വംശീയതയുടെ
കൂറ്റന്‍ കാല്‍ മുട്ടുകള്‍
വംശീയതയുടെ കൂറ്റന്‍ കാല്‍ മുട്ടുകള്‍
10 Jun 2020, 01:47 PM
""എനിക്ക് ശ്വാസം മുട്ടുന്നു'' എന്ന് കരയുന്ന, പൊലീസിന്റെ കാല്‍മുട്ടാല്‍ കഴുത്ത് ഞെരിക്കപ്പെടുന്ന ജോര്‍ജ് ഫ്‌ലോയിഡിന്റെ വീഡിയോ കറുത്തവര്‍ഗ്ഗക്കാരുടെ ദയനീയത മാത്രമല്ല അമേരിക്കന്‍ പൊതുസമൂഹത്തിന്റെ മുഴുവന്‍ പീഡാനുഭവത്തിന്റെ ദൃശ്യസത്യമായി മാറിയിരിക്കയാണ്.

ആപല്‍സന്ധിയ്ക്കുമേല്‍ ആപല്‍സന്ധിയാണിന്ന് അമേരിക്കയില്‍ വന്നുകൂടിയിരിക്കുന്നത്. A pandemic within a pandemic എന്ന് ന്യൂയോര്‍ക് ടൈംസും A crisis multiplied by a crisis= a crisis cubed എന്ന് ന്യൂയോര്‍ക്കര്‍ മാഗസിനും വിശേഷിപ്പിച്ചത്. കോവിഡ് -19 വൈറസ് പരമവ്യാധിയായി പടര്‍ന്ന് പിടിച്ച് ലക്ഷത്തിനു മുകളില്‍ മരണസംഖ്യ എത്തി പിന്നെയും ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുമ്പോള്‍, 40 മില്ല്യണ്‍ ആള്‍ക്കാര്‍ തൊഴില്‍ നഷ്ടപ്പെട്ടലയുമ്പോള്‍ത്തന്നെയാണ് വംശവെറിയുടെ ഉല്‍ക്കടദൃഷ്ടാന്തമായി കറുത്തവര്‍ഗ്ഗക്കാര്‍ കൊലപാതകത്തിനിരയാകുന്നത്. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യം, മറ്റ് രാജ്യങ്ങളുടെ വല്ല്യേട്ടന്‍ ഇന്ന് മറ്റ് രാഷ്ട്രങ്ങളെ അന്ധാളിപ്പിക്കുകയാണ്. വംശീയ വിദ്വേഷങ്ങള്‍ അമേരിക്കയുടെ കുത്തകയൊന്നുമല്ല, പല രാജ്യങ്ങളില്‍ രൂക്ഷതരമായി, സമൂഹത്തില്‍ അന്തര്‍ധാരയായി നിലവിലുള്ളതാണ്. പക്ഷേ അമേരിക്ക സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും നാടാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ജനതയുടേതാണ്. തുല്യതയ്ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട, പവിത്രപ്രതിഷ്ഠിതമായ, ആരാധിക്കപ്പെട്ട പരിപാവന ദേശ (dedicated, consecrated, hallowed) മാണെന്ന് എബ്രഹാം ലിങ്കണ്‍ ഉദ്‌ഘോഷിച്ച നാടാണ്. അവിടത്തെ വംശഹത്യയുടെ മാനങ്ങള്‍ അതുകൊണ്ട് തന്നെ വിപുലമാണ്. തെരുവിലെ പ്രതിഷേധങ്ങള്‍ വ്യാപകമാവുകയാണെന്ന് മാത്രമല്ല ലോകരാഷ്ട്രത്തലവന്മാര്‍ കഠിനമായി അപലപിയ്ക്കുകയും ചെയ്തിരിക്കുന്നു, കറുത്തവര്‍ഗ്ഗക്കാരെ ശ്വാസം മുട്ടിയ്ക്കുന്ന വംശീയതയുടെ കൂറ്റന്‍ കാല്‍ മുട്ടുകള്‍.
നിയമപാലകരുടെ വേഷം അണിഞ്ഞ വെള്ളക്കാര്‍ നിയമസുരക്ഷാപദ്ധതിയുടെ അടിവേരുകളില്‍ത്തന്നെ ഹിംസയും വര്‍ണ്ണവെറിയും വളം ചേര്‍ത്തിട്ടുണ്ട് എന്ന് ചരിത്രകാരന്മാര്‍. അപൂര്‍വ്വമായിരിക്കേണ്ടത് അതിസാധാരണമായ അവസ്ഥ.
ജോര്‍ജ്ജ് ഫ്‌ലോയ്ഡ്, ബ്രിയോണ റ്റെയ് ലര്‍, അഹമൗദ് ആര്‍ബെറി -ഈ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ പൊലീസിന്റെ തോക്കിനിരയായവര്‍. കൊന്നുകളഞ്ഞു എന്നു വേണം പറയാന്‍.ജോര്‍ജ്ജ് ഫ്‌ലോയിഡിനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി, ബ്രിയോണയെ അവരുടെ സ്വന്തം അപാര്‍ട്‌മെന്റില്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് വന്നപ്പോള്‍, അഹമൗദിനെ വെറുതേ നിരത്തില്‍ ജോഗ് ചെയ്തുകൊണിരുന്നപ്പോള്‍. വര്‍ഷങ്ങളായി വെള്ളക്കാരായ പൊലീസുകാരുടെ വംശവെറി എന്ന മാരകായുധം മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ നീണ്ടനിരയില്‍ അവസാനത്തെ മൂന്നു പേര്‍ എന്ന് മാത്രം. നിയമപാലകരുടെ വേഷം അണിഞ്ഞ വെള്ളക്കാര്‍ നിയമസുരക്ഷാപദ്ധതിയുടെ അടിവേരുകളില്‍ത്തന്നെ ഹിംസയും വര്‍ണ്ണവെറിയും വളം ചേര്‍ത്തിട്ടുണ്ട് എന്ന് ചരിത്രകാരന്മാര്‍. അപൂര്‍വ്വമായിരിക്കേണ്ടത് അതിസാധാരണമായ അവസ്ഥ. പ്രതിഷേധപ്രകടനങ്ങള്‍ പിന്‍ തുടര്‍ച്ചയായി നിരത്തുകളെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്. പക്ഷേ ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിനപ്പുറവും പടര്‍ന്ന ഇതിന്റെ താത്വികാവലോകനങ്ങള്‍ക്ക് ചില നൂതന അന്തര്‍ധാരകള്‍ സജീവമായിട്ടുണ്ട്.

1600 കള്‍ മുതലിങ്ങോട്ട് "അടിമ പട്രൊള്‍' (Slave patrol) എന്ന വ്യവസ്ഥ പൊതുസുരക്ഷ നടപ്പിലാക്കുക എന്ന ഉദ്ദേശത്തിനപ്പുറം വെള്ളക്കാരന്റെ സ്വത്ത് സംരക്ഷിക്കുക എന്നതായിരുന്നു. 1865-ല്‍ അടിമത്തം അവസാനിച്ചു, ആധുനിക പൊലീസ് ഡിപ്പാർട്‌മെന്റ് നടപ്പിലായി, നിയമം എല്ലാവര്‍ക്കും ബാധകം എന്ന മട്ടില്‍. പക്ഷേ കറുത്തവര്‍ക്കെതിരായ അക്രമങ്ങള്‍ തുടര്‍ന്നു, വംശീയതയുടെ ക്രൂരതകള്‍ ബാക്കി നിന്നു. 1964 -ലെ സിവിലവകാശ നിയമം (Civil rights act) സമത്വം നിയമവിധേയമാണെന്ന് പ്രഖ്യാപിച്ചു, 1971-ല്‍ ലഹരിമരുന്നിനെതിരേ ഉള്ള യുദ്ധം എന്ന വ്യാജേന നിക്‌സണ്‍ ഗവണ്മെന്റ് നടപ്പിലാക്കിയ ചില നിയമങ്ങള്‍ ആഫ്രിക്കന്‍ അമേരിക്കക്കാരെ ജയിലില്‍ പിടിച്ചിടാനുള്ള ഗൂഢതന്ത്രം ആയിരുന്നെന്ന് പില്‍ക്കാലത്ത് തെളിഞ്ഞു.
വെള്ളക്കാരെ അപേക്ഷിച്ച് രണ്ടര ഇരട്ടിയാണ് ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ പൊലീസിനാല്‍ കൊല്ലപ്പെടാനുള്ള സാദ്ധ്യത.
1994-ലെ Crime Bill (ഇന്നത്തെ ഡമോക്രാറ്റിക് നോമിനി ആയ ജോ ബൈഡന്‍ ആണ് ഇതിന്റെ ഉപജ്ഞാതാവ് എന്നത് ഒരു വിരോധാഭാസം തന്നെ) കൂടുതല്‍ കറുത്ത വര്‍ഗ്ഗക്കാരെ ജയിലിലെത്തിക്കാന്‍ സഹായിക്കുകയാണുണ്ടായത് എന്നത് സുവിദിതമാണ് താനും. ഇന്ന് ജയിലഴികള്‍ക്കുള്ളില്‍ 2.2 മില്ല്യണ്‍ ആള്‍ക്കാരുണ്ടെങ്കില്‍ അതില്‍ 34% വും കറുത്തവര്‍ഗ്ഗക്കാര്‍ തന്നെ. ജനസംഖ്യയുടെ 13% മാത്രം വരുന്നവര്‍. വെള്ളക്കാരെ അപേക്ഷിച്ച് രണ്ടര ഇരട്ടിയാണ് ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ പൊലീസിനാല്‍ കൊല്ലപ്പെടാനുള്ള സാദ്ധ്യത. യാതൊരു പ്രകോപനവുമില്ലാതെ 2012-ല്‍ ട്രയോണ്‍ മാര്‍ടിന്‍ എന്ന 18കാരന്‍, 2014-ല്‍ മൈക്കിള്‍ ബ്രൗണ്‍ എന്ന 17കാരന്‍ എല്ലാം പൊലീസിനാല്‍ കൊല്ലപ്പെടുകയും കൊലപാതകികളെ വെറുതെ വിടുകയും ചെയ്തതോടെ "Black lives matter:'(കറുത്തവരുടെ ജീവന്‍ സാധുതാപ്രധാനം) എന്ന മുദ്രാവാക്യം ഉടലെടുത്തത് ആധുനികചരിത്രം. 1992-ല്‍ കാലിഫോർണിയയില്‍ റോഡ്‌നി കിങ് എന്നയാളുടെ പൊലീസ് കൊലപാതകം വന്‍തോതിലുള്ള കലാപങ്ങള്‍ക്ക് ഇടയാക്കിയത് വീഡിയോ ദൃശ്യങ്ങള്‍ക്ക് ക്രൂരസത്യങ്ങള്‍ വെളിവാക്കാനുള്ള അനാദൃശകഴിവ് ഉള്ളതുകൊണ്ട് കൂടിയാണ്. ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് വച്ച് ഞെരുക്കുന്ന വീഡിയോ 9 മിനുട്ട് നീളമുള്ളതാണ്.
കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്ന, അല്ലെങ്കില്‍ കണക്കുകൂട്ടലുകള്‍ ഇല്ലാത്ത, വികലചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഭരണകൂടം പ്രതിഷേധങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി എന്ന് മാത്രമല്ല കറുത്ത വര്‍ഗ്ഗക്കാര്‍ ആത്യന്തികമായ ചില തിരിച്ചറിവുകള്‍ സ്വായത്തമാക്കുകയും ചെയ്തു. കോവിഡ് 19 വൈറസിനെ നേരിടുന്നതില്‍ -മഹാമാരി എന്ന് അംഗീകരിക്കുന്നതില്‍ എന്ന് പറയുന്നതാണ് കൂടുതല്‍ ശരി-വന്‍ പാളിച്ചകള്‍ സംഭവിച്ചു എന്നത് കറുത്തവര്‍ഗ്ഗക്കാരെ ആണ് ഏറ്റവും ബാധിച്ചത്. കറുത്ത വര്‍ഗ്ഗക്കാരുടെ ഇടയ്ക്കാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ചികില്‍സ കിട്ടാതെ ആശുപത്രിയില്‍ നിന്ന് പറഞ്ഞയക്കപ്പെട്ടവരിലും കറുത്ത വര്‍ഗ്ഗക്കാരാണ് മുന്‍പില്‍. ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടപ്പെട്ടവരും കറുത്ത വര്‍ഗ്ഗക്കാര്‍. സ്പാനിഷ് വംശജരും ഒപ്പമുണ്ട്. മാര്‍ച്ച് മാസത്തില്‍ ഒരു മഹാമാരി (പാന്‍ഡെമിക്) വരുമെന്ന് അരും വിചാരിച്ചില്ല എന്ന കള്ളം (?) പറഞ്ഞ ട്രംപ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ നിസ്സംഗത പുലര്‍ത്തി എന്ന് മാത്രമല്ല പ്രതിഷേധക്കാരെ തീവ്രപ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭയപ്പെടുത്തുകയുമാണ് ചെയ്തത്. ""കൊള്ള നടത്തിയാല്‍ കൊലപതകം നടത്തും'' (When the looting starts the shooting starts) എന്ന് പരസ്യപ്രസ്താവന നടത്താന്‍ ഒരുമ്പെട്ടു എന്ന് മാത്രമല്ല പ്രതിഷേധക്കാരെ വംശീയ ഇകഴ്ത്തല്‍ സൂചിപ്പിക്കുന്ന "ഗുണ്ടകള്‍' (thugs) എന്ന് വിളിച്ച് ആക്ഷേപിക്കുകയുമാണുണ്ടായത്. 2017-ല്‍ത്തന്നെ പ്രതികള്‍ എന്ന് സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കൂടുതല്‍ ശക്തി ഉപയോഗിക്കാന്‍ ട്രംപ് ആഹ്വാനം ചെയ്യുകയുമുണ്ടായിട്ടുണ്ട്.

അക്കൊല്ലം തന്നെ പൊലീസിന്റെ അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാനുള്ള പൗരാവകാശവിഭാഗത്തിന്റെ ചുമതലകളും അവകാശങ്ങളും ഭരണകൂടം ദുര്‍ബലമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അര്‍ത്ഥം മോശം പൊലീസ് പെരുമാറ്റങ്ങള്‍ പുഴുവരിച്ച് ദുഷിപ്പിച്ച സമൂഹങ്ങളില്‍ അമര്‍ഷവിദ്വേഷങ്ങള്‍ കുമിഞ്ഞുകൂടുകയും മേലധികാരികള്‍ ഇത് അവഗണിയ്ക്കുകയും ഒരു ദിവസം വന്‍ പൊട്ടിത്തെറിയില്‍ കലാശിയ്ക്കുകയും ചെയ്യും എന്ന് തന്നെയാണ്. ഈ സ്‌ഫോടനങ്ങളാണ് ഇന്ന് അമേരിക്കന്‍ നഗരങ്ങളില്‍ പ്രകടമാകുന്നത്. ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട മിനിയാപ്പൊളിസില്‍ കഴിഞ്ഞ അഞ്ചുകൊല്ലങ്ങളില്‍ മൂന്നു പേരാണ് പൊലീസിനാല്‍ വധിക്കപ്പെട്ടത്, മൂന്നും വംശീയത അടിസ്ഥാനപ്പെടുത്തിയത്. സിയാറ്റിലില്‍ കൊറോണ വൈറസ് ബാധ ആദ്യമായി നിരീക്ഷിക്കപ്പെട്ടത് അവഗണിച്ചതിന്റെ പ്രത്യഘാതങ്ങള്‍ ഇപ്പോള്‍ നമുക്ക് അറിയാം, ഒരു ലക്ഷത്തില്‍ക്കൂടുതല്‍ പേരെ കൊറോണ വൈറസിനു കൊല്ലാന്‍ വിട്ടുകൊടുത്തു എന്നതു തന്നെ. മിനിയാപ്പൊളിസിലെ പൊലീസിന്റെ വര്‍ണ്ണവെറി, അവജ്ഞ സമാന്തരമായ പരിണിതഫലങ്ങള്‍ ഉളവാക്കിയെങ്കില്‍ അത്ഭുതപ്പെടാനില്ല. ഭാവിജ്ഞാനത്തിന്റേയും ആസൂത്രണത്തിന്റേയും പ്രാധാന്യത്തെക്കുറിച്ചുള്ള പഠനമാണ് മിനിയാപ്പൊളിസിലെ സംഭവം; ഇതുരണ്ടും ഇല്ലാതായാല്‍ എന്തു സംഭവിക്കും എന്നതിന്റെ ഉദാഹരണവും.
കറുത്ത വര്‍ഗ്ഗക്കാരുടെ ഇടയ്ക്കാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ചികില്‍സ കിട്ടാതെ ആശുപത്രിയില്‍ നിന്ന് പറഞ്ഞയക്കപ്പെട്ടവരിലും കറുത്ത വര്‍ഗ്ഗക്കാരാണ് മുന്‍പില്‍. ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടപ്പെട്ടവരും കറുത്ത വര്‍ഗ്ഗക്കാര്‍.
പക്ഷേ ഇത്തവണത്തെ പ്രതിഷേധപ്രകടനങ്ങള്‍ ഇന്നുവരെയുള്ളവയുടെ ചരിത്രത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ്. വെള്ളക്കാരുടെ വന്‍ സാന്നിദ്ധ്യമാണത്. കറുത്തവര്‍ അവരുടെ പ്രതിഷേധവും അമര്‍ഷവും പ്രകടിപ്പിക്കാന്‍ തെരുവിലിറങ്ങുക എന്ന പതിവ് രീതി വിട്ട് അനേകം വെള്ളക്കാര്‍ സജീവമായി പ്രകടനങ്ങളില്‍ പങ്കെടുത്തു എന്ന് മാത്രമല്ല ചില നഗരങ്ങളില്‍ വെള്ളക്കാര്‍ തന്നെയാണ് പ്രകടനക്കാരില്‍ ഭൂരിപക്ഷവും എന്നത് ചരിത്ര സംഭവം തന്നെ. കറുത്തവര്‍ഗ്ഗക്കാരുടെ സ്വകാര്യ ദുഃഖം എന്ന നില വിട്ട് ഒരു ജനതയുടെ മുഴുവന്‍ ദുരനുഭവം എന്ന സാര്‍വ്വലൗകിക ചിന്താപദ്ധതിയുടെ ആവിര്‍ഭാവം കൂടി ആയിരിക്കുന്നു ഇന്ന് എല്ലാ നഗരങ്ങളിലും പൊട്ടിപ്പുറപ്പെടുന്ന നിഷേധപ്രദര്‍ശനങ്ങള്‍. ഇവിടെയാണ് കൊറോണ വൈറസ് മഹാമാരിയുടെ പ്രസക്തി പ്രത്യക്ഷപ്പെടുന്നത്. ട്രംപിനു വോട്ടുചെയ്ത് ജയിപ്പിക്കാന്‍ ഉല്‍സാഹിച്ച താഴ്ന്ന മധ്യവര്‍ഗ്ഗ വെള്ളക്കാര്‍ തന്നെയാണ് കറുത്ത വര്‍ഗ്ഗത്തോടൊപ്പം വൈറസ് ബാധയാല്‍ ഏറ്റവും കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നത്.

ആരോഗ്യപരിപാലനരംഗത്തെ വന്‍ പാളിച്ചകള്‍ മറനീക്കി പുറത്ത് വന്ന് ഇവരെ ദുരന്തങ്ങളിലേക്ക് തള്ളിവിട്ടതിനു ചരിത്രസമാനതകളില്ല. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ രക്ഷിക്കാന്‍ ഭരണകൂടത്തിന് യാതൊരു താല്‍പ്പര്യവുമില്ല എന്ന ക്രൂരസത്യം ആഴത്തില്‍ പതിയ്ക്കുക തന്നെ ചെയ്തു. തങ്ങളുടെ ജീവനും തുച്ഛവില എന്നത് മനസ്സിലാക്കിയ വെള്ളക്കാര്‍ സമാനദുരിതാനുഭാവികളോട് സ്വാഭാവികമായി യോജിച്ചു എന്നത് യുക്തിസഹിതം തന്നെ. ട്രംപ് പട്ടാളത്തെ തന്നെ തെരുവില്‍ ഇറക്കിയെങ്കിലും കഠിനപ്രയോഗങ്ങള്‍-റ്റിയര്‍ ഗ്യാസ് പോലുള്ളവ-നടപ്പാക്കിയെങ്കിലും കറുത്തവര്‍ക്കു വേണ്ടി വെള്ളക്കാര്‍ പ്രതിഷേധവുമായെത്തിയത് നിഷ്ഠൂരനാടകം കളിച്ച ഭരണാധികാരികള്‍ക്ക് നിനച്ചിരിയാതെ കിട്ടിയ തിരിച്ചടിയാണ്. പട്ടാളക്കാര്‍ വെടി വെച്ചിരുന്നെങ്കില്‍, വെള്ളക്കാര്‍ മരിച്ചിരുന്നു എങ്കില്‍ കളി മാറിയേനേ.
ഒരു സിവില്‍ സമൂഹത്തിനെ പട്ടാളത്തെ ഇറക്കുകയും "ദാ വെടിവെപ്പ് തുടങ്ങുന്നു' (തെ ഷൂറ്റിങ് സ്റ്റര്‍റ്റ്‌സ്) എന്ന് ഭയപ്പെടുത്തി ട്വിറ്ററില്‍ പ്രഖ്യാപിക്കുകയും ചെയ്തത് ജനായത്തസമ്പ്രദായത്തിനേറ്റ പ്രഹരം തന്നെ. ഈ പ്രഖ്യാപനം അതിഹിംസ വാഴ്ത്തിസ്തുതിക്കപ്പെടുന്നതാകയാല്‍ ട്വിറ്റര്‍ കമ്പനി തന്നെ അവരുടെ നയ-നീതി തന്ത്രങ്ങള്‍ക്ക് എതിരായിരിക്കുന്നു ഇത് എന്ന് പ്രസ്താവിക്കുകയുണ്ടായി. സ്വന്തം പ്രജകളെ പട്ടാളക്കാരെക്കൊണ്ട് വെടിവച്ച് കൊല്ലിയ്ക്കും എന്ന പ്രസിഡന്റിന്റെ ഭീഷണി ഉചിതനേതൃത്വത്തിനും വിവേകനൈപുണ്യത്തിനും വിരോധാലങ്കാരമായി ഭവിച്ചിരിക്കുന്നു എന്ന് മാത്രമല്ല പൊതുജനക്ഷേമത്തിനും സ്വാസ്ഥ്യത്തിനും അതിഹാനികരവുമാണ്. കൊറോണ വൈറസ് വ്യാധിയ്ക്ക് അണുനാശിനിവിഷം കുത്തി വയ്ക്കണമെന്ന പ്രസ്താവനപോലെ തന്നെ.
കൊറോണ വൈറസിനാല്‍ കൊല്ലപ്പെടാനുള്ള സാധ്യത പൊലീസിനാല്‍ കൊല്ലപ്പെടാനുമുണ്ട് എന്നാണ് പൊതുമനസ്സിന്റെ ന്യായം.
ആഫ്രിക്കന്‍ അമേരിക്കക്കാര്‍ മൂന്ന് അത്യുഗ്രാഘാതങ്ങളാണ് അഭിമുഖീകരിക്കുന്നത്. പൊലീസ് ഹിംസകള്‍, ഞെരിച്ചുപിഴിയുന്ന തൊഴിലില്ലായ്മ, ഈ നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധി എന്നിവ. പൊതുസമൂഹത്തിന്റെ ആകുലതകളും ഉല്‍ക്കണ്ഠകളും കൊറോണ വ്യാധി വെളിച്ചത്താക്കിയ കുടില വംശീയ വൈജാത്യങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടാണിരിക്കുന്നത്. കൊറോണ വൈറസിനാല്‍ കൊല്ലപ്പെടാനുള്ള സാധ്യത പൊലീസിനാല്‍ കൊല്ലപ്പെടാനുമുണ്ട് എന്നാണ് പൊതുമനസ്സിന്റെ ന്യായം. ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ടപ്പോള്‍ കൊറോണ ബാധിച്ചിട്ട് അതിജീവിച്ചവനായിരുന്നു എന്ന വിരോധാഭാസം സത്യത്തിന്റെ മുഖം തുറന്നുകാട്ടുന്നു.
സയിന്റിസ്റ്റ്, എഴുത്തുകാരന്‍
എം.കെ തങ്കപ്
14 Jun 2020, 02:51 AM
1789-ലെ പ
Kamalasanan
10 Jun 2020, 08:45 PM
എനിക്കു ശ്വാസം മുട്ടുന്നു...
Sabith
10 Jun 2020, 04:13 PM
Nalla അവതരണം
ദിലീപ് പ്രേമചന്ദ്രൻ
Dec 24, 2022
34 Minutes Watch
സുദീപ് സുധാകരൻ
Dec 22, 2022
3 Minutes Read
എതിരൻ കതിരവൻ
Oct 29, 2022
6 Minutes Read
എതിരൻ കതിരവൻ
Oct 10, 2022
10 Minutes Read
എതിരൻ കതിരവൻ
Sep 06, 2022
4 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Apr 06, 2022
32 Minutes Watch
Haris EP Mohammed
26 Jun 2021, 12:18 PM
........അമേരിക്കൻ വർണ്ണ വെറി എങ്ങനെ കാ ലാതിവർത്തി ആയി പ്രവർത്തിക്കുന്നു എന്ന് സമഗ്രമായി എഴുതി.......