ഇവോണില്‍ നിന്ന്
ആഷ് ബാര്‍ട്ടിയിലേക്ക്
ഒരു അബോറിജിനല്‍ സ്മാഷ്
ഇവോണില്‍ നിന്ന് ആഷ് ബാര്‍ട്ടിയിലേക്ക് ഒരു അബോറിജിനല്‍ സ്മാഷ്
ഇത്തവണ വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യനായ ആസ്‌ത്രേലിയക്കാരി ആഷ് ബാര്‍ട്ടി വിക്ടറി സ്പീച്ചില്‍ ഇവോണ്‍ എന്നൊരു കളിക്കാരിയുടെ പേരുച്ഛരിച്ചപ്പോള്‍, 17 വര്‍ഷമായി ആസ്ത്രേലിയയില്‍ ജീവിക്കുന്ന ലേഖകന്‍ ഇവോണ്‍ എന്ന പേര് കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു. എന്തുകൊണ്ട്? ഈ ചോദ്യത്തിനുത്തരം തേടുമ്പോള്‍ കിട്ടുന്നത് യഥാര്‍ഥ ആസ്‌ത്രേലിയന്‍ ജനതയുടെയും അവര്‍ക്കെതിരായി നടന്ന അതിക്രൂരമായ വംശഹത്യയുടെയും ചരിത്രമാണ്
25 Jul 2021, 12:29 PM
‘ഇവോണ്‍ എന്നെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാവും.'
ഇത് വിക്ടറി സ്പീച്ചില്‍ ഇക്കൊല്ലത്തെ വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യന്‍ ആഷ് ബാര്‍ട്ടി പറഞ്ഞതാണ്. ഇവോണ്‍നെ ഗൂലഗോങ് കാവ്‌ലേ (Evonne Fay Goolagong Cawley) എന്നാണ് ഇവോണിന്റെ ഒഫീഷ്യല്‍ നെയിം.
കഴിഞ്ഞ 17 വര്‍ഷമായി ആസ്ത്രേലിയയില്‍ ജീവിക്കുന്ന ഞാന്‍ ആ പേര് കേള്‍ക്കുന്നത് ആദ്യമായിട്ടാണ്. ഞാനെന്നല്ല പലരും.
എന്തുകൊണ്ടാണ് നാല് പ്രാവശ്യം തുടര്‍ച്ചയായി ആസ്ത്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനും, അത്ര തന്നെ അമേരിക്കന്‍ ഓപ്പണ്‍ ഫൈനലിസ്റ്റുമായ, ഒരു തവണ ഫ്രഞ്ച് ഓപണും, രണ്ടു തവണ വിംബിള്‍ഡണും നേടിയ ഇവോണ്‍ അത്രമേല്‍ അറിയപ്പെടാതെ പോയത്?
അല്ലെങ്കില്‍ തന്നെ അറിയപ്പെടാതെ പോയിട്ടുള്ളവരുടേതാണ് യഥാര്‍ത്ഥ ആസ്ത്രേലിയന്‍ ചരിത്രം. ആസ്ത്രേലിയയുടെ ഇന്നത്തെ ഗ്ലാമറിന്റെയും പത്രാസിന്റെയും ഉപരിതലത്തിനപ്പുറം അവരുടെ രക്തം ഉറഞ്ഞുകിടക്കുന്നു.
ആഘോഷിക്കപ്പെടുന്ന ആസ്ത്രേലിയന്‍ വിജയഗാഥകള്‍ക്കുനേരെ തിരിച്ചുവെച്ച ചരിത്രത്തിന്റെ ഒരു കണ്ണാടിയുണ്ട്, Rabbit- Proof Fence.
അതൊരു സിനിമയാണ്. (https://www.sbs.com.au/.../rabbit-proof-fence/84673091819).
സൗത്ത് ആഫ്രിക്കന്‍ ഭരണാധികാരികളായിരുന്ന ഇംഗ്ലീഷ് വംശജര്‍ തങ്ങളുടെ ആസ്ത്രേലിയന്‍ പതിപ്പുകളോട് (counterparts) പരിതപിച്ചതിങ്ങനെയാണെന്ന് പറയപ്പെടുന്നു; ‘നിങ്ങള്‍ വംശഹത്യ വളരെ ആസൂത്രിതമായി നടപ്പിലാക്കി. ഞങ്ങള്‍ മസില്‍ പവ്വറിനെ മാത്രം ആശ്രയിച്ചു. അതുകൊണ്ട് ഞങ്ങള്‍ക്ക് ഭരണം വിട്ടുകൊടുക്കേണ്ടി വന്നു. പക്ഷെ നിങ്ങളിപ്പോഴും അധികാരത്തില്‍ തുടരുന്നു.’

അതെ, 18ാം നൂറ്റാണ്ടില്‍ ആസ്ത്രേലിയയില്‍ അധിനിവേശം നടത്തിയ ബ്രിട്ടീഷുകാര്‍ തദ്ദേശവാസികളായ അബൊറിജിനല്‍ ജനതയെ ഇല്ലായ്മ ചെയ്യാന്‍ നടപ്പിലാക്കിയ മാര്‍ഗങ്ങള്‍ ക്രൂരവും മനുഷ്യത്വരഹിതവുമായിരുന്നു.
നൂറ്റാണ്ടുകള്‍ക്കപ്പുറം അങ്ങനെയൊരു ജനത നിലനിന്നിരുന്നുവെന്നതിന്റെ ജനിതക തെളിവുപോലും അവശേഷിക്കാത്തവണ്ണം ഉന്മൂലനം ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 1788 ല്‍ ഏതാണ്ട് 10 ലക്ഷമുണ്ടായിരുന്ന അബൊറിജിനല്‍സ് 1930 ആയപ്പോള്‍ 50,000 മായി കുറഞ്ഞു.
ഉന്മൂലനപ്രക്രിയ മൂന്നുവിധത്തിലായിരുന്നു.
സംഘര്‍ഷങ്ങളും, സംഘട്ടനങ്ങളും അപരിചിതമായിരുന്ന അബൊറിജിനല്‍സിന് ഒരു ചെറുത്തുനില്‍പ്പ് സാധിക്കുമായിരുന്നില്ല. അതിന് ശ്രമിച്ചവരെയും, കീഴടങ്ങിയവരേയും നിര്‍ദ്ദാക്ഷിണ്യം കൊന്നുകളയുക എന്നതുതന്നെയായിരുന്നു ഇംഗ്ലീഷുകാര്‍ ആദ്യം ചെയ്തത്. ഫലഭൂയിഷ്ഠമായ അവരുടെ ഭൂമി പിടിച്ചെടുത്തു. തരിശുനിലങ്ങളിലേക്ക് പലായനം ചെയ്യാന്‍ അവര്‍ നിര്‍ബന്ധതിരായി. യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ കാസിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത് പ്രകാരം, 300 ഓളം കൂട്ടക്കൊലകളാണ് 1788-1930 വരെ അബോര്‍ജിനല്‍സിനെതിരെ നടന്നത്. ഇതെല്ലാം ആ ജനവിഭാഗമില്ലാത്ത ഒരു ആസ്ത്രേലിയയുടെ നിര്‍മിതിക്കുവേണ്ടി സ്റ്റേറ്റ് നേരിട്ട് നടത്തിയതാണ്.
(https://c21ch.newcastle.edu.au/colonialmassacres/introduction.php).
സ്മോള്‍പോക്‌സ് അടക്കമുള്ള യൂറോപ്യന്‍ സാംക്രമിക രോഗങ്ങള്‍ മുമ്പില്ലാതിരുന്നതുകൊണ്ട് പ്രകൃത്യാ ഉണ്ടാകുന്ന പ്രതിരോധശേഷി തദ്ദേശീയ ജനങ്ങള്‍ക്കുണ്ടായിരുന്നില്ല. അത് മനസ്സിലാക്കിയ വിദേശികള്‍ അത്തരം രോഗങ്ങള്‍ അവര്‍ക്കിടയില്‍ വ്യാപകമായി പടരാന്‍ സാഹചര്യം സൃഷ്ടിച്ചു. അനാഥത്വം മനുഷ്യമനസ്സിനെ മുറിവേല്‍പ്പിക്കുന്ന അവസ്ഥയാണെന്നും, സ്വാഭാവികമായി സംഭവിക്കുന്നതിനേക്കാള്‍ ഗുരുതരമായിരിക്കും അത് അടിച്ചേല്‍പ്പിക്കുമ്പോള്‍ ഉണ്ടാവുക എന്നും അറിയാമായിരുന്ന ബ്രിട്ടിഷുകാര്‍ ഭരണം സ്ഥാപിച്ചശേഷം ഉന്മൂലനത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കി. വംശീയമഹിമ തങ്ങള്‍ക്ക് മാത്രമായതുകൊണ്ട് രാജ്യം ഭരിക്കുന്നതും, കുട്ടികളെ വളര്‍ത്തുന്നതും തങ്ങളുടെ അവകാശമാണെന്നത് നിയമം മൂലം സ്ഥാപിച്ചെടുത്തു. അതിന് മതപരവും, ദൈവികവുമായ പരിവേഷം കിട്ടാന്‍ മിഷനറിമാരെ ഉപയോഗിച്ചു.
അബൊറിജിനല്‍ കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് പിടിച്ചെടുത്ത് ദൂരെയുള്ള മതസ്ഥാപനങ്ങളിലേക്ക് മാറ്റി. വര്‍ഷങ്ങള്‍ക്കുശേഷം കുട്ടികള്‍ രോഗം വന്ന് മരിച്ചുപോയെന്ന് മാതാപിതാക്കളേയും, അതുതന്നെ തിരിച്ച് കുട്ടികളെയും ബോധ്യപ്പെടുത്തുക വഴി സൃഷ്ടിക്കപ്പെടുന്ന ദിശാബോധവും, അസ്തിത്വവും ഇല്ലാത്ത വരുംതലമുറ താനേ നശിച്ചുകൊള്ളും എന്ന് അതിന്റെ പ്രയോക്താക്കള്‍ കരുതി. അങ്ങനെ വളര്‍ന്നുവന്നവരുടെ പിന്‍തലമുറക്കാര്‍ ‘സ്റ്റോളന്‍ ജനറേഷന്‍' എന്നറിയപ്പെട്ടു. അതുണ്ടാക്കിയ മാനസികവും, സാമൂഹ്യവുമായ പ്രത്യാഘാതങ്ങളുടെ തടവിലാണ് ഇന്നും ആസ്ത്രേലിയന്‍ അബൊറിജിനല്‍ ജനത. ആസ്ത്രേലിയയില്‍ കടന്നുകയറി ആധിപത്യം സ്ഥാപിച്ച ഇംഗ്ലീഷുകാര്‍ നായാടി രസിക്കാന്‍ കാട്ടുമുയലുകളെയും കൊണ്ടുവന്നു. മുയലുകള്‍ പെരുകി. ആസ്ത്രേലിയന്‍ ആദിവാസികള്‍ക്കെതിരെ നടത്തിയ പാതകങ്ങള്‍ മുയലുകള്‍ക്കുനേരെ ഏറ്റില്ല. തങ്ങള്‍ കീഴടക്കിയ വെസ്റ്റേണ്‍ ആസ്ത്രേലിയയുടെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളിലേക്ക് മുയലുകള്‍ കടക്കാതിരിക്കാന്‍ തരിശുനിലത്തെ വേര്‍തിരിച്ച് കെട്ടിയ വേലിയാണ് Rabbit- Proof Fence.
1900 കളില്‍ ആറുവര്‍ഷം കൊണ്ട് കെട്ടിയ ഏതാണ്ട് 1830 കിലോമീറ്റര്‍ നീളം വരുന്ന ലോകത്തിലെ ഏറ്റവും നീണ്ട വേലി, വൈറസിനെ ഉപയോഗിച്ച് മുയലുകളെ നിയന്ത്രണവിധേയമാക്കിയ 1950കള്‍ വരെ അധിവേശത്തിന്റെ ഭീകരകാഴ്ചകളിലൊന്നായി നിലകൊണ്ടു.
1930 കാലത്ത് പൊലീസ് സന്നാഹത്തോടെ സ്വന്തം അമ്മയില്‍നിന്ന് വേര്‍പെടുത്തി ദൂരസ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ട മൂന്ന് പെണ്‍കുട്ടികള്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിന്റെ യഥാര്‍ത്ഥ കഥ ലോകമറിഞ്ഞത് 1996ല്‍ ഡോറിസ് ഗാരിമാറ എഴുതിയ പുസ്തകത്തിലൂടെയാണ്.
ജീവനോടെയോ, അല്ലാതെയോ പിടിക്കേണ്ടത് അഭിമാനപ്രശ്‌നമായി പിന്തുടര്‍ന്ന ഇംഗ്ലീഷ് തോക്കുകളെയും, ഇരപിടിയന്‍ കണ്ണുകളെയും തോല്‍പ്പിച്ച് ഒമ്പതാഴ്ചകൊണ്ട് 2400 കിലോമീറ്റര്‍ നടന്നും, ഓടിയും അവരില്‍ രണ്ടുപേര്‍ തിരിച്ച് വീട്ടിലെത്തി, വീണ്ടും ഒളിവില്‍ പോയി. ഒരാള്‍ പിടിക്കപ്പെട്ടു.
പണം ഒരു പാട് ചെലവാക്കിയിട്ടും ഫലമില്ലാതായപ്പോള്‍ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. അന്ന് രക്ഷപ്പെട്ട സഹോദരിമാരില്‍ ഒരാളായ മോളിയുടെ മകളാണ് ഡോറിസ്. വീട്ടിലേക്കുള്ള ദിശ മനസ്സിലാക്കാന്‍ ആ വേലി കുട്ടികളെ സഹായിച്ചു. സമാനകളില്ലാത്ത ആ പോരാട്ടത്തെ കുറിച്ച് ഡോറിസ് എഴുതിയ പുസ്തകത്തിന്റെ പേര് Follow the Rabbit- Proof Fence എന്നായിരുന്നു. അതിനെ ആസ്പദമാക്കിയാണ് ആസ്ത്രേലിയന്‍ ഡയറക്ടര്‍ ഫിലിപ്പ് നോയ്‌സിന്റെ സിനിമ ഉണ്ടാകുന്നത്.
പുറംലോകം അറിയാതെ ഇംഗ്ലീഷുകാര്‍ നടത്തിയ അതിക്രൂരമായ വംശഹത്യയുടേയും, പരാജയപ്പെട്ടെങ്കിലും അതിജീവനത്തിനായി ഒരു ജനത നടത്തിയ സാഹസങ്ങളുടെയും ദൃശ്യങ്ങള്‍ ഒരു പക്ഷെ ലോകം ആദ്യമായി കണ്ടത് ആ സിനിമയിലൂടെയാകും. ആ മുറിവുകളെ ഇപ്പോള്‍ trans generational / inter generational trauma യായി തിരിച്ചറിയുന്നു.
പരമ്പരാഗതമായ സ്വഭാവവിശേഷങ്ങള്‍ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കുന്നത് ജീനുകളിലൂടെയാണ്. എന്നാല്‍ ഈ ജീനുകളുടെ ആശയപ്രകാശനത്തെയും (expression) മുന്‍ തലമുറകളില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടുപോരുന്ന വിശേഷഗുണങ്ങളെയും (trait) സ്വാധീനിക്കാന്‍ കഴിവുള്ള ജൈവ രാസപദാര്‍ത്ഥങ്ങളാണ് എപ്പിജീനോം. സാഹചര്യ സമ്മര്‍ദ്ദങ്ങളും, തീവ്രമായ ജീവിതാനുഭവങ്ങളും എപ്പിജിനോം വഴി ജീനുകളില്‍ സ്ഥായിയായ മാറ്റങ്ങള്‍ക്ക് കാരണമാകാം. യുദ്ധം, കലാപം, വിവേചനം, അധിനിവേശം എന്നിവ വ്യക്തികളുടെ ജീവിതത്തിനേല്‍പ്പിക്കുന്ന മുറിവുകള്‍ (trauma) തലമുറകള്‍ക്കപ്പുറത്തേക്ക് നീളുന്ന ജനിതക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് അടുത്ത കാലത്ത് നടന്ന പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
വിഷാദരോഗങ്ങള്‍, ഉത്കണ്ഠ, ആത്മഹത്യാപ്രവണത, ലഹരിയോടുള്ള ആസക്തി, എല്ലാറ്റിനോടുമുള്ള വിരക്തി എന്നിവ പില്‍ക്കാലത്ത് ഒരു ജനവിഭാഗത്തിന് നേരിടേണ്ടി വരുന്ന സാമൂഹ്യപ്രശ്‌നങ്ങളായി മാറുന്നു. കാലാകാലങ്ങളായി തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും, മനുഷ്യസമാനമായ ഒരു ജീവിതം നിഷേധിക്കുകയും ചെയ്ത വ്യവസ്ഥിതിക്കോ, ഭരണകൂടത്തിനോ, വ്യക്തികള്‍ക്കോ എതിരെ ഒന്നും ചെയ്യാനാവില്ലെന്ന തിരിച്ചറിവ്, ഇന്നും രാഷ്ട്രീയമായി സംഘടിക്കാനോ പോരാടുവാനോ ആവാത്ത നിസ്സഹായാവസ്ഥ, ലോകം അധികമൊന്നും ചര്‍ച്ച ചെയ്തിട്ടില്ലാത്ത ആസ്ത്രേലിയന്‍ അബോര്‍ജിനല്‍ ജനതയുടെ സ്ഥിതി പരിതാപകരമായി തന്നെ തുടരുന്നു.
മാരകമായ വംശഹത്യാശ്രമങ്ങള്‍ക്കപ്പുറം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകാതെ അവര്‍ നിലനിന്നുവെന്നത് ജൈവികമായ അതിജീവനശേഷിയുടെ സാക്ഷ്യപത്രം മാത്രം.

മനുഷ്യരാണെന്ന അംഗീകാരം അവര്‍ക്ക് കിട്ടിയത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷമാണ്. ഇന്നും ആസ്ത്രേലിയന്‍ ഭരണഘടന അബൊറിജിനല്‍ ജനങ്ങളെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വംശീയവിവേചനത്തിന് (Racial discrimination) എതിരായ ഒരു പരിരക്ഷയും അവര്‍ക്ക് കിട്ടുന്നുമില്ല.
ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കായി നിലകൊണ്ടുവെന്നതിന്റെ പേരില്‍ തനിക്ക് നല്‍കപ്പെട്ട 2004 ലെ സിഡ്നി പീസ് പ്രൈസിന്റെ സമ്മാനത്തുക അരുന്ധതി റോയ് അബോര്‍ജിനല്‍ ജനതയുടെ അവകാശ സംരക്ഷണത്തിനായി നടക്കുന്ന പൊളിറ്റിക്കല്‍ ആക്ടിവിറ്റീസിലേക്ക് സംഭാവന നല്‍കി. അങ്ങനെയുള്ള ഒറ്റപ്പെട്ട രാഷ്ട്രീയ പിന്തുണ മാത്രമാണ് രാജ്യാന്തരതലത്തില്‍ അവര്‍ക്ക് കിട്ടുന്നത്.
2008 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന കെവിന്‍ റഡ്ഡ് നാളിതുവരെ നേരിടേണ്ടിവന്ന വിവേചനപൂര്‍ണമായ നടപടികള്‍ക്ക് അബൊറിജിനല്‍ ജനങ്ങളോട് പ്രത്യേകിച്ച് ‘സ്റ്റോളന്‍ ജനറേഷ'നോട് പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ ഒരു ക്ഷമാപണം നടത്തി. അതിന് പ്രതീകാത്മകമായ പ്രസക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലതുരാഷ്ട്രീയത്തിന്റെ വക്താക്കളായ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകൊണ്ട് തിളക്കം നഷ്ടമായെങ്കിലും ഒരു good will gesture എന്ന നിലയില്‍ അബൊറിജിനല്‍ ജനത അതിനെ സ്വാഗതം ചെയ്തു. അത് അവരുടെ പിന്നീടുള്ള ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല എന്നതാണ് വസ്തുത.
അബൊറിജിനല്‍ ആയതുകൊണ്ടുമാത്രം ഒരാള്‍ ഇന്ന് ആസ്ത്രേലിയയില്‍ ജയിലില്‍ പോകാനുള്ള സാദ്ധ്യത ഏതാണ്ട് ഇരുപത് മടങ്ങ് കൂടുതലാണ്. അതൊരു കൗമാരപ്രായക്കാരനാണെങ്കില്‍ പ്രത്യേകിച്ച് പടിഞ്ഞാറന്‍ ആസ്ത്രേലിയയില്‍ 50 ഇരട്ടിയാണ് ആ സാദ്ധ്യത. പൊലീസ് കസ്റ്റഡിയില്‍ പെട്ട് മരിക്കാനുള്ളതാണെങ്കില്‍ പത്തിരട്ടി വരും. 2018 -19 കാലത്ത് നടന്ന കസ്റ്റഡി മരണങ്ങളില്‍ 20 ശതമാനവും അബൊറിജിനല്‍ വിഭാഗത്തിലുള്ള ആളുകളാണ്. എന്നാല്‍ അവര്‍ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമേ വരുന്നുള്ളൂ. രാഷ്ട്രീയമോ, സാമ്പത്തികമോ, ആരോഗ്യമോ, ഏത് മേഖലയെടുത്താലും അവര്‍ മറ്റു ആസ്ത്രേലിയന്‍ ജനവിഭാഗങ്ങളെക്കാള്‍ പിന്നിലാണ്. അവരുടെ പുനരുദ്ധാരണത്തിനായി ആസ്ത്രേലിയന്‍ ഗവണ്‍മെൻറ് നടത്തുന്ന പദ്ധതികളൊന്നും നൂറ്റാണ്ടുകളായി അവരനുഭവിക്കുന്ന മരണത്തിന്റെ, അപമാനത്തിന്റെ, ഒറ്റപ്പെടലിന്റെ, വേട്ടയാടലുകളുടെ മുറിവുകളുണക്കാന്‍ ഇന്നും പര്യാപതമല്ല എന്നതാണ് സത്യം. അടിസ്ഥാനപരമായ അവകാശങ്ങള്‍ക്കും, നിലനില്‍പ്പിനും ഇന്നും പൊരുതിക്കൊണ്ടിരിക്കുന്ന ആ മനുഷ്യരില്‍ നിന്നാണ് ആഷ് ബാര്‍ട്ടി വരുന്നത്; ഹൈ പ്രൊഫൈല്‍ സ്‌പോര്‍ട്‌സ് ആയ ടെന്നീസിന്റെ എവറസ്റ്റിലേക്ക്, വിംബിള്‍ഡണ്‍ കീഴടക്കി.
40 കൊല്ലം മുമ്പാണ് അവസാനമായി ഒരു ആസ്ത്രേലിയന്‍ വനിത വിംബിള്‍ഡണ്‍ ചാമ്പ്യനാകുന്നത്; ആഷ് ബാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന അതേ മനുഷ്യരില്‍ നിന്ന്, ക്രിസ് ഇവെര്‍ട്ടിനെ തോല്‍പ്പിച്ച് ഇവോണ്‍നെ ഗൂലഗോങ് കാവ്‌ലേ.
ആ പാതകള്‍ അതീവ ദുഷ്‌കരങ്ങളായിരുന്നു.
ഞാനടക്കമുള്ള മനുഷ്യര്‍ സഹജീവികളോട് എന്തുകൊണ്ടിങ്ങനെ പെരുമാറുന്നുവെന്ന ചോദ്യത്തിന് മുന്നില്‍, ആഷ് ബാര്‍ട്ടി വിജയപീഠത്തില്‍ നില്‍ക്കുമ്പോള്‍ ഇവോണ്‍ ലോകത്തോട് പറഞ്ഞു, ‘Of course, she made me proud.'

വി.അബ്ദുള്‍ ലത്തീഫ്
Mar 05, 2022
5 Minutes Read
ജിഷ്ണു കെ.എസ്.
Aug 12, 2021
9 Minutes Read