വന്മരങ്ങളുടെ ശവപ്പറമ്പിൽ ജാദവ് പയെങ് മുളപ്പിച്ചെടുത്തു, ഒരു കൊടുംകാട്​

ബ്രഹ്​മപുത്രയുടെ തീരത്ത്​, മരുഭൂമിപോലെ കിടന്ന മജൂലി ദ്വീപ് ഇന്ന് കൊടും കാടാണ്. പയേങ് എന്ന പരിമിതികളില്ലാത്ത മനുഷ്യൻ ഹൃദയം കൊണ്ട് ഉണ്ടാക്കിയതാണത്. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിനെക്കാളും വിസ്തീർണ്ണത്തിൽ 550 ഹെക്റ്ററിൽ പടർന്നു കിടക്കുന്ന മരുപ്പച്ച. കടപുഴകി വീണ വന്മരങ്ങളുടെ ശവപ്പറമ്പിനെ കൊടുംകാടാക്കി മാറ്റിയ ജാദവ് പയെങ് എന്ന മനുഷ്യന്റെ പരിസ്​ഥിതി ജീവിതം. ‘ഡൽഹി ലെൻസ്​’ പരമ്പര തുടരുന്നു.

Delhi Lens

"ഇരുണ്ടു കൂടിയ ആകാശം കണ്ടാണ് അമ്മ നേരത്തെ ഉറക്കിയത്. നെഞ്ച് പൊട്ടുന്ന ഇടിമിന്നലിൽ ഞെട്ടി എണീറ്റു. പുറത്ത് കാതടക്കുന്ന ശബ്ദത്തിൽ മഴയാണ്. കണ്ണ് തിരുമ്മി നോക്കിയപ്പോൾ അമ്മ അടുത്തില്ല. പനയോലക്ക് ഇടയിലൂടെ വീടിന്അകത്തേക്ക് മഴവെള്ളം വരുന്നുണ്ട്. പുതപ്പിനുമുകളിലും വെള്ളം ഇറ്റിത്തുടങ്ങി. അകത്തേക്ക് വീഴുന്ന വെള്ളത്തിന് അനുസരിച്ച് അമ്മ പാത്രം വെക്കുന്നുണ്ട്. പൊടുന്നനെ വീശിയടിച്ച വലിയ കാറ്റിൽ പുരമേഞ്ഞ പനയോലകൾ കുറെ പാറിപ്പോയി. ആ വിടവിലൂടെ മഴ പുറത്തെന്ന പോലെ പുരക്കുള്ളിലും പെയ്തു. നിസ്സഹായയായി നനഞ്ഞ് കുതിർന്ന് നിൽക്കുന്ന അമ്മ ഇന്നും കണ്മുന്നിലുണ്ട്'.

അമ്മയുടെ ഓർമകൾക്കുമുന്നിൽ ജാദവ് പയെങ് നിശബ്ദനായി. ആ ദിവസമാണ് പയെങ്ങിനെ മാതൃകകളില്ലാത്ത മനുഷ്യനാക്കിയത്. അന്ന് കാലം തെറ്റി വന്ന മഴ ദിവസങ്ങളോളം പെയ്തു. താൽക്കാലിക ക്യാമ്പിലേക്ക് ഗ്രാമവാസികളെ മാറ്റി. കൂട്ടുകാരെ എല്ലാവരെയും ഒറ്റയിടത്ത് കിട്ടിയപ്പോൾ പയെങ് മറ്റെല്ലാം മറന്നു. അടുത്ത ദിവസമാണ് മഴ പ്രളയമായി മാറിയെന്ന് ആരോ പറഞ്ഞത്. ക്യാമ്പിരിക്കുന്ന മലമുകളിലെ വിദ്യാലയം മാത്രമാണ് സുരക്ഷിതം. ഓടുപാകിയ മേൽക്കൂരയുള്ള ഗ്രാമത്തിലെ ഒരേയൊരു കെട്ടിടമാണത്.

ദിവസങ്ങൾ ക്യാമ്പിൽ കഴിഞ്ഞു. മഴ മാറിയപ്പോൾ ഗ്രാമത്തിലേക്ക് മലയിറങ്ങി. പ്രളയ ജലം കൊണ്ടുവന്ന മൺകൂനകളാണ് ചുറ്റിലും. നടവഴികളും ചെറിയ കടകളും അപ്രത്യക്ഷമായി. തീർത്തും അപരിചിതമായ ഒരു പ്രദേശമായി മാറപ്പെട്ടു. ഗ്രാമത്തിലേക്ക് ഏകദേശ ധാരണവച്ച് മറ്റുള്ളവർക്കൊപ്പം നടന്നു. മുന്നോട്ടുള്ള വഴിയിലെ കാഴ്ചകൾ ജാദവ് പയെങ്ങിൽ ഭയം നിറച്ചു. എങ്ങും കടപുഴകി വീണ വന്മരങ്ങളുടെ ശവപ്പറമ്പാണ്. സുഹൃത്ത് സരോജത്തിന്റെ വീട് നിന്നയിടം വലിയൊരു മൺകൂനയായി. തന്നെ ചേർത്ത് പിടിച്ചു നടക്കുന്ന അമ്മയുടെ കൈകളും ഭയന്ന് വിറക്കുന്നത് പയെങ് തിരിച്ചറിഞ്ഞു.

തങ്ങളുടെ വീടിന്റെ അവസ്ഥ എന്താകുമെന്ന ആദിയിൽ നടക്കുന്നതിന്റെ വേഗം കൂടി. ദൂരെനിന്നെ ആ കാഴ്​ചക്കുമുന്നിൽ അമ്മക്കൊപ്പം പയെങ്ങും തരിച്ചുപോയി. ഒറ്റമുറികൂരയുടെ പകുതിയും പ്രളയമെടുത്തു. വീടിനുള്ളിലൂടെ ഒരാൾ പൊക്കത്തിൽ വഴിമാറി വന്ന തോടൊഴുകുന്നുണ്ട്. പുസ്തകങ്ങളും ഉടുപ്പുമെല്ലാം നഷ്ടമായി. ഏതാനും പനയോലയും മുളങ്കമ്പുകളും മാത്രമാണ് വീടെന്നു പറയാൻ അവശേഷിച്ചത്. ഓമനിച്ചുവളർത്തിയ പശുക്കൾ ചളിയിൽ പുതഞ്ഞ് മരവിച്ചു കിടക്കുന്നുണ്ട്. അവയുടെ കൺപോളകൾക്കുള്ളിൽ വരെ ചളി കട്ടപിടിച്ചിട്ടുണ്ട്. അച്ഛൻ കരയുന്നത് അന്നാദ്യമായാണ് പയെങ് കണ്ടത്.

ജാദവ് പയെങ്

യുദ്ധക്കളമായി മാറിയ വീടിനുമുന്നിൽ അമ്മയെയും അച്ഛനെയും ചാരി പയെങ്ങും ഇരുന്നു. തണുത്തുറഞ്ഞ മണ്ണ് ലാവപോലെ പൊള്ളിച്ചു. ചുറ്റിലും നട്ടുനനച്ച കൃഷി പാടെ ഇല്ലാതായി. കൈയ്യിൽ കരുതിയ ഏതാനും വസ്ത്രങ്ങൾ ഒഴികെ എല്ലാം നഷ്ട്ടപ്പെട്ടു. തകർന്നുനിൽക്കുന്ന അച്ഛനും അമ്മയ്ക്കും ധൈര്യം കൊടുക്കണമെന്ന് പയെങ് മനസ്സിൽ ഉറപ്പിച്ചു. കണ്ണുകൾ തുടച്ച് തകർന്ന വീട് പഴയപടിയാക്കാൻ ശ്രമം തുടങ്ങി. പതിയെ അച്ഛനും അമ്മയും കൂടെ ചേർന്നു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ തകർന്ന വീട് ബാക്കിയായ പനയോലകൊണ്ട് നിർമ്മിച്ചു. അപ്പോഴും ഇനി എങ്ങനെ കൃഷിചെയ്യുമെന്ന ചോദ്യം ബാക്കിയായി. ചുറ്റുമുള്ള വന്മരങ്ങൾ ഉൾപ്പെടെ പലവഴിക്ക് ഒഴുകി പോയിരുന്നു. പച്ചത്തുരുത്തായിരുന്ന ഗ്രാമം മണൽ കാടാക്കിയാണ് പ്രളയജലം ഒഴുകി പോയത്. മനുഷ്യന് കീഴ്‌പ്പെടുത്താൻ സാധിക്കാത്ത പ്രകൃതിയെ ചെറുക്കണമെന്ന് അന്ന് മനസ്സിലുറച്ചു. പ്രളയത്തെ അതിജീവിക്കാൻ എന്ത് ചെയ്യണമെന്ന ആലോചനയായിരുന്നു പിന്നീട്. പതിനാറു വയസ്സുകാരൻ ബദൽ തിരഞ്ഞ് നടന്നത് ചരിത്രത്തിലേക്കാണ്. അനുകരിക്കാൻ എളുപ്പമല്ലാത്ത ജീവിതകഥയാണ് ഡൽഹി ലെൻസിന് ലോക പരിസ്ഥിതി ദിനത്തിൽ പങ്കുവക്കാനുള്ളത്. ഒറ്റവാക്കിൽ പറഞ്ഞാൽ മനുഷ്യൻ പ്രകൃതിയായ കഥ.

സ്വപ്നങ്ങൾക്ക് മുകളിൽ പെയ്ത ദുരന്തങ്ങൾ

ബ്രഹ്‌മപുത്രയെ ആശ്രയിച്ച് ജീവിക്കുന്നരാണ് ജോർഹട്ടി ഗ്രാമവാസികൾ. പുഴയ്ക്ക് വശങ്ങളിലായി രൂപപ്പെട്ട ഗ്രാമം. കൃഷിയും പശുവളർത്തലുമാണ് പ്രധാന ജീവിതമാർഗ്ഗം. അതിരിട്ടൊഴുകുന്ന ബ്രഹ്‌മപുത്രയാണ് ഗ്രാമത്തിന്റെയാകെ ജീവനാഡി. കരകവിഞ്ഞ് പലപ്പോഴായി വീടകങ്ങളിലേക്ക് പുഴ വന്നതാണ്. അതിവേഗം ഉണങ്ങാവുന്ന മുറിപ്പാടുകളെ അന്ന് വരെ ഉണ്ടാക്കിയൊള്ളൂ. എന്നാൽ 1979 ലെ പേമാരിക്കൊപ്പം ഉണ്ടായ പ്രളയം ഗ്രാമീണ ജീവിതത്തെ അടിമുടി വിറപ്പിച്ചു.

ആർത്തുവന്ന പ്രളയ ജലത്തിനുമുന്നിൽ കീഴടങ്ങാനല്ലാതെ മറ്റൊന്നും സാധിച്ചില്ല. നിമിഷങ്ങൾക്കകം അതിജീവന സാധ്യത പാടെ നശിച്ചു. ഗ്രാമത്തിന്റെ പ്രധാന ജീവനോപാധിയായ കൃഷി തുടച്ചുമാറ്റപ്പെട്ടു. വേരറ്റുപോകാത്ത പുൽക്കൊടിപോലും കിട്ടിയില്ല. പശുക്കളും ആടുമുൾപ്പെടെ ചത്തൊടുങ്ങിയത് നൂറുകണക്കിന് ജീവജാലങ്ങളാണ്. പാഴ് മരങ്ങളും പനയോലയും കൊണ്ട് നിർമ്മിച്ച വീടുകൾ തകർക്കാനും ബ്രഹ്‌മപുത്രക്ക് നിമിഷനേരം മതിയായിരുന്നു.

ജാദവ് മൊലായ് പയേങ് ചെറുപ്പത്തിലെ പഠിക്കാൻ മിടുക്കനാണ്. മറ്റ് ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമായി ഉയർന്ന പഠന നിലവാരം അവിടെയുണ്ട്. പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവർ വിരളമാണ്. വലിയ ജീവിത പ്രതിസന്ധികൾക്കിടയിലും പയേങ് പത്താം തരം പൂർത്തിയാക്കി. പൊതുവിൽ ലളിത ജീവിതം നയിക്കുന്നവരാണ് ഗ്രാമത്തിലെ ഭൂരിഭാഗവും. മറ്റ് ജോലികൾക്കായി പുറത്തുപോകുന്നവർ വളരെ കുറവാണ്. ഗ്രാമത്തിലെ ജീവിത സാഹര്യങ്ങളിൽ അവർ പൂർണ്ണ തൃപ്തരാണ്. കരകവിഞ്ഞ് വരുന്ന ബ്രഹ്‌മപുത്രയാണ് ആകെയുള്ള പ്രതിസന്ധി

പ്രളയം താണ്ഡവമാടിയതിന് ശേഷം വിശ്രമമില്ലാത്ത പരിശ്രമത്തിലൂടെയാണ് ഗ്രാമത്തെ വീണ്ടെടുത്തത്. കൂട്ടായ പ്രവർത്തനത്തിലൂടെ ജീവിതത്തിന്റെ ഒഴുക്ക് അവർ വീണ്ടെടുത്തു. അപ്പോഴും പയെങ് തന്റെ ചിന്തകൾ അവസാനിപ്പിച്ചില്ല. മാസങ്ങൾ കടന്നുപോയി. ബ്രഹ്‌മപുത്രയെ സൂര്യൻ വറ്റിച്ചെടുക്കാൻ തുടങ്ങി. കലിതുള്ളിയാർത്ത പുഴ നൂലുപോലെ മെലിഞ്ഞു. ദിവസങ്ങൾക്കകം ഒരിറ്റു വെള്ളത്തിനായി ബ്രഹ്‌മപുത്ര ദാഹിച്ചു വലഞ്ഞു. ഗ്രാമം വരൾച്ചയുടെ ദുരിത നാളുകളിലേക്ക് കടന്നു. മനുഷ്യനും പ്രകൃതിയും ദാഹജലത്തിനായി കേണു.

ആ ഇടക്കാണ് ഗ്രാമത്തിന് സമീപത്തെ മജൂലി ദ്വീപിൽ മറ്റൊരു ദുരന്തമുണ്ടായത്. അന്ന് പ്രളയത്തിൽ ഒഴുകി വന്ന് ഗ്രാമത്തിന്റെ ഭാഗമായത് നൂറുകണക്കിന് പാമ്പുകളാണ്. മലയിടിഞ്ഞു രൂപപ്പെട്ട വലിയ മണൽകൂനയിലാണ് പിന്നീടവ മാളങ്ങളുണ്ടാക്കിയത്. പൊടുന്നനെ ഉണ്ടായ കടുത്ത വരൾച്ചയിൽ അവക്ക് രക്ഷപെടാൻ സാധിച്ചില്ല. സൂര്യാഘാതത്തിൽ ചത്തൊടുങ്ങിയത് നൂറുകണക്കിന് പാമ്പുകളാണ്. പയെങ് ആ ദുരന്തത്തിന് മുന്നിൽ മറ്റുള്ളവരെപ്പോലെ കരഞ്ഞില്ല. ഇനി ഒരു ജീവനും അപഹരിക്കാൻ പ്രകൃതി ക്ഷോഭങ്ങളെ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു. പിന്നീടങ്ങോട്ട് സ്വപ്നങ്ങൾ അപഹരിച്ച കാലത്തോടുള്ള പോരാട്ടമാണ്.

വിത്തിട്ടത് പുതിയ കാലത്തിനാണ്

പ്രകൃതി ക്ഷോഭങ്ങളെ അതിജീവിക്കാൻ പത്താം ക്ലാസുകാരന്റെ പാഠപുസ്തകം മതിയാകാതെ വന്നു. അത് കൂടുതൽ പരന്ന വായനയിലേക്ക് വഴിവച്ചു. ഗ്രാമത്തിലെ മുതിർന്ന ആളുകളിൽ നിന്നും അറിവുകൾ ശേഖരിച്ചു. അക്ഷരങ്ങളും അനുഭവങ്ങളും കൈകോർത്തപ്പോൾ പലവഴി തെളിഞ്ഞു. എല്ലാം എഴുതി കൈയ്യിൽ കരുതി. കൂട്ടമായി ചത്ത പാമ്പുകൾക്ക് അപ്പോഴും ഉത്തരം കിട്ടിയില്ല. ഗ്രാമത്തിന് പുറത്തേക്കും അറിവുകൾ തേടി യാത്രതിരിച്ചു. ഒടുവിൽ എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിച്ചു.

മണൽ പ്രദേശത്ത് മരത്തെകൾ വെച്ച് പിടിപ്പിക്കുന്ന ജാദവ് പയെങ്

ഏറ്റവും സന്തോഷം തോന്നിയത് പാമ്പുകളെ കുറിച്ചു നേടിയ അറിവുകളിലാണ്. മലവെള്ളത്തെ നീന്തി തോൽപ്പിക്കാനുള്ള ശക്തി പാമ്പുകൾക്ക് ഇല്ലാത്തതുകൊണ്ടാണ് അവ ഒഴുകി വന്നതെന്ന് വ്യക്തമായി. അതിവേഗം വേനൽ കടുത്തതോടെ മണ്ണിൽ ഈർപ്പം ഇല്ലാതായി. മണൽപ്പരപ്പായ മജൂലി ചുട്ടുപൊള്ളി. ഇഴഞ്ഞ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഹെക്റ്റർ കണക്കിന് മണൽപ്പരപ്പായ ദ്വീപിൽ ജലാംശം ഇല്ലായിരുന്നു. മണലിൽ ആണ്ടു പോയ കഠിനമായചൂട് രക്ഷപ്പെടാനുള്ള അവസാന സാധ്യതയും ഇല്ലാതാക്കി. മജൂലി, പാമ്പുകളുടെ ശവപ്പറമ്പായത് അങ്ങനെയാണ്. പ്രളയത്തിൽ പ്രാണൻ നഷ്ട്ടമായ ആകെ ജീവികളുടെ മൂന്നിരട്ടി പാമ്പുകളാണ് ചത്തു മലച്ചത്.

പ്രകൃതിയെ ദൈവമായി കാണുന്നവരാണ് ഗ്രാമവാസികൾ. ഓരോ തവണ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമ്പോഴും അവർ പ്രത്യേക പൂജകൾ നടത്തും. നിയന്ത്രിക്കാനാവാത്ത പ്രകൃതിയെ ദൈവത്തിന്റെ കൈയിൽ ഏൽപ്പിക്കാനാണത്. പയെങ്ങും ആ വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ കെടുതികൾക്ക് മുന്നിൽ വിധിയെ പഴിച്ച് ജീവിക്കാൻ അദ്ദേഹം തയ്യാറായില്ല.

തന്നാലാകും വിധം മരത്തൈകളും വിത്തുകളും സംഘടിപ്പിച്ചു. പലനാടുകളിൽനിന്ന് പല തരത്തിലുള്ളവ. അവയെല്ലാം വലിയ സഞ്ചിയിലാക്കി വരണ്ടുണങ്ങിയ മണ്ണിലേക്ക് ആ മനുഷ്യൻ തനിയെ നടന്നു. ഓരോ വിത്തും സൂക്ഷ്മതയോടെ മണ്ണിലാഴ്ത്തി. പയെങ്ങിന്റെ പ്രവർത്തികൾ കണ്ട് ഗ്രാമവാസികൾക്കൊപ്പം പ്രകൃതിപോലും പരിഹസിച്ചു. അതൊന്നും കേൾക്കാതെ മുന്നോട്ട് തന്നെ നടന്നു. മണ്ണിലാഴ്ത്തിയ വിത്തുകൾ പതിയെ മുളച്ചു പൊന്തി. തരിശുകാടായിരുന്ന മണൽപ്പരപ്പിന് മുകളിൽ പച്ച തുരുത്തുകൾ ഉണ്ടായി. കളിയാക്കിയ പ്രകൃതിയും ഗ്രാമവും ആ മനുഷ്യന് മുന്നിൽ പ്രണമിച്ചു.

വേര് മുളപ്പിച്ചത് കാടിനാണ്

അക്കാലത്താണ് മജൂലിദ്വീപിലേക്ക് പുതിയ പദ്ധതികളുമായി വനം വകുപ്പ് വന്നത്. 200 ഹെക്റ്ററോളം മരം നട്ട് പിടിപ്പിക്കാനായിരുന്നു വനം വകുപ്പിന്റെ പദ്ധതി. പയെങ്ങിന്റെ ഒറ്റയാൾ പോരാട്ടം കണ്ട് ഉദ്യോഗസ്ഥർ അദ്ദേഹത്തെയും കൂടെ ചേർത്തു. കൂടുതൽ ഉത്സാഹത്തോടെ പയെങ് അവർക്കൊപ്പം നിന്നു. അഞ്ച് പേരടങ്ങുന്ന സംഘമാണ് മജൂലിയിൽ മണ്ണിനോട് യുദ്ധം പ്രഖ്യാപിച്ചത്.

രാജ്യത്ത് ലഭ്യമായ വ്യത്യസ്തയിനം മരത്തൈകളും ചെറുചെടികളും നട്ടുപിടിപ്പിച്ചു. ജീവനറ്റ മണ്ണിൽ ഊർവ്വരതയുടെ വേര് ആഴ്ന്നിറങ്ങി. മണ്ണിലേക്കവ ഇഴുകി പടർന്നു. പ്രകൃതി ക്ഷോഭങ്ങളുടെ ക്രൗര്യം കണ്ട് ശീലിച്ച ഗ്രാമം ആ കാഴ്ചകൾക്ക് മുന്നിൽ കൈകൂപ്പി. നീണ്ട അഞ്ചുവർഷക്കാലം ആ മനുഷ്യർ മണ്ണിന് ജീവന്റെ തുടിപ്പ് പകർന്നു. പിന്നീട് വന്ന വാർത്ത ഏറെ നിരാശപ്പെടുത്തി. പദ്ധതി ഏകദേശം വിജയകരമായപ്പോൾ വനം വകുപ്പ് പിൻവാങ്ങി.

പയെങ് ഒഴികെ ബാക്കി നാലുപേരും സ്ഥലംവിട്ടു. കണ്ട സ്വപ്നങ്ങൾ പൂർത്തിയാക്കാതെ തിരിച്ചുപോകാൻ അദ്ദേഹം ഒരുക്കമായില്ല. കൂടുതൽ സമയം അധ്വാനിച്ച് മറ്റുള്ളവരുടെ ജോലികൂടെ ചെയ്തു. ഒരു പൈസ കൂലിയില്ലാതെ രാപ്പകൽ അധ്വാനിക്കുന്ന പയെങ്ങിന് വിഭ്രാന്തിയെന്ന് ചിലർ അടക്കം പറഞ്ഞു. അപ്പോഴും മണ്ണിൽ വിരിയുന്ന ഓരോ പുൽക്കൊടിയും ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു. ആ കാഴ്ചകൾക്ക് മുന്നിൽ പയെങ് മറ്റൊന്നും കേട്ടില്ല.

ഏതാനും വർഷങ്ങൾക്കുള്ളിൽ ചെറുകാടായി ആ പ്രദേശം രൂപപ്പെട്ടു. ജീവികളെ കൂടെ ഉൾകൊള്ളുന്ന കാടാക്കി മാറ്റാനാണ് പിന്നീടുനടത്തിയ ശ്രമങ്ങൾ. ആദ്യഘട്ടത്തിൽ പലതരം ഉറുമ്പുകളെയും മണ്ണിരയെയും കൊണ്ടുവന്നിട്ടു. അക്കാലത്ത് കരുതലായത് കൈപിടിച്ചുവന്ന ജീവിത സഖിയാണ്. വർഷങ്ങൾക്കുള്ളിൽ ഹെക്റ്റർ കണക്കിന് പ്രദേശം പച്ചപ്പണിഞ്ഞു. ദിനംപ്രതി ഇരട്ടി വേഗത്തിൽ പച്ചപ്പ് മുന്നോട്ട് പടർന്നു.

കാട് വളരുന്നതിനൊപ്പം വീട്ടിൽ നിന്നുള്ള ദൂരം കൂടി. പുതുതായി നട്ട ചെടികൾക്ക് കൂടുതൽ പരിചരണവും ആവശ്യമായി വന്നു. മറിച്ചൊന്നും ആലോചിക്കാതെ മനുഷ്യവാസമില്ലാത്ത തന്റെ ചെറുവനത്തിലേക്ക് ജീവിതം പറിച്ചുനട്ടു. ജീവിക്കാനാവശ്യമായ എല്ലാം കാട് തിരിച്ചു നൽകി. പഴങ്ങളും പൂക്കളും തിരഞ്ഞ് മറ്റ് നാടുകളിലെ പക്ഷികളും കൂടുകൂട്ടി. സ്വപ്നം പടർന്നു പന്തലിച്ചത് പയെങ് നിറഞ്ഞ കണ്ണുകളോടെ തിരിച്ചറിഞ്ഞു.

ഇനി ഒരു പ്രളയത്തിനും തീണ്ടാനാവില്ല

ജീവിതം പച്ചവിരിച്ച് കടന്നുപോകുന്നതിനിടക്കാണ് വീണ്ടും പ്രതിസന്ധി ഉണ്ടായത്. ആർത്തലച്ചു വന്ന ബ്രഹ്‌മപുത്ര കാടുകളിലേക്ക് കയറി. നൂറോളം മരങ്ങളുമായാണ് തിരിച്ചിറങ്ങിയത്. അപ്രതീക്ഷിതമായി വന്ന മലവെള്ളം മനസ്സിനെ മുറിവേൽപ്പിച്ചു. മക്കളെക്കാൾ സ്‌നേഹിച്ചു പരിപാലിച്ച മരങ്ങൾ വേരറ്റു കിടക്കുന്നത് സഹിക്കാനായില്ല. ദിവസങ്ങളോളം ഏകനായി നടന്നു. തന്റെ നിശബ്ദത കൂടുതൽ അപകടമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞു. ബ്രഹ്‌മപുത്ര നശിപ്പിച്ച മരങ്ങൾക്കുപകരം ഇരട്ടി തൈകൾ അടുത്ത ദിവസം തന്നെ കുഴിച്ചിട്ടു.

വർഷങ്ങൾക്കുള്ളിൽ ഇടവേളകളില്ലാത്ത പയെങ്ങിന്റെ പരിശ്രമം ഘോരവനമായി. വന്യജീവികൾ പലതും ബ്രഹ്‌മപുത്രവഴി ഒഴുകിവന്ന് കാടുകയറി. മറ്റൊരു കാട്ടിൽ നിന്നുള്ള ആനക്കൂട്ടത്തെ പിന്തുടർന്നുവന്ന വനപാലകർ പുതിയ കാട് കണ്ട് സ്തംഭിച്ചു. പയെങ് എന്ന പ്രകൃതി മനുഷ്യന് ആവോളം സ്‌നേഹം കൊടുത്താണ് അവർ തിരിച്ചത്. തുടർന്നാണ് ജോർഹട്ടിലെ വന്യജീവി റിപ്പോർട്ടറായ ജീത്തു കലിയ ആ അത്ഭുതം തിരഞ്ഞെത്തുന്നത്.

എ. പി. ജെ അബ്ദുൾ കലാമിൽ നിന്ന് ആദരവ് ഏറ്റുവാങ്ങുന്ന ജാദവ് പയെങ്

അവിശ്വസനീയമായ ആ വാർത്ത ലോകം മുഴുവൻ പരന്നു. അദ്ദേഹത്തെ കാണാനും ആ ജീവിതം പഠിക്കാനും ലോകം ഗ്രാമത്തിലേക്ക് എത്തി. ഡൽഹിയിലെ ജവഹർ ലാൽ നെഹ്‌റു സർവ്വകലാശാലയാണ് അദ്ദേഹത്തെ "ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ' എന്ന് വിശേഷിപ്പിച്ചത്. പ്രകൃതി സ്‌നേഹികളും രാജ്യവും പുരസ്‌കാരങ്ങൾകൊണ്ട് നന്ദി പറഞ്ഞു. 2015 ൽ പത്മശ്രീയും പയെങ്ങിന്റെ കാടകങ്ങളെ തേടിയെത്തി.

മരുഭൂമിപോലെ കിടന്ന മജൂലി ദ്വീപ് ഇന്ന് കൊടും കാടാണ്. പയേങ് എന്ന പരിമിതികളില്ലാത്ത മനുഷ്യൻ ഹൃദയം കൊണ്ട് ഉണ്ടാക്കിയതാണത്. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിനെക്കാളും വിസ്തീർണ്ണത്തിൽ 550 ഹെക്റ്ററിൽ പടർന്നു കിടക്കുന്ന മരുപ്പച്ച. ഈ അക്ഷരങ്ങൾ കൂട്ടിയെഴുതുമ്പോഴും മണ്ണിന് ജീവൻ പകരുകയാകും അദ്ദേഹം. ഒരു പ്രത്യേക ദിവസംമാത്രം ഓർത്ത് മറക്കേണ്ട പേരല്ല ജാദവ് പയെങ്. പ്രകൃതിക്കും മനുഷ്യനോടുമൊപ്പം ചേർത്ത് തുന്നിവക്കേണ്ടതുണ്ട്.

Comments