പുണ്യ കൃഷ്ണ: കേരളത്തിൽ സമീപ കാലങ്ങളിലായി ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യമാണല്ലോ ഉള്ളത്. എന്നാൽ, ഇപ്പോൾ കാണുന്ന അതിതീവ്രമഴയും മുൻകാലത്തെ മഴയും തമ്മിലുള്ള ശാസ്ത്രീയമായ വ്യത്യാസം എന്താണ്? ഇത് സാധാരണ മൺസൂൺ മഴയാണോ, അതോ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണോ?
പ്രൊഫ. എസ്. അഭിലാഷ്: മുമ്പ് മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന നേരിയതോ മിതമായതോ ആയ മഴയായിരുന്നു പതിവ്. ഇന്ന് അതിന് പകരം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം വർധിക്കുകയാണ്. കാലവർഷത്തിലെ ആകെ മഴയിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കുറവിന്റെ പ്രവണത കാണുന്നുണ്ടെങ്കിലും, മഴയുടെ തീവ്രത വർധിച്ചുവരുന്നു. ഇത് ഒരു സാധാരണ സജീവ മൺസൂൺ ഘട്ടമാണെങ്കിലും, മഴയുടെ സ്വഭാവത്തിൽ സംഭവിക്കുന്ന ഈ മാറ്റങ്ങൾ ആഗോളതാപനത്തിന്റെ വ്യക്തമായ സൂചനകളാണ്.
ഇത്തരത്തിലുള്ള അതിതീവ്ര മഴയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്? കാലാവസ്ഥാവ്യതിയാനം ഇതിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്? സമുദ്രതാപനില, അന്തരീക്ഷ വ്യതിയാനങ്ങൾ തുടങ്ങിയ മറ്റ് ഘടകങ്ങളുടെ പങ്ക് എത്രത്തോളമാണ്?
അതെ, കാലാവസ്ഥാ വ്യതിയാനം മഴയുടെ സ്വഭാവത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ആഗോളതാപനത്തെ തുടർന്ന് കരയും കടലും തമ്മിലുള്ള താപനില വ്യത്യാസം കുറയുകയും ഉഷ്ണമേഖല (Tropical Belt) വ്യാപിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഇന്ത്യൻ മൺസൂണിനെ ശക്തിപ്പെടുത്തുന്ന വായു ചംക്രമണം ദുർബലമാകുന്നു. അതുകൊണ്ട് പല പ്രദേശങ്ങളിലും കാലവർഷമഴയിൽ കുറവിന്റെ പ്രവണത കാണപ്പെടുന്നു.
എന്നാൽ ഇതിന് മറുവശവും ഉണ്ട്. സമുദ്രത്തിന്റെ താപനില ഉയരുമ്പോൾ, പ്രത്യേകിച്ച് ശക്തമായ കാറ്റ് വീശുന്ന സമയങ്ങളിൽ, സമുദ്രത്തിൽ നിന്ന് കൂടുതൽ ജലബാഷ്പം അന്തരീക്ഷത്തിലേക്ക് ഉയരുന്നു. അതോടൊപ്പം, ചൂടേറിയ അന്തരീക്ഷത്തിന് മുമ്പത്തേക്കാൾ കൂടുതൽ ജലബാഷ്പം ഉൾക്കൊള്ളാൻ കഴിയും. അതിനാൽ മേഘങ്ങൾ രൂപപ്പെടുകയും മഴ പെയ്യാൻ അനുകൂല സാഹചര്യം ഉണ്ടാകുകയും ചെയ്യുമ്പോൾ, ആ ജലം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴയായി ഭൂമിയിലേക്ക് പതിക്കുന്നു. അതുകൊണ്ടാണ് ഇന്ന് മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന നേരിയതോ മിതമായതോ ആയ മഴയ്ക്ക് പകരം, കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമായ മഴ ലഭിക്കുന്ന പ്രവണത വർധിക്കുന്നത്. അതായത്, മൺസൂൺ ദുർബലമാകുമ്പോഴും, ലഭിക്കുന്ന മഴ കൂടുതൽ ശക്തമായ ചാറ്റലുകളായി കേന്ദ്രീകരിക്കപ്പെടുകയാണ്. ഇതിന്റെ ഫലമായി മഴയുള്ള ദിവസങ്ങൾ കുറയുകയും, വരണ്ട ഇടവേളകൾ വർധിക്കുകയും, അതേസമയം അതിതീവ്ര മഴയും വെള്ളപ്പൊക്ക സാധ്യതയും കൂടുകയും ചെയ്യുന്നു. മഴയുടെ ഈ മാറിയ സ്വഭാവം ആഗോളതാപനത്തിന്റെ ഏറ്റവും വ്യക്തമായ പ്രത്യാഘാതങ്ങളിലൊന്നാണ്.

അതിതീവ്രമഴയും മിന്നൽപ്രളയവും മുൻകൂട്ടി കൃത്യമായി പ്രവചിക്കാൻ ഇന്ന് ശാസ്ത്രത്തിന് കഴിയുന്നുണ്ടോ? കാലാവസ്ഥാ പ്രവചന സാങ്കേതികവിദ്യ വളരെയേറെ മുന്നേറിയിട്ടുണ്ട്. പക്ഷേ, പ്രാദേശികതലത്തിൽ ഉണ്ടാകുന്ന അതിതീവ്ര മഴയും ഫ്ലാഷ് ഫ്ലഡും എത്രമാത്രം കൃത്യമായി മുൻകൂട്ടി അറിയിക്കാൻ നമുക്ക് കഴിയുന്നുണ്ട്?
ഇന്ന് കാലാവസ്ഥാ പ്രവചന മാതൃകകൾക്ക് (Weather Models) ശക്തമായ മഴ എപ്പോൾ, എവിടെ, എത്രത്തോളം ലഭിക്കുമെന്ന് പ്രയോജനപ്രദവും സമയോചിതമായ നടപടി സ്വീകരിക്കാൻ സഹായിക്കുന്നതുമായ വിവരങ്ങൾ പ്രവചിക്കാൻ കഴിയും. എന്നാൽ ശക്തമായ മഴ പ്രവചിക്കുന്നതും ഫ്ലാഷ് ഫ്ലഡ് പ്രവചിക്കുന്നതും രണ്ടും വ്യത്യസ്ത കാര്യങ്ങളാണ്. മഴ ഒരു തുടക്കം (Trigger) മാത്രമാണ്. ആ മഴ വെള്ളപ്പൊക്കമായി മാറുമോ ഇല്ലയോ എന്നത് ഭൂമിയുടെ സ്വഭാവത്തെയും ജലത്തിന്റെ ഒഴുക്കിനെയും ആശ്രയിച്ചിരിക്കുന്നു.
ഒരു പ്രദേശത്ത് ലഭിക്കുന്ന മഴയുടെ എത്ര ഭാഗം മണ്ണിലേക്ക് ഇറങ്ങിച്ചെല്ലും, എത്ര ഭാഗം ഉപരിതലത്തിലൂടെ ഒഴുകും എന്നത് മണ്ണിലെ ഈർപ്പം, മണ്ണിന്റെ സ്വഭാവം, ഭൂപ്രകൃതി, ചരിവ്, സസ്യാവരണം, ജലസംഭരണശേഷി, നീർച്ചാലുകളുടെയും നദികളുടെയും അവസ്ഥ, നീർത്തടത്തിന്റെ (Watershed) ഘടന തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരേ അളവിൽ മഴ ലഭിച്ചാലും രണ്ട് പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന്റെ തീവ്രത വ്യത്യസ്തമായിരിക്കാം.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മനുഷ്യരുടെ ഇടപെടലുകൾ ഈ അപകടസാധ്യത കൂടുതൽ വർധിപ്പിച്ചിട്ടുണ്ട്. തണ്ണീർത്തടങ്ങൾ നികത്തൽ, വെള്ളപ്പൊക്ക സമതലങ്ങൾ (Flood Plains) കൈയേറൽ, നദികളുടെ സ്വാഭാവിക വീതി കുറയൽ, പ്രകൃതിദത്ത നീർച്ചാലുകൾ അടയൽ, അനിയന്ത്രിത നഗരവൽക്കരണം, മഴവെള്ളം ഒഴുകിപ്പോകാൻ പര്യാപ്തമല്ലാത്ത ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ കാരണം മുമ്പ് വലിയ പ്രശ്നമുണ്ടാക്കാത്ത മഴ പോലും ഇന്ന് നഗരവെള്ളപ്പൊക്കത്തിനും ഫ്ലാഷ് ഫ്ലഡിനും കാരണമാകുന്നു.
മറ്റൊരു പ്രധാന വെല്ലുവിളി അതിതീവ്ര മഴയുടെ പ്രാദേശിക സ്വഭാവമാണ്. ഇടിമിന്നലോടുകൂടിയ മഴമേഘങ്ങൾ വളരെ ചെറിയ പ്രദേശത്ത് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്യിച്ചേക്കാം. കാലാവസ്ഥാ റഡാറുകൾ ഇത്തരം മഴമേഘങ്ങളെ കണ്ടെത്താൻ സഹായിക്കുന്നുണ്ടെങ്കിലും, പ്രത്യേകിച്ച് പശ്ചിമഘട്ടം പോലുള്ള സങ്കീർണ്ണ ഭൂപ്രദേശങ്ങളിൽ മഴയുടെ കൃത്യമായ വിതരണം കണക്കാക്കി അത് വെള്ളപ്പൊക്കമാകുമോ എന്ന് നിർണയിക്കുന്നത് ഇപ്പോഴും പ്രയാസകരമാണ്. അതിനാൽ മഴയുടെ പ്രവചനം മാത്രം ഫ്ലാഷ് ഫ്ലഡ് പ്രവചനത്തിന് മതിയാകില്ല. ഇതിനൊപ്പം നദികളിലെ ജലനിരപ്പ്, ഒഴുക്കിന്റെ അളവ് (Discharge), അണക്കെട്ടുകളിലെ ജലനിരപ്പ്, മണ്ണിലെ ഈർപ്പം, ഭൂഗർഭജലനിരപ്പ് എന്നിവ തത്സമയം നിരീക്ഷിക്കണം. ഈ വിവരങ്ങൾ ഓട്ടോമാറ്റിക് മഴമാപിനികൾ, നദികളിലെ ജലനിരപ്പ് സെൻസറുകൾ, കാലാവസ്ഥാ റഡാറുകൾ, ഉപഗ്രഹ നിരീക്ഷണങ്ങൾ എന്നിവയുമായി സംയോജിപ്പിച്ച് അത്യാധുനിക ഹൈഡ്രോളജിക്കൽ, ഹൈഡ്രോളിക് മാതൃകകളിൽ (Hydrological & Hydraulic Models) ഉൾപ്പെടുത്തണം. ഇതിനായി ഡ്രോണുകൾ, LiDAR, ഉപഗ്രഹങ്ങൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉയർന്ന റെസല്യൂഷനുള്ള ഡിജിറ്റൽ ഉയര ഭൂപടങ്ങൾ (High-resolution DEM) അത്യന്താപേക്ഷിതമാണ്. കൂടാതെ കൃത്രിമബുദ്ധി (AI), ഡാറ്റ അസിമിലേഷൻ, IoT അധിഷ്ഠിത ജലനിരപ്പ് സെൻസറുകൾ എന്നിവയുടെ സഹായത്തോടെ വെള്ളപ്പൊക്കം എവിടെയുണ്ടാകും, എത്ര ആഴമുണ്ടാകും, എത്ര വേഗത്തിൽ ഒഴുകും, എപ്പോൾ എത്തും എന്നതുവരെ കൂടുതൽ കൃത്യതയോടെ പ്രവചിക്കാൻ കഴിയും.

അതുകൊണ്ട് മഴയുടെ പ്രവചനത്തെ മാത്രം അടിസ്ഥാനമാക്കി ഒരു പ്രദേശത്ത് ഫ്ലാഷ് ഫ്ലഡ് ഉണ്ടാകാനുള്ള സാധ്യത (Probability) മാത്രമേ നമുക്ക് വിലയിരുത്താൻ കഴിയൂ. എന്നാൽ വെള്ളം എത്ര ഉയരും, ഏത് പ്രദേശങ്ങൾ മുങ്ങും, എത്ര വേഗത്തിൽ ഒഴുകും, എപ്പോൾ എത്തും എന്നത് കൃത്യമായി പ്രവചിക്കാൻ കാലാവസ്ഥാ പ്രവചനം, ഹൈഡ്രോളജിക്കൽ മോഡലുകൾ, നദികളിലെ തത്സമയ നിരീക്ഷണം, ഉയർന്ന റെസലൂഷനുള്ള ഭൂപ്രകൃതി വിവരങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ച ഒരു സമഗ്രമായ വെള്ളപ്പൊക്ക പ്രവചന സംവിധാനമാണ് ആവശ്യമായത്. അതായത്, കൃത്യമായ മഴ പ്രവചനം മാത്രം മതിയാകില്ല; മഴയെ ഭൂമിയും നദികളും എങ്ങനെ പ്രതികരിക്കുന്നു എന്നതും ഒരുപോലെ മനസ്സിലാക്കുമ്പോഴാണ് വിശ്വസനീയമായ ഫ്ലാഷ് ഫ്ലഡ് മുന്നറിയിപ്പ് സാധ്യമാകുന്നത്.
പ്രകൃതിദുരന്തങ്ങളെ മനുഷ്യനിർമിത ദുരന്തങ്ങളാക്കി മാറ്റുന്നതിൽ നമ്മുടെ വികസന മാതൃകയ്ക്ക് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? വനനശീകരണം, കുന്നിടിക്കൽ, ഖനനം, തണ്ണീർത്തട നികത്തൽ, അനിയന്ത്രിത നഗരവൽക്കരണം എന്നിവ അതിതീവ്ര മഴയുടെ ആഘാതം വർധിപ്പിക്കുന്നുണ്ടോ?
തീർച്ചയായും. കാലാവസ്ഥാ വ്യതിയാനം പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തിയും തീവ്രതയും വർധിപ്പിക്കുകയാണ്. മുമ്പ് അപകടസാധ്യത കുറവായിരുന്ന പ്രദേശങ്ങൾ പോലും ഇന്ന് അതിതീവ്ര മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ചൂടുതരംഗങ്ങൾ തുടങ്ങിയ കാലാവസ്ഥാ ദുരന്തങ്ങൾക്ക് വിധേയമാകുന്നു. അതോടൊപ്പം, മനുഷ്യരുടെ വികസന രീതികളും കൂടുതൽ ആളുകളെയും സ്വത്തുക്കളെയും അപകട മേഖലകളിലേക്ക് എത്തിക്കുകയാണ്. പ്രകൃതിദുരന്തങ്ങൾ സ്വാഭാവികമായ പ്രകൃതിപ്രതിഭാസങ്ങൾ കൊണ്ടു മാത്രം ഉണ്ടാകുന്നതല്ല. പ്രകൃതിദുരന്തം സംഭവിക്കുന്നത് ഒരു പ്രകൃതിദുരന്തസാധ്യത (Hazard) മനുഷ്യരുടെ ജീവിതത്തെയും സ്വത്തിനെയും ദുർബലമായ സാമൂഹിക സംവിധാനങ്ങളെയും ബാധിക്കുമ്പോഴാണ്. അതായത്, അപകടസാധ്യത (Hazard), അപകട മേഖലയിലുള്ള ജനങ്ങളും സ്വത്തുക്കളും (Exposure), സമൂഹത്തിന്റെ ദുർബലാവസ്ഥ (Vulnerability) എന്നിവ ഒരുമിച്ചുചേരുമ്പോഴാണ് ദുരന്തം രൂപപ്പെടുന്നത്.
ഇന്ന് അനിയന്ത്രിതമായ ഖനനവും ക്വാറി പ്രവർത്തനങ്ങളും, വനനശീകരണവും, തണ്ണീർത്തടങ്ങളുടെയും വെള്ളപ്പൊക്ക സമതലങ്ങളുടെയും (Flood Plains) കൈയേറ്റവും, നിയന്ത്രണമില്ലാത്ത നഗരവൽക്കരണവും, പ്രകൃതിദത്ത നീർച്ചാലുകളുടെ നാശവും പ്രകൃതിയുടെ സ്വാഭാവിക പ്രതിരോധശേഷി ഗണ്യമായി കുറച്ചിരിക്കുകയാണ്. മുമ്പ് മഴവെള്ളം സംഭരിക്കുകയും വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്തിരുന്ന തണ്ണീർത്തടങ്ങൾ ഇല്ലാതാകുന്നു. മലഞ്ചെരിവുകളുടെ സ്ഥിരത നഷ്ടപ്പെടുന്നു. നഗരങ്ങളിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള സ്വാഭാവിക സംവിധാനങ്ങൾ തകരുന്നു. അതിന്റെ ഫലമായി മുമ്പ് വലിയ പ്രശ്നങ്ങളുണ്ടാക്കാത്ത മഴ പോലും ഇന്ന് വലിയ വെള്ളപ്പൊക്കമായും ഉരുൾപൊട്ടലായും മാറുകയാണ്.
എന്നാൽ, ഈ ദുരന്തങ്ങളുടെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളാണ്. സുരക്ഷിതമായ വീടുകൾ നിർമ്മിക്കാനോ, അപകട മേഖലകളിൽ നിന്ന് മാറിത്താമസിക്കാനോ, ദുരന്തങ്ങളിൽ നിന്ന് വേഗത്തിൽ കരകയറാനോ അവർക്കുള്ള ശേഷി പരിമിതമാണ്. അതിനാൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ചൂടുതരംഗം തുടങ്ങിയ ദുരന്തങ്ങളുടെ ഏറ്റവും വലിയ വില നൽകേണ്ടിവരുന്നത് ഇവർക്കാണ്. പലപ്പോഴും ശാസ്ത്രീയമല്ലാത്ത വികസന പ്രവർത്തനങ്ങളുടെ ദോഷഫലങ്ങൾ അനുഭവിക്കുന്നത് അതിൽ നിന്ന് ഏറ്റവും കുറഞ്ഞ നേട്ടം മാത്രം ലഭിക്കുന്ന ജനവിഭാഗങ്ങളാണ്.

ചുരുക്കത്തിൽ പറഞ്ഞാൽ, കാലാവസ്ഥാ വ്യതിയാനം അപകടസാധ്യതകളെ (Hazards) കൂടുതൽ ശക്തമാക്കുമ്പോൾ, ശാസ്ത്രീയമല്ലാത്ത വികസനവും മനുഷ്യ ഇടപെടലുകളും ജനങ്ങളുടെ അപകടസാധ്യതയും ദുർബലതയും (Exposure & Vulnerability) വർധിപ്പിക്കുകയാണ്. ഈ രണ്ടും കൂടിച്ചേരുമ്പോഴാണ് പ്രകൃതിദത്ത അപകടങ്ങൾ വലിയ മനുഷ്യ ദുരന്തങ്ങളായി മാറുന്നത്. അതിനാൽ ദുരന്തനിവാരണത്തിന് മികച്ച കാലാവസ്ഥാ പ്രവചനങ്ങൾ മാത്രം മതിയാകില്ല. ശാസ്ത്രീയമായ ഭൂവിനിയോഗ ആസൂത്രണം, തണ്ണീർത്തടങ്ങളുടെയും വനങ്ങളുടെയും സംരക്ഷണം, ദുരന്തപ്രതിരോധ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം, പിന്നാക്ക വിഭാഗങ്ങളെ സംരക്ഷിക്കുന്ന വികസന നയങ്ങൾ എന്നിവയും ഒരുപോലെ അനിവാര്യമാണ്.
2018-ന് ശേഷമുള്ള അനുഭവങ്ങൾ കേരളത്തെ കൂടുതൽ സജ്ജമാക്കിയിട്ടുണ്ടോ? വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ആവർത്തിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ദുരന്തനിവാരണ സംവിധാനത്തിലും നഗരാസൂത്രണത്തിലും മതിയായ മാറ്റങ്ങൾ വന്നിട്ടുണ്ടോ?
2018-ലെ കേരള പ്രളയത്തിന് ശേഷം ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്, സംസ്ഥാനത്തെ പല നദീതടങ്ങളിലും സമൂഹം തന്നെ മുന്നിട്ടിറങ്ങി രൂപപ്പെടുത്തിയ മഴയും ജലനിരപ്പും നിരീക്ഷിക്കുന്ന സംവിധാനങ്ങളാണ്. പ്രാദേശിക ജനങ്ങളും സന്നദ്ധപ്രവർത്തകരും വിവിധ പൗരസമിതികളും സ്ഥാപിച്ച മഴമാപിനികളും ജലനിരപ്പ് നിരീക്ഷണ സംവിധാനങ്ങളും ശക്തമായ മഴയുള്ള സമയങ്ങളിൽ സമയബന്ധിതമായ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഔദ്യോഗിക സർക്കാർ സംവിധാനത്തിന്റെ ഭാഗമല്ലെങ്കിലും, ദുരന്തസന്നദ്ധതയിലും നേരത്തെയുള്ള മുന്നറിയിപ്പിലും സമൂഹപങ്കാളിത്തത്തിന്റെ പ്രാധാന്യം ഈ മാതൃകകൾ തെളിയിച്ചിട്ടുണ്ട്.
അതേസമയം, ഓഖി ചുഴലിക്കാറ്റ് (2017), 2018-ലെയും 2019-ലെയും പ്രളയങ്ങൾ, ആവർത്തിച്ചുള്ള ഉരുൾപൊട്ടലുകൾ, തീരശോഷണം, ചൂടുതരംഗങ്ങൾ തുടങ്ങി നിരവധി ദുരന്തങ്ങൾ കേരളം നേരിട്ടിട്ടും, പ്രാദേശിക തലത്തിലുള്ള ദുരന്തനിവാരണ സംവിധാനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടായതായി പറയാൻ ഇപ്പോഴും പ്രയാസമാണ്. കാലാവസ്ഥാ പ്രവചനത്തിലും ദുരന്തസമയത്തെ അടിയന്തര പ്രതികരണത്തിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ദുരന്തസാധ്യത കുറയ്ക്കൽ (Disaster Risk Reduction), ദുരന്തസന്നദ്ധത (Preparedness), അപകടസാധ്യതയെ അടിസ്ഥാനമാക്കിയുള്ള വികസന ആസൂത്രണം (Risk-informed Development) എന്നിവയിൽ അതേ തോതിലുള്ള മുന്നേറ്റം ഉണ്ടായിട്ടില്ല.
ഇന്നും പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രദേശികമായ അപകടസാധ്യതകളെ അടിസ്ഥാനമാക്കിയുള്ള ദുരന്തനിവാരണ പദ്ധതികളോ, കാലാനുസൃതമായി പുതുക്കുന്ന ഒഴിപ്പിക്കൽ (Evacuation) പദ്ധതികളോ, വ്യക്തമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകളോ (SOPs) ഇല്ല. നഗരാസൂത്രണത്തിലും വികസന പദ്ധതികളിലും വെള്ളപ്പൊക്ക സാധ്യത, പ്രകൃതിദത്ത നീർച്ചാലുകൾ, വെള്ളപ്പൊക്ക സമതലങ്ങൾ (Flood Plains), തണ്ണീർത്തടങ്ങൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ല. ഇതിന്റെ ഫലമായി, ശാസ്ത്രീയ അറിവും പ്രവചന ശേഷിയും വളരെയേറെ മെച്ചപ്പെട്ടിട്ടും അപകടസാധ്യത നേരിടുന്ന ജനങ്ങളും അടിസ്ഥാനസൗകര്യങ്ങളും തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്.

ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ വികേന്ദ്രീകരിക്കേണ്ട സമയമാണിത്. ജില്ലാ ഭരണകൂടങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രാദേശിക സമൂഹങ്ങൾക്കും സമയബന്ധിതമായ വിവരങ്ങളും സാങ്കേതിക പിന്തുണയും തീരുമാനമെടുക്കാനുള്ള അധികാരവും നൽകണം. ശാസ്ത്രീയ കാലാവസ്ഥാ പ്രവചനങ്ങളെ വെറും മഴ പ്രവചനങ്ങളായി പരിമിതപ്പെടുത്താതെ, ഓരോ പ്രദേശത്തിനും അനുയോജ്യമായ ആഘാതാധിഷ്ഠിത (Impact-Based) മുന്നറിയിപ്പുകളാക്കി മാറ്റണം. ഇതിനായി മഴ, നദികളിലെ ജലനിരപ്പ്, അണക്കെട്ടുകളിലെ ജലസംഭരണം, ദുരന്തസാധ്യതയുള്ള അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ തത്സമയ നിരീക്ഷണവും അതോടൊപ്പം സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക ഏജൻസികൾ എന്നിവയിലെ വൈദഗ്ധ്യവും ഔദ്യോഗിക ദുരന്തനിവാരണ സംവിധാനവുമായി ഫലപ്രദമായി സംയോജിപ്പിക്കേണ്ടതുണ്ട്.
ദുരന്തങ്ങളെ അതിജീവിക്കുന്ന കാര്യത്തിൽ കേരളം മികച്ച സാമൂഹിക പ്രതിരോധശേഷി (Resilience) തെളിയിച്ചിട്ടുണ്ട്. ഇനി വേണ്ടത് അതേ നിലവാരത്തിലുള്ള ഒരു ദുരന്തനിവാരണ സംവിധാനമാണ്. ദുരന്തമുണ്ടായ ശേഷം പ്രതികരിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ദുരന്തസാധ്യത മുൻകൂട്ടി കുറയ്ക്കുകയും, സമൂഹത്തിന്റെ ദുർബലതകൾ കുറയ്ക്കുകയും, വികസന ആസൂത്രണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദുരന്തപ്രതിരോധ ശേഷി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു സമഗ്ര സമീപനമാണ് കേരളത്തിന് ആവശ്യം. ഒടുവിൽ, ഒരു ദുരന്തം സംഭവിച്ച ശേഷം എത്ര മികച്ച രീതിയിൽ പ്രതികരിച്ചു എന്നതല്ല യഥാർത്ഥ അളവുകോൽ; അടുത്ത ദുരന്തം വരുന്നതിന് മുമ്പ് എത്രമാത്രം അപകടസാധ്യത കുറയ്ക്കാൻ കഴിഞ്ഞു എന്നതാണ്.
ഒരേ സമയത്ത് ഒരു പ്രദേശത്ത് അതിതീവ്ര മഴയും തൊട്ടടുത്ത പ്രദേശത്ത് സാധാരണ മഴയും ലഭിക്കുന്നത് എന്തുകൊണ്ടാണ്? ഇത്രയധികം പ്രാദേശിക വ്യത്യാസങ്ങളുള്ള മഴയ്ക്ക് പിന്നിലെ ശാസ്ത്രീയ കാരണം എന്താണ്?
മഴ കൂടുതൽ പ്രാദേശികമായി കേന്ദ്രീകരിക്കപ്പെടുന്നതിനുള്ള മറ്റൊരു പ്രധാന കാരണം മൺസൂണിലെ വിശാലമായ പരന്ന മഴമേഘങ്ങളുടെ (Nimbo Stratus Monsoon Rainbands) ദുർബലമാകലാണ്. വലിയ തോതിലുള്ള മൺസൂൺ വായു ചംക്രമണം ക്ഷയിക്കുമ്പോൾ, മഴയുടെ വിതരണം കൂടുതൽ നിയന്ത്രിക്കുന്നത് പ്രാദേശിക കാലാവസ്ഥാ പ്രക്രിയകളാണ്. കടൽക്കാറ്റും കരക്കാറ്റും സംഗമിക്കുന്ന മേഖലകൾ (Sea-breeze Convergence), പശ്ചിമഘട്ടത്തിന്റെ ഭൂപ്രകൃതി മൂലമുള്ള വായു ഉയർച്ച (Orographic Lifting), പ്രാദേശിക കാറ്റുകളുടെ സംഗമം (Localized Wind Convergence), അന്തരീക്ഷത്തിലെ അസ്ഥിരത (Atmospheric Instability) എന്നിവ ചെറിയ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. അങ്ങനെ മേഘ കൂട്ടങ്ങൾക്കിടയിൽ കുത്തനെ ഉയരുന്ന കൂമ്പാരമേഘങ്ങൾ (Cumulonimbus) രൂപപ്പെടുന്നു. അതിനാൽ മഴ ഒരു വലിയ പ്രദേശത്ത് ഒരുപോലെ ലഭിക്കുന്നതിന് പകരം, ചെറിയ പ്രദേശങ്ങളിൽ അതിതീവ്രമായി കേന്ദ്രീകരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള രണ്ട് സ്ഥലങ്ങളിൽ പോലും മഴയുടെ അളവിൽ വലിയ വ്യത്യാസം കാണപ്പെടുന്നു.
അതുകൊണ്ടാണ് ഇന്നത്തെ മൺസൂണിന്റെ പ്രധാന സവിശേഷതകൾ മഴയുള്ള ദിവസങ്ങളുടെ കുറവ്, നീണ്ട വരണ്ട ഇടവേളകൾ, കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമായി പെയ്യുന്ന മഴ എന്നിവയായി മാറിയിരിക്കുന്നത്. കാലവർഷത്തിലെ ആകെ മഴയിൽ വലിയ മാറ്റമില്ലെങ്കിലും, അല്ലെങ്കിൽ ചെറിയ തോതിൽ കുറവുണ്ടായാലും, ലഭിക്കുന്ന മഴ കൂടുതൽ പ്രാദേശികവും അതിശക്തവുമായ ചാറ്റലുകളായി മാറുകയാണ്. ഇതിന്റെ ഫലമായി പെട്ടെന്നുള്ള വെള്ളപ്പൊക്കം (Flash Flood), നഗരവെള്ളപ്പൊക്കം (Urban Flooding), ഉരുൾപൊട്ടൽ എന്നിവയുടെ സാധ്യത ഗണ്യമായി വർധിക്കുന്നു.
ലളിതമായി പറഞ്ഞാൽ, ആഗോളതാപനം അന്തരീക്ഷത്തിൽ കൂടുതൽ ജലബാഷ്പം സംഭരിക്കാൻ കാരണമാകുമ്പോൾ, മാറിക്കൊണ്ടിരിക്കുന്ന മൺസൂൺ ആ ജലബാഷ്പം കുറച്ച് സമയത്തിനുള്ളിൽ, ചെറിയ പ്രദേശങ്ങളിൽ, അതിതീവ്രമായ മഴയായി പുറത്തുവിടുകയാണ്. അതിനാലാണ് ഇന്ന് മഴ കുറച്ച് ദിവസങ്ങളിലായി കൂടുതൽ ശക്തിയോടെ പെയ്യുകയും, മഴയുടെ വിതരണം കൂടുതൽ പ്രാദേശികമാവുകയും ചെയ്യുന്നത്.

റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ വരുമ്പോൾ പലരും ആശയക്കുഴപ്പത്തിലാകുകയോ അവഗണിക്കുകയോ ചെയ്യുന്നു. ഈ മുന്നറിയിപ്പുകൾ സാധാരണക്കാർ എങ്ങനെ ശരിയായി മനസ്സിലാക്കണം? കൂടാതെ, അവരെ എങ്ങനെ അതിൽ ജാഗ്രതപ്പെടുത്താം?
അതെ. നിലവിൽ ഉപയോഗിക്കുന്ന പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിലുള്ള മുന്നറിയിപ്പ് (Colour Alert) സംവിധാനം പൊതുജനങ്ങളിൽ ജാഗ്രത വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ഈ മുന്നറിയിപ്പുകൾ ജില്ലയെ മുഴുവൻ ഒരു യൂണിറ്റായി കണക്കാക്കിയാണ് നൽകുന്നത്. യാഥാർത്ഥ്യത്തിൽ ഒരേ ജില്ലയ്ക്കുള്ളിൽ തന്നെ മഴയുടെ തീവ്രതയിലും ദുരന്തസാധ്യതയിലും വലിയ വ്യത്യാസങ്ങളുണ്ട്. അതിനാൽ ഒരേ ജില്ലയിൽ ഒരിടത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുമ്പോൾ മറ്റൊരിടത്ത് സാധാരണ മഴ മാത്രമായിരിക്കും. ഇതുകൊണ്ട് നിറം അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പുകൾ പലപ്പോഴും പൊതുജനങ്ങൾക്ക് അവരുടെ യഥാർത്ഥ അപകടസാധ്യത മനസ്സിലാക്കാൻ സഹായിക്കുന്നില്ല.
അടുത്ത ഘട്ടത്തിൽ ജില്ലാതല മുന്നറിയിപ്പുകളിൽ നിന്ന് പ്രാദേശിക തലത്തിലേക്കും (Local Level), ആഘാതാധിഷ്ഠിതമായ (Impact-Based), സമൂഹകേന്ദ്രീകൃതമായ (Community-Specific) മുന്നറിയിപ്പ് സംവിധാനങ്ങളിലേക്കുമാണ് നാം മാറേണ്ടത്. മഴ എത്ര മില്ലിമീറ്റർ ലഭിക്കും എന്നത് മാത്രം പറയുന്നതിന് പകരം, ആ മഴയുടെ ഫലമായി എവിടെയാണ് വെള്ളപ്പൊക്ക സാധ്യത, എവിടെയാണ് ഉരുൾപൊട്ടൽ സാധ്യത, ഏത് റോഡുകളാണ് വെള്ളത്തിനടിയിലാകാൻ സാധ്യത, ഏത് പ്രദേശങ്ങളിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം, ആരൊക്കെ ഒഴിഞ്ഞുമാറണം, മത്സ്യത്തൊഴിലാളികൾ കടലിൽ പോകണോ വേണ്ടയോ, കർഷകർ എന്ത് മുൻകരുതൽ സ്വീകരിക്കണം എന്നിങ്ങനെ വ്യക്തമായ നിർദേശങ്ങൾ നൽകുന്ന മുന്നറിയിപ്പുകളാണ് ആവശ്യം. അപ്പോഴാണ് മുന്നറിയിപ്പുകൾ യഥാർത്ഥത്തിൽ ഉപകാരപ്രദവും നടപടിയെടുക്കാൻ സഹായിക്കുന്നതുമായ വിവരങ്ങളായി മാറുന്നത്.
ഒരു മുന്നറിയിപ്പിന്റെ വിജയം അത് ഏത് നിറത്തിലാണ് നൽകിയിരിക്കുന്നത് എന്നതിലല്ല; അത് ജനങ്ങൾ ശരിയായി മനസ്സിലാക്കുന്നുണ്ടോ, അതിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിനാൽ ഭീഷണിയെ മാത്രം (Hazard) അറിയിക്കുന്ന മുന്നറിയിപ്പുകളിൽ നിന്ന്, അതിന്റെ യഥാർത്ഥ ആഘാതം (Impact) വ്യക്തമാക്കുന്ന മുന്നറിയിപ്പുകളിലേക്കാണ് നാം മാറേണ്ടത്.
കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ (LSGs) കേന്ദ്രീകരിച്ചുള്ള ജനകീയ ബഹുദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ (People-Centric Multi-Hazard Early Warning Systems) ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കാലാവസ്ഥാ പ്രവചനങ്ങളോടൊപ്പം മഴ, നദികളിലെ ജലനിരപ്പ്, അണക്കെട്ടുകളിലെ ജലസംഭരണം, ഉരുൾപൊട്ടൽ സാധ്യത, തീരപ്രദേശങ്ങളിലെ തിരമാലയും കടലാക്രമണ സാധ്യതയും, പ്രദേശത്തിന്റെ ദുർബലതയും (Vulnerability) ഉൾപ്പെടുത്തി അപകടസാധ്യത വിലയിരുത്തണം. ഈ വിവരങ്ങൾ ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, വാർഡ് തല സംവിധാനങ്ങൾ, സന്നദ്ധപ്രവർത്തകർ, മത്സ്യത്തൊഴിലാളി സംഘടനകൾ, കർഷകസംഘങ്ങൾ, സ്കൂളുകൾ, സോഷ്യൽ മീഡിയ, മൊബൈൽ അലർട്ട് സംവിധാനങ്ങൾ എന്നിവയിലൂടെ ലളിതവും വ്യക്തവുമായ ഭാഷയിൽ ജനങ്ങളിലെത്തിക്കണം.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സമൂഹപങ്കാളിത്തമാണ്. ജനങ്ങളെ ബോധവൽക്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത് അനിവാര്യമാണെങ്കിലും, ദുരന്തസാധ്യത നേരിടുന്ന സമൂഹങ്ങൾ മുന്നറിയിപ്പ് സംവിധാനത്തിന്റെ അവിഭാജ്യഘടകമാകണം. പ്രാദേശിക ജനങ്ങൾക്കാണ് സ്വന്തം പ്രദേശത്തിന്റെ ഭൂപ്രകൃതി, നീർച്ചാലുകൾ, വെള്ളപ്പൊക്ക ചരിത്രം, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകൾ എന്നിവയെക്കുറിച്ച് ഏറ്റവും നല്ല അറിവുള്ളത്. അതിനാൽ അവർ മുന്നറിയിപ്പ് സംവിധാനത്തിന്റെ 'ആദ്യഘട്ടവും (First Mile)' 'അവസാനഘട്ടവും (Last Mile)' ആയിരിക്കണം. ശാസ്ത്രീയ പ്രവചനങ്ങളും പ്രാദേശിക അറിവും ഫലപ്രദമായ ആശയവിനിമയവും സമൂഹപങ്കാളിത്തവും ഒരുമിക്കുമ്പോഴാണ് മുന്നറിയിപ്പുകൾ യഥാർത്ഥത്തിൽ ജീവൻ രക്ഷിക്കുന്നതും ദുരന്തനാശനഷ്ടങ്ങൾ കുറയ്ക്കുന്നതുമായ സംവിധാനങ്ങളായി മാറുന്നത്.
ഇന്ത്യൻ മൺസൂണിന്റെ സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കുകയാണോ?ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ മൺസൂൺ ഒരു പുതിയ ഘട്ടത്തിലേക്കാണോ കടക്കുന്നത്? വരും വർഷങ്ങളിൽ മഴയുടെ സ്വഭാവത്തിൽ എന്തെല്ലാം മാറ്റങ്ങൾ പ്രതീക്ഷിക്കാം? അസം, മഹാരാഷ്ട്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ മിന്നൽ പ്രളയത്തെ എങ്ങനെയാണ് കാണുന്നത്?
ഞാൻ നേരത്തെ പറഞ്ഞതുപോലെ, കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഇന്ത്യൻ മൺസൂണിന്റെ അടിസ്ഥാന സ്വഭാവത്തെ തന്നെ മാറ്റിക്കൊണ്ടിരിക്കുകയാണ്. വിശാലതലത്തിലുള്ള മൺസൂൺ വായു ചംക്രമണം (Monsoon Circulation) ദുർബലമാകുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. ഇതിന്റെ ഫലമായി മഴയില്ലാത്ത ഇടവേളകൾ (Break Spells) ദൈർഘ്യമേറുകയും, പല പ്രദേശങ്ങളിലും കാലവർഷത്തിലെ ആകെ മഴയിൽ കുറവിന്റെ പ്രവണത കാണപ്പെടുകയും ചെയ്യുന്നു. എന്നാൽ അതുകൊണ്ട് അതിതീവ്ര മഴയുടെ സാധ്യത കുറയുമെന്ന് അർഥമില്ല.
ആഗോളതാപനത്തെ തുടർന്ന് സമുദ്രങ്ങളും അന്തരീക്ഷവും കൂടുതൽ ചൂടാകുകയാണ്. ചൂടേറിയ സമുദ്രങ്ങളിൽ നിന്ന് കൂടുതൽ ജലബാഷ്പം അന്തരീക്ഷത്തിലേക്ക് ഉയരുന്നു. അതേസമയം, ചൂടേറിയ അന്തരീക്ഷത്തിന് മുമ്പത്തേക്കാൾ കൂടുതൽ ജലബാഷ്പം സംഭരിക്കാൻ കഴിയും. അതിനാൽ മഴ പെയ്യാൻ അനുകൂല സാഹചര്യം ഉണ്ടാകുമ്പോൾ, ഈ ജലബാഷ്പം കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ സംവഹന (Convective) മഴമേഘങ്ങളിലൂടെ പുറത്തുവിടപ്പെടുന്നു. ഇതിന്റെ ഫലമായി മഴ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്നതിന് പകരം, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമായി പെയ്യുന്ന പ്രവണത വർധിക്കുകയാണ്. മഴയുടെ ഈ മാറിയ സ്വഭാവം ഓരോ മൺസൂൺ കാലത്തും പെട്ടെന്നുള്ള വെള്ളപ്പൊക്കം (Flash Flood), നഗരവെള്ളപ്പൊക്കം (Urban Flooding), ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു, പ്രത്യേകിച്ച് ഭൗമശാസ്ത്രപരമായും സാമൂഹികമായും കൂടുതൽ ദുർബലമായ പ്രദേശങ്ങളിൽ.
അതുപോലെ തന്നെ, എൽ നിനോ സാധാരണയായി അഖിലേന്ത്യാ തലത്തിൽ മൺസൂൺ മഴ കുറയ്ക്കുന്ന ഘടകമാണ്. കാരണം അത് വലിയ തോതിലുള്ള മൺസൂൺ വായു ചംക്രമണത്തെ ദുർബലമാക്കുന്നു. എന്നാൽ അതുകൊണ്ട് അതിതീവ്ര മഴയുടെ ഭീഷണി ഇല്ലാതാകുന്നില്ല. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ, ചെറിയ പ്രദേശങ്ങളിൽ രൂപപ്പെടുന്ന സംവഹന മഴമേഘങ്ങൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്യിക്കാൻ കഴിയും. അതിനാൽ കാലവർഷത്തിലെ ആകെ മഴ കുറവായാലും, പ്രാദേശികമായി അതിതീവ്ര മഴയും ഗുരുതരമായ വെള്ളപ്പൊക്കവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ, മൺസൂൺ ദുർബലമാകുന്നു എന്നതുകൊണ്ട് ദുരന്തങ്ങൾ കുറയുമെന്ന് കരുതാനാവില്ല. ഇന്ന് നാം കാണുന്ന പുതിയ യാഥാർഥ്യം മഴയുള്ള ദിവസങ്ങൾ കുറയുന്ന, വരണ്ട ഇടവേളകൾ നീളുന്ന, എന്നാൽ ലഭിക്കുന്ന മഴ കൂടുതൽ തീവ്രവും പ്രാദേശികവുമായ ഒരു മൺസൂണാണ്. അതിനാൽ മികച്ച കാലാവസ്ഥാ പ്രവചനങ്ങൾ മാത്രമല്ല, ആഘാതാധിഷ്ഠിത (Impact-Based) മുന്നറിയിപ്പുകളും ശാസ്ത്രീയമായ ദുരന്ത പ്രതികരണവും ഇന്നത്തെ സാഹചര്യത്തിൽ അതീവ നിർണായകമാണ്.

കേരളം ഇനി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഏതൊക്കെയാണ്? കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ, പൊതുസമൂഹം എന്നിവ മുൻഗണന നൽകേണ്ട ഏറ്റവും പ്രധാനപ്പെട്ട നടപടികൾ എന്തൊക്കെയാണ്?
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കേരളത്തിൽ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ആവൃത്തിയും തീവ്രതയും വർധിപ്പിക്കുകയാണ്. പ്രത്യേകിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കുന്ന അതിശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം (Flash Flood), ഉരുൾപൊട്ടൽ, നഗരവെള്ളപ്പൊക്കം എന്നിവ കൂടുതൽ സാധാരണമാകുന്നു. ചൂടേറിയ അന്തരീക്ഷം, മാറിക്കൊണ്ടിരിക്കുന്ന മൺസൂൺ സ്വഭാവം, വനനശീകരണം, ഖനനം-ക്വാറി പ്രവർത്തനങ്ങൾ, തണ്ണീർത്തടങ്ങളുടെ കൈയേറ്റം, നിയന്ത്രണമില്ലാത്ത നഗരവൽക്കരണം തുടങ്ങിയ ശാസ്ത്രീയമല്ലാത്ത മനുഷ്യ ഇടപെടലുകൾ ചേർന്ന്, പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലയിലും നദീതടങ്ങളിലും ദുരന്തസാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ആഘാതം ആദിവാസികൾ ഉൾപ്പെടെയുള്ള സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളാണ് അനുഭവിക്കുന്നത്. അതിനാൽ കാലാവസ്ഥാ ശാസ്ത്രത്തോടൊപ്പം തദ്ദേശീയ അറിവുകളും (Indigenous Knowledge) പരിസ്ഥിതി അധിഷ്ഠിത (Ecosystem-based) സമീപനങ്ങളും സംയോജിപ്പിച്ചുള്ള ദുരന്തനിവാരണവും കാലാവസ്ഥാ അനുയോജനവും അനിവാര്യമാണ്.
ലോകമെമ്പാടും മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചന സംവിധാനങ്ങളും മുൻകൂട്ടിയുള്ള മുന്നറിയിപ്പുകളും ദുരന്തങ്ങളിലെ മരണനിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ടെങ്കിലും, സാമ്പത്തിക നഷ്ടങ്ങൾ തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ കേരളത്തിൽ കേന്ദ്രീകൃതവും അപകടസാധ്യത (Hazard) കേന്ദ്രീകരിച്ചതുമായ ദുരന്തനിവാരണ സമീപനത്തിൽ നിന്ന് വികേന്ദ്രീകൃതവും ജനകീയവും ആഘാതാധിഷ്ഠിതവുമായ (Impact-Based) ബഹുദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളിലേക്കുള്ള (Multi-Hazard Early Warning Systems) മാറ്റം അനിവാര്യമാണ്. ഇതിനായി തത്സമയ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും, കാലാവസ്ഥാ, ജലശാസ്ത്ര, സമൂഹാധിഷ്ഠിത നിരീക്ഷണ വിവരങ്ങൾ സംയോജിപ്പിക്കുകയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും, കാലാവസ്ഥാ പ്രവചനങ്ങളെ പ്രാദേശികവും നടപടിയെടുക്കാൻ സഹായിക്കുന്നതുമായ മുന്നറിയിപ്പുകളാക്കി മാറ്റുകയും വേണം. പങ്കാളിത്ത ഭരണരീതി, പരിസ്ഥിതി സംരക്ഷണം, അപകടസാധ്യതയെ അടിസ്ഥാനമാക്കിയുള്ള ഭൂവിനിയോഗ ആസൂത്രണം, മണിക്കൂറുകൾ മുതൽ പതിറ്റാണ്ടുകൾ വരെയുള്ള കാലാവസ്ഥാ-കാലാവസ്ഥാവ്യതിയാന നിരീക്ഷണങ്ങളുടെ സമന്വയം എന്നിവയിലൂടെയാണ് ഭാവിയിലെ ദുരന്തനാശനഷ്ടങ്ങൾ കുറച്ച്, കൂടുതൽ പ്രതിരോധശേഷിയുള്ള കേരളം സൃഷ്ടിക്കാനാകുക.

ഈ പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും ആശങ്കകൾ മാത്രമാണ് ഉയർത്തുന്നത്. എന്നാൽ കാലാവസ്ഥാ വിദഗ്ധനെന്ന നിലയിൽ പ്രതീക്ഷ നൽകുന്ന പുതിയ കണ്ടെത്തലുകളോ നയപരമായ മാറ്റങ്ങളോ എന്തൊക്കെയാണ്?
കാലാവസ്ഥാ പ്രവചനത്തിലും കാലാവസ്ഥാ ശാസ്ത്രത്തിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ഈ ശാസ്ത്രീയ നേട്ടങ്ങളെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഫലപ്രദമായ പ്രാദേശിക കാലാവസ്ഥാ അനുയോജന (Community-level Adaptation) പ്രവർത്തനങ്ങളാക്കി മാറ്റുന്നതിൽ ഇപ്പോഴും വലിയ പോരായ്മകളുണ്ട്. മറുവശത്ത്, കേരളത്തിൽ പ്രതീക്ഷ നൽകുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് സമൂഹം നയിക്കുന്ന കാലാവസ്ഥാ അനുയോജന മാതൃകകളുടെ വളർച്ചയാണ്. മീനച്ചിൽ, ചാലക്കുടി, ചാലിയാർ തുടങ്ങിയ നദീതടങ്ങളിലും വയനാട്ടിലെ ഹ്യൂം സെന്ററിന്റെ നേതൃത്വത്തിൽ കർഷക സമൂഹങ്ങൾ നടപ്പാക്കുന്ന പ്രവർത്തനങ്ങളിലൂടെയും, പ്രാദേശിക ജനങ്ങൾ മഴ, താപനില, ജലനിരപ്പ് തുടങ്ങിയ കാലാവസ്ഥാ വിവരങ്ങൾ സ്വയം ശേഖരിക്കുകയും, അവയെ തദ്ദേശീയ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഉപദേശങ്ങളാക്കി മാറ്റി കർഷകരെയും ദുരന്തസാധ്യതയുള്ള ജനവിഭാഗങ്ങളെയും സഹായിക്കുകയും ചെയ്യുന്നു. ശാസ്ത്രീയ അറിവും പ്രാദേശിക അനുഭവജ്ഞാനവും സമൂഹപങ്കാളിത്തവും ഒരുമിക്കുമ്പോഴാണ് കാലാവസ്ഥാ അനുയോജന പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമാകുന്നതെന്ന് ഈ മാതൃകകൾ തെളിയിക്കുന്നു.
ആഗോളതലത്തിൽ കാലാവസ്ഥാ അനുയോജനം ഇന്ന് പ്രധാന മുൻഗണനയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൂടുതലായി നേരിടുന്ന താഴ്ന്ന വരുമാന രാജ്യങ്ങൾക്ക് മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും പ്രതിരോധശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങളും ലഭ്യമാക്കുന്നതിനായി ‘ലോസ് ആൻഡ് ഡാമേജ് ഫണ്ട്’ (Loss and Damage Fund) പോലുള്ള സംരംഭങ്ങൾ നടപ്പിലാക്കപ്പെടുന്നു. അതോടൊപ്പം, കൃത്രിമബുദ്ധി (AI), മെഷീൻ ലേണിംഗ് (ML), അത്യാധുനിക സെൻസറുകൾ, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ഡ്രോണുകൾ, റോബോട്ടിക്സ്, റിമോട്ട് സെൻസിംഗ്, ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (GIS), ഡിജിറ്റൽ തീരുമാനസഹായ സംവിധാനങ്ങൾ എന്നിവ കാലാവസ്ഥാ-സൗഹൃദ കൃഷി (Climate-Smart Agriculture), ദുരന്തനിരീക്ഷണം, മുൻകൂട്ടിയുള്ള മുന്നറിയിപ്പ് എന്നിവ ശക്തിപ്പെടുത്തുന്നതിനായി വ്യാപകമായി ഉപയോഗിച്ചുവരുന്നു. എന്നിരുന്നാലും, സാങ്കേതികവിദ്യ മാത്രം വർധിച്ചുവരുന്ന കാലാവസ്ഥാ അനുയോജന വിടവ് (Adaptation Gap) നികത്താൻ പര്യാപ്തമല്ല. ഇന്നും നിരവധി സമൂഹങ്ങൾക്ക് ആവശ്യമായ സാമ്പത്തിക വിഭവങ്ങളും സ്ഥാപനപരമായ പിന്തുണയും ഗുണമേന്മയുള്ള കാലാവസ്ഥാ സേവനങ്ങളിലേക്കുള്ള ലഭ്യതയും പരിമിതമാണ്.

അതുകൊണ്ട് ദീർഘകാല കാലാവസ്ഥാ പ്രതിരോധശേഷി (Climate Resilience) കൈവരിക്കാൻ സാങ്കേതിക നവീകരണങ്ങളെ മാത്രം ആശ്രയിക്കുന്ന സമീപനം മതിയാകില്ല. അതോടൊപ്പം പരിസ്ഥിതി അധിഷ്ഠിത അനുയോജന (Ecosystem-based Adaptation) മാർഗങ്ങൾ, സമൂഹപങ്കാളിത്തം, വികേന്ദ്രീകൃത ഭരണസംവിധാനം, ഉൾക്കൊള്ളുന്ന വികസനം എന്നിവയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. വനങ്ങൾ, തണ്ണീർത്തടങ്ങൾ, നദികൾ, വെള്ളപ്പൊക്ക സമതലങ്ങൾ എന്നിവ സംരക്ഷിക്കുകയും, നശിച്ച ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കുകയും, ശാസ്ത്രീയ ഭൂവിനിയോഗ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കാലാവസ്ഥാ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും ദീർഘകാലം നിലനിൽക്കുന്നതുമായ പരിഹാരങ്ങളിലൊന്നാണ്. അതോടൊപ്പം, കാലാവസ്ഥാ അനുയോജന നയങ്ങൾ സമത്വവും (Equity) കാലാവസ്ഥാ നീതിയും (Climate Justice) അടിസ്ഥാനമാക്കിയുള്ളവയായിരിക്കണം. കാരണം, കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കുറവ് ഉത്തരവാദികളായ സമൂഹങ്ങളാണ് അതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത്. അതിനാൽ വിവരങ്ങൾ, സാങ്കേതികവിദ്യ, ധനസഹായം, തീരുമാനമെടുക്കൽ പ്രക്രിയകൾ എന്നിവയിൽ ദുരന്തസാധ്യതയുള്ള സമൂഹങ്ങൾക്ക് തുല്യ പങ്കാളിത്തവും അവസരവും ഉറപ്പാക്കേണ്ടത് പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ വികസനത്തിനു അനിവാര്യമാണ്.
