ആ കസേരയിൽ ഇരിയ്ക്കുന്ന പൈശാചിക ട്രംപിസം

കോവിഡ് വൈറസിനെ ഒരു കൊല്ലത്തിനകം വരുതിയിലാക്കാം, പക്ഷേ ബൈഡന്റേയും കമല ഹാരിസിന്റേയും ഏറ്റവും വലിയ വെല്ലുവിളി ട്രംപ്​ വളർത്തി അഴിച്ചുവിട്ട വിഷപ്പാമ്പുകളെ നേരിടുക എന്നതാണ്

നുവരി ആറിന് ക്യാപിറ്റൊൾ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറി അതിനകത്ത് കാട്ടിക്കൂട്ടിയ വിക്രിയയിലെ ഒരു ഫോട്ടോ ശ്രദ്ധയർഹിക്കുന്നു. സെനറ്റ് ചേംബറിലെ അധ്യക്ഷക്കസേരയാണ്​ ആ ഫോട്ടോയിലുണ്ടായിരുന്നത്​. നാൻസി പെലോസിയുടെ ഓഫീസിൽ കയറി ഇരിയ്ക്കുന്ന ആളുടെ മറ്റൊരു ദൃശ്യവുമുണ്ട്. 1814 ൽ ബ്രിട്ടീഷുകാർ തീവച്ചതിനുശേഷം ആദ്യമായി ക്യാപിറ്റോൾ നാശകോശമാക്കിയ വേള. ഒന്നാം ഭേദഗതി (First amendment) യുടെ ഭാഗമായ, പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലായിരുന്നു ഇത്, ഒരു രാഷ്ട്രീയ റാലി അല്ലായിരുന്നു, രാജ്യദ്രോഹത്തിന്റേയും വിശ്വാസഘാതകത്വത്തിന്റേയും കലാപം അറിഞ്ഞുകൊണ്ടുതന്നെ സൃഷ്ടിച്ച പരമോന്നത ഭരണാധികാരിയുടെ, സ്വന്തം ഭരണകൂടത്തിനേയും ജനാധിപത്യത്തേയും ഒറ്റയടിക്ക് വീഴ്ത്താനുള്ള നീചശ്രമത്തിന്റെ തെളിച്ചമാർന്ന പ്രദർശനവേളയായിരുന്നു.

ക്യാപിറ്റോളിലെ സെനറ്റ് ചേംബറിന്​ അതിന്റേതായ വിമലത്വം ഉണ്ട്. ലോകചരിത്രം തന്നെ നിർമിക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുള്ള തീരുമാനങ്ങൾ പ്രകമ്പനം കൊണ്ടിട്ടുള്ള സവിശേഷ ഇടമാണത്. യുദ്ധങ്ങൾ അവിടെ നിന്ന് തുടങ്ങിയിട്ടുണ്ട്, യുദ്ധങ്ങൾ അവസാനിച്ചിട്ടുണ്ട്. പക്ഷേ അമേരിക്കൻ ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദുവുമാണത്. ആ കസേരയ്ക്ക് അതിന്റേതായ ദിവ്യത്വവും ബഹുമാന്യതയും ഉണ്ട്. ഇരുനൂറിൽപ്പരം വർഷങ്ങളിൽ പലേ ഡെമോക്രാറ്റ്/റിപ്പബ്ലിക്കൻ ഭരണസാരഥികളും ഇരുന്ന് അമേരിക്കയുടെയും ലോകത്തിന്റേയും ഭാഗധേയം നിർമ്മിച്ചെടുത്ത ഹരിവരാസനം തന്നെ അത്. അതിന്മേലാണ് തീവ്രവാദത്തിന്റെ വേതാളം കയറി ഇരുന്നത്. മറ്റൊരു രാജ്യത്തു നിന്നും കയ്യേറാൻ വന്നവരല്ലിവർ, സ്വരാജ്യത്തെ അന്തകവാദികൾ തന്നെ. ശുദ്ധ വെള്ളക്കാർ, നൂറുശതമാനവും അമേരിക്കൻ പൗരർ.

ക്യാപിറ്റോൾ കെട്ടിടത്തിനു മുകളിൽ കയറിയ അക്രമികൾക്കുനേരെ ടിയർ ഗ്യാസ് പ്രയോഗിച്ചപ്പോൾ / Photo:Tyler Merbler, Commons.wikimedia

മൂന്നാം ലോകരാജ്യങ്ങളിൽ നടക്കുന്നതുപോലെ എന്ന് ഇതിനെ പലരും വിശേഷിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഒരു വിമാനത്താവളക്കെട്ടിടത്തിനു മുകളിൽ വലിഞ്ഞു കയറി ഒരു ഗ്രൂപ്പ് അവരുടെ കൊടിനാട്ടിയതിനോട് സാമ്യം തോന്നുന്ന ചില ദൃശ്യങ്ങളുമുണ്ട്; ക്യാപിറ്റോളിനു മുകളിൽ കയറി കൊടിവീശുന്നവരുടേത്. ഭരണകൂടത്തിനോടുള്ള അതൃപ്തിയും വെറുപ്പും വെല്ലുവിളിയും കാരണമാക്കി അതിന്റെ ആസ്ഥാനങ്ങളെ കയ്യേറാൻ ശ്രമിക്കുന്നത് പല രാജ്യങ്ങളിലും നാം കണ്ടിട്ടുണ്ട്. പക്ഷേ ഒരു ജനായത്തരാജ്യത്തിലെ പ്രസിഡന്റ് തന്നെ ആഹ്വാനം ചെയ്ത് (""Let us move on to the Capitol and zero in'', ട്രംപിന്റെ പ്രസംഗത്തിൽ) സ്വന്തം ഭരണകൂടത്തിൽ വിസ്‌ഫോടനം സൃഷ്ടിയ്ക്കാൻ വെടിമരുന്നിട്ടുകൊടുക്കുന്നത് വിചിത്രമെന്നേ പറയേണ്ടൂ. ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം എന്ന ഐറണിയുമുണ്ട്.

നെടുനാളായി ട്രംപും അനുചരരും വളർത്തിക്കൊണ്ടുവന്ന തീവ്രവികാരം സ്വരൂപം പ്രാപിച്ചതാണിത്. അധമവികാരങ്ങൾക്ക് നൂറും പാലും കൊടുത്ത് പൈശാചിക കൂട്ടായ്മപ്പാമ്പുകളെ വളർത്തിയെടുത്തത് അമേരിക്കൻ പ്രസിഡന്റ് തന്നെയാണെന്നുള്ളതാണ് വിരോധാഭാസം. QAnon, Proud Boys, MAGA (Make America Great Again) എന്നിങ്ങനെ പല സംഘങ്ങളുണ്ട്. ശ്രേഷ്ഠവെള്ളക്കാരുടെ (White supremacist) കൂട്ടായ്മകൾ. റിപ്പബ്ലിക്കൻസ് അല്ലാത്തവരെല്ലാം സാത്താൻ ആരാധകരും കുഞ്ഞുങ്ങളെ ലൈംഗികപീഡനത്തിനു വശംവദരാക്കുന്നവരും അവരുടെ അന്താരാഷ്ട്ര ക്രയവിക്രയം നടത്തുന്നവരുമാണ് എന്ന് വിശ്വസിക്കുന്നവരാണ് QAnon സംഘം. Proud Boys ആണുങ്ങളുടെ മാത്രം ടെററിസ്റ്റ് കൂട്ടായ്മയാണ്. Oath Keepers ഗവണ്മെന്റിനെ വെല്ലുവിളിയ്ക്കുന്ന സായുധസംഘമാണ്. മറ്റൊരു white supremacist ഗ്രൂപ്പായ Groyper Army യുടെ നേതാവ് നിക് ഫ്യൂൺറ്റെസ് ഉണ്ടായിരുന്നു ക്യാപിറ്റോളിൽ കടന്നു കൂടിയവരിൽ. ‘‘യേശുവാണ് രാജാവ്'' എന്ന പ്ലക്കാർഡുമായി മറ്റൊരു കൾട് സംഘവും- വെള്ളക്കാരുടെ സംഘമായ ചലം Jersey European Heritage Asosciation കൊടിയുമായി ആക്രമണത്തിൽ പങ്കുചേർന്നു. ‘‘കേകിസ്താൻ'' (Kekistan) എന്ന റൈറ്റ് വിങ് സാങ്കൽപ്പികരാജ്യ വിശ്വാസികൾ വേറെ. തീവ്ര വലത് വിശ്വാസികളായ ‘നിയൊ- കോൺഫെഡെറെറ്റ്' സംഘം (പഴയ ആഭ്യന്തരയുദ്ധ -Civil war)-ത്തിന്റെ ബാക്കി) അവരുടെ കൊടിയുമായി തലങ്ങും വിലങ്ങും ക്യാപിറ്റോളിന്റെ ഇടനാഴികകളിൽ സ്വഛന്ദം വിഹരിച്ചു. ഇത്തരം സംഘങ്ങൾ മാസങ്ങളായി തയാറെടുപ്പുകൾ നടത്തിയിരുന്നു. നിലവിലുള്ളതും പുതുതായി പ്രത്യക്ഷപ്പെട്ടതുമായ സോഷ്യൽ മീഡിയകളിൽ ഇവർ പദ്ധതികൾ ആവിഷ്‌ക്കരിച്ചിരുന്നു. ഒരു രഹസ്യ സർവീസ് ഏജൻസിയും ഇത് ശ്രദ്ധിച്ചില്ല, അല്ലെങ്കിൽ മുന്നറിയിപ്പുകൾ നൽകിയില്ല എന്നത് ട്രംപ്​ കോക്കസിന്റെ പിന്തുണയെപ്പറ്റി സംശയങ്ങൾ ഉണർത്തുന്നുണ്ട്.

ജനുവരി ആറിന് 'സ്റ്റോപ്പ് ദ സ്റ്റീൽ' റാലിയെ അഭിസംബോധന ചെയ്യുന്ന ട്രംപ്‌

ക്യാപിറ്റോളിന്റെ മുന്നിൽ വികാരവിവശരായി എന്തിനും തയാറായി നിന്നവരോട് ട്രംപിനു പറയാനുണ്ടായിരുന്നത് ആക്രമണത്തിനുള്ള നിർദ്ദേശങ്ങളുടെ ചുവ കലർന്നതായിരുന്നു. ട്രംപിന്റെ വക്കീലായ റൂഡി ഗുയ്‌ലാനി ഇത് കൂടുതൽ വ്യക്തമാക്കി: വെള്ളമേധാവിത്വക്കാരുടെ ഉള്ളിലെ പകയും വിദ്വേഷവും തിളപ്പിച്ചെടുത്തു, ആവേശം ഇരട്ടിപ്പിച്ചു. ""ഒരു തമ്മിൽത്തല്ലിലൂടെ നമുക്ക് വിചാരണ നടത്താം'' ("Let us have a trial by combat') എന്നായിരുന്നു ആഹ്വാനം. നേരിട്ടുള്ള യുദ്ധം തന്നെ ചെയ്യണം എന്ന് ട്രംപിന്റെ മകൻ നിർദ്ദേശിച്ചു. ആക്രമണം നടക്കുമ്പൊഴും ട്രംപ്​ ട്വിറ്ററിൽ പ്രഖ്യാപിച്ചു കൊണ്ടിരുന്നു: ‘എനിക്ക് നിങ്ങളുടെ വേദന മനസ്സിലാകുന്നു, നിങ്ങൾ ക്ഷതമേൽപ്പിക്കപ്പെട്ടവരാണെന്ന് ഞാൻ അറിയുന്നു'' (‘‘I know your pain, I know you are hurt'’) എന്നൊക്കെ. പിന്നീട് ‘‘സ്‌നേഹത്തോടെയും സമധാനത്തോടെയും വീട്ടിൽ പോവുക'' എന്ന പറയുന്നതിനൊടൊപ്പം ‘‘We love you, you are very special’' എന്നും ‘‘ഈ ദിവസം എന്നെന്നും ഓർമിക്കുക'' എന്നും തന്റെ പ്രിയപ്പെട്ട അക്രമിസംഘങ്ങളോട് പുന്നാരിച്ചു.

റൂഡി ഗുയ്‌ലാനി

ക്യാപിറ്റോളിനകത്തേയ്ക്ക് കയറാൻ ഇവർക്ക് വലിയ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. അകത്ത് വേണ്ടവണ്ണം പൊലീസ് സന്നാഹങ്ങൾ ഇല്ലായിരുന്നു എന്നത് ആശ്ചര്യജനകവും വിശ്വസനീയവുമല്ല. നാഷണൽ ഗാർഡിനെ വിളിയ്ക്കാതിരിയ്ക്കാൻ ട്രംപ്​ ശ്രദ്ധിക്കുകയും ചെയ്തു. ജീവനു ഭീഷണി വന്നതോടെ മൈക് പെൻസ് ആണ് പെന്റഗൺ ഓഫീസിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്. എന്നിട്ടും കൂടുതൽ പൊലീസോ നാഷണൽ ഗാർഡോ എത്തിയില്ല, അക്രമികൾ പതുക്കെ കെട്ടിടത്തിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാണ് ഇവർ വന്നത്. 160 മില്ല്യൺ പൗരർ അവരുടെ സമ്മതി തീർച്ചപ്പെടുത്തിയ ശേഷം, വോട്ടുകൾ എണ്ണി വിജയികളെ തീരുമാനിക്കപ്പെട്ടതിനു ശേഷം, ഔപചാരികമായി ഇത് നിജപ്പെടുത്തുന്ന വേള മാത്രമായിരുന്നു ജനുവരി ആറിനു ക്യാപ്‌റ്റോളിൽ നടന്നുകൊണ്ടിരുന്നത്. ഇത് തടസ്സപ്പെടുത്തിയാൽ തെരഞ്ഞെടുപ്പ് ഫലം അപ്പാടെ ഇല്ലാതാക്കാൻ പറ്റുമെന്ന് സമനില പണ്ടേ നഷ്ടപ്പെട്ട ട്രംപ്​ വിചാരിച്ചെടുത്തതിൽ അത്ഭുതം കൂറാനില്ല എങ്കിലും ഒരു വൻ കൂട്ടം ബുദ്ധിശൂന്യരെ തെറ്റിദ്ധരിപ്പിച്ച് നീചമായ അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ട് ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ച പ്രസിഡന്റ് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

ട്രംപ്​ പോയാലും മിച്ചം നിൽക്കുന്ന പ്രതിഭാസം

ട്രംപിസം എന്ന് ഇപ്പോൾ പേരുചൊല്ലി വിളിയ്ക്കുന്ന പ്രതിഭാസം അദ്ദേഹം തുടങ്ങി വച്ചതൊന്നുമല്ല. അമേരിക്കയുടെ രൂപീകരണകാലത്തു തന്നെ അടിസ്ഥാന അവബോധമായി സമൂഹത്തിൽ അട്ടിയടുക്കിക്കിടക്കുന്നതാണ് വെള്ളക്കാരുടെ മേധാവിത്വവും ശ്രേഷ്ഠതര വിശ്വാസവും. ക്യാപിറ്റോൾ ആക്രമണത്തോടുള്ള പ്രതികരണമായി ‘‘ഇത് അമേരിക്കയല്ല, ഇത് ഞങ്ങളല്ല, ഞങ്ങൾ ഇങ്ങനെയല്ല'' എന്നൊക്കെ ബൈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രഖ്യാപിക്കാൻ ശ്രമിച്ചെങ്കിലും സത്യം മറ്റൊരിടത്താണ്. മുൻ ഡിഫെൻസ് സെക്രട്ടറി വില്ല്യം കോഹെൻ കൃത്യമായി ഇത് പ്രസ്താവിച്ചിട്ടുണ്ട്: ‘‘ഇത് നമ്മൾ തന്നെയാണ്. ഇത് അമേരിക്കൻ ജനത തന്നെയാണ്’’ എന്ന്.

അമേരിക്കൻ സൈക്കിന്റെ പൊതുപ്രദർശനത്തിൽ white supremacist മുഖങ്ങൾ തെളിയുന്നുണ്ട് പലപ്പോഴും. സമൂഹഭൂതലത്തിന്റെ അടിയിൽ ഒഴികിക്കൊണ്ടിരിക്കുന്ന ഈ ഉറവകളെയെല്ലാം ഒന്നിച്ചൊഴുക്കി പെരുനദി ആക്കുകയാണ് ട്രംപ്​ ചെയ്തത്. നുണകൾ ധാരാളം പറഞ്ഞു അദ്ദേഹം, ചതി ധാരാളം ചെയ്തു. ഈ അധമവികാര നിർദ്ദയരൂപികൾക്ക് കൊമ്പ് മുളപ്പിച്ചു. അപ്രത്യക്ഷമായിത്തുടങ്ങിയ വിഷലിപ്ത ചിന്തയെ മുഖ്യധാരയിൽ പ്രതിഷ്ഠിച്ചു. Twitter, 4Chan, Parler മുതലായ പരസ്പര സന്ദേശ ഇടങ്ങൾ ട്രംപിനും അനുചരർക്കും പത്ഥ്യമായി, വിവിധ സോഷ്യൽ മീഡിയകൾ വഴി അവർ എളുപ്പം സംഘടിച്ചു. ഫോക്‌സ് ന്യൂസ് പോലെയുള്ള ചാനലുകൾ പുല്ലും വെള്ളവും വയ്‌ക്കോലും നൽകി. ന്യൂസ്മാക്‌സ്, OAN പോലത്തെ ചാനലുകൾ ഊർജ്ജം പകർന്നു.

ക്യാപിറ്റോൾ അക്രമത്തിൽ പങ്കാളിയാായ QAnon നേതാവ്. ഇയാൾ സെനറ്റ് ചേംബറിലെ കസേരയ്ക്കു മുന്നിൽ നിന്ന് വലതുകൈ മുഷ്ടി ചുരുട്ടി ഉയർത്തി ഇടതുകയ്യിൽ യു.എസ് പതാക പിടിച്ച്​ ഫോട്ടോക്ക്​ പോസ് ചെയ്തിരുന്നു. / Photo: ട്വിറ്റർ

കർശനമായ നിയമനിർമാണങ്ങളും സാമൂഹിക തെര്യപ്പെടുത്തലുകളും നവീകരണ പ്രവർത്തനങ്ങളും വേണ്ടിയിരിക്കുന്നു ഈ ആനയെ മെലിയിച്ച് തൊഴുത്തിൽ കെട്ടാൻ. QAnon, Proud Boys എന്നിവയെ ടെററിസ്റ്റ് ഗ്രൂപ്പുകളായി പ്രഖ്യാപിച്ച് നിരോധിക്കേണ്ടതാണെന്ന നിർദ്ദേശങ്ങൾ വന്നുകഴിഞ്ഞിട്ടുമുണ്ട്. വർണവെറി രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെങ്കിൽ ആ രക്തം ശുദ്ധീകരിച്ചെടുക്കേണ്ടിയിരിക്കുന്നു. പൊതുജനജീവനു മാത്രല്ല ഭരണകൂടത്തിനു തന്നെ ഭീഷണിയാണവർ എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. കോവിഡ് വൈറസിനെ ഒരു കൊല്ലത്തിനകം വരുതിയിലാക്കാം, പക്ഷേ ബൈഡന്റേയും കമല ഹാരിസിന്റേയും ഏറ്റവും വലിയ വെല്ലുവിളി ട്രംപ്​ വളർത്തി അഴിച്ചുവിട്ട വിഷപ്പാമ്പുകളെ നേരിടുക എന്നതാണ്..


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments