തിരുവമ്പാടി വഴിക്കടവിൽ ബെന്നി ജോസഫ് എന്ന ഭിന്നശേഷിക്കാരനായ ക്ഷീര കർഷകന് കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരിക്കേൽക്കുകയുണ്ടായി. ദേഹമാസകലം മാരകമായി കുത്തേറ്റ ബെന്നിക്ക് ഇതുവരെ സർക്കാരിന്റെ അടിയന്തിര ചികിത്സാ സഹായമോ നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ല. രണ്ട് പശുക്കളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബത്തിന് മറ്റ് വരുമാന മാർഗങ്ങളൊന്നുംതന്നെ ഇല്ല. ഭീമമായ ചികിത്സാ സഹായം താങ്ങാനാവാതെ ബുദ്ധിമുട്ടുകയാണ് ബെന്നിയുടെ കുടുംബം. പ്രദേശത്ത് സ്ഥിരമായി കാട്ടുപന്നി ശല്യം ഉണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികളായ കർഷകർ പറയുന്നത്. വ്യാപകമായി കൃഷി നശിപ്പിക്കാറുണ്ടെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ഇത് ആദ്യമായാണ്.
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമായിട്ടും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്ന് കാര്യമായ സുരക്ഷാനടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. കാട്ടുപന്നിയെ കൊല്ലുന്നതിന് തോക്ക് ലൈസൻസിനപേക്ഷിക്കുന്ന കർഷകർക്ക് ദുരുപയോഗം ചെയ്യുമെന്ന കാരണം പറഞ്ഞ് ലൈസൻസും നൽകുന്നില്ലെന്നും ഇവർ പറയുന്നു.
ബെന്നിയുടെ ഭാര്യയും മൂന്ന് പെൺമക്കളും ഭിന്നശേഷിക്കാരാണ്. കുടുംബത്തിന്റെ ഏകവരുമാനമാർഗമാണ് കാട്ടുപന്നി ആക്രമണത്തിൽ ഇല്ലാതായത്. വലതു കൈവിരലിനടക്കം ഗുരുതര പരിക്കേൽക്കുകയും നിലവിൽ രണ്ടു ശസ്ത്രക്രിയക്കടക്കം വിധേയമാവുകയും ചെയ്ത ബെന്നിയുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള ഉപജീവനം എങ്ങനെയെന്നത് ചോദ്യചിഹ്നമാണ്. അതിദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഈ കുടുംബത്തിന് സർക്കാർ എത്രയുംപെട്ടെന്ന് ചികിത്സാ സഹായവും നഷ്ടപരിഹാരവും ലഭ്യമാക്കേണ്ടതുണ്ട്. അതോടൊപ്പം പ്രദേശത്തെ വന്യജീവി ശല്യത്തിന് ഉടൻ പരിഹാരവും കാണേണ്ടതുണ്ട്.