ഡിജിറ്റൽ സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങൾ വലിയ പരിക്കാണ് ഉണ്ടാക്കുന്നത്

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ചർച്ചകൾക്ക് ഒരുപാട് പ്രാധാന്യമുണ്ട്. രാഷ്ട്രീയചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് നമ്മുടെ നിയമങ്ങളും നയപരിപാടികളുമെല്ലാം. ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണം തന്നെ അതിന് ഉദാഹരണമാണ്. മാസങ്ങളോളം തുടർച്ചയായി ചർച്ച ചെയ്തതിന് ശേഷമാണ് നാം ഇന്ത്യയുടെ ഭരണക്രമവും മൗലികാവകാശങ്ങളും മറ്റും രൂപപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യത്തിനു ശേഷവും ആശയ സംവാദങ്ങൾ നാടിന്റെ പുരോഗതിക്ക് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഒരു സക്രിയമായ ജനാധിപത്യത്തിൽ നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാനുള്ള സാഹചര്യം ഉണ്ടാകണം.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദത്തിന് ഉപയോഗിക്കുന്ന ഭാഷയും ജനാധിപത്യത്തിന്റേതാകണം. ഭീഷണിയുടെയും വംശീയതയുടെയും ഭാഷ ജനാധിപത്യത്തിന് ഭൂഷണമല്ല. ന്യൂനപക്ഷത്തിൽ പെട്ടിട്ടുള്ള ഒരാൾ അഭിപ്രായം പറയുമ്പോഴേക്കും അയാൾക്ക് വർഗീയവാദി പട്ടം കൊടുക്കുന്നത് ഒട്ടും ആശാസ്യകരമല്ല. അതുപോലെതന്നെ സാമൂഹിക രാഷ്ട്രീയ പ്രവർത്തകരായ സ്ത്രീകൾ അഭിപ്രായപ്രകടനം നടത്തുമ്പോൾ ലൈംഗിക അധിക്ഷേപങ്ങളും ഇകഴ്ത്തലുകളുമൊക്കെ ജനാധിപത്യവ്യവസ്ഥയെ മലീമസമാക്കാനേ ഉപകരിക്കൂ.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

സംവാദത്തിനായി കൃത്രിമമായ ഒരു ഭാഷ രൂപപ്പെടുത്തിയെടുക്കണം എന്ന അഭിപ്രായം എനിക്കില്ല. ജൈവികമായി മനുഷ്യന്റെയുളളിൽ വരുന്ന അമർഷവും പ്രതിഷേധവും പ്രകടിപ്പിക്കാൻ ഭാഷകൊണ്ട് സാധ്യമാവേണ്ടതുണ്ട്. രാഷ്ട്രീയമായി ശരി ഉള്ള ഏതൊരു ഭാഷാ പ്രയോഗവും ഒരാൾക്ക് ആശയ പ്രചാരണത്തിന് ഉപയോഗിക്കാൻ സാധിക്കേണ്ടതുണ്ട്. സൈബർസ്‌പേസ്, ആളുകളുടെ അഭിപ്രായ രൂപീകരണത്തെ വളരെയധികം സ്വാധീനിക്കും എന്നതിനാൽ ഭരണകൂടത്തിന്റെ പ്രൊപഗണ്ടകൾക്കും, വിദ്വേഷ പ്രചാരകരുടെ വിഷം ചീറ്റലിനും അവ വേദിയാകുന്നുണ്ട്. ഉത്തരേന്ത്യയിൽ കലാപാഹ്വാനം പോലും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് നാം കാണുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിദ്വേഷ പ്രചാരണത്തെ തടയുന്ന ടൂളുകൾ ഇനിയും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

ഡിജിറ്റൽ സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങൾ നേരിട്ട് ആക്രമിക്കപ്പെടുന്നത് പോലെ തന്നെ വലിയ പരിക്കാണ് ഉണ്ടാക്കുന്നത്. പച്ചക്കള്ളങ്ങൾ എഴുതി ഫലിപ്പിക്കാനും അപവാദ പ്രചരണങ്ങൾ അഴിച്ചു വിടാനും സോഷ്യൽ മീഡിയയിലെ വെട്ടുകിളി കൂട്ടങ്ങൾക്ക് ഇന്ന് കഴിയുന്നുണ്ട്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

വ്യക്തിപരമായി പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിട്ടുള്ള വ്യക്തിയാണ് ഞാൻ. ട്രോളുകളേയും ജനാധിപത്യപരമായ ആക്ഷേപഹാസ്യങ്ങളേയും അതിന്റെ സ്പിരിറ്റിൽ സ്വീകരിക്കുമ്പോൾ തന്നെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും വംശീയവുമായ ആക്രമണങ്ങളിൽ പരാതിപ്പെട്ടപ്പോൾ പോലീസിൽ നിന്നും ആശാവഹമായ മറുപടി അല്ല എനിക്ക് ലഭിച്ചിട്ടുള്ളത്. ഒന്നിലധികം തവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നതിന് പകരം പരാതി പിൻവലിക്കാൻ പോലീസിൽ നിന്നും സമ്മർദ്ദമാണ് ഉണ്ടായിട്ടുള്ളത്.

Comments