അഭയ കേസ്: അപമാന ഭാരംകൊണ്ട് ശിരസ് കുനിക്കുകയാണ് ഞങ്ങളെപ്പോലുള്ള വൈദികർ

അഭയ എന്ന പെൺകുട്ടി അവരുടെ ജീവിതം മാറ്റിവെച്ച്, സഭാ സേവനത്തിന്, സമൂഹ സേവനത്തിന് ഇറങ്ങിത്തിരിച്ചവളാണ്. ഈ സഭയിലെ ഏതു വൈദികനാണ്, മെത്രാനാണ് മരിച്ചുപോയ ഈ കുഞ്ഞിനെ ‘എന്റെ കുഞ്ഞ്’ എന്നു പറഞ്ഞിട്ടുള്ളത്. ഒരുപാട് പള്ളികളിൽ കുറ്റാരോപിതരായ മനുഷ്യർക്കുവേണ്ടി പ്രാർത്ഥനകൾ ഉയരുന്നുണ്ട്, അവർ അഭിഷിപ്തരാണ് എന്നൊക്കെ പറഞ്ഞ്. അഭയയ്ക്കുവേണ്ടി ഏതു പള്ളിയിലാണ് പ്രാർത്ഥന ഉയർന്നത്? - അഭയ ​കേസ്​ പ്രതികൾക്ക്​ ശിക്ഷ വിധിച്ച സാഹചര്യത്തിൽ വൈദികൻ കൂടിയായ ലേഖകൻ എഴുതുന്നു

ഭയ കേസിലെ പ്രതികളായ വൈദികനും കന്യാസ്ത്രീക്കും കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. എന്നാൽ, ചില ചോദ്യങ്ങൾ ബാക്കിയാകുന്നു: കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷത്തിനുളളിൽ, കേരളത്തിൽ 20 ഓളം കന്യാസ്ത്രീകൾ മഠങ്ങളിലെ കിണറുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അവരെങ്ങനെ മരിച്ചു, ആത്മഹത്യ ചെയ്തതാണെങ്കിൽ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നൊരു അന്വേഷണം നടത്തേണ്ടതല്ലേ? കുറ്റകരമായ മൗനം അതിലുണ്ട്.

അപമാന ഭാരംകൊണ്ട് ശിരസ് കുനിക്കുകയാണ് ഞങ്ങളെപ്പോലുള്ള വൈദികർ. നമ്മുടെ നേതൃത്വമാണ് ഈ നിശബ്ദതയിലൂടെ ക്രിമിനൽ കുറ്റം ചെയ്തുകൊണ്ടിരിക്കുന്നത്. ബലാത്സംഗ ആരോപിതനായ ഒരു ബിഷപ്പ് പ്രതിക്കൂട്ടിൽ കയറി നിൽക്കുകയാണ്, അദ്ദേഹത്തെ എന്തുകൊണ്ട് മാറ്റിനിർത്തുന്നില്ല. 28 വർഷമായി അഭയയാണ് സമൂഹത്തിൽ വേട്ടയാടപ്പെടുന്നത്. ഈ കേസിലെ പ്രതികളും ഇപ്പോൾ ശിക്ഷിക്കപ്പെട്ടവരുമായ വൈദികനെയും കന്യാസ്ത്രീയെയും എന്തുകൊണ്ട് മാറ്റിനിർത്തുന്നില്ല?

ആരാണ് കുറ്റക്കാർ?

അഭയ കേസ്​ വിധിയെ രണ്ടുതരത്തിൽ നോക്കിക്കാണാം. വിധി വരാൻ 28 വർഷം വൈകിയെന്നത് പ്രാഥമികമായി ഒരു ജനാധിപത്യ സംവിധാനത്തിന്റെ വീഴ്ചയായിട്ടാണ് ഞാൻ കാണുന്നത്. മതനേതാവോ, സമുദായ നേതാവോ രാഷ്ട്രീയ നേതാവോ സമൂഹത്തിൽ സ്വാധീനമുള്ളവരോ അല്ലാത്തവരോ ആയ ആളുകൾ ഒരു കേസിൽ പ്രതിയായി വന്നാൽ, ആ കേസിൽ നീതി വൈകുന്നത് ജനാധിപത്യ സംവിധാനത്തിന്റെ പരാജയമാണ്. കേരളത്തിലെ കത്തോലിക്കാസഭയിലെ ഒരു നേതാവിനെതിരെ 17 കേസുകളാണ് കോടതിയിലുള്ളത്. ആ കേസിന്റെ അന്വേഷണം പോലും ആരംഭിച്ചിട്ടില്ല. എന്നു പറഞ്ഞാൽ അതിൽ ആരാണ് തെറ്റുകാർ?. സഭയല്ലല്ലോ. സഭയും സഭയുടെ ആൾക്കാരുമല്ലല്ലോ അയാളെ അറസ്റ്റു ചെയ്യേണ്ടത്, അന്വേഷണം നടത്തേണ്ടത്.

സിസ്റ്റർ അഭയ

ഫ്രാങ്കോ കേസിൽ കുറ്റാരോപിതനെ അറസ്റ്റു ചെയ്യാൻ വൈകിയതുകൊണ്ടാണ് സമരമുണ്ടായത്. ഒരു ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്തിട്ടുവേണം നീതി കിട്ടാൻ എന്നുവന്നാൽ അവിടുത്തെ നിയമവാഴ്ചയ്ക്ക് എന്തു പ്രസക്തി?
മതനേതൃത്വത്തിനും സമുദായ നേതൃത്വത്തിനും കീഴടങ്ങി നിൽക്കുന്ന ഒരു രാഷ്ട്രീയ സംവിധാനത്തെയാണ് നമ്മൾ ഇവിടെ കാണുന്നത്. ആദ്യം പഴി പറയേണ്ടത് ഇവിടുത്തെ ജനാധിപത്യ സംവിധാനത്തെ താങ്ങിനിർത്തുന്ന, ഭരണണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയുമാണ്.

സഭ സമൂഹത്തിനു മുമ്പിൽ അപമാനിക്കപ്പെട്ട് നിൽക്കുന്നു

രണ്ടാമത്തെ കാര്യം; 28 വർഷമായി അഭയ കേസ് നടക്കുമ്പോഴും ഇതിലെ കുറ്റാരോപിതർ ധാർമികയും ആത്മീയതയും പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളായി ആ സ്ഥാനത്ത് തുടരുന്നുവെന്നതാണ് അതിനേക്കാൾ ഭീകരമായത്. ഒരു മതനേതൃത്വത്തിന്റെ, വൈദികന്റെ അല്ലെങ്കിൽ സന്യാസിനിയുടെ നിലനിൽപ്പ് ഭരണഘടനാപരമായ നിലനിൽപ്പല്ല. ഭരണഘടനയിൽ അവർക്ക് പ്രത്യേകിച്ച് സ്ഥാനം പറയുന്നില്ലെങ്കിലും ഭരണഘടനാപരമായ അധികാരമുള്ള വ്യക്തികളേക്കാൾ കൂടുതൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ളവരാണ് അവർ.

ഇന്ത്യയുടെ പശ്ചാത്തലത്തിൽ ആത്മീയ രംഗത്തുള്ള വ്യക്തിത്വങ്ങൾക്ക് രാഷ്ട്രീയ രംഗത്തുള്ളവരേക്കാൾ കൂടുതൽ സ്ഥാനം കൊടുക്കുന്നുണ്ട് സമൂഹം. എന്താണെന്നുവെച്ചാൽ, അവർ നിസ്വാർത്ഥരായി, വീടുപേക്ഷിച്ച്, കുടുംബ ജീവിതം ഇല്ലാതെ, സമൂഹത്തിനുവേണ്ടി ജീവിക്കുന്നവരാണ്. ഒരുപക്ഷെ, ഇന്ത്യയിൽ ഒരു വൈദികൻ, ക്രിസ്തുവിന്റെ പിൻഗാമിയായി ജീവിക്കുമ്പോൾ, അയാളെ ജാതിമതഭേദമന്യേ സമൂഹം കാണുന്നത് ക്രിസ്തുവിന്റെ സ്ഥാനത്താണ്.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിലാണെങ്കിലും അഭയ കേസിലാണെങ്കിലും നമ്മൾ കാണുന്നത്, സഭാ നേതൃത്വം പൗരോഹിത്യത്തിനൊപ്പം- അത് മെത്രാനായിരിക്കാം, വൈദികനായിരിക്കാം- അചഞ്ചലമായി നിലകൊള്ളുന്നതാണ്. കന്യാസ്ത്രീകൾക്ക് അനുകൂലമായി സെക്രട്ടറിയേറ്റിനു മുമ്പിൽ ഞങ്ങൾ ഒരു സമരം സംഘടിപ്പിച്ചപ്പോൾ ആ സമരം നടത്താൻ പാടില്ലെന്നുപറഞ്ഞ് എനിക്ക് കാരണം കാണിക്കൽ നോട്ടീസ് കിട്ടി. അപ്പോൾ ഒരു സുഹൃത്ത്, കോർപ്പറേറ്റ് ഫീൽഡിൽ 25 വർഷത്തെ അനുഭവ സമ്പത്തുള്ളയാളാണ്, പറഞ്ഞത് ഇതാണ്: ‘‘ഞാൻ കഴിഞ്ഞ 30 വർഷക്കാലം 24 രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ഒരു കോർപ്പറേറ്റ് ഫീൽഡിൽ സി.ഇ.ഒയായി റിട്ടയർ ചെയ്തയാളാണ്. ഞങ്ങൾ കച്ചവടം നടത്തുന്നയാൾക്കാരാണ്, ഞങ്ങളുടെ സ്ഥാപനത്തിൽ എം.ഡിക്കെതിരെയോ സി.ഇ.ഒക്കെതിരെയോ അവിടുത്തെയൊരു തൂപ്പുകാരി പരാതി തന്നാൽ ആ പരാതിയിൽ കഴമ്പുണ്ടോയെന്ന് പ്രാഥമിക അന്വേഷണം നടത്തി, കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ ആ നിമിഷം മാറി നിൽക്കാൻ പറയും. കച്ചവട സ്ഥാപനത്തിനുള്ളൊരു ധാർമികത, ധാർമികതയുടെ പ്രചാരകരും വക്താക്കളുമായിട്ടുള്ള നിങ്ങൾക്ക് എന്തുകൊണ്ടാണ് ഇല്ലാത്തത്.''

അഭയ താമസിച്ചിരുന്ന കോട്ടയം പയസ് ടെൻത് കോൺവെന്റ്. ഈ കോൺവെന്റിലെ കിണറ്റിലായിരുന്നു അഭയയുടെ മൃതദേഹം കണ്ടെത്തിയത്.

കുറ്റാരോപിതനായാൽ, ക്രിമിനൽ കേസിൽ എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്താൽ ഒരു പഞ്ചായത്ത് മെമ്പർക്കുപോലും ആ സ്ഥാനത്തുനിന്ന് മാറി നിന്നേ പറ്റൂ. അല്ലാതെ ജനം സമ്മതിക്കില്ല. രാഷ്ട്രീയ വ്യവസ്ഥയിലും കോർപ്പറേറ്റു ഫീൽഡിലും പുലർത്തുന്ന മിനിമം ധാർമികത ഇവിടെയില്ല. കോടതി അഭയക്കേസ് പ്രതികളെ കുറ്റക്കാരായി വിധിച്ചിരിക്കുന്ന ചരിത്രമുഹൂർത്തത്തിൽ സഭയാണ് സമൂഹത്തിനു മുമ്പിൽ അപമാനിക്കപ്പെട്ട് നിൽക്കുന്നത്. അങ്ങനെ അപമാനിതരായി നിൽക്കുന്ന സഭ രാഷ്ട്രീയ നേതൃത്വത്തോട് കൃത്യമായ ചോദ്യങ്ങൾ ചോദിക്കാൻ അശക്തരാണ്. രാഷ്ട്രീയ വ്യവസ്ഥ, അത് സ്റ്റേറ്റ് ഗവൺമെന്റാകട്ടെ, സെൻട്രൽ ഗവൺമെന്റാകട്ടെ, ചെയ്തുകൊണ്ടിരിക്കുന്ന ഒരു പാതകത്തിനെതിരെയും ചെറുവിരലമർത്താൻ ശേഷിയില്ലാത്ത വ്യക്തികളായി, സമൂഹമായി സഭ അധഃപതിച്ചതിന്റെ കാരണം ഈ ധാർമികത നഷ്ടപ്പെട്ടതാണ്.

അടയ്ക്കാ രാജുവാണ് ആത്മീയ മനുഷ്യൻ

അഭയ കേസുമായി ബന്ധപ്പെട്ട് ഒരു മനുഷ്യനെ പ്രത്യേകമായി എടുത്തുപറയേണ്ടതുണ്ട്, അടയ്ക്കാ രാജുവെന്നു പറയുന്ന ആ മനുഷ്യനെ ആത്മീയ മനുഷ്യൻ എന്ന് വിശേഷിപ്പിക്കുകയാണ്. കാരണം ആത്മീയത നമ്മൾ ധരിക്കുന്ന വസ്ത്രത്തിലല്ല നിലനിൽക്കുന്നത്. അദ്ദേഹമെന്തുകൊണ്ട് കള്ളനായി? കള്ളൻ എന്ന വാക്ക് പറയുമ്പോൾ വല്ലാത്ത വേദനയുണ്ട്. ജനിച്ചപ്പോൾ തന്നെ കളളനായി ജീവിക്കണമെന്ന് ആഗ്രഹിച്ച് വളർന്നൊരാളല്ല. അതിന്റെ മുഴുവൻ ഉത്തരവാദിത്തം ഈ സമൂഹത്തിനാണ്. കടുത്ത ദാരിദ്ര്യം കൊണ്ടും പട്ടിണികൊണ്ടുമായിരിക്കണം ആ മനുഷ്യൻ കള്ളനായത്.

വ്യഭിചാരത്തിന് പിടിക്കപ്പെട്ട പെൺകുട്ടിയോട് ‘മകളേ നീ പോകൂ' എന്നു പറഞ്ഞയാളാണ് യേശു. അവളെ കല്ലെറിനായിരുന്നവരോട് "നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'യെന്നാണ് യേശു പറഞ്ഞത്. അതുപോലെ ഇവനെ കള്ളനെന്നു വിളിക്കുന്ന നമ്മളിലാണ് ആദ്യം പാപമുള്ളത്. ഈ സമൂഹത്തിനാണ് കുഴപ്പമുള്ളത്. ഈ സമൂഹത്തിന്റെ മറ്റൊരു നെറികേടുകൊണ്ടാണ് അയാൾ കള്ളനായത്. ആത്മീയ മനുഷ്യൻ യഥാർത്ഥത്തിൽ കള്ളനാവുകയും അവരുടെ വസ്ത്രം കണ്ട് ഇവർ ആത്മീയ മനുഷ്യരാണൈന്ന് നമ്മൾ തെറ്റിദ്ധരിക്കുകയുമാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ ആത്മീയത തൊട്ടുതീണ്ടിയിട്ടില്ല അവർക്ക്.

രാജു പറഞ്ഞ ഒരു വാചകമുണ്ട്; ‘എന്റെ കുഞ്ഞിന് നീതി കിട്ടി'. അഭയ എന്ന പെൺകുട്ടി അവരുടെ ജീവിതം മാറ്റിവെച്ച്, സഭാ സേവനത്തിന്, സമൂഹ സേവനത്തിന് ഇറങ്ങിത്തിരിച്ചവളാണ്. ഈ സഭയിലെ ഏതു വൈദികനാണ്, മെത്രാനാണ് മരിച്ചുപോയ ഈ കുഞ്ഞിനെ ‘എന്റെ കുഞ്ഞ്’ എന്നു പറഞ്ഞിട്ടുള്ളത്. ഒരുപാട് പള്ളികളിൽ ഈ കുറ്റാരോപിതരായ മനുഷ്യർക്കുവേണ്ടി പ്രാർത്ഥനകൾ ഉയരുന്നുണ്ട്, അവർ അഭിഷിപ്തരാണ് എന്നൊക്കെ പറഞ്ഞ്. അഭയയ്ക്കുവേണ്ടി ഏതു പള്ളിയിലാണ് പ്രാർത്ഥന ഉയർന്നത്?

തിരുവല്ലയിൽ മരിച്ച കന്യാസ്ത്രീയായ ഒരു പെൺകുട്ടിയെ ആരും ഓർക്കുന്നില്ല. എന്ത് ക്രിമിനൽ കുറ്റം ചെയ്തിട്ടാണ് സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയത്? അവരെ പുറത്താക്കാൻ സഭ എത്ര തിടുക്കം കാണിച്ചു. സൂക്ഷമായ നീക്കം നടത്തി. അഭയക്കേസിലെ കുറ്റാരോപിതരെയോ?

സഭയും മക്കളും പഠിക്കേണ്ടത്​ ഇവരിൽനിന്ന്​

ജനാധിപത്യ സംവിധാനം പരാജയപ്പെടാൻ സാധ്യതയുള്ളിടത്ത് ഒരു മനുഷ്യന്റെ നിതാന്ത ജാഗ്രതയും തീവ്രമായ അന്വേഷണവും എങ്ങനെയാണ് ഒരു കേസ് വിജയിപ്പിച്ചതെന്നതിന്റെ ഉദാഹരണമാണ് അഭയ കേസ്​ വിധി. ജോമോൻ പുത്തൻ പുരയ്ക്കൽ എന്ന മനുഷ്യൻ അദ്ദേഹത്തിന്റെ കുടുംബ ജീവിതവും വ്യക്തിജീവിതത്തിലെ മറ്റെല്ലാ തിരക്കും മാറ്റിവെച്ച്, സാമ്പത്തിക നേട്ടങ്ങൾക്ക് പിറകേ പോകാതെ നടത്തിയ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ കേസിന്റെ വിജയം. യഥാർത്ഥ ക്രിസ്തീയത, അത് നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുകയാണ് എന്നത് പുതിയ കാലഘട്ടത്തിലെ വിശ്വാസി സമൂഹത്തിന് വലിയ പാഠമാണ്. നിസംഗതയും നിശബ്ദതയും ഭയവുമല്ല ഒരു ക്രിസ്ത്യാനിയുടെ മുഖമുദ്ര, അചഞ്ചലമായ നീതിബോധവും, നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടവുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ജോമോൻ പുത്തൻ പുരയ്ക്കൽ നിലകൊളളുന്നു. ജോമോൻ പുത്തൻ പുരയ്ക്കലിൽ നിന്നും അടയ്ക്കാ രാജുവിൽ നിന്നുമാണ് സഭയും സഭയുടെ മക്കളും പഠിക്കേണ്ടത്.

കന്യാസ്ത്രീകൾക്ക് സഭയിൽ അടിമ സമാനമായ അവസ്ഥ

അടിമ സമാനമായ അവസ്ഥയാണ് കന്യാസ്ത്രീകൾക്ക് സഭയ്ക്കുള്ളിലുള്ളത്. ഒരു കന്യാസ്ത്രീ ഒരു ബിഷപ്പിനെതിരെ പരാതിപ്പെട്ടപ്പോൾ മറ്റൊരു കന്യാസ്ത്രീയും അവരെ പിന്തുണയ്ക്കാനെത്തിയില്ല. ഭയം തന്നെയാണ് കാരണം. ഒരു കന്യാസ്ത്രീ സ്വന്തം സഹോദരിയെപ്പോലെ കരുതേണ്ട മറ്റൊരു കന്യാസ്ത്രീയുടെ കൊലപാതകത്തിന് ഉത്തരവാദിയായപ്പോൾ അത് ശരിയല്ലയെന്നു പറയാൻ ഇവിടെയാരുമില്ല. ആരോപണ വിധേയയായ കന്യാസ്ത്രീ തെറ്റുകാരിയല്ലയെന്നു പറയുകയാണവർ. കൊല്ലപ്പെട്ടവൾക്കുവേണ്ടിയല്ല കൊലയ്ക്ക് ഉത്തരവാദിയായവർക്കുവേണ്ടിയാണ് അവർ കണ്ണീരൊഴുക്കിയത്.

ഒരു ബിഷപ്പ് 13 ക്രിമിനൽ കേസിൽ പ്രതിയായി ഇവിടെ ജീവിക്കുന്നു, മറ്റൊരു ബിഷപ്പ് ബലാത്സംഗക്കേസിൽ പ്രതിയായി വിചാരണ നേരിടുന്നു. ഒരു വൈദികൻ ഒരു കന്യാസ്ത്രീയെ കൊന്ന കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നു. മറ്റൊരു വൈദികൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയതിന്റെ പേരിൽ പോക്സോ പ്രകാരം ശിക്ഷിക്കപ്പെടുന്നു, അപ്പോഴെല്ലാം മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹവും നിശബ്ദരായി നിൽക്കുകയായിരുന്നല്ലോ. തെറ്റുകൾ ആവർത്തിക്കപ്പെടാനും, പുരോഹിതരുടെ ഭാഗത്തുനിന്ന് തെറ്റുകളുടെ എണ്ണം കൂടിവരാനും ഒരു കാരണം ഈ നിശബ്ദതയാണ്. ഈ നിശബ്ദതയുടെ പിന്നിൽ വലിയൊരു ഭയമുണ്ട്. കുട്ടിക്കാലം മുതൽ പൗരോഹിത്യം പറഞ്ഞു പരിചയപ്പെടുത്തിയ ഒരു ആശയലോകം അവരുടെ തലയ്ക്കകത്ത് ഉള്ളതുകൊണ്ടാണ് ഈ ഭയമുണ്ടാകുന്നത്.

കന്യാസ്തീയ്ക്കെതിരായ ലെെംഗികാതിക്രമക്കേസിൽ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ നിന്ന്‌

പുരോഹിതനെ വിമർശിച്ചാൽ നിങ്ങൾക്ക് പാപം കിട്ടും, പല തലമുറകൾ നിങ്ങൾ ശപിക്കപ്പെട്ടവരാകും എന്ന് ഈ പുരോഹിതന്മാർ പള്ളിയിൽ നിന്നും ധ്യാനകേന്ദ്രത്തിൽ നിന്നും മറ്റു പല പ്രാർത്ഥനകളിലൂടെയും പറഞ്ഞുറപ്പിക്കുന്നത് കുട്ടിക്കാലം മുതൽ കേൾക്കുന്നവരാണ് വിശ്വാസികൾ. അതുകൊണ്ട് പല കാര്യത്തിലും അഭിപ്രായം തുറന്നു പറയാൻ അവർക്ക് ധൈര്യം കിട്ടുന്നില്ല. കത്തോലിക്ക സഭയിലേതേപോലെ, മറ്റൊരു സമൂഹത്തിലും ഇത്രമാത്രം അടിമത്തം അല്ലെങ്കിൽ ഭയം ഉണ്ടെന്ന് തോന്നുന്നില്ല.

നിർബന്ധിത ബ്രഹ്മചര്യം പുനഃപരിശോധിക്കണം

ബ്രഹ്മചര്യം എന്നത് നിർബന്ധമുള്ള കാര്യമാണെന്ന് ക്രിസ്തു അദ്ദേഹത്തിന്റെ ശിഷ്യന്മാരോട് പറഞ്ഞിട്ടില്ല. ഇത് പിന്നീട് ചരിത്രത്തിലൂടെ മുന്നോട്ടുവരുമ്പോൾ സംഭവിച്ച ഒരു കാര്യമാണ്. കത്തോലിക്ക സഭയിൽ മാത്രമാണ് വൈദികന്മാർ നിർബന്ധപൂർവമുള്ള ബ്രഹ്മചര്യം പാലിക്കുന്നത്. കേരളത്തിലെ സുറിയാനി കത്തോലിക്കാ സഭയിൽ 18ാം നൂറ്റാണ്ടുവരെ അച്ഛന്മാർ കല്ല്യാണം കഴിച്ച് ജീവിച്ചവരാണ്. ഉദയംപേരൂർ സുഹന്നദോസിനുശേഷമാണ് ഇവിടുത്തെ അച്ഛന്മാർ കല്ല്യാണം കഴിക്കാതിരുന്നത്. കേരളത്തിലെ ക്രിസ്ത്യാനി പാരമ്പര്യം അങ്ങനെയാണ്.

വളരെ വിപ്ലവകരമായ ചിന്തകളും നീക്കങ്ങളുമൊക്കെ ഫ്രാൻസിസ് മാർപ്പാപ്പയുടെ കാലത്ത് സഭ നടത്തുന്നുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് അനുഭാവ പൂർണമായ നിലപാടാണ് മാർപ്പാപ്പ എടുത്തിരിക്കുന്നത്. അവരെപ്പറ്റി പറയുന്നതും ചർച്ച ചെയ്യുന്നതും പാപവും പാതകവുമായി കണക്കാക്കിയിരുന്ന കാലത്ത് അവരെ അനുഭാവപൂർവ്വം നോക്കിക്കാണുന്നുവെന്നത് സഭയുടെ മനസ് മാറുന്നുവെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഈ പുതിയ കാലത്ത് നിർബന്ധിത ബ്രഹ്മചര്യം എന്നത് പുനഃപരിശോധനയ്ക്ക് വിധേയമാക്കണം.

ഫ്രാങ്കോ കേസ്, കൊട്ടിയൂർ പീഡനക്കേസ് തുടങ്ങിയ സംഭവങ്ങളൊക്കെ കാണിക്കുന്നത്, നിർബന്ധിത ബ്രഹ്മചര്യം എന്നത് ഗുണകരമായ ഒന്നല്ല എന്നാണ്. അമേരിക്കയിലൊക്കെ ഒരുപാട് വൈദ്യകർ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ ലൈംഗികാതിക്രമങ്ങൾ നടത്തിയ ഒരുപാട് സംഭവങ്ങളുണ്ട്. അതിന് നഷ്ടപരിഹാരം കൊടുത്താണ് രൂപതകൾ അടച്ചുപൂട്ടേണ്ടി വന്നത്. ഈ സാഹചര്യത്തിൽ നിർബന്ധിത ബ്രഹ്മചര്യം എന്നത് പുനഃപരിശോധനയ്ക്ക് സഭ വിധേയമാക്കേണ്ടിവരും. എന്നാൽ അതുകൊണ്ട് പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടണമെന്നില്ല. വിവാഹം കഴിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെയും അല്ലാത്തവർക്ക് വിവാഹം കഴിക്കാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. അതൊരു ചോയ്സ് ആയി വെക്കണം.


ട്രൂകോപ്പി വെബ്സീൻ സബ്സ്ക്രൈബ് ചെയ്യൂ

Comments