truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Kunhaman 3 4

Biography

ഇ.എം.എസിന്റെ
പരിഭാഷയിലാണ്
മലയാളത്തില്‍ മാര്‍ക്‌സ് ചോര്‍ന്ന് പോയത്

ഇ.എം.എസിന്റെ പരിഭാഷയിലാണ് മലയാളത്തില്‍ മാര്‍ക്‌സ് ചോര്‍ന്ന് പോയത്

ദളിതായ ഒരു സാമൂഹ്യശാസ്ത്രജ്ഞൻ തന്റെ കരിയറിലും വ്യക്തി ജീവിതത്തിലും ഉടനീളം നേരിടേണ്ടി വന്ന അവഗണനയുടേയും അവഹേളനങ്ങളുടേയും അനുഭവങ്ങൾ തുറന്നു പറയുന്ന പുസ്തകമാണ് 'ഞാൻകുഞ്ഞാമൻ: അതിജീവനക്കുറിപ്പുകൾ'. സർവ്വകലാശാലകളിലും ഭരണ കേന്ദ്രങ്ങളിലും ജാതി എങ്ങനെയാണ് പ്രത്യക്ഷമായും സൂക്ഷ്മമായും പ്രവർത്തിക്കുന്നത് എന്ന് ഈ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്ക് മനസ്സിലാവും. ഒപ്പം മാർക്സിസത്തോടുള്ള തന്റെ സമീപനവും മാർക്സിസ്റ്റ് ആശയങ്ങൾ, പ്രായോഗിക രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ എങ്ങനെയാണ് മാറിമറിഞ്ഞത് എന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. പുസ്തകത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ

21 Apr 2020, 05:06 PM

എം. കുഞ്ഞാമൻ

ഞങ്ങളെപ്പോലുള്ളവര്‍ സര്‍വകലാശാലയിലും ഗവേഷണത്തിലും വരുന്ന കാലത്ത്, അവിടെ മാടമ്പി ഭരണമായിരുന്നു. ഞങ്ങളെപ്പോലുള്ളവരോട് കുറച്ചൊരു മാനുഷിക സമീപനം സ്വീകരിച്ചത് പി.ഗോവിന്ദപിള്ളയെയും ജി. സുധാകരനെയും പോലുള്ളവരാണ്. കേരള യൂണിവേഴ്‌സിറ്റിയില്‍ നായന്മാരെയും ക്രിസ്ത്യാനികളെയും എതിര്‍ക്കാന്‍ പാടില്ല എന്നൊരു സ്ഥിതിയുണ്ടായിരുന്നു. ഇത്തരം മാടമ്പി സ്വഭാവത്തിന് മാറ്റം വരുന്നത്, സുധാകരനെപ്പോലുള്ള വ്യക്തികള്‍ സിന്‍ഡിക്കേറ്റ് അംഗമായി വരുന്നതോടെയാണ്.

G_sudhakaran.jpg
ജി. സുധാകരന്‍

ഒരിക്കല്‍ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനെ വിട്ട് സുധാകരന്‍ എന്നെ വിളിപ്പിച്ചു. ഞാന്‍ ചെന്നില്ല. ""ഞാനുമായി അദ്ദേഹത്തിന് എന്തെങ്കിലും കാര്യം ചര്‍ച്ച ചെയ്യണമെന്നത് അദ്ദേഹത്തിന്റെ ആവശ്യമാണ്. അതിന് അദ്ദേഹം ഇവിടേക്കുവരണം'' എന്നായിരുന്നു എന്റെ നിലപാട്.

അദ്ദേഹം തിരക്കിലാണെന്ന് വന്നയാള്‍ അറിയിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു,  ""ഞാനും തിരക്കിലാണ്, എനിക്ക് വായിക്കാനുണ്ട്, പഠിപ്പിക്കാനുണ്ട്, എഴുതാനുണ്ട്... എന്നുപറഞ്ഞാല്‍ അദ്ദേഹത്തെ കാണില്ല എന്ന് അര്‍ഥമില്ല. എനിക്ക് എന്തെങ്കിലും കാര്യം അദ്ദേഹവുമായി സംസാരിക്കണമെങ്കില്‍ ഞാന്‍ കാണും. ഇക്കാര്യം വളരെ വ്യക്തമായ ഒന്നാണ്''.

വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ സുധാകരനോട് ഇക്കാര്യം പറഞ്ഞപ്പോള്‍, അദ്ദേഹം പറഞ്ഞതായി ഞാന്‍ അറിഞ്ഞത്,  കേരള യൂണിവേഴ്‌സിറ്റിയില്‍ ആത്മാഭിമാനമുള്ള അധ്യാപകനുണ്ടെങ്കില്‍ അത് കുഞ്ഞാമനാണ് എന്നാണ്.
സര്‍വകലാശാലയിലെ മാടമ്പിത്തരത്തിന് എനിക്ക് അനുഭവങ്ങളുണ്ടായിരുന്നു.

അവിടെ അധ്യാപക സംഘടനകള്‍ ശക്തരായിരുന്നു. അവര്‍ പഠിപ്പിക്കുന്നതിനുപകരം, രാഷ്ട്രീയം പരിശീലിക്കുകയായിരുന്നു ചെയ്തിരുന്നത്. അവര്‍ ജാതി നോക്കിയാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ നമ്മളെ അടിച്ചമര്‍ത്തും. അധ്യാപക തൊഴിലാളികള്‍ സംഘടിക്കണം എന്നൊക്കെ അവര്‍ പറയും. ഒരിക്കല്‍ ഞാന്‍ ഒരാളോടു പറഞ്ഞു, ഞാനൊരു അധ്യാപക തൊഴിലാളിയല്ല.

ഒരുതരത്തിലുമുള്ള ഭിന്നാഭിപ്രായങ്ങളും മുന്നോട്ടുവരരുത് എന്നൊരു നിര്‍ബന്ധം അവിടെയുണ്ടായിരുന്നു. അതിന് ഭീഷണി ഉപയോഗിക്കും. സി. അച്യുതമേനോന്‍ പൊളിറ്റിക്‌സ് വകുപ്പില്‍ ഒരു പരിപാടിക്കുവന്നു. അദ്ദേഹം പറഞ്ഞത് വികേന്ദ്രീകരണത്തെക്കുറിച്ചാണ്. പ്രസംഗം കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തോടുചോദിച്ചു, ""നിങ്ങള്‍ വികേന്ദ്രീകരണത്തെക്കുറിച്ച് പറയുമ്പോള്‍ അതില്‍ അക്കൗണ്ടബിലിറ്റിയുടെ പ്രശ്‌നമുണ്ട്''.
അദ്ദേഹത്തിന്റെ പ്രതികരണം ഉടനെയായിരുന്നു, ""ഞാന്‍ തലവെട്ടുരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല''.
അപ്പോള്‍ ഞാന്‍ ചോദിച്ചു; ""എന്നുമുതല്‍? വേണ്ടിവന്നാല്‍ മര്‍ദകന്റെയും ചൂഷകന്റെയും തലയും വെട്ടാമെന്ന് ഞങ്ങളെപ്പോലുള്ള മര്‍ദകരോടുപറഞ്ഞ കമ്യൂണിസ്റ്റുകാരുടെ ആദ്യ തലമുറയിലുള്ള ഒരാളാണ് താങ്കള്‍. എന്നുമുതലാണ് അത് അങ്ങനെയല്ലാതായത്, രാജന്‍കേസുമുതലാണോ?''.
അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. പരിപാടിയുടെ അധ്യക്ഷനായിരുന്ന പൊളിറ്റിക്‌സ് പ്രഫസര്‍ എന്നോട് സംസാരിക്കരുത് എന്നു പറഞ്ഞു.
ഞാന്‍ പറഞ്ഞു; ""ഞാന്‍ സംസാരിക്കും, എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ പറയും, അത് നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. ഭരണഘടനയുടെ 19-ാം വകുപ്പ് എനിക്ക് ആ സ്വാതന്ത്ര്യം തരുന്നുണ്ട്''.
ചിരിയോടെ അച്യുതമേനോന്‍ പറഞ്ഞു; ""നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം''.

മൂന്നുദിവസം കഴിഞ്ഞ് അദ്ദേഹത്തിന്റെ കത്തുകിട്ടി...''പ്രിയപ്പെട്ട കുഞ്ഞാമന്‍, നവയുഗത്തിന്റെ എഡിറ്റര്‍ ഞാനാണെന്ന് അറിയാമല്ലോ. അതിലേക്ക് ലേഖനങ്ങള്‍ എഴുതിത്തരണം''.

0.jpg
സി. അച്യുതമേനോന്‍

ഞാന്‍ എഴുതിക്കൊടുത്തു. പിന്നീട് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, "നമുക്ക് ചെയ്യാന്‍ കഴിയുന്നതല്ലേ ചെയ്യാനാകൂ' എന്നാണ്.

ഞാന്‍ റീഡറായിരുന്നപ്പോള്‍, യു.ജി.സി അംഗവുമായിരുന്നു. അന്ന് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റില്‍ പ്രഫസര്‍ പോസ്റ്റിന് അപേക്ഷിച്ചു. എന്നെ തെരഞ്ഞെടുത്തില്ല, പകരം, ഒരു പ്രമുഖ കോണ്‍ഗ്രസുകാരനെ നിയമിച്ചു.
ജാതിയായിരുന്നു പ്രശ്‌നം. ഞാനന്ന് എല്ലാ സര്‍വകലാശാല കമ്മിറ്റികളില്‍നിന്നും രാജിവച്ചു.
വൈസ് ചാന്‍സലര്‍ എന്‍. ബാബുവിനോട്  ഞാന്‍ പറഞ്ഞു; ""ഞങ്ങള്‍ ദളിതരാണ്, ധൈര്യമില്ലാത്തവരാണ്''.
എനിക്ക് പ്രഫസര്‍ നിയമനം നിഷേധിക്കപ്പെട്ടത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പിന്നീട് ഡോ.ബി. ഇക്ബാല്‍ വി.സിയായി വന്നു. എന്നോടുള്ള അനീതി ബോധ്യപ്പെട്ട് അദ്ദേഹം ഇക്കാര്യത്തില്‍ ഇടപെട്ടു. യു.ജി.സിക്ക് കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം ഉണ്ട്. പ്രമോഷന് ഗവേഷണ പ്രബന്ധങ്ങളും പരിഗണിക്കും. അങ്ങനെ എനിക്ക് പ്രഫസറായി സ്ഥാനക്കയറ്റം കിട്ടി. ഈ പദ്ധതിയനുസരിച്ച് കേരള സര്‍വകലാശാലയില്‍ ആദ്യമായി സ്ഥാനക്കയറ്റം ലഭിച്ച ആള്‍ ഞാനായിരുന്നു.

കരിയറിന്റെ തുടക്കം മുതല്‍ എനിക്ക് നേരിടേണ്ടിവന്ന വിവേചനം ഇവിടെയും തുടര്‍ന്നു. ദളിത് എന്ന ഘടകമാണ് എവിടെയും എനിക്ക് എതിരായത്. വി.സി പിന്നാക്കക്കാരനായിരുന്നു, സിന്‍ഡിക്കേറ്റിലും പിന്നാക്കക്കാരുണ്ടായിരുന്നു, എന്നിട്ടും ഇത്തരമൊരു അനീതിക്കെതിരെ അവര്‍ ശബ്ദമുയര്‍ത്തിയില്ല. കാരണം, അവര്‍ മേലാളരാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പോലും ഇത്രകാലം കഴിഞ്ഞിട്ടും ഈയൊരു മനോഭാവം ശക്തമാകുകയാണ് ചെയ്തത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതൊരു രാജ്യവ്യാപക പ്രതിഭാസം കൂടിയാണ്.

ഇന്ത്യയില്‍ ബ്രാഹ്മണിസം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങളാണ് ശക്തരായിക്കൊണ്ടിരിക്കുന്നത്. പിന്നാക്കവിഭാഗം സവര്‍ണര്‍ക്ക് എതിരാണ്, പക്ഷെ, ജാതിവ്യവസ്ഥക്ക് എതിരല്ല. അവര്‍ ജാതിവ്യവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. അവര്‍ സമ്പന്നരായി, രാഷ്ട്രീയത്തില്‍ സ്വാധീനശക്തിയായി, അവര്‍ക്ക് വ്യവസ്ഥിതി നിലനിര്‍ത്തലാണ് ആവശ്യം, മാറ്റമല്ല. എന്നാല്‍, ദളിതര്‍ ജാതിവ്യവസ്ഥക്ക് എതിരാണ്. വ്യവസ്ഥിതിയെ മാറ്റിമറിക്കലാണ് ദളിതരുടെ ആവശ്യം. ഈ വ്യത്യാസം പ്രകടമാണ്.

സര്‍വകലാശാലകളില്‍ ജാതി ശക്തമാണ്. എം.എക്ക് റാങ്ക് നേടിയിട്ടും ജീവിക്കാന്‍ മാര്‍ഗമില്ലാതെ നടക്കുമ്പോള്‍ ഒരാള്‍ എന്നോടു പറഞ്ഞു, സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് അഡ്മിഷന്‍ കിട്ടിയാല്‍ ഫെല്ലോഷിപ്പ് കിട്ടും, അത് പതിവായി കിട്ടിയാല്‍ താന്‍ രക്ഷപ്പെടും എന്ന്. ഞാന്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ സി.സി. കുഞ്ഞനെ കണ്ടു. വിക്ടോറിയ കോളജില്‍ ബി.എസ്സിക്ക് പഠിച്ചിരുന്ന അയ്യപ്പനും കൂടെയുണ്ടായിരുന്നു, അദ്ദേഹം പിന്നീട് തിരുവനന്തപുരം കലക്ടറായി.

ഡയറക്ടറോട് വിവരം പറഞ്ഞു, ഫെല്ലോഷിപ്പ് പതിവായി കിട്ടാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു.
"നോക്കാം' എന്നു അദ്ദേഹം പറഞ്ഞു. എന്നിട്ട്, ""കാര്യം തീര്‍ന്നില്ലേ, പിന്നെ എന്തിനാണ് മുഖത്തും നോക്കിനില്‍ക്കുന്നത്?'' എന്ന് ക്രുദ്ധനായി അദ്ദേഹം ചോദിച്ചു.
ഞാന്‍ ഉടന്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്നിറങ്ങി റോഡില്‍ കയറിനിന്ന് പറഞ്ഞു; ""ഞാനൊരു ചെറുപ്പക്കാരനല്ലേ, ആ സൗന്ദര്യം ഒന്ന് ആസ്വദിക്കാനാണ്''.
കാര്യങ്ങള്‍ ചെയ്യാന്‍ ഉത്തരവാദപ്പെട്ടവരില്‍നിന്നുണ്ടായ അവഗണനകള്‍ അതിരൂക്ഷമായിരുന്നു. ഫെല്ലോഷിപ്പ് കിട്ടിയില്ല. അതിനുശേഷമാണ് സി.ഡി.എസില്‍ എം.ഫില്ലിന് ചേര്‍ന്നത്.

Kunhaman.jpg
എം. കുഞ്ഞാമന്‍

സര്‍വകലാശാലകളില്‍ വിദ്യാര്‍ഥി പ്രവേശനം, അധ്യാപക നിയമനം തൊട്ട് ജാതി ഇടപെടല്‍ തുടങ്ങുന്നു. മുന്‍വിധികള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കേരള സര്‍വകലാശാലയില്‍ മലയാളം വകുപ്പില്‍ എം.ഫിലിന് എഴുത്തുകാരനായ വെട്ടിയാര്‍ പ്രേംനാഥിന്റെ മകള്‍ അപേക്ഷിച്ചിരുന്നു. കഴിവുള്ള ദളിത് വിദ്യാര്‍ഥിനിയായിരുന്നു അവര്‍. അന്ന് ദേശമംഗലം രാമകൃഷ്ണന്‍ വകുപ്പിലുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞിട്ടും പ്രവേശനം നല്‍കിയില്ല. ഈ കുട്ടിയും അമ്മയും എന്നോട് വിവരം പറഞ്ഞു. സിന്‍ഡിക്കേറ്റ് അംഗമായ ജി. സുധാകരന് ഞാന്‍ ഒരു കുറിപ്പ് കൊടുത്തയച്ചു, കുട്ടി യോഗ്യയാണ്, എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യൂ എന്നുപറഞ്ഞ്. സുധാകരനെ അന്ന് എനിക്ക് പരിചയമില്ല. സുധാകരന്‍ പറഞ്ഞതുകൊണ്ട് അഡ്മിഷന്‍ കിട്ടി.

കോഴിക്കോട്ടുനിന്ന് ഒരു ദളിത് വിദ്യാര്‍ഥി കേരള സര്‍വകലാശാലയില്‍ എം.ഫില്ലിന് അപേക്ഷിച്ചു. പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ എന്നെ വന്നു കണ്ടു. ഇത് ഒരു സാമൂഹിക പ്രശ്‌നമായതിനാല്‍, നിങ്ങള്‍ സമരം ചെയ്യണം എന്നുഞാന്‍ ആ കുട്ടിയോടു പറഞ്ഞു. അവര്‍ അതിന് തയാറായില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

സംവരണം പാലിക്കണം എന്ന നിര്‍ബന്ധം വന്നപ്പോഴാണ് പലയിടങ്ങളിലും ദളിതര്‍ക്ക് കയറാനായത്. അതുവരെ അവര്‍ക്ക് ഓച്ഛാനിച്ച് നില്‍ക്കേണ്ടിവന്നു. റിസര്‍ച്ച് ഗൈഡാവാന്‍ സന്നദ്ധത അറിയിച്ച് അധ്യാപകന്‍ ഗവേഷണ വിദ്യാര്‍ഥിക്ക് സമ്മതപത്രം നല്‍കണം. ഇത് വച്ചിട്ടുവേണം വിദ്യാര്‍ഥിക്ക് അപേക്ഷിക്കാന്‍. വിദ്യാര്‍ഥി ദളിതനാണ് എന്നറിഞ്ഞാല്‍ പലരും കത്ത് കൊടുക്കില്ല. കേരളത്തില്‍ ഇങ്ങനെ കത്തുകൊടുക്കാത്ത ധാരാളം ഗൈഡുകളുണ്ടായിരുന്നതായി എനിക്ക് അറിയാം. എന്നാല്‍, വ്യക്തിതലത്തില്‍ ഇടപെട്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളായിരുന്നില്ല ഇവ, സാമൂഹിക പരിഹാരം തന്നെ വേണം.
ഇപ്പോള്‍ വിവേചനം അനുഭവിക്കേണ്ടിവരുന്നത് പാവപ്പെട്ട ദളിതര്‍ക്കല്ല. വളരെ പാവപ്പെട്ടവര്‍ക്കും അനുസരണശേഷിയുള്ളവര്‍ക്കും ഒരു കുഴപ്പവുമില്ല. ബുദ്ധിപരമായി ഉയര്‍ന്നുവരാന്‍ കഴിവുള്ളവര്‍ക്കാണ് ഇപ്പോള്‍ വിവേചനം. രോഹിത് വെമുല ഉദാഹരണം. ഇത്തരക്കാരാണ് ഇപ്പോഴത്തെ ഉന്നം. എല്ലാ കാലത്തും സമൂഹത്തെ  ചോദ്യം ചെയ്യാത്ത അനുസരണേശഷിയുള്ളവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. സ്വതന്ത്രമായി ചിന്തിക്കുകയും അഭിപ്രായം പറയുന്നവരെയുമാണ് ലക്ഷ്യമിടുന്നത്.

""മോന്‍ ഏത് ഗ്രൂപ്പില്‍ പോകുന്നുവോ, അവിടെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നയാള്‍ നീയായിരിക്കണം'' എന്ന അമ്മയുടെ ഉപദേശം പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, ഇന്നുവരെ. എവിടെയൊക്കെ പിടിച്ചുകയറാന്‍ ശ്രമിച്ചിട്ടുണ്ടോ, ഓരോ പടിയിലും എന്നെ ചവുട്ടിത്താഴ്ത്തിയിട്ടുണ്ട്. ചവുട്ടിത്താഴ്ത്തിയതില്‍ വലതുപക്ഷക്കാരേക്കാള്‍ കൂടുതല്‍ ഇടതുപക്ഷക്കാരാണ്. ഞാന്‍ മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രവും ആശയസംഹിതകളും അംഗീകരിക്കുന്നയാളാണ്. എന്നാല്‍, ഇടതുപക്ഷക്കാരില്‍നിന്ന്, മാര്‍ക്‌സിസ്റ്റുകാരില്‍നിന്നാണ് ഏറെയും പ്രതിബന്ധങ്ങളുണ്ടായിട്ടുള്ളത്. ദളിതര്‍ കൂലിക്കൂടുതലിനുവേണ്ടി സമരം ചെയ്താല്‍ ഇടതുപക്ഷക്കാര്‍ പിന്തുണക്കും. പക്ഷെ, കൃഷിഭൂമിക്കുവേണ്ടി സമരം ചെയ്യട്ടെ. അപ്പോള്‍ കാണാം, ഇടതുപക്ഷ മേലാളന്റെ വലതുരാഷ്ട്രീയം അനാവരണമാകുന്നത്.

എല്‍.ഡി.എഫിനെ പരാജയപ്പെടുത്തിയ ബ്യൂറോക്രാറ്റിക് ഗൂഢാലോചന

1996ല്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നായനാര്‍ ഒരു യോഗം വിളിച്ചു. അതിന് ഡോ. തോമസ് ഐസക് എന്നെയും ക്ഷണിച്ചു.

ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന രണ്ടാമത്തെ മകള്‍ അനിലയെയും  കൊണ്ടാണ് ഞാന്‍ സര്‍വകലാശാലയില്‍ പോയിരുന്നത്. അവള്‍ക്ക് അധികം നടക്കാന്‍ വയ്യ. ഞാനും മകളും സിറ്റി ബസില്‍ പോയി പി.എം.ജിയില്‍ ഇറങ്ങും. അവിടുന്ന് ഓട്ടോയില്‍... അങ്ങനെയായിരുന്നു യാത്ര. ഐസക് എന്നോടുപറഞ്ഞു, കുഞ്ഞാമന് ഒരു കാറ് തരാം, അത് ഉപയോഗിച്ചുകൊള്ളൂ.

അത് പറ്റില്ല എന്നു ഞാന്‍ പറഞ്ഞു; ""നിങ്ങള്‍ രാഷ്ട്രീയക്കാരാണ്. നിങ്ങള്‍ക്ക് ഏത് വിമര്‍ശനത്തെയും അഭിമുഖീകരിക്കാന്‍ കഴിയും. ഞാന്‍ അധ്യാപകനാണ്. വിദ്യാര്‍ഥികളുടെ മുന്നില്‍നിന്ന് ചില കാര്യങ്ങള്‍ ആദര്‍ശപരമായി പറയുന്ന ആളാണ്. ഇത്തരത്തില്‍ ആനുകൂല്യം പറ്റുന്ന ആളാണെന്നുവന്നാല്‍, ഞാന്‍ തളര്‍ന്നുപോകും. അത് വേണ്ട, ഞാനും മകളും വരും. തിരിച്ച് കാര്യവട്ടത്തുപോയി ക്ലാസെടുക്കേണ്ടതിനാല്‍, അവിടേക്ക് കാറില്‍ കൊണ്ടാക്കിയാല്‍ മതി''.

ഡോ. തോമസ് ഐസക്
ഡോ. തോമസ് ഐസക്

ജനകീയാസൂത്രണത്തിന്റെ ആദ്യ യോഗത്തില്‍ ഞാന്‍ പറഞ്ഞത് ഇതാണ്: ""ഇങ്ങനെയൊരു ആസൂത്രണത്തെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുന്നത് ദളിതരുടെ ഭൂരാഹിത്യവും ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടലും പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴാണ്. ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ഭൂരഹിതര്‍ക്ക് ഭൂമി കിട്ടിയില്ല. ആദിവാസികള്‍ ഭൂമി നഷ്ടപ്പെട്ട് നിസ്സഹായരായി കഴിയുന്നു. ഈ രണ്ട് യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കേയാണ് പുതിയൊരു ആസൂത്രണ സമീപനം സ്വീകരിക്കാന്‍ പോകുന്നത്. എങ്കിലും ഈ സമീപനത്തെ ഞാന്‍ പിന്താങ്ങുന്നു, കാരണം ഇത് പുതിയതാണ്. ഇതുവരെയുണ്ടായിരുന്നത് മേല്‍ത്തട്ടില്‍നിന്നുള്ള വികസനമാണ്. ജനങ്ങള്‍ക്ക് അതില്‍ പങ്കുണ്ടായിരുന്നില്ല- ജനങ്ങള്‍ക്കുവേണ്ടി നേതാക്കള്‍ ചിന്തിക്കുന്നു, നയം രൂപീകരിക്കുന്നു, ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കുവേണ്ടി നടപ്പാക്കുന്നു, രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നു. പ്രാദേശികതലത്തില്‍ വികസനപ്രശ്‌നം ചര്‍ച്ചചെയ്യാനും മുന്‍ഗണനാക്രമം തീരുമാനിക്കാനും ജനകീയാസൂത്രണത്തില്‍ ജനങ്ങള്‍ക്ക് അവസരം കിട്ടുകയാണ്. അതുകൊണ്ട് അതിനെ പിന്താങ്ങുന്നു. അവഗണിക്കപ്പെട്ട ഈ രണ്ടു മൗലിക പ്രശ്‌നങ്ങളും അംഗീകരിച്ചുതന്നെയാണ് എന്റെ പിന്തുണ''.  12 മിനിറ്റ് ഞാന്‍ സംസാരിച്ചു.

പിന്നീട് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള പരിശീലനമായിരുന്നു. രാത്രി 11 വരെ അവലോകനങ്ങളുണ്ടാകും. അന്ന് ചേലക്കരയില്‍നിന്നുള്ള എം.എല്‍.എ കെ. രാധാകൃഷ്ണന്‍ മന്ത്രിയായിരുന്നു. രാധാകൃഷ്ണനും തോമസ് ഐസകും ഞാനും ചേര്‍ന്നിരുന്നായിരുന്നു, ദൈനംദിന പരിപാടികളുടെ അവലോകനം. രാധാകൃഷ്ണന്റെ പ്രത്യേകത, ആത്മാര്‍ഥതയാണ്. പ്രശ്‌നത്തിന്റെ ഹൃദയത്തിലേക്ക് അദ്ദേഹം കടന്നുചെല്ലും. എനിക്ക് ആ സമീപനം ഇഷ്ടമായി. പക്ഷെ, ആത്മാര്‍ഥത കൊണ്ടുമാത്രമായില്ലല്ലോ. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് സ്വന്തം പാര്‍ട്ടിയില്‍ ഇടമില്ല. സംവരണ മണ്ഡലങ്ങളിലൂടെ വരുന്നവരുടെ അവസ്ഥയാണിത്. അവരുടെ ആത്മാര്‍ഥതയ്ക്കും സ്‌നേഹത്തിനും നയരൂപീകരണത്തില്‍ പ്രസക്തിയില്ല. അടിമസമ്പ്രദായത്തിലും ഫ്യൂഡല്‍ കാലത്തും 'നല്ല' ആളുകളുണ്ടായിട്ടുണ്ട്. "നല്ല' ആളുകളുടെ കുറവുണ്ടായിട്ടില്ല വ്യവസ്ഥിതിയില്‍.

രാഷ്ട്രീയ, സാമ്പത്തിക നയങ്ങളില്‍ ആത്മാര്‍ഥതക്ക് ഒരു പ്രാധാന്യവുമില്ല. ഇത്തരക്കാര്‍ക്ക് നയരൂപീകരണത്തെ സ്വാധീനിക്കാന്‍ കഴിയുന്നില്ല.

അധഃസ്ഥിതവിഭാഗങ്ങള്‍ക്ക് മൗലികമായി തന്നെ ആശ്രിതത്വം ഉള്ളതിനാല്‍ അവര്‍ എല്ലാ പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം പോകും. എന്നാല്‍, അവര്‍ക്ക് തനതായ രാഷ്ട്രീയശക്തി വളര്‍ത്തിയെടുക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ജനകീയാസൂത്രണത്തില്‍ ഇവരുടെ പങ്കാളിത്തമുണ്ടായി. എന്നാല്‍, പല ദളിത് ചിന്തകരും ഇതിനെ അനുകൂലിച്ചിരുന്നില്ല, അവര്‍ പറഞ്ഞത് തങ്ങള്‍ക്ക് മൗലിക പ്രശ്‌നങ്ങളുണ്ട്, അവ പരിഹരിക്കുകയാണ് വേണ്ടത് എന്നാണ്. അത് നൂറുശതമാനം ശരിയായിരുന്നു.

പലരും പറഞ്ഞു, ഞാന്‍ ഇതിനോടൊപ്പമുള്ളത് അവര്‍ക്ക് ഒരു തടസമാണ് എന്ന്.

ഒരു വ്യക്തിയിലൂടെയല്ല സാമൂഹികപ്രശ്‌നത്തെ കാണേണ്ടത് എന്ന് ഞാന്‍ അവരോടു പറഞ്ഞു. അവര്‍ എടുത്ത നിലപാട് വളരെ ശരിയായിരുന്നു.

പിന്നീടുള്ള റിപ്പോര്‍ട്ടുകള്‍ കാണിച്ചത്, ഭൂമിയുള്ളവര്‍ക്ക് ഭൂമിയുടെ വികസനം സംബന്ധിച്ച വികസനം, ഭൂരഹിതര്‍ക്ക് ഒരാടും രണ്ടു കോഴിയും...ഇങ്ങനെ വികസനം രണ്ടുവിധത്തില്‍ തിരിഞ്ഞുപോയി. അവരുടെ വിമര്‍ശനം അന്വര്‍ഥമായിരുന്നു.

എന്നെ ഇതുമായി സഹകരിപ്പിക്കുന്നതിലൂടെ ദളിത് വിഭാഗത്തിന്റെ എതിര്‍പ്പ് കുറയ്ക്കുക എന്ന ലക്ഷ്യം ഒരുപക്ഷെ ഇടതുപക്ഷത്തിന് ഉണ്ടായിരിക്കണം. എനിക്ക് അത് പറയാന്‍ കഴിയില്ല, കാരണം അതിന് തെളിവില്ല. അത്തരമൊരു ലക്ഷ്യം ഉണ്ടായിരിക്കാം എന്നേ പറയാനാകൂ.

ജനകീയാസൂത്രണത്തിന് നല്‍കിയ പിന്തുണയിലൂടെ കുഞ്ഞാമന്‍ ഒരു ഉപകരണമായി എന്ന് വിമര്‍ശകര്‍ പറഞ്ഞു, അത് പിന്നീട് എനിക്കും തോന്നിയിട്ടുണ്ട്. കാരണം, രാഷ്ട്രീയരംഗത്തുള്ളവര്‍ അക്കാദമിക് രംഗത്തുള്ളവരെ ഉപകരണമായി തന്നെയാണ് ഉപയോഗിക്കുക. എനിക്ക് ഇത് മനസ്സിലായത് കുറെക്കൂടി കഴിഞ്ഞാണ്. ഞാന്‍ അത് മനസ്സിലാക്കുന്നതിനുമുമ്പ് മറ്റുള്ളവര്‍ മനസ്സിലാക്കിയിരുന്നുവെന്നതാണ് വസ്തുത.

കെ.വി.കുമാരനെപ്പോലുള്ളവര്‍ ഇക്കാര്യം എന്നോട് സംസാരിച്ചിരുന്നു. ജനകീയാസൂത്രണം ഒരു തരംഗമായപ്പോള്‍ തങ്ങള്‍ക്ക് മൗലിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്.

ജനകീയാസൂത്രണത്തിന്റെ കാലത്ത് എന്നെപ്പോലുള്ളവര്‍ വിചാരിച്ചത്, ഭൂരാഹിത്യം എന്ന പ്രശ്‌നം ജനം അടിത്തട്ടില്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തും എന്നാണ്. കാരണം, അവര്‍ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത വരും, ഒരു പുതിയ രാഷ്ട്രീയം, ചിന്താഗതി ഉരുത്തിരിഞ്ഞുവരും എന്നൊക്കെയാണ് ഞാന്‍ ആഗ്രഹിച്ചത്. 

VS-Achudandan.jpg
വി.എസ്. അച്യുതാനന്ദൻ

രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നുതന്നെ അവരുടെ മോചനം നടക്കും എന്നും വിചാരിച്ചിരുന്നു. അത് സാധിച്ചില്ല എന്നു പറയാന്‍ കഴിയില്ല. സാധിച്ചു എന്നു പറയാനുള്ള ഡോക്യുമെന്റേഷന്‍ നടത്താനും കഴിഞ്ഞിട്ടില്ല.

ജനകീയാസൂത്രണത്തിനുശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോറ്റു. സര്‍ക്കാറിന്റെ അവസാനകാലത്ത് 500 രൂപയുടെ ബില്ലുപോലും മാറാന്‍ കഴിയാത്ത അവസ്ഥയായിരുന്നു, സാമ്പത്തിക മാന്ദ്യമുണ്ട് എന്നൊക്കെ വാദമുണ്ടായി. തെരഞ്ഞെടുപ്പിനുശേഷം ദൂരദര്‍ശന്‍ സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍, വി.എസ്. അച്യുതാന്ദന്‍ അടക്കമുള്ളവര്‍ പറഞ്ഞത്, കേരളത്തില്‍ സാമ്പത്തിക തകര്‍ച്ചയുണ്ട് എന്നാണ്, കെ.എം. മാണിയും ഇത് സമ്മതിച്ചു.
ഞാന്‍ പറഞ്ഞത് ഇതാണ്: ""ഇത് സാമ്പത്തിക പ്രശ്‌നമല്ല, ധന പ്രതിസന്ധിയാണ്. ജനകീയാസൂത്രണത്തില്‍ രണ്ട് കാര്യങ്ങളില്‍ നേട്ടമുണ്ടായി. ഒന്ന്, ഭവനനിര്‍മാണം, പ്രത്യേകിച്ച് ദുര്‍ബലവിഭാഗങ്ങള്‍ക്ക് നല്ല വീടുകള്‍ വച്ചുകൊടുത്തു. അവര്‍ക്കുവേണ്ടത് അടച്ചുറപ്പുള്ള വീടാണ്, ഭക്ഷണം പോലും രണ്ടാമതാണ് വരുന്നത് എന്നാണ് എന്റെ ഇപ്പോഴത്തെയും ധാരണ. രണ്ട്, വൈദ്യുതമേഖലയില്‍ വലിയ നിക്ഷേപം നടന്നു''.

ഖജനാവ് കാലിയായി എന്ന വാദത്തിന് മറുപടിയായി ഞാന്‍ ഇതുകൂടി പറഞ്ഞു, ""ഖജനാവിലേക്ക് പണം ഒഴുകില്ല. നികുതി കൊടുക്കേണ്ടവന്‍ അത് കൊടുക്കില്ല. രണ്ടുകോടി നികുതി കൊടുക്കേണ്ട കച്ചവടക്കാരന്‍ അത് കൊടുക്കാതെ ഒരു കോടി രാഷ്ട്രീയക്കാര്‍ക്കുതരും, എന്നിട്ട് 20,000 രൂപ നികുതിയായി അടക്കും. എല്ലാവര്‍ക്കും ലാഭം കിട്ടും. പണം ഖജനാവിലേക്കല്ല ഒഴുകുന്നത്, രാഷ്ട്രീയക്കാരുടെ പോക്കറ്റിലേക്കാണ്''.

കെ.എം മാണി
കെ.എം മാണി

ഇത് കെ.എം. മാണിക്ക് പ്രകോപനകരമായി തോന്നി. ചായ കുടിക്കാന്‍ പിരിഞ്ഞപ്പോള്‍, വി.എസ്. എന്നോടു പറഞ്ഞു, ""ഇങ്ങനെയൊക്കെയാണോ കാര്യങ്ങള്‍ നടന്നത്? ഞാന്‍ പ്രായോഗികരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്, ഒന്ന് ഇരുന്ന് ചര്‍ച്ച ചെയ്യണം''.

വി.എസ്. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികില്‍സക്ക് രണ്ടാഴ്ച കിടന്നിരുന്നു. ഞാന്‍ അവിടെപ്പോയി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു, സാമ്പത്തിക, ധനപരമായ കാര്യങ്ങള്‍. മാണിയുടെ ധവളപത്രം ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം സംഘടിപ്പിക്കണമെന്നും അതിലേക്ക് കുഞ്ഞാമനെ വിളിക്കണം എന്നും വി.എസ്. ഡി.വൈ.എഫ്.ഐക്കാര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തായിരുന്നു സമ്മേളനം. ജനകീയാസൂത്രണത്തിന്റെ കാലത്ത് യു.ഡി.എഫ് പറഞ്ഞ തരത്തിലുള്ള കാര്യങ്ങളുണ്ടായിട്ടില്ല എന്നാണ് ഞാന്‍ ആ സമ്മേളനത്തില്‍ പറഞ്ഞത്: ""ജനകീയാസൂത്രണം വിജയമോ പരാജയമോ എന്നത് മറ്റൊരു വിഷയമാണ്, ജനങ്ങള്‍ക്ക് അവിടെ ഇടം കിട്ടി എന്നതാണ് പ്രധാനം. വലിയ നേതാക്കളുടെ, ഉദ്യോഗസ്ഥരുടെ ആവശ്യമില്ല. മുന്‍ഗനണാക്രമം ജനങ്ങള്‍ തീരുമാനിക്കുന്നു. ഇത് സൈദ്ധാന്തികമാണ്.
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പരാജയപ്പെടുത്തുന്നതില്‍ ബ്യൂറോക്രസി വലിയ പങ്കുവഹിച്ചു. പണം ഖജനാവിലേക്ക് ഒഴുകുന്നത് അനുസ്യൂതം നടക്കുന്ന കാര്യമാണ്. അത് ഒരിക്കലും നിലയ്ക്കുന്നില്ല. അപ്പോള്‍ പണം എവിടെപ്പോയി? സര്‍ക്കാര്‍ മാറിയപ്പോള്‍ പെട്ടന്ന് പണം എവിടെനിന്നുവന്നു? ജനകീയാസൂത്രണത്തില്‍ സംഗത്യം നഷ്ടപ്പെട്ട ബ്യൂറോക്രസി തെരഞ്ഞെടുപ്പില്‍ ഒരു ഗൂഢാലോചന നടത്തിയിട്ടുണ്ട്''.

ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടുയര്‍ന്ന ഫണ്ടിങ് വിവാദങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ലോകബാങ്കിന്റെ കാണാചരടുകള്‍ ഇതിനുപുറകിലുണ്ട് എന്ന ആരോപണമൊക്കെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഒരു കാര്യം ശ്രദ്ധിക്കണം. സാക്ഷരത വ്യാപിപ്പിക്കണം, ഭൂപരിഷ്‌കരണം നടക്കണം, ആസൂത്രണം ജനകീയമാക്കണം- ഈ മൂന്ന് കാര്യങ്ങള്‍ എത്രയോ മുമ്പ് ഇ.എം.എസ് മുന്നോട്ടുവച്ച ആശയങ്ങളാണ്. അദ്ദേഹത്തിന്റെ വീക്ഷണം മൗലികമായിരുന്നു. അദ്ദേഹത്തിന് ശരിയായ ദിശാബോധമുണ്ടായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായശേഷം ദേശീയ വികസന കൗണ്‍സിലില്‍ ചെയ്ത പ്രസംഗങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചുവായിച്ച് പഠിച്ചിട്ടുണ്ട്.

എനിക്കുതോന്നുന്നത് ഇ.എം.എസിനെപ്പോലുള്ളവരുടെ ഇത്തരം സമീപനങ്ങളായിരിക്കണം വികേന്ദ്രീകരണവുമായും വികസനവുമായും ബന്ധപ്പെട്ട പരിപ്രേഷ്യമായി രൂപപ്പെടുത്താന്‍ ലോകബാങ്കിനുപോലും സഹായകമായത്. ലോകബാങ്ക് ഉദ്യോഗസ്ഥര്‍ മറ്റുള്ളവരുടെ ആശയങ്ങള്‍ കടമെടുക്കും. അത് ഉപയോഗപ്പെടുത്താനുള്ള കരകൗശലം അവര്‍ക്കുണ്ട്.

ഇവിടെ സംഗതമായ ഒരു കാര്യം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തനതായ സമീപനത്തിന്റെ പ്രശ്‌നമാണ്. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന എന്ത് നടപ്പാക്കുമ്പോഴും അവര്‍ അതിനെ ജനകീയമാക്കുന്നു. ആ കാഴ്ചപ്പാട് അവര്‍ക്കുമാത്രമുള്ളതാണ്. ജനങ്ങള്‍ക്ക് അത് തങ്ങളുടേതാണ് എന്ന തോന്നലുണ്ടാക്കും. ഭൂപരിഷ്‌കരണം, സാക്ഷരത, ജനകീയാസൂത്രണം എന്നിവയിലെല്ലാം ജനങ്ങളെ സംഘടിതരാക്കി. അത് നമ്മള്‍ അംഗീകരിക്കണം. ജനകീയമായ ഒരു പദ്ധതിയെ പരാജയപ്പെടുത്താന്‍ ജനം മുതിരില്ല.

ഇപ്പോള്‍ പാര്‍ട്ടിയും അതില്‍നിന്ന് മാറി. ഇപ്പോള്‍ ഓരോ പദ്ധതിയും നടപ്പാക്കുന്നത് ഭരണപരമായ രീതിയിലാണ്, ജനകീയമായ സംഘാടനത്തിന്റെ രീതിയിലല്ല. ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്ക് കമ്യൂണിസ്റ്റു പാര്‍ട്ടികളെ മാറ്റിയെടുക്കാന്‍ കഴിയും എന്നത് ലോകത്തെ ഇതര ഭാഗങ്ങളിലും തെളിയിക്കപ്പെട്ട കാര്യമാണ്. ബൂര്‍ഷ്വ സംവിധാനം അവരെക്കൊണ്ട് അംഗീകരിപ്പിക്കുകയാണ്. നമ്മുടെ തെരഞ്ഞെടുപ്പും ഭരണവും ബൂര്‍ഷ്വാപരമാണ്. അവിടെ ഒരു കമ്യൂണിസ്റ്റുകാരന്‍ ഭരണരംഗത്ത് ഒരു കാര്യം നടപ്പാക്കാന്‍ വരുന്നു എന്നു പറഞ്ഞാല്‍ അദ്ദേഹം ബൂര്‍ഷ്വപദ്ധതികളുടെ സംസ്ഥാനതല ചെറുകിട വ്യാപാരിയാണ്. അതിനെ എതിര്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കേ ഇതിനെ ചെറുക്കാന്‍ കഴിയൂ, കാരണം ജനങ്ങളെ അണിനിരത്താന്‍ കഴിയുന്നത് ഇവര്‍ക്കാണ്, എന്നാല്‍  അവരും ഇതില്‍നിന്നുമാറി. അവരുടെ മാറ്റം, ആത്യന്തികമായി ബൂര്‍ഷ്വാസിയുടെ വിജയമാണ്.

കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ബൂര്‍ഷ്വ പാര്‍ട്ടികളെയല്ല, ബൂര്‍ഷ്വ പാര്‍ട്ടികള്‍ക്ക് കമ്യൂണിസ്റ്റുപാര്‍ട്ടികളെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു. അത് ആഗോളതലത്തില്‍ തന്നെ ബൂര്‍ഷ്വാസിയുടെ വിജയമായി കാണണം. അവര്‍ ആത്യന്തികമായി ഊന്നുന്നത് ഭരണത്തിലാണ്. ബഹുമാനിക്കപ്പെടുന്നതിനും ആദരിക്കപ്പെടുന്നതിനും വിധേയത്വത്തിനും എതിരായി നില്‍ക്കേണ്ടവര്‍, ഭരണത്തെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടവര്‍, രാഷ്ട്രീയത്തെ ഭരണപരമായി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. ആ ഹൈറാര്‍ക്കി അതിലും വരുന്നു. അതുകൊണ്ടാണ് ഭരണാധികാരികള്‍ ധാര്‍ഷ്ട്യമുള്ളവരായി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. സിവില്‍ സമൂഹത്തില്‍നിന്ന് ബ്രാഹ്മണ്യം അങ്ങനെ ഭരണാധികാരത്തിലേക്ക് സംക്രമിക്കുന്നു.
പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ എ. അയ്യപ്പന്‍ 1960ല്‍ എഴുതി, ""കടുവയെയും സിംഹത്തെയും ആക്രമിച്ച് കീഴടക്കുന്ന ആദിവാസി ഒരു റവന്യൂ ഇന്‍സ്‌പെക്ടറുടെ മുന്നില്‍നിന്ന് വിറയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്''. ഇയാള്‍ ശ്രേണിയിലെ ഏറ്റവും താഴെയുള്ള ഉദ്യോഗസ്ഥനാണെങ്കിലും അയാള്‍ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്നു.

മാര്‍ക്‌സിസത്തിന് തിരിച്ചുവരവില്ല

മാര്‍ക്‌സ് ഒരിക്കലും വിമോചന സമരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയില്ല. അദ്ദേഹത്തിന് പല പരിമിതികളുമുണ്ടായിരുന്നു. "മൂലധന'ത്തിന്റെ ആദ്യ വോള്യത്തില്‍ അമേരിക്കന്‍ അടിമസമ്പ്രദായത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗേതര (non class)
വിമോചന സമരങ്ങള്‍ക്ക് മാര്‍ക്‌സ് പ്രാധാന്യം നല്‍കിയില്ല.  
വര്‍ഗേതര പ്രസ്ഥാനങ്ങളെയും വിമോചനമുന്നേറ്റങ്ങളെയും അവഗണിച്ചത് മാര്‍ക്‌സിന് പറ്റിയ ഒരു തെറ്റാണ്. മാര്‍ക്‌സ് യൂറോപ്യന്‍ സാമൂഹികാവസ്ഥയെ കേന്ദ്രീകരിച്ചുകൊണ്ടാണ് അപഗ്രഥനം നടത്തിയത്. കിഴക്കന്‍ സമൂഹങ്ങളെ അദ്ദേഹം ശരിക്ക് പഠിച്ചില്ല. കിഴക്കിന്റെ സാമൂഹികാവസ്ഥ ശരിക്കും വ്യത്യസ്തമായിരുന്നു. ഉദാഹരണത്തിന്, Primitive accumulation
എന്ന ആശയം വിശദീകരിക്കുന്നതില്‍ ഒരു പ്രശ്‌നമുണ്ട്. ഉടമകളുടെ, ഫ്യൂഡല്‍ ജന്മിമാരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചിരുന്നത് ഭൂമിയുടെയും അതിനോടനുബന്ധിച്ച അടിമകളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. അത് പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയിലും അങ്ങനെയായിരുന്നു.

എന്നാല്‍, ഈ അടിസ്ഥാനത്തിലുള്ള പരിഗണന അടിമകള്‍ക്ക് ചരിത്രപരമായും ദാര്‍ശനികമായും ലഭിച്ചില്ല. അതുകൊണ്ടുതന്നെ വര്‍ഗേതര സമരങ്ങളെ കണക്കിലെടുക്കാന്‍ മാര്‍ക്‌സിന് കഴിഞ്ഞില്ല. പരിപൂര്‍ണമായിട്ടും വളര്‍ന്ന മുതലാളിത്ത സമ്പ്രദായത്തില്‍ മുതലാളിയും തൊഴിലാളിയും വേര്‍തിരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍, ചൂഷണങ്ങള്‍ക്കെതിരെ എങ്ങനെ സമരം ചെയ്യണം എന്ന് വിശദീകരിക്കുന്ന ശാസ്ത്രമായിട്ടേ മാര്‍ക്‌സിസത്തിനെ കാണാനാകൂ.

Rosa_Luxemburg.jpg
റോസ ലക്‌സംബര്‍ഗ്

റോസ ലക്‌സംബര്‍ഗിനെ (അവരുടെ The Accumulation of Capital
/1913) പോലുള്ള ചുരുക്കം ചിലരൊഴികെ, മാര്‍ക്‌സിസ്റ്റുകളും പിന്നീട് അവലംബിച്ചത്, വര്‍ഗേതര സമരങ്ങളെ അവഗണിക്കുന്ന സമീപനമായിരുന്നു. അതുമൂലം, ഇന്ത്യയിലെ ജാതി വിരുദ്ധ സമരങ്ങള്‍, പാശ്ചാത്യരാജ്യങ്ങളിലെ വര്‍ണവിവേചനത്തിനെതിരായ സമരങ്ങള്‍ എന്നിവ അവഗണിക്കപ്പെട്ടു. സത്യത്തില്‍, സമരങ്ങളുടെ സാംഗത്യം നമ്മള്‍ കാണുന്നത് ഇത്തരം സമരങ്ങളിലാണ്. ഉദാഹരണത്തിന് കേരളത്തിലെ സ്ത്രീ സമരങ്ങള്‍ നോക്കൂ- മാറുമറക്കല്‍, തലക്കരം, മുലക്കരം സമരങ്ങള്‍. ഇവരെ ഏതു വിഭാഗത്തില്‍ എടുക്കണം എന്നത് വര്‍ഗസമീപനവുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ നിര്‍ണായകമാണ്. 

ഇന്ത്യന്‍ സാഹചര്യത്തിലും, ജാതിയെ ഉപരിഘടനാപ്രതിഭാസമായാണ് കമ്യൂണിസ്റ്റുകാര്‍ കണ്ടത്. സ്വത്തവകാശം, സ്വത്ത് നിയന്ത്രണം, തൊഴില്‍ വിഭജനം, സാമൂഹിക ഉല്‍പ്പന്നത്തിന്റെ വിതരണം, സാമൂഹിക മിച്ചം ഇതൊക്കെ ജാതിവ്യവസ്ഥയായിരുന്നു തീരുമാനിച്ചിരുന്നത്. അതുകൊണ്ടാണ്, അംബേദ്കര്‍ അതിനെ അടിസ്ഥാനഘടനയായി കണ്ടത്. കമ്യൂണിസ്റ്റുകാര്‍ പറഞ്ഞതുപോലെ, സാമ്പത്തിക ക്രമം സാമൂഹിക ക്രമത്തെ നിയന്ത്രിക്കുകയല്ല ഇവിടെയുണ്ടായത്, നേരെ മറിച്ച് സാമൂഹിക ബന്ധങ്ങള്‍ സാമ്പത്തിക ബന്ധങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥയാണ്. ഇത് തിരിച്ചറിയാതെ പോയത്, ഇവിടുത്തെ കമ്യൂണിസ്റ്റുകാരുടെ വിജ്ഞാനത്തിന്റെ പരിമിതിയായി കാണാന്‍ കഴിയില്ല. ഇത്തരം പ്രസ്ഥാനങ്ങളില്‍ വന്ന നേതാക്കള്‍ ഫ്യൂഡല്‍ സ്വഭാവത്തില്‍നിന്നുവന്നവരാണ്.

അവര്‍ക്ക് അവരുടെ വര്‍ഗതാല്‍പര്യങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇ.എം.എസിനെപ്പോലുള്ളവര്‍ക്ക് അംബേദ്കറെ അംഗീകരിക്കാന്‍ കഴിയാതിരുന്നത്. ഇ.എം.എസിനെപ്പോലുള്ളവര്‍ ഫ്യൂഡല്‍ അടിത്തറയെ എതിര്‍ക്കുമ്പോള്‍ തന്നെ അവര്‍ അവരുടെ ഫ്യൂഡല്‍ അടിത്തറയില്‍നിന്ന് മുക്തമാകാന്‍ ശ്രമിച്ചില്ല. ഇതൊരു കഴിവിന്റെ പ്രശ്‌നമായിട്ടല്ല കാണേണ്ടത്, അവരുടെ വര്‍ഗതാല്‍പര്യമായിരുന്നു ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്.

മാര്‍ക്‌സിസത്തെ റഷ്യയുടെ സാമൂഹിക സന്ദര്‍ഭത്തിലേക്ക് സ്വാംശീകരിക്കാന്‍ ലെനിനും ചൈനയില്‍ മാവോക്കും കഴിഞ്ഞു. ഇന്ത്യയിലെ പ്രത്യേക സാമൂഹികാവസ്ഥയുമായി ബന്ധപ്പെടുത്തി മാര്‍ക്‌സിസത്തെ കാണാന്‍ ഇ.എം.എസ് ശ്രമിച്ചില്ല, അദ്ദേഹത്തിന് അത് കഴിഞ്ഞില്ല.

 Antonio-Gramsci.jpg
ആന്റോണിയോ ഗ്രാംഷി

ഗ്രാംഷിയെയും അല്‍തൂസറിനെയും പോലുള്ള ചിന്തകരെപ്പോലെ മൗലികമായ ഒരു ആശയം പോലും മുന്നോട്ടുവക്കാന്‍ ഇ.എം.എസിന് കഴിഞ്ഞിട്ടില്ല. അത് അദ്ദേഹത്തിന്റെ പരാജയമായി വിലയിരുത്തേണ്ടതില്ല, കാരണം, അവരുടെ രാഷ്ട്രീയത്തിന് ഈയൊരു സമീപനം ഉപയുക്തമായിരുന്നു. ഒരു ബൂര്‍ഷ്വ ജനാധിപത്യപ്രക്രിയയില്‍ പാര്‍ട്ടിയുണ്ടാക്കി അതിന് വളരാനാവശ്യമായ പരിസ്ഥിതിക്ക് ഇണങ്ങുന്ന രാഷ്ട്രീയമായിരുന്നു ഇന്ത്യയില്‍ അത്, ഈയൊരു സന്ദര്‍ഭത്തില്‍ ഈ സമീപനം പ്രസക്തമായിരുന്നു. ഈയൊരു ലക്ഷ്യത്തിനുവേണ്ടി പ്രത്യേകമായ രീതിയില്‍ കാര്യങ്ങള്‍ വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു. അത് മോശം കാര്യമാണെന്ന് പറയാനാകില്ല. പക്ഷെ, അത് ചരിത്രത്തോടുള്ള വര്‍ഗസമീപനമായി കാണാന്‍ കഴിയില്ല എന്നുമാത്രം. ഉല്‍പാദനത്തില്‍ വ്യാപൃതരായ വ്യക്തികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ചരിത്രം ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു. അതായിരിക്കും ചരിത്രത്തിലെ വര്‍ഗസമീപനം.

കേരളത്തിന്റെ അനുഭവം പരിഗണിച്ചാല്‍, പീന്നിട്, വര്‍ഗീസോ കെ. വേണുവോ അജിതയോ എടുത്ത റാഡിക്കല്‍ നിലപാട് സ്വീകരിക്കാന്‍ ഇ.എം.എസിന് കഴിഞ്ഞിട്ടില്ല. അയ്യങ്കാളിയെ എടുക്കൂ. അഭ്യസ്തവിദ്യനല്ലാതിരുന്ന, പണ്ഡിതനല്ലാതിരുന്ന അയ്യങ്കാളിക്ക് ഒരു ധിഷണാശാലിയാകാന്‍ കഴിഞ്ഞു.

കര്‍ഷകത്തൊഴിലാളി സമരം അടക്കമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കാണിക്കുന്നത് അതാണ്. എന്നാല്‍, പണ്ഡിതനും അഭ്യസ്തവിദ്യനുമായിരുന്ന ഇ.എം.എസ് ഒരു ധിഷണാശാലിയായില്ല. ഇതാണ് വ്യത്യാസം. പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തി അദ്ദേഹത്തെ അക്കാദമികമായി കാണാന്‍ കഴിയില്ല.

അടിച്ചമര്‍ത്തപ്പെടുന്ന, മര്‍ദിത ജനവിഭാഗത്തില്‍നിന്നുയര്‍ന്നുവരുന്ന ഒരു നേതൃത്വത്തിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. ഇ.എം.എസ് അത്തരം വിഭാഗത്തില്‍നിന്ന് വന്നയാളല്ല. അതൊരു മോശം കാര്യമായല്ല  പറയുന്നത്. മാര്‍ക്‌സും അത്തരം വിഭാഗത്തില്‍നിന്നുവന്നയാളല്ല. അവര്‍ നല്ല കാര്യങ്ങള്‍ ചെയ്തു. പക്ഷെ, ചരിത്രം പരിശോധിക്കുമ്പോള്‍ അംബേദ്കര്‍ വ്യത്യസ്തനാകുന്നത് ഒരു ജൈവിക ബുദ്ധിജീവിയായിട്ടാണ്. അത് അനുഭവങ്ങളില്‍നിന്നും ജീവിതത്തില്‍നിന്നും രൂപപ്പെടുന്ന ഒരു പ്രക്രിയയാണ്.

Dr_Babasaheb_Ambedkar,_the_Chairman_of_the_People's_Education_Society_-_Mumbai,_in_his_office.jpg
ഡോ. ബി.ആര്‍ അംബേദ്കര്‍

വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനുമല്ല ചരിത്രം സൃഷ്ടിച്ചത്, വെള്ളം കോരിച്ചവനും വിറക് വെട്ടിച്ചവനുമാണ്. ഇവിടെ വിജ്ഞാനത്തിന്റെയും പാണ്ഡിത്യത്തിന്റെയും പ്രശ്‌നം ഉദിക്കുന്നുണ്ട്. അയ്യങ്കാളിയെപ്പോലൊരാള്‍ക്ക് തന്റെ ധിഷണാവൈഭവം ചരിത്രത്തെക്കൊണ്ട് വിപുലമായി അംഗീകരിപ്പിക്കാന്‍ കഴിയാതിരുന്നത് പാണ്ഡിത്യത്തിന്റെ അഭാവം മൂലമായിരുന്നു. മറിച്ച്, അംബേദ്കര്‍ക്ക് അതിന് കഴിഞ്ഞത്, അദ്ദേഹം ആര്‍ജിച്ച ആധുനിക വിദ്യാഭ്യാസം മൂലമാണ്.

Mahatma-Ayyankali_0.jpg
അയ്യങ്കാളി

ഇ.എം.എസിലൂടെയാണ് മാര്‍ക്‌സിസം ഇവിടുത്തെ തലമുറകള്‍ മനസ്സിലാക്കിയത്. എന്നാല്‍, അതിനെ വിശകലനം ചെയ്യാനോ വിമര്‍ശനാത്മകമായി നോക്കിക്കാണാനോ അന്ന് കഴിഞ്ഞിരുന്നില്ല. കാരണം, മാര്‍ക്‌സിസത്തിന്റെ യഥാര്‍ഥ ടെക്സ്റ്റുകള്‍ അന്ന് ലഭ്യമായിരുന്നില്ല. മാര്‍ക്‌സിസത്തിന്റെ മുഖ്യധാര അവതരണമായിരുന്നു കേരളത്തില്‍ വായിച്ചുകൊണ്ടിരുന്നത്.

അറുപതുകളായതോടെ, കേരളത്തിലടക്കം വ്യത്യസ്ത വിശകലനങ്ങളും വിമര്‍ശനങ്ങളും വന്നു. മാര്‍ക്‌സിസത്തെ വിമര്‍ശനാത്കമായിട്ടും വിശകലനാത്മകമായിട്ടും നോക്കിക്കാണാന്‍ തുടങ്ങിയത് റാഡിക്കലായ ആളുകള്‍ വന്നശേഷമാണ്. പ്രത്യേകിച്ച് ഇന്ത്യയില്‍, നക്‌സല്‍ബാരിക്കുശേഷം. ഞാനൊക്കെ യഥാര്‍ഥ ടെക്സ്റ്റുകള്‍ വായിക്കുന്നത് ഏറെ കഴിഞ്ഞാണ്, അപ്പോഴാണ് തിരിച്ചറിയുന്നത്, ഇതുവരെ മനസ്സിലാക്കിയതല്ല മാര്‍ക്‌സിസം എന്ന്. അതായത്, മാര്‍ക്‌സ് വ്യാഖ്യാനിച്ചതല്ല ഇവിടെ ഇ.എം.എസ് അവതരിപ്പിച്ചത്. അദ്ദേഹം ഒരു മൗലിക ചിന്തകനായിരുന്നില്ല. ഇ.എം.എസിന് ചരിത്രത്തില്‍ നല്‍കാന്‍ കഴിയുന്നത് ഒരു പരിഭാഷകന്റെ സ്ഥാനമാണ്, അല്ലെങ്കില്‍ വളരെ പ്രാഥമികമായ തലത്തില്‍ കാര്യങ്ങളെ പരിചയപ്പെടുത്തിയ ആള്‍ എന്ന സ്ഥാനം.

ഇ.എം.എസ്
ഇ.എം.എസ്

മാര്‍ക്‌സിസത്തെക്കുറിച്ചുള്ള യഥാര്‍ഥ ടെക്സ്റ്റുകള്‍ ലഭ്യമല്ലാതിരുന്ന ഒരു കാലത്ത്, ഇതാണ് മാര്‍ക്‌സിസം എന്നു പറഞ്ഞ് ചില കാര്യങ്ങള്‍ ഇ.എം.എസ് അവതരിപ്പിച്ചു. അത് വിശ്വസിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലായിരുന്നു. ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുംവിധം മാര്‍ക്‌സിസത്തെ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞില്ല എന്നത് അവരുടെ കഴിവില്ലായ്മയുടെ പ്രശ്‌നമായി കാണേണ്ടതില്ല. മാര്‍ക്‌സിസത്തെ ഈയൊരു തലത്തില്‍ പരിചയപ്പെടുത്തിയതിനുപിന്നില്‍ അവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു, വര്‍ഗതാല്‍പര്യങ്ങളുണ്ടായിരുന്നു.
 
ഇ.എം.എസിന്റെ സമകാലികനായിരുന്ന സി. അച്യുതമേനോനെ നോക്കൂ. രാഷ്ട്രീയരംഗത്തും പാണ്ഡിത്യത്തിലും ഇ.എം.എസിനോട് കിടപിടിക്കാന്‍ കഴിയുന്ന ആളായിരുന്നില്ല അദ്ദേഹം. അച്യുതമേനോന് ഇ.എം.എസിനുമുന്നില്‍ അപകര്‍ഷതാബോധമുണ്ടായിരുന്നു. ഇന്ന്, സി.പി.ഐക്ക് സി.പി.ഐ.എമ്മിനുമുന്നിലും ഇതേ അപകര്‍ഷതാബോധവും നിസ്സഹായാവസ്ഥയുമുണ്ട്. ഉദാഹരണത്തിന്, അട്ടപ്പാടിയില്‍ മാവോവാദികളെ പൊലീസ് വെടിവച്ചുകൊന്നതിനെ സി.പി.ഐ നിശിതമായി വിമര്‍ശിച്ചിരുന്നു. അവര്‍ അവിടം സന്ദര്‍ശിച്ച്, അത് ഒരു ഏറ്റുമുട്ടല്‍ കൊലയാണെന്ന് വ്യക്തമായി പറയുകയും ചെയ്തു. എന്നാല്‍, അവര്‍ കൂടി പങ്കാളിയായ ഒരു ഭരണകൂടത്തിന്റെ ചെയ്തിയാണ് അത് എന്ന സത്യം മറച്ചുവച്ച് അതില്‍ അവര്‍ക്കുകൂടിയുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാകുകയാണ് സി.പി.ഐ ചെയ്തത്. ഇത് അവരുടെ നിസ്സഹായാവസ്ഥക്ക് തെളിവാണ്. അവര്‍ പറയുന്നത് അവര്‍ക്കുതന്നെ അവിശ്വസിക്കേണ്ട നിസ്സഹായാവസ്ഥ. പാര്‍ട്ടിയുടെ ഈ നിസ്സഹായാവസ്ഥ നേതാവായ അച്യുതമേനോനിലും ഉണ്ടായിരുന്നതാണ്. അധികാരരാഷ്ട്രീയത്തിനുവേണ്ടിയുള്ള ഇടതുപക്ഷ നിര്‍മിതിയുടെ പ്രതിസന്ധികളാണിത്.

ഇടതുപക്ഷത്തെ ചൂണ്ടി, മാര്‍ക്‌സിസം തിരിച്ചുവരുന്നു എന്നൊരു വാദം ഇപ്പോള്‍ ഉയരുന്നുണ്ട്. മധ്യവര്‍ഗ ബുദ്ധിജീവികളുടെ എഴുത്തിലൂടെ ഒരു പ്രത്യയശാസ്ത്രത്തിന് തിരിച്ചുവരാന്‍ കഴിയുമോ? പ്രത്യയശാസ്ത്രം തിരിച്ചുവരേണ്ടത് സമൂഹത്തില്‍ ഒരു രാഷ്ട്രീയ പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കണം. ആശയങ്ങള്‍ ഒരിക്കലും ലോകത്തെ മാറ്റിമറിക്കുന്നില്ല. മാറ്റിമറിക്കുന്നത് പ്രവര്‍ത്തനങ്ങളാണ്. കമ്യൂണിസം എന്ന ആശയം തന്നെ മാര്‍ക്‌സിനും എത്രയോ മുമ്പ് ഉണ്ടായിരുന്നതാണ്. ഇടതുരാഷ്ട്രീയം എന്നു പറയുന്നത് അവ്യക്തമായ ആശയമാണ്. മാര്‍ക്‌സിസ്റ്റ്, കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് സ്വന്തമായി നിലനില്‍ക്കാനാകാത്തതുകൊണ്ടാണ് ഇടതുപക്ഷം എന്ന ആശയം തന്നെ രൂപപ്പെടുന്നത്. ഇടതുപക്ഷം എന്നത് ഒരു പക്ഷമാണ്, രാഷ്ട്രീയപാര്‍ട്ടികളുടെ വര്‍ഗേതരമായ കൂട്ടായ്മയാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഇടതുപക്ഷത്തിന് മാര്‍ക്‌സിസവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ, മാര്‍ക്‌സിസം, ഇടതുപക്ഷത്തിലൂടെ നിലനില്‍ക്കുന്നു, തിരിച്ചുവരുന്നു എന്ന വാദം അയഥാര്‍ഥമാണ്.

(കെ. കണ്ണന്‍ എഡിറ്റുചെയ്ത് ഡി.സി. ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'ഞാന്‍ കുഞ്ഞാമന്‍: അതീജീവനക്കുറിപ്പുകള്‍' എന്ന കൃതിയില്‍നിന്ന്)

 

എം. കുഞ്ഞാമൻ  

സോഷ്യല്‍ സയിന്റിസ്റ്റ്
 

  • Tags
  • #Karl Marx
  • #Ambedkar
  • #Biography
  • #Marxism Discussion
  • #M. Kunjaman
  • #Marxism
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

രാധാകൃഷ്ണൻ , ചെങ്ങാട്ട് - മലയാറ്റൂർ

20 Jul 2021, 04:44 PM

കുഞ്ഞാമ്മൻ സർ , വളരെ ഗംഭീരമായി വിഷയങ്ങൾ വിലയിരുത്തി... കേരള രാഷ്ട്രീയത്തിന്റെ സമഗ്രമായ നിരൂപണത്തിന്റെ ഒരു ഭാഗം തന്നെ അനുവാചകനെ കൂടുതൽചിന്തിപ്പിക്കുന്നതാണ്...നന്ദി സർ... ഒത്തിരി നന്ദി..

Vincent KP

19 Apr 2021, 01:13 PM

കുഞ്ഞാമൻ സാറിന് അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ വിശദവും വിപലുവും സൂക്ഷമവുമായ വിശകലനം പ്രതീക്ഷിക്കുന്നു..

Madhu C കറ്റാനം

18 Apr 2021, 09:01 PM

Sir പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തികച്ചും വസ്തുതാപരം തന്നെ. ഒത്തിരികാര്യങ്ങൾ മനസ്സിലായി ഇനിയും കുറേകൂടി അറിയണമെന്നുണ്ട്. വിശകലനം വളരെ നന്നായി. അഭിനന്ദനങ്ങൾ

Ussain sereef

10 Apr 2021, 09:13 PM

കുഞ്ഞാമൻ സാറിന് ആശംസകൾ നേരുന്നു പുസ്തകം മുഴുവനും വായിക്കാൻ ആഗ്രഹം ഉണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ആരും വിശകലനം ചെയ്യാൻ മുതിരുന്നില്ല

Dr. M S Prabhakaran

17 May 2020, 09:30 PM

Really readable for a second thought.....

Priyakumar. S

15 May 2020, 10:56 AM

മാർക്സിസം അഭിമുഖീ കരിക്കുന്ന ദാര്ശനിക പ്രശ്നങ്ങൾ നന്നായി അവതരിപ്പിച്ചു കുഞ്ഞാമൻ സാറിന് ആശംസകൾ...

Pankaj

4 May 2020, 09:33 PM

ഒരു 'ഞാനിസം' ഉള്ളത് പോലെ. അഥവാ ഞാൻ പറഞ്ഞത് , ഇ. എം.എസ് മുതൽ മാർക്സ് വരെ കേട്ടിരുന്നെങ്കിൽ എല്ലാ പ്രശ്നവും പരിഹൃതമാവുമായിരുന്നു എന്നൊരു തോന്ന ൽ വായനക്കാരനു ഉണ്ടാവും.

KN Ramachandran, CPI(ML) Red Star

28 Apr 2020, 04:59 PM

I read this writing you posted of Kunjaman whom I knew, as I know Kannan also well. I had some discussions with both when I went to CDS two-three times to meet my daughter who was a student there.On the whole I appreciate what he has written based on his experience, which is close to reality. In my opinion EMS who joined the Congress and became one of its top leaders in Malabar, like many others in the CPI leadership, whom Ambedkar criticized as a "bunch of Brahmin boys" after his discussion with them in 1936 failed as the SA Dange, Sardesai, Randive like leaders whom he met the CPI Headquarter which was at Mumbai, were not prepared to accept the annihilation of the caste system as a part of the program. EMS and Dange like leaders could not assimilate Marxism, and how Lenin developed it in the era of imperialism and proletarian revolution. So, as Mao applied Marxism-Leninism according to the conditions of then China, the CPI leadership could not develop the its understanding according to the conditions of India which was beset with Brahmanical, Manuvadi, caste system. Similarly, as unlike China , as India was a colony, they failed to recognize the importance of establishing the leadership of the working class along with dalits and Adivasis in the leadership of the national liberation movement. In effect, though they left Congress and joined the CPI, they could not go for independent communist assertion on all aspects of this liberation including a correct understanding of national question, which led them to accept the two nation theory of Jinnah. After the transfer of power, when US led imperialist system had transformed their forms of plunder to neocolonial one, that of 'de-colonization' and indirect control through finance capital, market, technology and sale of weapons, as the post-Stalin leadership of Soviet Union, erroneously evaluating it as a weakening of imperialism and compromised with it, adopting the line of peaceful transition to socialism, the CPI leadership also adopted it. That is why, when the CPI led EMS ministry came to power in Kerala in 1957, in the first speech of the governor itself, as the assembly records will show you, it was said that "my ministry shall try to implement the progresive policies which Congress is not implementing, not the communist party program". So, the ;and reform bill, instead of implementing the land to the tiller slogan of the communists, took the Prussian path of reforms from above which Nehru govt had adopted by that time. So, the real tillers, the dalits, were given only 10 cents housing plot, the Adivasis' right on land was not implemented, and the plantations, even those still illegally controlled by foreign plantations were not taken over. In 1958, when the Administrative Reforms Commission held its discussions, EMS presented a paper advocating reservation based on economic basis! That way, he was the first man to advocate in india, which was ruthlessly attacked in his presence by then Kerala Kaumudi chief editor, K Sukumaran. I became a party candidate member in 1956, when I was studying for intermediate at Alleppey SD College and AISF leader. As I got selection in College of Engineering , Trivandrum, in 1957, I was active in AISF leadership and party. When these compromising, reformist line of EMS ministry came out, many of the AISF leading comrades including me had started criticizing it. It led us to oppose Soviet revisionism which degenerated SU to capitalist path and to read Mao and other theoretical articles. I wrote these experiences of mine to show that the problem was not with Marxism, problem was with the leaderships of the communist movement in India which failed to assimilate it and a[[ly it according to the conditions of India. When we could rectify these mistakes, we could understand Ambedkar in a new light, launch a caste annihilation movement, and put forward the intensifying contradiction between capitalist system and nature, which has led to present Covid19 pandemic, and the threat of extinction of human speciees on this earth if the working class and all oppressed classes and sections come together to overthrow this exploitative system and advance towards a new development paradigm and democratization with the orientation of all power to people. Hope both Kunjaman and Kannan , old friends will try to understand that Kunjaman's experiences many others also had, but different people have taken different methods to react. Warm greetings.

എം.സി.പ്രമോദ് വടകര

24 Apr 2020, 04:22 PM

ശ്രദ്ധേയമായ നിരീക്ഷണങ്ങൾ

Jose Peter

24 Apr 2020, 11:07 AM

എപ്പോഴും ഒരു വ്യത്യസ്തതയാണ് കുഞ്ഞാമൻ സാറിന്റെ ചിന്തകൾക്ക് .കാത്തിരിക്കുന്നു. പുസ്തകത്തിനായ്

COVER

Opinion

ഡോ. ടി.എസ്. ശ്യാംകുമാര്‍

ഉറക്കെ സംസാരിക്കേണ്ട പ്രതിപക്ഷത്തിന്റെ കാലം

Mar 24, 2023

3 Minutes Read

marxism

Book Review

വി.കെ. ബാബു

മാര്‍ക്‌സിസ്റ്റുകളോടും തന്നോടുതന്നെയും ചോദ്യം ചോദിക്കുന്നു, കെ. വേണുവിന്റെ പുതിയ പുസ്​തകം

Mar 23, 2023

8 Minutes Read

Karl Marx

History

പ്രഭാഹരൻ കെ. മൂന്നാർ

മുതലാളിത്തം മോള്‍ഡ് ചെയ്ത ഒരു ലോകം മാർക്​സിനെ ഇപ്പോഴും പ്രസക്തനാക്കുന്നു

Mar 14, 2023

6 Minutes Read

vishwanathan

Rationalism

ദീപക്​ പി.

വിശ്വനാഥ - രവിചന്ദ്ര യുക്തി വിചാരധാരകളും ഇടതു വിരുദ്ധതയും

Mar 04, 2023

8 minutes read

K KANNAN

UNMASKING

കെ. കണ്ണന്‍

വേദകാലത്തെ ബീഫ് മെനു മോദി കാലത്തെ കൗ ഹഗ്‌

Feb 09, 2023

3 Minutes Watch

periyar ugc

Dravida Politics

പ്രഭാഹരൻ കെ. മൂന്നാർ

കുലത്തൊഴിൽ മുറക്കെതിരെ പെരിയാർ നടത്തിയ പ്രതിരോധം വീണ്ടെടുക്കേണ്ട ഒരു കാലം

Feb 08, 2023

5 Minutes Read

k venu

Interview

കെ. വേണു

അന്ന് ഇ.എം.എസുണ്ടായിരുന്നു, വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍, ഇന്ന് ആക്രമണമാണ്, 'സൈന്യ'ങ്ങളുടെ...

Jan 31, 2023

23 Minutes Watch

Nehru

Constitution of India

എം. കുഞ്ഞാമൻ

ഭരണഘടന വിമർശിക്കപ്പെടണം, ​​​​​​​എന്നാൽ നിഷേധിക്കപ്പെടരുത്​

Jan 26, 2023

10 Minutes Read

Next Article

കേരളത്തിലും ഇനി കോൺഗ്രസ് ഉണ്ടായിരിക്കില്ല: കാരണങ്ങൾ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster