പത്ത് സിനിമകൾ,
അപാരമായ ലാൽ കാലങ്ങൾ

മോഹൻലാൽ എന്ന അനുഗൃഹീത അഭിനേതാവിന്റെ പത്ത് പ്രധാന സിനിമകളിലെ വ്യത്യസ്തമായ കഥാപാത്രാവിഷ്കാരങ്ങളുടെ സൗന്ദര്യശാസ്ത്രപരമായ പരിശോധന, വി.കെ. ബാബു എഴുതുന്നു.

റാം ക്ലാസിൽ പഠിക്കുമ്പോൾ ഹൈസ്കൂളിലെ ബെസ്റ്റ് ആക്ടറായി തെരഞ്ഞെടുക്കപ്പെട്ട മോഹൻലാൽ വൈവിധ്യമാർന്ന വേഷങ്ങൾ കെട്ടിയാടുന്നതിനിടെ സ്വപ്നത്തില്‍പ്പോലും കാണാത്ത ഭാവങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറി എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ മലയാളികളുടെ പ്രിയ അഭിനേതാവാണ്. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ തന്മയീഭാവത്തെക്കുറിച്ച് ഏറെ എഴുതപ്പെട്ടിട്ടും പറയപ്പെട്ടിട്ടുമുണ്ട്.
പതിനേഴാം വയസ്സില്‍ അഭിനയരംഗത്തുവന്ന മോഹൻലാൽ അഭിനയത്തിന് തിരശ്ശീല ഇട്ടിട്ടില്ല. ഹോംവര്‍ക്ക് ചെയ്ത് തനിക്കഭിനയിക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹം പറയുമ്പോൾ അത് വിശ്വസിക്കാൻ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങൾ നമ്മെ സമ്മതിക്കില്ല. ജീവിതത്തെയും വ്യക്തികളെയും ബോധപൂർവ്വം നിരീക്ഷിക്കാറില്ല എന്നും മോഹൻലാൽ പറഞ്ഞിട്ടുണ്ട്. പക്ഷേ, വൈവിധ്യമാർന്ന പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങളെ ആ സാഹചര്യത്തിന്റെ സൂക്ഷ്മാംശങ്ങൾ ഉൾക്കൊണ്ട് മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ അഭിനയശേഷിയെ മുഴുവനായി ഉപയോഗിച്ച ഒരു സിനിമ ഇനിയും പിറക്കാനിരിക്കുന്നതേയുള്ളൂ എന്ന പക്ഷക്കാരാണ്, ഒരുപക്ഷേ പ്രേക്ഷകരിൽ, പ്രത്യേകിച്ച് ആരാധകരിൽ, കൂടുതലും.

ഇതിനകം വിവിധ ഭാഷകളിൽ അവതരിപ്പിച്ച വൈവിധ്യമാർന്ന പകർന്നാട്ടങ്ങൾ‍ മോഹന്‍ലാല്‍ ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. അഭിനയത്തിൽ അണ്ടർ പ്ലേ ചെയ്യാനുള്ള അപാര കഴിവ് അദ്ദേഹത്തെപ്പോലെ മറ്റധികം അഭിനേതാക്കൾക്കില്ല. മോഹൻലാൽ അഭിനയിക്കുന്ന രംഗങ്ങളെക്കാൾ അഭിനയിക്കാതിരിക്കുന്ന മുഹൂർത്തങ്ങളാണ് മെച്ചം എന്ന് ചിലർ അഭിപ്രായപ്പെടുന്നത് അതുകൊണ്ടാണ്. സ്ക്രീനിൽ മറ്റു അഭിനേതാക്കളുടെ പ്രകടനസമയത്ത് ഫ്രെയിമിൽ അപ്പോൾ നിഷ്ക്രിയനായ ഒരു കഥാപാത്രം എങ്ങനെ ഭാവപ്രകടങ്ങൾ കൊണ്ട് അതിനോട് സംവേദനം നടത്തും എന്നതിന് സ്ക്രീനിലെ മോഹൻലാലിന്റെ പെരുമാറ്റം അനുപമമായ രീതിയിൽ മാതൃകാപരമാണ്. സമർപ്പിതചിത്തനായ ഒരു അഭിനേതാവെന്ന നിലയിൽ മോഹൻലാലിനെ ഉയരങ്ങളിലെത്തിക്കുന്ന ഘടകമാണതെന്ന് തോന്നുന്നു.

നരസിംഹം എന്ന സിനിമയില്‍ മോഹന്‍ലാല്‍
നരസിംഹം എന്ന സിനിമയില്‍ മോഹന്‍ലാല്‍

മലയാള സിനിമാലോകത്ത് താരപദവിയുടെ ഭാരം ചുമലിലേറ്റിയത് മികച്ച നടനായ മോഹൻലാലിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു എന്ന നിരീക്ഷണത്തിന് സാംഗത്യമുണ്ട്.

മലയാള സിനിമാലോകത്ത് താരപദവിയുടെ ഭാരം ചുമലിലേറ്റിയത് മികച്ച നടനായ മോഹൻലാലിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു എന്ന നിരീക്ഷണത്തിന് സാംഗത്യമുണ്ട്. ആദ്യ മൂന്ന് ദശകങ്ങളിലെ സിനിമകളിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ സമീപകാലത്തെ പ്രകടനം വിമർശനത്തോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. സംഘട്ടനരംഗങ്ങളിലെ സൂക്ഷ്മാഭിനയം പരിഗണിച്ചാൽ തന്നെയും, തമ്പുരാൻ സിനിമകൾക്കപ്പുറം താഴ് വാരം, സ്ഫടികം പോലുള്ള സിനിമകളാണ് ഇന്നും മികവിന്റെ തെളിവായി ഓർത്തെടുക്കാൻ കഴിയുക. സൂപ്പർസ്റ്റാർ പരിവേഷങ്ങളില്ലാത്ത മോഹൻലാൽ എന്ന നടന്റെ പ്രതിഭയെ ചൂഷണം ചെയ്യുന്ന സിനിമകൾക്കും അത്തരം കഥാപാത്രങ്ങൾക്കുമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സൂപ്പർസ്റ്റാർ പദവിയുടെ ഉറയൂരൽ സംഭവിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മികവുറ്റ കഥാപാത്രങ്ങൾ നമുക്ക് കിട്ടിയത്. അഭിനയമികവിന്റെ നൈസർഗികതലം പ്രകടമാക്കിയ അത്തരം സന്ദർഭങ്ങളിലാണ് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരങ്ങളടക്കം അദ്ദേഹം നേടിയതും. തിരക്കഥക്കപ്പുറം പോകുന്ന ഇംപ്രൊവൈസേഷനും എക്സ്പ്രഷനുകളും അടങ്ങിയതാണവ.

സിനിമയോടുള്ള ആഗ്രഹം അവസാനിച്ചാൽ താൻ അഭിനയം അവസാനിപ്പിക്കുമെന്ന് മോഹൻലാൽ പ്രസ്താവിച്ചതായി വാർത്തകളിൽ കാണുന്നു. ആഗ്രഹവും സ്‌നേഹവും ഉള്ളതുകൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതെന്നും, സ്‌നേഹത്തോടെയാണ് താന്‍ പ്രൊഫഷനെ സമീപിക്കുന്നതെന്നും നേര് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറയുന്നുണ്ട്. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിൽ ആരംഭിച്ച് നാല് പതിറ്റാണ്ടുകൾ നീണ്ട കാലയളവിൽ മോഹന്‍ലാൽ മലയാളികളുടെ പ്രിയ അഭിനേതാവായി തുടർന്നു. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങൾ പ്രതിഭാധനരായ സംവിധായകരുടെ സിനിമകളിലൂടെ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴും അദ്ദേഹത്തിന് മികച്ച അഭിനയം കാഴ്ചവെക്കാൻ കഴിയുമെന്ന് 2024- ൽ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടെ വാലിബൻ എന്ന സിനിമയിലെ ഫിക്ഷനൽ കഥാപാത്രത്തിന്റെ മനോഹരമായ പകർന്നാട്ടം തെളിയിക്കുന്നുണ്ട്. ഫാന്റസികളിൽ, അയുക്തികളാണ് അതിന്റെ സൗന്ദര്യം എന്നിരിക്കേ മോഹൻലാൽ അത് 2024- ലും അത് സാധിച്ചെടുത്തിട്ടുണ്ട്. മോഹൻലാൽ എന്ന അനുഗൃഹീത അഭിനേതാവിന്റെ പത്ത് സിനിമകളിലെ വ്യത്യസ്തമായ കഥാപാത്രാവിഷ്കാരങ്ങളുടെ സവിശേഷതകൾ പരിശോധിക്കാനുള്ള ഒരു ചെറിയ ശ്രമമാണ് ഇവിടെ നടത്തുന്നത്.

  1. ‘വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടൻ-
    കഥകളികലാകാരന്റെ ജീവിതത്തിലെ
    സംഘർഷസ്ഥലികൾ

വാനപ്രസ്ഥം എന്ന സിനിമയിലെ (ഷാജി എൻ. കരുൺ, 1999) കുഞ്ഞിക്കുട്ടൻ എന്ന കഥകളി കലാകാരന്റെ വേഷം മോഹൻലാലിന്റെ ഏറ്റവും ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായിരുന്നു. കലാജീവിതം സമ്മാനിക്കുന്ന ആഴത്തിലുള്ള അവബോധം ഒരു കലാകാരന്റെ മാനസികവ്യാപാരങ്ങളെ സവിശേഷമാക്കുന്ന ഘടകമാണ്. മധ്യവയസ്സിലെത്തിനിൽക്കുന്ന ഒരു കലാകാരനിൽ പുറത്തെ ജീവിതവും കലയിലൂടെയുള്ള ജീവിതവും പ്രദാനം ചെയ്യുന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അറിവ് വൈരുധ്യാത്മകമായി അനുഭവപ്പെടാം. അതയാളിൽ നിറയ്ക്കുന്ന സംത്രാസം പ്രണയസാന്ത്വനത്തിന്റെ തണുപ്പിലും അലിഞ്ഞുപോകണമെന്നില്ല. അത്തരം ആന്തരികാവസ്ഥയെ സിനിമയിൽ ആവിഷ്കരിക്കുക എന്നത് സംവിധായകനിലും അഭിനേതാവിലും ഉണ്ടാക്കുന്ന വെല്ലുവിളി കനത്തതാണ്.

പെൺവേഷങ്ങളും ആൺവേഷങ്ങളും കെട്ടിയാടുന്ന ‘വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടനിൽ പൗരുഷവും സ്ത്രൈണതയും സമ്മേളിക്കുന്ന ശരീരവും ഭാവങ്ങളും സന്ദർഭത്തിനനുസരിച്ച് വരുന്നുണ്ട്.
പെൺവേഷങ്ങളും ആൺവേഷങ്ങളും കെട്ടിയാടുന്ന ‘വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടനിൽ പൗരുഷവും സ്ത്രൈണതയും സമ്മേളിക്കുന്ന ശരീരവും ഭാവങ്ങളും സന്ദർഭത്തിനനുസരിച്ച് വരുന്നുണ്ട്.

വാനപ്രസ്ഥത്തിൽ അഭിനേതാവെന്ന നിലയിൽ ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ചത് മോഹൻലാലാണ്. പെൺവേഷങ്ങളും ആൺവേഷങ്ങളും കെട്ടിയാടുന്ന കുഞ്ഞിക്കുട്ടനിൽ പൗരുഷവും സ്ത്രൈണതയും സമ്മേളിക്കുന്ന ശരീരവും ഭാവങ്ങളും സന്ദർഭത്തിനനുസരിച്ച് വരുന്നുണ്ട്. പ്രശസ്തരായ കഥകളി കലാകാരന്മാർ വേഷമിട്ട ചിത്രത്തിൽ അവർക്കൊപ്പം പൂതനയായും സുഭദ്രയായും അർജുനനായും അവരോടൊപ്പം ഒരാളായി ഇഴുകിച്ചേർന്ന് തന്റെ വേഷപ്പകർച്ചയെ അനശ്വരമാക്കാൻ മോഹൻലാലിന് കഴിഞ്ഞു. കലാകാരരുടെ ദാരിദ്ര്യമടക്കമുള്ള ദൈന്യതകളും അവയുടെ ദമിതാവസ്ഥ സൃഷ്ടിക്കുന്ന മാനസികാവസ്ഥകളും അതിന്റെ അതിജീവന പിടച്ചിലുകളും കുഞ്ഞിക്കുട്ടനിലുണ്ട്. കിരീടം ധരിച്ച കഥകളിവേഷക്കാരനും വേഷംകെട്ടുന്ന കലാകാരനിലെ മനുഷ്യനും തമ്മിലുള്ള സംഘർഷവും കലാകാരന്റെ പ്രണയാവസ്ഥയും സങ്കീർണ്ണമാക്കിയ കുഞ്ഞിക്കുട്ടനെ അനുപമമായ രീതിയിൽ മോഹൻലാൽ സ്ക്രീനിൽ അവതരിപ്പിച്ചു. ചലച്ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്ന കഥകളിയിലെ സുഭദ്രയും അർജുനനും തമ്മിലുള്ള പ്രണയവും കുഞ്ഞിക്കുട്ടനും ദിവാന്റെ മരുമകൾ സുഭദ്രയുമായുള്ള സ്നേഹബന്ധവും നിരവധി അർത്ഥതലങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. വിവാഹിതനായ ഒരു കഥകളി കലാകാരനായി ജീവിച്ചും പ്രണയിച്ചും ആടിയും മോഹൻലാൽ അത് ഇന്ത്യൻ സിനിമയിലെ തന്നെ ഗംഭീരമായ പ്രകടനങ്ങളിലൊന്നാക്കി മാറ്റിത്തീർത്തു.

  1. ‘വാസ്തുഹാര’യിലെ വേണു-
    വ്യവസ്ഥാ നടത്തിപ്പുകാരനിലെ
    ആർദ്രഭാവങ്ങൾ

ഭരണകൂടനടത്തിപ്പിന്റെ ദയാരഹിതമായ ചെയ്തികളുടെ നിയോഗം പേറുന്നവരാണ് ഉദ്യോഗസ്ഥർ. വാസ്തുഹാര (ജി. അരവിന്ദൻ, 1991) എന്ന ചിത്രത്തിലെ വേണു എന്ന ഉദ്യോഗസ്ഥൻ മനുഷ്യരുടെ ദൈന്യങ്ങളോട് ആർദ്രതയുള്ള ഒരാളായിരുന്നു.

‘വാസ്തുഹാര’യിൽ,  വേണു എന്ന കഥാപാത്രത്തിന്റെ അകമേ നടക്കുന്ന സംഘർഷനിർഭരമായ മനോവ്യാപാരങ്ങളെ നോട്ടങ്ങളാലും പെരുമാറ്റത്തിലെ അനുതാപപൂർണ്ണമായ ഭാവങ്ങളാലും മോഹൻലാൽ പ്രകടമാക്കി.
‘വാസ്തുഹാര’യിൽ, വേണു എന്ന കഥാപാത്രത്തിന്റെ അകമേ നടക്കുന്ന സംഘർഷനിർഭരമായ മനോവ്യാപാരങ്ങളെ നോട്ടങ്ങളാലും പെരുമാറ്റത്തിലെ അനുതാപപൂർണ്ണമായ ഭാവങ്ങളാലും മോഹൻലാൽ പ്രകടമാക്കി.

നിതാന്തമായ സംഘർഷങ്ങളാണ് അതിന്റെ പരിണതി. അഭയാർത്ഥികളെ ഒഴിപ്പിക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു വേണു. ഔദ്യോഗിക ജീവിതത്തിലെ കർത്തവ്യബോധവും ഉള്ളിൽ തിടംവെയ്ക്കുന്ന നീതിബോധവും തമ്മിൽ അനിവാര്യമായും നടക്കുന്ന ആഴത്തിലുള്ള മാനസികസംഘർഷത്തിന്റെ ആൾരൂപമായേ അത്തരമൊരു കഥാപാത്രത്തിന് വെള്ളിത്തിരയിൽ ജീവിക്കാനാകൂ. വേണുവിന്റെ ആന്തരിക സംഘർഷങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുക എളുപ്പമല്ല. എന്നാൽ, വേണു എന്ന കഥാപാത്രത്തെ പക്വമായ വിനിമയങ്ങൾകൊണ്ടും ഭാവമാറ്റങ്ങളുടെ തന്മയത്വപൂർണ്ണമായ സാന്നിദ്ധ്യം കൊണ്ടും തിരശ്ശീലയിൽ മോഹൻലാൽ ജീവസ്സുറ്റതാക്കി. അകമേ നടക്കുന്ന സംഘർഷനിർഭരമായ മനോവ്യാപാരങ്ങളെ നോട്ടങ്ങളാലും പെരുമാറ്റത്തിലെ അനുതാപപൂർണ്ണമായ ഭാവങ്ങളാലും പ്രകടമാക്കി. തന്റെ പ്രണയങ്ങൾ തുറന്നുപറയാൻ സങ്കോചമുള്ള വേണുവിന്റെ ഉള്ള് ഭംഗിയായി ആവിഷ്കരിക്കാൻ അദ്ദേഹത്തിനായി. സാധാരണ പ്രേക്ഷകരുടേയും ചലച്ചിത്ര നിരൂപകരുടേയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയ വേഷമായിരുന്നു വാസ്തുഹാരയിലെ വേണു എന്ന കഥാപാത്രം. സി.വി. ശ്രീരാമന്റെ കഥയെ ആസ്പദമാക്കിയായിരുന്നു അരവിന്ദൻ ഈ സിനിമ സാക്ഷാത്കരിച്ചത്.

  1. ‘പരദേശി’യിലെ വലിയകത്ത് മൂസ്സ-
    ജനിച്ച മണ്ണിൽ വിദേശിയായി
    ജീവിച്ചതിന്റെ നോവുകൾ

പരദേശി (പി.ടി. കുഞ്ഞിമുഹമ്മദ്, 2007) മോഹൻലാലിലെ അഭിനേതാവിന്റെ റേഞ്ച് അനാവരണം ചെയ്ത മികച്ച സിനിമയായിരുന്നു. വലിയകത്ത് മൂസ എന്ന കഥാപാത്രം ഏറെ പക്വതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒരു വേഷമായിരുന്നു. അതിനകം കാൽനൂറ്റാണ്ടലധികം കാലത്തെ അഭിനയപരിചയമുണ്ടായിരുന്ന മോഹൻലാൽ കഥാപാത്രമായി പൂർണ്ണമായും മാറി. പാക്കിസ്ഥാൻ പൗരൻ എന്ന് മുദ്രകുത്തപ്പെട്ട് വിദേശത്തേക്കയക്കപ്പെടാൻ വിധിക്കപ്പെട്ട മൂസയുടെ യൗവനവും വാർധക്യവും മോഹൻലാലിന്റെ അഭിനയത്തിലൂടെ സൂക്ഷ്മപ്പെട്ടു.

പതിവ് മാനറിസങ്ങളൊന്നുമില്ലാതെ നിശ്ശബ്ദമായി നൊമ്പരപ്പെടുന്ന വ്യവസ്ഥയുടെ ഇരയായ ‘പരദേശി’യിലെ കഥാപാത്രത്തെ പ്രേക്ഷകരിൽ അനുതാപം സൃഷ്ടിക്കുന്നവിധത്തിൽ ജീവനേകി, മോഹൻലാൽ.
പതിവ് മാനറിസങ്ങളൊന്നുമില്ലാതെ നിശ്ശബ്ദമായി നൊമ്പരപ്പെടുന്ന വ്യവസ്ഥയുടെ ഇരയായ ‘പരദേശി’യിലെ കഥാപാത്രത്തെ പ്രേക്ഷകരിൽ അനുതാപം സൃഷ്ടിക്കുന്നവിധത്തിൽ ജീവനേകി, മോഹൻലാൽ.

സ്വന്തം നാട്ടിൽ വിദേശിയെപ്പോലെ അധികൃതരുടെ നല്ലനടപ്പ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കഴിയുന്ന വലിയകത്ത് മൂസയുടെ മനമാകെ സങ്കടക്കടൽ ഇരമ്പുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുകൊന്ന സ്വാതന്ത്ര്യസമരപോരാളിയുടെ മകനായി പിറന്ന മൂസയുടെ ഉള്ളിൽ ഓർമകളുടെ പല പല അടരുകളുണ്ടായിരുന്നു. പാക്കിസ്ഥാനിലും വള്ളുവനാട്ടിലും ജീവിച്ചതിന്റെ അനുഭവങ്ങൾ നൽകിയ നെഞ്ചിലെ നെരിപ്പോടുമായി കഴിയുന്ന മൂസയുടെ ചലനങ്ങളിലും വിനിമയങ്ങളിലും അതുണ്ട്. പതിവ് മാനറിസങ്ങളൊന്നുമില്ലാതെ നിശ്ശബ്ദമായി നൊമ്പരപ്പെടുന്ന വ്യവസ്ഥയുടെ ഇരയായ കഥാപാത്രത്തെ പ്രേക്ഷകരിൽ അനുതാപം സൃഷ്ടിക്കുന്നവിധത്തിൽ ജീവനേകി മോഹൻലാൽ.

  1. ‘തന്മാത്ര’യിലെ രമേശൻ നായർ-
    മറവിരോഗബാധയുടെ
    അതിസൂക്ഷ്മ വിനിമയങ്ങൾ

ഒരു അൾഷിമേഴ്സ് രോഗിയുടെ ശരീരത്തിന്റേയും മാനസികാവസ്ഥയുടേയും സവിശേഷതകൾ ചുറ്റുപാടുകളോടുള്ള പ്രതികരണങ്ങളിലൂടെ ഗംഭീരമായി അവതരിപ്പിച്ചിട്ടിണ്ട് തന്മാത്ര എന്ന സിനിമയിൽ മോഹൻലാൽ (ബ്ലെസി, 2005). പത്മരാജന്റെ ഓര്‍മ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ബ്ലെസി തന്മാത്ര ഒരുക്കിയത്.

‘തന്മാ​ത്ര’യിൽ, മനസ്സിൽ സംഭവിക്കുന്ന വേദനാകരമായ തിരിച്ചറിവുകളെ തനിക്കു ചുറ്റുമുള്ള ലോകവുമായുള്ള സൂക്ഷപ്രതികരണങ്ങളിലൂടെ മോഹൻലാൽ എന്ന അഭിനേതാവ് പക്വതയോടെ അവതരിപ്പിച്ചു.
‘തന്മാ​ത്ര’യിൽ, മനസ്സിൽ സംഭവിക്കുന്ന വേദനാകരമായ തിരിച്ചറിവുകളെ തനിക്കു ചുറ്റുമുള്ള ലോകവുമായുള്ള സൂക്ഷപ്രതികരണങ്ങളിലൂടെ മോഹൻലാൽ എന്ന അഭിനേതാവ് പക്വതയോടെ അവതരിപ്പിച്ചു.

മറ്റു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളുടെ നേരങ്ങളിൽ രമേശൻ നായർ എന്ന മറവിരോഗം ബാധിച്ച ആളുടെ ഭാവമാറ്റങ്ങളും പെരുമാറ്റങ്ങളും നടൻ എന്ന നിലയിൽ മോഹൻലാൽ ഈ കഥാപാത്രത്തെ എത്ര ആഴത്തിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്നതിന് തെളിവായി നമ്മുടെ മുമ്പിലുണ്ട്. സഹജീവികളുടെ അനുതാപത്തിന്റേതായാലും സഹതാപത്തിന്റേതായാലും സ്നേഹത്തിന്റേതായാലും പ്രകടനങ്ങളുടെ സമയങ്ങളിലാണ് ഒരാൾ രോഗിയെന്ന അവസ്ഥയുടെ സങ്കീർണതകൾ സ്വയം തിരിച്ചറിയുന്നത്. മനസ്സിനുള്ളിൽ സംഭവിക്കുന്ന വേദനാകരമായ ആ തിരിച്ചറിവുകളെ തനിക്കു ചുറ്റുമുള്ള ലോകവുമായുള്ള സൂക്ഷപ്രതികരണങ്ങളിലൂടെ മോഹൻലാൽ എന്ന അഭിനേതാവ് പക്വതയോടെ അവതരിപ്പിച്ചു. ഓർമ്മകൾ നഷ്ടമാകുന്ന ഒരു വ്യക്തിയേയും അയാളുടെ കുടുംബത്തിൽ അതുമൂലം നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങളെയും കുറിച്ചുള്ള ചിത്രത്തിൽ അസാധാരണ വേഷപ്പകർച്ച തന്നെയാണ് അദ്ദേഹം കാഴ്ചവച്ചത്.

  1. ‘താഴ്‍വാര’ത്തിലെ ബാലൻ-
    പ്രതികാരത്തിന്റെ
    റിയലിസ്റ്റ് ഏറ്റുമുട്ടലുകൾ

താഴ്‍വാരം എന്ന സിനിമയിലെ (തിരക്കഥ എം.ടി, സംവിധാനം ഭരതൻ, 1990) ബാലൻ എന്ന കഥാപാത്രം പകയുടെയും പ്രതികാരത്തിന്റെയും ചൂരും ചുണയും പ്രകടിപ്പിക്കുന്ന അസാധാരണ കഥാപാത്രമാണ്. അവസാനിക്കാത്ത അതിജീവനവാഞ്ഛ നിറഞ്ഞ പരുക്കൻ ജീവിതസന്ദർഭങ്ങൾ നിറഞ്ഞതായിരുന്നു സിനിമ. പരസ്പരം നേർക്കുനേർ നിൽക്കുന്ന ഈഗോയുടേയും താൻപോരിമയുടേയും സംഘട്ടനാത്മകത നിറഞ്ഞ ജീവിതത്തിന്റെ അവസ്ഥ. തമ്പുരാൻ സിനിമകളിലെ പൊള്ളയായ പോരാട്ടമല്ല താഴ്‍വാരത്തിലേത്. അത് ഇഴയടുപ്പം കൂടിയതും വിട്ടുവീഴ്ചയില്ലാത്ത മാനസിക ഏറ്റുമുട്ടലിന്റെ കയറ്റിറക്കങ്ങൾ നിറഞ്ഞതുമായിരുന്നു.

വർഷങ്ങളോളം ഉള്ളിൽ കെടാതെ കാത്ത പകയുടെ കൊടുംകനൽ ബീഡിപ്പുകയിൽ എരിച്ചുകളഞ്ഞാണ് ‘താഴ് വാര’ത്തിലെ മോഹൻലാലിന്റെ അവിസ്മരണീയ കഥാപാത്രമായ ബാലൻ പ്രേക്ഷകരുടെ കാഴ്ചയിൽ നിന്ന്  മറയുന്നത്.
വർഷങ്ങളോളം ഉള്ളിൽ കെടാതെ കാത്ത പകയുടെ കൊടുംകനൽ ബീഡിപ്പുകയിൽ എരിച്ചുകളഞ്ഞാണ് ‘താഴ് വാര’ത്തിലെ മോഹൻലാലിന്റെ അവിസ്മരണീയ കഥാപാത്രമായ ബാലൻ പ്രേക്ഷകരുടെ കാഴ്ചയിൽ നിന്ന് മറയുന്നത്.

വൈരത്തിന്റെ തീ പാറുന്ന നോട്ടങ്ങളും ചടുലമായ നീക്കങ്ങളുമുള്ള പച്ചയായ ജീവിതത്തിന്റെ പ്രകടനങ്ങളുമായിരുന്നു അവ.‍ ‘ഡു ഓർ ഡൈ’ സാഹചര്യത്തിലകപ്പെട്ട് നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ സന്ദർഭങ്ങളിൽ ജീവിക്കാൻ നിർബന്ധിതമായ മനുഷ്യന്റെ കൈയെത്തിപ്പിടിക്കലുകൾ സൂക്ഷ്മതയോടെ മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ ദൃശ്യത്തിൽ ഒരു കത്തിയുപയോഗിച്ച് രണ്ടു പേരുള്ള ഒരു ഫോട്ടോ ഒരാൾ കീറിമുറിക്കുന്നിടത്ത് വയലൻസ് ഭൂതകാലവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് കാണിക്കുന്നു. കലങ്ങിയ നെഞ്ചും പ്രതികാരത്തിന്റെ കനൽക്കണ്ണുകളുമായി കരിമ്പടവും പുതച്ച് വരുന്ന ഒരപരിചിതനായാണ് ബാലന്റെ രംഗപ്രവേശം തന്നെ. വർഷങ്ങളോളം ഉള്ളിൽ കെടാതെ കാത്ത പകയുടെ കൊടുംകനൽ ബീഡിപ്പുകയിൽ എരിച്ചുകളഞ്ഞാണ് മോഹൻലാലിന്റെ അവിസ്മരണീയ കഥാപാത്രം ബാലൻ പ്രേക്ഷകരുടെ കാഴ്ചയിൽ നിന്നും മറയുന്നത്. കൊല്ലാനും കൊല്ലപ്പെടാതിരിക്കാനും ശ്രമിക്കുന്ന രണ്ടു പേരെ ആദ്യന്തം പിന്തുടരുന്നത് ആസന്നമായ മരണത്തിന്റെ അദൃശ്യസാന്നിധ്യമാണ്. ഭാവാവിഷ്കാരത്തിന്റെയും സൂക്ഷ്മാഭിനയത്തിന്റെയും ആഴങ്ങൾ തൊടുന്ന മോഹൻലാലിന്റെ അവിസ്മരണീയപ്രകടനമാണ് പ്രേക്ഷകന് അത് അനുഭവഭേദ്യമാക്കുന്നത്. 'കൊല്ലാന്‍ അവന്‍ ഇനിയും ശ്രമിക്കും, ചാവാതിരിക്കാന്‍ ഞാനും’ എന്ന് ബാലന്‍. ബാലനായി മോഹന്‍ലാലും രാജുവായി സലിം ഗൌസും നിറഞ്ഞുനിന്നു താഴ്‌വാരത്തില്‍. രണ്ടുകഥാപാത്രങ്ങള്‍ തമ്മില്‍ മനസുകൊണ്ടും ശരീരങ്ങള്‍ കൊണ്ടും നടത്തുന്ന സംഘട്ടനങ്ങളുടെ ചിത്രീകരണമായിരുന്നു താഴ്‌വാരം.

  1. ‘പാദമുദ്ര’യിലെ മാതുപണ്ടാരവും
    സോപ്പു കുട്ടപ്പനും-
    മറച്ചുവെക്കേണ്ടിവരുന്ന
    പിതൃപുത്രബന്ധത്തിന്റെ കാണാപ്പുറങ്ങൾ

പാദമുദ്ര എന്ന ചിത്രത്തിലെ (ആർ. സുകുമാരൻ, 1998) മോഹൻലാലിന്റെ വേഷപ്പകർച്ചകൾ അസാധാരണ വൈഭവത്തോടുകൂടിയതായിരുന്നു. മാതുപണ്ടാരത്തേയും സോപ്പുകുട്ടപ്പനേയും ആ കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി മോഹൻലാൽ അവതരിപ്പിച്ചു. ഭിന്നവികാരങ്ങൾ വിവിധ അളവിൽ ഉള്ളിൽക്കിടന്ന് കളിക്കുന്ന പ്രത്യേകമായ മനക്കൂട്ടിനുടമകളാണ് തീർത്തും വ്യത്യസ്തരെങ്കിലും ഇരുകഥാപാത്രങ്ങളും. എല്ലാവരുടേയും അർത്ഥംവച്ച നോട്ടങ്ങളാലും അമർത്തിപ്പിടിച്ച സംസാരങ്ങളാലും പരിഹസിക്കപ്പെടുന്ന കുട്ടപ്പൻ. നിസ്സഹായതയുടെയും അവഗണനയുടെയും പരിഹാസത്തിന്റെയും നൊമ്പരങ്ങളുടെയും മുദ്രകൾ പേറുന്നൊരു ജന്മം. കുട്ടപ്പൻ മകനാണെന്ന അറിവ് തരുന്ന നോവിന്റെ മൂർച്ചയിൽ അകമേ ഉരുകുന്നെങ്കിലും ശൃംഗാരത്തിന്റേയും അരാജകത്വത്തിന്റേയും മുദ്രകൾ പേറി കഴിയേണ്ടിവരുന്ന മാതുപണ്ടാരം. സമൂഹത്തിന്റെ ദയാരഹിതമായ സദാചാര കാർക്കശ്യങ്ങളുടെ തടവറയിൽ ജീവിതം മുഴുവൻ കെട്ടിയിടേണ്ടിവരുന്ന മനുഷ്യർ. സമൂഹത്താൽ പിതൃത്വം ചോദ്യം ചെയ്യപ്പെട്ട് പരിഹാസപാത്രമാകുന്ന കുട്ടപ്പന്റേയും പിതൃത്വം മറച്ചുവെക്കേണ്ടിവരുന്ന മാതുപണ്ടാരത്തിന്റേയും ആത്മസംഘർഷങ്ങളെ അങ്ങേയറ്റം സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ ഈ ചിത്രത്തിൽ.

‘പാദമുദ്ര’ എന്ന സിനിമയിലെ 'അമ്പലമില്ലാതെ ആൽത്തറയിൽ വാഴും' എന്ന ഗാനരംഗത്തിൽ, ഭക്തിയിൽ നിന്ന് ശൃംഗാരത്തിലേക്കും കാമത്തിലേക്കുള്ള മാതുപണ്ടാരത്തിന്റെ ഭാവങ്ങൾ മാറിവരുന്നിടത്ത് ഗംഭീര പ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചിരിക്കുന്നത്.
‘പാദമുദ്ര’ എന്ന സിനിമയിലെ 'അമ്പലമില്ലാതെ ആൽത്തറയിൽ വാഴും' എന്ന ഗാനരംഗത്തിൽ, ഭക്തിയിൽ നിന്ന് ശൃംഗാരത്തിലേക്കും കാമത്തിലേക്കുള്ള മാതുപണ്ടാരത്തിന്റെ ഭാവങ്ങൾ മാറിവരുന്നിടത്ത് ഗംഭീര പ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചിരിക്കുന്നത്.

കുട്ടപ്പൻ അടുത്തിരുന്ന് ദോശ കഴിക്കുന്നതിനിടയിൽ ചായക്കടയിലുള്ളവരുടെ പരിഹാസം കലർന്ന ചിരികൾക്കിടയിൽ അപമാന ഭാരത്താൽ തന്റെ മകന്റെ അവസ്ഥയോർത്ത് പശ്ചാത്തപിച്ച് നിസ്സഹായനായി ഇരിക്കുന്ന മാതുപണ്ടാരത്തെ പ്രേക്ഷകർക്ക് മറക്കാനാവില്ല. 'അമ്പലമില്ലാതെ ആൽത്തറയിൽ വാഴും' എന്ന ഗാന രംഗത്തിനിടെ ഭക്തിയിൽ നിന്നും ശൃംഗാരത്തിലേക്കും കാമത്തിലേക്കുള്ള മാതുപണ്ടാരത്തിന്റെ ഭാവങ്ങൾ മാറിവരുന്നിടത്ത് ഗംഭീര പ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചിരിക്കുന്നത്. മൂന്നു മിനിട്ടോളം ദൈർഘ്യമുള്ള കാവടിയാട്ടം വ്യത്യസ്തമായ ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. സ്ത്രീലമ്പടനും അശ്ലീലച്ചുവയുള്ള രീതിയിൽ സംസാരിക്കുന്നവനുമായ മാതുപണ്ടാരത്തെയാണൊ അതോ കുട്ടിക്കാലം മുതൽ തന്റെതല്ലാത്ത കാരണത്താൽ മുഴുവൻ നാട്ടുകാരുടെയും പരിഹാസം ഏറ്റ് വാങ്ങേണ്ടി വന്ന് മാനസികനില തെറ്റിയ സോപ്പ് കുട്ടപ്പനെയാണൊ അന്ന് ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുള്ള മോഹൻലാൽ കൂടുതൽ മികവോടെ അവതരിപ്പിച്ചതെന്ന് ചോദിച്ചാൽ കുഴയും.

  1. ‘തൂവാനത്തുമ്പികളി’ലെ
    ജയകൃഷ്ണൻ -
    ആൺനടപ്പിന്റെ ദ്വന്ദഭാവങ്ങളുടെ
    പകർന്നാട്ടം

തൂവാനത്തുമ്പികൾ എന്ന ചലച്ചിത്രത്തിലെ (പത്മരാജൻ, 1987) ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അവിസ്മരണീയമാക്കി. സ്വന്തം നോവലായ ഉദകപ്പോളയെ ആസ്പദമാക്കിയുള്ള സിനിമാവിഷ്കാരത്തിൽ സങ്കീർണ വ്യക്തിത്വമായാണ് പത്മരാജൻ ജയകൃഷ്ണൻ മേനോൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചെടുത്തത്. അപൂർവ്വമായി മാത്രം മലയാളസിനിമയിൽ അക്കാലത്തിനിടെ കടന്നുവന്ന പ്രമേയം.

തൂവാനത്തുമ്പികൾ എന്ന സിനിമയിൽ, ജയകൃഷ്ണന്റെ കടിഞ്ഞാണില്ലാത്ത, സങ്കീർണത നിറഞ്ഞ ആൺനടപ്പുകൾ മോഹൻലാലിലൂടെ ഗംഭീരമായി അവതരിപ്പിക്കപ്പെട്ടു.
തൂവാനത്തുമ്പികൾ എന്ന സിനിമയിൽ, ജയകൃഷ്ണന്റെ കടിഞ്ഞാണില്ലാത്ത, സങ്കീർണത നിറഞ്ഞ ആൺനടപ്പുകൾ മോഹൻലാലിലൂടെ ഗംഭീരമായി അവതരിപ്പിക്കപ്പെട്ടു.

നാട്ടിൻപുറത്തും നഗരത്തിലും കഴിയുന്ന യുവാവിന്റെ ഇരട്ടജീവിതം ജയകൃഷ്ണനിലൂടെ പ്രതിഫലിക്കപ്പെട്ടു. ജയകൃഷ്ണന്റെ കടിഞ്ഞാണില്ലാത്ത, സങ്കീർണത നിറഞ്ഞ ആൺനടപ്പുകൾ മോഹൻലാലിലൂടെ ഗംഭീരമായി അവതരിപ്പിക്കപ്പെട്ടു. ജസ്റ്റിസായിരുന്ന പിതാവിന്റെ വീട്ടകത്തെ കാർക്കശ്യങ്ങൾ രൂപപ്പെടുത്തിയ ജയകൃഷ്ണന്റെ ജീവിതം ദ്വന്ദഭാവങ്ങളാൽ മുമ്പോട്ടുപോകുന്നതായിരുന്നു. വിവാഹം കഴിക്കാനാഗ്രഹിച്ച രാധയ്ക്കും അരാജകമായ ജീവിതത്തിന്റെ മറുപുറത്ത് പരിചയപ്പെട്ട ക്ലാരയ്ക്കും ഇടയിലുള്ള സംഘർഷാത്മകത തിടംവച്ച ജയകൃഷ്ണന്റെ ജീവിതവ്യാപാരങ്ങളെ മോഹൻലാൽ അതീവസ്വാഭാവികമായി സ്ക്രീനിൽ യാഥാർത്ഥ്യമാക്കി. ജയകൃഷ്ണനിലുള്ള കാപട്യവും സത്യസന്ധതയും ഒരുപോലെ അനുഭവഭേദ്യമാക്കുന്ന , കഥാപാത്രത്തെ ആഴത്തിൽ അറിഞ്ഞുകൊണ്ടുള്ള പ്രകടനമാണ് ഈ ചിത്രത്തിൽ മോഹൻലാൽ കാഴ്ചവച്ചത്.

  1. ‘സദയ’ത്തിലെ സത്യനാഥൻ-
    കുറ്റവാളിയാക്കപ്പെടുന്നയാളുടെ
    മനഃശാസ്ത്ര ഭൂമിക

സദയത്തിലെ (തിരക്കഥ എം.ടി, സംവിധാനം സിബി മലയിൽ, 1992) സത്യനാഥൻ എന്ന കഥാപാത്രം കുറ്റവാളിമനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് രൂപപ്പെടുത്തിയെടുത്ത ഒന്നായിരുന്നു. മോഹൻലാൽ ഈ എം.ടിയൻ കഥാപാത്രത്തെ അഭ്രപാളിയിൽ അവിസ്മരണീയമായ വിധത്തിൽ ആവിഷ്കരിച്ചു. നാലുപേരെ കൊന്നതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവനാണ് സത്യനാഥൻ.

‘സദയം’ എന്ന സിനിമയിൽ, വിഭ്രാന്തമായ മാനസികാവസ്ഥയിലേക്ക് നിപതിച്ച സത്യനാഥന്റെ ചെയ്തികൾ സൂക്ഷ്മാംശങ്ങളോടെയാണ് മോഹൻലാൽ എന്ന നടൻ ആവിഷ്കരിക്കുന്നത്.
‘സദയം’ എന്ന സിനിമയിൽ, വിഭ്രാന്തമായ മാനസികാവസ്ഥയിലേക്ക് നിപതിച്ച സത്യനാഥന്റെ ചെയ്തികൾ സൂക്ഷ്മാംശങ്ങളോടെയാണ് മോഹൻലാൽ എന്ന നടൻ ആവിഷ്കരിക്കുന്നത്.

അനാഥമായ ബാല്യത്തിനുടമയായ സത്യനാഥനെ വളർത്തിയത് സ്നേഹനിധിയായ ഒരു പള്ളീലച്ചനായിരുന്നു. ചിത്രം വരയ്ക്കുന്നതിലുള്ള സത്യനാഥന്റെ കഴിവ് കണ്ടറിഞ്ഞ ഫാദറാണ് അയാൾക്ക് പരസ്യബോർഡുകൾ തയ്യാറാക്കുന്ന ഒരു കമ്പനിയിൽ ജോലി ശരിയാക്കി കൊടുക്കുന്നത്. ആ ജോലി ചെയ്യുന്നതിനിടെയാണ് അയാൾക്ക് കൊലപാതകങ്ങൾ നടത്തേണ്ടി വരുന്നത്. ക്രൈം സീനുകളിലെ മോഹൻലാലിന്റെ പെർഫോമൻസ് മികച്ചതാണെന്ന് സിനിമ പുറത്തിറങ്ങിയ കാലത്തു തന്നെ വിലയിരുത്തപ്പെട്ടിരുന്നു. വിഭ്രാന്തമായ മാനസികാവസ്ഥയിലേക്ക് നിപതിച്ച സത്യനാഥന്റെ ചെയ്തികൾ സൂക്ഷ്മാംശങ്ങളോടെ ചലച്ചിത്രത്തിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഉള്ളുലയ്ക്കുന്ന അവസാന സീക്വൻസുകളിൽ മോഹൻലാലിന്റെ അസാധാരണമായ പകർന്നാട്ടമാണ് സംഭവിക്കുന്നത്.

  1. ‘കിരീട’ത്തിലെ സേതു -
    ഹിംസയുടെ അബോധ
    സമ്മർദ്ദങ്ങൾക്കിടയിലെ വീരത്തങ്ങൾ

അച്ഛൻ- മകൻ ബന്ധത്തിന്റെ വൈകാരിക അന്വേഷണത്തിന്റെ ഒരു തലമാണ് കിരീടം എന്ന സിനിമയിൽ (തിരക്കഥ ലോഹിതദാസ്, സംവിധാനം സിബി മലയിൽ, 1989) ആവിഷ്കരിക്കപ്പെട്ടത്. മോഹൻലാൽ അവതരിപ്പിക്കുന്ന സേതു എന്ന മകന്റെ സമരം അയാളുടെ ഉള്ളിലുള്ള ഹിംസയോടു തന്നെയാണ്. ഏകാന്തതയും ഉന്മാദകോപവും സേതു എന്ന കഥാപാത്രത്തിന്റെ മനസ്സിന്റെ രണ്ട് അറ്റങ്ങളിലായി പാർപ്പുണ്ട്. അച്ഛനും മകനുമായുള്ള ബന്ധത്തിലെ ഈഗോ ഇതിലൊരു ഘടകമായി വരുന്നുണ്ട്. ഒരർത്ഥത്തിൽ കീരിക്കാടൻ എന്ന വില്ലൻ തന്നെ സേതുവിന്റെ മറുപാതിയിലാണുള്ളത്.

ഏകാന്തതയും ഉന്മാദകോപവും മനസ്സിന്റെ രണ്ട് അറ്റങ്ങളിലായി പാർപ്പുറപ്പിച്ച കഥാപാത്രമാണ് ‘കിരീട’ത്തിലെ സേതുമാധവൻ.
ഏകാന്തതയും ഉന്മാദകോപവും മനസ്സിന്റെ രണ്ട് അറ്റങ്ങളിലായി പാർപ്പുറപ്പിച്ച കഥാപാത്രമാണ് ‘കിരീട’ത്തിലെ സേതുമാധവൻ.

സേതുവിനു കൈവരുന്ന ഒരു പരിണാമം കത്തി കൈക്കലാക്കുന്നതോടെ സംഭവിക്കുന്നതാണ്. ഹിംസയുടെ കിരീടം ധരിച്ചതിന്റെ ദൃശ്യങ്ങളാണ് തുടർന്നുവരുന്നത്. അയാൾ അതുവരെ അടക്കിപ്പിടിച്ചു നിർത്തിയ തന്നിലെ ഹിംസയെ ആസ്വദിക്കുന്നുമുണ്ട്. വിവിധ സന്ദർഭങ്ങളിൽ മനുഷ്യർക്ക് സംഭവിക്കുന്ന മാറ്റങ്ങൾ വിചിത്രമാണ്. അതിലൊന്ന് അധികാരം ലഭിക്കുമ്പോൾ സംഭവിക്കുന്ന പരിണാമമാണ്. സേതുവിൽ സംഭവിക്കുന്ന ഈ പരിവർത്തനങ്ങളെ സ്വാഭാവികമായി അവതരിപ്പിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞു എന്നതിലാണ് മോഹൻലാലിന്റെ അഭിനയമികവ്. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് കീരിക്കാടനെ നേരിടാൻ നിർബന്ധിതമാകുന്ന സേതുവിൽ ആന്തരികമായി സംഭവിക്കുന്ന പരിണാമങ്ങളെ ദൃശ്യപ്പെടുത്താൻ തന്റെ വേഷപ്പകർച്ചയിലൂടെ ലാലിന് കഴിയുന്നുണ്ട് എന്നു കാണാം.

  1. ‘ഇരുവറി’ലെ ആനന്ദൻ –
    ചരിത്രപുരുഷന്റെ സ്പർശമുള്ള
    കഥാപാത്രാവിഷ്കാരം

തമിഴ് രാഷ്ട്രീയ- സാമൂഹ്യചരിത്രത്തിൽ സമാനതകൾ കണ്ടെത്താവുന്ന ഒരു ചരിത്രപുരുഷന്റെ ജീവിതയാത്രയാണ് അതിന്റെ സമഗ്രതയിൽ ആനന്ദൻ എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ ഇരുവർ ചലച്ചിത്രത്തിൽ (മണിരത്നം, 1997) ആവിഷ്കരിച്ചത്. എഴുത്തുകാരനായ തമിഴ് ശെൽവൻ എന്ന കഥാപാത്രത്ത അവതരിപ്പിച്ച പ്രകാശ് രാജിനൊപ്പം അഭിനേതാവായി പ്രശസ്തനായി പിന്നീട് ജനാഭിലാഷം മാനിച്ച് രാഷ്ട്രീയജീവിതം നയിക്കുന്ന ആനന്ദനായി മോഹൻലാൽ തിളങ്ങി. അവരിരുവരും പരസ്പരം പൂരിപ്പിച്ച് തകർത്തഭിനയിച്ചു.

മോഹൻലാലിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു പകർന്നാട്ടമായിരുന്നു ‘ഇരുവർ’ എന്ന സിനിമ.
മോഹൻലാലിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു പകർന്നാട്ടമായിരുന്നു ‘ഇരുവർ’ എന്ന സിനിമ.

രാഷ്ട്രീയവും സിനിമയും വിപ്ലവവും ഇഴചേർന്ന തമിഴ് രാഷ്ട്രീയ മണ്ഡലത്തിലെ ഇതിഹാസങ്ങളായിരുന്ന എം.ജി. രാമചന്ദ്രന്റേയും കരുണാനിധിയുടേയും വ്യക്തിത്വങ്ങളുടെ നിരവധി അംശങ്ങൾ ചേർത്തുകൊണ്ടായിരുന്നു മണിരത്നം ഈ സാങ്കൽപിക കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. കക്ഷിരാഷ്ട്രീയം വ്യക്തിബന്ധങ്ങളിലും സൗഹൃദങ്ങളിലും ഉണ്ടാക്കുന്ന വിടവും അതിന്റെ ഫലമായുണ്ടാകുന്ന സംഘർഷങ്ങളും നിറഞ്ഞ സിനിമയിൽ എം.ജി.ആറിന്റെ അംശങ്ങൾ നിറഞ്ഞ ആനന്ദൻ എന്ന നായകനെ മോഹൻലാലിന് പക്വതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞു. സൗഹൃദത്തിന്റെ ഊഷ്മളതയും പിന്നീട് വൈരത്തിന്റെ അകൽച്ചയും സൃഷ്ടിച്ച സന്ദർഭങ്ങൾ സിനിമയുടെ പ്രധാന ഭാഗമായിരുന്നു. അത്തരം സാഹചര്യങ്ങളിലെ അഭിനയം മോഹൻലാലിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു പകർന്നാട്ടമായി അടയാളപ്പെട്ടു.

Comments