സൗദി വെള്ളക്ക ; ബുദ്ധികൊണ്ടല്ല, മനസ്സുകൊണ്ട് സ്നേഹിക്കുന്നവരുടെ ലോകം

ഒരു ടിക്കറ്റെടുത്താൽ തമ്മനത്തിനടുത്തുള്ള സൗദി വരെ പോകാം, ആ മനുഷ്യരോടൊപ്പം അവരിൽ ഒരാളായി രണ്ടര മണിക്കൂർ ജീവിക്കാം. അതിനിടയിൽ ചിലപ്പോൾ കണ്ണുനിറയും, ചിലപ്പോൾ നിസ്സഹായരായി നമ്മളും നിന്നുപോകും അവിടെ നിന്ന് വീണ്ടും പ്രതീക്ഷയോടെ അവർക്കൊപ്പം നടന്നു തുടങ്ങും, ചിലപ്പോളൊക്കെ ഉള്ളുതുറന്നു ചിരിച്ചു പോകും. രണ്ടരമണിക്കൂറിനുശേഷം അധികഭാരമൊന്നുമില്ലാതെ തീയേറ്റർ വിട്ടിറങ്ങാം.

ബുദ്ധികൊണ്ടല്ലാതെ മനസ്സുകൊണ്ട് മാത്രം സ്‌നേഹിക്കാനറിയാവുന്ന കുറച്ച് മനുഷ്യർ, അവരുടെ ജീവിതം. അതാണ് സൗദി വെള്ളക്ക CC225/2009. സിനിമയ്ക്ക് ഒരു ടിക്കറ്റെടുത്താൽ തമ്മനത്തിനടുത്തുള്ള സൗദി വരെ പോകാം, ആ മനുഷ്യരോടൊപ്പം അവരിൽ ഒരാളായി രണ്ടര മണിക്കൂർ ജീവിക്കാം. അതിനിടയിൽ ചിലപ്പോൾ കണ്ണുനിറയും, ചിലപ്പോൾ നിസ്സഹായരായി നമ്മളും നിന്നുപോകും അവിടെ നിന്ന് വീണ്ടും പ്രതീക്ഷയോടെ അവർക്കൊപ്പം നടന്നു തുടങ്ങും, ചിലപ്പോളൊക്കെ ഉള്ളുതുറന്നു ചിരിച്ചു പോകും. രണ്ടരമണിക്കൂറിനുശേഷം അധികഭാരമൊന്നുമില്ലാതെ തീയേറ്റർ വിട്ടിറങ്ങാം. പക്ഷേ ആ മടക്കത്തിൽ നമ്മോടൊപ്പം ഒരാൾ കൂടി ഉണ്ടാകും ആയിഷ റാവുത്തർ എന്ന ആയിഷുമ്മ.

നിയമത്തിൽനിന്ന് നീതിയിലേയ്ക്കുള്ള ദൂരം എത്രയെന്ന് അളന്നു കാണിക്കുന്നുണ്ട് സിനിമ. വെള്ളക്കയും തെങ്ങുമടലും കൊണ്ട് ക്രിക്കറ്റുകളിച്ചു നടക്കുന്ന പ്രായത്തിലുള്ള ഒരു ബാലനും വാർധക്യത്തിലേയ്ക്കുകടന്ന അയൽവായിയായ ഉമ്മയും തമ്മിൽ യാദൃച്​ഛികമായുണ്ടായ ഒരു വഴക്ക്. അവരിൽ തന്നെ തീരേണ്ടയിരുന്ന ആ പ്രശ്‌നങ്ങൾ വർഷങ്ങളോളം നീളുന്നു. അത് അവരുടെയും അവർക്ക് ചുറ്റുമുള്ളരുടെയും ജീവിതത്തെ പലവിധം മാറ്റി മറിക്കുന്നുണ്ട്. കുട്ടികൾ സ്വന്തം കാര്യത്തിൽ തീരുമാനം എടുക്കാറില്ല, വൃദ്ധരും. അവർക്കു വേണ്ടി മറ്റുള്ളവർ കാര്യങ്ങൾ തീരുമാനിക്കുന്നു. സ്വന്തം ശരികളിൽ കാര്യങ്ങളെത്തിക്കാൻ അഭിലാഷ് ശശിധരൻ എന്ന ബാലനും ആയിഷ റാവുത്തർ എന്ന വൃദ്ധയ്ക്കും ജീവിച്ചു തീർക്കേണ്ടി വന്ന കാലത്തിന്റെ കണക്കു കൂടിയാണ് ഈ സിനിമ.

ഹൃദയം കൊണ്ട് കഥപറയുന്ന രീതിയാണ് തരുൺ മൂർത്തിയുടേത്. സ്വന്തം ജീവിതപരിസരങ്ങളിൽ പരിചയമുള്ളതാണെങ്കിലുമല്ലെങ്കിലും തരുൺ സിനിമയിലെ ജീവിതവുമായി കാണികളും അറിയാതെ ഉൾച്ചേർന്നുപോകുന്നു. സിനിമയുടെ ക്ലൈമാക്‌സിൽ അത്യാവശ്യമായി പരിഹരിക്കപ്പെടേണ്ടതെന്ന് കാണുന്നവർക്കും ബോധ്യമാവുന്ന തരത്തിൽ ഒരു സാമൂഹിക പ്രശ്‌നം അവതരിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഈ സംവിധായകന്റെ വിജയം. ഓപ്പറേഷൻ ജാവയിൽ അത് താൽക്കാലിക ജീവനക്കാരുടെ പ്രശ്‌നങ്ങളായിരുന്നെങ്കിൽ സൗദി വെള്ളക്കയിൽ കോടതികളിൽ തീർപ്പാകാതെ കെട്ടികിടക്കുന്ന കേസുകളാണ്. വൈകിയെത്തുന്ന നീതിയിലെ നീതികേടുകളിലേക്ക് സിനിമ വിരൽ ചൂണ്ടുന്നു.

സിനിമയുടെ മേക്കിങിനെകുറിച്ചോ സാങ്കേതികതകളെകുറിച്ചോ ചിന്തിക്കാനുള്ള അവസരം കഥാപാത്രങ്ങളായി ജീവിച്ച അഭിനേതാക്കൾ തന്നതേയില്ല. കാമറ അവരുടെ ജീവിതത്തെ അലോസരങ്ങളൊന്നുമുണ്ടാക്കാതെ പിന്തുടർന്നു. പശ്ചാത്തലസംഗീതം അവർക്കൊപ്പം നിന്നു. ദേവി വർമ എന്ന നടി നിർവികാരതയിലും, നിശ്ബദതയിലും, ഇരിപ്പിലും നടപ്പിലും വരെ ആയിഷ റാവുത്തറായി. വെറുമൊരു നോട്ടത്തിൽ ഒരു വാക്കിന്റെ പോലും സഹായമില്ലാതെ തനിക്കു പറയാനുള്ളതൊക്കെയും വിളിച്ചുപറഞ്ഞു. സത്താർ ആയി എത്തിയ സുജിത്ത് ശങ്കറിന്റെ അഭിനയവും എടുത്തുപറയേണ്ടതുണ്ട്. അഭിലാഷ് ശശിധരനായി എത്തിയ ലൂക്ക്മാൻ, ബ്രിട്ടോ ആയി എത്തിയ ബിനു പപ്പു, നസീമ ആയി എത്തിയ ധന്യ അനന്യ തുടങ്ങി മറ്റു കഥാപത്രങ്ങളൊക്കെയും തങ്ങളുടെ ഭാഗം ഭംഗിയാക്കി.

ചിലപ്പോൾ ഒരു സിനിമയ്ക്കുശേഷം ഒരു പുസ്തകത്തിനുശേഷം മനുഷ്യർ കൂടുതൽ മനുഷ്യരാവാം. തീയേറ്ററിനുള്ളിൽ സ്വയം മറന്ന് ഇരുന്നുകൊടുത്താൽ ഇത്രയുമേ ഉള്ളൂ മനുഷ്യൻ എന്ന നിരാശയിലൂടെ കയറിയിറങ്ങി ഇത്രയുമുണ്ട് മനുഷ്യൻ എന്ന പ്രതീക്ഷയോടെ തിയേറ്റർ വിട്ടിറങ്ങാൻ കഴിയുന്ന ഒരു കൊച്ചു മികച്ചചിത്രം. അതാണ് സൗദി വെള്ളക്ക.

Comments