വിനീഷ്യസ് ജൂനിയർ

ഫുട്‍ബോളിൽ കറുത്തവർ നേരിടുന്ന വംശീയത ഒരു റിയാലിറ്റിയാണ്

ജാതി, വംശം തുടങ്ങിയവ വെച്ചുള്ള അധിക്ഷേപമൊക്കെ ഇതാ നിന്നെ ഞാൻ ജാതീയമായി/ വംശീയമായി അധിക്ഷേപിക്കാൻ പോകുന്നു എന്ന നോട്ടീസിൽ പൊതിഞ്ഞു വരുന്ന എന്തോ ആണെന്ന് ഇനിയും കരുതുന്നവർക്ക് ആ നിഷ്കളങ്കത തുടരാം.

മ്മൾ ജീവിക്കുന്ന സമൂഹത്തിൽ പലതരം സ്ട്രക്ച്ചറൽ വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട്. ജാതി, സ്ത്രീ വിരുദ്ധത, റേസിസം അങ്ങനെ പോകുന്ന നീണ്ട നിര. ഇത്തരം സ്ട്രക്ച്ചറൽ വിവേചനങ്ങളുമായി ചേർന്ന് നിൽക്കുന്ന അധിക്ഷേപങ്ങൾ പലപ്പോഴും പ്രവർത്തിക്കുന്നത് നേരിട്ടല്ല എന്നതാണ് അതിന്റെ സമൂഹത്തിലുള്ള സ്വാധീനത്തിന്റെ ആഴം മനസ്സിലാക്കാൻ സഹായിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന്.

ഉദാഹരണത്തിന് പൊതു രംഗത്തുള്ള ഒരു സ്ത്രീയെ ഒരാൾ അധിക്ഷേപിച്ചാൽ നമ്മൾ ഇന്നതിനെ കേവലം വ്യക്തി അധിക്ഷേപമായല്ല മനസ്സിലാക്കുന്നത്. കാരണം പൊതു രംഗത്ത് കടന്നു വരുന്ന സ്ത്രീകളെ ഷെയിം ചെയ്യുന്നതിന്റെ കോണ്ടെക്സ്റ്റ് പുരുഷമേധാവിത്വമാണ് എന്ന തിരിച്ചറിവ് പൊതുവിലുണ്ട്. നമ്മൾ കണ്ടു വരുന്ന ജാതീയമായ അധിക്ഷേപങ്ങൾ ഒട്ടുമിക്കതും വർക്ക് ചെയ്യുന്നത് ഇതുപോലെയാണ്. ഒരുപക്ഷെ കേരളം പോലുള്ള സമൂഹത്തിലൊക്കെ ഇന്ന് പ്രത്യക്ഷമായി വാക്കുകൾ കൊണ്ടുള്ള ജാതി അധിക്ഷേപത്തേക്കാൾ നിലനിൽക്കുന്നത് ഇത്തരം അധിക്ഷേപങ്ങളാണ്. ഒരു സ്ത്രീയുടെ പ്രോട്ടോടൈപ്പ് ഉണ്ടാക്കി അതിൽ ഫ** ചെയ്യുന്ന ആംഗ്യം കാണിച്ചാൽ സ്ത്രീ വിരുദ്ധത ഉണ്ടാകുമോ അതോ വെറും വ്യക്തി അധിക്ഷേപം മാത്രമായി ഒതുങ്ങുമോ എന്ന് ആലോചിക്കാവുന്നതാണ്.

അത്തരം സന്ദർഭങ്ങളിൽ ഹലോ സിനിമയിൽ സൂരജ് വെഞ്ഞാറമൂടിന്റെ ഒരു കഥാപാത്രം ചെയ്യുന്ന പോലെ പൊള്ളത്തരം രാഷ്ട്രീയ ബോധമുള്ള മനുഷ്യരിന്ന് ചെയ്യാറില്ല. കാരണം എന്ത് കോണ്ടെക്സ്റ്റിലാണ് ഇത്തരം അധിക്ഷേപങ്ങളുണ്ടാകുന്നത് എന്ന് നോക്കിയാൽ മാത്രമേ അതിന്റെ യഥാർത്ഥ സ്വഭാവം ഉൾക്കൊള്ളാൻ സാധിക്കൂ.

ഒരു വശത്ത് ഫുട്‍ബോളിൽ എത്രയോ കാലമായി കറുത്തവർ നേരിടുന്ന വംശീയത ഒരു റിയാലിറ്റിയാണ്. അത് കൊണ്ട് മാത്രം കളി നിർത്തേണ്ടി വന്ന ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ലോകത്തിലെ എണ്ണം പറഞ്ഞ കോടികൾ സമ്പാദിക്കുന്ന കറുത്ത കളിക്കാർ പോലും ഇതിൽ ഇന്നും ഒട്ടും പ്രൊട്ടക്ടഡല്ല.

ഈ ലോകകപ്പിൽ ഫൈനലിന് ശേഷം ഗ്രീസ്മാനും ലോറീസും ജിറൂദും ഒന്നും കേൾക്കാത്ത അധിക്ഷേപം ഇവർക്കൊക്കെ കിട്ടുന്നത് നിഷ്കളങ്കമാണെന്ന് കരുതുന്നവർക്ക് അതാകാം. അതുപോലെ കറുത്തവരെ അവരുടെ ശാരീരിക ഫീച്ചറുകളിൽ കേന്ദ്രീകരിച്ച് കളിയാക്കുന്നതും പലർക്കും നിഷ്കളങ്കമായി തോന്നിയേക്കാം. ഇതെല്ലാം ഒരു ആഘോഷം പോലെ നടക്കുന്നത് റേസിസത്തിന് പേര് കേട്ട, അതിന്റെ ഒരു നീണ്ട ചരിത്രമുള്ള, അയൽ രാജ്യക്കാർ വരുന്നത് കാട്ടിൽ നിന്നും ഞങ്ങൾ വരുന്നത് യൂറോപ്പിലെ കപ്പലിൽ നിന്നുമെന്ന് അഭിമാനം കൊള്ളുന്ന പ്രസിഡന്റ് ഉള്ള നാട്ടിൽ നിന്നാണ് എന്നതും നിഷ്കളങ്കം തന്നെ !

എംബാപ്പേ കുഞ്ഞല്ലേ അതല്ലേ അവനെ കുഞ്ഞായി കാണിച്ചതല്ലേ എന്നും കണ്ടു പല ഇടത്തും.

കറുത്തവരെ ഇൻഫന്റലൈസ് ചെയ്യുന്ന, അതായത് 90 വയസ്സ് ഉള്ള കറുത്തവനെയും ചെക്കാ, പെണ്ണേ എന്ന് വിളിക്കുന്ന ചരിത്രം നിങ്ങൾക്ക് അറിയില്ല എങ്കിലും അതിന്റെ അപമാനഭാരം അനുഭവിച്ച ജനത അത് മറക്കാൻ ഇടയില്ല. പിന്നെ എംബാപ്പയെ ഫ** ചെയ്യുന്ന ആഗ്യം വരുന്ന കോണ്ടെക്സ്റ്റ് കുറച്ചു റെഡിറ്റ് ത്രെഡ് എങ്കിലും പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ട്രാൻസ് ജെൻഡറായ കാമുകിയുമായി ബന്ധപ്പെട്ടാണ് എംബാപ്പേക്ക് എതിരെയുള്ള പ്രധാന അധിക്ഷേപങ്ങൾ അധികവും. എംബാപ്പേ ബീയിങ് ഫ**ഡ് എന്ന ടൈറ്റിലിൽ ട്രാൻസിനെ അധിക്ഷേപിക്കുന്ന മീമുകൾ നിങ്ങൾക്ക് അവിടെ സ്ഥിരമായി കാണാൻ കഴിയും.

ജാതി, വംശം തുടങ്ങിയവ വെച്ചുള്ള അധിക്ഷേപമൊക്കെ ഇതാ നിന്നെ ഞാൻ ജാതീയമായി/ വംശീയമായി അധിക്ഷേപിക്കാൻ പോകുന്നു എന്ന നോട്ടീസിൽ പൊതിഞ്ഞു വരുന്ന എന്തോ ആണെന്ന് ഇനിയും കരുതുന്നവർക്ക് ആ നിഷ്കളങ്കത തുടരാം.

വീണ്ടും പറയുന്നു കളിക്കാർ മുഴുവൻ എല്ലാം തികഞ്ഞവർ ആകണം എന്ന ഒരു വാശിയും എനിക്കില്ല. അതെ പോലെ കളിയുമായി ബന്ധപ്പെട്ട് അല്ലാതെ ഇവരെയൊന്നും ന്യായീകരിക്കാനുള്ള ഒരു ബാധ്യതയും ആരാധകർക്കുമില്ല. ഫാൻ സ്പിരിറ്റിൽ ന്യായീകരിച്ച് കൂട്ടുന്നത് പലതും സ്വന്തം രാഷ്ട്രീയത്തെ എന്നെന്നേക്കുമായി റദ്ദ് ചെയ്യാനുള്ള ശേഷിയുള്ളവയാണ് എന്ന തിരിച്ചറിവ് പ്രധാനമാണ് എന്ന് കരുതുന്നു. സ്ത്രീ വിരുദ്ധതയിലും ജാതി വിരുദ്ധതയിലും എല്ലാം രാഷ്ട്രീയം പറഞ്ഞ ഐഡികൾ ആ യാഡ്സ്റ്റിക്കുകൾ മടക്കി നാലാക്കി അട്ടത്ത് വെച്ച് ന്യായീകരിക്കാൻ ഇറങ്ങിയാൽ ദുർബലപ്പെടുന്നത് എതിരാളികളുടെ ഫാൻ ബേസല്ല സ്വന്തം രാഷ്ട്രീയത്തിന്റെ ബേസാണ്.

Comments