truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 04 July 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 04 July 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
rajiv

National Politics

പേരുമാറ്റത്തിലുണ്ട്
ഒരു പ്രത്യയശാസ്ത്ര തന്ത്രം

പേരുമാറ്റത്തിലുണ്ട് ഒരു പ്രത്യയശാസ്ത്ര തന്ത്രം

പേര് ഒരു പ്രത്യയശാസ്ത്രായുധമായി മാറുന്നതെങ്ങനെയെന്ന് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയം ഓരോ ദിവസവും കാട്ടിത്തരുന്നു. പേരുകള്‍ മാറുകയും മായുകയും ചെയ്യുമ്പോള്‍ മനുഷ്യരും അവര്‍ പ്രതിനിധാനം ചെയ്ത ആശയങ്ങളും മൂല്യങ്ങളും കൂടിയാണ് നിഷ്‌കാസനം ചെയ്യപ്പെടുന്നത്. പേരുമാറ്റങ്ങളില്‍നിന്ന് പാഠപുസ്തകങ്ങളിലേക്ക്, ഹിന്ദുത്വാനുകൂലചരിത്രം സൃഷ്ടിക്കാനുള്ള പിഴവുകളില്ലാത്ത പദ്ധതികളിലേക്ക് ഇന്ത്യന്‍ നിര്‍മിത ഫാസിസത്തിന്റെ പ്രയാണം ഏറെ സുഗമമായിരിക്കുന്നു.

25 Aug 2021, 09:50 AM

അബ്ദുല്‍സലാം

ഒരു പേരിലെന്തിരിക്കുന്നു... റോസാപ്പൂവിന് മറ്റെന്തെങ്കിലും പേരു നല്‍കിയാല്‍ അതിന്റെ സൗരഭ്യം കുറയുമോ?
- (ജൂലിയറ്റിന്റെ ആത്മഗതം, വില്യം ഷേക്‌സ്പിയറിന്റെ ‘റോമിയോ ആന്‍ഡ് ജൂലിയറ്റി’ല്‍ നിന്ന്) 

അന്ന് ജൂലിയറ്റിനെ വ്യാകുലപ്പെടുത്തിയത് കാമുകനായ റോമിയോയുടെ മൊണ്ടേഗു എന്ന കുടുംബപ്പേരായിരുന്നു: ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ അടയാളമായ പേര്. പേരിലെന്തിരിക്കുന്നുവെന്ന ജൂലിയറ്റിന്റെ ചോദ്യം ആരും കേട്ടില്ല. അവരുടെ പ്രണയപരാജയത്തിലേക്കും ദാരുണാന്ത്യത്തിലേക്കും ഷേക്‌സ്പിയര്‍ തന്റെ കഥാതന്തുവിനെ എത്തിക്കുന്നത് കുടുംബപ്പേരുകളിലൊളിച്ചിരിക്കുന്ന പൊള്ളയായ അഭിമാന ബോധത്തിന്റെ ചുമലിലേറ്റിയാണ്. ആ കമിതാക്കളുടെ മരണത്തിനൊപ്പം കുടുംബങ്ങള്‍ തമ്മിലുള്ള ശത്രുതയും മരിക്കുന്നുവെന്ന് അദ്ദേഹം എഴുതിവയ്ക്കുന്നു, ഒരു പേരില്‍ ഒന്നുമില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ട്.

എന്നാല്‍ പേര് ഒരു പ്രത്യയശാസ്ത്രായുധമായി മാറുന്നതെങ്ങനെയെന്ന് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയം ഓരോ ദിവസവും കാട്ടിത്തരുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ എതിര്‍ചേരിയില്‍ എക്കാലവും നിലകൊണ്ട ഭീമറാവു അംബേദ്കറിന്റെ മുഴുവന്‍ പേരായ ഭീംറാവു റാംജി അംബേദ്കര്‍ എന്നു മാത്രമേ സര്‍ക്കാര്‍ രേഖകളില്‍ എഴുതാവൂ എന്ന നിര്‍ദ്ദേശം ഉത്തരപ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കിയത് 2018-ലായിരുന്നു. പിതാവിന്റെ പേരായ റാംജി തന്റെ ഔദ്യോഗികവ്യവഹാരങ്ങളിലൊന്നും അംബേദ്കര്‍ ഉപയോഗിച്ചിരുന്നില്ല. ബി.ആര്‍. അംബേദ്കര്‍ എന്നായിരുന്നു അദ്ദേഹം ഒപ്പിട്ടിരുന്നതുപോലും. മഹാരാഷ്ട്രയില്‍ പിതാവിന്റെ പേര് മകന്റെ പേരിനൊപ്പം ചേര്‍ക്കുന്നത് സര്‍വസാധാരണമാണെന്നും, ഭരണഘടനയില്‍ ഒപ്പിടുമ്പോള്‍ അംബേദ്കര്‍ റാംജി എന്ന പേര് ഉപയോഗിച്ചിരുന്നുവെന്നുമാണ് യു.പി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ന്യായം. വലതുപക്ഷം സ്വപ്നം കാണുന്ന ഹിന്ദുരാഷ്ട്രത്തിന്റെ പിതൃബിംബത്തിന്റെ നാമം ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്ത്വത്തിന്റെയും ഏറ്റവും വലിയ ബിംബത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത് നിഷ്‌കളങ്കമല്ലല്ലോ.
പേരുകള്‍ മാറുകയും മായുകയും ചെയ്യുമ്പോള്‍ മനുഷ്യരും അവര്‍ പ്രതിനിധാനം ചെയ്ത ആശയങ്ങളും മൂല്യങ്ങളും കൂടിയാണ് നിഷ്‌കാസനം ചെയ്യപ്പെടുന്നത്.

namaste
നരേന്ദ്രമോദി സ്റ്റേഡിയമെന്ന് പുനർനാമകരണം ചെയ്ത മെെതാനത്ത് 2020 ഫെബ്രുവരിയില്‍ നടത്തിയ 'നമസ്തേ ട്രംപ്' പരിപാടി

രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തെ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരമാക്കിയപ്പോള്‍ മോദി സര്‍ക്കാര്‍ മുന്നില്‍ കണ്ടതും മറ്റൊന്നല്ല. രാജീവ്ഗാന്ധി കായികമേഖലയ്ക്ക് നല്‍കിയ സംഭാവനകളേക്കാള്‍ കൂടുതല്‍ ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദ് നല്‍കിയിട്ടില്ലേ എന്നായിരുന്നു ചില നിഷ്‌കളങ്കരുടെ ചോദ്യം. എന്നാല്‍ നരേന്ദ്ര മോദി എന്തുസംഭാവന നല്‍കിയിട്ടാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ പുതുക്കിപ്പണിത ഗുജറാത്ത് സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്ന് ഉറക്കെ ചോദിക്കേണ്ടിവരും. ഇന്ത്യയുടെ കായികചരിത്രത്തില്‍നിന്ന് രാജീവ് ഗാന്ധിയുള്‍പ്പെടെയുള്ള ബി. ജെ.പിയിതര നേതാക്കളുടെ പേരുകള്‍ മായ്ച്ചുകളയുകയും അവിടെ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് മോദിയുടെ തന്ത്രം. സര്‍ദാര്‍ പട്ടേലിന്റെ പേര് മാറ്റിയാണ് മോദി സ്വന്തം പേര് സ്റ്റേഡിയത്തിന് നല്‍കിയത് എന്നുകൂടി ഇവിടെ കൂട്ടിവായിക്കണം. 

ALSO READ

6 ലക്ഷം കോടി രൂപയുടെ നാടിന്റെ സ്വത്തുക്കള്‍ വില്‍പ്പനയ്ക്കു വയ്ക്കുകയാണ്; ഡോ. തോമസ് ഐസക്ക്

ഇതോടൊപ്പം, നാഗര്‍ഹോളെ ദേശീയോദ്യാനത്തില്‍നിന്ന് രാജീവ്ഗാന്ധിയുടെ പേര് മാറ്റണമെന്നും പകരം ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും മടിക്കേരി ബി.ജെ.പി എം.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം തന്നെയാണ് ബംഗളുരുവിലെ ഇന്ദിരാഗാന്ധി കാന്റീന്റെ പേര് അന്നപൂര്‍ണേശ്വരി എന്നു മാറ്റണമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി ആവശ്യപ്പെട്ടത്. 2017-ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ സ്വപ്ന പദ്ധതിയായി കര്‍ണാടകയില്‍ വിഭാവനം ചെയ്തതാണ് ഇന്ദിര കാന്റീന്‍. ബംഗളൂരിവിലെ 190 വാര്‍ഡുകളിലും ഓരോ കാന്റീന്‍ വീതം ആരംഭിക്കാനായിരുന്നു തീരുമാനം. തമിഴ്നാട്ടിലെ അമ്മ കാന്റീന്റെ ചുവടുപിടിച്ചായിരുന്നു കര്‍ണാടക ജനസൗഹൃദപരമായ ഇത്തരമൊരു പദ്ധതിയുടെ ശ്രമം തുടങ്ങിയത്. പേരുമാറ്റാനുള്ള ആവശ്യങ്ങളുയരുന്നതിനൊപ്പംതന്നെ, പല കാന്റീനുകളില്‍നിന്നും ഇന്ദിരയുടെ ചിത്രങ്ങളും സര്‍ക്കാര്‍ നീക്കംചെയ്തു തുടങ്ങിയിട്ടുണ്ട്.

indira
ബംഗളുരുവിലെ ഇന്ദിരാ കാന്റീനുകളിലൊന്ന് / Photo: Wikimedia Commons

ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ ഭരിച്ചിരുന്ന ഭരണകര്‍ത്താക്കളെ മറവിയിലേക്ക് തള്ളിവിടുന്നതിന്റെ ആദ്യപടിയാണ് ഇത്തരം പേരുമാറ്റങ്ങള്‍. സമൂഹത്തിന്റെ സ്മരണകള്‍ ഇക്കാലത്ത് സ്വയമേവ രൂപപ്പെടുന്നവയല്ലെന്ന് നമുക്കറിയാം. മാധ്യമങ്ങളുടെയും മറ്റും സഹായത്തോടെ ശ്രദ്ധാപൂര്‍വ്വം അവ നിര്‍മ്മിക്കപ്പെടുകയാണ്. ഓര്‍ക്കേണ്ടവ മാത്രം ഓര്‍മ്മിപ്പിക്കാനും ബാക്കിയുള്ളവ മറന്നുകളയാനും ജനങ്ങള്‍ ശീലിപ്പിക്കപ്പെടുകയാണ്. 

പേരുകള്‍ക്കപ്പുറമുള്ള നേരുകള്‍

2017 ജനുവരി ആദ്യവാരം ഒരുകൂട്ടം അക്കാദമീഷ്യന്മാര്‍ ന്യൂഡല്‍ഹിയില്‍ യോഗംകൂടിയിരുന്നു. രാജ്യത്തിന്റെ ചരിത്രം എങ്ങനെ പുനര്‍നിര്‍മ്മിക്കണം എന്നതായിരുന്നു അവരുടെ ചര്‍ച്ചാവിഷയം. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് സ്ഥാപിക്കാനാവുന്ന തെളിവുകള്‍ കണ്ടെത്തുകയും ഇന്ത്യന്‍ പുരാണേതിഹാസങ്ങള്‍ കഥയല്ല, യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാല്‍, ഈ 14 അംഗസമിതിയുടെ ജോലി ഹിന്ദുത്വ ആശയത്തിനനുസരിച്ച് ഇന്ത്യന്‍ ചരിത്രത്തെ പുനര്‍നിര്‍മിക്കുകയും ഇതിലൂടെ ചരിത്രവും കെട്ടുകഥകളും തമ്മിലുള്ള വിടവ് ഇല്ലാതാക്കുകയുമായിരുന്നു. "ഇന്ത്യയുടെ വീക്ഷണത്തിലൂടെ ചരിത്രത്തെ വീണ്ടെടുക്കുക' എന്നാണിതിനെ അമിത് ഷാ വിശേഷിപ്പിച്ചത്. ഇന്ത്യയെന്നത് ഇവിടെ വലതുപക്ഷം വിഭാവനംചെയ്യുന്ന ഹിന്ദുത്വരാഷ്ട്രമാണ്. അതിന് അഭിമതമായതിനെ മാത്രം ചേര്‍ത്തുവച്ചും, ഇടയിലെ വിടവുകളെ നുണകൊണ്ടു നികത്തിയും നിര്‍മ്മിക്കുന്ന നരേറ്റീവുകളാണ് ‘ഇന്ത്യന്‍ വീക്ഷണത്തിലുള്ള ചരിത്രം'.

jaan
ജാന്‍ ആസ്മാന്‍

60 ലക്ഷത്തിലധികം ജൂതന്മാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഹോളോകാസ്റ്റ് നടന്നിട്ടേയില്ലെന്ന് ഇന്നും പ്രചരിപ്പിക്കുന്നവരുണ്ട്.  ‘ഹോളോകാസ്റ്റ് ഡിനയേഴ്‌സ്' എന്ന് പൊതുവില്‍ അറിയപ്പെടുന്ന ഇവര്‍ ഹിറ്റ്‌ലറെ ചരിത്രത്തിലെ വീരനായകനായി പ്രതിഷ്ഠിക്കാന്‍ പ്രയത്‌നിക്കുന്നവരാണെന്ന് പറയേണ്ടതില്ലല്ലോ. പഴയ പാപഭാരങ്ങളില്‍നിന്ന് കരകയറിവരുന്ന ജര്‍മനിയില്‍ ഈ വാദത്തിന് കാര്യമായ വക്താക്കളില്ലെന്നതാണ് വസ്തുത. പക്ഷേ ഇന്ത്യയിലെ വലതുപക്ഷത്തിന്റെ രീതി കുറേക്കൂടി ബുദ്ധിപൂര്‍വ്വമാണ്. ചരിത്രം എന്ന, തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലുള്ള വിജ്ഞാനസമ്പ്രദായത്തെ ഒരു വ്യാജനിര്‍മിതിയാക്കി മാറ്റുകയാണവര്‍.

ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന ഒരു പേര്, വെറും പേരല്ല. അതിനെ ചുറ്റിപ്പറ്റി സാംസ്‌കാരികവും സാമൂഹികവും വ്യക്തിപരവുമായ നിരവധി സ്മരണകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വ്യക്തിപരമായ ഓര്‍മ്മകള്‍ ഒരു കാലഘട്ടം വരെയേ നിലനില്‍ക്കുകയുള്ളൂ. അതിനപ്പുറത്ത്, സമൂഹം ശാശ്വതമായി സൂക്ഷിക്കുന്ന സ്മൃതികളാണ് അതിന്റെ അടയാളങ്ങളായി വര്‍ത്തിക്കുന്നത്. ജാന്‍ ആസ്മാന്‍ (Jan Assmann) ഇവയെ പൊതുവായി സാംസ്‌കാരികസ്മരണ (cultural memory) എന്നാണ് വിശേഷിപ്പിക്കുന്നത്. സാംസ്‌കാരികമായ ഓര്‍മകള്‍ സ്ഥിതി ചെയ്യുന്നത് മനുഷ്യരുടെ ഓര്‍മകളില്‍ മാത്രമല്ല, സ്മാരകങ്ങളിലും ചടങ്ങുകളിലും അനുസ്മരണങ്ങളിലും സാമൂഹ്യമായ നടപടികളിലും വസ്ത്രങ്ങളിലുമൊക്കെയാണ്. രാഷ്ട്രീയക്കാരുടെ അഭിപ്രായങ്ങള്‍, എഡിറ്റോറിയലുകള്‍, ഏതെങ്കിലും ദിശയിലേക്ക് പൊതുജനാഭിപ്രായം സമാഹരിക്കാന്‍ ശ്രമിക്കുന്നവരുടെ അഭിപ്രായങ്ങള്‍ എന്നിവയിലെല്ലാം ഇത് ബാധകമാണ്. ഇവ സാമൂഹികമായ ഓര്‍മ്മയുടെ ഭാഗമാകുമ്പോള്‍, അത് സമൂഹത്തിന്റെ മൊത്തം സ്വന്തമാകുന്നു. 

modi
പൂനയിലെ ഔധ് സി.പി. റോഡില്‍ നിർമ്മിച്ച മോദി ക്ഷേത്രം

ഒരു വ്യക്തി തന്റെ ഓര്‍മ നിലനിര്‍ത്താന്‍ അവ കുറിച്ചുവച്ച രേഖകളെ ആശ്രയിക്കുന്നതുപോലെ, സാമൂഹികമായ ഓര്‍മകള്‍ നിലനിര്‍ത്താന്‍ സാമൂഹികമായ നിര്‍മിതികള്‍ ആവശ്യമാണ്, സ്മാരകങ്ങള്‍ പോലെ. പേരുകള്‍ ഇല്ലാതാക്കുമ്പോള്‍, ഓര്‍മകളുടെ ഈ ശേഖരത്തിന്റെ തായ് വേരിലാണ് ഭരണകൂടത്തിന്റെ കണ്ണ്. ചരിത്രബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കാനും വലതുപക്ഷപ്രത്യയശാസ്ത്രം എളുപ്പത്തില്‍ വേരോടിക്കുവാനും ഭരണകൂടത്തിന് സാധിക്കുന്നു. ചരിത്രത്തില്‍ സ്വയം വിഗ്രഹവത്ക്കരിക്കാന്‍, സ്റ്റേഡിയം മാത്രമല്ല ക്ഷേത്രങ്ങള്‍പോലും തന്റെ പേരില്‍ നിര്‍മിച്ചെടുക്കാന്‍ ശ്രദ്ധാലുവാണ് നമ്മുടെ പ്രധാനമന്ത്രി. പൂനയിലെ ഔധ് സി.പി. റോഡില്‍ നമോഫൗണ്ടേഷന്‍ ചെയര്‍മാന്‍ മയൂര്‍ മുണ്ടെ മോദിയുടെ പേരില്‍ ക്ഷേത്രവും ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ മോഡി പ്രതിമയും നിര്‍മിച്ചിട്ടുണ്ട്. 

മായ്ക്കപ്പെടുന്ന ചരിത്രസന്ദര്‍ഭങ്ങള്‍

പേരുമാറ്റം പുതിയൊരു ആശയമല്ല. സ്‌പെയിനിലെ ഏകാധിപതി ജനറല്‍ ഫ്രാങ്കോ 35 തെരുവുകള്‍ക്ക് നല്‍കിയ പേരുകള്‍ പില്‍ക്കാലത്ത് സ്‌പെയിന്‍ മാറ്റിയിരുന്നു. സമാനമായൊരു സംഗതി പോര്‍ച്ചുഗലിലുമുണ്ട്. എസ്ട്രാഡോ നോവോയുടെ ഭരണകാലത്തും അതിനുശേഷമുള്ള വര്‍ഷങ്ങളിലും, ആ ഭരണത്തെ മഹത്ത്വവത്കരിച്ച് നിലവില്‍വന്ന ആഖ്യാനങ്ങളെ പുനഃപരിശോധിക്കുന്ന രീതി 1990-കളില്‍ അവിടെ നിലവില്‍വന്നു. ഓര്‍മകളുടെ വിപ്ലവം എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. പക്ഷേ ഇവയെല്ലാം ഒരു ചരിത്രസന്ധിയുടെ ഇരകളാകേണ്ടിവന്ന മനുഷ്യര്‍ക്കുവേണ്ടിയുള്ള മനുഷ്യത്വപരമായ നടപടികളായിരുന്നു. കലാപങ്ങളെയും കൂട്ടക്കുരുതികളെയും അതിജീവിച്ച മനുഷ്യരെ ആ ഓര്‍മകളില്‍നിന്ന് മാറ്റിനടത്തുകയും അവ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ കരുതലായി ഈ പേരുമാറ്റങ്ങളെ കാണണം. 

ALSO READ

ഇന്ത്യയെ ഒറ്റ മൂശയിൽ വാർത്തെടുക്കാനുള്ള ശ്രമം വിജയിക്കില്ല

എന്നാല്‍ ഇന്ത്യയില്‍ നടക്കുന്നതാകട്ടെ, ഇതിന് നേരേ വിപരീതമായ ഒരു സാമൂഹികപ്രക്രിയയാണ്. പേരുകള്‍ മാറ്റിയും തിരസ്‌ക്കരിച്ചും വ്യക്തികളെ ചരിത്രത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യുന്നതുപോലെ ചില പ്രത്യേക ചരിത്രസന്ദര്‍ഭങ്ങളേയും, ചരിത്രസ്ഥലങ്ങളേയും അപനിര്‍മിച്ച് തങ്ങള്‍ക്ക് ഹിതകരമായ ചരിത്രംനിര്‍മ്മിക്കാന്‍ ഹിന്ദുത്വഭരണകൂടം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉത്തരപ്രദേശില്‍ യോഗി ആദിത്യനാഥ് ചരിത്രനഗരങ്ങളുടെ പേരുകള്‍ മാറ്റുന്നത് ഇതിനുദാഹരണമാണ്.
ഉത്തര്‍ പ്രദേശിലെ പ്രധാനപ്പെട്ട നഗരമായ ഫൈസാബാദിനെ യോഗി അയോധ്യയാക്കി മാറ്റി.

allahabad

1857 -ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പലയിടങ്ങളിലായി നടന്ന യുദ്ധങ്ങളില്‍ ഫൈസാബാദും ഒരു കേന്ദ്രമായിരുന്നു. ഇന്ത്യയിലെ നാട്ടുരാജ്യമായ ഔധിലെ ആദ്യ നവാബായിരുന്ന സാദത്ത് അലി ഖാന്‍ പുരാതന നഗരമായ അയോദ്ധ്യയുടെ പ്രാന്തപ്രദേശത്താണ് ഫൈസാബാദ് നഗരത്തിന് അടിത്തറയിട്ടത്. ഈ ഫൈസാബാദിനെയാണ് യോഗി അയോധ്യയാക്കിയത്. 2019-ലെ കുംഭമേള നടക്കാനിരിക്കെയായിരുന്നു അലഹബാദ് ജില്ലയെ പ്രയാഗ് രാജ് എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് യോഗി പ്രഖ്യാപിച്ചത്. നെഹ്റുവിന്റെ കുടുംബവീടായ ആനന്ദഭവന്‍, അക്ബറിന്റെ കോട്ട എന്നിവ സ്ഥിതി ചെയ്യുന്ന നഗരമാണ് അലഹബാദ്. അടുത്തതമായി ചരിത്രമുറങ്ങുന്ന അലിഗഢിനെ ഹരിഗഢ് ആക്കാനും മെയിന്‍പുരിയെ മയന്‍പുരിയാക്കാനുമുള്ള ശ്രമത്തിലാണ് യോഗി. അലിഗഢ് വിമാനത്താവളത്തിന് ബി ജെ പി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ കല്യാണ്‍ സിങ്ങിന്റെ പേരിടാനുള്ള പ്രമേയം ഇതിനകം പാസാക്കിയിട്ടുണ്ട്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് അലിഗഢിലാണ്. അലിഗഢ് ഹരിഗഢ് ആകുമ്പോള്‍ യൂണിവേഴ്സിറ്റിയുടെ പേര് എന്താകുമെന്ന് കണ്ടറിയണം. മഹര്‍ഷി മഹന്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന മെയിന്‍പുരിയില്‍നിന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് അഞ്ചുതവണ തെരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥലത്തെയാണ് മയന്‍നഗറാക്കി മാറ്റുന്നത്.

കൂടാതെ മുഗള്‍സരായിയെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപധ്യായ നഗര്‍ എന്നും മാറ്റാനുള്ള പ്രമേയം പാസായിട്ടുണ്ട്. രാജ്യത്തുതന്നെ ഏറ്റവും പഴക്കമേറിയതും ചരിത്രപ്രാധാന്യമേറിയതുമായ റെയില്‍വേ സ്റ്റേഷനാണ് മുഗള്‍സരായി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മിച്ച് രാജ്യത്തെതന്നെ ആദ്യ റെയില്‍വേ ലൈനുകളിലൊന്നായ ദല്‍ഹി-ഹൗറ ലൈനിന്റെ ഭാഗമായ ഈ സ്റ്റേഷന്‍ 1862-ല്‍ ആണ് നിലവില്‍ വന്നത്. 2017-ല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പേര്മാറ്റാന്‍ തീരുമാനമെടുത്തപ്പോള്‍ അന്ന്, ബി.എസ്.പിയുടെയും സമാജ് വാദി പാര്‍ട്ടിയുടെയും അംഗങ്ങള്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. എന്താണ് ആര്‍.എസ്.എസ് നേതാവായ ദീന്‍ദയാല്‍ രാജ്യത്തിന് നല്‍കിയ സംഭാവനയെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം വലിയ ചിന്തകന്‍ ആണെന്നായിരുന്നു കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ഉത്തരം നല്‍കിയത്. 

ഔറംഗബാദിന്റെ പേരുമാറ്റാന്‍ മുപ്പതുവര്‍ഷമായി ശിവസേന ശ്രമിക്കുന്നുണ്ട്. മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ സ്മരണാര്‍ത്ഥമുള്ള പേരു മാറ്റി ശിവജിയുടെ മകന്റെ പേരായ സംബാജി നഗര്‍ എന്ന് പേരിടണമെന്നാണ് ശിവസേനയുടെ ആവശ്യം. കൂടാതെ മധ്യപ്രദേശിലെ നഗരമായ ഹോഷംഗാബാദിന്റെ പേര് നര്‍മദാപുരം എന്നു മാറ്റണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടിരുന്നു. 
ചൈനീസ് ചുവയുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് കമലം എന്നു മാറ്റിയത് ഗുജറാത്ത് സര്‍ക്കാര്‍ ആയിരുന്നു. ഈ പഴത്തിന് താമരയുടെ ആകൃതിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണി ഇതിനു പറഞ്ഞ ന്യായം. ഗര്‍ഭിണികള്‍ക്കുനല്‍കുന്ന ധനസഹായത്തിന്റെ പേര് ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന എന്നതില്‍നിന്ന് മാതൃവന്ദന യോജന എന്നാക്കിയിട്ടുണ്ട്. 

ചരിത്രത്തെ അപനിര്‍മിക്കാനുള്ള ഈ ശ്രമത്തിന്റെ മറുവശത്ത് മരവിപ്പിക്കുന്ന നിശ്ശബ്ദതയാണെന്നതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി. പ്രതിരോധങ്ങളില്ലാതെ, മെല്ലെമെല്ലെ, വലതുപക്ഷത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാത്തരം കൈയേറ്റങ്ങള്‍ക്കും ഇന്ത്യ വഴങ്ങിക്കൊടുക്കുന്നതാണ് ഇന്നത്തെ കാഴ്ച. പേരുമാറ്റങ്ങളില്‍നിന്ന് പാഠപുസ്തകങ്ങളിലേക്ക്, ഹിന്ദുത്വാനുകൂലചരിത്രം സൃഷ്ടിക്കാനുള്ള പിഴവുകളില്ലാത്ത പദ്ധതികളിലേക്ക് ഇന്ത്യന്‍ നിര്‍മിത ഫാസിസത്തിന്റെ പ്രയാണം ഇക്കാരണം കൊണ്ടുതന്നെ ഏറെ സുഗമമായിരിക്കുന്നു.


1
  • Tags
  • #Rajiv Gandhi
  • #Narendra Modi
  • #Uttar pradesh
  • #BJP
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 PN-Gopikrishnan.jpg

Communalisation

Truecopy Webzine

മുഹമ്മദ് അഖ്​ലാക്കിനെ  പശു തിന്നു എന്ന വാചകത്തെ എങ്ങനെ വായിക്കാന്‍ കഴിയും?

Jul 02, 2022

1 Minute Read

teesta

National Politics

പ്രമോദ് പുഴങ്കര

മോദി സർക്കാറിനെപ്പോലെ നീതിപീഠവും ഉത്തരവിടുന്നു; എന്തുകൊണ്ട് മിണ്ടാതിരുന്നുകൂടാ?.

Jun 28, 2022

17 minutes read

sanjeev

GRAFFITI

ആകാശി ഭട്ട്

അച്ഛാ.., നിങ്ങള്‍ അത്തരമൊരു മനുഷ്യന്റെ നിര്‍വചനമാണ്

Jun 19, 2022

2 Minutes Read

Rahul Gandhi

National Politics

ആഷിക്ക്​ കെ.പി.

നാഷനല്‍ ഹെറാള്‍ഡ് കേസ്; ബി.ജെ.പിയുടെ കോണ്‍ഗ്രസ് പേടി

Jun 18, 2022

7.6 minutes Read

indian military

National Politics

കെ.വി. ദിവ്യശ്രീ

അഗ്നിപഥ്‌ : സുവര്‍ണാവസരമോ അപകടക്കെണിയോ?

Jun 18, 2022

10 Minutes Read

CM Dashboard Gujarat

Report

ടി.എം. ഹർഷൻ

ചീഫ്​ സെക്രട്ടറിയുടെ ഗുജറാത്ത്​ സന്ദർശനം പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ച്​

Apr 27, 2022

1 Minute Reading

jahangir

Report

Delhi Lens

ജഹാംഗീർ പുരിയിൽ ബുൾഡോസർ കയറ്റിയിറക്കിയത്​ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെയാണ്​

Apr 21, 2022

4 minutes read

congress

National Politics

Truecopy Webzine

ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ 'കോമണ്‍ മിനിമം പരിപാടികള്‍'

Mar 14, 2022

2 minutes read

Next Article

അപ്പുവിനുവേണ്ടി, നിരവധി അപ്പുമാർക്കുവേണ്ടി ഒരമ്മ എഴുതുന്നു

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster