ഇടതു സർക്കാറിന്റെ സൽവാ ജുദും

മാവോയിസ്റ്റ്/ തീവ്രവാദ പ്രവർത്തനങ്ങളെ അമർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഗോത്രവർഗ വിഭാഗങ്ങളിൽ നിന്ന്​ തെരഞ്ഞെടുത്ത 123 പേരുടെ പാസിംഗ് ഔട്ട് പരേഡ് ഫെബ്രവരി 10-നു കേരളത്തിൽ നടന്നു. സൽവാ ജുദുമിനെ സൃഷ്ടിച്ച അതേ ഭരണകൂട യുക്തിയിലാണ് മാവോവാദികൾക്കെതിരെ പോരാടാൻ പ്രത്യേക പരിശീലനം നൽകി ഗോത്രവിഭാഗത്തിൽപ്പെട്ടവരെ തയ്യാറാക്കുന്നത്. മാവോവാദികൾ എന്നൊരു തലക്കെട്ടിൽ എന്തുതരം മനുഷ്യാവകാശ ലംഘനവും നിയമവാഴ്ചയുടെ ലംഘനവും നടന്നുപോകും എന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തുകയാണ് ഈ ഗോത്ര സേനയിലൂടെ ചെയ്യുന്നത്​.

മാവോയിസ്റ്റ്/ തീവ്രവാദ പ്രവർത്തനങ്ങളെ അമർച്ച ചെയ്യുകയെന്ന പ്രത്യേക ലക്ഷ്യത്തോടെ വിവിധ ഗോത്രവർഗ വിഭാഗങ്ങളിൽ നിന്ന്​ തെരഞ്ഞെടുത്ത 123 പേരുടെ പാസിംഗ് ഔട്ട് പരേഡ് ഫെബ്രവരി 10-നു കേരളത്തിൽ നടന്നു. ഇതാണ് ഇവരുടെ പ്രത്യേക നിയമനത്തിന്റെ ലക്ഷ്യമെന്ന് സർക്കാർ പറയുന്നതാണ്. ഒരു ആധുനിക ജനാധിപത്യ സമൂഹത്തിൽ എങ്ങനെയാണ് ഭരണകൂടം പൗരന്മാരെ വേർതിരിച്ചുകാണുന്നതെന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണിത്. ആദിവാസികളെ പരസ്പരം പോരടിപ്പിക്കാൻ തന്നെ ലക്ഷ്യമിട്ട "സൽവാ ജുദും' എന്ന മാവോവാദി വിരുദ്ധ വേട്ടസേനയുടെ അതേ യുക്തിയിലാണ് കേരള സർക്കാർ ഇപ്പോൾ നീങ്ങുന്നത്.

കേരളത്തിലെ ആദിവാസി മേഖലയിൽ എത്ര മാ​വോവാദികളുണ്ട്​?

ആദിവാസികൾക്ക് തൊഴിൽ നൽകുകയോ അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും ലംഘിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജീവിതാവസ്ഥകളിൽ നിന്നും മോചിപ്പിക്കുകയോ ഒന്നുമല്ല ഈ പ്രത്യേക നിയമനത്തിന്റെ ലക്ഷ്യം. അത് ആദിവാസികൾക്കിടയിലെ മാവോവാദി പ്രവർത്തനത്തെ അടിച്ചമർത്തുകയും നേരിടുകയും ചെയ്യലത്രേ! കേരളത്തിലെ ആദിവാസി മേഖലകളിൽ എത്ര മാവോവാദികൾ എന്നതൊരു സർക്കാർ മായാജാലകണക്കാണ്. പ്രത്യേകിച്ച് പരിശോധനകളൊന്നു കൂടാതെ പൊലീസ് സേനയ്ക്കും സർക്കാരിനും ധാരാളം പണം ചെലവഴിക്കാനുള്ള ഒരു മാർഗ്ഗമാണത്. എന്നുമാത്രമല്ല, ഭരണകൂടത്തിനെതിരെ ഉയരുന്ന ഏതു പ്രതിഷേധത്തേയും തങ്ങൾ ഇത്തരത്തിൽ കൈകാര്യം ചെയ്യും എന്ന് കാണിക്കാനുള്ള ഒരു മാതൃകാ പരിപാടി കൂടിയാണ്, കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്ത് മാവോവാദി വേട്ടയുടെ പേരിൽ ആദിവാസി/വന മേഖലകളിൽ നടപ്പാക്കുന്ന പൊലീസ് നിരീക്ഷണവും ജനങ്ങളെ ഭയപ്പെടുത്തലും മർദ്ദിക്കലും ഇടയ്ക്ക് നടത്തുന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളുമൊക്കെ. മാവോവാദികൾ എന്നൊരു തലക്കെട്ടിൽ എന്തുതരം മനുഷ്യാവകാശ ലംഘനവും നിയമവാഴ്ചയുടെ ലംഘനവും നടന്നുപോകും എന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തുകയാണ്.

മാവോവാദ പ്രശ്‌നം എന്ന പേരിൽ സർക്കാർ അതിന്റെ നാനാവിധ പ്രചാരണാഖ്യാനങ്ങളിലൂടെ പൊതുബോധത്തിൽ അടിച്ചുകയറ്റാൻ നോക്കുന്ന ഈ "ക്രമസമാധാന/തീവ്രവാദ പ്രശ്‌നം' വാസ്തവത്തിൽ ഒരു രാഷ്ട്രീയ-സാമൂഹ്യ പ്രശ്‌നമാണ്. അത് നമ്മുടെ സമൂഹത്തിലെ സാമ്പത്തിക അസമത്വവുമായും ഭരണകൂട ഭീകരതയുമായും രാഷ്ട്രീയാധികാരത്തിന്റെ വർഗ്ഗസ്വഭാവവുമായുമൊക്കെ ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ഇന്ത്യയിലെ മാവോവാദി പ്രസ്ഥാനത്തെയോ അതിന്റെ ചരിത്രത്തെയോ രാഷ്ട്രീയ നിലപാടുകളേയോ രാഷ്ട്രീയമായ എതിർപ്പുകളുടെയും പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെയുമൊക്കെ അടിസ്ഥാനത്തിൽ ആർക്കും വിശകലനം ചെയ്യാവുന്നതാണ്. അത് മറ്റൊരു വിപുലമായ ചർച്ചയാണ്.

ഗോത്രവർഗ വിഭാഗങ്ങളിൽ നിന്നുള്ള സ്‌പെഷ്യൽ റിക്രൂട്ടിലൂടെ തെരഞ്ഞെടുത്തവരുടെ പാസ് ഔട്ട് പരേഡിനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത

എന്നാൽ ഇപ്പോൾ കേരള സർക്കാർ ഉണ്ടാക്കിയതു പോലുള്ള, മാവോവാദികളെ നേരിടാനുള്ള പ്രത്യേക പരിശീലനം നൽകി തയ്യാറാക്കിയ, ഗോത്രവർഗത്തിൽപ്പെട്ടവരുടെ പ്രത്യേക നിയമനം എന്നത് വംശീയത നിറഞ്ഞതും ജനാധിപത്യവിരുദ്ധവുമാണ്. മാത്രമല്ല, സുപ്രീം കോടതി നന്ദിനി സുന്ദർ കേസിൽ (2011) നൽകിയ നിർദ്ദേശങ്ങളെ കുറുക്കുവഴിയിലൂടെ മറികടക്കാൻ ഛത്തീസ്ഗഡ് സർക്കാരും കേന്ദ്ര സർക്കാരും നടത്തിയ അതെ വഴിയിലൂടെയാണ് താനും.

സൽവാ ജുദും എന്ന ‘കോർപ​റേറ്റ്​ സേന’

കേന്ദ്ര സർക്കാരും ഛത്തീസ്ഗഡ് സർക്കാരും ചേർന്ന് രൂപം കൊടുത്ത, സർക്കാർ ചെലവിൽ ആദിവാസികളെ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥർ (SPO) എന്ന പേരിൽ ചേർത്ത് നടത്തിയ ഒരു സ്വകാര്യ സായുധ സേനയായിരുന്നു സൽവാ ജുദും. മാവോവാദികളെ കൊന്നൊടുക്കുന്നതിനുവേണ്ടി തുടങ്ങിയ Operation Green Hunt എന്ന കേന്ദ്രസർക്കാരിന്റെ സൈനിക ദൗത്യത്തിന്റെ അനുബന്ധമായി മാറി പിന്നീടിത്. മാവോവാദി വേട്ടയുടെ പേരിൽ സ്വകാര്യ ഖനന കുത്തകകൾക്ക് ഖനനഭൂമി തുറന്നുകൊടുക്കുകയായിരുന്നു ഇതിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. കോർപറേറ്റ് സാമ്പത്തിക താത്പര്യമില്ലാതെ ഒരിടപാടും രാജ്യത്ത് നടക്കുന്നില്ല.

ഉരുക്കു നിർമാണ ശാലകൾക്കും ഖനനത്തിനും വേണ്ടിയുള്ള കോർപ്പറേറ്റ് അജണ്ടയാണ് സൽവാ ജുദും അടക്കമുള്ള സംഘങ്ങളെ പോറ്റിവളർത്താനുള്ള ഒരു കാരണമെന്ന് കാണാം. ഉരുക്കുനിർമ്മാണശാലയ്ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മാവോളിബാട്ട ഗ്രാമത്തിലെ മനുഷ്യർക്ക് ന്യായമായ പുനരധിവാസ പദ്ധതി വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത മുൻ ഐ.എസ്.എസ്.​ ഉദ്യോഗസ്ഥൻ കൂടിയായ ബി.ഡി. ശർമയെ വാഹനത്തിൽ നിന്നും വലിച്ചിറക്കി വസ്ത്രമുരിഞ്ഞു തെരുവിലൂടെ നടത്തിച്ചു ബി.ജെ.പി പ്രവർത്തകർ.

മൊത്തം വിസ്തൃതിയുടെ 44% വനപ്രദേശമുള്ള ഛത്തീസ്ഗഡിൽ ഇരുമ്പയിരിന്റെ ഏറ്റവും വലിയ നിക്ഷേപങ്ങൾക്കുമുകളിൽ ജീവിക്കുന്ന ആദിവാസികളെ പുറത്താക്കാനുള്ള ഏറ്റവും വലിയ തന്ത്രങ്ങളിലൊന്നുകൂടിയാണ് മാവോവാദി വേട്ട. ദന്തെവാഡയിലെ ധുർലി ഗ്രാമത്തിൽ ഗ്രാമവാസികൾ ഒന്നടങ്കം എതിർത്തിട്ടും മഹേന്ദ്ര കർമയും സർക്കാർ സംവിധാനവും ചേർന്ന് വ്യാജരേഖയുണ്ടാക്കി ശരിയായ വാർത്തകൾ പോലും നൽകാതെ എസ്സാർ കമ്പനിക്ക് വേണ്ടി 600 ഹെക്ടർ ഭൂമിക്ക് ഗ്രാമസഭയുടെ സമ്മതമുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ചെയ്തത്. ടാറ്റായുടെ ഉരുക്കുനിർമാണ ശാലയ്ക്ക് 2169 ഹെക്ടർ ഭൂമി പിടിച്ചെടുക്കാനും ബസ്തറിലെ ലോഹാൻഡിഗുഡയിൽ ഇതേ രീതിയിലാണ് സർക്കാർ സംവിധാനവും മഹേന്ദ്ര കർമയടക്കമുള്ള രാഷ്ട്രീയ നേതാക്കളും പ്രവർത്തിച്ചത്. ഇതേ കോർപറേറ്റ് താത്പര്യങ്ങളുടെ സ്വകാര്യ മിലീഷ്യ കൂടിയായിരുന്നു സൽവാ ജുദും.

സൽവാ ജുദും തുടങ്ങുന്നതിനുള്ള (2005) ഏറ്റവും വലിയ പിന്തുണ നൽകിയത് ഛത്തീസ്ഗഡിൽ ഖനനാനുമതി നേടിയ ടാറ്റയും എസ്സാറും അടക്കമുള്ള കമ്പനികളായിരുന്നു. സൽവാ ജുദും നേതാവായിരുന്ന കോൺഗ്രസ് എം. എൽ.എ. മഹേന്ദ്ര കർമയ്ക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുപോലെ പിന്തുണ നൽകി. തുടർന്നങ്ങോട്ടുള്ള ആറു വർഷം ഛത്തീസ്ഗഡിൽ നടന്നത് ഒരു ആധുനിക സമൂഹത്തിനു ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള മനുഷ്യവേട്ടയായിരുന്നു. പതിനായിരക്കണക്കിന് ആദിവാസികളെ അവരുടെ ആവാസകേന്ദ്രങ്ങളിൽ നിന്ന്​ കുടിയൊഴിപ്പിച്ച്​ സൽവാ ജുദും സർക്കാരിന്റെ അർദ്ധ സൈനിക വിഭാഗങ്ങളും കാവൽ നിൽക്കുന്ന താത്ക്കാലിക താവളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മാവോവാദികളെ പിടികൂടാൻ എന്ന പേരിൽ ആദിവാസി ആവാസമേഖലകളിൽ സൽവാ ജുദും സായുധ സേനയും നരനായാട്ട് നടത്തി. റിപ്പോർട്ട്​ ചെയ്യപ്പെടാത്തതും ചെയ്യപ്പെട്ടതുമായ നൂറുകണക്കിന് കൊലപാതകങ്ങൾ, ലൈംഗികാക്രമണങ്ങൾ, പൊലീസ് ചാരനായില്ലെങ്കിൽ മാവോവാദിയെന്ന പേരിൽ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന ഭീഷണി, നാമമാത്രമായ വിദ്യാലയങ്ങൾ കയ്യേറി സായുധ സേനയുടെ ക്യാമ്പുകൾ- അങ്ങനെ മാധ്യമങ്ങളിലൊന്നും റിപ്പോർട്ട് ചെയ്യാതെ ഭരണകൂടം സൂക്ഷിച്ച ഒരു ആഭ്യന്തര ഉന്മൂലനത്തിന്റെ നാളുകളാണവ. ഇപ്പോഴും മറ്റു പല രീതികളിലും അത് തുടരുന്നുമുണ്ട്. വ്യാജ ഏറ്റുമുട്ടലുകൾ വാർത്ത പോലുമല്ല എന്ന അവസ്ഥയാണ് മധ്യ ഇന്ത്യയിലെ നക്‌സൽ വിരുദ്ധ സായുധദൗത്യങ്ങളിലുള്ളത്. 2015-നും 2021-നും ഇടയ്ക്ക് 187 വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളാണ് ഛത്തീസ്ഗഡിൽ മാത്രം നടന്നത്.

ബി.ഡി. ശർമ്മ

സാർക്കേ ഗുഡ എന്ന വനഗ്രാമത്തിൽ സായുധ സേന നടത്തിയ വ്യാജ ഏറ്റുമുട്ടലിൽ കുട്ടികളും സ്ത്രീകളുമടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. ആ സംഭവത്തിനു തൊട്ടുപിന്നാലെ അവിടെ നേരിട്ടുപോയ ഒരാളാണ് ഞാൻ. നിയമവാഴ്ചയുടെയോ മനുഷ്യാവകാശങ്ങളുടെയോ അസ്തമയത്തിന്റെ വെളിച്ചം പോലുമില്ലാത്ത, ഭരണകൂട ഭീകരത അടിമുടി പുതച്ചുനിൽക്കുന്ന അത്തരം പ്രദേശങ്ങളിൽ നിൽക്കുന്ന മുറയ്‌ക്കേ ഒരു മനുഷ്യൻ നിസ്സഹായനായിപ്പോകുന്നു.

നടന്നത്​ ആദിവാസികളുടെ വംശഹത്യ

സൽവാ ജുഡുമിനെ മുൻനിർത്തി ഇന്ത്യൻ ഭരണകൂടം നടത്തിയത് ആദിവാസികളുടെ വംശഹത്യക്കുള്ള ഒരു അസാധാരണ നീക്കം കൂടിയായിരുന്നു. കൊല്ലുന്നതും കൊല്ലപ്പെടുന്നതും ആദിവാസി. ഭരണകൂട ഭീകരതയുടെ കൂലിപ്പട്ടാളം ആദിവാസിയാകുമ്പോൾ സർക്കാർ മാറി നിൽക്കുന്നു എന്ന പ്രതീതി. ദാരിദ്ര്യവും ചൂഷണവും തലമുറകളായി അനുഭവിക്കുന്ന ഒരു ജനവിഭാഗത്തെ, നിസ്സഹായതയും പീഡനങ്ങളും നിറഞ്ഞുനിൽക്കുന്ന അവരുടെ പ്രതിഷേധത്തെ, അവരുടെ തന്നെ ജീവിതത്തിന്റെ ഭാഗമായ മനുഷ്യർക്കെതിരെ തിരിച്ചുവിടാൻ ശ്രമിച്ച ഇന്ത്യൻ ഭരണകൂടം നടത്തിയപോലൊരു കുടില പദ്ധതിക്ക് ആധുനിക ലോകത്ത് സമാനതകൾ ഏറെയില്ല.

സർക്കാരിന്റെ സായുധ സൈനികരേക്കാൾ ഹിംസാത്മകമായിട്ടായിരുന്നു സൽവാ ജുദും പലപ്പോഴും പെരുമാറിയത്. കാലങ്ങളായി അടിച്ചമർത്തപ്പെട്ട കുറെ മനുഷ്യർക്ക്, അവരിൽത്തന്നെ കഷ്ടിച്ച് പ്രായപൂർത്തിയായവർക്കും പ്രായപൂർത്തിയാകാത്തവർക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന മട്ടിൽ ആയുധങ്ങൾ കൊടുത്ത് ആക്രമിക്കാനയക്കുമ്പോൾ അതൊക്കെത്തന്നെയാണ് ഭരണകൂടം ആവശ്യപ്പെട്ടതും. സൽവാ ജുദും സേനയിൽ ചേരുന്നവർക്ക് മാസം 1500 രൂപയും ഒരു തോക്കുമാണ് കൊടുത്തിരുന്നത്. ഒപ്പം മാവോവാദിയെന്ന് സംശയിക്കുന്നവരെയോ തങ്ങൾ പറയുന്നത് അനുസരിക്കാത്തവരെയോ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും. ചുട്ടെരിക്കപ്പെട്ട ഗ്രാമങ്ങൾ, നൂറുകണക്കിന് ലൈംഗികാക്രമണങ്ങൾ, ഒരു രേഖയിലും ഇടംപിടിക്കാത്ത നിരവധി കൊലപാതകങ്ങൾ, ഒരു ലക്ഷം പേരോളം അഭയാർത്ഥികളായി ആന്ധ്രയിലേക്കും ഒഡിഷയിലേക്കും നടത്തിയ പലായനം, താത്ക്കാലിക ആശ്വാസ താവളങ്ങളിലേക്ക് മാറ്റി ഉപജീവനമാർഗം നഷ്ടപെട്ട് വേലിക്കെട്ടിനകത്ത് തോക്കിൻകുഴലിന് കീഴെ ജീവിച്ച അരലക്ഷത്തോളം ആദിവാസികൾ, അങ്ങനെയൊക്കെയായിരുന്നു ആദിവാസികളുടെ പ്രത്യേക സേനയെക്കൊണ്ട് ഭരണകൂടം പണിയെടുപ്പിച്ചത്.

മഹേന്ദ്ര കർമ

നീണ്ട നാളുകളുടെ നരകസൃഷ്ടിക്കുശേഷം 2011-ജൂലായിൽ സുപ്രീം കോടതി സൽവാ ജൂഡുമിനെ എത്രയും വേഗം പിരിച്ചുവിടാൻ സർക്കാരിനോട് നിർദ്ദേശിച്ചു. ഇത്തരത്തിലൊരു സംഘമുണ്ടാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നും മനുഷ്യരുടെ മൗലികാവകാശങ്ങളെപ്പോലും ലംഘിക്കുന്ന ഒരു സ്വകാര്യ സായുധസേനയെ സൃഷ്ടിച്ചിരിക്കുകയാണെന്നുമുള്ള വാദങ്ങൾ കോടതി അംഗീകരിച്ചു. വികസനത്തിന്റെ പേരിൽ നടത്തുന്ന കോർപറേറ്റ് കൊള്ളയുടെ കയ്യാളുകളാണ് ഇത്തരം സേനകൾ എന്ന് കോടതിയുടെ പൊതുനിരീക്ഷണങ്ങളിൽ നിഴലിച്ചു.

വേഷം മാറിയെത്തിയ സൽവാ ജുദും

ധനികർക്ക് നികുതിയിളവുകളും ദരിദ്രരിലെ ചെറുപ്പക്കാർക്ക് കയ്യിൽ തോക്കും നൽകുകയാണ് ഭരണകൂടം ചെയ്യുന്നത്. അങ്ങനെ ചെയ്താൽ അവർ തമ്മിലടിച്ചു മരിച്ചോളും. അതാണ് ഭരണകൂടത്തിന്റെ ഉയർന്ന സാമ്പത്തിക വികസനത്തിന്റെയും സുരക്ഷയുടെയും തലതൊട്ടപ്പന്മാരുടെ പുതിയ മന്ത്രം എന്നാണ് കോടതി പറഞ്ഞത് (Tax breaks for the rich, and guns for the youngsters amongst poor, so that they keep fighting amongst themselves, seems to be the new mantra from the mandarins of security and high economic policy of the state. This, apparently, is to be the grand vision for the development of a nation that has constituted itself as a sovereign, secular, socialist and democratic republic).

നീറിനിൽക്കുന്ന ഒരു ആഭ്യന്തര സംഘർഷത്തിലേക്ക് ആദിവാസി യുവാക്കളെ കൊല്ലാനും കൊല്ലപ്പെടാനുമായി ഇട്ടുകൊടുക്കുകയാണ് ഭരണകൂടമെന്ന് കോടതിവിധിയിൽ പറയുന്നുണ്ട്, It is also equally clear to us that in this policy, of using local youth, jointly devised by the Union and the States facing Maoist insurgency, as implemented in the State of Chattisgarh, the young tribals have literally become cannon fodder in the killing fields of Dantewada and other districts of Chattisgarh (Para 45). ഇത്തരത്തിലൊരു ഭരണഘടനാവിരുദ്ധമായ നയത്തെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു."That some misguided policymakers strenuously advocate this as an opportunity to use such dehumanised sensibilities in the fight against Maoists ought to be a matter of gravest constitutional concerns and deserving of the severest constitutional opprobrium'(Para 52).

സൽവാ ജൂഡുമിനെ പിരിച്ചുവിടാതെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിർവ്വാഹമില്ലാതായി. എന്നാൽ ഏതാണ്ട് ഒരു ദശാബ്ദം കഴിയുമ്പോഴും സൽവാ ജുദും അതിന്റെ രൂപം മാറി സർക്കാരിന്റെ മാവോവാദി വേട്ടയുടെ മുന്നണിയിൽ കൊല്ലാനും കൊല്ലപ്പെടാനുമായുണ്ട്. ഛത്തീസ്ഗഡ് സർക്കാർ സൽവാ ജുദും SPO മാരെ District Reserve Guards (DRG) ആക്കി വേഷം മാറ്റിയെടുത്തു. അർദ്ധ സൈനിക വിഭാഗങ്ങൾ, സൽവാ ജുദും, പൊലീസ് എന്നിവയെല്ലാം നടത്തിയ ഒരതിക്രമത്തിനും ഒരു വിധത്തിലുള്ള ശിക്ഷാ നടപടിയും ഉണ്ടായില്ല. പകരം സൽവാ ജൂഡുമിനെ പിരിച്ചുവിട്ട സുപ്രീം കോടതി വിധി നേടിയ നന്ദിനി സുന്ദറിനെതിരെ കൊലപാതകക്കേസെടുത്തു. അറിയപ്പെടുന്ന അക്കാദമിക്കും പ്രൊഫസറും എഴുത്തുകാരിയമായിട്ടും ഒരുതരത്തിൽ ഇന്ത്യയിലെ ഉപരിവർഗത്തിനു നേടാൻ കഴിയുന്ന സാമൂഹ്യ മൂലധനവും നിയമസൗകര്യങ്ങളും ഒക്കെയുണ്ടായിട്ടും നന്ദിനി സുന്ദറിന് ആ കേസിൽ നിന്ന്​വിമുക്തയാകാൻ വർഷങ്ങളെടുത്തു.

ഇല്ലാത്ത ശത്രുവിനെതിരായ യുദ്ധം

സൽവാ ജുദും ചെയ്ത അതിക്രമങ്ങൾ കേരളത്തിൽ പുതിയതായി നിയമിക്കപ്പെട്ട ഗോത്രവിഭാഗങ്ങളിൽപ്പെട്ട പൊലീസുകാർ ചെയ്യില്ല എന്നതിൽ സംശയമൊന്നുമില്ല. കാരണം അത്തരത്തിലൊരു മാവോവാദി വേട്ടയുടെ സാഹചര്യം ഇവിടെയില്ല. എന്നാൽ പ്രശ്‌നം, സൽവാ ജുദുമിനെ സൃഷ്ടിച്ച അതേ ഭരണകൂട യുക്തിയിലാണ് മാവോവാദികൾക്കെതിരെ പോരാടാൻ പ്രത്യേക പരിശീലനം നൽകി ഗോത്രവിഭാഗത്തിൽപ്പെട്ടവരെ തയ്യാറാക്കുന്നത് എന്നതിലാണ്. കേരളത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ജനസംഖ്യാനുപാതമനുസരിച്ച് നോക്കിയാൽ എല്ലാ വിഭാഗങ്ങളും കാണും. അതെ അനുപാതത്തിലാണോ അവരെ പിടിക്കാൻ പൊലീസുകാർക്ക് പരിശീലനം നൽകുന്നത്? ജാതി തിരിച്ചാണോ പ്രത്യേക പരിശീലനം? പൊലീസിൽ മാവോവാദികൾക്കെതിരെയുള്ള പ്രത്യേക പരിശീലനം ഗോത്രവിഭാഗങ്ങളിൽപ്പെട്ടവർക്ക് നൽകാൻ എന്ത് യുക്തിയാണുള്ളത്?

തികഞ്ഞ വംശീയ മുൻവിധികൾ നിറഞ്ഞുനിൽക്കുന്ന ഈ നടപടി കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ ഇടയിലെ അടിയന്തര പ്രശനം മാവോവാദമാണ് എന്ന മട്ടിലാണ് കാര്യങ്ങളെ കാണുന്നത്. ഗോത്രവിഭാഗങ്ങൾക്കിടയിൽ നിന്ന്​ മാവോവാദികളെ നേരിടാൻ അതായത് കാട്ടിലും മലയിലും കയറാൻ എന്ന് വായിക്കണം, 123 പേർക്ക് പ്രത്യേക പരിശീലനം കൊടുത്ത് പൊലീസിലെടുക്കുമ്പോൾ അധ്യാപനത്തിലേക്കും വൈദ്യശാസ്ത്രത്തിലേക്കും മറ്റ് സാമൂഹ്യ സ്വീകാര്യതയുള്ള ഉദ്യോഗങ്ങളിലേക്കും പ്രത്യേക നിയമനം നടത്താത്തത് എന്തുകൊണ്ടാണ്? ഇനിയെങ്ങനെ നടത്താൻ തീരുമാനിച്ചാൽ അതിന് അർഹരായ എത്രപേർ ഉണ്ടാകും ഗോത്രവിഭാഗങ്ങൾക്കിടയിൽ? എന്തുകൊണ്ടാണ് അത്തരത്തിലൊരു സ്ഥിതി ഇപ്പോഴും നിലനിൽക്കുന്നത്? കേരളത്തിലെ ആദിവാസി ഊരുകളിൽ അതിനു തൊട്ടപ്പുറത്തുള്ള മറ്റു ജനവിഭാഗങ്ങൾ താമസിക്കുന്ന നാട്ടുപ്രദേശങ്ങളെക്കാൾ ശിശു മരണനിരക്കും മാതൃമരണനിരക്കും പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണവുമൊക്കെ കൂടിയിരിക്കുന്നതിന്റെ കാരണം മാവോവാദമാണ് എന്നുകൂടി പറഞ്ഞാൽ കാട്ടിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ വാർത്തകൾ കൂടുതൽ സൃഷ്ടിക്കാമായിരുന്നു.

ഛത്തീസ്ഗഡിലെ കുണ്ടയിൽ നടന്ന ആദ്യത്തെ സൽവാ ജുദും റാലി

ഭരണകൂടത്തിന്റെ അടിച്ചമർത്തൽ ശക്തിയെ നിരന്തരം ജനത്തെ ബോധ്യപ്പെടുത്താൻ ഒരു അരങ്ങ് ഭരണകൂടത്തിന് എപ്പോഴും വേണം. കേരളത്തിൽ ഏറ്റവും എളുപ്പം ആദിവാസി മേഖലകളിലെ മാവോവാദി വേട്ടയാണ്. അരി ചോദിച്ചുവരുന്ന മാവോവാദിയെക്കുറിച്ചുള്ള വാർത്തകൾക്കിടയിൽ പൊലീസ് വകുപ്പിൽ കോടികൾ കണക്കില്ലാതെ കൈകാര്യം ചെയ്യാം, സർക്കാരിന് തീവ്രവാദത്തെ അടിച്ചമർത്താം, എന്തുകൊണ്ട് എന്ന എല്ലാ ചോദ്യങ്ങൾക്കും അതിവിപ്ലവം പരിഹാരമല്ല എന്നൊരു മറുപടി ഒരേമ്പക്കത്തോടെ തട്ടിമൂളിക്കാം.

മാവോവാദികളുടെ ഭീഷണിമൂലം കേരളത്തിലെ ആദിവാസികളുടെ വാസപ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന സർക്കാരിന്റെ വൻകിട വികസനപദ്ധതികളും മാവോവാദികൾ ഭീഷണിപ്പെടുത്തിയതിനാൽ നടക്കാതിരിക്കുന്ന ആദിവാസി ഭൂപ്രശ്‌നത്തിന്റെ പരിഹാര പരിപാടികളുമെല്ലാം ഇനി അതിവേഗത്തിലല്ലെങ്കിലും അർദ്ധ അതിവേഗത്തിലെങ്കിലും നടക്കുമെന്നാണ് നാം മനസിലാക്കേണ്ടത്. അട്ടപ്പാടിയിലെ ആദിവാസികളുടെ നവജാത ശിശുക്കളെ കൊല്ലുന്ന മാവോവാദികളെയും ഉടനടി സർക്കാർ അമർച്ച ചെയ്യും. അതിനാണല്ലോ അതിഭയങ്കരമായ ആയുധങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന ഈ പ്രത്യേക ഗോത്രസേന. ആദിവാസികൾക്കവകാശപ്പെട്ട ഭൂമി കയ്യേറിയ എല്ലാ മാവോവാദികളെയും പുറത്താക്കി ഭൂമി വിതരണം ചെയ്യും. ശേഷം "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം ഉണ്ടായിരിക്കും. പ്രത്യേക ഫീഡർ ബസ് വഴി സിൽവർ ലൈൻ സ്‌റേഷനിലെത്തിക്കുന്ന ആദിവാസികൾക്ക് തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയി തൊഴുതു മടങ്ങാനുള്ള സൗകര്യം ആദിവാസി ക്ഷേമ വകുപ്പ് ഒരുക്കിക്കൊടുക്കും.

ഇല്ലാത്ത ശത്രുവിനെതിരെ യുദ്ധം ചെയ്യൽ ഭരണകൂടത്തിന് ബുദ്ധിമുട്ടുള്ള സംഗതിയല്ല, ഇല്ലാത്ത ശത്രു ഉണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ മതി. അതിൽ വിജയിച്ചാൽ പിന്നെ ആരെയും ആ ശത്രുവിന്റെ ഗണത്തിൽപ്പെടുത്താം. എളുപ്പമാണത്. ‘അർബൻ നക്​സൽ’ എന്നൊരു ശത്രുവിന്റെ സാന്നിധ്യമുണ്ട് എന്ന് സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുന്നത്, ശേഷം അവർക്ക് വേണ്ടിയൊരുക്കിയ കൂട്ടിലേക്ക് ആളുകളെ തള്ളിക്കയറ്റിയാൽ മതി. മുസ്​ലിം ഹിന്ദുവിന്റെ ശത്രുവാണെന്നും ഇന്ത്യയുടെ ശത്രുവാണെന്നും ഒരാഖ്യാനത്തെ പ്രതിഷ്ടിച്ചെടുക്കുന്ന പാടേയുള്ളൂ, പിന്നെ ഏതു മുസ്​ലിമിനെയും അതിൽ കയറ്റിനിർത്താം.

ഇത്തരത്തിലുള്ള ശത്രു സൃഷ്ടിയുടെ ചരിത്രയുക്തിയിലാണ് കേരളത്തിലെ സർക്കാരും. അതിനുപയോഗിക്കുന്ന വംശീയ മുൻവിധികളുടെയും വിവേചനത്തിന്റെയും ഭരണകൂട അടിച്ചമർത്തലിന്റെയും ജനാധിപത്യവിരുദ്ധതയുടെയും യുക്തിയുടെ വളയങ്ങളിലൂടെ നമ്മളെ ചാടിച്ചാൽ പിന്നെ വളയമില്ലാതെ ചാടാമെന്ന് ഭരണകൂടത്തിന് ഉറപ്പുണ്ട്. മൃഗശിക്ഷകന്റെ വളയം കാത്തിരിക്കുന്ന ഭയം ഭക്ഷിക്കുന്ന ജന്തുക്കളാണോ നിങ്ങളെന്ന ചോദ്യത്തിന് നിങ്ങൾ മാത്രമാണ് ഉത്തരം പറയേണ്ടത്.

Comments