമഘട്ട മലനിരകളിലെ പാറഖനനം ഇനിയും തുടരുന്നത് അഭികാമ്യമല്ലാത്തതിനാൽ തന്നെ മറ്റു ബദൽ നിർമ്മാണശൈലികൾ കണ്ടെത്തേണ്ടതുണ്ട്. അതേസമയം പ്രളയം കവർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ അവിടെത്തന്നെ കിടപ്പുണ്ട്. കൃഷിയും മറ്റു അനുബന്ധ പ്രവർത്തനങ്ങൾക്കുമായി അവ നീക്കം ചെയ്യേണ്ടതായുമുണ്ട്. അങ്ങനെയാണ് post landslide rapid housing എന്ന പദ്ധതി തയ്യാറാക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

പ്രദേശത്ത് ലഭ്യമായ മണ്ണും പൊടിച്ച കോൺക്രീറ്റ് ആവശ്ഷ്ടങ്ങളും കുമ്മായവും സിമന്റും ഉപയോഗിച്ച് ചുവര് വാർത്തെടുക്കുന്ന രീതിയാണ് debris earth wall. സാധാരണ ചുമരുകളെ അപേക്ഷിച്ചു കൂടുതൽ ബലവും (compressive strength) ഈടും നിൽക്കുന്ന debris earth wall idea പുതിയ കാലത്തെ ഉത്പന്നക്ഷാമം വേഗതത്തിൽ മറികടക്കാം. വെള്ളമുപയോഗിച്ച് കുഴച്ചെടുത്ത ഈ മിശ്രീതം കൃത്യമായ ചട്ടക്കൂടുകൾക്കുള്ളിൽ വാർക്കുകയും പിറ്റേദിവസം തന്നെ ഷട്ടറുകൾ ഒഴിവാക്കുകയും ചെയ്യാം. മണ്ണിന്റെ സാന്നിധ്യമുള്ളതിനാൽ തണുപ്പും ഭംഗിയും കൂട്ടുന്നു.

അതേസമയം പ്രളയം കവർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ  ഇപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ അവിടെത്തന്നെ കിടപ്പുണ്ട്.
അതേസമയം പ്രളയം കവർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ അവിടെത്തന്നെ കിടപ്പുണ്ട്.

കേരളത്തിൽ പുനരാവൃത്തിയായ പ്രളയങ്ങളും മണ്ണിടിച്ചിലും മുന്നിൽക്കണ്ട്, ഇത്തരം ദുരന്തങ്ങൾ പ്രതിരോധിക്കുന്ന തരത്തിൽ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുന്നത് അത്യാവശ്യമാണ്. ഇനിയും പ്രളയമുണ്ടായാൽ പ്രതിരോധിക്കാനായി ഉയർന്ന സ്റ്റീൽ തൂണുകളിലാണ് വീടുകൾ ഉണ്ടാവേണ്ടത്. കനത്ത മഴയ്ക്കായുള്ള സമർത്ഥമായ നീരൊഴുക്ക് സംവിധാനങ്ങൾ ഉണ്ടാകണം.വീടിനടിയിലെ മണ്ണ് ഒലിച്ചു പോകാതിരിക്കാനുള്ള ജിയോടെക്സ്റ്റൈൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താം. അപകടമേഖലകളിൽ മേൽക്കൂരയുടെ ഭാരം കുറക്കുന്നത് അത്യന്താപേക്ഷിതമാണ്. ആയതിനാൽ steel truss മേൽക്കൂരയിൽ കളിമൺഓടുകൾ കൊടുക്കാവുന്നതാണ്.
Rapid Steel construction സാങ്കേതികവിദ്യയും debris earth wall സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാൽ costeffective ആയി 4 ആഴ്ച കൊണ്ട് പ്രതിരോധശേഷിയുള്ള വീടുകൾ നിർമ്മിക്കാനാകും.

Post landslide rapid housing model
Post landslide rapid housing model

സമൂഹ പങ്കാളിത്തം:

ശാശ്വതമായ പുനർനിർമ്മാണം പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തം കൂടാതെ സാധ്യമല്ല. ആരാണോ കെട്ടിടങ്ങൾ വെക്കുന്നത് അവർ, താമസക്കാരുമായി ആശയവിനിമയം നടത്തണം. അവരുടെ ആവശ്യങ്ങൾ, മുൻഗണനകൾ, പാരമ്പര്യ അറിവുകൾ എന്നിവ മനസ്സിലാക്കണം. ഈ സഹകരണ സമീപനം, പുനർനിർമ്മിക്കുന്ന കെട്ടിടം സാംസ്കാരികവും സാമൂഹികവുമായി യോജിക്കുന്നതാണെന്ന് ഉറപ്പ് വരുത്തുക മാത്രമല്ല, പുതിയ തലമുറക്കുള്ള പാഠം കൂടിയാകും.

പ്രകൃതി ദുരന്തങ്ങളെയും വികസന കാഴ്ചപ്പാടുകളെയും ബന്ധിപ്പിച്ച് പുതിയ തലമുറയെ സജ്ജമാക്കുക:

  • സർക്കാറിനും വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും ചെയ്യാനാകുന്നത്:

വ്യത്യസ്തമായ ഭൗമശാസ്ത്ര സവിശേഷതകളും സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ഉള്ള കേരളത്തിന്റെ ഇപ്പോഴുള്ള തലമുറ - വികസന കാഴ്ചപ്പാടുകളിൽ പകച്ചുനിൽക്കുകയാണ്. പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ മാത്രം പരിസ്ഥിതിയെ പറ്റി സംസാരിക്കുന്ന, എല്ലാം കെട്ടടങ്ങുമ്പോൾ വികസന കാഴ്ചപ്പാടുകളിൽ സ്വേച്ചകളോടൊപ്പം സഞ്ചരിക്കുന്ന ഒരു തലമുറ. ഇങ്ങനെയാവരുത് അടുത്ത തലമുറ; അവർക്ക് താൻ നിലകൊള്ളുന്ന ഭൂമിയെ പറ്റിയും എത്തിപ്പെട്ട ദുരവസ്ഥയെ പറ്റിയും വ്യക്തമായ അറിവും ദിശബോധവും ഉണ്ടാകണം.

കാലവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളി നേരിടുന്നതിന് യുവതലമുറയെ സജ്ജമാക്കുന്നതിൽ വിദ്യാഭ്യാസം പ്രധാന ഉപാധിയാണ്. ദുരന്ത നിവാരണ പദ്ധതികൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികൾക്ക് പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചഅവബോധം ഉണ്ടാക്കാൻ സഹായിക്കും.

  • സന്നദ്ധ സേവന സംഘങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത്:

ദുരന്ത പ്രതിരോധം കൂടാതെ, വരും തലമുറയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ മികവുള്ള ബോധം വളർത്തേണ്ടത് അത്യാവശ്യമാണ്. കേരളത്തിന്റെ സമൃദ്ധമായ ജൈവവൈവിധ്യവും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുന്ന പദ്ധതികളിലും ജലസംരക്ഷണം, മാലിന്യനിയന്ത്രണം, വനം- ജലാശയ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളിലും സുസ്ഥിര നിർമ്മാണ മേഖലയിലും സന്നദ്ധ സേവന സംഘങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്ന വർക്ഷോപ്പുകളും പ്രവർത്തികളും നടത്തണം.

ഉർവി ഫൗണ്ടേഷന്റെ വർക്ക്ഷോപ്പിൽ നിന്ന്
ഉർവി ഫൗണ്ടേഷന്റെ വർക്ക്ഷോപ്പിൽ നിന്ന്

ഉർവി ഫൌണ്ടേഷൻ തിരുവനന്തപുരം കേന്ദ്രമായി നടത്തിവരുന്ന ഉർവികോസ എന്ന കാമ്പസിലൂടെ ഇന്ത്യയിൽ നിന്നുള്ള 2000- ലധികം പ്രോഫഷണൽ വിദ്യാർത്ഥികൾക്കുള്ള hands ഓൺ worksop- കൾ ഇതിനുദാഹരണമാണ്. പുതിയ തലമുറയിലെ ആർക്കിടെക്റ്റുമാരും എഞ്ചിനീയർമാരും ഈ വിഷയത്തിൽ വളരെ വ്യക്തമായ നിലപാടോടുകൂടി പ്രവർത്തനമേഖലയിലേക്കിറങ്ങുകയാണ്.

  • CSR ഫണ്ടുകൾ സുസ്ഥിര ആശയങ്ങൾക്കായി ഉപയോഗിക്കണം.

സുസ്ഥിരഭാവി നിർമ്മിക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഒരു മാനദണ്ടമാണ്. ഈ ലക്ഷ്യങ്ങളെക്കുറിച്ചും കേരളത്തിന്റെ സമകാലിക സാഹചര്യങ്ങളുമായി ബന്ധിപ്പിച്ചു മനസ്സിലാക്കിയെടുക്കുക അത്യാവശ്യമാണ്. സാങ്കേതികവിദ്യയിലൂടെ പ്രതിസന്ധികളെ മറികടക്കാൻ പുത്തൻ ആശയങ്ങൾ വളരേണ്ടതായിട്ടുണ്ട്. അതിനായി യുവാക്കളെ കേന്ദ്രീകരിച്ചു ആശയങ്ങൾ നടപ്പിലാക്കുന്നതിനു CSR ഫണ്ടുകൾ ഉപയോഗിക്കാൻ കമ്പനികൾ തയ്യാറാകണം

  • ഓരോ വ്യക്തിയുടെയും കയ്യൊപ്പ് പ്രധാനം

നാം വെക്കുന്ന ഓരോ ചുവടും ചിന്തയും ഈ പരിസ്ഥിതിക്കനുകൂലമായിരിക്കണം. കാരണം നമ്മൾ പിറന്നുവീണ മണ്ണ് ഉയർന്ന ഉത്തരവാദിത്തം അർഹിക്കുന്ന/ ആവശ്യപ്പെടുന്ന ഒന്നാണ്. ജൈവവൈവിദ്ധ്യത്തിൽ ലോകത്ത് 20 ‘ഹോട്ട് സ്‌പോട്ടുകൾ’ തിരഞ്ഞെടുത്തിട്ടുള്ളതിൽ ‍ തന്നെ സുപ്രധാനമായ അഞ്ചെണ്ണത്തിൽ (hotest hotspot in the earth) ഒന്നാണ് പശ്ചിമഘട്ടം. പ്രളയവും പ്രകമ്പനവും എല്ലാം നമുക്ക് നിത്യമാവുകയാണ്. ഇത് ഇന്നും നാളെയും അവസാനിക്കുമെന്ന് കരുതുന്നതിൽ അർത്ഥമില്ല. പക്ഷെ ഇതിന്റെ വ്യാപ്തി കുറക്കാൻ നമ്മൾ ഓരോരുത്തരും രംഗത്തിറങ്ങിയേ മതിയാകൂ.

Comments