2018: കൈയടികൾക്കപ്പുറത്തുള്ള ചില മത്സ്യത്തൊഴിലാളി വാസ്​തവങ്ങൾ

2018 എന്ന സിനിമയിൽ കാണിക്കുന്ന അതേ തെക്കൻ കേരളത്തിലെ തീരദേശ മേഖലയിൽ നിന്നുള്ള വ്യക്തി എന്ന നിലയിൽ, ഈ സിനിമയിലെ മത്സ്യത്തൊഴിലാളി പ്രാതിനിധ്യത്തെ വിമർശനാത്മകമായി വിലയിരുത്തുകയാണ്​ സിന്ധു മരിയ നെപ്പോളിയൻ.

ലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി 200 കോടി ക്ലബ്ബിലേക്ക് കടക്കാനൊരുങ്ങുകയാണ്, 2018-ലെ പ്രളയത്തെ ആധാരമാക്കി നിർമിച്ച 2018 - Everyone is a Hero എന്ന സിനിമ. തിയേറ്ററുകളെ ജനം ഉപേക്ഷിച്ചോ എന്ന ചോദ്യത്തിൽ കുരുങ്ങി മലയാള സിനിമ നട്ടംതിരിയുന്നതിനിടയിൽ, കാര്യമായ പ്രചാരണബഹളങ്ങളൊന്നുമില്ലാതെ റിലീസ് ചെയ്ത 2018, ഗംഭീരമായ താരനിരയാൽ സമ്പന്നമാണ്. പൊതുജന സ്വീകാര്യതയ്ക്കൊപ്പം വിമർശകരുടെയും കൂടി കയ്യടി നേടിയാണ്​ അപർണ ബാലമുരളി, ടൊവിനോ തോമസ്, വിനീസ് ശ്രീനിവാസൻ, ആസിഫ് അലി, ഇന്ദ്രൻസ്, തൻവി റാം, കലയരസൻ എന്നിവർ അഭിനയിച്ച സിനിമ ഇന്നും തിയറ്ററിൽ നിറഞ്ഞ സദസ്സിൽ തന്നെ പ്രദർശനം തുടരുന്നത്.

ഈ സിനിമയുടെ വിജയത്തിൽ സാങ്കേതിക മികവിനുള്ള പങ്കും പലരും ചൂണ്ടിക്കാട്ടിയിരുന്നു. പ്രളയവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഇന്നും മനുഷ്യരുടെ പൊതുഓർമ്മകളിൽ നിന്ന് മാഞ്ഞു പോയിട്ടില്ലാത്തതു കൊണ്ടുതന്നെ ഏച്ചുകെട്ടലുകളില്ലാതെ അവ പുനരാവിഷ്ക്കരിക്കുക എന്നത് ജൂഡ് ആൻറണി ജോസഫിനും ടീമിനും മുൻപിലുണ്ടായിരുന്ന വലിയ വെല്ലുവിളിയായിരുന്നു. അതിനെ പ്രതീക്ഷിക്കാവുന്നതിലും അപ്പുറത്തെ ഗുണമേന്മയുള്ള മെയ്ക്കിങ് കൊണ്ട് ജൂഡും കൂട്ടരും കൈകാര്യം ചെയ്തിട്ടുണ്ട് എന്നതാണ് വാസ്തവം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും 2018 എന്ന സിനിമ കേരളത്തിലെ ഒരു പ്രത്യേക ഗ്രാമത്തിലെ പ്രളയത്താൽ ഒറ്റപ്പെട്ടു പോയ ഒരു കൂട്ടം മനുഷ്യരുടെ അതിജീവനകഥ മാത്രമായി ചുരുക്കിക്കളഞ്ഞെന്ന വിമർശനവും ഉയർന്നിരുന്നു. പ്രളയ സമയത്ത് കെ.എസ്​.ഇ.ബിയും പൊലീസും അഗ്നിശമനസേനയും ദുരന്ത നിവാരണസേനയും പൊതുജനാരോഗ്യവിഭാഗവുമൊക്കെ അടങ്ങുന്ന പൊതു സേവന സംവിധാനങ്ങൾ ഊണും ഉറക്കവുമില്ലാതെ പണിയെടുത്തതുകൊണ്ടാണ് പ്രളയത്തിന്റെ പ്രഹരം അല്പമെങ്കിലും കുറയ്ക്കാനായത് എന്നും ആ ശ്രമങ്ങളെ നീതിപൂർവ്വകമായി സിനിമയിൽ ഉൾപ്പെടുത്താൻ അണിയറ പ്രവർത്തകർക്ക് സാധിച്ചില്ലെന്നും വിമർശനമുണ്ടായിട്ടുണ്ട്.

  1. ഈ സിനിമയുമായി ബന്ധപ്പെട്ട് വ്യപകമായി ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞ വിമർശനങ്ങളും അഭിപ്രായങ്ങളുമാണ് മുകളിൽ പങ്കുവച്ചത്. സിനിമയിൽ തുടക്കം മുതലേ വിശദമായി പ്രതിപാദിച്ചുപോവുന്ന, അതിലെ സബ്പ്ലോട്ടുകളിലൊന്നായ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട കഥാതന്തുവിനെ പ്രത്യേകമായി ചർച്ച ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. പ്രളയ കാലത്ത് ഒരുപക്ഷേ ഏറ്റവും പ്രകീർത്തിക്കപ്പെട്ടൊരു വിഭാഗമാണ് മത്സ്യത്തൊഴിലാളികൾ. ആരും ആവശ്യപ്പെടാതെ തന്നെ സ്വന്തം വള്ളങ്ങളുമായി ദുരിതബാധിത പ്രദേശങ്ങളിലെത്തുകയും കുടുങ്ങിക്കിടന്നവരെ രക്ഷിക്കുകയും ചെയ്ത മത്സ്യത്തൊഴിലാളികളെ ‘കേരളത്തിന്റെ രക്ഷാസൈന്യം’ എന്ന് വിളിച്ചാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ആദരവ്​ പ്രകടിപ്പിച്ചത്. കേരളത്തിലെ പൊതുസമൂഹവും മത്സ്യത്തൊഴിലാളികൾക്ക് ഹീറോയിക് പരിവേഷം നൽകുന്ന പ്രവണത അന്ന് വ്യാപകമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ മത്സ്യത്തൊഴിലാളികളെ പുകഴ്ത്തി പ്രത്യക്ഷപ്പെട്ട പോസ്റ്റുകളും പ്രളയാനന്തരം മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ സർക്കാരും എൻ.ജി.ഒകളും പൗരസമൂഹങ്ങളും മത്സരിക്കുന്ന കാഴ്ചയുമൊക്കെ ഇതിനൊരു ദൃഷ്ടാന്തമായിരുന്നു.

പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച ഈ പരിധികളില്ലാത്ത ബഹുമാനവും സ്നേഹവുമൊക്കെയാവാം അവരുടെ കഥയെ തൻറെ സിനിമയിലും പ്രാധാന്യത്തോടെ കാണിക്കണം എന്ന നിർബന്ധബുദ്ധി ജൂഡ് ആൻറണിയിലുണ്ടാക്കിയത്. പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളോട് കേരളത്തിലെ പൊതു സമൂഹം പ്രകടിപ്പിച്ച നിസ്സീമമായ സ്നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ നീക്കിയിരുപ്പുകൾ ഇന്നേതാണ്ട് മങ്ങിയും മാഞ്ഞും പോയിക്കഴിഞ്ഞെന്ന് പറയാം. അതു കഴിഞ്ഞ് കോവിഡ് എന്ന മഹാമാരി വന്നുപോയി, വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് നിർമ്മിക്കുന്ന ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖത്തിനെതിരെ തിരുവനന്തപുരം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നയിച്ച സമരം എങ്ങുമെത്താതെ നിന്നുപോയി. ഇതെല്ലാം മത്സ്യത്തൊഴിലാളികളോടുള്ള ഇവിടുത്തെ പൊതുസമൂഹത്തിന്റെ മനോഭാവം കുറേക്കൂടി വെളിപ്പെടുത്തിയ സന്ദർഭങ്ങളായിരുന്നു.

 വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് നിർമ്മിക്കുന്ന ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖത്തിനെതിരെ തിരുവനന്തപുരം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നയിച്ച സമരം
വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് നിർമ്മിക്കുന്ന ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖത്തിനെതിരെ തിരുവനന്തപുരം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നയിച്ച സമരം

ജൂഡ് ആൻറണിയുടെ ‘2018’- ൽ മത്സ്യബന്ധനം എന്ന തൊഴിലിന്റെ അപകടവും അനിശ്ചിതത്വങ്ങളും വിവരിക്കുന്നുണ്ട്. തീരദേശത്ത് ജീവിക്കുന്ന മനുഷ്യരുടെ അനുഭവങ്ങളെ സ്പർശിച്ചുപോവാനുള്ള ശ്രമങ്ങളും സിനിമ നടത്തുന്നുണ്ട്. അഭ്യസ്തവിദ്യരായ മലയാളികൾക്ക് മീൻപിടുത്തം എന്ന തൊഴിലിനോടുള്ള അവജ്ഞയും ആ തൊഴിലിൽ ഏർപ്പെടുന്നവരോടുള്ള അകൽച്ചയും ചൂണ്ടിക്കാട്ടാനായി, ഒരു മത്സ്യബന്ധന കുടുംബാംഗമായ യുവാവിന്റെ പ്രണയത്തെയും കരിയറിനെയുമെല്ലാം സിനിമ ഉപയോഗിക്കുന്നുണ്ട്. ഒടുവിൽ കയ്യും മെയ്യും മറന്ന് നാടിനുവേണ്ടി അധ്വാനിക്കുന്ന മീൻപിടുത്തക്കാരുടെ വിശാലമനസ്ക്കതയെയും സിനിമ വിശദമായി വരച്ചു കാട്ടുന്നുണ്ട്. ഇവയിലേറിയ പങ്കും സാധാരണ മലയാളി പ്രേക്ഷകരിൽ അഭിമാനവും രോമാഞ്ചവുമൊക്കെ ഉണ്ടാക്കാൻ സഹായിക്കുന്നതാണെങ്കിലും സിനിമയിൽ കാണിക്കുന്ന അതേ തെക്കൻ കേരളത്തിലെ തീരദേശമേഖലയിൽ നിന്നുള്ള വ്യക്തി എന്ന നിലയിൽ, ഈ സിനിമയിലെ മത്സ്യത്തൊഴിലാളി പ്രാതിനിധ്യത്തെ വിമർശനാത്മകമായി വിലയിരുത്താനാണ് ഞാൻ ശ്രമിക്കുന്നത്.

അപ്പനും ചേട്ടനും മീൻപിടിക്കാൻ പോണമെങ്കിൽ പൊയ്ക്കോട്ടെ, പക്ഷേ താൻ ആ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നാണ് നിക്സന്റെ നയം. ഇതേ ചിന്താഗതി വച്ചുപുലർത്തുന്നവർ തന്നെയാണ് ഇന്ന് മത്സ്യമേഖലയിൽ നിന്നുള്ള ഒട്ടുമിക്ക യുവാക്കളും. നികസന്റെ ഉള്ളിൽ നടക്കുന്ന ആഭ്യന്തര കലഹങ്ങളെ എനിക്ക് മനസിലാക്കാനുമാവും.

മത്സ്യബന്ധനത്തിനിടെ ബോട്ടിലെ എഞ്ചിൻ കേടായതിനെത്തുടർന്ന് കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ദൃശ്യങ്ങളിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരു മത്സ്യബന്ധന ബോട്ട് കടലിലപകടത്തിൽപ്പെടുന്നതും അതിലുള്ളവരെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളും ഇത്രയും ഒറിജിനാലിറ്റിയോടെ ഒരുപക്ഷേ ആദ്യമായിട്ടാവും മലയാള സിനിമയിൽ കാണാനാവുന്നത് എന്ന് തോന്നുന്നു. കോരിച്ചൊരിയുന്ന മഴയിൽ നടുക്കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ സഹ മത്സ്യത്തൊഴിലാളികൾ തന്നെയാണ് സ്വന്തം വള്ളവുമായി കടലിലേക്ക് എത്തുന്നത് എന്ന് സിനിമയിൽ കാണിച്ചിട്ടുണ്ട്. ആ രക്ഷാപ്രവർത്തനം നടത്തിയത് കോസ്റ്റ് ഗാർഡോ മറൈൻ പൊലീസോ നേവിയോ ആണെന്ന് കാണിച്ചിരുന്നെങ്കിൽ അത് യാഥാർത്ഥ്യങ്ങളോടുള്ള വലിയ നീതികേടായിപ്പോയേനെ. കാരണം, റിപ്പോർട്ട് ചെയ്യപ്പെടുന്ന ചുരുക്കം അപകടങ്ങളിൽ ചിലതിൽ മാത്രമാണ് ഔദ്യോഗിക രക്ഷാസൈന്യങ്ങൾക്ക് ജീവൻ രക്ഷിക്കാൻ സാധിക്കുന്നതെങ്കിൽ, കടലിൽ വെച്ച് മീൻപിടുത്ത വള്ളങ്ങൾ അപകടത്തിൽപ്പെടുമ്പോഴൊക്കെയും അവരുടെ രക്ഷക്കെത്തുന്നത് സഹ മത്സ്യത്തൊഴിലാളികൾ തന്നെയായിരിക്കും എന്നതാണ് വാസ്തവം. 2018 എന്ന സിനിമയിലും ആ യാഥാർത്ഥ്യം അംഗീകരിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനെത്തുന്നവരായി കാണിക്കുന്ന ലാലിന്റെയും നരേയ്​ന്റെയും നായകപരിവേഷം തുളുമ്പുന്ന പ്രവർത്തനങ്ങൾ കുറച്ച് കൂടിപ്പോയി എന്നൊരു അഭിപ്രായമുണ്ടെങ്കിലും ആ രംഗങ്ങൾ വളരെ നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

‘2018’ സിനിമയിൽ ലാലും നരേയ്​നും
‘2018’ സിനിമയിൽ ലാലും നരേയ്​നും

സിനിമയിലെ ആസിഫ് അലിയുടെ കഥാപാത്രം, ലാലും നരെയ്നും അടങ്ങുന്ന കുടുംബത്തിലെ ഇളംതലമുറക്കാരന്റെ സംഘർഷങ്ങൾ വരച്ചു കാട്ടുന്നതാണ്. തന്റെ പിതാവും സഹോദരനും തെരഞ്ഞെടുത്ത മീൻപിടുത്തത്തിന്റെ വഴിയിലേക്ക് തിരിയാൻ ആഗ്രഹിക്കാത്തൊരു വ്യക്തിയാണ് ആസിഫ് അവതരിപ്പിക്കുന്ന നിക്സൺ എന്ന കഥാപാത്രം. മോഡലിങാണ് തന്റെ വഴി എന്ന് തിരിച്ചറിവുള്ള നിക്സൺ, സിനിമാമേഖലയിൽ കേസ്റ്റ്യൂം ഡിസൈനറാവാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടിയുമായി പ്രണയത്തിലുമാണ്. താൻ ജനിച്ചതും വളർന്നു വന്നതുമായ സാമൂഹിക സാഹചര്യം ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലാണെങ്കിലും മീൻ പിടുത്തം എന്ന ജോലിയോട് താല്പര്യമില്ലാത്ത, അതിലേക്ക് തിരിയാൻ തന്നെ പ്രേരിപ്പിക്കുന്ന അപ്പനോടും ചേട്ടനോടും എല്ലായ്പ്പോഴും കലഹിക്കുന്ന ആളായാണ് നിക്സണെ സിനിമയിൽ കാണിക്കുന്നത്. ഇടയ്ക്കൊരു സീനിൽ തിളച്ചു മറിയുന്ന മീൻകറി രുചിച്ചുനോക്കി, “ഇന്ന് കിളിമീനാണല്ലോ” എന്നുപറയുന്ന നിക്സണെ നോക്കി, “കിളി മീനും അല്ലാത്ത മീനും തിരിച്ചറിയാൻ പോലും പറ്റാത്ത നീയൊരു കടപ്പുറത്തുകാരനാണോ” എന്ന് തമാശരൂപേണ ചോദിക്കുന്ന സഹോദരഭാര്യയുടെ കഥാപാത്രത്തെ കാണാനാവും. കൂടാതെ, പണിക്ക് വള്ളമിറക്കാനായി ഒരു കൈ സഹായത്തിന് കടപ്പുറത്ത് ഫുട്ബോൾ കളിച്ചുകൊണ്ടു നിന്ന നിക്സണെ വിളിക്കുമ്പോൾ ആ വിളി അവഗണിച്ച് കളി തുടരുന്ന നിക്സണെയും സിനിമയിൽ കാണാം. പരമ്പരാഗത മത്സ്യബന്ധന കുടുംബാംഗം എന്ന തന്റെ വ്യവസ്ഥാപിത ഐഡൻറിറ്റി മറികടന്ന്, താൻ തന്റെ തനത് തൊഴിലിന്റെയും അതിലെ ചട്ടക്കൂടുകളുടെയും ഉള്ളിലേക്ക് വരാൻ തയ്യാറല്ല എന്ന് ആവർത്തിച്ചു പറയുന്ന കഥാപാത്രമായാണ് സിനിമയുടെ ആദ്യപകുതിയിൽ നിക്സണെ അവതരിപ്പിക്കുന്നത്.

കയ്യടി വാങ്ങുന്ന രംഗങ്ങൾക്കപ്പുറത്തേക്ക് തീരദേശ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് വരുമ്പോൾ ജൂഡ് ആൻറണി ജോസഫിന്റെ ചിന്തകൾ പ്രബല ആഖ്യാനങ്ങൾക്കുള്ളിൽ തളയ്ക്കപ്പെട്ടുപോവുന്ന കാഴ്ചയാണ് സിനിമയിലുടനീളം കാണുന്നത്.

താൻ പ്രണയിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് കുടുംബാംഗങ്ങളുമായി നിക്സൺ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ പോവുമ്പോൾ, ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലേക്ക് മകളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ തയ്യാറല്ലെന്ന് പെൺകുട്ടിയുടെ പിതാവായി വേഷമിട്ട ജോയ് മാത്യു അവതരിപ്പിച്ച ചാണ്ടി എന്ന കഥാപാത്രം പറയുന്നുണ്ട്. കാലവർഷം വരുമ്പോൾ വീട്ടിലേക്ക്​ കടൽ കയറുന്ന ദുർഗതിയും ദുരിതാശ്വാസ ക്യാമ്പിലേക്ക് സ്ഥിരം പോവേണ്ടി വരുന്ന ഗതികേടുമുള്ള കുടുംബമാണ് നികസ്ണിന്റേത്​ എന്ന അപമാനം കേട്ട് തല താഴ്ത്തി ഇറങ്ങിപ്പോവുന്ന കുടുംബാംഗങ്ങളുടെ ദൃശ്യമാണ് തുടർന്ന് കാണുന്നത്. തന്റേതല്ലാത്ത കാരണത്താൽ അപമാനിതനാവേണ്ടി വന്നതിൽ ആസിഫിന്റെ കഥാപാത്രം വീട്ടിലുള്ളവരോട് തട്ടിക്കയറുമെന്നാണ് തൊട്ടടുത്ത സീനിൽ ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, അപ്പനും ചേട്ടനും ഇക്കാര്യമറിഞ്ഞെത്തിയ അയൽവക്കത്തുക്കാരോടുമൊപ്പം വിഷണ്ണനായി ഉമ്മറത്തിരിക്കുന്ന നിക്സൺ സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തി. നിക്സണിനോടോ അയാൾക്കൊരു സ്ഥിരജോലി ഇല്ലാത്തതിനോടോ ഒന്നും ചാണ്ടിയ്ക്ക് പ്രശ്നമില്ലെന്ന് അയാൾ തന്നെ തൊട്ടു മുൻപുള്ള രംഗത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്റെ അപ്പനും ചേട്ടനും മത്സ്യബന്ധനം എന്ന തൊഴിലിൽ ഏർപ്പെട്ടതു കൊണ്ടും തന്റെ കുടുംബം കടൽത്തീരത്ത് താമസിക്കുന്നവരായതുകൊണ്ടുമാണ് ചാണ്ടി വിവാഹത്തെ എതിർക്കുന്നത് എന്ന് തിരിച്ചറിയുന്ന നിക്സൺ തന്റെ ആഭ്യന്തര സംവിധാനങ്ങളെ കുറ്റപ്പെടുത്തിയേക്കും എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ, തങ്ങൾ നേരിട്ട കളക്റ്റീവ് അപമാനത്തെ തുടർന്നുണ്ടായ വിഷമത്തിൽ അപ്പനും ചേട്ടനുമൊപ്പം നിക്സണും പങ്കെടുക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. മോഡലിങ് എന്ന പരമ്പരാഗതമല്ലാത്ത ജോലി തെരഞ്ഞെടുക്കുമ്പോഴും മത്സ്യത്തൊഴിലാളി എന്ന തന്റെ സ്വത്വബോധത്തെ നിഷേധിക്കാൻ നിക്സൺ തയ്യാറായിട്ടില്ലെന്ന് ആ രംഗം വ്യക്തമാക്കുന്നു.

അപ്പനും ചേട്ടനും മീൻപിടിക്കാൻ പോണമെങ്കിൽ പൊയ്ക്കോട്ടെ, പക്ഷേ താൻ ആ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നാണ് നിക്സന്റെ നയം. ഇതേ ചിന്താഗതി വച്ചുപുലർത്തുന്നവർ തന്നെയാണ് ഇന്ന് കേരളത്തിലെ മത്സ്യമേഖലയിൽ നിന്നുള്ള ഒട്ടുമിക്ക യുവാക്കളും. അതുകൊണ്ടുതന്നെ നികസന്റെ ഉള്ളിൽ നടക്കുന്ന ആഭ്യന്തര കലഹങ്ങളെ എനിക്ക് മനസിലാക്കാനുമാവും. സിനിമയുടെ രണ്ടാം പകുതിയിൽ തന്റെ വീട്ടിലുള്ളവരെപ്പോലും ഞെട്ടിച്ച്​, പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ അനേകം മത്സ്യത്തൊഴിലാളികളിലൊരാളായി നിക്സണും കൂട്ടത്തിൽ കൂടുന്നുണ്ട്. തന്റെ നാട്ടിൽ നിന്നെത്തിയവർക്കൊപ്പം സജീവമായി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിക്​സന്റെ ധൈര്യവും ഊർജ്ജസ്വലതയുമൊക്കെ പിന്നീട് പ്രേക്ഷകർ കാണുന്നുണ്ട്. എല്ലാറ്റിനുമൊടുവിൽ മുൻനിര ഫാഷൻ മാഗസിന്റെ കവർ ചിത്രമായി തന്റെ മുഖം പ്രസിദ്ധീകരിച്ചു വരുന്നതോടെ നിക്സൺ എന്ന മോഡലിന്റെ കരിയർ ഏതു മാർഗത്തിലേക്ക് പോയി എന്ന് പ്രേക്ഷകന് കാട്ടികൊടുക്കുന്നുണ്ട്. പക്ഷേ, മോഡലിങിൽ ചുവട് വയ്ക്കുന്നതിനൊപ്പം മത്സ്യബന്ധനത്തിലേക്കും നിക്സൺ തിരിയുന്ന കാഴ്ച്ച കാണിച്ചാണ് സിനിമ അവസാനിക്കുന്നത്. നിങ്ങൾ ലോകം അറിയുന്ന മോഡൽ ആയാലും നിങ്ങളുടെ തനത് തൊഴിലായ മത്സ്യബന്ധനം നിങ്ങൾ തുടർന്നേ മതിയാവൂ എന്ന സന്ദേശത്തിനൊപ്പം കയ്യടിക്കാൻ എനിക്ക് സത്യത്തിൽ താല്പര്യമില്ല.

പൊതുസമൂഹത്തിന് ക്യാമ്പുവാസങ്ങൾ ജീവിതത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണെങ്കിൽ, തീരദേശവാസികൾക്ക് അത് ജീവിതത്തിലെ ഒരു നിത്യയാഥാർത്ഥ്യമാണ്​. അതിൽ മഹത്വവൽക്കരിക്കാൻ യാതൊന്നുമില്ലെന്ന് 2018- ന്റെ അണിയറ പ്രവർത്തകർ തിരിച്ചറിയേണ്ടതായിരുന്നു.

പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങളാവാം മീൻപിടുത്തം എന്ന തൊഴിലിനോടുള്ള നിക്സന്റെ മനോഭാവത്തെ മാറ്റിയത് എന്നാണ് സിനിമ പറയാതെ പറയുന്നത്. പ്രളയത്തിൽ രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്നു വിളിച്ച് മാലയും പൊന്നാടയും നൽകി സ്വീകരിച്ച കേരളത്തിലെ മുഖ്യധാരാ സമൂഹം, പ്രളയാനന്തരം മത്സ്യബന്ധനം എന്ന തൊഴിലിനോടുള്ള അവരുടെ കാഴ്ച്ചപ്പാടിൽ മാറ്റം വരുത്തിയിരുന്നെങ്കിൽ നിക്സന്റെ ഈ വീണ്ടുവിചാരത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടെന്ന് കരുതാമായിരുന്നു. നിക്സണെ തുടക്കം മുതൽ മത്സ്യബന്ധനം എന്ന തൊഴിലിൽ നിന്നകറ്റിയത് ആ ജോലിയോട് പൊതുസമൂഹം വച്ചുപുലർത്തുന്ന സ്റ്റിഗ്മയാണ്. നിക്സണെപ്പോലെ തീരപ്രദേശത്തുള്ള യുവാക്കളിൽ പലരും മീൻപിടിക്കാൻ പോവുന്നതിലെ സാമൂഹിക അപമാനത്തെ ഭയന്നു തന്നെയാണ് തങ്ങളുടെ പൂർവ്വികരുടെ പാത പിന്തുടരാൻ ശ്രമിക്കാതിരിക്കുന്നത്. ഒരു പ്രളയം കൊണ്ട് ഈ നാട്ടിൽ ഒന്നും മാറിയിട്ടില്ല. ഇവിടുത്തെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച കയ്യടിയും പ്രശംസയുമൊക്കെ നൈമിഷികം മാത്രമായിരുന്നു എന്നും മത്സ്യത്തൊഴിലാളികളോടും മീൻപിടുത്തം എന്ന തൊഴിലിനോടുമുള്ള പൊതുമനോഭാവത്തിൽ അടിസ്ഥാനപരമായ യാതൊരു മാറ്റവും ഇന്നും സംഭവിച്ചിട്ടില്ലെന്നതുമാണ് യാഥാർത്ഥ്യമെന്നിരിക്കേ, നികസ്ൺ പെട്ടെന്ന് മത്സ്യത്തൊഴിലാളിയായി മാറുന്ന കാഴ്ച്ച ദഹിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഒന്നുകിൽ, നിങ്ങളെത്ര വലിയവരായാലും നിങ്ങളുടെ പരമ്പരാഗത തൊഴിൽ മറക്കരുത് എന്ന ബ്രാഹ്മണിക്കൽ ചിന്താഗതിയാവാം നിക്സണെക്കൊണ്ട് മീൻവല വലിക്കാൻ ജൂഡ് ആൻറണിയെ പ്രേരിപ്പിച്ചത്. അതല്ലെങ്കിൽ പ്രളയത്തിൽ രക്ഷാപ്രവർത്തകരായതോടെ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ അന്നുവരെ അനുഭവിച്ചു വന്ന അരികുവൽക്കരണവും സ്റ്റിഗ്മയും ഒറ്റയടിക്ക് ആവിയായിപ്പോയെന്ന തെറ്റിദ്ധാരണയാവാം അങ്ങനെയൊരു വഴിത്തിരിവിന് കാരണം. രണ്ടിലേതായാലും ആ ചിന്താഗതിയിൽ പ്രശ്നമുണ്ടെന്ന് പറയേണ്ടി വരും.

ഈ സിനിമയിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധാനത്തിൽ എനിക്കേറ്റവും വിമർശനം തോന്നിയത് ലാലും നരെയ്നും ആസിഫ് അലിയുമെല്ലാം അടങ്ങുന്ന കുടുംബത്തിലെ മരുമകളുടെ വേഷം അവതരിപ്പിച്ച നിലീൻ സാന്ദ്ര, ദുരിതാശ്വാസ ക്യാംപുകളെപ്പറ്റി പറഞ്ഞു വച്ച ഒരു രംഗത്തോടാണ്. നിക്സന്റെ വിവാഹക്കാര്യം സംസാരിക്കാൻ ചെന്ന് അപമാനിക്കപ്പെട്ടതിന് പിന്നാലെ വിഷമിച്ചിരുന്ന കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാൻ ഒരു മത്സ്യബന്ധന ഗ്രാമത്തിൽ/കമ്മ്യൂണിറ്റിയിൽ ജീവിക്കുന്നതിലെ അഭിമാനത്തെപ്പറ്റി അവർ സംസാരിക്കുന്നതാണ് സന്ദർഭം. മലയോര മേഖലയായ കോതമംഗലത്തു നിന്നും കൊല്ലത്തെ തീരപ്രദേശത്തേക്ക് വിവാഹം കഴിച്ചെത്തിയതോടെ താൻ അനുഭവിക്കുന്ന സന്തോഷങ്ങളെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും വാതോരാതെ സംസാരിക്കുകയാണ് ടീന എന്ന കഥാപാത്രം. സ്ഥലപരിമിതിയിൽ തിങ്ങി ജീവിക്കുന്ന തരം ജീവിത സാഹചര്യങ്ങളുള്ളതുകൊണ്ടു തന്നെ തീരപ്രദേശങ്ങളിലെ സാമൂഹിക ഇഴയടുപ്പം കുറേക്കൂടി ദൃഢമായിരിക്കുമെങ്കിലും അവിടെ താമസിക്കുന്നവർക്ക്, സവിശേഷിച്ച് സ്ത്രീകൾക്ക് സ്വകാര്യതയുടെ അപര്യാപ്തത വലിയ പ്രശ്നമായി തോന്നിയേക്കാം എന്നതാണ് വാസ്തവം. കടപ്പുറത്തെ മനുഷ്യർക്കിടയിലെ അടുപ്പവും ഐക്യവുമൊക്കെ മഹത്വവൽക്കരിക്കുന്ന കൂട്ടത്തിൽ അവിടുത്തെ അടിസ്ഥാന പ്രശ്നമായ ഭൂമിയുടെ അപര്യാപ്തത എന്ന സ്ഥാപനവൽകൃത പ്രശ്നം മുങ്ങിപ്പോവുന്നതായി തോന്നി.

നിലീൻ അവതരിപ്പിച്ച കഥാപാത്രം പറഞ്ഞ ഡയലോഗുകളിൽ കൂടുതൽ പ്രശ്നം തോന്നിയത്, മഴക്കാലത്ത് വീട്ടിൽ കടൽ കയറുമ്പോൾ തീരദേശവാസികളെല്ലാവരും കൂടി ഒത്തുകൂടുന്ന സ്കൂളിലെ ദുരിതാശ്വാസ ക്യാംപുകളുടെ കാര്യമാണ്. ‘‘എല്ലാരും കൂടി കൊറേ ദിവസം ഡാൻസും പാട്ടും ഒരുമിച്ച് ഭക്ഷണം വയ്പ്പുമൊക്കെയായി സന്തോഷിച്ച് കഴിയുന്ന ക്യാമ്പു’’കളെപ്പറ്റിയാണ് ടീന വിവരിക്കുന്നത്. കേരളത്തിലെ ഏത് തീരദേശവാസികൾക്കാണ് ദുരിതാശ്വാസ ക്യാംപുകളിലെ ദിവസങ്ങളെ ഇങ്ങനെ വർണിക്കാനാവുന്നതെന്ന് എനിക്ക് സത്യമായും മനസിലാവുന്നില്ല. നമ്മുടെ സുരക്ഷിത ഇടങ്ങളെന്ന് നാം കരുതുന്ന വീടുപേക്ഷിച്ച് സർക്കാർ ചെലവിൽ, പരിമിതികൾക്കുള്ളിൽ ജീവിക്കേണ്ട സാഹചര്യമാണ് ദുരിതാശ്വാസ ക്യാംപുകൾ സമ്മാനിക്കുന്നത്. പലപ്പോഴും ധൃതി പിടച്ചിട്ടാവും സ്വന്തം വീടുപേക്ഷിച്ച് മനുഷ്യർ ക്യാമ്പിലേക്ക് എത്തിപ്പെടുന്നത്. വീട്ടിൽ നിന്ന് ക്യാമ്പിലേക്ക് പോരുമ്പോൾ എടുക്കാൻ വിട്ടുപോയ സാധന സാമഗ്രികളെപ്പറ്റി ഓർത്തും ഒരായുസിന്റെ മുഴുവൻ സമ്പാദ്യവും കടൽ കൊണ്ടുപോവുമോ എന്ന് ഭയന്നും ക്യാമ്പിൽ ലഭിക്കുന്ന പരിമിതമായ ഭക്ഷണ, ടോയ്ലെറ്റ് സൗകര്യങ്ങളിൽ പരാതി പറയാതെ തള്ളി നീക്കിയുമൊക്കെയാണ് തീരത്തെ മനുഷ്യർ ക്യാമ്പുകളിൽ കഴിഞ്ഞു കൂടുന്നത്. കൊവിഡ് കാലത്തെ സി എഫ് എൽ റ്റി സികളിലും പ്രളയ കാലത്തെ ദുരിതാശ്വാസ ക്യാമ്പുകളിലും ചെലവഴിച്ചിട്ടുള്ളവർക്ക് അവയെപ്പറ്റി ഇങ്ങനെ മഹത്വവൽക്കരിക്കാൻ സാധിക്കുമോ? പൊതുസമൂഹത്തിന് അത്തരം ക്യാമ്പുവാസങ്ങൾ ജീവിതത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണെങ്കിൽ, തീരശോഷണമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന തീരദേശവാസികൾക്ക് അത് ജീവിതത്തിലെ ഒരു നിത്യയാഥാർത്ഥ്യമാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. അതിൽ മഹത്വവൽക്കരിക്കാൻ യാതൊന്നുമില്ലെന്ന് 2018- ന്റെ അണിയറ പ്രവർത്തകർ തിരിച്ചറിയേണ്ടതായിരുന്നു.

ഉപരിപ്ലവമായ കഥ പറച്ചിലിനപ്പുറത്തേക്ക് വിഷയങ്ങളുടെ സമഗ്രതയിലേക്ക് പോവുന്നതിൽ ഈ സിനിമ പരാജയപ്പെട്ടു. അതുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ കടലിലകപ്പെട്ടു പോവുമ്പോൾ നമ്മുടെ രക്ഷാസൈന്യങ്ങൾ നിസ്സഹായരായി നോക്കിനിൽക്കുന്ന കാഴ്ച സിനിമയിലുണ്ടാവാതെ പോവുന്നത്.

കേരളത്തിലെ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതം പ്രമേയമായ സിനിമകളെടുത്താൽ, സമീപകാലത്ത് മലയാള സിനിമയിൽ നിർമിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഭേദപ്പെട്ടൊരു സിനിമയാണ് 2018 എന്ന് പറയാം. പക്ഷേ അപ്പോഴും ഈ കമ്മ്യൂണിറ്റിയുടെ ജീവിതത്തെ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കാൻ പൂർണമായും സാധിച്ചിട്ടില്ലെന്ന് പറയേണ്ടിവരും. പ്രളയ കാലത്ത് ഏറെ പറഞ്ഞുകേട്ട മത്സ്യത്തൊഴിലാളികളുടെ പരസഹായ മനസ്ക്കതയും ഏത് വെല്ലുവിളികളെയും അവഗണിച്ച് മുന്നോട്ടു പോവാനുള്ള അവരുടെ ധൈര്യത്തെയുമൊക്കെ ആവോളം ഉയർത്തിക്കാട്ടിയാണ് സിനിമ മുന്നോട്ടു പോവുന്നത്. തങ്ങളെ അപമാനിച്ച് വിട്ട ജോയ് മാത്യുവിന്റെ കഥാപാത്രം പ്രളയത്തിൽ സ്വന്തം വീട് മുങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോവുന്നതും വഴിയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് നിൽക്കുകയായിരുന്ന ലാലിനെ നോക്കി കൈ കൂപ്പുന്നതും പോലുള്ള ദൃശ്യങ്ങളൊക്കെയും കാണികളുടെ കയ്യടികൾ ധാരാളം വാങ്ങിക്കൂട്ടാൻ സിനിമയുടെ അണിയറ പ്രവർത്തകരെ സഹായിച്ചിട്ടുണ്ടാവും. എന്നാൽ കയ്യടി വാങ്ങുന്ന രംഗങ്ങൾക്കപ്പുറത്തേക്ക് തീരദേശ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് വരുമ്പോൾ ജൂഡ് ആൻറണി ജോസഫിന്റെ ചിന്തകൾ പ്രബല ആഖ്യാനങ്ങൾക്കുള്ളിൽ തളയ്ക്കപ്പെട്ടുപോവുന്ന കാഴ്ചയാണ് സിനിമയിലുടനീളം കാണുന്നത്. ഉപരിപ്ലവമായ കഥ പറച്ചിലിനപ്പുറത്തേക്ക് വിഷയങ്ങളുടെ സമഗ്രതയിലേക്ക് പോവുന്നതിൽ ഈ സിനിമ പരാജയപ്പെട്ടു. അതുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ കടലിലകപ്പെട്ടു പോവുമ്പോൾ നമ്മുടെ രക്ഷാസൈന്യങ്ങൾ നിസ്സഹായരായി നോക്കിനിൽക്കുന്ന കാഴ്ച സിനിമയിലുണ്ടാവാതെ പോവുന്നത്. പകരം അവരെ തിരഞ്ഞുപോവുന്ന മത്സ്യത്തൊഴിലാളികളുടെ ധീരതയെ ഉഗ്രൻ പശ്ചാത്തല സംഗീതത്തോടെ ചിത്രീകരിച്ചുവച്ചിരിക്കുന്നത്. അവർക്ക് കൂടെയുള്ളവരെ തിരഞ്ഞ് കടലിൽ പോവേണ്ടി വരുന്നത് അവരുടെ സാഹസിക മനോഭാവം കൊണ്ടല്ല, പകരം ഗതികേട് കൊണ്ടാണെന്ന് തിരിച്ചറിയാതെ പോവുന്നതാണ് അതിന് കാരണം. ക്യാമ്പുകൾ മത്സ്യത്തൊഴിലാളികൾക്ക് ഒത്തുകൂടാനും ഉല്ലസിക്കാനുമുള്ള ഇടങ്ങളാണെന്ന ചിന്തയും ഈ ശക്തമായ മുഖ്യധാരാ ചിന്താഗതിയിൽ നിന്ന് വരുന്നതാണ്.

ഒരു കച്ചവട സിനിമയിൽ നിന്ന് ഇതിലപ്പുറത്തേക്ക് പ്രതീക്ഷിക്കുന്നത് ശരിയാണോ എന്ന ചോദ്യം ഉണ്ടായേക്കാം. പക്ഷേ സിനിമ മനുഷ്യരുടെ ചിന്താഗതിയെ വളരെ കാര്യമായി സ്വാധീനിക്കുന്ന മാധ്യമമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു കമ്മ്യൂണിക്കേഷൻ സ്കോളർ കൂടിയായതിനാൽ കേരളത്തിലെ വലിയൊരു വിഭാഗം മനുഷ്യരും കണ്ട സിനിമ എന്ന നിലയിൽ 2018 ലെ മത്സ്യത്തൊഴിലാളികളുടെ പ്രാതിനിധ്യത്തെ പ്രശ്നവൽക്കരിക്കേണ്ടതുണ്ടെന്ന് തോന്നലാണ് എന്നെ ഈ ലേഖനമെഴുതാൻ പ്രേരിപ്പിച്ചത്​.

Comments