'അഞ്ചാം പാതിര' (2020, മിഥുൻ മനുവേൽ തോമസ്) എന്ന സിനിമയിൽ ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന ചെറുപ്പക്കാരനും സുന്ദരനും സമർത്ഥനുമായ 'ഹാക്കർ' കഥാപാത്രത്തിന് ചില പ്രത്യേകതകൾ ഉണ്ട്. കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഹാക്ക് ചെയ്യാനുള്ള മിടുക്ക് അയാളെ ക്രിമിനലും അതേസമയം നിഗൂഢനായ കുറ്റവാളിയെ പിടികൂടുന്നതിൽ അനിവാര്യ സിദ്ധിയുള്ളവനും ആക്കുന്നു.
നമ്മുടെ ഹാക്കറിന് തൊഴിലില്ല, പക്ഷേ 'പണി അറിയാവുന്നവൻ' അവനാണ്, അവനേയുള്ളൂ. എന്നുമാത്രമല്ല, ഇക്കാര്യം സ്വയം അറിയാം എന്നത് അവനെ ഒരു രസികനാക്കുന്നുണ്ട്, ഉന്മാദിയെപ്പോലെയാണ് അയാൾ എപ്പോഴും. അതുകൊണ്ട് തന്നെ, നമുക്കവനോട് തോന്നുന്നത്, അരവിന്ദന്റെ 'ഉത്തരായനം' (1975) എന്ന സിനിമയിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രതിനിധിയായ നായകൻ രവിയോട് തോന്നുന്ന അനുകമ്പാപൂരിതമായ താതാത്മ്യപ്പെടലല്ല, മറിച്ച് അല്പം ആരാധന കലർന്ന ഒന്നാണ്.
ചെറിയൊരു നായക പരിവേഷം ഈ കഥാപാത്രത്തിനുണ്ടെങ്കിലും (സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെപ്പറ്റിയും ഇങ്ങനെ പറയാം, പക്ഷേ പടം കാണാത്തവരുടെ രസം മുറിയുമെന്നതിനാൽ വേണ്ട; വായനക്കാർ വേണമെങ്കിൽ കമന്റ് സെക്ഷനിൽ വിളിച്ചുപറഞ്ഞ് ദ്രോഹിച്ചോ!) അവൻ 'ഹീറോ' ആകുന്നില്ല. മറിച്ച്, നമ്മളെപ്പോലെ ഒരാൾ എന്നാണ് തോന്നുക. പലപ്പോഴും ശ്രീനാഥ് ഭാസി മറ്റു പല സിനിമകളിലും ചെയ്തിട്ടുള്ള കഥാപാത്രങ്ങളെപ്പോലെ തന്നെ.
ഇന്ന് ഹാക്കിങ് എന്നത്, സാമൂഹ്യവിരുദ്ധ പ്രവൃത്തിയുടെ മാത്രമല്ല, വിപ്ലവത്തിന്റെയും പ്രതീകമാണ് താനും.
ഒന്നാലോചിച്ചാൽ, ഈ സിനിമ ലക്ഷ്യമിടുന്ന പ്രേക്ഷകരുടെ രൂപത്തിൽ മെനഞ്ഞ ഒരു കഥാപാത്രം ഇതിലുണ്ടെങ്കിൽ അത് ഭാസിയുടെ ഹാക്കർ ആണ് എന്ന് പറയാം; പൊതുവെ മറ്റെല്ലാ പ്രധാന കഥാപാത്രങ്ങളും ഏതെങ്കിലും വിധത്തിൽ നമ്മളെപ്പോലെയല്ലാത്തവരാണ്. അങ്ങനെ, ഒരേ സമയം ആർക്കും സാധിക്കാത്ത മാജിക് ചെയ്യാൻ അറിയുന്നവനും എന്നാൽ നമ്മളിലൊരുവനും. ഇത് ഈ കഥാപാത്രത്തെ വ്യത്യസ്തനാക്കുന്നു.
മണിരത്‌നം 1992ൽ സംവിധാനം ചെയ്ത 'റോജ' എന്ന ചിത്രത്തിലെ നായകനുമായി നമ്മുടെ ഹാക്കറെ തട്ടിച്ച് നോക്കിയാൽ ഇതെങ്ങനെ എന്ന് കൂടുതൽ വ്യക്തമാകും. റോജയിലെ രാജ്യസേവകനായ 'ടോപ് ക്രിപ്റ്റോളജിസ്റ്റും' നമ്മുടെ ഹാക്കർ കഥാപാത്രവും തമ്മിൽ ചില സമാനതകളും എന്നാൽ നിർണായക വ്യത്യാസങ്ങളുമുണ്ട്.
വിവരസാങ്കേതിക വിദ്യയും കമ്പ്യൂട്ടറും ഇന്റർനെറ്റും സവർണ-വരേണ്യ വർഗത്തിന് മാത്രം പ്രാപ്യമായിരുന്ന സമയത്താണ് റോജ ഇറങ്ങുന്നത്. അതിൽ അരവിന്ദ് സ്വാമി അഭിനയിച്ച ക്രിപ്റ്റോളജിസ്റ്റ് കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്ന അപൂർവം രംഗങ്ങളേ സിനിമയിൽ ഉള്ളൂ; അവയാവട്ടെ, ഇയാൾ ചെയ്യുന്ന ജോലിയെ കൂടുതൽ നിഗൂഢവൽക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്, അതുവഴി അല്പം മഹത്വവൽക്കരിക്കുകയും.
ഹാക്കർ കഥാപാത്രത്തെ കാണിക്കുന്ന രീതികളിലുമുണ്ട് നിഗൂഢതയും മഹത്വവത്കരണവും. പക്ഷേ, റോജയിലെ നായകൻ കമ്പ്യൂട്ടറിൽ നിഗൂഢമായി ചെയ്യുന്നതെന്തായിരിക്കാം എന്നതിനെപ്പറ്റി കാണികൾക്കുണ്ടാകാനിടയുള്ള ആശങ്കകളെ പൂർണമായും ഇല്ലാതാക്കുന്ന കാര്യം, അയാൾ രാഷ്ട്രത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന മുൻകൂർ അറിവാണ്. അതുകൊണ്ട് തന്നെ റോജയിലെ നായകൻ ചെയ്യുന്ന തൊഴിൽ പുതുമയുള്ളതായിരുന്നെങ്കിലും അതിനെ പ്രതിനിധീകരിച്ചിരിക്കുന്ന രീതി അക്കാലത്തെ ഇന്ത്യൻ മെലോഡ്രാമകളിൽ ക്ലീഷേ പോലെ കാണാറുള്ള ഡോക്ടർ, ബിസിനസ്സുകാരൻ, കോളേജ് പ്രൊഫസർ, സ്‌കൂൾ മാസ്റ്റർ, ജഡ്ജി, പോലീസ് ഉദ്യോഗസ്ഥൻ തുടങ്ങിയ നായക കഥാപാത്രങ്ങളുടെ തുടർച്ചയെന്ന പോലെയാണ്. ഈ തൊഴിലുകൾ നായക കഥാപാത്രങ്ങളെ സാധാരണക്കാരിൽ നിന്ന് അല്പം മുകളിൽ പ്രതിഷ്ഠിക്കുന്നു. കൂടാതെ, അവരെ രാഷ്ട്രനിർമാണത്തിന്റെ പ്രതിനിധികൾ ആക്കുന്നവയാണ് ഈ പ്രൊഫഷനുകൾ.
റോജായിലെ നായകനും ഇങ്ങനെ തന്നെയാണ് നമുക്ക് മുന്നിലെത്തുന്നത് - നമ്മളെക്കാൾ ഉയർന്നവൻ, രാഷ്ട്രത്തിന് വേണ്ടി പണിയെടുക്കുന്നവൻ. എല്ലാ അർത്ഥത്തിലും നായകൻ, ആരാധന അർഹിക്കുന്നവൻ, സുസ്ഥിരതക്ക് വേണ്ടി പ്രവർത്തിക്കുന്നവൻ.
കാലാൾപ്പടയും ഒളിപ്പോരാളിയും
എന്നാൽ നമ്മുടെ ഹാക്കറോ? സാധാരണ അവസ്ഥയിൽ അവൻ ക്രിമിനലാണ്, അഥവാ, അവന്റെ സാമാന്യ അസ്ഥിത്വം അരാജകവാദി എന്നതാണ്. പഠിച്ച പണിയിലുള്ള സാമർഥ്യം അവനെ വ്യവസ്ഥിതിക്ക് തുരങ്കം വെക്കുന്ന ഒരുവനാക്കി മാറ്റിയിരിക്കുന്നു; അതേസമയം ഇന്ന് ഹാക്കിങ് എന്നത്, സാമൂഹ്യവിരുദ്ധ പ്രവൃത്തിയുടെ മാത്രമല്ല, വിപ്ലവത്തിന്റെയും പ്രതീകമാണ് താനും. അതുകൊണ്ടുതന്നെ, അരാജകവാദി എന്ന അസ്തിത്വത്തിൽ നിന്ന് പൊടുന്നനെ രാഷ്ട്ര-സാമൂഹ്യ സേവനത്തിലേക്ക് എത്തുന്നതിന് അവന് അധിക ദൂരം സഞ്ചരിക്കേണ്ട, അടുത്ത നിമിഷം വീണ്ടും തിരിച്ചും.
ഒരേ സമയം രാഷ്ട്രത്തിന്റെയും ഡിജിറ്റൽ ഇക്കണോമിയുടെയും കാലാൾപ്പടയും, അടുത്ത നിമിഷം അവക്കെതിരെ വിപ്ലവം നയിക്കാൻ സാധ്യതയുള്ള ഒളിപ്പോരാളിയും ആണ് നാമെല്ലാവരും.
രസകരമായ കാര്യം, കാണികൾക്ക് ഇപ്പറഞ്ഞ അവസ്ഥയുമായി താതാത്മ്യപ്പെടാൻ ഹാക്കർ ആകേണ്ടതില്ല, സാദാ ഇന്റർനെറ്റ് യൂസർ ആയാൽ മതി എന്നതാണ്. കാരണം, ഒരു വശത്ത് ഇന്റനെറ്റിന്റെ സ്ഥിരം ഉപയോക്താവായി മാറിക്കൊണ്ട്, എല്ലാ ഇടപാടുകളും ഡിജിറ്റൽ ആയി ചെയ്തുകൊള്ളാമെന്നേറ്റുകൊണ്ട്, രാഷ്ട്ര-ലോക പുരോഗതിയിൽ പങ്കുകൊള്ളാൻ ഭരണകൂടങ്ങളും ഇന്നത്തെ അന്താരാഷ്ട്ര കമ്പനികളും നമ്മോട് ആവശ്യപ്പെടുന്നു. മറുവശത്ത്, ഇതേ ഭരണകൂടവും കമ്പനികളും നമ്മുടെ സർവസാധാരണമായ ദൈനംദിന ഡിജിറ്റൽ ആക്ടിവിറ്റികളെ/ഇടപാടുകളെ രാജ്യത്തിനും സമൂഹത്തിനും എതിരായ ആക്ടിവിസം/ഇടപെടലുകൾ ആയി മുദ്രകുത്തി ഏതുനിമിഷവും ആരെയും ക്രിമിനൽ ആക്കുകയും ചെയ്യും.
ഡിജിറ്റൽ കാലത്തെ നിലനിൽപ്പിന്റെ ഒരു സുപ്രധാന സവിശേഷതയായി, ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിക്കുന്ന ഒന്നായി, ഇതിനെ പരിഗണിക്കാം. ഇങ്ങനെയാണ് ഭാസിയുടെ ഹാക്കർ കഥാപാത്രത്തെ നമ്മുടെ ഇന്നത്തെ നിലനിൽപ്പിന്റെ തന്നെ ഒരു പരോക്ഷമായ പ്രതിഫലനമായി കണക്കാക്കാൻ പറ്റുന്നത്. ഒരേ സമയം രാഷ്ട്രത്തിന്റെയും ഡിജിറ്റൽ ഇക്കണോമിയുടെയും കാലാൾപ്പടയും, അടുത്ത നിമിഷം അവക്കെതിരെ വിപ്ലവം നയിക്കാൻ സാധ്യതയുള്ള ഒളിപ്പോരാളിയും ആണ് നാമെല്ലാവരും.
ഇതുപോലെ മറ്റൊരു സവിശേഷമായ രീതിയിലും ഭാസിയുടെ കഥാപാത്രം സാധാരണ ഇന്റർനെറ്റ് ഉപയോക്താവിന്റെ അവസ്ഥയുടെ സൂചകമാകുന്നുണ്ട്. നേരത്തെ ഉപയോഗിച്ച താരതമ്യത്തിന്റെ രീതി തുടർന്നുകൊണ്ട് ഇതെന്താണെന്ന് പറയാൻ ശ്രമിക്കാം. ഉദാഹരണത്തിന്, മുകളിൽ പരാമർശിച്ച തനി ഇന്ത്യൻ മെലോഡ്രാമകളിലെ കഥാനായകരെ ഒന്നുകൂടി ഓർക്കുക: ഡോക്ടർ, ജഡ്ജി, പ്രൊഫസർ, പോലീസ് ഉദ്യോഗസ്ഥൻ തുടങ്ങി, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ക്രിപ്റ്റോളജിസ്റ്റ് വരെ, എല്ലാവർക്കും തൊഴിൽ ഉണ്ട്, അതോടൊപ്പം സ്വകാര്യജീവിതവും ഉണ്ട്, ഇവയെ വേർതിരിക്കുന്ന ചില വരമ്പുകളും.
തൊഴിൽ എന്നത് പൊതുജീവിതത്തോടും വേതനത്തിന് പകരമായി മറ്റൊരാൾക്ക് വേണ്ടി ചെയ്യുന്ന അധ്വാനത്തിനോടും കൂടുതൽ ചേർന്ന് കിടക്കുമ്പോൾ, സ്വകാര്യത വിശ്രമത്തിന്റെയും സ്വന്തം കാര്യത്തിന്റെയും തലമാണ്. (ഈ രണ്ടിടങ്ങളിലും ആനന്ദവും സംതൃപ്തിയും കണ്ടെത്താനുള്ള സാധ്യതകൾ ഉണ്ട്, എന്നിരുന്നാലും തൊഴിലിടങ്ങൾ അവയെ നിരാകരിക്കുന്നു എന്നതാണ് ഭൂരിപക്ഷത്തിന്റെ അനുഭവം). പലപ്പോഴും ഈ രണ്ടു തലങ്ങൾ - തൊഴിലിന്റെയും, തൊഴിലിന് പുറത്ത് സ്വകാര്യതയുടെയും - തമ്മിലുള്ള പൊരുത്തക്കേടുകളോ ഉരസലുകളോ ഒക്കെയാണ് കഥയെ മുന്നോട്ട് നയിക്കുന്നത് തന്നെ. ഉദാഹരണങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ; ആണുങ്ങൾക്ക് തൊഴിൽ കേന്ദ്രീകരിച്ച് പൊതു ജീവിതവും തൊഴിലിന് പുറത്ത് സ്വകാര്യ ജീവിതവും ഉണ്ടെന്ന പൊതുബോധം അടിസ്ഥാനപ്പെടുത്തിയാണല്ലോ സാധാരണ സിനിമകൾ കഥാപാത്രങ്ങളെ വിഭാവനം ചെയ്യുന്നത്.
തൊഴിൽ 'സ്വ'കാര്യം
നമ്മുടെ ഹാക്കറിലേക്ക് തിരിച്ചുവരാം. അവന് സ്വകാര്യത ഉള്ളതായി സിനിമയിൽ കാണുന്നില്ല. എന്നാൽ അവന് തൊഴിലുമില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, 'തൊഴിലിന് പുറത്ത്' എന്ന ഒരിടമോ സമയമോ അവനില്ല, കാരണം തൊഴിലില്ലെങ്കിലും അവൻ ഫുൾ ടൈം പണിയിലാണ്. ഹാക്കറുടെ ജീവിതാനുഭവം യഥാർത്ഥത്തിൽ ഇങ്ങനെയൊക്കെ ആണോ അല്ലയോ എന്നതല്ല കാര്യം; പകരം, ഇന്ന് ബിടെക് പഠിച്ച് തൊഴിൽ ഇല്ലാതെ ഇരിക്കുന്ന, എന്നാൽ സ്വന്തം അവസ്ഥയെ എല്ലാവർക്കും ചിരിക്കാനുള്ള വിഷയം എന്ന രീതിയിൽ ട്രോളുകളും ഷോർട് ഫിലിമുകളും മീമുകളും ആക്കി ഇറക്കി, ഇന്റർനെറ്റിന്റെ പ്രധാന പ്രയോക്താക്കളായി മാറിയ നാട്ടിലെ മഹാഭൂരിപക്ഷം ചെറുപ്പക്കാരുടെ അവസ്ഥയുമായി ഇതിന് അടുത്ത സാമ്യമുണ്ടാകുന്നു എന്നതാണ് ശ്രദ്ധേയം.
സ്വകാര്യത കൂടുതൽ കൂടുതൽ പൊതുകാര്യം ആവുകയും തൊഴിൽ 'സ്വ'കാര്യമാവുകയും ചെയ്യുന്നതാണ് ഡിജിറ്റൽ കാലത്തെ അടയാളപ്പെടുത്തുന്നത് എന്ന് പറയാം.
അതേസമയം, ഇത് ഒരുകൂട്ടം ചെറുപ്പക്കാരുടെ മാത്രമായ ജീവിതാനുഭവമല്ല താനും. പിന്നെയോ, ഇന്ന് തൊഴിലുള്ളവർ ഉൾപ്പടെ ഏതാണ്ട് എല്ലാവരുടെയും അനുഭവമാണ്. എപ്പോഴും ഇന്റർനെറ്റിൽ നിർത്താതെ പണിയെടുത്തുകൊണ്ടിരിക്കുക എന്ന അനിവാര്യത; അതിലൂടെ, സ്വകാര്യതയും പൊതുമണ്ഡലവും തമ്മിൽ നേർത്തെങ്കിലും ഉണ്ടായിരുന്ന അതിർവരമ്പുകൾ ഒന്നൊന്നായി നമ്മൾ തന്നെ വേണ്ടായെന്ന് വെക്കുന്നതും ഇന്ന് എല്ലാവർക്കും അനുഭവവേദ്യമാകുന്ന മാറ്റമാണ്.
സമൂഹമാധ്യമങ്ങളിൽ സ്വകാര്യതയുടെ തുറന്നുകാട്ടൽ ഈ മാറ്റത്തിന്റെ ഏറ്റവും പ്രകടമായ അടയാളം മാത്രമാണ്. ഇന്നത്തെ മൊബൈൽഫോൺ കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടർ തന്നെയാണല്ലോ; നമ്മളെ നെറ്റ്‌വർക്ക് കണ്ണികളായി സദാസമയം നിലനിർത്തുന്ന ഈ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഓൺലൈനിൽ ഗെയിം കളിച്ചും, അറിവിന് ഗൂഗിളിനെ ആശ്രയിച്ചും, ലൈവായും ഷെയർ ചെയ്തും ഫ്രണ്ട്സ് ഉണ്ടാക്കിയും, സ്ട്രീം ചെയ്തും റേറ്റ് ചെയ്തും... അങ്ങനെ, ഡിജിറ്റൽ യുഗത്തിൽ നിർത്താതെ, സ്വമേധയാ, ആനന്ദകരവും സംതൃപ്തി നൽകുന്നതുമായ പണിയെടുക്കുക എന്നത് ഏറെക്കുറെ സർവരുടെയും അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ സ്വകാര്യത കൂടുതൽ കൂടുതൽ പൊതുകാര്യം ആവുകയും തൊഴിൽ 'സ്വ'കാര്യമാവുകയും ചെയ്യുന്നതാണ് ഡിജിറ്റൽ കാലത്തെ അടയാളപ്പെടുത്തുന്നത് എന്ന് പറയാം. ഈ മാറ്റത്തിന്റെ പരോക്ഷസൂചകമാണ് നമ്മുടെ ഹാക്കർ കഥാപാത്രത്തിന് സ്വകാര്യത ഇല്ല എന്നത്.
undefined
ചുരുക്കത്തിൽ, തൊഴിലില്ലായ്മ ഒരുവശത്ത്; അതേസമയം ആനന്ദകരമായ പ്രവൃത്തികളിൽ സദാസമയം ഏർപ്പെട്ടുകൊള്ളാൻ പ്രേരിപ്പിക്കുന്ന ഡിജിറ്റൽ ഇക്കണോമിക്ക് വേണ്ടി സ്വമേധയാ പ്രവർത്തിച്ചും, അതിൽ ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും ആനന്ദം ഒരേപോലെ കണ്ടെത്തിയുമുള്ള നിലനിൽപ് മറ്റൊരു വശത്ത്.
'അഞ്ചാം പാതിര'യിൽ ഒരു ഘട്ടത്തിൽ, കുറ്റവാളിയെ കവച്ചുവെക്കുന്ന രീതിയിൽ തന്റെ സാമർഥ്യം പ്രകടിപ്പിക്കാൻ സ്വയം മതിമറന്നപോലെ നമ്മുടെ ഹാക്കർ ആവേശം കൊള്ളുന്നത് കാഴ്ചക്കാരെ ത്രിൽ അടിപ്പിക്കുന്ന രംഗമാണ്. പോലീസിന്റെ ഭീഷണിപ്പുറത്ത് പോലീസിനുവേണ്ടി ചെയ്യുന്നത് എന്നതിൽ നിന്ന് മാറി, അവന്റെ സ്വന്തം പണി ആയി മാറുന്നപോലെ. ബന്ധനാവസ്ഥയും ആത്മാവിഷ്‌കാരത്തിന്റെ പരമാനന്ദവും ഒരേപോലെ അനുഭവിക്കുന്നതുപോലെ. അല്ലെങ്കിൽ, ആത്മാവിഷ്‌കാരത്തിന്റെ ആനന്ദത്തിൽ സ്ഥിരബന്ധിതരായ നമ്മളെയെല്ലാം പോലെ. ഇന്നത്തെ ഡിജിറ്റൽ ഇക്കോണമിയും നമ്മളുടെ കാമനകളും പരസ്പരം ആശ്രയിച്ചിരിക്കുന്നത് എങ്ങനെ എന്ന് സൂചിപ്പിക്കുന്ന ഒന്നാണിത്. നമ്മുടെ സ്വകാര്യതയും നിരന്തര അദ്ധ്വാനവുമാണ് ഡിജിറ്റൽ ഇക്കോണമി നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നതും നമ്മൾ സ്വമേധയാ നൽകുന്നതും.
ഈ മാറ്റം നമ്മുടെ സാമൂഹ്യശാസ്ത്ര പഠനങ്ങൾ കണ്ടും അടയാളപ്പെടുത്തിയും തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും ജനപ്രിയ സംസ്‌കാരം പരോക്ഷമായി ഇത്തരം അനുഭവങ്ങളെ പ്രതിഫലിപ്പിച്ച് തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമായാണ് 'അഞ്ചാം പാതിര'യിലെ ഹാക്കർ കഥാപാത്രത്തെ ഇവിടെ ഉപയോഗിച്ചത്.
ഈ മാറ്റങ്ങളെക്കുറിച്ച് അബോധതലത്തിൽ എങ്കിലും ഒരു പൊതുധാരണ ഉയർന്നു വന്നിട്ടുണ്ട് എന്ന് മറ്റു പല രൂപത്തിലും നമുക്ക് കാണാനാവും. ഉദാഹരണത്തിന്, ഇന്റർനെറ്റിൽ, പ്രത്യേകിച്ച് ട്രോൾ പേജുകളിൽ, സ്ഥിരമായി ഉപയോഗിച്ച് കാണുന്ന ചില പുത്തൻ പ്രയോഗങ്ങളായ 'പോസ്റ്റ് മുതലാളി' (എന്തെങ്കിലും ഉണ്ടാക്കി ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്നവൻ), 'കമന്റ് തൊഴിലാളി' (പോസ്റ്റുകൾക്ക് താഴെ കമന്റ് എഴുതുന്നവൻ), 'ലൈക് കൂലി' (ഇവിടെ കിട്ടുന്ന/കൊടുക്കുന്ന പ്രോത്സാഹനങ്ങളും പ്രതിഫലങ്ങളും) തുടങ്ങിയവയും സൂചിപ്പിക്കുന്നത് ഡിജിറ്റൽ ഇക്കണോമിയിലെ തൊഴിൽ, കൂലി, ആനന്ദം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അത്ര ചെറുതല്ലാത്ത ധാരണകൾ ഉണ്ട് എന്നതാണ്. പ്രത്യേകിച്ച്, ഇത്തരം മാറ്റങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തേണ്ട മാധ്യമപഠന മേഖലയുമായി തട്ടിച്ചു നോക്കുമ്പോൾ ഇവയെ രേഖപ്പെടുത്തുന്നതിൽ പൊതുബോധം അല്പം മുന്നിലാണ്.
ഇരുപത് വർഷം മുൻപ് ടിസിയാന ടെറനോവ എന്ന ഇറ്റാലിയൻ ഗവേഷക എഴുതിയ 'Free Labour: Producing Culture For the Digital Economy' എന്ന ലേഖനത്തിലെ ചില ആശയങ്ങൾ ഉപയോഗിച്ച് എഴുതിയ ഒരു കുറിപ്പാണിത്. ഇതിൽ പറയുന്ന കാര്യങ്ങളെ അവയുടെ പൂർണഗൗരവത്തിൽ മനസിലാക്കാൻ ടെറനോവയുടെ ലേഖനം തന്നെ വായിക്കുക, ഡൗൺലോഡ് ചെയ്യാനാവും. മനുഷ്യപ്രയത്നം, പൊതുസ്വത്ത് (commons) എന്നിവയെ കേന്ദ്രീകരിച്ച് വിവര സാങ്കേതിക വിദ്യയെ പഠിക്കുന്ന രീതിയാണ് ടെറനോവയുടേത്. ഇങ്ങനെ കാര്യങ്ങളെ പഠിക്കുന്ന രീതിക്ക് പറയുന്ന മറ്റൊരു പേരാണല്ലോ മാർക്സിസം.