പുതിയ സിനിമയെടുക്കാൻ പഴഞ്ചൻ പഠനം മതിയോ?

കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ വിദ്യാർഥികൾ നടത്തിയ സമരം ഒത്തുതീർന്നുവെങ്കിലും, ഈ സമരത്തിലൂടെ കേരളീയ പൊതുസമൂഹത്തിനുമുന്നിൽ ഉയർ​ത്തപ്പെട്ട വിഷയങ്ങൾ ഗൗരവകരമായി ചർച്ച ചെയ്യപ്പെടണം. ജാതി വിവേചനം, സംവരണ അട്ടിമറി, സ്വേച്​ഛാധികാരപ്രയോഗം എന്നിവ കൂടാതെ, മാറുന്ന സിനിമക്കൊപ്പം എന്തുകൊണ്ട്​ നമ്മുടെ സിനിമാ പഠനത്തിന്റെ രീതിശാസ്​ത്രം പഴഞ്ചനായി തന്നെ നിൽക്കുന്നു എന്ന ആലോചന കൂടി പ്രധാനമാകുന്നു. ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടുകളിൽ അടിന്തരമായി നടക്കേണ്ട അക്കാദമികവും ഭരണപരവുമായ നവീകരണ​ങ്ങളെക്കുറിച്ച്​ പ്രമുഖ ചലച്ചി​ത്ര പ്രവർത്തകരും ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ ഫാക്കൽറ്റിയിലുണ്ടായിരുന്നവരും വിദ്യാർഥികളും എഴുതുന്നു, ഇന്ന്​ ഇറങ്ങുന്ന ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 112ൽ.

Truecopy Webzine

ആഷിഖ്​ അബു

‘‘ഞാൻ വ്യക്തിപരമായി മനസ്സിലാക്കിയ ഒരു കാര്യം, രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത്, ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലെ വിദ്യാർഥി, തൊഴിലാളി പ്രാതിനിധ്യം അടൂർ ഗോപാലകൃഷ്ണന്റെ നിർദേശപ്രകാരം എടുത്തുകളഞ്ഞിരുന്നു. സി.ഐ.ടി.യു കോട്ടയം ജില്ലാ സെക്രട്ടറിയാണ് തൊഴിലാളി പ്രതിനിധിയായി ഭരണസമിതിയിലുണ്ടായിരുന്നത്. അടുത്ത ഘട്ടമായി, ഈ പ്രാതിനിധ്യങ്ങൾ തിരിച്ചുകൊണ്ടുവരികയാണ് ഏറ്റവും ജനാധിപത്യപരമായി ചെയ്യേണ്ട കാര്യം. അത് വിദ്യാർഥികളുടെ അവകാശമാണ്.’’

കമൽ കെ.എം.

‘‘നാലഞ്ചുവർഷം മുമ്പ് നടക്കേണ്ടിയിരുന്ന സമരമാണ് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ഇപ്പോൾ വിദ്യാർഥികൾ നടത്തിയത്. വിദ്യാർത്ഥികൾ അത്രയ്ക്കും നിസ്സഹായരായിരുന്നു.അവരുടെ മൂവ്മെന്റ് ഉണ്ടാകാതെ ഒന്നും ശരിയാകില്ല എന്ന അവസ്ഥ മുമ്പേ അവിടെയുണ്ട്. അതായത്, ഇപ്പോൾ അവസാനിച്ച ഈ സമരത്തിന്റെ ചരിത്രം നോക്കിയാൽ, ഇത് മൗണ്ട് ചെയ്ത് വന്നിട്ട് കുറേ വർഷങ്ങളായി എന്നു പറയാം. ആരും അടുക്കാതിരുന്ന, നിരവധിപേർ ഒഴിഞ്ഞുനിന്നിരുന്ന ഒരു സ്ഥാപനമായി അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ഞാനവിടെ നിന്നിറങ്ങിപ്പോന്നത്.’’

ബി.അജിത്കുമാർ

‘‘കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വേണ്ടത്ര ഫാക്കൽറ്റി ഇല്ല. ഉള്ളവരിൽ പലരും സാങ്കേതികമായി അപ്‌ഡേറ്റഡല്ല. ഫാക്കൽറ്റിയും വിദ്യാർഥികളും തമ്മിലുള്ള ഹാർമണി നഷ്ടപ്പെട്ടുവെന്നാണ് കരുതേണ്ടത്. ഇപ്പോൾ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളിൽ, ഫാക്കൽറ്റി നിഷ്പക്ഷത പുലർത്തുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാം, എന്നാൽ റിസർവേഷനെ അട്ടിമറിച്ച അഡ്മിനിസ്‌ട്രേഷനോടൊപ്പം നിൽക്കുകയാണ് അവർ ചെയ്തത്. ’’

ശരത് എസ്.

‘‘ഓരോ ഇന്റർവ്യൂവും അഭിമുഖീകരിക്കേണ്ടിവരുമ്പോൾ, എന്റെ പേരു കേൾക്കുമ്പോൾ, ജാതി സർട്ടിഫിക്കറ്റ് കാണിക്കുമ്പോൾ അവിടെനിന്ന് പുറത്താക്കുമോ എന്നൊരു പേടിയുണ്ട്. അതൊരു തീയാണ്, എന്നെ ആര് എന്ത് ചെയ്താലും, എന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടാലും ആര് എനിക്കുവേണ്ടി സംസാരിക്കും എന്ന ഭയം. തിരിഞ്ഞുനോക്കുമ്പോൾ, നല്ല ജോലിയും വിദ്യാഭ്യാസവുമുള്ള മാതാപിതാക്കൾ ഞങ്ങൾക്കുണ്ടോ?. ഞങ്ങൾക്കുവേണ്ടി ചോദ്യം ചെയ്യാൻ ഞങ്ങളുടെ മാതാപിതാക്കൾക്ക് കഴിവുണ്ടോ? ഒരുപാട് സ്‌കൂളും കോളേജും സ്വത്തും അധികാരവും പണവും കയ്യിലുള്ള ഏതെങ്കിലും ജാതിസംഘടനയുണ്ടോ തിരിച്ചുചോദിക്കാൻ?’’

സ്മിത നെരവത്ത്

‘‘കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ മുദ്രാവാക്യങ്ങൾ പൊതുസമൂഹം ഏറ്റെടുത്ത് ഭരണവർഗ്ഗത്തിനോടു ചോദിക്കുക: സ്‌കൂൾ കലോൽസവത്തിലെ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പിൽ സവർണ മനോഭാവം ഉണ്ടെന്ന വിമർശനം ഉന്നയിച്ച അരുൺകുമാറിനെതിരെ വർഗീയ ചേരിതിരിവുണ്ടാക്കിയെന്ന് യു.ജി.സിക്ക് പരാതി കൊടുത്തപ്പോൾ എന്തുകൊണ്ട് ജാതീയമായി അവഗണിക്കപ്പട്ട ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളെയും തൊഴിലാളികളുടെയും പരാതിയിൽ നടപടി എടുക്കാതിരുന്നതെന്തുകൊണ്ട്? അന്വേഷണ കമീഷൻ റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല?'. ആ റിപ്പോട്ടിൽ ശങ്കർ മോഹനെതിരെ കുറ്റം തെളിഞ്ഞിട്ടുണ്ടെങ്കിൽ അന്വേഷണ നടപടികൾക്കു വിധേയനാക്കാതെ അയാളുടെ രാജി സ്വീകരിച്ച് അയാളെ സംരക്ഷിക്കുന്നതെന്തിനാണ്? ജാതിവിവേചനങ്ങൾ തുറന്നു കാട്ടുന്ന സമരങ്ങളെ അവഗണിച്ചത് എന്തിന്?’’

പ്രതാപ് ജോസഫ്

‘‘അടൂർ ഗോപാലകൃഷ്ണൻ എന്ന ചെയർമാന്റെയും ശങ്കർ മോഹൻ എന്ന ഡയറക്ടറുടെയും സാംസ്‌കാരിക/സവർണ മൂലധനത്തോടാണ് തൊഴിലാളികളും വിദ്യാർഥികളും ഏറ്റുമുട്ടിയത്.
ഭരിക്കുന്ന പാർട്ടിയും ആ മൂലധനത്തെതന്നെയാണ് ഭയക്കുന്നത്.
അടൂർ മഹാനായ ചലച്ചിത്രകാരനാണ് എന്ന് അസ്ഥാനത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന എം.എ. ബേബിയായാലും പിണറായി വിജയനായാലും ആ സവർണതയ്ക്ക് അടിയിൽ തന്നെയാണ് നിലകൊള്ളുന്നത്.’

ജിയോ ബേബി

‘‘കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം പറയാം. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികളുടെ ഫൈനൽ ഇയർ പ്രോഡക്റ്റ് ഒരു ഫെസ്റ്റിവലിനയച്ചപ്പോൾ, ഒരു പടത്തിനകത്ത് ‘നിർമാണം ശങ്കർ മോഹൻ' എന്ന ടൈറ്റിൽ വന്നു. 'കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്' എന്നാണ് വരേണ്ടത്. അതിനുപകരം ഡയറക്ടറുടെ പേരെഴുതി വച്ചു. ഇത്രയും അൽപ്പത്തരം പേറിനടക്കുന്ന ഒരാളായിരുന്നു ഡയറക്ടർ എന്നോർക്കണം.’’

ജിതിൻ നാരായണൻ

‘‘ശങ്കർ മോഹന്റെ രാജി യുക്തിസഹമായി വിശദീകരിക്കാൻ സർക്കാറിന്? ഇതുവരെ കഴിഞ്ഞിട്ടില്ല. രാജി ആവശ്യപ്പെട്ടു വാങ്ങിയതാണ്? എങ്കിൽ, അത്? എന്ത് കാരണത്താലാണ് എന്ന് തുറന്നുപറയാൻ സർക്കാറിന് കഴിയാത്തത്?സങ്കടകരമാണ്. ശങ്കർ മോഹനിലൂടെ പ്രവർത്തിച്ച ജാതീയതയെ ഒളിപ്പിച്ചുവെച്ചുകൊണ്ടല്ല കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടന്നു കയറിയ ജാതീയതയെ പിഴുതെറിയാൻ ശ്രമിക്കേണ്ടത്.’’

മഹേഷ് നാരായണൻ

‘‘ഞാൻ പഠിച്ചിരുന്ന അഡയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ ബാച്ച് മേറ്റായ ഒരാൾ പഠിപ്പിച്ചിരുന്നു. സവർണാഭിമുഖ്യമുള്ള അദ്ദേഹം ദലിത് സിനിമകളോടുള്ള തന്റെ വിരോധം വിദ്യാർഥികളോട് പറഞ്ഞു. വിദ്യാർഥികൾ ഇത് റിപ്പോർട്ട് ചെയ്തു. ഉടൻ, ഇയാളോട് വിശദീകരണം ചോദിച്ചു. ഇങ്ങനെ പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു. തുടർന്ന്, രണ്ടാഴ്ച ലീവിന് പോകാൻ പറഞ്ഞു. രണ്ടാമത്തെ ദിവസം ടെർമിനേഷൻ ലെറ്ററും വന്നു. വെറും രണ്ടു ദിവസം കൊണ്ട് സ്റ്റാലിൻ സർക്കാർ അദ്ദേഹത്തെ പുറത്താക്കി. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാൻ ഇത്ര സമയം ആവശ്യമുണ്ടായിരുന്നില്ല.’’

Comments