കെ. എസ്. രാധാകൃഷ്ണൻ: ഒരു ശിൽപിയുടെ ആത്മകഥ

മുതിർന്ന തലമുറയിലെ ശ്രദ്ധേയനായ ശിൽപ്പി കെ. എസ്. രാധാകൃഷ്ണന്റെ ജീവിതകാലത്തിലൂടെയും, സംഭാഷണങ്ങളിലൂടെയും, കലാകാരിയും കലാചരിത്രഗവേഷകയുമായ കവിത ബാലകൃഷ്ണൻ നടത്തുന്ന സഹയാത്രയാണ് "ജീവിതനൃത്തം' എന്ന പുസ്തകം. അതിൽ നിന്നുള്ള ഒരു ഭാഗം:

ന്ത്യൻ കലാചരിത്രത്തിൽ ഇന്നത്തെ മുതിർന്ന തലമുറയിൽ ഏറെ ശ്രദ്ധേയനായ ശിൽപ്പിയാണ് കെ. എസ്. രാധാകൃഷ്ണൻ. "ശാന്തിനികേതൻ സ്‌ക്കൂളി'ന്റെ ആധുനികതയാണ് അദ്ദേഹത്തെ വളർത്തിയ ജീവിതോർജ്ജവും പ്രാഥമികമായ സാമഗ്രിയും. അതുപയോഗിച്ചുകൊണ്ടുതന്നെ കലയുടെ ഗ്ലോബൽ സമകാലികതയിൽ അദ്ദേഹമിന്ന് വളരെ സജീവമായി പ്രവർത്തിക്കുന്നു. കലയുടെ ഭൗതികപരിസരങ്ങൾ, കലാകാരരും കൃതികളും മാധ്യമങ്ങളും പണിയിടങ്ങളും സ്ഥാപനങ്ങളും കൂട്ടങ്ങളുമെല്ലാം, സ്വന്തമായി ചുറ്റുപാടുകൾ സൃഷ്ടിച്ച് നമുക്ക് ചുറ്റും വളരുന്നതെങ്ങനെ, കാലത്തിൽ വേരാഴ്ത്തി പടരുന്നതെങ്ങനെ എന്നതെക്കുറിച്ചൊന്നും സൂക്ഷ്മവും സവിശേഷവുമായ പഠനങ്ങൾ നമുക്കില്ല.

ശിൽപ്പകലയിൽ കാനായി കുഞ്ഞിരാമൻ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജനപ്രിയമായ പെണ്ണാകാരശിൽപ്പത്തിന്റെ ഒരു ഭാഷയിലൂടെയാണ്, 1960 കൾ മുതൽ കേരളത്തിൽ സംഘർഷഭരിതമായി രൂപപ്പെട്ടു പരിണമിക്കുന്ന ജെൻഡർ പൊതുമണ്ഡലത്തെ കാനായി പ്രകോപിപ്പിക്കുകയും, തണുപ്പിക്കുകയും അതുമായി സമന്വയപ്പെടുകയുമൊക്കെ ചെയ്തിട്ടുള്ളത്. മറ്റൊരു വഴി സ്വീകരിച്ചിട്ടുള്ള വേറൊരു ശിൽപ്പിയെ നമുക്ക് അറിയുകയുമില്ല. ആധുനിക കലാഭാഷകളുടെ ഐതിഹാസികമായ ആർട്ട് സ്‌ക്കൂളുകളും സഹജീവനത്തിന്റെ സൗന്ദര്യവാദവും, അത് മുൻനിർത്തുന്ന കലാകാരക്കൂട്ടായ്മകളുമെല്ലാം കേരളത്തിൽ ഏറെ ദുർലഭമാണ്. ഈ സന്ദർഭത്തിൽ നിന്നുകൊണ്ട് സ്വന്തം ചിന്തയുടെ തന്നെ മറ്റൊരു ലാൻഡ്‌സ്‌ക്കേപ്പിലൂടെയും കെ. എസ്. രാധാകൃഷ്ണന്റെ ജീവിതകാലത്തിലൂടെയും, സംഭാഷണങ്ങളിലൂടെയും, കലാകാരിയും കലാചരിത്രഗവേഷകയുമായ കവിത ബാലകൃഷ്ണൻ നടത്തുന്ന ഒരു സഹയാത്രയാണ് "ജീവിതനൃത്തം' എന്ന പുസ്തകം. രാധാകൃഷ്ണന്റെ ശിൽപ്പങ്ങളെ അദ്ദേഹത്തിന്റെ തന്നെ ജീവചരിത്രത്തിലേക്കും അത് പരാമർശിക്കുന്ന കലാചരിത്രത്തിലേക്കുമെന്നതിനെക്കാൾ, അദ്ദേഹം ജീവിച്ചുപോന്ന കാലഘട്ടത്തിലേക്കും, രാഷ്ട്രസ്വരൂപത്തിന്റെ ആത്മകഥയിലേക്കും വിടർത്തുകയാണ് ഈ ഗ്രന്ഥം ചെയ്യുന്നത്. അതിൽ നിന്നുള്ള ഒരു ഭാഗമാണ് താഴെ കൊടുക്കുന്നത്.

വേറൊരാൾ മുളകു കടിച്ചാൽ നമ്മളെങ്ങനെ എരിവനുഭവിക്കും ?

മിക്ക സമൂഹങ്ങളിലും പരമ്പരാഗതമായി കലയുടെ ആശയപരമായ അനനൃതാവൃവഹാരം (Discourse of Artistic Exception) കലാകാരനും കലാവസ്തുവും തമ്മിൽ അദ്ധ്വാനത്തിലൂടെയും ശിക്ഷണത്തിലൂടെയും ആർജ്ജിച്ചെടുക്കുന്ന ബന്ധത്തെ മുൻനിർത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ആധുനികശിൽപ്പകല ഈ ബന്ധത്തെ കൂടുതൽ വ്യക്തിനിർവിശേഷമാക്കി. പക്ഷേ ശിൽപ്പവും ശിൽപ്പിയും തമ്മിലുള്ള ബന്ധം മുറിഞ്ഞില്ല. ആ വ്യക്തിപരതയിലൂടെ വികസിക്കുകയേ ചെയ്തുള്ളൂ. കലയിൽ വൈകാരികമായ മുഴുകലിന്റെ ആവശൃം അങനെ ആധുനികവാദപരമായി ബലപ്പെട്ടു വന്നതുകൂടിയാണ്. അതിൽ ശിൽപ്പിയുടെ അധ്വാനം പരമപ്രധാനം തന്നെ. എന്നാൽ ഈ ശാരീരികാധ്വാനവും, ശിൽപ്പത്തിനായുള്ള മെറ്റീരിയൽ സംഘാടനശേഷിയും ഗ്ലോബലൈസ്ഡ് സമകാലികതയിൽ പരമപ്രധാനമല്ല. ശിൽപ്പം എന്ന വൃവഹാരം തന്നെ മാറിയിരിക്കുന്നു. സമുഹത്തിന്റെ ആശയവിനിമയപ്രശ്‌നത്തിലെ ഒരു യാദൃശ്ചികവസ്തുവോ ഓർമ്മയുദ്ദീപനമോ കാഴ്ചക്കെട്ടോ, പ്രശ്‌നവസ്തുവോ ഒക്കെയാണ് ഇന്ന് "ശിൽപ്പ'ത്തിന് പകരം ഒരു സമകാലിക ആശയവസ്തുവാകുന്നത്.

പാരമ്പര്യ അർത്ഥത്തിലുള്ള ശിൽപ്പമെന്ന അദ്ധ്വാന-ശിക്ഷണ വ്യവഹാരം ഈ സമകാലികകലാവസ്തുലോകത്ത് നിലനിൽക്കുന്നില്ല. അത്തരത്തില് ഏർപ്പെട്ടിരുന്നവർ വലിയൊരു കലാകാരന്റെ ആശയപദ്ധതിയിൽ സീസണൽ ആയി കൂലിത്തൊഴിലാളികളായി തുടരുന്നുമുണ്ട്. ശിൽപ്പവും ശിൽപ്പിയും തമ്മിൽ ബന്ധം മുറിയുന്ന ഒരു കാലമാണ് സമകാലികമെന്നു നാം വിളിക്കുന്ന ഈ കാലം. കലയെന്ന വ്യവഹാരം തന്നെ അനവധി പാഠാന്തരങ്ങൾക്കുള്ളിലാണ് ആശയത്തെയും വസ്തുവിനെയും പ്രതിഷ്ഠിക്കുന്നത്. വസ്തുവിന് അനന്യതയില്ല. അതുകൊണ്ട് തന്നെ അതിൽ വ്യക്തികൾ നിക്ഷേപിക്കുന്ന അധ്വാനത്തിനും വൈകാരികബന്ധങ്ങൾക്കും ജൈവികതയ്ക്കും സമകാലികതയിൽ മൂല്യമില്ല. അത് ചരക്കുലോകത്തെ അന്യവൽക്കരണത്തിന്റെ കലാഭാഷയാണ്. (Language of Alienation ) ഇത് രാധാകൃഷ്ണന്റെ ഇണക്കങ്ങളുടെ വൈകാരികഭാഷയിൽനിന്നും തികച്ചും വ്യത്യസ്തമാണ്. എന്നിട്ടും ഈ ശില്പി സമകാലിക കലാരംഗത്ത് നിലനിൽക്കുന്നു. അത്രതന്നെ അത് മനുഷ്യകേന്ദ്രിതമായ സൗന്ദര്യഭാവുകത്വത്തിന്റെ അതിജീവനകഥയിലെ രാഷ്ട്രീയവുമാണ്.

മൂലധനലോകത്തിന്റെ ഉച്ചസ്ഥായിയിൽ വളരെയധികം അദ്ധ്വാനം വേണ്ടിവരുന്ന ശിൽപ്പ പ്രദർശനങ്ങൾ ചെയ്തിട്ടുണ്ട് ഈ ശില്പി. തന്റെ ശിൽപ്പങ്ങൾ താൻ തന്നെ മെനഞ്ഞുകൊണ്ട്, ഫിനിഷിങ് പ്രവൃത്തികളിൽ ഇടപെടുന്നവരായി സ്ഥിരമായി കുറച്ചു മനുഷ്യരെ കുടുംബമായി ഇണക്കത്തോടെ കൂടെക്കൂട്ടിയാണ് അതെല്ലാം ചെയ്യുന്നത്. എന്നിരിക്കെ, ആധുനികജീവിതത്തിൽ അദ്ധ്വാനത്തിന്റെ അന്യവൽക്കരണത്തെക്കുറിച്ചുള്ള വലിയൊരു വിമർശപ്രമേയമാണ് രാധാകൃഷ്ണന്റെ പണിയിടങ്ങൾ, അവിടെ നടക്കുന്ന ശിൽപ്പനിർമ്മാണങ്ങൾ. അതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു:

വേറൊരാൾ മുളകു കടിച്ചാൽ നമ്മളെങ്ങനെ എരിവനുഭവിക്കും? ഞാൻ തന്നെയാണ് കളിമണ്ണിൽ ഓരോ ശിൽപ്പവും ചെയ്യുന്നത്. പിന്നീട് അത് മോൾഡിങ്ങും കാസ്റ്റിങ്ങും ചെയ്ത തയ്യാറാക്കുന്നതിലാണ് എനിക്ക് സഹായികൾ ഉള്ളത്. അതും കുടുംബാംഗങ്ങളെപ്പോലെ വര്ഷങ്ങളായി സഹവസിക്കുന്നവർ. നാലഞ്ച് പേര് മുപ്പത്താറു വർഷത്തോളമായി എന്റെ കൂടെയുണ്ട്. ഞാൻ കളിമണ്ണിൽ ചെയ്ത ശിൽപ്പങ്ങൾ മോൾഡ് എടുക്കുന്ന പ്രൊസീജറെല്ലാം ചെയ്തിട്ട് അവർ കിലനിൽ വാർക്കും. അവർക്കിത് മാത്രമല്ല ജോലികൾ. പച്ചക്കറികൾ നട്ടു വളർത്തി ഞങ്ങളൊരു ചെറുകൃഷി നടത്തുന്നു. കോളിഫ്‌ളവറും വെണ്ടയ്ക്കയും മറ്റും ഉണ്ട്. ശില്പി എന്ന നിലയിലുള്ള പൂർണ്ണമായ മുഴുകൽ വേണമെന്നാണ് എന്റെ നിലപാട്. അത് പഴയ ചിന്തയാണെന്ന്, ഓൾഡ് സ്‌കൂൾ ഓഫ് തോട് ആണെന്ന് പറയുന്നവരുണ്ട്. പണ്ട് ടാഗോർ രാംകിങ്കറോട് പറഞ്ഞു ഇഷ്ടം പോലെ സ്ഥലം വിനിയോഗിച്ചു കൊള്ളാൻ. പക്ഷേ അന്ന് ചരലും സിമന്റുമൊക്കെ കിട്ടാൻ വലിയ പാടാണ്. സിമന്റിനൊക്കെ പെർമിറ്റു വേണമായിരുന്നു. ഇല്ലാത്ത കാശുണ്ടാക്കിയാണ് രാംകിങ്കറൊക്കെ ആ വർക്കുകൾ ചെയ്തത്. പലതരം ഞെരുക്കങ്ങളിൽവച്ച് ഇവരൊക്കെ എന്തുമാത്രം പാഷനേറ്റായി വർക്ക് ചെയ്തു. ഇന്ന് വരുന്നവർക്ക് വിദൃാർത്ഥിജീവിത കാലഘട്ടത്തിലേ സ്‌ക്കോളർഷിപ്പുകളുണ്ട്. എല്ലാ സൗകരൃങ്ങളുമുണ്ടായിട്ടും ഈ വൈകാരികമായ മുഴുകലോടെ വർക്ക് ചെയ്യുന്നത് എത്ര വിരളം.
രാധാകൃഷ്ണന്റെ മൂല്യബോധം അദ്ധ്വാനത്തെ അന്യവൽക്കരിക്കുന്ന പാരമ്പര്യ വിച്ഛേദങ്ങളുടെയല്ലാ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് ശിൽപ്പം എന്ന അവസ്ഥയെ ബഹുമാനിക്കുന്നു. എന്നാൽ അതിന്റെ വസ്തുവൽകൃത സന്ദർഭങ്ങളെ അതിജീവിക്കുന്ന സാമൂഹികജീവിതവും ചലനാത്മകതയും പുതിയ കാലത്തിന്റെ ആകാംക്ഷയും പരീക്ഷണവുമാണ് രാധാകൃഷ്ണന്റെ ശിൽപ്പങ്ങളുടെ സമകാലികത.

മറ്റൊരാൾ മുളക് കടിച്ചാൽ ഞാൻ എങ്ങനെ എരിവ് അനുഭവിക്കും, എന്ന ചോദ്യം യഥാർത്ഥത്തിൽ അദ്ധ്വാനത്തിന്റെ അനുഭവം ഒരാൾ (തൊഴിലാളി)ക്കായിരിക്കേ, അതിന്റെ മൂല്യത്തിന്റെ ഗുണഭോക്താവ്, അദ്ധ്വാനത്തെ അനുഭവിക്കാത്ത മറ്റൊരാൾ (ഉടമ) ആകുന്നതെങ്ങനെ, എന്ന അടിസ്ഥാന ചോദ്യം തന്നെയാണ്..

ആധുനികജീവിതത്തിൽ അദ്ധ്വാനത്തിന്റെ അന്യവൽക്കരണത്തെ ക്കുറിച്ചുതന്നെയുള്ള മറ്റൊരു വിമർശപ്രമേയവും രാധാകൃഷ്ണൻ ഉണർത്തുന്നു. നമ്മൾ ഒരു പ്രക്രിയയിൽ ഏർപ്പെടുന്നു ; തുടരുകയും ചയ്യുന്നു.
"അവാങ്ഗാർദ്' വിച്ഛേദികളാണ് പൊതുവേ ആധുനികതയിൽ ശ്രദ്ധ നേടിയത്. പക്ഷേ അവരെപ്പോലെ വൈകാരികവും അനുഭൂതിപരവുമായ ആലഭാരങ്ങളൊഴിവാക്കികൊണ്ട് മനുഷ്യരൂപത്തെ നിർവ്വികാര പഠനവസ്തുവും, അഭിരുചിയുടെ സമ്പ്രദായ നിഷ്‌ക്കാസനത്തിന്റെ ചിഹ്നവുമാക്കാൻ ഉപയോഗപ്പെടുത്തിയ യൂറോപ്യൻ ആധുനികവാദികളുടെ വഴിയല്ല രാധാകൃഷ്ണന്റേത്. ആ ഭാഷയുടെ കൂടി സ്വാധീനത്തിൽ തുടങ്ങിയ തന്റെ പഠനത്തെ അതിന്റെ വൈകാരിക ശൂന്യതയിൽനിന്നും രക്ഷിച്ച് മൗലികമായി വഴിതിരിച്ച ഇന്ത്യൻ ആധുനിക ശില്പിയാണ് രാധാകൃഷ്ണൻ.

ഇന്ദ്രിയനിർവ്വിശേഷമായ ഒരു ചലനാത്മക പദാർത്ഥമായി മനുഷ്യ ശരീരത്തെയും, അതിന്റെ വംശസ്വത്വത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് മുന്നോട്ടെടുത്ത ഒരു ശില്പി. ഘനമേറിയ വെങ്കലത്തെ ഭാരരഹിതമായ ചലനങ്ങൾ പ്രതിനിധാനം ചെയ്യാൻവേണ്ടി ഉപയോഗിക്കുന്നു. അതിന് ഭാരമേറിയ പദാർത്ഥങ്ങളെ ഭാരരഹിതമായി അങ്ങനെ ഉപയോഗിക്കാനുള്ള ശാസ്ത്രീയ ജ്ഞാനം വേണം. എന്നിട്ട് ഇതിന്റെ ഫലമായുണ്ടാകുന്നത് വൈരുധ്യങ്ങളുടെ ഒരു ശിഥിലബോധമല്ല, സ്വതന്ത്രമായ ഗതിവിഗതികളുടെ സാദ്ധ്യതകൾക്കായി കാണിമനസ്സിന് ശരീരത്തോടും ലോകത്തോടു തന്നെയും ഇണങ്ങാനുള്ള തോന്നലുളവാക്കുകയാണ് അതിന്റെ ഫലം.

ഇങ്ങനെ പലവഴിക്ക് ആധുനികതാവാദത്തെ സൂക്ഷ്മമായി മറിച്ചിടുന്ന ഒരു പ്രവർത്തനം, മറ്റൊരു തരം സൗന്ദര്യവാദരാഷ്ട്രീയം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന വിധം രാധാകൃഷ്ണന്റെ ശിൽപ്പ ചിന്തയെ മുഴുവൻ രൂപപ്പെടുത്തിയിട്ടുണ്ട്. എങ്കിലോ രാധാകൃഷ്ണൻ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയപ്രമേയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഒരു കലാകാരനല്ല. തന്റെ കലാവസ്തുക്കൾ മുൻനിർത്തി ഒരു സമൂല രാഷ്ട്രീയമാറ്റം സംഭവിക്കണമെന്നു കരുതി, അത്തരത്തിലുള്ള കലാകാരരാഷ്ട്രീയപ്രവർത്തനം നടത്തുന്ന ആളുമല്ല. സൗന്ദര്യത്തിന്റെ ഭരണകൂടത്തിലാകട്ടെ, അന്യവൽക്കരണത്തിന്റെയും ശുദ്ധിവാദത്തിന്റെയും അനന്യമായ പ്രതിഭയുടെയും അനശ്വരതയുടെയും പതിവു രീതിശാസ്ത്രവുമല്ല രാധാകൃഷ്ണന്റേത്.

കാലത്തിന്റെ ചരിത്രത്തിൽ എത്രയോ ചെറിയ ദൈർഘ്യമാണ് മനുഷ്യന്റെ വിളയാട്ടിന് ഉള്ളത്. അതിൽത്തന്നെ ചിന്തകനും ശാസ്ത്രീയനും ഭാവനാശാലിയുമായ മനുഷ്യന്റെ ഉൽപ്പത്തിക്കും പരിണാമങ്ങൾക്കും ഉള്ളത് എത്രയോ ചെറിയൊരംശമാണ് ! ചരിത്രത്തിന്റെ ഈ അപാരതയെ ഒരു കവിതയെഴുതുമ്പോലെ ഓർമ്മിപ്പിച്ചുകൊണ്ടാണ് രാധാകൃഷ്ണൻ സ്ത്രീയുടെയും പുരുഷന്റേയും സാംസ്‌ക്കാരികമായ മനുഷ്യരൂപങ്ങളിൽ വൻ പൊളിച്ചെഴുത്ത് നടത്തുന്നത്; അതും യാതൊരു ബഹളങ്ങളുമില്ലാതെ, സാവധാനം ഒരു ജീവിതമെടുത്ത് !

മനുഷ്യർക്കിടയിൽ വളരെ ഭൗതികമായി, ഇന്ദ്രിയാവേഗങ്ങളോടെ അറിയേണ്ടതായ ഒരു ദുർബലമായ ഉടമ്പടിയിൽ മാത്രമാണ് ഈ കല പ്രവർത്തനസജ്ജമാകുക. എങ്കിലും അങ്ങനെയുണ്ടായ ഈ ശിൽപ്പലോകത്തുകൂടെ ഒരു സമാന്തരജീവിതം ജീവിക്കുമ്പോൾ ഒരാൾ ഉദാത്തമായ കലയനുഭവം എന്ന ഇത്തിരി വട്ടത്തിന്റെ ഉള്ളിലേക്ക് സ്വാഭാവികമായും വലിച്ചെടുക്കപ്പെടുന്നു. എന്നിരിക്കിലും കാലത്തിന്റെ കാവ്യാത്മകതയിൽനിന്നും പുറത്തുവന്ന് വസ്തുനിഷ്ഠമായി ഇതേ ശിൽപ്പലോകത്തെയും ശില്പിജീവിതത്തെയും കാണുന്ന ഒരു കാലത്താണ് താനും ജീവിക്കുന്നത് എന്ന അറിവായിരിക്കാം 'മാസ്റ്റേർലി വീണ്ടെടുപ്പുകൾ' നടതതുംവിധം രാധാകൃഷ്ണനിലെ ക്യൂറേറ്ററെ രൂപപ്പെടുത്തിയത്.
2012 ഫെബ്രുവരിയിൽ ഡൽഹി നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ രാധാകൃഷ്ണൻ ക്യൂറേറ്റ് ചെയ്ത വലിയൊരു റെട്രോസ്‌പെക്ടീവ് പ്രദർശനം നടന്നു. ഇന്ത്യൻ ആധുനിക ശിൽപ്പികളിൽ അഗ്രഗാമിയായ രാം കിങ്കർ ബെയ്ജിന്റെ ജീവിതവും സൃഷ്ടികളും ഒരുമിച്ചു കൊണ്ടുവരുന്ന ഒരു പ്രദര്ശനമായിരുന്നു അത്. അത്രയും സമഗ്രമായി അദ്ദേഹത്തെ ഡോക്യുമെന്റ് ചെയ്ത ഒരു പ്രദർശനം മുന്പ് ഉണ്ടായിട്ടില്ല. നാഷണല് ഗാലറിയുടെ എല്ലാ നഗര കേന്ദ്രങ്ങളിലേക്കും ആ പ്രദർശനം സഞ്ചരിച്ചു.

2018 സെപ്തംബറിൽ ശാന്തിനികേതന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി അവിടത്തെ നന്ദൻ ഗാലറിയിൽ "Pillars of an Artscape' എന്ന പേരിൽ ഒരു ഫോട്ടോഗ്രാഫിക് ഡോകുമെന്റേഷൻ പ്രദർശനം രാധാകൃഷ്ണൻ ക്യൂറേറ്റ് ചെയ്യുകയുണ്ടായി. പിന്നീട് അത് ബിഹാർ മ്യൂസിയത്തിലേക്ക് സഞ്ചരിച്ചു.

2022 ജൂണ് 18ന് ഈമാമി ആർട്ട്, അർത്ഥശില എന്നീ ഗാലറി-മ്യൂസിയം പ്രസ്ഥാനങ്ങളുമായി ചേർന്ന് രാധാകൃഷ്ണൻ സോംനാഥ് ഹോർ (Somnath Hore) റെട്രോസ്‌പെക്റ്റീവ് പ്രദർശനം ക്യൂറേറ്റ് ചെയ്തു. ഹോറിന്റെ കലാജീവിതത്തിലെ പല ദശകങ്ങളിലെ കൃതികളുടെ ഫോട്ടോഗ്രാഫിക് ഡോക്യുമെന്റേഷൻ ആയിരുന്നു സീരീസ് ഓഫ് വുണ്ട്‌സ് (മുറിവുകളുടെ ശൃംഖല) എന്ന പേരിളുള്ള ആ പ്രദർശനം. അതിപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
രാംകിങ്കർ ബേജും സോംനാഥ് ഹോറും രാധാകൃഷ്ണന്റെ അദ്ധ്യാപകരായിരുന്നു. അടുത്ത വ്യക്തിബന്ധവും അവർ രണ്ടു പേരുമായി രാധാകൃഷ്ണനുണ്ടായിരുന്നു. അതിലപ്പുറം, ഈ മൂന്നു ക്യൂറേറ്റഡ് പ്രദര്ശനങ്ങളും കഴിഞ്ഞ ഒരു ദശകത്തോളമായി ഇന്ത്യൻ ആധുനിക കലാചരിത്രത്തിൽ മറവിയിലാണ്ടുപോകാൻ തുടങ്ങിയ പലതിന്റെയും അതിപ്രധാനമായ വീണ്ടെടുപ്പുകളാണ്.

സോംനാഥ് ഹോർ

ഭരണഘടനയും ജനങ്ങളും, നിരന്തരം പുഷ്ടിപ്പെടുന്ന ശിൽപ്പവും
"കണ്ടെടുക്കപ്പെടുന്നതും കാണാതാകുന്നതുമായ വിഗ്രഹാത്മക ദേവനും വിഗ്രഹമില്ലാത്ത ദേവതാസങ്കല്പവും' ഒരുപോലെ വേട്ടയാടുന്ന ബോധമാണ് ഇരുപതാംനൂറ്റാണ്ടിലെ ഇന്ത്യൻ ആധുനികശില്പിയുടേത്.

ആധുനികതാവാദിയുടെ ആ "സെർച്ച്' പലപ്പോഴും വലിയ ദുരുഹതയായിട്ടാണ് അവതരിപ്പിക്കപ്പെടാറ്. എന്നാൽ രാധാകൃഷ്ണനിൽ ഒട്ടും സത്താവാദിയല്ലാത്ത, ദുരൂഹമല്ലാത്ത, രസികത്തം നിറഞ്ഞ ഒരു ഇന്ത്യൻ ശില്പി ശക്തമായിട്ടുണ്ട്. മനുഷ്യവംശത്തിലേക്കും അതിന്റെ ഇന്ദ്രിയാനുഭൂതി പരമ്പരകളിലേക്കും വികസിക്കാൻ ശ്രമിക്കുന്നതിനാൽ "ഞാൻ ഇന്ത്യക്കാരനാണ്' എന്ന നാട്യം ഒട്ടുമില്ലാത്തവൻ. ഫ്രാൻസിൽ ശിൽപ്പങ്ങൾ ധാരാളമായി പ്രദർശിപ്പിക്കുന്ന യൗവനത്തിൽ, ഒരു യൂറോപ്യൻ സമൂഹത്തിന്റെ ഉള്ളിൽ "ഇന്ത്യൻ' എന്ന വിചിത്രകൗതുകം ജനിപ്പിക്കാവുന്ന പ്രതീകങ്ങളിൽ ശിൽപ്പം ചെയ്യാൻ ബോധപൂർവ്വം ഒട്ടുംതന്നെ ശ്രമിച്ചിട്ടില്ലാത്ത ഒരു ഇന്ത്യൻ ശില്പിയാണ് രാധാകൃഷ്ണൻ. ഒപ്പംതന്നെ കാലപ്രവാഹത്തിൽ തന്റെ പ്രത്യേക ഇടത്തോടും സമയത്തോടും നിരന്തരം ഇടപെട്ടിട്ടുള്ളവൻ. തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ജനാധിപത്യപ്രക്രിയകളിലെ ഇരുട്ടിൽ ഈ ഇന്ത്യൻ ശില്പി ഇരുന്ന് ഇടമുറിയാതെ പണിയെടുക്കുന്നുണ്ട്. ആ ഇരുണ്ട മേഖലകളിലാണ് ആളുകൾ ഒഴുകിപ്പോകുന്നതും ഒലിച്ചുപോകുന്നതും. ഭ്രഷ്ടരും, ഒരു പോക്കിടം ഇല്ലാത്തവരുമെല്ലാം അനുഭവത്തിന്റെ ഊർജ്ജകണങ്ങൾ പോലെ, ഈയാം പാറ്റകൾ പോലെ, വലിയ തൂണുകളിൽ പറ്റിപ്പിടിക്കുകയോ പറന്നുവന്നുനിൽക്കുകയോ വില്ലുപോലെ സ്വയം കുലയ്ക്കുകയോ ഏതോ വിവശതയിലെന്നപോലെ വീഴുകയോ ഒക്കെ ചെയ്യുന്നു.

2019 സെപ്തംബറിൽ രാധാകൃഷ്ണന്റെ ശാന്തിനികേതനിലെ പണിയിടത്തിൽ ഞാൻ പോകുമ്പോൾ ഒരു ജനക്കൂട്ടം രൂപപ്പെട്ടുവരികയാണ്. അതേക്കുറിച്ച് അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിട്ടങ്ങനെ പോകുകയാണ് ഈ സീരീസ്. ശില്പ പ്രക്രിയയിൽ ശില്പങ്ങളുമായി ഒത്ത് ജീവിക്കുന്നത്തിലാണ് ഞാൻ കൂടുതൽ താല്പര്യപ്പെടുന്നത്. രണ്ടോ മൂന്നോ മാസം മറ്റെന്തെങ്കിലും കാര്യത്തിന് പോയി കഴിഞ്ഞു വന്നു നോക്കുമ്പോഴും ഈ ശിൽപ്പങ്ങൾ, അവർ അങ്ങനെ നിൽക്കുകയാണ് എപ്പോഴും. മുപ്പത്തിരണ്ട് പേരിപ്പോൾ ഇങ്ങനെ നിൽക്കുന്നു. ആരും ഒരേപോലെയല്ല നിൽക്കുന്നത്. ഞാൻ മണ്ണിൽ ചെയ്യുന്ന മുപ്പത്തിരണ്ടാമതത്തെ ഫിഗർ ഈ ആളുകളുടെ ഇടയിൽ നിന്നുകൊണ്ടാണ് ഞാൻ ചെയ്യുന്നത്. ഇവരെയെല്ലാം മാറ്റിനിർത്തിക്കൊണ്ട് ഒരു നേക്കഡ് സ്‌പെസിലല്ല ഞാൻ മുപ്പത്തി രണ്ടാമത്തെ ഈ ഫിഗർ ചെയ്യുന്നത്. അവർ അവരുടെ ഒരു കാൽ എവിടെവയ്ക്കുന്നു എന്ന് നോക്കണം. അത് വായുവിലല്ല വയ്ക്കുന്നത്. ഒരു പ്ലാറ്റ്‌ഫോമിൽത്തന്നെയാണ്. ഓരോരുത്തർക്കും ആ പ്ലാറ്റ്‌ഫോമുണ്ട്. റാമ്പ് എല്ലാവരും പൊയ്‌ക്കൊണ്ടിരുന്നതാണ്. ഇത് അതല്ല. എല്ലാവര്ക്കും അവരവരുടേതായ ഒരു റാമ്പുണ്ട്. കാലുവയ്ക്കാനിടം ഉണ്ട്. അടിസ്ഥാനപരമായി അവർക്ക് അവരുടെ തന്നെ തീരുമാനങ്ങളുണ്ട്. ഓരോരുത്തരും നിൽക്കുമിടം ഉണ്ടെങ്കിലും അവർ ഒരു കളക്ടീവിന്റെ ഭാഗമാണ്. ഇപ്പോൾ ഞാൻ മണ്ണിൽ ചെയ്യുന്ന ഫിഗർ ഇനി മോൾഡ് എടുക്കും പിന്നെ അവർ ബാക്കി കാസ്റ്റിങ് ചെയ്യും. ഇങ്ങനെ ഒരു പ്രക്രിയ തുടരുകയാണ്. അഞ്ച് ഫിഗർ ആയപ്പോൾത്തന്നെ എനിക്ക് തോന്നി, ങാ ഒരു ക്രൗഡ് പതുക്കെ വരാൻ തുടങ്ങിയല്ലോ എന്ന്. ഞാൻ കൂടുതൽക്കൂടുതൽ ആളുകളെ നിർമ്മിച്ച് സ്വാഗതം ചെയ്യുകയാണ് എന്റെ ഈ ക്രൗഡിലേക്ക്.

നൃത്തോദ്ദീപകമെന്നതിനെക്കാൾ ഈ ചലനങ്ങൾ ഉൾച്ചേരലിന്റെ അത്ര തന്നെ, നടന്ന് അകലലിന്റെതുമാണ് (departures). എല്ലാവർക്കും സ്വന്തം ചലനങ്ങൾ കൊണ്ട് നിർവ്വചിക്കാവുന്ന അവരവരുടേതായ പ്ലാറ്റ്‌ഫോമുണ്ട്. ഈ "കാലുവയ്ക്കാനിടം' അവരെ ഒറ്റയ്ക്ക് നിലയ്ക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. പക്ഷേ മുപ്പതു മനുഷ്യരൂപങ്ങൾ പണിത് നിൽക്കുന്ന ആ മുറിയിൽ ഞാന് എങ്ങനെ നോക്കിയാലും അവർ ഒരൊറ്റ "കളക്ടീവിന്റെ' ഭാഗമല്ല. അവർ പരസ്പരം തൊടുന്നു എന്നു തോന്നുമെങ്കിലും, അടുത്തുപോയി നോക്കിയാൽ ചെറിയ ക്ലസ്റ്ററുകൾ ആയിട്ടാണ് അവർ അനുഭവപ്പെടുക. അത് ആ പണിശാലയില് അവർ യാദൃച്ഛികമായി നിൽക്കുന്നതു ചെറു കൂട്ടം ആയതുകൊണ്ട് തോന്നുന്നതാകാമെങ്കിലും പല ദിവസങ്ങളിൽ പല മാതൃകകളിൽ അവരെ സ്ഥലം മാറി കണ്ടുകൊണ്ടിരുന്നപ്പോൾ ഇവരുടെ ചലനങ്ങൾ റാംപിൽ ഉണ്ടായിരുന്നവരുടെ പോലെയല്ലെന്ന് മനസ്സിലായി. കയറുകയും ഇറങ്ങുകയും ചെയ്യുന്നവരിലുണ്ടാകുന്ന ഒരു "ഐക്യഗാനത്തിന്റെ പശ്ചാത്തലം ഉള്ള നൃത്താനുഭവം' അല്ല ഉള്ളത്. 2019 ൽ ഞാന് കണ്ട ഇവരെ ഇനിയും പണിയാനുള്ള ആളുകളോടൊപ്പം ശിൽപ്പി ഒരു ഗാലറിയിലേക്ക് മാറ്റുമ്പോൾ എങ്ങനെയാകും നിർത്തുക എന്നറിയില്ല. പക്ഷേ ഇതിനിടയിലൂടെ ലോകം കോവിഡ് വ്യാധികാലം പിന്നിട്ടു. ഇപ്പോൾ 2023 ജനുവരിയിൽ കൊൽക്കത്തയിലെ ഇമാമി ചിസിൽ (Emami Chisel) ഗാലറിയിൽ നടക്കാനിരിക്കുന്ന രാധാകൃഷ്ണന്റെ ഏറ്റവും പുതിയ ഒരു പ്രദർശനത്തിൽ അൻപത് മനുഷ്യർ പല ദിശകളിൽ നടന്നു നീങ്ങുന്നവരായി തയ്യാറായിരിക്കുന്നു.

എങ്ങനെ ഇവരെ നിർത്തിയാലും "ഒറ്റക്കൂട്ടം' ആകാത്തവിധം ഇവരിൽ ഒരുതരം അകന്നുമാറൽ ഉണ്ട്. "പല കൂട്ടം കൂടൽ' ഉണ്ട്. ഇതിനിടയിലാണ് പൗരത്വപ്രക്ഷോഭകാലവും, ഭരണഘടനാവകാശങ്ങളെ ദുർബലപ്പെടുത്തുന്ന പല തരത്തിലുള്ള മത-സാമുദായിക ലഹളകളും നിമിത്തം നമ്മുടെ സാംസ്‌ക്കാരിക രംഗതത് "ഭരണഘടന' എന്നൊരു വിഷയം രാഷ്ട്രീയമായി ശ്രദ്ധ നേടിയത്. ഭരണഘടന കുറേ നിയമങ്ങളുടെ സംഘാതമല്ല, മറിച്ച് ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു ഡോക്യുമെന്റ് ആണ് എന്ന് വീണ്ടും വീണ്ടും അനുഭവപ്പെട്ടു. ഭരണഘടനാവകാശങ്ങളുടെ നിഷേധവും പൗരജീവിതങ്ങളുടെ മുൻകയ്യിൽ നടന്ന അവയുടെ സംരക്ഷണവും ഇക്കാലത്താണ് ഒരു സവിശേഷ രാഷ്ട്രീയ പ്രമേയമായി അനുഭവത്തിലായത്. ഭരണഘടന എന്ന ജീവിക്കുന്ന നീതിസങ്കൽപ്പത്തെ "തഴച്ചുവളരുന്ന മര'ത്തിന്റെ ഭാഷയിൽ ശിൽപ്പമായി (Constitution: The Flourishing Tree) സുപ്രീം കോടതി സമുച്ചയത്തിനുള്ളിൽ രാധാകൃഷ്ണൻ സ്ഥാപിച്ചതു 2020 ലാണ്.
""ഇന്ത്യ സ്വതന്ത്രമായപ്പോൾ നമ്മൾ ജനങ്ങൾ ഒരു ഭരണഘടന നിർമ്മിച്ച് നമുക്കായി സ്വീകരിച്ചു. അത് കൂട്ടായ വിവേകത്തിന്റെ തൂണ് പോലെ അനന്തമായ സാധ്യതകളുടെ പ്രവാഹത്തിൽനിന്ന് ഉയർന്നുവന്നതാണ്. അന്നുമുതലേ ചട്ടങ്ങളുടെയും അതിനുചുറ്റുമായി വിടർന്നുവന്നു വിപുലപ്പെട്ട സ്വാതന്ത്ര്യത്തിന്റെയും ഈ തൂണ് നമ്മൾ പരിശോധനയ്ക്ക് വിധേയമാക്കുന്നു. മുറകളുടെയും നടപടിക്രമങ്ങളുടെയും ഉറച്ച തൂണിനെ നമ്മൾ ജീവിച്ചുയർന്നുനിൽക്കുന്ന ഒരു വൃക്ഷത്തിന്റെ തടിയായി പരിണമിപ്പിക്കുന്നു.'' ആ ശിൽപ്പങ്ങളിൽ സംശയരഹിതമായി കാണാം, ആളുകൾ കൈ, കാൽ, ഉടലാൽ പരസ്പരം പിടിച്ച് പ്രചണ്ഡമായ ഒരു ചലനത്തിലായിരിക്കുന്നു. ആന്തരികമായ എന്തോ ആകർഷണത്തിലേക്കെന്ന പോൽ ഉടൽ വിടർത്തി പരസ്പരം പിടിച്ചുകേറ്റുന്നു. ഏലിയാസ് കനേറ്റി ആൾക്കൂട്ടത്തേക്കുറിച്ചുള്ള തന്റെ പുസ്തകം തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ് : അപരിചിതന്റെ സ്പർശം പോലെ മനുഷ്യനെ ഭയപ്പെടുത്തുന്നത് മറ്റൊന്നുമില്ല. തന്നിലേക്ക് വരുന്നതെന്തെന്ന് അവന് 'കാണണം'. തിരിച്ചറിയണം. ചുരുങ്ങിയത് വർഗ്ഗീകരിക്കുകയെങ്കിലും വേണം. അപരിചിതമായ എന്തുമായുമുള്ള ശാരീരികമായ സ്പർശം കഴിയുന്നത്ര ഒഴിവാക്കുന്നു. ഇരുട്ടതത് അപ്രതീക്ഷിതമായ ഒരു സ്പർശത്തേക്കുറിച്ചുള്ള ഭയം പരിഭ്രമത്തോളം എത്തിക്കാം. വസ്ത്രമിട്ടിട്ടൊന്നും കാര്യമില്ല. അവ കീറാം. ഇരയുടെ സംരക്ഷണമില്ലാത്ത നഗ്‌നവും മൃദുവുമായ മാംസത്തിലേക്ക് കുത്തിയിറങ്ങാം.

രാധാകൃഷ്ണൻ ഈ രാജ്യത്തിന്റെ പരമോന്നത നീതിപീഡത്തിന്റെ അങ്കണത്തിൽ സ്ഥാപിച്ച "ഭരണഘടന' എന്ന ജീവിക്കുന്ന നീതിസങ്കൽപ്പത്തിന് പക്ഷേ സ്പർശഭയമില്ല. അത് പരസ്പ്പരം ഉടലുകളാൽ ബന്ധിതരായ മനുഷ്യര് അസാമാന്യമായ കരുത്തോടെ നടത്തുന്ന ചലനമാണ്. ഗോത്ര ഭാവനയിലെ "കർമ്മവൃക്ഷം' പോലെ ഈ ശിൽപ്പം വൃക്ഷസമാനം. ഇത് വലിപ്പത്തി ശക്തമായ സ്മാരകമായി ഉയർന്നുനിൽക്കുന്നു. ദൂരെ നിന്ന് നോക്കിയാൽ ഭരണഘടന പല തരത്തില് ചേക്കണയുന്ന മനുഷ്യരുടെ ഒരു ബൃഹത്തായ പക്ഷിജീവിതം പോലെ തോന്നും. വണ്ടി വലിക്കുന്ന മുസുയിയെപ്പോലെയോ വണ്ടിയുടെ വക്കിൽ വന്നിരിക്കുന്ന പക്ഷിയെപ്പോലെയോ ഒറ്റയ്ക്ക് ചലിക്കുന്നവർക്ക് ഇങ്ങനെയും ഒരു രൂപമുണ്ട്.

മനുഷ്യവംശപ്പെരുമാറ്റം എങ്ങനെയാണെന്ന് ആഴത്തിലുള്ള കാവ്യാലങ്കാരങ്ങളാൽ സമൃദ്ധമായ ഭാഷയിൽ കനേറ്റി വിശദീകരിച്ചു. അത് പിന്നീട് ജനമുന്നേറ്റങ്ങൾ കിഴക്കൻ യൂറോപ്യൻ കമ്മ്യൂണിസ്റ്റ് ഭരണങ്ങളടക്കം ശക്തമായ ഭരണകൂടങ്ങളെ തകർത്ത സന്ദർഭങ്ങളെ മനസ്സിലാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. ജനക്കൂട്ടം ഏകതാനമല്ല. ഒറ്റപ്പെട്ടവരും, ഒറ്റപ്പെടുത്തപ്പെട്ടവരുമായ മനുഷ്യർ എല്ലായ്‌പ്പോഴും അതു മാത്രമല്ല. ഒറ്റയുടെ ആനന്ദവും ഭയവും പടംപൊഴിക്കലുമെല്ലാം തന്നെ ഒരു ഘടനയുടെ ഭാഗമാണ്. ഒറ്റയിൽ കൂട്ടവും കൂട്ടത്തിൽ ഒറ്റയും ഉണ്ട്. തൊടലും സ്പർശഭയവുമുണ്ട്. നടത്തങ്ങൾ ഒരേ ദിശയിലേക്ക് ഉള്ളതുപോലെത്തന്നെ പല ദിശകളിലേക്ക് ചിതറിയും വരാം. ഭരണകൂടത്തിന്റെ ഭരണവും ചിത്തഭ്രമവും കൂട്ടത്തെ വ്യത്യസ്തമായി ചലിപ്പിക്കുന്നുണ്ട്.

ഏകതാനവും ഏകപക്ഷീയവുമായ രാഷ്ട്രസങ്കൽപ്പങ്ങൾ ശക്തമാകുന്ന കാലത്ത്, രാധാകൃഷ്ണന്റെ "ആൾക്കൂട്ടം' ഏറ്റവുമൊടുവിൽ കാണപ്പെടുന്നത് പല ദിശകളിൽ ചലിക്കുന്ന ഒറ്റകളുടെ പല കൂട്ടങ്ങൾ ആയിട്ടാണ്, വരാനിരിക്കുന്ന അതിജീവനങ്ങളുടെ സൂചനയെന്നപ്പോലെ.

(കവിത ബാലകൃഷ്​ണൻ എഴുതി ഡി.സി ബുക്​സ്​ പ്രസിദ്ധീകരിച്ച "ജീവിതനൃത്തം' എന്ന പുസ്​തകത്തിൽനിന്ന്​)

Comments