മാലിന്യം നിറഞ്ഞ വിഷപ്പുക ഒരു നഗരത്തെ എങ്ങനെയാണ് കൊന്നൊടുക്കുന്നത് എന്നതിന്റെ ലോകത്തിലെ തന്നെ വലിയ ഉദാഹരണമായി മാറുകയാണ് രാജ്യതലസ്ഥാനമായ ഡൽഹി. വർഷങ്ങളായി വിഷവായു ശ്വസിച്ച് ചുമച്ചു കൊണ്ടിരിക്കുന്ന നഗരം ശൈത്യകാലത്ത് അതിൻെറ ഏറ്റവും മോശം അവസ്ഥയിലെത്തുന്നു. ഹൃദയ സംബന്ധമായ രോഗമുള്ളവരുടെയും ശ്വാസകോശ രോഗമുള്ളവരുടെയും ജീവന് തന്നെ ഭീഷണിയാവുമ്പോൾ, ആരോഗ്യമുള്ള വ്യക്തികൾ പോലും പുറത്തിറങ്ങാൻ മടിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
കേന്ദ്രഭരണ പ്രദേശമായ ഡൽഹിക്കൊപ്പം ഹരിയാനയിലെ പതിമൂന്ന് ജില്ലകളും ഉത്തർപ്രദേശിലെ എട്ട് ജില്ലകളും രാജസ്ഥാനിലെ രണ്ട് ജില്ലകളും ചേർന്ന രാജ്യ തലസ്ഥാന പ്രദേശം (എൻ.സി.ആർ) ഈ ശൈത്യകാലത്തും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. വായുമലിനീകരണം പരിധി വിട്ടതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വിസ് കമ്പനിയായ ഐ.ക്യു എയറിന്റെ കണക്കുകൾ പ്രകാരം ലോകത്ത് അന്തരീക്ഷ മലിനീകരണത്തിൻെറ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള നഗരമാണ് ഡൽഹി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വായുഗുണനിലവാര സൂചിക (എ.ക്യൂ.ഐ) 500 കടന്നിട്ടുണ്ട്. നവംബർ 18 തിങ്കളാഴ്ചയാണ് വായുഗുണനിലവാരത്തിൻെറ തോത് ഏറ്റവും മോശമായത്. 965 എ.ക്യൂ.ഐ ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. എ.ക്യൂ.ഐ 500-നും മുകളിലായതിനാൽ Severe + കാറ്റഗറിയായിരുന്നു അന്ന് ഡൽഹിയിലേത്. ഇതോടെയാണ് സുപ്രീം കോടതിയടക്കം ഇടപെടുന്ന സ്ഥിതി ഉണ്ടായത്.
കേന്ദ്ര മലിനീകരണ ബോർഡിന്റെ (സി.പി.സി.ബി) റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിൽ മിക്കതും ഗുരുതര വിഭാഗത്തിലാണ്. 21 മോണിറ്ററിങ് സ്റ്റേഷനുകളിൽ എ.ക്യു.ഐ 490 ഉം അതിൽ കൂടുതലുമാണ് കുറച്ചു ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. അലിപൂർ, ആനന്ദ് വിഹാർ, ബവാന, നരേല, പൂസ, സോണിയ വിഹാർ എന്നിവിടങ്ങളിലാണ് പല ദിവസങ്ങളിലും എ.ക്യു.ഐ 500 കടന്നത്. 2015-ലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിലവിൽ വന്നത്. 450 ന് മുകളിലുള്ള എ.ക്യൂ.ഐ തോത് സിവിയർ പ്ലസ് കാറ്റഗറിയിലാണ് ഉൾപ്പെടുത്തുന്നത്. സിവിയർ പ്ലസ് കാറ്റഗറിയിലാകുന്നതോടെ ആ പ്രദേശം അടിയന്തര സാഹചര്യം നിലനിൽക്കുന്നതായി കണക്കാക്കുന്നു. 0-500 തോതിലാണ് ഐ.ക്യൂ.ഐ രേഖപ്പെടുത്തുന്നത്. 0-50 Good , 51 - 100 satisfactory , 101 - 200 Moderately polluted, 201 - 300 poor, 301 - 400 very poor, 401 - 500 severe എന്നിങ്ങനെയാണ് വായുഗുണനിലവാര തോത് അളക്കുന്നത്. 500ന് മുകളിൽ ആവുമ്പോഴാണ് സിവിയർ പ്ലസ് കാറ്റഗറിയായി കണക്കാക്കുന്നത്. 2016 നവംബർ ആറിനാണ് ഡൽഹിയിലെ വായു ഗുണനിലവാരം ഏറ്റവും അപകടകരമായ അവസ്ഥയിലെത്തിയത്. ഐ.ക്യൂ.ഐ 497 ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്.
വായുമലിനീകരണത്തോത് ഉയർന്നതോടെ സുപ്രീം കോടതി ഇടപെടുകയും Graded Response Action Plan ( GRAP )-ലെ സ്റ്റേജ് 4 ആക്ഷൻ പ്ലാനുകൾ നടപ്പിലാക്കാൻ കർശനമായി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. നടപടികൾ വൈകിപ്പിച്ചതിൽ കേന്ദ്ര സർക്കാരിനെയും ഡൽഹി സർക്കാരിനെയും സുപ്രീം കോടതി വിമർശിച്ചിരുന്നു.
നിയന്തണങ്ങളുടെ ഭാഗമായി നിലവിൽ സ്കൂളുകൾ പൂർണമായും ഓൺലൈനാക്കി. ബി.എസ് 4 വാഹനങ്ങൾക്കും ട്രക്കുകൾക്കും നഗരത്തിൽ വലക്കേർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കുള്ള ട്രക്കുകൾ മാത്രമേ ഡൽഹിയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. പടക്കങ്ങളുടെ ഓൺലൈൻ വിൽപനയും വിതരണവും തടയുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കിയിട്ടുണ്ട്. ഇത്തരം നിയന്ത്രണങ്ങൾക്കെല്ലാം പുറമെ ഓരോ പ്രദേശത്തെയും സാഹചര്യം നിരീക്ഷിച്ച് കൂടുതൽ കർശന നടപടികളെടുക്കാനാണ് തീരുമാനം. വാഹനങ്ങളെ നമ്പർ അടിസ്ഥാനത്തിൽ തരം തിരിച്ച് നിയന്ത്രിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
വായുമലിനീകരണത്തിന്റെ തോത് വർധിച്ചതിനെ തുടർന്നുണ്ടായ അനുഭവങ്ങൾ, കഴിഞ്ഞ 23 വർഷത്തോളമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ പ്രശാന്ത് രഘുവംശം ട്രൂ കോപ്പി തിങ്കിനോട് പങ്കുവെച്ചു:
“ഞാൻ 23 വർഷമായി ഡൽഹിയിൽ താമസിക്കുന്നു. ഇവിടെ വന്ന സമയത്ത് അന്തരീക്ഷ മലിനീകരണം കുറവായിരുന്നു. കഴിഞ്ഞ ഒരു പത്തുകൊല്ലം നോക്കിയാൽ അന്തരീക്ഷ മലിനീകരണം വല്ലാതെ കൂടുന്നുണ്ട്. ഇക്കഴിഞ്ഞ ഒരാഴ്ച്ചയായിട്ട് അന്തരീക്ഷം വളരെ മോശം അവസ്ഥയിലാണ്. ഞാൻ നാട്ടിൽ പോയിട്ട് തിരിച്ചു വന്നപ്പോഴേക്കും പെട്ടെന്ന് ശ്വാസംമുട്ടും മറ്റും അനുഭവപ്പെട്ടു. കുറേ കാലമായി ഡൽഹിയിൽ നിന്ന് ശീലിച്ചത് കൊണ്ട് കാര്യമായ അസുഖങ്ങൾ ഒന്നും വരാറില്ല. ഇപ്പോൾ പുറത്തിറങ്ങി ജോലി ചെയ്യാൻ നല്ല പ്രയാസമാണ്. കഴിഞ്ഞ രണ്ട് മൂന്നു ദിവസമായി ചെറിയ മാറ്റമുണ്ട്. അന്തരീക്ഷത്തിൽ എപ്പോഴും ഒരു പ്രത്യേക മണമാണ്. അത് പലർക്കും ശ്വാസതടസ്സം ഉണ്ടാക്കുന്നുണ്ട്.
പുറത്ത് ഇറങ്ങുന്ന ആളുകളുടെ എണ്ണം ഇപ്പോൾ വല്ലാതെ കുറുയുന്നുണ്ട്. ഞാൻ താമസിക്കുന്നഭാഗത്ത് നടക്കാൻ ഇറങ്ങുന്ന ആൾക്കാരുടെ എണ്ണം കുറഞ്ഞു. എല്ലാവരും വീടിന് അകത്തു തന്നെ ഇരിക്കുന്ന സ്ഥിതിയാണ്. ഈ അന്തരീക്ഷത്തിൽ ചുമ തുടങ്ങിയാൽ പിന്നെ അത് നിൽക്കാതെ വരുന്നതോടെ ആന്റിബയോട്ടിക്സ് എടുക്കേണ്ട അവസ്ഥയാണ്. ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നത് നിയന്ത്രിച്ചിരുന്നുവെങ്കിലും ആളുകൾ എവിടുന്നെങ്കിലും വാങ്ങിച്ച് പൊട്ടിക്കും. ഭരണകൂടം നടപടിയെടുത്താലും ഒന്നും നടക്കുന്നില്ല. ശാസ്ത്രീയമായിട്ട് കാര്യങ്ങൾ പരിഹരിക്കാൻ ഒന്നും ഇതുവരെ ഇവർക്ക് പറ്റിയിട്ടില്ല. വലിയ ചവറു കൂനകൾ ഒക്കെ കത്തിക്കുക തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം വളരെ മോശമായി തുടരുകയാണ്. മൂന്ന് മാലിന്യ പ്ലാന്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. അതിന്റെ കപ്പാസിറ്റിയെക്കാൾ കൂടുതൽ മാലിന്യമാണ് അവിടെയുള്ളത്. ഇതിന്റെ കൂടെ തണുപ്പ് കാലം കൂടി എത്തുന്നതോടെ അന്തരീക്ഷ മലിനീകരണം വർധിക്കുന്നു.”
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ 2023-ലെ റിപ്പോർട്ട് പ്രകാരം ഡൽഹിയിലെ വായുമലിനീകരണ തോത് വർധിക്കുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം, വ്യവസായങ്ങളിൽ നിന്ന് പുറം തള്ളുന്ന പുകയും ജൈവമാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതുമാണ് പ്രധാനമായും മലിനീകരണത്തിന്റെ കാരണമായി പറയുന്നത്. ഡൽഹിയുമായി നേരിട്ട് ബന്ധമുള്ള പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ വയലുകളിൽ വൈക്കോൽ കത്തിക്കുന്നതും ഈ സമയത്താണ്. ഇതാണ് ജൈവമാലിന്യങ്ങൾ കത്തിക്കുന്നതിലൂടെ അർഥമാക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ കാറ്റിന്റെ ദിശ ഡൽഹിയിലേക്കായതിനാൽ ഈ പുകയും ഇവിടേക്ക് എത്തുന്നു. ഒന്നാം വിള കഴിഞ്ഞ് രണ്ടാം വിളയ്ക്കുള്ള നിലമൊരുക്കുന്ന കർഷകർ വൈക്കോൽ കത്തിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നെൽ കൃഷി ഇറക്കി വിളവെടുത്തതിന് ശേഷം കാലതാമസമില്ലാതെ ഗോതമ്പ് കൃഷി ഇറക്കാൻ വേണ്ടിയാണ് കർഷകർ ഇങ്ങനെ ചെയ്യുന്നത്. കൃഷി ഇറക്കാൻ വൈകുമ്പോൾ ജലലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നം വരാതിരിക്കാനും കൂടിയാണ് ഇങ്ങനെ കത്തിക്കുന്നത്. ഇങ്ങനെ വൈക്കോൽ കത്തിക്കുന്നതും ഡൽഹിയുടെ വായുമലിനീകരണം അസഹ്യമാക്കുന്നുണ്ട്.
ഡൽഹിയിലെ കാലാവസ്ഥയും ഭൂപ്രകൃതിയും ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളാണ്. വടക്കു കിഴക്കൻ ഭാഗത്ത് ഥാർ മരുഭൂമിയും തെക്കു പടിഞ്ഞാറൻ ഭാഗത്ത് ഹിമാലയൻ മരുഭൂമിയുമാണ്. ഡൽഹിക്ക് പുറത്ത് നിന്ന് എത്തുന്ന കാറ്റ് നീങ്ങാനാവാതെ കെട്ടിക്കിടക്കുന്നതും അന്തരീക്ഷ മലിനീകരണം ഗുരുതരമാക്കുന്നു. ഇതിന്റെ കൂടെ തണുപ്പ് കൂടുന്നതോടെ ഡൽഹിയിൽ കെട്ടിക്കിടക്കുന്ന വിഷപ്പുക ഗ്യാസ് ചേംബർ പരുവത്തിലെത്തുകയാണ്.
ഡൽഹിയിലെ മലിനീകരണത്തിന്റെ മറ്റൊരു വലിയ തെളിവാണ് യമുനാ നദി. ശൈത്യകാലത്ത് യമുനയിൽ നുരഞ്ഞുപൊന്തുന്നത് വിഷപ്പതയാണ്. കറുത്ത നിറത്തിലുള്ള വെള്ളവും അതോടൊപ്പം വിഷപ്പതയും നിറഞ്ഞ നദിയിൽ മുങ്ങി സ്നാനം ചെയ്യുന്ന വിശ്വാസികൾക്ക് ഇപ്പോഴും കുറവില്ല. നിരന്തരം നദിയിലിറങ്ങി സ്നാനം ചെയ്യുന്നവരുടെ ആരോഗ്യവും മോശമാവുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നദിയിൽ മലിനീകരണം വല്ലാാതെ വർധിച്ചതായി സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ റിപ്പോർട്ടുണ്ട്. നഗരത്തിലെയും വ്യവസായ ശാലകളിലെയും മലിനജലവും മറ്റ് മാലിന്യങ്ങളും വഹിച്ചു കൊണ്ടുള്ള 22 അഴുക്കു ചാലുകൾ യമുന നദിയിലെത്തുന്നുണ്ട്. ശൈത്യകാലത്ത് നദിയുടെ ഒഴുക്ക് കുറയുന്നതും മാലിന്യം നിറഞ്ഞ വിഷപ്പത കെട്ടികിടക്കാൻ കാരണമാകുന്നുണ്ട്.
വൈക്കോൽ കത്തിക്കുന്നത് വായുമലിനീകരണത്തിന്റെ കാരണങ്ങളിൽ പെടുന്നുണ്ടെങ്കിലും പലപ്പോഴും ചർച്ചകൾ അതിൽ മാത്രം ഒതുങ്ങി പോകുന്നതായി ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ യാസർ അറഫാത്ത് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“ഹരിയാന, പഞ്ചാബ്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിയുന്നതും ഈ സമയത്താണ്. അപ്പോൾ ബാക്കിയാവുന്ന വൈക്കോലും മറ്റും അവർ കത്തിക്കും. ആ പുക ഡൽഹിയിലേക്കാണ് എത്തുന്നത്. മൂന്ന് സംസ്ഥാനവും കൂടി ഒരുമിച്ച് ഈ പുക നിയന്ത്രിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണം. വൈക്കോൽ കത്തിക്കുന്ന പുക ഡൽഹി വായുമലിനീകരണത്തെ സ്വാധീനിക്കുന്നത് ഒരു പത്തു ശതമാനം മാത്രമായിരിക്കും. പ്രധാനപ്പെട്ട വില്ലൻ റോഡിലെ പൊടിയും തെർമൽ പ്ലാന്റേഷനുകളുമാണ്. മലിനീകരണത്തിന്റെ തോത് ഓരോ വർഷവും കൂടുന്നുണ്ട്.
ഓരോ ദിവസവും റോഡിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു. ഇലക്ട്രിസിറ്റി, ഇന്റസ്ട്രിയൽ പവർ തുടങ്ങീ നിരവധി പവർ പ്ലാന്റുകളുണ്ട്. തെർമൽ പ്ലാന്റ് എന്നത് കൽക്കരി കത്തിച്ച് ഉണ്ടാക്കുന്ന വൈദ്യുതിയാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണമാവുന്നത്. ഇതൊരു രാഷ്ട്രീയ വിഷയം കൂടിയാണ്. 2019-ൽ വന്ന ഒരു റിപ്പോർട്ടിൽ, ഡൽഹി മലിനീകരണത്തിന്റെ പ്രധാനപ്പെട്ട കാരണമായി പറയുന്നത് റോഡിലെ പൊടിയും വാഹനങ്ങളുടെ പെരുപ്പവുമാണ്. ആ റിപ്പോർട്ട് ഇതുവരെ പൂർണമായും പുറത്തു വിട്ടിട്ടില്ല. ഇന്ത്യയിലെ ഓട്ടോ മൊബൈൽ രംഗത്തെ വലിയ ലോബി ഇടപെട്ടാണ് റിപ്പോർട്ട് പുറത്തു വിടുന്നത് തടഞ്ഞത്. വൈക്കോൽ കത്തിക്കൽ എന്ന ഒറ്റ കാരണം പറഞ്ഞ് കൈ കഴുകുകയാണ് ഇപ്പോൾ ചെയ്യുന്നത്,” - യാസർ അറഫാത്ത് പറഞ്ഞു.
2017-ലാണ് ഡൽഹിയിൽ പടക്കം നിരോധിക്കുന്നത്. ദീപാവലിക്ക് പോലും പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ദീപാവലി സമയത്ത് ധാരാളം പടക്കം പൊട്ടിക്കുന്നുണ്ട്. നിയമവിരുദ്ധമാണെങ്കിലും ഇതെല്ലാം ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. ഇതും വായുമലിനീകരണം വർധിപ്പിക്കുന്നുണ്ട്.
ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിലെ വായുഗുണനിലവാരത്തിന്റെ തോത് മോശമായതായി കാണാം. 2024 ഒക്ടോബർ 31-ന് ഡൽഹിയിൽ രേഖപ്പെടുത്തിയ എ.ക്യൂ.ഐ 167 ആയിരുന്നു. എന്നാൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങിയതോടെ പല ഭാഗങ്ങളിലായി വായുഗുണനിലവാര സൂചിക 806 വരെ എത്തി. കർക്കർദൂമയിലാണ് ദീപാവലി ദിവസങ്ങളിൽ ഏറ്റവും മോശം വായുഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. രാത്രി 10 മണി മുതൽ അർധരാത്രി വരെയുള്ള സമയത്താണ് മലിനീകരണത്തോത് കൂടിയത്.
“സെപ്റ്റംബർ മുതൽ ജനുവരി വരെയാണ് ഡൽഹിയിൽ സാധാരണ ശൈത്യകാലം. ഇതേ സമയത്ത് തന്നെയാണ് വായുമലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകുന്നത്. പുറത്ത് ജോലി ചെയ്യുന്ന ഡ്രൈവേഴ്സ്, കച്ചവടക്കാർ, നിർമാണ തൊഴിലാളികൾ തുടങ്ങി ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ആളുകളെയാണ് വായു മലിനീകരണം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വായുമലിനീകരണം കുഞ്ഞുങ്ങൾക്ക് ശ്വാസകോശ സംബന്ധ രോഗങ്ങൾ വരുന്നുണ്ട്. ചികിത്സയിലൂടെ മാറ്റിയെടുക്കാൻ കഴിയാത്തത്ര ഗുരുതരമായ പ്രശ്‌നനമാണുള്ളത്. വിഷപ്പുക കുട്ടികളുടെ ശ്വാസകോശത്തിലേക്ക് എത്തുന്നതോടെ ഗുരുതരമാകും. സാധാരണ ഒരു അവയവം പോലെയല്ല ശ്വാസകോശം. ഡൽഹിയിലെ 50% കുട്ടികൾക്ക് അതായത് പത്ത് ലക്ഷത്തോളം കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ട്. ലോകത്ത് തന്നെ വായുമലിനീകരണം മൂലം ആളുകൾ കൂടുതലായി മരണപ്പെടുന്ന നഗരങ്ങളിലൊന്ന് ഡൽഹിയാണ്. ഗല്ലികളിലും തെരുവുകളിലും കഴിയുന്ന കുഞ്ഞുങ്ങൾ വായുമലിനീകരണം കാരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ശൈത്യകാലത്തിന് മുമ്പ് ഡൽഹിയിലെ പാർക്കുകളിലും മറ്റും ആളുകൾ ധാറാളമായി നടക്കുന്നതും വ്യായാമം ചെയ്യുന്നതും കാണാം. എന്നാൽ ഈ സമയത്ത് പുറത്തിറങ്ങി വ്യായാമം ചെയ്യാനാകാതെ ഇവർ വീട്ടിലിരിക്കുകയാണ്. ഞാൻ ഡൽഹിയിലെത്തിയത് 2009-ലാണ്. ആ സമയത്ത് ഒരാഴ്ചയോ പത്തു ദിവസമോ ഒക്കെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നീണ്ടുനിന്നിരുന്നത്. ഇപ്പോൾ നാല് മാസത്തോളം വരെ വായുമലിനീകരണം നിലനിൽക്കുന്നു,” - യാസർ അറഫാത്ത് കൂട്ടിച്ചേർത്തു.
ഡൽഹി നഗരത്തിലെ മൊത്തം വായുമലനീകരണത്തിന്റെ 41 ശതമാനം ഉറവിടവും വാഹനങ്ങൾ പുറന്തള്ളുന്ന പുകയാണ്. ജനസംഖ്യ കൂടിയ നഗരമായതിനാൽ അതിനനുസരിച്ച് വാഹനങ്ങളുടെ പെരുപ്പവുമുണ്ട്. ഇരുചക്ര വാഹനങ്ങൾ കാർബൺ മോണോക്സൈഡും പി.എം.2.5 ഉം, ബസ്സുകൾ നൈട്രിക് ഓക്സൈഡും നൈട്രജൻ ഡയോക്സൈഡും പുറംതള്ളുന്നു. വായുമലിനീകരണം രൂക്ഷമായതോടെ ജനങ്ങൾ പൊതുഗതാഗതം ഉപയോഗിക്കണമെന്ന നിർദ്ദേശത്തിലേക്ക് സർക്കാർ എത്തിയിരിക്കുകയാണ്. ജീവനക്കാർ സ്വന്തം വാഹനങ്ങളിൽ വരുന്നത് തടയാൻ സ്വകാര്യസ്ഥാപനങ്ങൾ ബസ് സർവ്വീസുകൾ നടത്തണമെന്നും ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ഓഫീസ് സമയക്രമം മാറ്റണമെന്നും നിർദ്ദേശമുണ്ട്.
അന്തരീക്ഷ മലിനീകരണം ഗുരുതരമാവുമ്പോഴും നിയന്ത്രണങ്ങൾ പലതും പ്രായോഗികമായി നടപ്പാകുന്നില്ലെന്ന് ഡൽഹിലെ മാധ്യമപ്രവർത്തകൻ വൈശാഖ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“അന്തരീക്ഷമലിനീകരണം രൂക്ഷമായതോടെ ശ്വാസതടസം, അലർജി പോലുള്ള പ്രശ്നങ്ങൾ ആളുകൾക്ക് അനുഭവപെടുന്നുണ്ട്. മാസങ്ങളോളം ആണ് ഈ വിഷപ്പുക ശ്വസിക്കുന്നത്. ഒറ്റ ദിവസം പൊടിയിൽ നിന്നാൽ നമുക്ക് അസ്വസ്ഥത അനുഭവപ്പെടില്ലേ? അത് മാസങ്ങളോളം സഹിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടാണ്. ജനുവരിയിൽ ഇനി മഴ കിട്ടിയാലേ ഇവിടെ മലിനീകരണം കുറയുകയുള്ളു. ഡിസംബർ വരെ ഇങ്ങനെ ആയിരിക്കും. കൃത്രിമമായി മഴ പെയ്യിക്കാനൊക്കെ ചിലപ്പോൾ പദ്ധതിയിടാറുണ്ട്. പക്ഷെ അത് പ്രവർത്തികമാകാറില്ല. ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണല്ലോ. കുട്ടികൾക്കും പ്രായമായവർക്കുമാണ് വലിയ തരത്തിലുള്ള ആരോഗ്യപ്രശ്‌നം ഉണ്ടാകുന്നത്. കുട്ടികൾക്ക് ശ്വാസതടസം, ന്യുമോണിയ തുടങ്ങിയ അസുഖങ്ങൾ വരാറുണ്ട്. ഇവിടുത്തെ വേസ്റ്റ് മാനേജ്‌മെന്റും കൃത്യമല്ല. എല്ലാ സ്ഥലത്തും മാലിന്യം ഉണ്ടാവും. വരുന്നവർ എടുക്കണമെന്നില്ല. ചിലർ കത്തിക്കും. അങ്ങനെയൊക്കെ ഓരോ സ്ഥലത്ത് ഓരോ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. പിന്നെ എത്ര നിയന്ത്രിച്ചാലും എല്ലാവരും വണ്ടിയെടുത്ത് പുറത്തിറങ്ങുകയും ചെയ്യും,” - വൈശാഖ് പറഞ്ഞു.
കോവിഡ് കാലത്തെ ഡൽഹിയിലെ വായുഗുണനിലവാരത്തിന്റെ തോതും അതിന്റെ മുമ്പും ശേഷവുമുള്ള വായുഗുണനിലവാര തോതും പരിശോധിച്ചാൽ തന്നെ വായുമലിനീകരണത്തിന്റെ കാരണം വ്യക്തമാകും. ഫാക്ടറികളും മറ്റ് എല്ലാ നിർമാണങ്ങളും നിർത്തലാക്കുകയും വാഹനങ്ങൾ നിരത്തിലറങ്ങുന്നത് കുറയുകയും ചെയ്തപ്പോൾ തന്നെ ഡൽഹിയിലെ വായുഗുണനിലവാരം മെച്ചപ്പെട്ടിരുന്നു. രാജ്യത്ത് കോവിഡ് കാലത്ത് ലോക്ഡൗൺ നിലവിൽ വന്നതോടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പെട്ടന്ന് തന്നെ കുറഞ്ഞിരുന്നു. 2020 മാർച്ചിൽ ഡൽൽഹിയിലെ എ.ക്യൂ.ഐ 154.4 ആയിരുന്നത്, 54.5 വരെ കുറഞ്ഞിട്ടുണ്ട്. 2021 ഏപ്രിലിൽ അന്നത്തെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാൾ രണ്ടാം ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷവും വായുഗുണനിലവാരം മെച്ചപ്പെട്ടിരുന്നു.
ഡൽഹിയിലെ മാലിന്യമലകളുടെ ചിത്രങ്ങൾ നിരന്തരം വാർത്തകളിൽ വരാററുണ്ട്. ഗാസിപൂരിലെ മാലിന്യ മലകൾ വായുമലിനീകരണത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. മാലിന്യമലകൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക ആ നഗരത്തെ വിഷമയമാക്കുന്നു. ടൺ കണക്കിന് മാലിന്യമാണ് ഓരോ ദിവസവും ഇവിടേക്ക് എത്തുന്നത്. ഡൽഹിയിലെ മാലിന്യ പ്ലാന്റുകളിൽ നിന്ന് ദിവസവും വൻതോതിലാണ് വിഷപ്പുക അന്തരീക്ഷത്തിലേക്ക് വരുന്നത്.
അത്രമേൽ മലിനമാക്കപ്പെട്ട, മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ ലോറികൾ ചീറിപ്പായുന്ന നഗരം. ഈ സീസണിലെ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് നിലവിൽ ഡൽഹിയിലേത്. മാലിന്യക്കൂമ്പാരങ്ങൾ സംസ്‌കരിക്കാൻ കഴിയാതെ വരുന്നതോടെ വർഷത്തിൽ ഒന്നിലധികം തവണ ഇവയ്ക്ക് തീവെക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഡൽഹിയിലെ വായുഗുണനിലവാര സൂചിക ഗുരുതരമാകുന്നതിൽ ഈ വിഷപ്പുകയ്ക്കും പങ്കുണ്ട്. കാഡ്മിയം, ലെഡ്, ആർസെനിക് തുടങ്ങിയ വിഷപ്പുകയാണ് പ്ലാൻറുകളിൽ നിന്ന് പുറം തള്ളുന്നത്.
വെർച്വൽ ലോക്ഡൗൺ തന്നെയാണ് രണ്ട് മൂന്ന് മാസത്തെ ശൈത്യകാലം ഡൽഹിക്ക് സമ്മാനിക്കുന്നത്. വായുമലിനീകരണം കാരണം മാസങ്ങളോളം ആളുകൾ പുറത്തിറങ്ങാനാകാതെ ഇരിക്കേണ്ടി വരുന്നു. എല്ലാ വർഷവും ഇത് ഇങ്ങനെ തന്നെ തുടരുന്നതിനാൽ കുട്ടികളും വൃദ്ധരും ഗർഭിണികളുമടക്കം ജനങ്ങളുടെ ആരോഗ്യസ്ഥിതി വല്ലാതെ മോശമാകുന്നുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഈ ഗുരുതരാവസ്ഥയിൽ വലിയ പങ്കുണ്ട്. ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാവുന്നില്ലെങ്കിൽ ഡൽഹി ജീവിക്കാൻ സാധിക്കാത്ത ഇടമായി മാറാൻ അധികകാലം എടുത്തുവെന്ന് വരില്ല.