കേരളത്തിലിപ്പോൾ കൊടും ചൂടായത് എന്തുകൊണ്ട്?

‘‘ഇനിയുള്ള മാസങ്ങളില്‍ സൂര്യന്റെ ചൂട് നേരിട്ട് ശരീരത്തിലെത്തി, സൂര്യാഘാതവും സൂര്യാതപവുമൊക്കെ ഉണ്ടാകാനാണ് സാധ്യത. വേനൽക്കാലം ഒരു മാസം മുമ്പേ തുടങ്ങി കഴിഞ്ഞു. സാധാരണ മാര്‍ച്ചിലും എപ്രിലിലും കാണുന്ന ജലക്ഷാമവും വരള്‍ച്ചയുമെല്ലാം ഫെബ്രുവരിയിൽ തന്നെ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട മറ്റു പല പ്രശ്നങ്ങളും ഇനിയുണ്ടാകാൻ സാധ്യതയുണ്ട്’’.

കേരളത്തിൽ ഇത്തവണ ഫെബ്രുവരി പകുതിയോടെത്തന്നെ ശക്തമായ വേനൽക്കാലം എത്തിയപോലെയാണ് ചൂടിൻ്റെ അവസ്ഥ. അസഹനീയമായ ചൂട് തുടരുക തന്നെയാണ്. രാത്രിയിലും ചൂട് കൂടിയ നിലയിൽത്തന്നെയാണുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 38 °C- ഉം പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 37 °C -ഉം തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 36 °C- ഉം ആണ് ഫെബ്രുവരി 29 ന് രേഖപ്പെടുത്തിയത്. മാർച്ച് ഒന്നിനും താപനില കൂടിയ നിലയിൽത്തന്നെയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കൊടും ചൂടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും ‘കുസാറ്റി’ലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാറിന്റെ ഡയറക്ടർ ഡോ. എസ്. അഭിലാഷ് സംസാരിക്കുന്നു.


മനില സി.​ മോഹൻ: കഴിഞ്ഞ ദിവസങ്ങളിൽ പല ജില്ലകളിലും വലിയ ചൂടാണ് രേഖപ്പെടുത്തിയത്. മാർച്ച് ഒന്നു വരെ ചൂട് കൂടുതലായിത്തന്നെ തുടരുമെന്നും സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പറയുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതാ നിർദ്ദേശവും ഉണ്ട്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫെബ്രുവരിയിൽ ചൂട് ഇത്ര കൂടാൻ എന്താണ് കാരണം?

ഡോ. എസ്. അഭിലാഷ്: ആഗോള തലത്തിൽത്തന്നെ 2023, കഴിഞ്ഞ നൂറു വർഷത്തെ ഏറ്റവും ചൂടു കൂടിയ വർഷമായിട്ടാണ് കടന്നു പോയത്. അതിൻ്റെ തുടർച്ചയാണ് 2024- ലും കാണുന്നത്. ഇത് ഇന്ത്യയിൽ മാത്രം അനുഭവപ്പെടുന്നതല്ല. വിയറ്റ്നാം, കംബോഡിയ, തായ്ലൻ്റ് തുടങ്ങി ഇന്ത്യയുടെ അക്ഷാംശത്തിൽ വരുന്ന എല്ലാ ഭൂപ്രദേശങ്ങളിലും ഒരുപോലെ താപനില ഉയർന്നിരിക്കുകയാണ്. അതിനോടൊപ്പം, അറ്റ്ലാൻ്റിക് സമുദ്രത്തിൽ സർവ്വകാല റെക്കോർഡിലാണ് താപനില. ഏകദേശം മൂന്ന് മുതൽ നാല് ഡിഗ്രിയോളം സമുദ്ര താപനില അറ്റ്ലാൻ്റിക്കിൽ കൂടിനിൽക്കുന്ന അവസ്ഥയാണ്. ആഗോള തലത്തിൽ അനുഭവപ്പെടുന്ന മാറ്റത്തിൻ്റെ പ്രതിഫലനമാണ് നമുക്കും അനുഭവപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിൽ കേരളത്തില്‍ നഗരവത്‍ക്കരണ (Urbanisation) ത്തിൻ്റെ തോത് വലിയ രീതിയില്‍ കൂടിയിട്ടുണ്ടല്ലോ. അതെല്ലാം താപനിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

എൽനിന്നോ തുടരുന്നതുകൊണ്ട് ഒരുപക്ഷേ ഏപ്രിൽ വരെയൊക്കെ ആഗോളതലത്തിൽത്തന്നെ ചൂടു കൂടുന്നത് പ്രതീക്ഷിക്കാം. ഇങ്ങനെ വരുമ്പോൾ പൊതുവേ സംഭവിക്കുന്നത്, അന്തരീക്ഷ ചംക്രമണത്തിൽ അഥവാ നമ്മുടെ ഉപദ്വീപിൽ കാറ്റിൻ്റെ വിതരണത്തിലുണ്ടാവുന്ന മാറ്റം അതിമർദ്ദമേഖല രൂപീകരിക്കപ്പെടുന്നതിന് കാരണമാവും. കാറ്റിൻ്റെ വിതരണത്തിലുള്ള ഈ മാറ്റമാണ് ദക്ഷിണേന്ത്യയിൽ ഫെബ്രുവരിയിൽ ചൂടു കൂടാനുള്ള ഒരു കാരണം.

ഫെബ്രുവരിയിൽ പൊതുവേ ഹ്യുമിഡിറ്റി കുറവായിരുന്നു. അതുകൊണ്ടാണ് ചൂടുണ്ടായപ്പോഴും വലിയ പ്രശ്നത്തിലേക്ക് പോവാതിരുന്നത്. എന്നാൽ മാർച്ചൊക്കെ ആവുമ്പോഴേയ്ക്കും കടൽ കാറ്റിൻ്റെ ദിശയിൽ മാറ്റം വരുന്നതിനനുസരിച്ച് ഹ്യുമിഡിറ്റിയും നമ്മുടെ പ്രദേശത്ത് കൂടും. അപ്പോൾ നമുക്ക് അനുഭവവേദ്യമാവുന്ന ചൂട് കൂടും. അതായത് 35-36 ° C താപനിലയിൽ 50-60% ആനുപാതികമായ ഈർപ്പവും കൂടിയുണ്ടെങ്കിൽ അനുഭവവേദ്യമാവുന്ന ചൂട് 45 °C അല്ലെങ്കിൽ 50 °C ന് അടുത്തേക്കുവരും. ഹീറ്റ് സ്ട്രോക്കൊക്കെ ആ സമയത്ത് ഉണ്ടാവാനുള്ള പ്രധാന കാരണം അതാണ്. താപസൂചിക (heat Index) കൂടുകയാണ്.

മാര്‍ച്ചിലോ ഏപ്രിലിലോ അനുഭവപ്പെടേണ്ട ചൂടാണ് ഫെബ്രുവരിയില്‍ തന്നെയുണ്ടായത്. എല്ലാ മേഖലകളിലും അത് പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. എല്‍നിനോ എഫക്റ്റ് ഉള്ളതുകൊണ്ടാണ് ദക്ഷിണേന്ത്യയിലാകെ ഫെബ്രുവരി മുഴുവന്‍ ചൂട് കൂടിയത്. എല്‍ നിനോ എഫക്റ്റും അതിന്റെ ഭാഗമായി അതിമര്‍ദ്ദമേഖല രൂപപ്പെട്ടതും കാരണം പെനിന്‍സുലാര്‍ ഇന്ത്യയുടെ മുകൾഭാഗത്തും കേരളത്തിന്റെ തീരത്തോട് ചേര്‍ന്നു കിടക്കുന്ന അറബിക്കടലുമാണ് ഏറ്റവും ചൂടു പിടിച്ചുകിടക്കുന്നത്. ശരാശരിയെക്കാളും 1.5 ഡിഗ്രി കൂടുതലാണത്. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ള തണുത്ത കാറ്റിന്റെ വരവെല്ലാം ഫെബ്രുവരിയില്‍ കുറവായിരുന്നു. ഇതെല്ലാം കൊണ്ടാണ് ചൂട് കൂടിയത്.

ഇപ്രാവശ്യം പാലക്കാടിനെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് തീരപ്രദേശങ്ങളിലായിരുന്നു. സൂര്യനിൽനിന്ന് നേരിട്ടുള്ള ചൂട്, അതായത് സൂര്യൻ വടക്കോട്ട് പോകുന്നത് അനുസരിച്ചാണ് പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ഭാഗങ്ങളില്‍ ചൂട് കൂടുന്നത്. അങ്ങനെയാണത് സ്ഥിരമായി സംഭവിച്ചു കൊണ്ടിരുന്നിരുന്നത്. എന്നാല്‍ ഈ ഫെബ്രുവരിയില്‍അന്തരീക്ഷ കാറ്റിലുണ്ടാകുന്ന മാറ്റത്തിന്റെ ഫലമായാണ് താപനിലയില്‍ വര്‍ദ്ധനവുണ്ടായത്.

ഇത്തരം പ്രതിഭാസങ്ങൾ മാത്രമാണോ ചൂട് കൂടാൻ കാരണം? ഇതിനു മുൻപ് എപ്പോഴാണ് ഇത്തരത്തിൽ വലിയ ചൂട് അനുഭവപ്പെട്ടിട്ടുള്ളത്?

2015-16 ല്‍ ഇതുപോലെ തീരമേഖലയിൽ താപനില കൂടിയ സമയമുണ്ടായിരുന്നു. അതുമാത്രമല്ല, കഴിഞ്ഞ വര്‍ഷങ്ങളിൽ കേരളത്തില്‍ നഗരവത്‍ക്കരണ (Urbanisation) ത്തിൻ്റെ തോത് വലിയ രീതിയില്‍ കൂടിയിട്ടുണ്ടല്ലോ. അതെല്ലാം താപനിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്നിപ്പോള്‍ കേരളത്തില്‍ ആറുവരിപ്പാത പണിയുന്നതിനുവേണ്ടി വശങ്ങളിലുണ്ടായിരുന്ന മരങ്ങളൊക്കെ വെട്ടിമുറിച്ചിട്ടുള്ളത് നാം കാണുന്നുണ്ട്. ഇതൊക്കെ പഠനങ്ങൾ ആവശ്യപ്പെടുന്ന മേഖലയാണ്. നീളത്തിലാണ് കിടക്കുന്നതെങ്കിലും ആകെ ഭൂമിയുടെ വിസ്തീർണം എടുത്താൻ കേരളത്തിൽ‍ ആയിരത്തിലധികം ഹെക്ടർ ഏരിയയിലാണ് റോഡ് പണിയുടെ ഭാഗമായി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതിൻ്റെ ആഘാതം ഉറപ്പായും ഉണ്ടാവും. മൈക്രോ ലെവലിലല്ലെങ്കിലും മാക്രോ ലെവലില്‍ ഇതുമൂലം കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതെല്ലാം പരസ്പരബന്ധിതമാണല്ലോ.

ഫെബ്രുവരിയില്‍ തന്നെ മണ്ണിന്റെ ഈര്‍പ്പസ്വഭാവം നഷ്ടമായിരിക്കുകയാണ്. ഇത് മണ്ണിനെ കൂടുതല്‍ ഡ്രൈ ആക്കും, വിണ്ടുകീറുന്നതിന് കാരണമാക്കും. ഭൂമിയുടെ വിനിയോഗത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ചൂട് കൂടാനുള്ള ഒരു കാരണമായി പറയാം. കേരളത്തില്‍ റൂറല്‍ ഏരിയ വളരെ കുറവാണ്. Expanding Urbanisation ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം ‘താപത്തുരുത്ത്' (Heat Island) ഇഫക്റ്റ് ഉണ്ടാക്കും. ആഗോളതലത്തിലുണ്ടാകുന്ന കാലാവസ്ഥാ വ്യൂഹങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ക്കൊപ്പം പ്രാദേശിക തലത്തില്‍ ഭൂമി ഉപയോഗത്തിലുണ്ടാകുന്ന മാറ്റങ്ങളും ഇത്തരം താപത്തുരുത്തുകളുണ്ടാക്കും. മരങ്ങളും ജലവുമുള്ള ഗ്രാമീണ മേഖലയെ അപേക്ഷിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങളും റോഡുകളുടെ സാന്ദ്രതയുമൊക്കെ കൂടിയ പ്രദേശങ്ങളില്‍ ഹീറ്റിനെ ട്രാപ്പ് ചെയ്യുന്ന പ്രതിഭാസമുണ്ട്. ഇതാണ് അര്‍ബന്‍ ഹീറ്റ് ഐലന്റ് ഇഫക്റ്റ്. ഇതെല്ലാം മൈക്രോ ക്ലൈമറ്റിനെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്.

ഈ ചൂട് മനുഷ്യരില്‍മാത്രമല്ല, മൃഗങ്ങളിലും പക്ഷികളിലുമൊക്കെ പലതരത്തിലാണ് അനുഭവപ്പെടുക. വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ടാകും. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പാലിന്റെ അളവ് കുറയുന്നതും മുട്ടയുടെ വലുപ്പം കുറയുന്നതും കാണാം. അവയുടെ മെന്റല്‍ സ്ട്രസ്സും പരിഗണിക്കേണ്ടതായിട്ടുണ്ട്.
ഇതുവരെയുള്ള വര്‍ഷങ്ങളില്‍ കാണാത്ത തരത്തിലാണ് man-animal conflict ഫെബ്രുവരിയില്‍ത്തന്നെ റിപ്പോര്‍ട്ട് ചെയ്തത്. കാട്ടില്‍ വന്യജീവികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവുമെല്ലാം കുറയുന്നതിന്റെയും കൂടി ഭാഗമായാണ് അവര്‍ക്ക് മനുഷ്യവാസ സ്ഥലങ്ങളിലേക്ക് ഇറങ്ങിവരേണ്ടിവരുന്നത്. ഈ ഘടകങ്ങളെക്കുറിച്ച് ആരും വലിയ ചര്‍ച്ച നടത്തുന്നില്ല. മൃഗങ്ങളോട് ശത്രുത മനോഭാവത്തിലാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. ഉറപ്പായും മൃഗങ്ങളുടെ പോപ്പുലേഷൻ കൂടിയിട്ടുണ്ടാവും, അതൊരു ഘടകമാണ്. എന്നാലും വിഭവ ദൗർലഭ്യത്തെക്കുറിച്ച് അധികമാരും ചർച്ച ചെയ്യുന്നില്ല. ഇതെല്ലാം ചൂട് കൂടുന്നതുകൊണ്ട് സംഭവിക്കുന്നതാണ്.

കൃഷി, മൃഗസംരക്ഷണം, ജലസേചനം, കുടിവെള്ളം തുടങ്ങിയ മേഖലകളെയൊക്കെ ഈ ചൂട് പ്രതികൂലമായി ബാധിക്കും.

ഇതുവരെയുള്ള വര്‍ഷങ്ങളില്‍ കാണാത്ത തരത്തിലാണ് man-animal conflict ഫെബ്രുവരിയില്‍ത്തന്നെ റിപ്പോര്‍ട്ട് ചെയ്തത്. വന്യജീവികള്‍ക്ക് ഭക്ഷണവും വെള്ളവുമെല്ലാം കുറയുന്നതിന്റെയും കൂടി ഭാഗമായാണ് അവര്‍ക്ക് മനുഷ്യവാസ സ്ഥലങ്ങളിലേക്ക് ഇറങ്ങിവരേണ്ടിവരുന്നത്.

ജൂൺ വരെ ഇതേ പോലെത്തന്നെയായിരിക്കുമോ കേരളത്തിൽ ചൂടിൻ്റെ അവസ്ഥ?

കേരളത്തില്‍ എല്ലാ വര്‍ഷവും മാര്‍ച്ച്- എപ്രില്‍ മാസങ്ങളിലാണ് ചൂട് കൂടുതല്‍ ഉണ്ടാകാറ്. അത് നമ്മൾ പ്രതീക്ഷിക്കുന്നതാണ്, സ്വാഭാവികമാണ്. പക്ഷേ ആ സമയത്ത് അള്‍ട്രാവയലറ്റ് ഇന്‍ഡക്സ് പോലുള്ള കാര്യങ്ങളാണ് വെല്ലുവിളിയായി മാറാൻ പോകുന്നത്. sun burn ഉണ്ടാക്കുന്ന തരത്തില്‍, നേരിട്ട് മനുഷ്യശരീരം ചുട്ടുപൊള്ളിക്കുന്ന തരത്തിലുള്ള ചൂടല്ലായിരുന്നു ഈ ഫെബ്രുവരിയില്‍ ഉണ്ടായത്.
എന്നാല്‍ ഇനിയുള്ള മാസങ്ങളില്‍ സൂര്യന്റെ ചൂട് നേരിട്ട് ശരീരത്തിലെത്തി, സൂര്യാഘാതവും സൂര്യാതപവുമൊക്കെ ഉണ്ടാകാനാണ് സാധ്യത. സത്യത്തിൽ വേനൽക്കാലം ഒരു മാസം മുമ്പേ തുടങ്ങികഴിഞ്ഞു. സാധാരണ മാര്‍ച്ചിലും എപ്രിലിലും കാണുന്ന ജലക്ഷാമവും വരള്‍ച്ചയുമെല്ലാം ഫെബ്രുവരിയിൽ തന്നെ നമ്മള്‍ നേരിട്ടു തുടങ്ങി. ഇതുമായി ബന്ധപ്പെട്ട മറ്റു പല പ്രശ്നങ്ങളും ഇനിയുണ്ടാകാൻ സാധ്യതയുണ്ട്.
വാട്ടര്‍ ക്വാളിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുടിവെള്ളത്തിലും മറ്റും ഇ- കോളി ബാക്ടീരിയയുടെ സാന്ദ്രത കൂടിവരുന്ന പ്രശ്നങ്ങളുമൊക്കെ. കേരളത്തില്‍ മിക്കവരും ചൂടാക്കി വെള്ളം കുടിക്കുന്ന ശീലമുള്ളതുകൊണ്ടാണ് വലിയ പ്രശ്നങ്ങള്‍ ഇല്ലാത്തത്. അങ്ങനെ വെള്ളവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും മുന്നില്‍ കാണേണ്ടതുണ്ട്. കുടിവെള്ളം കൊണ്ടുവരുന്ന ടാങ്കര്‍ ലോറികളൊക്കെ ഫെബ്രുവരിയില്‍ തന്നെ സര്‍വ്വീസ് നടത്തി തുടങ്ങിയിട്ടുണ്ട്. ഇവര്‍ എവിടെ നിന്നാണ് വെള്ളം കൊണ്ടുവരുന്നത് എന്നതിനെക്കുറിച്ചൊന്നും നമ്മുക്കറിയില്ലല്ലോ, താപനിലയുമായി ബന്ധപ്പെട്ട് കണക്ടഡ് ആയി വരുന്ന പ്രശ്നങ്ങളാണിത്.

ഇത്തവണ ജൂണിൽ തന്നെ മൺസൂൺ ഉണ്ടാവുമോ, അതോ നീണ്ടുപോകാൻ സാധ്യതയുണ്ടോ?

നീണ്ടുപോകുമെന്ന് പറയാൻ കഴിയില്ല. കാരണം എല്‍നിനോ കണ്ടീഷന്‍ എപ്രില്‍ ആകുമ്പോള്‍ തന്നെ കുറയും. മെയ് മാസത്തിലേക്ക് എത്തുമ്പോഴേക്കും ലാ നിനോ തുടങ്ങുന്ന കണ്ടീഷനാണെങ്കില്‍ അത് മണ്‍സൂണിന് അനുകൂലമാണ്. പക്ഷേ അറബിക്കടലില്‍ സൈക്ലോണുകൾ രൂപപ്പെടുമ്പോഴാണ് മണ്‍സൂണിനെ അത് പ്രശ്നത്തിലാക്കുന്നത്. മണ്‍സൂണ്‍ മഴയെ മാറ്റങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് നമ്മള്‍ക്ക് ഇപ്പോൾ പറയാന്‍ കഴിയില്ല. എങ്കിലും മെയ് അവസാനത്തോടെ മണ്‍സൂണ്‍ മഴയെത്തുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കുഭാഗത്ത് ന്യൂനമര്‍ദ്ദ സാധ്യത കാണുന്നുണ്ട്. അത് പക്ഷെ, അറബിക്കടലിലേക്കോ ബംഗാള്‍ ഉള്‍ക്കടലിലേക്കോ കേരളത്തിന്റെ ഭാഗത്തേക്കോ എത്രമാത്രം മേഘങ്ങളെ എത്തിക്കുമെന്ന് പറയാനാകില്ല. അങ്ങനെ വന്നാലേ വലിയൊരു മഴ പ്രതീക്ഷിക്കാന്‍ കഴിയൂ. ചെറിയ തോതിലുള്ള വേനല്‍ മഴയെങ്കിലും മാര്‍ച്ച് രണ്ടാം വാരത്തിലേ പ്രതീക്ഷിക്കാനാകൂ.

അന്തരീക്ഷത്തിൽ ചൂട് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എങ്ങനെയാണ് നമുക്കത് നേരിടാനാവുക? പ്രത്യേകിച്ച് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ? സമയക്രമീകരണം എന്തായിരിക്കണം?

സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരെ പല തരത്തിലാണ് ഇത് ബാധിക്കുന്നത്. പുറം ജോലി ചെയ്യുന്നവർ, ട്രാഫിക് പൊലീസ്, ഓട്ടോ- ബസ് തൊഴിലാളികൾ, ലോട്ടറി വിൽപനക്കാർ തുടങ്ങി പാർശ്വവത്കരിക്കപ്പെട്ടവരെ ആഗോള തലത്തിൽത്തന്നെ കൂടുതൽ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യമാക്കി വ്യത്യസ്ത പ്രതിരോധ സംവിധാനങ്ങളും തൊഴിൽ സമയക്രമവും ക്രമീകരണങ്ങളും ആവശ്യമാണ്.

കൊച്ചുകുട്ടികളെക്കാള്‍ മുതിര്‍ന്ന ആളുകളെയാണ് heat exhaustion ശരാശരിയെക്കാളും കൂടുതല്‍ ബാധിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ഇത് ബാധിക്കുന്നുണ്ട്.

രണ്ട് മണിമുതല്‍ രണ്ടര വരെയുള്ള സമയത്താണ് ഒരു ദിവസം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്നത്. എന്നാലും രാവിലെ പതിനൊന്നര തൊട്ടാണ് ചൂട് പൊതുവെ കൂടി വരുന്നത്. രണ്ടരക്കുശേഷം ചൂടിന്റെ തീവ്രത കുറഞ്ഞുവരും.

ചൂടിന്റെ തീവ്രത കൂടുന്നത് മൂന്ന് തരത്തിലാണ് മനുഷ്യശരീരത്തില്‍ ബാധിക്കുന്നത്.
1) heat exhaustion.
2) heat stroke.
3) sunburn.

ചൂടു കൂടിയ മാസങ്ങളില്‍ പതിനൊന്നര തൊട്ട് രണ്ടര വരെ പുറത്തിറങ്ങുമ്പോഴാണ് sun burn ഉണ്ടാവുന്നത്. കാരണം, അള്‍ട്രാവയലറ്റ് ഇന്‍ഡക്സുകള്‍ കൂടി നില്‍ക്കുന്ന, സൂര്യരശ്മികള്‍ നേരിട്ട് പതിക്കുന്ന അവസ്ഥയാണിത്. Heat exhaustion എന്ന് പറയുന്നത് നമ്മുടെ ശരീരതാപനില നിയന്ത്രിക്കുന്ന ചെയ്യുന്ന മെക്കാനിസത്തിലുണ്ടാകുന്ന വ്യതിയാനമാണ്. ambient temperature നാല്‍പത് ഡിഗ്രി ആയി കഴിഞ്ഞാലും, 37 ഡിഗ്രിയില്‍ തന്നെ ശരീരതാപം ക്രമീകരിക്കുന്ന ഒരു സംവിധാനം ശരീരത്തിനുണ്ടല്ലോ. താപനില കൂടി വരുമ്പോള്‍ ഈ സംവിധാനത്തില്‍ പ്രശ്നങ്ങളുണ്ടാകും. ഇത് ഓരോ വ്യക്തികളിലും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. വ്യക്തികളുടെ പ്രായം, ലിംഗം, തുടങ്ങിയവയെല്ലാം ഇതിനെ ബാധിക്കുന്ന ഘടകങ്ങളാണ്. കൊച്ചുകുട്ടികളെക്കാള്‍ മുതിര്‍ന്ന ആളുകളെയാണ് heat exhaustion ശരാശരിയെക്കാളും കൂടുതല്‍ ബാധിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ഇത് ബാധിക്കുന്നുണ്ട്. അന്തരീക്ഷത്തില്‍ താപനില നീണ്ടുനില്‍ക്കുന്ന സമയങ്ങളില്‍ ശരീരത്തില്‍ താപനില ക്രമീകരിക്കുന്ന സംവിധാനത്തില്‍ വ്യതിയാനങ്ങളുണ്ടാകുകയും ഹാര്‍ട്ട് അറ്റാക്ക് പോലെയോ മറ്റോ ശരീരസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടി വരും. നേരിട്ട് വെയില്‍ കൊള്ളുമ്പോള്‍ മാത്രമല്ല, വീടിനകത്തിരുന്നാലും Heat exhaustion ഏല്‍ക്കാൻ സാധ്യതകളുണ്ട്.

Heat stroke എന്നത് താപനിലയിലുണ്ടാകുന്ന വര്‍ധനവിലൂടെ നമ്മുടെ ഹൃദയത്തെയും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന രീതിയിലുള്ള പ്രതികൂല മാറ്റങ്ങളാണ്. ഇതിനെയെല്ലാം കൂടി സൂര്യാഘാതം, സൂര്യാതപം എന്നൊക്കെയാണ് പറയുന്നത്.

താപനില വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് ശാരീരിക അസ്വസ്ഥതകളുണ്ടായാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കണം. നിരന്തരമായി ശരീര താപനില ക്രമീകരിക്കാൻ പറ്റുന്നില്ലെങ്കിലും നമ്മുടെ ശരീരത്തില്‍നിന്ന് ബാഷ്പീകരണത്തിലൂടെ വെള്ളം പുറത്തേക്ക് വിടുമ്പോഴാണ് ഈ റെഗുലേഷന്‍ നടക്കുന്നത്. ശരീരത്തില്‍നിന്ന് വെള്ളം ബാഷ്പീകരിച്ച് പോവുമ്പോൾ ശരീരം അതിനുള്ള എനര്‍ജിയെടുക്കും, അപ്പോള്‍ നമ്മുടെ ശരീരം തണുക്കും. ഈ ഒരു സംവിധാനത്തിലാണ് പ്രശ്നങ്ങളുണ്ടാകുന്നത്. കൂടുതല്‍ അത് സംഭവിക്കുന്നത് അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനൊപ്പം ഹ്യുമിഡിറ്റ് കൂടി ഉയര്‍ന്നു നില്‍ക്കുമ്പോഴാണ്. അപ്പോൾ ശരീരത്തിൽ നിന്ന് ബാഷ്പീകരണം നടക്കില്ല. ഈ ഹ്യുമിഡിറ്റി ത്വക്ക് രോഗങ്ങള്‍ക്കൊക്കെ കാരണങ്ങളുണ്ടാകുന്നുണ്ട്. ഇതെല്ലാം പരസ്പര ബന്ധിതമാണ്. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ കുറക്കാം. പരീക്ഷാക്കാലമായതിനാല്‍, പ്രത്യേകിച്ച്, കുട്ടികള്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

-ചൂട് കൂടുതലുള്ള സമയങ്ങളില്‍ അയഞ്ഞതും വെള്ള, ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക.
-ചൂട് കൂടുന്ന സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുക. -ശാരീരിക അസ്വസ്ഥതകള്‍ തോന്നുമ്പോള്‍ വെയിലില്ലാത്ത, തണലുള്ള സ്ഥലങ്ങളിലേക്ക് മാറുക. -കാപ്പി, കാര്‍ബണേറ്റഡ്, ആല്‍ക്കഹോളിക് ‍ഡ്രിങ്ക്സ് എന്നിവയൊക്കെ നിർജ്ജലീകരണം കൂട്ടുന്ന പാനീയങ്ങളാണ്. ഇവ കുടിക്കുന്നത് ഒഴിവാക്കുക.
-അമിതമായ വ്യായാമം ഒഴിവാക്കണം. ഈ സമയത്ത് കൂടുതല്‍ വ്യായായം ചെയ്യുന്നത് പ്രശ്‌നമുണ്ടാക്കും.
ഇവയാണ് പൊതുവായി സ്വീകരിക്കാവുന്ന മുന്‍കരുതലുകൾ.
അതുപോലെ, മാര്‍ച്ചിലും ഏപ്രിലിലും നമ്മള്‍ ഉപയോഗിക്കുന്ന വൈദ്യുതി ഉപഭോഗത്തേക്കാള്‍ വലിയ അളവില്‍ ഫെബ്രുവരിയിലെ ഉപയോഗം കൂടിയിട്ടുണ്ട്.

Comments