കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്ടർ: അക്ഷയപാത്രമോ, മണൽക്കൊട്ടാരമോ?

കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പ്രവർത്തനക്ഷമമായതിന് പിന്നാലെ ഉയ‍ർന്ന അവകാശവാദങ്ങൾ ആഗോളതലത്തിൽ ആണവോർജ്ജ സാങ്കേതികവിദ്യകളുടെ ഗതിവിഗതികളുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യേണ്ടതുണ്ടെന്ന് വാദിക്കുന്നു കെ. സഹദേവൻ. സുരക്ഷാപ്രശ്‌നങ്ങൾ, സാമ്പത്തിക ചെലവുകൾ, വികിരണ മാലിന്യങ്ങളുടെ സംസ്‌കരണം, ആണവായുധ വ്യാപനം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ഈ ആണവ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുകയാണ്.

ക്കഴിഞ്ഞ ഏപ്രിൽ 6-ന് തമിഴ്നാട്ടിലെ കൽപ്പാക്കം ആണവോർജ്ജ കേന്ദ്രത്തിൽ രാജ്യത്തെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) പ്രവർത്തനനിരതമായി. ഏതാണ്ട് കാൽനൂറ്റാണ്ടിലധികം വരുന്ന നിരന്തരപ്രവർത്തന ഫലമായാണ്, ആണവോർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'ഭാവിനി' (BHAVINI) ഈ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. യുറേനിയം-പ്ലൂട്ടോണിയം മിക്‌സഡ് ഓക്‌സൈഡ് (MOX) ഇന്ധനമായി ഉപയോഗപ്പെടുത്തുന്ന ഈ റിയാക്ടർ മാതൃകയുടെ പ്രത്യേകതയെന്നത്, അവശിഷ്ട ഇന്ധനമായ യുറേനിയത്തെ (U238) വിഘടന സ്വഭാവമുള്ള പ്ലൂട്ടോണിയം (Pu239) മൂലകമായി പരിവർത്തിപ്പിക്കാൻ സഹായിക്കുന്നു എന്നതാണ്. ഇതോടുകൂടി, രാജ്യത്തെ ഇന്ധനക്ഷാമത്തിന് അറുതിയായെന്നും, ബ്രീഡർ റിയാക്ടറുകൾ അക്ഷയപാത്രമാണെന്നും ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റമിക് റിസർച്ചിലെ ഉന്നത ഉദ്യോഗസ്ഥൻ അവകാശപ്പെടുകയുണ്ടായി.

ഇന്ത്യയുടെ ആണവ സാങ്കേതികവിദ്യയുടെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബഹുമാന്യനായ ഡോ. ഹോമി ജെ ഭാഭ സ്വപ്‌നം കണ്ട മൂന്ന് ഘട്ട ആണവ പദ്ധതികളുടെ രണ്ടാം ഘട്ടമാണ് കൽപ്പാക്കത്ത് പ്രവർത്തനപഥത്തിലെത്തിയിരിക്കുന്ന 500 മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ. തീർച്ചയായും ഈയൊരു പദ്ധതി വിജയകരമായി പ്രവർത്തിപഥത്തിലെത്തുന്നതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രസംഘം അഭിനന്ദനം അർഹിക്കുന്നുണ്ട്.

ഇന്ത്യയുടെ ആദ്യത്തെ വാണിജ്യതലത്തിലുള്ള ബ്രീഡർ റിയാക്ടർ 'ക്രിട്ടിക്കലാ'യതോടെ (ഒരു റിയാക്ടറിനുള്ളിൽ ആണവ ശൃംഖലാ പ്രവർത്തനം സ്ഥിരത കൈവരിക്കുന്നു എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്) രാജ്യത്തിന്റെ ആണവോർജ്ജ മേഖല ഇന്ത്യയുടെ ഊർജ്ജ രംഗത്ത് നൽകാവുന്ന സംഭാവനകളെക്കുറിച്ച് വളരെ വലിയ അവകാശവാദങ്ങൾ കൂടി ഉയർത്താൻ ആരംഭിച്ചിരിക്കുന്നു. അടുത്ത 6 മുതൽ 7 വരെ നൂറ്റാണ്ട് കാലത്തേക്കുള്ള ഇന്ത്യയുടെ ഊർജ്ജാവശ്യങ്ങൾ പുതിയ സാങ്കേതികവിദ്യയുടെ വികാസത്തിലൂടെ സാധ്യമാകുമെന്നതാണ് അവകാശവാദങ്ങളിൽ പ്രധാനം. ഈ അവകാശവാദങ്ങളെ ആഗോളതലത്തിൽ ആണവോർജ്ജ സാങ്കേതികവിദ്യകളുടെ ഗതിവിഗതികളുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യേണ്ടത് പ്രധാനമാണെന്ന് കരുതുന്നു. പ്രത്യേകിച്ചും സുരക്ഷാപ്രശ്നങ്ങൾ, സാമ്പത്തിക ചെലവുകൾ, വികിരണ മാലിന്യങ്ങളുടെ സംസ്കരണം, ആണവായുധ വ്യാപനം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഈ ആണവ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു എന്നുള്ളതുകൊണ്ടുതന്നെ.

കൽപ്പാക്കത്ത് പ്രവർത്തനപഥത്തിലെത്തിയിരിക്കുന്ന 500 മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ.
കൽപ്പാക്കത്ത് പ്രവർത്തനപഥത്തിലെത്തിയിരിക്കുന്ന 500 മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ.

2047 ആകുമ്പോഴേക്കും ആണവ സാങ്കേതിക വിദ്യയിലൂടെ 100 ഗിഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കുമെന്നുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രസ്താവനയും അതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആണവോർജ്ജ നയത്തിൽ മാറ്റം വരുത്തിയതും, 20000 കോടി രൂപ ആണവ പദ്ധതികളുടെ ഗവേഷണത്തിനും വികസനത്തിനും ആയി ബജറ്റിൽ വകയിരുത്തിയതും, സ്വകാര്യ കമ്പനികൾക്ക് ആണവോർജ്ജ ഉത്പാദന മേഖലയിലേക്ക് കടക്കാനുള്ള അനുവാദം നൽകിയതും, ചെറുകിട മോഡുലാർ റിയാക്ടറുകൾക്ക് ഇന്ത്യൻ ആണവോർജ്ജ മേഖലയിൽ സവിശേഷ സ്ഥാനം നൽകുന്നതും അടക്കമുള്ള നയപരവും പ്രയോഗപരവുമായ സമൂല മാറ്റങ്ങളാണ് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ രാജ്യത്ത് നടന്നിട്ടുള്ളത്.

കൽപ്പാക്കത്തെ 500 മെഗാവാട്ട് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പ്രവർത്തിപഥത്തിലെത്തിച്ചതിന് ഇന്ത്യൻ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുമ്പോഴും അത് സംബന്ധിച്ച അവകാശവാദങ്ങൾ എത്രമാത്രം അതിശയോക്തി കലർന്നതും വാസ്തവ വിരുദ്ധങ്ങളും ആണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ബ്രീഡർ റിയാക്ടറുകളുടെ പ്രവർത്തന ചരിത്രത്തെയും അവ സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങളെയും സാമ്പത്തിക ചെലവുകളെയും സംബന്ധിച്ച് കൂടുതലായി അറിയേണ്ടതും പ്രധാനമാണ്.

ഇന്ത്യൻ ആണവോർജ്ജ വകുപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ തങ്ങളുടെ മൂന്ന് ഘട്ട ആണവോർജ്ജ പദ്ധതികളുടെ സുപ്രധാന ഭാഗമായി നിലനിർത്തിയിട്ടുണ്ടെങ്കിലും, ലോകമെമ്പാടുമുള്ള ബ്രീഡർ റിയാക്ടറുകളുടെ ചരിത്രം അത്ര ശുഭകരമല്ല എന്നതാണ് യാഥാർത്ഥ്യം. ഈ റിയാക്ടർ മാതൃകയിൽ അന്തർലീനമായ സാങ്കേതിക സവിശേഷതകൾ അവ കുറഞ്ഞ കാര്യക്ഷമതയിൽ പ്രവർത്തിക്കുന്നതിന് കാരണമാകുമെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. എല്ലാ ആണവ റിയാക്ടർ സാങ്കേതികവിദ്യകളും ഇതര ഊർജ്ജോത്പാദന സംവിധാനങ്ങളെ അപേക്ഷിച്ച് ഗൗരവതരങ്ങളായ സുരക്ഷാ പ്രശ്‌നങ്ങൾ നേരിടുന്നവയാണെങ്കിൽക്കൂടിയും ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ കൂടുതൽ ഗുരുതരമായ വെല്ലുവിളികൾ ഉയർത്തുന്നുവെന്നതാണ് ഈ റിയാക്ടർ മാതൃകയുമായി ബന്ധപ്പെട്ട ആഗോള അനുഭവങ്ങൾ തെളിയിക്കുന്നത്.

ഏറ്റവും സുപ്രധാനമായ ഒരു വിഷയം, ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ വാണിജ്യ ഉപയോഗത്തിന് തയ്യാറല്ലെന്നാണ് അന്താരാഷ്ട്ര അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, ആണവ സാങ്കേതികവിദ്യ ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഫ്രാൻസ് അവരുടെ ബ്രീഡർ പ്രോഗ്രാമിന്റെ മുൻനിര മാതൃകയായി ഉയർത്തിക്കാട്ടിയിരുന്ന സൂപ്പർഫിനീക്‌സ് 1996-ൽ അടച്ചുപൂട്ടുന്നതുവരെ 11 വർഷ ആയുസ്സിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായിരുന്നു. ബ്രീഡർ റിയാക്ടറിൽ ശീതീകാരിയായി (coolant) വർത്തിക്കുന്ന സോഡിയം ചോർച്ചയോടൊപ്പം ഇന്ധന സംഭരണിയിലെ (fuel storage drum) ചോർച്ചയും നിലയ പ്രവർത്തനത്തെ നിരന്തരമായി തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. 2003-ൽ ആരംഭിച്ച അടച്ചുപൂട്ടൽ (decommissioning) പ്രക്രിയ ഇപ്പോഴും തുടർന്നുവരികയാണെന്നു കൂടി ഓർക്കേണ്ടതുണ്ട്.

ഡോ. ഹോമി ജെ ഭാഭ
ഡോ. ഹോമി ജെ ഭാഭ

സമാനമായ രീതിയിൽ, സോഡിയം കൂളന്റ് ചോർച്ചയെത്തുടർന്നുള്ള തീപിടുത്തം ജപ്പാനിലെ മൊഞ്ചു ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ അടച്ചുപൂട്ടലിന് കാരണമായി. 1995-ൽ അടച്ചുപൂട്ടപ്പെട്ട മൊഞ്ചു റിയാക്ടർ നാളിതുവരെയും പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. ചൈനയും റഷ്യയും മാത്രമാണ് ഇപ്പോഴും ഫാസ്റ്റ് ബ്രീഡറുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന രാജ്യങ്ങൾ. എന്നിരുന്നാലും, ചൈനയ്ക്ക് നാളിതുവരെയും ബ്രീഡർ റിയാക്ടർ പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. റഷ്യൻ റിയാക്ടറിൽ ആവർത്തിച്ചുള്ള സോഡിയം ചോർച്ചകളും തീപിടുത്തങ്ങളും സംഭവിച്ചിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.

ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ ഇന്ധനം പുനഃക്രമീകരിക്കുന്ന നടപടികൾ അവയുടെ പ്രതിപ്രവർത്തന നിരക്ക് വർദ്ധിപ്പിക്കുന്നതിലേക്കും ഊർജ്ജ ഉൽപാദനത്തിലെ വർദ്ധനവിലേക്കും നയിക്കും. അത് നിലയപേടകം (reactor vessel) വിണ്ടുകീറുന്നതിനും വികിരണ വസ്തുക്കളുടെ അപകടകരമായ തോതിലുള്ള ചോർച്ചയ്ക്കും കാരണമാകുമെന്ന് ബ്രീഡർ റിയാക്ടർ മാതൃകകളെ കുറിച്ച് വിശദ പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നുണ്ട്. 'ബുള്ളറ്റിൻ ഓഫ് ദ ആറ്റമിക് സയന്റിസ്റ്റി'ൽ എഴുതിയ ഒരു ലേഖനത്തിൽ ആണവ ശാസ്ത്രജ്ഞനായ ഡോ.എം.വി. രമണ, ഫാസ്റ്റ് ബ്രീഡർ റിയാക്ടർ മാതൃക നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് വിശകലനം ചെയ്യുന്നതിങ്ങനെ.

'Many of these reactors also have what is called a 'positive coolant void coefficient,' which means that if the coolant in the central part of the core were to heat up and form bubbles of sodium vapor, the reactivity–a measure of the neutron balance within the core, which determines the reactor's tendency to change its power level (if it is positive, the power level rises)–would increase; therefore core melting could accelerate during an accident. (A positive coolant void coefficient, though not involving sodium, contributed to the runaway reaction increase during the April 1986 Chernobyl reactor accident.) In contrast, conventional light water reactors typically have a 'negative coolant void coefficient' so that a loss of coolant reduces the core's reactivity. The existing Indian fast breeder test reactor, with its much smaller core, doesn't have a positive coolant void coefficient. Thus, the DAE doesn't have real-world experience in handling the safety challenges that a large prototype reactor will pose.' (The safety inadequacies of India's fast breeder reactor, By Ashwin Kumar, M.V. Ramana | Opinion | Bulletin of the Atomic Scientists, July 21, 2009).

ബ്രീഡർ റിയാക്ടറുകളിലെ സോഡിയം ചോർച്ചയും അതേത്തുടർന്നുള്ള തീപിടുത്തവും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളിലും, പ്രത്യേകിച്ച് സ്റ്റീം ജനറേറ്ററുകളിൽ, ആവർത്തിച്ചുള്ള സോഡിയം ചോർച്ചകൾ സംഭവിച്ചിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സോഡിയം വെള്ളവുമായി പ്രതിപ്രവർത്തിക്കുകയും വായുവിൽ കുമിളകൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനാൽ ചോർച്ചകൾ പലപ്പോഴും തീപിടുത്തങ്ങളായി മാറുന്നു. ഈ രീതിയിലുള്ള അപകടങ്ങൾ റിയാക്ടർ നിർമ്മാണത്തിലെ പിഴവുകളല്ല, മറിച്ച്, ബ്രീഡർ റിയാക്ടർ മാതൃകയിൽ അന്തർലീനമായി കാണപ്പെടുന്ന ഒന്നാണ്. വ്യത്യസ്ത രാജ്യങ്ങളിലും റിയാക്ടർ രൂപകൽപ്പനകളിലും ഇത് ആവർത്തിക്കുന്നതായി കാണാം.

സോഡിയം കൂളന്റ് ചോർച്ചയെത്തുടർന്നുള്ള തീപിടുത്തം ജപ്പാനിലെ മൊഞ്ചു ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ അടച്ചുപൂട്ടലിന് കാരണമായി. 1995-ൽ അടച്ചുപൂട്ടപ്പെട്ട മൊഞ്ചു റിയാക്ടർ നാളിതുവരെയും പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല.
സോഡിയം കൂളന്റ് ചോർച്ചയെത്തുടർന്നുള്ള തീപിടുത്തം ജപ്പാനിലെ മൊഞ്ചു ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ അടച്ചുപൂട്ടലിന് കാരണമായി. 1995-ൽ അടച്ചുപൂട്ടപ്പെട്ട മൊഞ്ചു റിയാക്ടർ നാളിതുവരെയും പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല.

റിയാക്ടർ കോറിലെ സോഡിയം ശീതീകാരി ചൂടാകുകയും സോഡിയം നീരാവിയുടെ കുമിളകൾ രൂപപ്പെടുകയും ചെയ്താൽ, പ്രതിപ്രവർത്തനത്തിന്റെ തോത് വർദ്ധിക്കും; ഇത്, റിയാക്ടറിൽ അപകടം സംഭവിക്കുന്ന സമയത്ത് റിയാക്ർ കോർ ഉരുകുന്ന പ്രകിയ ത്വരിതഗതിയിലാകാനുള്ള സാധ്യത കൂട്ടുന്നു. ഇത്തരം ഒരു സാഹചര്യം നേരിടുന്നത് സംബന്ധിച്ച മുൻ അനുഭവം ഇല്ല എന്നതും സുരക്ഷാ വെല്ലുവിളിയുടെ ഗൗരവം വർധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരത്തിൽ, ബ്രീഡർ റിയാക്ടറുകളിൽ കണ്ടുവരുന്ന മറ്റൊരു സുപ്രധാന പ്രശ്‌നം, നിലയ ഭിത്തികൾ തുരുമ്പെടുക്കുന്നതാണ്. സ്റ്റീൽ അലോയ്കളും ഉരുകിയ സോഡിയത്തിലെ കാർബണും തമ്മിലുള്ള രാസപ്രവർത്തനത്തിന്റെ ഫലമായാണ് ഈ തുരുമ്പെടുക്കൽ പ്രക്രിയ സംഭവിക്കുന്നത്. 'മെറ്റൽ ഡസ്റ്റിംഗ്' (metal dusting)എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത് കണ്ടെയ്ൻമെന്റുകളുടെ അടക്കം ദുർബലാവസ്ഥയിലേക്ക് നയിക്കുകയും ചോർച്ച എന്നത് ഒരു സ്വാഭാവിക പ്രക്രിയായി മാറ്റുകയും ചെയ്യുന്നു.

ആഴത്തിലുള്ള പ്രതിരോധത്തിന് ആഴം പോര

'Defence-in-Depth' (ആഴത്തിലുള്ള പ്രതിരോധം) എന്നതാണ് ഇന്ത്യൻ ആണവോർജ്ജ മേഖലയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളിൽ ഇന്ത്യയുടെ നയമെന്ന് ആണവ അധികാരികൾ ആവർത്തിച്ച് അവകാശപ്പെടുന്നു. അതേസമയം, ഇന്ത്യയുടെ ആണവ കേന്ദ്രങ്ങളിലെ സുരക്ഷാ പ്രതിരോധങ്ങളുടെ ആഴത്തെ സംബന്ധിച്ച് നിരവധി ആശങ്കകൾ മുന്നേതന്നെ പങ്കുവെക്കപ്പെട്ടിണ്ടുണ്ട്. ആണവ നിലയങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഡോ. വി.എസ്. പ്രസാദ് കമ്മറ്റി (1980-കളിൽ) ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളിൽ എത്ര എണ്ണം പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇന്നും അജ്ഞാതമാണ്. അതോടൊപ്പം തന്നെ ഇന്ത്യയുടെ ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡ് ചെയർമാനായിരുന്ന ഡോ.എ. ഗോപാലകൃഷ്ണൻ അടക്കമുള്ളവർ ഇന്ത്യൻ നിലയങ്ങളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വലിയ തോതിലുള്ള വിമർശനങ്ങൾ ഉന്നയിച്ചതും ഇതൊടൊപ്പം ഓർക്കുന്നത് നന്നായിരിക്കും.

കൽപ്പാക്കം പ്രോട്ടോടൈപ്പ് ബ്രീഡർ റിയാക്ടറിന്റെ സുരക്ഷാ മുൻകരുതലുകളെ സംബന്ധിച്ച രേഖകൾ പരിശോധിക്കുന്നതിൽ നിന്നും അപര്യാപ്തമായ സുരക്ഷാ മുൻകരുതലുകളെയാണ് അവ വെളിപ്പെടുത്തുന്നതെന്ന് ഡോ. രമണ വ്യക്തമാക്കുന്നു. 'ആഴത്തിലുള്ള പ്രതിരോധ' രൂപകൽപ്പനയുടെ സുപ്രധാന ലക്ഷ്യം പ്രതീക്ഷിക്കപ്പെടുന്ന ഏറ്റവും ഗുരുതരമായ അപകടത്തെ നേരിടാൻ തക്കമുള്ള ഡിസൈൻ മാതൃക തയ്യാറാക്കുക എന്നതായിരിക്കണം. ഇതിന് തടസ്സമായി നിൽക്കുന്നത്, റിയാക്ടറിന്റെ കണ്ടെയ്ൻമെന്റ് കെട്ടിടമാണ്. ഏതൊരു ആണവ നിലയത്തിന്റെയും പുറത്ത് നിന്ന് ഏറ്റവും ദൃശ്യമായ ഘടനയാണിത്. മറ്റ് മിക്ക ബ്രീഡർ റിയാക്ടറുകളുമായും ലൈറ്റ് വാട്ടർ റിയാക്ടറുകളുമായും താരതമ്യപ്പെടുത്തുമ്പോൾ, PFBRന്റെ കണ്ടെയ്ൻമെന്റിന്റെ രൂപകൽപ്പന താരതമ്യേന ദുർബലമാണെന്ന് മാത്രമല്ല വലിയ അളവിൽ ഊർജ്ജം പുറപ്പെടുവിക്കുന്ന ഒരു അപകടത്തെ നിയന്ത്രിക്കാൻ അതിന് സാധ്യവുമല്ല.'' ഡോ. രമണ വിശദീകരിക്കുന്നു. ശക്തമായ റിയാക്ടർ കണ്ടെയ്ൻമെന്റുകളുടെ നിർമ്മാണത്തിലെ വൈദഗ്ധ്യക്കുറവല്ല ഇതിന് പിന്നിലെ കാരണം. ഇന്ത്യയിൽ തന്നെ, ആണവോർജ്ജ വകുപ്പ് നിർമ്മിച്ച, മറ്റ് നിലയങ്ങളുടെ കണ്ടെയ്ൻമെന്റുകൾ കൂടുതൽ ഉറപ്പുള്ളതും ശക്തവുമാണെന്ന് കാണാം. (Breeder Reactors: A possible connection between metal corrosion and sodium leaks, S.Pillai, M.V.Ramana, Bulletin of the Atomic Scientists, April 17, 2014).

ആണവ ശാസ്ത്രജ്ഞനായ ഡോ.എം.വി. രമണ. കൽപ്പാക്കം പ്രോട്ടോടൈപ്പ് ബ്രീഡർ റിയാക്ടറിന്റെ സുരക്ഷാ മുൻകരുതലുകളെ സംബന്ധിച്ച രേഖകൾ പരിശോധിക്കുന്നതിൽ നിന്നും അപര്യാപ്തമായ സുരക്ഷാ മുൻകരുതലുകളെയാണ് അവ വെളിപ്പെടുത്തുന്നതെന്ന് ഡോ. രമണ വ്യക്തമാക്കുന്നു.
ആണവ ശാസ്ത്രജ്ഞനായ ഡോ.എം.വി. രമണ. കൽപ്പാക്കം പ്രോട്ടോടൈപ്പ് ബ്രീഡർ റിയാക്ടറിന്റെ സുരക്ഷാ മുൻകരുതലുകളെ സംബന്ധിച്ച രേഖകൾ പരിശോധിക്കുന്നതിൽ നിന്നും അപര്യാപ്തമായ സുരക്ഷാ മുൻകരുതലുകളെയാണ് അവ വെളിപ്പെടുത്തുന്നതെന്ന് ഡോ. രമണ വ്യക്തമാക്കുന്നു.

നിലയ മാതൃകയിൽത്തന്നെ അന്തർലീനമായ സുരക്ഷാ വെല്ലുവിളികൾ ഏറെ നിലനിൽക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ, മറ്റെല്ലായിടത്തുമെന്നപോലെ, അതിദീർഘമായ നിർമ്മാണ കാലയളവായിരുന്നു കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റേതും. 2004-ൽ ആരംഭിച്ച നിലയ നിർമ്മാണം, പല ഘട്ടങ്ങളിൽ കമ്മീഷൻ തീയ്യതി പ്രഖ്യാപിച്ചെങ്കിലും, 22 വർഷങ്ങൾക്ക് ശേഷം മാത്രമാണ് പ്രവർത്തി പഥത്തിലെത്തിക്കാൻ സാധിച്ചത്. ഇത് ഇന്ത്യൻ ആണവ ശാസ്ത്രജ്ഞരുടെ വ്യക്തിപരമായ പോരായ്മകളുടേയോ, കഴിവുകേടുകളുടെയോ പ്രശ്‌നമേ അല്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നിർമ്മാണ കാലയളവിലെ ദൈർഘ്യം പോലെ നിലയ മാതൃക നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം നിർമ്മാണ ചെലവിലും വൈദ്യുതി ഉത്പാദനത്തിലെ ചെലവിലും വരുന്ന വർധനവാണ്. കൽപ്പാക്കം നിലയത്തിന് പ്രാരംഭമായി കണക്കാക്കപ്പെട്ട ചെലവിന്റെ ഇരട്ടിയലധികമാണ് ഇപ്പോൾ ചെലവാക്കപ്പെട്ടിട്ടുള്ളത്. 2003-04ൽ 3500 കോടി രൂപയുടെ എസ്റ്റിമേറ്റിൽ ആരംഭിച്ച നിലയ നിർമ്മാണം, 2026ൽ അവസാനിച്ചപ്പോഴേക്കും, പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റി റിപ്പോർട്ട് അനുസരിച്ച് 8181 കോടി രൂപ ചെലവഴിച്ചതായി കാണുന്നു.

നിർമ്മാണച്ചെലവിലെ ഭീമമായ വർധനവിന് പുറമെ, നിലയ പ്രവർത്തനത്തിനാവശ്യമായ ചെലവുകളും, സാധാരണ മർദ്ദിത ഘനജല നിലയ (Pressurized Heavy Water Reactor-PHWR)ങ്ങളിലെ വൈദ്യുതി ഉത്പാദനത്തേക്കാൾ വളരെ ഉയർന്നതായിരിക്കും ബ്രീഡർ റിയാക്ടറുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനച്ചെലവ്. പ്ലൂട്ടോണിയം പുനഃചംക്രമണത്തിനുള്ള ചെലവുകളടക്കം ഇതിൽപ്പെടുന്നു. പൊതുവിലുള്ള കണക്കുകൾ അനുസരിച്ച്, സാധാരണ നിലയങ്ങളേക്കാൾ 80 ശതമാനം കൂടുതലായിരിക്കും ബ്രീഡർ റിയാക്ടറുകളിലെ വൈദ്യുതി ഉത്പാദനച്ചെലവ്.

റിയാക്ടർ നാശം കുറയ്ക്കുന്നതിന്, കുറഞ്ഞ താപനിലയിൽ പ്രവർത്തിപ്പിക്കണം എന്നതാണ് ഒരു നിർദ്ദേശം, എന്നാൽ ഇത് തെർമോഡൈനാമിക് കാര്യക്ഷമതയോടൊപ്പം വൈദ്യുതി ഉൽപാദനത്തിലും കുറവു വരുത്തുന്നു. തൽഫലമായി, പരമ്പരാഗത റിയാക്ടറുകളെ അപേക്ഷിച്ച് ഒരു കിലോവാട്ടിന് ഉയർന്ന മൂലധനച്ചെലവ് സംഭവിക്കുകയും ബ്രീഡർ റിയാക്ടറുകൾ സാമ്പത്തികമായി ലാഭകരമല്ലാതാകുകയും ചെയ്യുന്നു. ഫ്രാൻസിലെ ഫീനിക്‌സ്, സൂപ്പർഫീനിക്‌സ് പോലുള്ളവ റിയാക്ടറുകളുടെ ഉദാഹരണങ്ങൾ ഇക്കാര്യം തെളിയിക്കുന്നു. അതായത് അവ രൂപകൽപ്പന ചെയ്തതിനേക്കാൾ വളരെ കുറച്ച് വൈദ്യുതി മാത്രമേ ഈ നിലയങ്ങളിൽ നിന്ന് ഉത്പാദിപ്പിച്ചിട്ടുള്ളൂ.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ആഗോളതലത്തിൽ എണ്ണയും ഗ്യാസും അടക്കമുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ സംഭവിച്ചിരിക്കുന്ന ഇടർച്ചകൾക്കിടയിലാണ് ആണവോർജ്ജ മേഖലയിൽ വലിയ കുതിച്ചുചാട്ടമെന്ന് അധികാരികൾ വിശേഷിപ്പിക്കുന്ന, കൽപ്പാക്കം ബ്രീഡർ റിയാക്ടറിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ ഏറെ വർധിക്കാവുന്ന ആഗോള സാഹചര്യത്തിൽ ഊർജ്ജമേഖലയിലെ സ്വയംപര്യാപ്തത എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രഥമ പരിഗണന ആയിരിക്കുമെന്നതിൽ തർക്കമില്ല. ഹോമി ജെ ഭാഭ ഏതാണ്ട് 7 പതിറ്റാണ്ട് മുമ്പ് പ്രസ്താവിച്ചതുപോലെ, ''No power is as costly as no power'' എന്ന മട്ടിലുള്ള സമീപനമാണ് ഇന്ത്യൻ ആണവാധികാരികൾ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ ഏറെ വർധിക്കാവുന്ന ആഗോള സാഹചര്യത്തിൽ ഊർജ്ജമേഖലയിലെ സ്വയംപര്യാപ്തത എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രഥമ പരിഗണന ആയിരിക്കുമെന്നതിൽ തർക്കമില്ല.
. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ ഏറെ വർധിക്കാവുന്ന ആഗോള സാഹചര്യത്തിൽ ഊർജ്ജമേഖലയിലെ സ്വയംപര്യാപ്തത എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രഥമ പരിഗണന ആയിരിക്കുമെന്നതിൽ തർക്കമില്ല.

ആഗോളതലത്തിൽ വൈദ്യുതോത്പാദന മേഖലയിൽ ആണവോർജ്ജത്തിന്റെ സംഭാവന ചുരുങ്ങിവരുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യയിൽ ആണവ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന വൈരുദ്ധ്യവും നമുക്ക് ദർശിക്കാൻ കഴിയും. 1996ൽ, മൊത്തം വൈദ്യുതോത്പാദനത്തിൽ ആണവോർജ്ജത്തിന്റെ സംഭാവന 17.5 ശതമാനം ആയിരുന്നത് 2024 ആകുമ്പോഴേക്കും 9 ശതമാനമായി കുറയുകയാണുണ്ടായത്. സുരക്ഷാ വെല്ലുവിളികൾ, ഉയർന്ന നിർമ്മാണ കാലദൈർഘ്യം, ചെലുവുകൾ, വികിരണ മാലിന്യങ്ങളുടെ സംസ്‌കരണം നേരിടുന്ന പ്രശ്‌നങ്ങൾ തുടങ്ങി നിരവധി പ്രതിസന്ധികൾ ആണവോർജ്ജ മേഖല നേരിടുന്നുണ്ട്. അതേസമയം സൗരോർജ്ജം, കാറ്റ് തുടങ്ങിയ ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള ഉത്പാദനത്തിൽ വലിയ കുതിച്ചുചാട്ടം തന്നെ ഇന്ത്യയിലടക്കം സംഭവിച്ചിരിക്കുന്നതായി കാണാം. ഇത് പുതുക്കാവുന്ന ഊർജ്ജസ്രോതസ്സുകളുടെ വളർച്ചയ്ക്കും വികാസത്തിനും ഏതൊക്കെ രീയിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കുമെന്നതും കാണാനിരിക്കുന്നതേയുള്ളൂ.

കൽപ്പാക്കത്ത് പ്രവർത്തനമാരംഭിച്ച, പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ആണവ നിലയാധികൃതർ വിശേഷിപ്പിച്ചതുപോലെ, ഒരു അക്ഷയപാത്രമായി മാറുമോ അതോ മണൽക്കൊട്ടാരമാകുമോ എന്ന് കണ്ടറിയാനിരിക്കുന്നതേയുള്ളൂ.


Summary: K Sahadevan argues that claims raised after the Kalpakkam fast breeder reactor became operational need to be analyzed in relation to the developments in nuclear energy technologies globally.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments