‘തൊഗാരി’ മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ ബദൽ, അതിന്റെ രാഷ്​ട്രീയം

കേവലമായ ബോധനസമ്പ്രദായത്തില്‍ നിന്ന്​ വ്യത്യസ്തമായൊരു വിദ്യാഭ്യാസരീതി, പ്രത്യേകിച്ച് ആദിവാസി മേഖലയില്‍, വരേണ്ടതിന്റെ ആവശ്യകത ശക്തമായി അവതരിപ്പിക്കുന്ന ഡോക്യുമെൻററിയാണ്​ ട്രൂകോപ്പിയുടെ ‘തൊഗാരി’.

ടയാളപ്പെടുത്തലിന്റെയും അതിജീവനത്തിന്റെയും പാതയായി കലയെ ഉപയോഗപ്പെടുത്തി എന്നത് മാനവരാശിയുടെ വളര്‍ച്ചയുടെ കാതല്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രക്രിയയാണ്. ജീവിതം വഴിമുട്ടിയവരുടെയും വളര്‍ച്ച മുരടിച്ചവരുടെയും കല അവരുടെ ജീവിതം തന്നെയാണ്. അവര്‍ ആത്മാവിഷ്‌കാരത്തിന്റെ ക്യാന്‍വാസുകളാക്കി മാറ്റുന്നത് മെയ്യും സ്വരവും തന്നെയാണ്. പിന്നീടത് നമ്മള്‍ ഇന്നു കാണുന്ന ദൃശ്യ-ശ്രാവ്യ കലയുടെ നൂതനമായ സങ്കേതങ്ങളിലേക്ക് പറിച്ചുനടപ്പെടുകയാണുണ്ടായത്. മാനവരാശിയുടെ ആ ദീര്‍ഘമേറിയ വളര്‍ച്ചാപാതയുടെ ഇടയിലെവിടെയോ ഒരു മൈല്‍കുറ്റി നാട്ടുകയാണ് ട്രൂകോപ്പിയുടെ ‘തൊഗാരി’ എന്ന ഡോക്യുമെൻററി.

ആദിവാസി വിദ്യാര്‍ത്ഥികളുടെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്​ കാഴ്ചയുടെ പുറംലോകത്തേക്കുള്ള ഈ യാത്രയില്‍ അവരുടെ പുതിയ കാഴ്ചകളെയും പഴയ ജീവിതത്തെയും ഡോക്യുമെന്ററി കൂട്ടിയിണക്കുന്നു.

‘റീ ഡ്രോയിങ് ദ ലൈഫ്’ എന്ന ടാഗ് ലൈനോടെ 2023 മെയ് ഒന്നിന്​ പുറത്തിറങ്ങിയ ഈ ഡോക്യുമെന്ററിക്ക് അതിജീവനത്തിന്റെയും അധ്യാപനത്തിന്റെയും നിര്‍മ്മലമായൊരു കഥ പറയാനുണ്ട്. ഷെഫീഖ് താമരശ്ശേരി നിര്‍മ്മിച്ച ഡോക്യുമെന്ററി ആസ്വാദനത്തിനപ്പുറം ബദല്‍ വിദ്യാഭ്യാസ സമ്പ്രദായം തന്നെ മുന്നോട്ടുവയ്ക്കുന്നു. ജീവിതത്തിന്റെ പുനര്‍ചിത്രീകരണം തന്നെയാണ് ‘തൊഗാരി’. ആദിവാസി മേഖലയിലെ പ്രധാന കൃഷിയിനമായ തൊഗാരി അഥവാ തുവര അവരുടെ ജീവിതത്തോട് എത്രമാത്രം അടുത്തുനില്‍ക്കുന്നുവോ അത്രയും തന്നെ ‘തൊഗാരി’ എന്ന ഡോക്യുമെന്ററിയും ആദിവാസി വിദ്യാര്‍ത്ഥി ജീവിതങ്ങളുമായി അടുത്തുനില്‍ക്കുന്നു.

പ്രിയ ടീച്ചര്‍
പ്രിയ ടീച്ചര്‍

ആദിവാസി മേഖലയിലെ കുട്ടികള്‍ നേരിടുന്ന ജീവിത വെല്ലുവിളികള്‍, അവരുടെ കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍ ഇതിന്റെയൊക്കെയൊരു സൂക്ഷ്മാംശം ‘തൊഗാരി’ പകര്‍ത്തുന്നുണ്ട്. അഗസ്ത്യ സൂര്യയുടെ ക്യാമറാ ചിത്രങ്ങള്‍ മര്‍ഷൂക് ഭാനുവിലൂടെ സംയോജനം ചെയ്ത് കാഴ്ച്ചക്കാരില്‍ പുത്തനൊരനുഭവം സൃഷ്ടിക്കുന്നുണ്ട് ‘തൊഗാരി.’

വടക്കഞ്ചേരി ജി.എം.ആര്‍.എസിലെ കുട്ടികള്‍ക്കിടയിലേക്ക് പ്രിയ എന്ന ചിത്രകലാധ്യാപിക എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന ചലനങ്ങളുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ ചിത്രകലയിലൂടെ വളര്‍ച്ചയുടെ പുതുവഴികള്‍ തേടുന്നതും, സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന്​ അവര്‍ നേടുന്ന ചെറിയ വലിയ വിജയങ്ങളുമാണ് പ്രമേയത്തിന് ആക്കം കൂട്ടുന്നത്. ചാലക്കുടി ആര്‍ട്​സ്​ ഗാലറിയിലെ കുട്ടികളുടെ 'തൊഗാരി' എന്ന ചിത്രപ്രദര്‍ശനത്തിനുശേഷം മട്ടാഞ്ചേരിയിലേ ആഴി ആര്‍ക്കേവ്‌സില്‍ വച്ച് നടന്ന ചിത്രപ്രദര്‍ശനത്തിലേക്കുള്ള കുട്ടികളുടെയും പ്രിയ എന്ന ചിത്രകലാധ്യാപികയുടെയും യാത്രയാണ് ഈ ഡോക്യുമെന്ററി. ആദിവാസി വിദ്യാര്‍ത്ഥികളുടെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്​ കാഴ്ചയുടെ പുറംലോകത്തേക്കുള്ള ഈ യാത്രയില്‍ അവരുടെ പുതിയ കാഴ്ചകളെയും പഴയ ജീവിതത്തെയും ഡോക്യുമെന്ററി കൂട്ടിയിണക്കുന്നു.

ഡോക്യുമെന്ററി മുന്നോട്ടുവയ്ക്കുന്ന ഏറ്റവും മുഖ്യമായൊരാശയം കാഴ്ചകളാണ്. ചിത്രകലയുടെ ആത്മാവ് തന്നെ കാഴ്ച എന്ന സങ്കേതമായതുകൊണ്ടുതന്നെ അതിന്റെ വികാസം മനുഷ്യജീവിതങ്ങളെ എത്രത്തോളം സ്വാധീനിക്കും എന്ന വസ്തുത ‘തൊഗാരി’ പറയാതെ പറയുന്നുണ്ട്. മുളങ്കാടുകളും ആനക്കൂട്ടങ്ങളും വേഴാമ്പലുകളും പ്രമേയമാകുന്ന കുട്ടികളുടെ ചിത്രങ്ങളിലേക്ക് നഗരത്തിന്റെ കാഴ്ചകള്‍ കൂടി പകര്‍ത്തപ്പെടുന്നതിനാവശ്യമായ വലിയ കാഴ്ചകളാണ് പ്രിയ ടീച്ചര്‍ ആ യാത്രയിലൂടെ നിര്‍മ്മിച്ചുനല്‍കുന്നത്. കുട്ടികളുടെ കാഴ്ചകളുടെ മാറ്റത്തിനൊപ്പം തന്നെ അധ്യാപനത്തിന്റെയും, ആദിവാസി വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഉന്നമനത്തിനെകുറിച്ച് വിദ്യാഭ്യാസ മേഖലയുടെ കാഴ്ചപ്പാടുകളും വികസിക്കേണ്ടതുണ്ടെന്ന പ്രധാനപ്പെട്ടൊരാശയം കൂടി ‘തൊഗാരി’ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ അവരുടെ ജീവിതവുമായി ഒട്ടിച്ചേര്‍ന്നു കിടക്കുന്നവയാണ്.

കേവലമായ ബോധനസമ്പ്രദായത്തില്‍ നിന്ന്​ വ്യത്യസ്തമായൊരു വിദ്യാഭ്യാസ രീതി, പ്രത്യേകിച്ച് ആദിവാസി മേഖലയില്‍, വരേണ്ട ആവശ്യകതയെ കുറിച്ച് ഏറെ കാലമായി നടന്നുവരുന്ന ചര്‍ച്ച ‘തൊഗാരി’യിലും ശക്തമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. കലാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഒരു സമൂഹത്തെ വളര്‍ത്തി കൊണ്ടുവരുന്നതില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ പറ്റുമെന്ന് പ്രീയ ടീച്ചറുടെയും കുട്ടികളുടെയും ജീവിതത്തിലൂടെ വ്യക്തമാവുന്നു.

Enter caption
Enter caption

ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ അവരുടെ ജീവിതവുമായി ഒട്ടിച്ചേര്‍ന്നു കിടക്കുന്നവയാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യത്തെ കുറിച്ചുള്ള ധാരണക്കുറവ്, പേരന്റിങ്ങിന്റെ ന്യൂനത, കുടുംബപരമായ പ്രശ്‌നങ്ങള്‍ തുടങ്ങി പൊതുസമൂഹത്തിന്റെ കേവല ധാരണകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ആദിവാസി വിദ്യാര്‍ത്ഥി സമൂഹത്തിനുണ്ട്. അവിടെയാണ് കലാധിഷ്ഠിത വിദ്യാഭ്യാസം എന്ന സമ്പ്രദായത്തിന്റെ വേരുറക്കുന്നത്.

പ്രിയ ടീച്ചര്‍ തന്റെ മുന്നിലെ വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുപയോഗിച്ച ചിത്രകല പോലെ സംഗീതവും നൃത്തവുമൊക്കെ ആദിവാസി സമൂഹത്തിന്റെ ജീവിതചക്രത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളവയാണ്. അവ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ രൂപപ്പെടുത്തുകയാണ് വേണ്ടത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ. ആര്‍. സുനിലിനെയും ആഴി ആര്‍കേവ്‌സിലെ റിയാസ് കോമുവിനെയും പോലുള്ള കലാകാരന്മാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രോത്സാഹനത്തില്‍ നിന്നും ഇത്തരം സാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്നതിനെപ്പറ്റി പൊതുസമൂഹത്തിന് ചെറുതല്ലാത്തൊരു പഠനം നടത്താനുണ്ട്.

വിദ്യാര്‍ത്ഥികള്‍ ആഴി ആര്‍ക്കേവ്സില്‍
വിദ്യാര്‍ത്ഥികള്‍ ആഴി ആര്‍ക്കേവ്സില്‍

‘തൊഗാരി’യോട് ഏകമായൊരെതിര്‍പ്പ് തോന്നിയത് ശാസ്ത്ര വിഷയങ്ങളും മറ്റും ഉള്‍ക്കൊള്ളാന്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കാവുന്നില്ല എന്ന പ്രിയ ടീച്ചറുടെ അഭിപ്രായത്തോട് മാത്രമാണ്. അട്ടപ്പാടി ആദിവാസി മേഖലയിലെ വിദ്യാലയത്തിലെ അധ്യാപകന്‍ എന്ന നിലയില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ അസാമാന്യ ബുദ്ധി സാമര്‍ത്ഥ്യമുള്ളവര്‍ തന്നെയാണെന്ന് മനസ്സിലാക്കിയതുകൊണ്ടുതന്നെ ഈ അഭിപ്രായത്തോട് യോജിക്കാനാവുന്നില്ല. എന്നാല്‍, ശാസ്ത്ര, സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ പഠിക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന ബോധന പ്രക്രിയ അവരുടെ വൈദഗ്ധ്യത്തിന് വിരുദ്ധമായ രീതിയിലാണ് എന്നതാണ് പ്രശ്‌നം. പ്രിയ ടീച്ചറെ പോലെ കുട്ടികളെ എന്റെ മക്കള്‍ എന്ന് വിളിക്കാനാവുന്ന, കലാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാപ്തരായ അധ്യാപകരുണ്ടെങ്കില്‍ ഏതുതരം വിഷയങ്ങള്‍ പഠിക്കാനും അവര്‍ക്കാവും എന്നതാണ് സത്യം.

ശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും പുതിയ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വിദ്യാർഥികളെ പര്യാപ്തമാക്കുന്ന പ്രിയ ടീച്ചര്‍മാര്‍ ഉണ്ടാവുക എന്നതാണ് ആദിവാസി വിദ്യാഭ്യാസ മേഖലയുടെ ഉയിര്‍പ്പിനാവശ്യം.

വരയ്ക്കാനറിയാത്ത മദന്‍ എന്ന വിദ്യാര്‍ത്ഥിയെ മനോഹരമായ മുളകളുടെ ചിത്രം വരയ്ക്കുന്ന ചിത്രകാരനാക്കിയ പ്രീയ ടീച്ചറെ പോലെ, എഴുതാനറിയാത്ത മദന്മാരെ കണ്ടെത്തി കവിതകളും കഥകളുമെഴുതുന്ന എഴുത്തുകാരന്മാരെയും എഴുത്തുകാരികളെയും സൃഷ്ടിക്കാന്‍ പറ്റുന്ന പ്രിയ ടീച്ചര്‍മാരുണ്ടാവുകയാണ് വേണ്ടത്. ഇത്തരത്തില്‍ കുട്ടികളുടെ കാഴ്ചകളില്‍ നിന്നും കേള്‍വികളില്‍ നിന്നും ശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും പുതിയ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ അവരെ പര്യാപ്തമാക്കുന്ന പ്രിയ ടീച്ചര്‍മാര്‍ ഉണ്ടാവുക എന്നതാണ് ആദിവാസി വിദ്യാഭ്യാസ മേഖലയുടെ ഉയിര്‍പ്പിനാവശ്യം.

Comments