ലോകത്തിലെ ഏറ്റവും സുന്ദരമായ ക്ലാസ്‍‍മുറികളും അനശ്വരരായ അധ്യാപകരും

മതവും വംശീയതയും തൊലിയുടെ നിറവും മനുഷ്യ ബന്ധങ്ങളെ പരസ്പരം വേർപിരിക്കുമ്പോൾ മാനവികതയുടെ പക്ഷത്ത് നിന്നുകൊണ്ട് മനുഷ്യരെ പരസ്പരം ഒരുമിപ്പിക്കുന്നതിന്റെ കലയാണ് അധ്യാപനം എന്ന് മാർക്ക് താക്കറെ ലോകത്തോട് വിളിച്ചു പറയുന്നു

ലോകജനതയുടെ മനസ്സിൽ നക്ഷത്ര പ്രഭാവത്തോടെ ജ്വലിച്ചു നിൽക്കുന്ന ചില പ്രതിഭകളുണ്ട്. അതിൽ കവികളും കലാകാരന്മാരും ശാസ്ത്രജ്ഞരും എൻജിനീയർമാരും ഭരണാധികാരികളും വിപ്ലവകാരികളുമൊക്കെയുൾപ്പെടും. എണ്ണത്തിൽ കൂടുതലുണ്ടാകില്ലെങ്കിലും സവിശേഷമായ ചിന്തയും പ്രവൃത്തിയും കൊണ്ട്, ജനമനസ്സിലിടം നേടുകയും അവരുടെ ജീവിത വീക്ഷണത്തേയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുകയും ചെയ്ത അതുല്യരായ ചില അധ്യാപക പ്രതിഭകളുണ്ട്. ദേശത്തിന്റെയും ഭാഷയുടെയും പരിധികൾക്കപ്പുറം കാലാതീതമായി അവർ ഇപ്പോഴും അധ്യാപനം തുടരുന്നുണ്ട്. തലമുറകൾക്കതീതമായി ശിഷ്യസമ്പത്തുണ്ടാക്കിയ, വെള്ളിത്തിരയിലെ ആ അധ്യാപകർക്ക് റിട്ടയർമെന്റില്ല. ലോകസിനിമയിൽ ഇതുവരെയുണ്ടായ ഏറ്റവും പ്രമുഖരായ ചില നായക കഥാപാത്രങ്ങളെയെടുത്താൽ അതിൽ സിനിമയിലെ ഈ അധ്യാപക കഥാപാത്രങ്ങളുമുണ്ടാകും.

ലോക സിനിമയിലെ ഏറ്റവും മികച്ച നായക കഥാപാത്രങ്ങളിലൊന്നാണ് റോബിൻ വില്യംസ് അനശ്വരമാക്കിയ ജോൺ കീറ്റിംഗ് എന്ന അധ്യാപകൻ. ടോം ഷൂൾമാൻ രചിച്ച് പീറ്റർ വെയർ സംവിധാനം ചെയ്ത് 1984 -ൽ പുറത്തിറങ്ങിയ ഡെഡ് പോയറ്റ് സൊസൈറ്റി എന്ന ഹോളിവുഡ് ക്ലാസിക്കിലെ മുഖ്യ കഥാപാത്രമാണ് ജോൺ കീറ്റിംഗ്. പ്രമുഖ ആംഗലേയ കവി ജോൺ കീറ്റ്‌സിനെ പേരുകൊണ്ട് ഓർമ്മപ്പെടുത്തുന്നുണ്ട് ഈ കഥാപാത്രം. വെൽട്ടൺ അക്കാദമി എന്ന പേരുകേട്ട പ്രിപ്പറേറ്ററി സ്‌കൂളിൽ കവിത പഠിപ്പിക്കുവാനാണ് ജോൺ കീറ്റിംഗ് എത്തുന്നത്. അക്കാദമിയുടെ അടിത്തറ എന്ന് പറയുന്നത് പാരമ്പര്യം (tradition), അഭിമാനം (honour), അച്ചടക്കം (discipline), മികവ് (excellence) എന്നിവയാണ്. വാൾട്ട് വിറ്റ്മാൻ എബ്രഹാം ലിങ്കണെ
കുറിച്ച് എഴുതിയ കവിതയിലെ പോലെ "ഓ ക്യാപ്റ്റൻ മൈ ക്യാപ്റ്റൻ 'എന്ന് തന്നെ വിളിച്ചാൽ മതിയെന്ന് പറയുന്ന ജോൺ കീറ്റിംഗ് അധ്യാപകരെ കുറിച്ചുള്ള വിദ്യാർഥികളുടെ പരമ്പരാഗത സങ്കല്പങ്ങളെയെല്ലാം തകിടം മറിക്കുകയും യാഥാസ്ഥിതികവും അധികാര കേന്ദ്രിതവുമായ വെൽട്ടൺ അക്കാദമി പ്രതിനിധാനം ചെയ്യുന്ന വിദ്യാഭ്യാസ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.

അധ്യാപകൻ എന്ന നിലയിൽ ജോൺ കീറ്റിംഗ് ചെയ്യുന്നത് ആത്മവിശ്വാസത്തോടെയും ആത്മ നിയന്ത്രണത്തോടെയും ജീവിതത്തെ അഭിമുഖീകരിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു. കവിത അധികാരത്തിന്റെ ഭാഷയല്ലെന്നും സൗന്ദര്യത്തിന്റെ ഭാഷയാണെന്നും യാന്ത്രികവും കൃത്രിമവുമായ മൂല്യ സങ്കല്പങ്ങൾ രൂപപ്പെടുത്തിയ ഒരു സ്ഥാപനത്തിൽ കവിത വെറും മാത്തമാറ്റിക്‌സ് മാത്രമാണെന്നും അതുകൊണ്ട് ഗണിതത്തിന്റെ മെക്കാനിസം മാത്രമായ കവിതാപാഠവും സൗന്ദര്യരഹിതമായ ജീവിത സങ്കൽപ്പങ്ങളും കീറിക്കളയേണ്ടതാണെന്നുമാണ് കീറ്റിംഗ് പഠിപ്പിക്കുന്നത്. അധ്യാപനം എളുപ്പമുള്ള ഒരു തൊഴിലല്ലെന്നും ഒഴുക്കിനെതിരെയുള്ള നീന്തലാണെന്നും അത് കുട്ടികളിൽ ജീവിതാഭിമുഖ്യം വളർത്തലാണെന്നും കീറ്റിംഗ് ഓർമിപ്പിക്കുന്നു. ക്ലാസ് മുറിയിലെ ഡെസ്‌കിനു മുകളിൽ കയറി നിന്നു കൊണ്ട് കുട്ടികളോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുന്ന കീറ്റിംഗ് വ്യത്യസ്തമായ രീതിയിൽ ജീവിതത്തെ, അല്ലെങ്കിൽ ലോകത്തെ നോക്കിക്കാണാനുള്ള ധൈര്യമാണ് വിദ്യാർഥികൾക്കു പകർന്നു നൽകുന്നത്. വിദ്യാഭ്യാസത്തിലൂടെ ആർജിക്കേണ്ടത് പാരമ്പര്യത്തിന്റെ അല്ലെങ്കിൽ വ്യവസ്ഥാപിതമായ അച്ചടക്കത്തിന്റെ തലയ്ക്കുമുകളിൽ കയറി നിൽക്കാനുള്ള ധൈര്യമാണെന്ന് ലോകത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസത്തിലെ വിചാരധാരാ മാറ്റത്തിന് (paradigm shift)
ആഹ്വാനം ചെയ്യുകയാണ് ജോൺ കീറ്റിംഗ് ചെയ്യുന്നത്.

ഡെഡ് പോയറ്റ് സൊസൈറ്റി എന്ന സിനിമയിൽ നിന്ന്.

സിനിമാരംഗത്തും വിദ്യാഭ്യാസരംഗത്തും ലോക വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഒന്നാണ് "താക്കറെ എഫക്റ്റ് '. എക്കാലത്തെയും മികച്ച അധ്യാപക സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന, 1967ൽ പുറത്തിറങ്ങിയ "റ്റു സർ വിത്ത് ലൗ'വിലെ മാർക്ക് താക്കറെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അധ്യാപക കഥാപാത്രമാണ്. ജെയിംസ് ക്ലാവൽ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ലണ്ടൻ നഗരത്തിലെ ദുർഗുണ പരിഹാര പാഠശാലയ്ക്ക് സമാനമായ ഒരു കൗമാര വിദ്യാലയത്തിൽ അധ്യാപകനാകാൻ കറുത്ത വർഗ്ഗക്കാരനായ ഒരു എൻജിനീയറിങ് ബിരുദധാരി എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രതിപാദിക്കുന്നത്. ഏറെ പ്രതീക്ഷയോടെ അധ്യാപക ജോലിയിലേക്ക് പ്രവേശിക്കുന്ന താക്കറയെ വിദ്യാർഥികൾ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല , പരമാവധി അവഹേളിക്കാനും അവമതിക്കാനും ശ്രമിക്കുന്നു. ഒരു എൻജിനീയറാകാൻ എളുപ്പമാണ് എന്നാൽ നല്ലൊരു അധ്യാപകനാകുന്നത് ബുദ്ധിമുട്ടാണെന്ന് സുഹൃത്ത് അപ്പോൾ താക്കറെയെ ഓർമിപ്പിക്കുന്നുണ്ട്. തന്റെ നിറവും വംശവും തന്നെയാണ് കുട്ടികളുടെ വിവേചനത്തിന്റെ ഇരയായി മാറാനുള്ള കാരണമെന്ന് അയാൾക്ക് അറിയാമായിരുന്നു. ക്ലാസിൽ അരാജകത്വം സൃഷ്ടിക്കുന്ന കുട്ടികളെ മനശാസ്ത്രപരമായും കൈകാര്യം ചെയ്തു കൊണ്ട്, കൗമാരക്കാരായ കുട്ടികളുടെ പ്രശ്‌നങ്ങൾ എന്തെന്ന് തിരിച്ചറിഞ്ഞു കൊണ്ട് താക്കറെ പതിയെ കുട്ടികളുടെ ഹൃദയത്തിലേക്കു കടക്കുകയാണ്. ഒരു അധ്യാപകന്റെ ഏറ്റവും ശക്തമായ ആയുധം കുട്ടികളോടുള്ള സ്‌നേഹമാണെന്നും അവരെ അംഗീകരിക്കലാണെന്നും താക്കറെയിലൂടെ നമുക്ക് ബോധ്യപ്പെടുന്നുണ്ട്.

റ്റു സർ വിത്ത് ലൗ എന്ന സിനിമയിൽ നിന്ന്

മതവും വംശീയതയും തൊലിയുടെ നിറവും മനുഷ്യ ബന്ധങ്ങളെ പരസ്പരം വേർപിരിക്കുമ്പോൾ മാനവികതയുടെ പക്ഷത്ത് നിന്നുകൊണ്ട് മനുഷ്യരെ പരസ്പരം ഒരുമിപ്പിക്കുന്നതിന്റെ കലയാണ് അധ്യാപനം എന്ന് മാർക്ക് താക്കറെ ലോകത്തോട് വിളിച്ചു പറയുന്നു. കൗമാര വിദ്യാഭ്യാസത്തെ സംബന്ധിച്ച് യാഥാർഥ്യബദ്ധമായ ഉൾക്കാഴ്ചയുണർത്തുവാനും അധ്യാപനം എന്ന തൊഴിലിന്റെ ദാർശനികവും മാനുഷികവുമായ മുഖം ഉയർത്തിക്കാട്ടുന്നതിനും ഒരു തൊഴിലെന്ന നിലയിൽ അധ്യാപനത്തിന്റെ സർഗാത്മക സൗന്ദര്യത്തിന് ആഗോളതലത്തിൽ തന്നെ സ്വീകാര്യത നേടിക്കൊടുക്കുന്നതിന് മാർക്ക് താക്കറ എന്ന അധ്യാപകന് കഴിഞ്ഞിട്ടുണ്ട്.

അത്രയൊന്നും പ്രാധാന്യമില്ലെന്ന് പലരും കരുതുന്ന, വെറുമൊരു ക്ലാസ് റൂം പ്രവർത്തനം മാത്രമായ ഡയറിയെഴുത്തു കൊണ്ട് ഒരു സംഘം വിദ്യാർഥികളുടെ ജീവിതം തന്നെ മാറ്റിയെഴുതിയ അധ്യാപികയാണ് എറിൻ ഗ്രൂവൽ. എറിൻ എന്ന അധ്യാപികയുടെയും അവരുടെ വിദ്യാർഥികളുടെയും ഡയറിയെഴുത്തിനെ ആസ്പദമാക്കി റിച്ചാർഡ് ലാ ഗ്രെവനിസ് രചനയും സംവിധാനവും നിർവഹിച്ച് 2007 ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമാണ് ഫ്രീഡം റൈറ്റേഴ്‌സ്. 1998 ൽ നടന്ന ലോസ് ആഞ്ചലസ് കലാപത്തിന്റെ പശ്ചാത്തലത്തിൽ ഏയ് വ ബെനിറ്റസ് എന്ന പെൺകുട്ടിയുടെ കാഴ്ചയിലൂടെയാണ് ഫ്രീഡം റൈറ്റേഴ്‌സ് എന്ന സിനിമ സഞ്ചരിക്കുന്നത്. കലാപത്തിന്റെ ഭാഗമായി വിഘടിച്ചു നിൽക്കുന്ന സമൂഹത്തിന്റെ പ്രതിനിധികളാണ് എറിൻ ഗ്രുവലിന്റെ വിദ്യാർഥികൾ. ക്ലാസിനു പുറത്തും അകത്തും അവർ നിറത്തിന്റെയും വംശത്തിന്റെയും പേരിൽ വിഘടിച്ചു നിൽക്കുകയും സംഘർഷങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. തരം കിട്ടുമ്പോഴൊക്കെ പരസ്പരം ആക്രമിക്കാനും വഴക്കിടാനും മാത്രം സമയം കിട്ടുന്ന വിദ്യാർഥികൾക്ക് പഠനം എന്നത് ഒരു വിഷയമേ ആകുന്നില്ല. വംശീയതയുടെയും വിഭാഗീയതയുടെയും പേരിൽ നടക്കുന്ന അക്രമ പ്രവർത്തനങ്ങളാണ് അവരെ ചൂഴ്ന്നു നിൽക്കുന്ന ജീവിതയാഥാർഥ്യം. തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ കേവലം വ്യാകരണം പഠിക്കുന്നതു കൊണ്ട് പരിഹരിക്കാവുന്നതല്ലെന്ന് നല്ല തിരിച്ചറിവുള്ള വിദ്യാർഥികളുടെയിടയിൽ എറിൻ ഗ്രുവെൽ എന്ന അധ്യാപിക കുട്ടികളെ ഡയറി എഴുതാൻ നിർബന്ധിക്കുകയാണ് ചെയ്യുന്നത്. ഡയറി എഴുത്ത് അറിയാതെ തന്നെ അവരുടെ ജീവിതത്തിന്റെ ഭാഗമാവുകയും അവർ തങ്ങളുടെ ജീവിതം പതിയെപ്പതിയ എഴുതിത്തുടങ്ങിയും ചെയ്യുമ്പോഴാണ് ഏറിനും വിദ്യാർഥികളും തമ്മിലുള്ള ബന്ധം മാറിത്തുടങ്ങുന്നത്. അതോടെ അവർ അവരുടെ ജീവിത പരിസരത്തെ നിഷ്പക്ഷമായും വിമർശനാത്മകമായും നോക്കിക്കാണുകയും യാഥാർഥ്യ ബദ്ധമായ സാമൂഹ്യപാഠത്തിന്റെ സൃഷ്ടാക്കളായി മാറുകയും ചെയ്യുന്നു. ഒരു ജനത നേരിട്ടുകൊണ്ടിരിക്കുന്ന സവിശേഷ പ്രശ്‌നങ്ങളെയും അവർ അഭിമുഖീകരിക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളെയും പരിഗണിച്ചു കൊണ്ടല്ലാതെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും പ്രവർത്തന പരിപാടികളും നിർണയിക്കാനാകില്ലെന്നാണ് ഗ്രുവലിന്റെ വാദം. വിഭിന്നങ്ങളായ സാംസ്‌കാരിക ജീവിത പശ്ചാത്തലത്തിൽ നിന്ന് വരുന്ന കുട്ടികളെ ഒരു പൊതു പാഠ്യപദ്ധതി കൊണ്ട് അഭിമുഖീകരിക്കാൻ കഴിയില്ലെന്നും അധ്യാപനം ഒരു സർഗാത്മകതയാണെന്നും അത് ആത്യന്തികമായി ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതാണെന്നും എറിൻ ഗ്രുവെൽ എന്ന അധ്യാപിക സ്വാതന്ത്ര്യത്തിന്റ എഴുത്തുകാർ എന്ന ചിത്രത്തിലൂടെ ലോകത്തെ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

ആറു വയസ്സുകാരായ കുട്ടികളോടൊപ്പം കിമോനി മറുഗെ എന്ന 84 വയസ്സുകാരൻ ഒരു ദിവസം സ്‌കൂളിലേക്ക് നടന്നുവരുന്നത് ഒന്നാം ക്ലാസിൽ ചേർന്ന് പഠിക്കാനാണ്. കെനിയൻ സ്വാതന്ത്ര്യ സമര സേനാനിയും കർഷകനുമായ കിമോനി മറുഗെ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടുകയും ലോകമെങ്ങും പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പ്രചരിപ്പിച്ച വ്യക്തി എന്ന നിലയിൽ ഐക്യരാഷ്ട്ര സഭയിൽ വെച്ച് ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എൺപത്തിനാലുകാരനായ ഈ വിദ്യാർഥിയുടെ അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരത്തിനും വിജയത്തിനും പിന്നിൽ ജയിൻ ഒബിഞ്ചു എന്ന അധ്യാപികയുടെ അചഞ്ചലമായ മനോബലവും പ്രയത്‌നങ്ങളുമുണ്ട്. കിമോനി മറുഗെയുടെയും ജയിൻ ഒബിഞ്ചുവിന്റെയും ജീവിത സമരങ്ങളുടെ കഥയാണ് 2010 ൽ പുറത്തിറങ്ങിയ ഫസ്റ്റ് ഗ്രേഡർ എന്ന ബ്രിട്ടീഷ്-കെനിയൻ ജീവചരിത്രസിനിമയുടെ പ്രമേയം. ഒരു വൃദ്ധൻ ആറു വയസ്സുകാരായ കുട്ടികളോടൊപ്പമിരുന്ന് പഠിക്കുന്നതിൽ നാട്ടുകാരും സ്‌കൂൾ അധികൃതരും ഉദ്യോഗസ്ഥ വിഭാഗവും എതിർപ്പുന്നയിക്കുകയും അവർ മറൂഗെയുടെ പഠനം തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ പലവഴിക്കും നടത്തുകയും ചെയ്യുമ്പോൾ വിദ്യാഭ്യാസം നേടാനുള്ള ഒരു വ്യക്തിയുടെ ജനാധിപത്യപരമായ അവകാശത്തിനു വേണ്ടിയാണ് ജയ്ൻ ടീച്ചർ നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. പ്രതിഷേധക്കാർ പിന്നീട് ജയ്ൻ ടീച്ചർക്കെതിരെയാണ് തിരിയുന്നത്. മറുഗയെ പിന്തുണക്കുന്നതിൽ നിന്ന് പിന്മാറാനും ഇപ്പോഴുള്ള സ്‌കൂൾ വിട്ട് മറ്റെവിടേക്കെങ്കിലും സ്ഥലം മാറിപ്പോകാനും ജയിനിന്റെ ഭർത്താവ് അവരെ നിർബന്ധിക്കുകയും ചെയ്യുന്നു. അത് അവരുടെ കുടുംബ ബന്ധത്തിൽ വിള്ളൽ സൃഷ്ടിക്കുന്നുവെങ്കിലും ടീച്ചർ പിന്മാറാനോ പിന്തിരിയാനോ തയാറാകുന്നില്ല. പക്ഷേ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ടീച്ചറെ സ്‌കൂളിൽ നിന്നും സ്ഥലം മാറ്റുന്നു. മറുഗെ നെയ്‌റോബിയിൽ ചെന്ന് കെനിയൻ ഉദ്യോഗസ്ഥ വൃന്ദത്തിനു മുന്നിൽ തന്റെ ഷർട്ട് ഊരിമാറ്റി ബ്രിട്ടീഷുകാർ അടിച്ചു തകർത്ത തന്റെ ശരീരം അനാവൃതമാക്കുകയാണ്. കോളനി വാഴ്ച്ചയോട് ഇപ്പോഴും വിധേയത്വം പുലർത്തുന്ന ഒരു ഭരണകൂടത്തിനെ തന്റെ ശരീരം കൊണ്ട് ചരിത്രം ഓർമപ്പെടുത്തേണ്ടി വരുന്നുണ്ട് മറൂഗയ്ക്ക്. അത് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത, കെനിയൻ ജനതയുടെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. ആ പോരാട്ടം മറുഗെയ്ക്ക് വീണ്ടും തുടരേണ്ടി വരുന്നതാണ് അയാളെ സംബന്ധിച്ച് ഏറ്റവും ദുഃഖകരമായ വസ്തുത. ജെയ്ൻ ടീച്ചറോടുള്ള പ്രതികാര നടപടിക്കെതിരെയും അവരെ തിരിച്ചു കൊണ്ടുവരുന്നതിനും വേണ്ടിയും അയാൾ ശബ്ദിക്കുമ്പോൾ എല്ലാത്തരം സ്വേച്ഛാധിപത്യത്തിനും സാമ്രാജ്യത്വവിധേയത്വത്തിനും ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെയും കൂടി അയാൾക്ക് സമരം തുടരേണ്ടി വരുന്നുണ്ട്. ഒരു ജനതയ്ക്ക് യഥാർഥ സ്വാതന്ത്ര്യമെന്താണെന്നറിയണമെങ്കിൽ, അതനുഭവിക്കാൻ കഴിയണമെങ്കിൽ വിദ്യാഭ്യാസമാവശ്യമാണെന്നും സാർവത്രിക വിദ്യാഭ്യാസമാണ് മാനവ വിമോചനത്തിന്റെ ആത്യന്തികമായ വഴിയെന്നും അതു തന്നെയാണ് യഥാർഥ വിപ്ലവ പ്രവർത്തനമെന്നും എൺപത്തിനാലുകാരനെ തന്റെ വിദ്യാർഥിയായി സ്വീകരിച്ചുകൊണ്ട് ജെയ്ൻ എന്ന അധ്യാപിക ലോകത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഫസ്റ്റ് ഗ്രേഡർ എന്ന സിനിമയിൽ നിന്ന്

നിർമാതാവും ഛായാഗ്രാഹകനുമായ പാവോ ചോയ്‌നിംഗ് ദോർജിയുടെ ആദ്യ സംവിധാന സംരംഭമായ ലുനാന എ യാക് ഇൻ ദ ക്ലാസ് റൂം എന്ന 2019 ൽ പുറത്തിറങ്ങിയ ഭൂട്ടാൻ ചിത്രത്തിലെ ഊഗിൻ ദോർജി സാഹചര്യങ്ങൾ മൂലം അധ്യാപകനായി മാറിയൊരാളാണ്. ന്യൂയോർക്കിലും സിഡ്‌നിയിലും തന്റെ കരിയർ സ്വപ്നം കണ്ടു നടന്നിരുന്ന ഊഗിൻ താനൊരു അധ്യാപകനാകേണ്ടയാളല്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. തനിക്കു ചുറ്റുമുള്ള. സകലതിൽ നിന്നും അകന്നു കഴിയുന്ന, ചെവിയിൽ തിരുകിയ ഗാഡ്ജറ്റിൽ നിന്നും മാത്രം ലോകത്തെ നോക്കിക്കാന്നുന്ന ഊഗിൻ ദോർജി ഒരു യഥാർഥ അധ്യാപകനായി പരിണമിക്കുന്നതിന്റെ വർത്തമാനമാണ് ലുനാന എ യാക് ഇൻ ദ ക്ലാസ് റൂം പറയുന്നത്. ലുനാന ഭൂട്ടാനിലെ ഏറ്റവും വിദൂരമായ ഒരു ഗ്രാമമാണ്. ലുനാനയിലെ ജനങ്ങളുടെ ജീവിതത്തിന് ഒരു താളമുണ്ട്. ആ താളമെന്ന് പറയുന്നത് പ്രകൃതിയുമായി സമരസപ്പെട്ടു ജീവിക്കുന്നത് വഴി അവർ സ്വായത്തമാക്കിയ ജൈവികതയാണ്. മഞ്ഞുമൂടിയ മലനിരകളുടെ താഴ് വരയിൽ മേഞ്ഞു നടക്കുന്ന യാക്കുകളാണ് ലൂനാനയിലെ ജീവിതം രൂപപ്പെടുത്തുന്നത്. അതുകൊണ്ട് യാക്കുകൾ അവരുടെ പ്രകൃതിയും സംസ്‌കാരവുമാണ്. ലുലാനയിലെ ക്ലാസ് മുറിയിൽ ഒരു യാക്കിനെ കെട്ടിയിരിക്കുന്നത് കണ്ട് ഊഗിൻ ആദ്യം അത്ഭുതപ്പെടുന്നുണ്ട്. കാരണം നമ്മുടെ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും പ്രകൃതിയെ കെട്ടിയിടാനുള്ള ഒരിടം നമ്മൾ കണ്ടെത്തിയിട്ടില്ല. പ്രകൃതിയിലൂടെ പഠിക്കുക എന്നതിനൊപ്പം പ്രകൃതിക്ക് വേണ്ടി പഠിക്കുക എന്നതിനും പ്രാധാന്യം ലഭിച്ചിട്ടില്ല.

ലുനാന എ യാക് ഇൻ ദ ക്ലാസ് റൂം എന്ന സിനിമയിൽ നിന്ന്

പ്രകൃതിയില്ലാ രോഗം (nature defeceit disease) കുട്ടികളിൽ ഭീതികരമാം വിധം കൂടി വരുന്നതിനെക്കുറിച്ച് അതേ സമയം ആശങ്കപ്പെടുകയും ചെയ്യുന്നു. ഊഗിൻ എന്ന ചെറുപ്പക്കാരനെ ലുനാന അങ്ങനെയാണ് അധ്യാപകനായി പരിവർത്തിപ്പിക്കുന്നത്. ലുനാനയിലെ സാധാരണക്കാരായ മനുഷ്യരും അവരുടെ പ്രകൃതിയും അവരുടെ സംസ്‌കാരവും അവർക്ക് വേണ്ടുന്ന ഒരു അധ്യാപകനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അധ്യാപകൻ ജനങ്ങളുടെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ ജീവിതത്തിനകത്ത് പ്രവർത്തിക്കുന്നയാളാകണമെന്നും പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും മിടിപ്പും തുടിപ്പും ക്ലാസ് മുറിയിൽ അനുഭവപ്പെടുമ്പോഴാണ് കുട്ടികൾ പഠിക്കുന്നതെന്നുമാണ് ലുനാന എ യാക് ഇൻ ദ ക്ലാസ് റൂം എന്ന ഭൂട്ടാൻ സിനിമ ഊഗിൻ എന്ന അധ്യാപകന്റെ ജീവിതത്തിലൂടെ അടിവരയിടാൻ ശ്രമിക്കുന്നത്.

ചിലർ ജന്മനാ അധ്യാപകരാണ്. പ്രത്യേക പരിശീലനവും പഠനവുമൊന്നും ലഭിച്ചില്ലെങ്കിലും അധ്യാപന കലയുടെ നൈസർഗികതയും സൃഷ്ടിപരതയും മാനുഷികതയുമെല്ലാം ഹൃദയത്തിൽ അലിഞ്ഞു ചേർന്നവർ. 1999 ൽ പുറത്തിറങ്ങിയ നോട്ട് വൺ ലെസ് എന്ന ചൈനീസ് ചിത്രത്തിലെ പതിമൂന്നു വയസ്സുകാരിയായ നാടൻ പെൺകുട്ടി വെയ്മിൻ ഷി അങ്ങനെയൊരാളാണ്. അമ്മയ്ക്ക് അസുഖമായതിനാൽ സ്വന്തം നാട്ടിലേക്ക് പോകേണ്ടിവരുന്ന അധ്യാപകൻ താൻ തിരിച്ചു വരുന്നതുവരെ തന്റെ ക്ലാസിലെ കുട്ടികളെ നോക്കാൻ വെയ്മിൻഷിയെ ഏൽപ്പിക്കുന്നു. ഒരു കുട്ടി പോലും ക്ലാസിൽ നിന്നും കൊഴിഞ്ഞു പോകരുതെന്ന ഒറ്റ ഉപാധി മാത്രമേ അയാൾ അവൾക്കു മുന്നിൽ വെക്കുന്നുള്ളൂ. ബഹളക്കാരായ കുട്ടികളെ നിയന്ത്രിക്കാൻ ക്ലാസ് മുറി പുറത്തുനിന്നും പൂട്ടി വാതിൽപ്പടിയിൽ വന്നിരിക്കാൻ മാത്രമറിയാവുന്ന അവൾക്ക് അധ്യാപനത്തിന്റെ ബാലപാഠങ്ങളെക്കുറിച്ചൊന്നും ഒട്ടും ധാരണയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു കൂട്ടിയെ സ്‌കൂളിൽ നിന്നും കാണാതാവുന്നത്. അവൻ പട്ടണത്തിലലഞ്ഞുതിരിയുന്നുണ്ടെന്നും ഭക്ഷണത്തിന് ഭിക്ഷ യാചിക്കേണ്ടുന്ന അവസ്ഥയാണെന്നും മനസ്സിലാക്കുന്ന അവൾ എങ്ങനെയെങ്കിലും അവനെ തിരിച്ചു കൊണ്ടുവരാനുള്ള ദൗത്യമേറ്റെടുക്കുകയാണ്. പട്ടണത്തിലേക്കുള്ള ബസ് ടിക്കറ്റിന് 30 യുവാൻ ആവശ്യമാണ്. ദാരിദ്ര്യവും പട്ടിണിയും ജീവനൂറ്റിയെടുത്ത ആ ഗ്രാമത്തിൽ മുപ്പത് യുവാൻ ഉണ്ടാക്കുക എളുപ്പമുള്ള കാര്യമല്ല. 30 യുവാൻ എങ്ങനെ ഉണ്ടാക്കും എന്നതാണ് തന്റെ കുട്ടികൾക്ക് മുന്നിൽ അവൾ അവതരിപ്പിക്കുന്ന ആദ്യത്തെ പഠനപ്രശ്‌നം.

നോട്ട് വൺ ലെസ് എന്ന സിനിമയിൽ നിന്ന്

30 യുവാൻ ഉണ്ടാക്കുന്നതിന് തൊട്ടടുത്ത ഇഷ്ടികക്കളത്തിൽ പോയി ഓരോരുത്തരും ഇഷ്ടിക ചുമക്കുകയാണെങ്കിൽ ഒരാൾ എത്ര ഇഷ്ടികൾ വീതം ചുമക്കണം എന്നതാണ് വെയ്മിൻ ഷി എന്ന അധ്യാപിക കുട്ടികൾക്ക് നൽകുന്ന ആദ്യത്തെ ഗണിതപ്രശ്‌നം. കുട്ടികളുടെ ജീവിതവുമായും ആവശ്യവുമായും ബന്ധപ്പെടുത്തി അവൾ അവതരിപ്പിക്കുന്ന കണക്ക് ഒരു കുട്ടിക്കു പോലും ഏറ്റെടുക്കാതിരിക്കാൻ കഴിയുന്നില്ല. അധ്യാപനത്തിന്റെ അടിസ്ഥാന പാഠങ്ങളെക്കുറിച്ച് തികച്ചും അജ്ഞയായ ഒരു പതിമൂന്നുകാരി പെൺകുട്ടി തന്റെ കുട്ടികളോടുള്ള സ്‌നേഹവും കരുതലും മാത്രം കൈമുതലാക്കി ഒരു "ഐഡിയൽ ടീച്ചറായി ' പരിണമിക്കുകയാണ്. കുട്ടികളോടുള്ള എമ്പതിയുടേയും പ്രതിബദ്ധതയുടേയും പര്യായമാണ് അധ്യാപിക എന്നും അത് കേവലം അക്കാദമിക പഠനത്തിലൂടെയും പരിശീലനത്തിലൂടെയും ആർജ്ജിക്കുന്ന ബിരുദത്തിന്റെ പേരല്ലെന്നും 1999 ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൺ ലയൺ പുരസ്‌കാരത്തിനൊപ്പം യൂണിസെഫിന്റെ പ്രത്യേക പുരസ്‌കാരവും നേടിയ നോട്ട് വൺ ലെസ് എന്ന ചിത്രത്തിലെ പതിമൂന്നുകാരി വെയ്മിൻഷി ഓർമിപ്പിക്കുന്നു.

ഈ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നയാളെയാണ് ടീച്ചർ എന്ന് വിളിക്കുന്നതെന്നും ആ അത്ഭുതം എന്നു പറയുന്നത് വ്യക്തിയെ മനുഷ്യൻ ആക്കി മാറ്റുകയാണെന്നും മുസിസെ എന്ന ടർക്കിഷ് സിനിമയിലെ മാഹിർ എന്ന അധ്യാപകന്റെ ജീവിതം വ്യക്തമാക്കുന്നു. മുസിസെ എന്ന പേർഷ്യൻ പദത്തിന് മിറാക്കിൾ അഥവാ അത്ഭുതം എന്നാണ് അർഥം. ഒരു അധ്യാപകന്റെ വരവ് ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന അത്ഭുതങ്ങളാണ് 2015 ൽ റിലീസ് ചെയ്ത ഈ ടർക്കിഷ് സിനിമയുടെ പ്രമേയം. മാഹിർ എന്ന അധ്യാപകന് ടർക്കിയിലെ വളരെ വിദൂരമായ ഒരു ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നു. ദിവസങ്ങളോളം യാത്ര ചെയ്ത് അവിടെയെത്തുമ്പോൾ വഴിയിൽ കുറെ കൊള്ളക്കാർ തടഞ്ഞു നിർത്തുന്നു. അവർ അയാളെ വളയുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. വളരെ പേടിച്ചിട്ടാണെങ്കിലും ഞാൻ ഒരു അധ്യാപകനാണ് എന്നയാൾക്ക് പറയാൻ കഴിയുന്നുണ്ട്. ആ മറുപടി കേട്ട ഉടനെ തോക്കു ചൂണ്ടിയ കൈകളല്ലാം താഴുകയും തോക്കുകൾ ദുർബലമാവുകയും ചെയ്യുന്നു. ടീച്ചർ എന്ന വാക്കിന് തോക്കിനേക്കാൾ ശക്തിയുണ്ട്. തോക്കിനെക്കാൾ ശക്തമാണ് ടീച്ചറുടെ കൈയിലുള്ള ആയുധം. അതുകൊണ്ടാണ് ആ അധ്യാപകനു മുന്നിൽ ഗ്രാമത്തിലെ അപരിഷ്‌കൃതമായ നിയമങ്ങളെല്ലാം വഴി മാറുന്നത്. പെൺകുട്ടികൾക്ക് പഠനം നിഷിദ്ധമായിരുന്ന ആ നാട്ടിൽ പെൺകുട്ടികളെ ആൺകുട്ടികൾക്ക് ഒപ്പം ക്ലാസിലിരുത്തി അയാൾ പഠിപ്പിക്കുന്നുണ്ട്. നാട്ടിൽ ആർക്കും വേണ്ടാത്ത, കുതിരയെ മേയ്ച്ചു നടക്കുന്ന , ഓട്ടിസം ബാധിച്ച അസീസ് എന്ന യുവാവിനെയാണ് പിന്നീട് അയാൾ ക്ലാസിലിരുത്തി പഠിപ്പിക്കാൻ ശ്രമിക്കുന്നത്. അസീസിന് ശരിക്കും നിവർന്നു നിൽക്കാനോ സംസാരിക്കാനോ പോലുമാകില്ല. ശരീരം വൃത്തിയായി സൂക്ഷിക്കാൻ പോലുമറിയില്ല. അങ്ങനെയുള്ള അസീസ് സ്‌കൂളിൽ പോകാൻ തുടങ്ങിയതോടെ ആ നാട്ടിൽത്തന്നെ അത്ഭുതങ്ങൾ സംഭവിക്കുന്നു. അധ്യാപകൻ അവനെ പരിഗണിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതോടെ കൂട്ടുകാരും നാട്ടുകാരും അവനെ പരിധിയില്ലാതെ സ്‌നേഹിക്കുവാൻ തുടങ്ങുന്നു.. അവൻ സംസാരിക്കാനും നിവർന്നു നിൽക്കാനും പഠിക്കുന്നു. ഒരു നാടിന്റെ മനോഭാവമാകെ മാറിമറിയുന്നു. എല്ലാത്തരം സാമൂഹ്യവിവേചനങ്ങളേയും അതിനെ നിലനിർത്താൻ ശ്രമിക്കുന്ന നിയമങ്ങളേയും ഒരു അധ്യാപകനെ മുൻ നിർത്തി മറികടക്കാൻ ആ ഗ്രാമം തയാറാകുന്നു എന്നതാണ് ഏറ്റവും പ്രധാനം. മൃഗതുല്യമായ ജീവിതം നയിക്കുന്ന അസീസിനെ മനുഷ്യനിലേക്ക് പരിവർത്തിപ്പിക്കാനുള്ള ശ്രമമാണ് അയാൾ നടത്തുന്നത്. അത് ആരും അയാളോട് ആവശ്യപ്പെട്ടിട്ടോ അപേക്ഷിച്ചിട്ടോ ഒന്നുമല്ല. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്താണെന്നും അത് ആർക്കുവേണ്ടിയാണെന്നുമുള്ള ബോധ്യം അയാളിൽ ഉറച്ചിട്ടുള്ളതു കൊണ്ടാണ്. അധ്യാപകർ ഇതുപോലെ മനുഷ്യനെ രൂപപ്പെടുത്തുന്നവരാണ്. മാനവികതയുടെ സൃഷ്ടാക്കളാണ്. ഒരു അധ്യാപകന്റെ സ്വാധീനം ക്ലാസ് മുറിയിൽ മാത്രമല്ലെന്നും അത് പരിധിയില്ലാത്തതും അനന്തവുമാണെന്ന
(a teacher affects eternity) എച്ച് ബി ആഡംസിന്റെ വരികൾ ഓർമപ്പെടുത്തുന്നുണ്ട് മുസിസെയിലെ അധ്യാപകൻ.

പതിവ് അധ്യാപക കഥാപാത്രങ്ങളിൽ നിന്നും വിഭിന്നനാണ് 2008 ലെ കാൻ ഫിലിം ഫെസ്‌റ്റിവലിൽ പാംദി ഓർ പുരസ്‌കാരം നേടിയ ക്ലാസ് എന്ന ഫ്രഞ്ചു സിനിമയിലെ ഫ്രാൻസ്വാ മാരിൻ. തികഞ്ഞ ജനാധിപത്യവാദിയായിട്ടും അധ്യാപനത്തിൽ അങ്ങേയറ്റം ആത്മാർഥതയുള്ളയാളായിട്ടും അയാൾ തന്റെ കുട്ടികൾക്കു മുന്നിൽ പരാജയപ്പെടുകയും ഈ ക്ലാസിൽ നിന്ന് ഞാനൊന്നും പഠിച്ചിട്ടില്ലെന്ന വിദ്യാർഥിയുടെ വാക്കുകൾക്ക് മുന്നിൽ പതറിപ്പോകുകയും ചെയ്യുകയാണ്. അധ്യാപകന്റെ തോൽവിയെ രാഷ്ട്രീയമായി വിശകലനം ചെയ്യുകയും കേവലമൊരു ക്ലാസ് മുറി എന്നത് യഥാർഥത്തിൽ രാഷ്ട്ര സങ്കൽപ്പത്തെ മുൻ നിർത്തി വിചാരണ ചെയ്യുവാനുമാണ് സിനിമ ശ്രമിക്കുന്നത്. ബോധന രീതിയെ കുറിച്ചും സംവാദാത്മക പഠന പ്രവർത്തനങ്ങളുടെ പ്രായോഗികതയെ കുറിച്ചും അവ ജനാധിപത്യപരമായി ക്ലാസ് മുറിയിൽ വിനിമയം ചെയ്യേണ്ടതിനെക്കുറിച്ചും പൂർണ്ണ ബോധ്യമുള്ളയാളാണ് ഫ്രാൻസ്വാ മാരിൻ. പക്ഷേ അയാൾ ക്ലാസ് മുറിയിൽ കുട്ടികളാൽ വിചാരണപ്പെടുകയും സ്വയം വിചാരണയ്ക്ക് വിധേയനാകുകയും ചെയ്യുന്നുണ്ട്. യഥാർഥത്തിൽ ഫാൻസ്വാ മാരിൻ പരാജയപ്പെടുന്ന ഒരു അധ്യാപകന്റെ പ്രതിനിധിയാണ്. അധ്യാപകർ ക്ലാസിൽ പരാജയപ്പെട്ടുന്നത് കേവലമൊരു വിദ്യാഭ്യാസ പ്രശ്‌നമല്ല. അത് രാഷ്ട്രീയവും സംസ്‌കാരവും ആയ വിഷയമാണ്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്ത സാംസ്‌കാരികതയെ പ്രതിനിധീകരിക്കുന്ന, വിഭിന്ന ദേശീയതയെ പ്രതിനിധീകരിക്കുന്ന കുട്ടികൾ ഒരു ക്ലാസിലിരുന്ന് ഏകശിലാത്മകമായ ഒരു പാഠ്യപദ്ധതിയിലൂടെ കടന്നുപോകുമ്പോഴുള്ള സാംസ്‌കാരിക പ്രതിസന്ധിയാണ് അധ്യാപകനെ ക്ലാസിൽ റദ്ദു ചെയ്യുന്നത്. അതുകൊണ്ട് ഫ്രാൻസ്വാ മാരിൻ ഒരു രാഷ്ട്രീയ ചോദ്യചിഹ്നം കൂടിയാണ്. മതാത്മകമായ ദേശീയതാ സങ്കൽപ്പവും അത് സൃഷ്ടിക്കുന്ന സാംസ്‌കാരിക അധിനിവേശവും ജനാധിപത്യപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസ പ്രത്യയശാസ്ത്രത്തെ കീഴ്‌മേൽ മറിക്കുകയും അധിനിവേശ രാഷ്ട്രീയത്തിന്റെ പാഠ്യ പദ്ധതി അടിച്ചേൽപ്പിക്കുകയും ചെയ്യുമ്പോൾ ക്ലാസ് മുറിയിൽ അധ്യാപകൻ അപ്രസക്തതമാവുകയോ പരാജയപ്പെടുകയോ ചെയ്യുന്നതിന്റെ രാഷ്ടീയമാണ് ഫ്രാൻസ്വാ മാരിൻ എന്ന അധ്യാപകൻ വെളിപ്പെടുത്തുന്നത്.

A man who reviews the old so as to find out the new is qualified to teach others എന്നത് കൺഫ്യൂഷസിന്റെ പഴയൊരു വചനമാണെങ്കിലും ഇന്നത് ഒട്ടും അപ്രസക്തമാകുന്നില്ല. പുതിയത് കണ്ടെത്തുകയാണ് ടീച്ചറെ സംബന്ധിച്ച് എക്കാലത്തും പ്രധാനമായിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വ്യത്യസ്ത കാലങ്ങളിൽ, വ്യത്യസ്ത ഭാഷകളിലുണ്ടായ ഈ സിനിമകളിലെ അധ്യാപക കഥാപാത്രങ്ങൾ പരിവർത്തനത്തിന്റെയും പുതുമയുടെയും വക്താക്കളാണ്. പഴയതും വ്യവസ്ഥാപിതവുമായ വിദ്യാഭ്യാസ സംവിധാനങ്ങളേയും കാലഹരണപ്പെട്ട വിദ്യാഭ്യാസ ദർശനങ്ങളേയും ബോധനരീതികളേയും ഈ അധ്യാപകർ ചോദ്യം ചെയ്യുന്നുണ്ട്. സാമ്പ്രദായികമായ അധ്യാപക വിദ്യാർഥി ബന്ധങ്ങളിൽ ഇവർക്ക് വിശ്വാസമില്ല. വിദ്യാഭ്യാസത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ അടരുകളെ തുറന്നു കാട്ടുന്നതിനൊപ്പം ടീച്ചർ എന്ന പദം രാഷ്ട്രീയമായി അടയാളപ്പെടുന്നതെങ്ങനെയെന്നതിന്റെ പ്രാദേശിക , സാമൂഹികപാഠങ്ങളാകുകയും ചെയ്യുന്നുണ്ടവർ. പരിസ്ഥിതി, വർഗം, ദേശം, ജെൻഡർ തുടങ്ങിയ സമകാലീന അനുഭവ പരിസരങ്ങളെ മാനവികതയുടെ പക്ഷത്തു നിന്നുകൊണ്ട് വ്യാഖ്യാനിക്കുവാനും പാരമ്പര്യത്തിന്റെയും വിവേചനത്തിന്റെയും വഴക്കമില്ലാത്ത പാഠങ്ങളെ അപ്പാടെ തിരുത്തി വിമോചനത്തിന്റെ ജൈവപാഠങ്ങളെ പകരം രചിക്കുവാനും ഇവർ ബദ്ധശ്രദ്ധരാകുന്നുണ്ട്. ഇവരുടെ ക്ലാസ് മുറികളിൽ സമയ മണികൾ മുഴങ്ങുന്നില്ല. ലോകമെമ്പാടുമുള്ള തലമുറകളെ ഇവർ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

വിദ്യാഭ്യാസ രംഗത്തെ കാലികവും അടിസ്ഥാനപരവുമായ പരിവർത്തനങ്ങളിലേക്കും പരിഷ്‌ക്കരണങ്ങളിലേക്കും സിനിമ എന്ന മാധ്യമം അതിശക്തമായി വിരൽ ചൂണ്ടുന്നത് അനശ്വരരായ ഈ അധ്യാപക പ്രതിഭകളിലൂടെയാണ്.

Comments