വിസ്​മയിപ്പിച്ചാൽ മാത്രം മതിയോ സിനിമ?

സമൂഹത്തിലെ പല തുറകളിലുള്ളവരിൽ പ്രളയം തീർത്ത ഒട്ടേറെ കാര്യങ്ങൾ തിരിച്ചറിഞ്ഞ് കഥ മെനയുന്നതിനുപകരം സ്വീകരണമുറിയിലെ ദൃശ്യമാധ്യമക്കാഴ്ചകളിലൊക്കെ അഭിരമിച്ചുപോയ സിനിമയാണ്​ 2018. രക്ഷാപ്രവർത്തനങ്ങളിലെ ഗൗരവമാർന്ന മേഖലകളെ മനഃപൂർവ്വം തമസ്കരിക്കുന്നു ഈ സിനിമ, തമസ്കരിക്കുക മാത്രമല്ല, ഹാസ്യരംഗങ്ങളായി മാറ്റുകയും ചെയ്യുന്നു.

പ്രേക്ഷകരുടെ സ്വീകാര്യത ലഭിച്ച തട്ടുപൊളിപ്പൻ കച്ചവടസിനിമകൾ പലതും പുത്തൻ കംപ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ചവയായിരുന്നു. ബാഹുബലി, കെ.ജി.എഫ് എന്നിവയൊക്കെ അവയിൽ പെടും. 2018 എന്ന സിനിമയിലും അത്തരം സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. അത്തരം സാങ്കേതികവിദ്യകളെ പറ്റി ചിന്തിക്കാതെയും മനസ്സിലാക്കാതെയും അത്തരം സിനിമകൾ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയും.  അതേമട്ടിൽ തന്നെ സിനിമകൾ കാണുന്ന പ്രേക്ഷകരായ ബുദ്ധിജീവികൾക്കും അവരുടെ എതിരഭിപ്രായങ്ങൾ അറിയിക്കാം. അതിലുപരി സിനിമയിൽ ഉപയോഗിച്ച സാങ്കേതികവിദ്യകളെ പറ്റി അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കിയും പ്രേക്ഷകർക്ക് ആസ്വദിക്കുകയോ വിമർശിക്കുകയോ ചെയ്യാം. വലിയ നിലയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചു എന്നതുകൊണ്ട് ഒരു സിനിമ വിമർശിക്കപ്പെടാതിരിക്കേണ്ടതായ കാര്യമൊന്നുമില്ല.

എന്തുകൊണ്ട് 2018 എന്ന സിനിമ വിമർശിക്കപ്പെടുന്നു എന്നും സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന കംപ്യൂട്ടർ സാങ്കേതിക വശങ്ങളെ പറ്റി അറിവുണ്ടോ എന്നുമൊക്കെ വിമർശനങ്ങളെ എതിർക്കുന്നവർ സ്വയം ചിന്തിക്കേണ്ടതായ കാര്യങ്ങളാണ്.

2018 Malayalam Movie

2018 എന്ന വർഷം ലോകസിനിമകളുടെ കാര്യത്തിൽ കംപ്യൂട്ടർ സാങ്കേതികത തൊട്ടു മുമ്പുള്ള, വർഷങ്ങളെ അപേക്ഷിച്ച് വളരെയധികം ഉപയോഗിക്കാൻ തുടങ്ങിയ വർഷം കൂടിയാണത്രേ. ത്രീഡി ആനിമേഷൻ സിനിമകളൊക്കെ മുമ്പത്തേക്കാൾ വളരെയധികം പുറത്തിറങ്ങിയ വർഷമായിരുന്നത്രേ അത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് സിനിമകൾ ചെയ്യാനും തിരക്കഥ എഴുതാനുമൊക്കെ തുടങ്ങിയിട്ടുണ്ടത്രേ. വിഷ്വൽ ഇഫക്റ്റ്സും കംപ്യൂട്ടർ ജനറേറ്റഡ് ഇമേജറിയും ക്രോമ കീയിങ്ങുമൊക്കെ അടിസ്ഥാനപരമായി മനസ്സിലാക്കാൻ ഇക്കാലത്ത് ഇൻ്റർനെറ്റിൻ്റെ സഹായത്തോടെ ഏതൊരു വ്യക്തിക്കും കഴിയും. പക്ഷേ, പ്രേക്ഷകരിൽ ബഹുഭൂരിപക്ഷത്തിനും സിനിമ എന്നും വിസ്മയിപ്പിച്ചാൽ മാത്രം മതി. താദാത്മ്യപ്പെട്ടുകൊണ്ട് സിനിമ കാണിച്ചുനൽകുന്ന മറ്റൊരു ലോകത്തേക്ക് കൂടുവിട്ട് കൂടുമാറി തിരിച്ചുപോന്നാൽ മതി. അത്തരമൊരു വൈകാരികാവസ്ഥയെ സ്നേഹിക്കുന്നതിനാൽ സിനിമകളിൽ വന്ന പോരായ്മകളെ പറ്റി പറയുന്നവരോട്, മെച്ചപ്പെട്ട സിനിമ എടുക്കാനൊക്കെ ഐറണി ചേർത്ത് പറഞ്ഞെന്നും വരും. 

വൈകാരിക മേഖലകളിലും ദുരന്ത സമയങ്ങളിലുമൊക്കെ മന്യുഷ്യരിൽ എത്തരത്തിലാണ് ‘അമിഗ്ദല’ എന്ന മസ്തിഷ്ക ഭാഗം പ്രവർത്തിക്കുന്നത് എന്നതിനെ ഉൾക്കൊള്ളുന്ന തരത്തിലല്ല 2018 എന്ന മലയാള സിനിമ ഒരുക്കിയിട്ടുള്ളത്. പൊതുവെ കണ്ണ്, മൂക്ക്, ചെവി, ഹൃദയം, കരൾ, ശ്വാസകോശം എന്നൊക്കെ പറയുന്നതുപോലെ എഴുത്തിലും സംസാരത്തിലുമൊക്കെ അത്രമാത്രം ഉപയോഗിക്കുന്നതല്ല ‘അമിഗ്ദല’ എന്ന ഭാഗം എന്നതിനാൽ സിനിമയെ എതിർക്കാൻ പുതുതായി ഒരു ഭാഗത്തെ പറ്റി പറയുന്നു എന്ന ചിന്ത വന്നേക്കാം. പക്ഷേ, ജൂഡ് ആൻറണി ജോസഫും അഖിൽ ധർമ്മജനും ചേർന്ന് എഴുതിയ തിരക്കഥയിൽ, ‘അമിഗ്ദല’ എന്ന ഭാഗം മനുഷ്യരിൽ തീർക്കുന്ന ധൃതിയും ബദ്ധപ്പാടും വേവലാതികളും സങ്കടങ്ങളും വിക്ഷോഭങ്ങളും പോലുള്ള പലതും  കഴിഞ്ഞ് മനസ്​ സ്വസ്ഥമായി തീരുമാനങ്ങൾ എടുക്കുന്ന മേഖലകൾ പലതും തിരക്കഥയിൽ ചേരാത്ത വിധം ചേർത്തിട്ടുണ്ട് എന്നിടത്താണ് ആ ഭാഗത്തിൻ്റെ പ്രവർത്തങ്ങൾക്ക് പ്രസക്തി കൈവരുന്നത്. അതിനാലൊക്കെയാണ്  പ്രേക്ഷകശ്രദ്ധ നേടി വിജയിച്ചു നിൽക്കുമ്പോഴും ബുദ്ധിജീവികളുടെ വിമർശനങ്ങൾ പ്രസ്തുത സിനിമ നേരിടുന്നത്. പക്ഷേ, ബുദ്ധിജീവികൾ ആരും തന്നെ മനുഷ്യരിലെ ‘അമിഗ്‌ദല’യെ പറ്റി ചിന്തിക്കുന്നുമില്ല. അതിനാലൊക്കെ ബുദ്ധിജീവികൾ പലതും പറയും എന്നൊരു സമീപനം സിനിമക്കൊപ്പം നിൽക്കുന്നവരിൽ ചിലരെങ്കിലും മുന്നോട്ടുവെക്കുന്നുമുണ്ട്. ബുദ്ധിജീവികളും 2018 എന്ന സിനിമയിൽ പോരായ്മകളുണ്ടെന്ന് പറയുന്നുണ്ട് എന്നല്ലാതെ എന്താണ് പോരായ്മകൾ എന്ന് വ്യക്തമാക്കി നൽകുന്നുമില്ല.

അമിഗ്ദലയുടെ സ്ഥാനത്തിന്റെ ചിത്രീകരണം.

പക്ഷേ, ഒരു സിനിമയെ വിമർശിക്കാൻ ബുദ്ധിജീവി ആയിരിക്കേണ്ടതായ ആവശ്യമൊന്നുമില്ല. യുക്തിഭദ്രമെന്ന് തോന്നുന്ന കാര്യങ്ങൾ ഏതൊരു പ്രേക്ഷകർക്കും തുറന്നുപറയാൻ പറ്റുന്ന ഇടങ്ങൾ സമൂഹമാധ്യമങ്ങൾ സജീവമായ ഇക്കാലം തീർച്ചയായുമുണ്ട്. അത്തരം വിമർശനങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കാത്ത വിധത്തിൽ കംപ്യൂട്ടർ സാങ്കേതിക വിദ്യകൾ തീർത്ത കാഴ്ചകളിൽ ഭ്രമിച്ച് ആ സിനിമയെ സമൂഹമാധ്യമങ്ങളിലൊക്കെ വലിയ തോതിൽ പിന്തുണക്കുന്ന പ്രേക്ഷകരുമുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. സിനിമാപിന്നണിയിലെ സാങ്കേതിക വശങ്ങൾ ഒരു കാലത്തും പ്രേക്ഷകരോട് തുറന്ന് പറയാറില്ല. അതൊരു ഭ്രമാത്മക പ്രതീതി സൃഷ്ടിക്കുന്ന മേഖലയാണ്. താരങ്ങൾ സൃഷ്ടിക്കപ്പെടുന്നതും ആ മേഖലയിലാണ്.

2018 എന്ന സിനിമയിലും നിറയെ താരങ്ങളാണ്. മറ്റു പല സിനിമകളിലും കണ്ട് അവരെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ അവരുടെ ആ സിനിമയെയും നെഞ്ചേറ്റുകയാണ്. 2018 എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും വിനീത് ശ്രീനിവാസനുമൊക്കെ അഭിനയിച്ചു ഫലിപ്പിക്കാൻ മാത്രമുള്ള പ്രസക്തിയുള്ള വേഷമൊന്നുമില്ല. എങ്കിലും അവരെയും പ്രേക്ഷകർ താരങ്ങൾ എന്ന നിലയിൽ കണ്ട് ഇഷ്ടപ്പെടുകയാണ്. ഇഷ്ടപ്പെടുന്ന താരങ്ങൾ എല്ലാവരും സ്ക്രീനിൽ തീർത്ത കാഴ്ചകളും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. 2018 എന്ന സിനിമയെ കുറിച്ച് വർഷങ്ങൾക്കുമുമ്പുണ്ടായ പ്രളയക്കാഴ്ചകളോട് ചേർത്ത് കാണാൻ ശ്രമിക്കുന്ന പ്രേക്ഷകരും എത്രയോ പേരുണ്ട് എന്നതും സത്യമാണ്. പ്രളയത്തിൻ്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചവരും അല്ലാത്തവരുമൊക്കെ അവരുടെ കൂട്ടത്തിൽ വരുന്നുണ്ട്. എങ്കിലും ആ സിനിമ ചെറിയ തോതിലെങ്കിലും വിമർശിക്കപ്പെടേണ്ടതായ ഒന്നാണ്​.

2018 എന്ന സിനിമയുടെ പോസ്റ്ററുകളിൽ ഒന്ന് തീർത്തിരിക്കുന്നത് അതിലെ പ്രമുഖ താരങ്ങളുടെ ഫോട്ടോകൾ കേരളത്തിൻ്റെ ഭൂപടം പോലെ ഒരുക്കിയിട്ടാണ്. 2018- ലെ പ്രളയ സമയത്ത് ആദ്യമായുണ്ടായ കലാവിഷ്കാരം എം.എസ്. ജയപ്രകാശ് എന്ന കാർട്ടൂണിസ്റ്റിൻ്റെ കേരളത്തിൻ്റെ ഭൂപടം പോലെയുള്ള വള്ളത്തിൻ്റെയും അതിലുള്ള മത്സ്യത്തൊഴിലാളികളായ രക്ഷാപ്രവർത്തകരുടെയും ചിത്രം അടങ്ങുന്ന കാർട്ടൂൺ ആയിരുന്നു. ഫേസ്ബുക്കിലാണ്​  ആ കാർട്ടൂൺ അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്. പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങളെ അനുമോദിക്കും വിധത്തിൽ വരച്ച കാർട്ടൂണായിരുന്നു അത്. അത്യന്തം സത്യസന്ധവും ആത്മാർത്ഥത നിറഞ്ഞതുമായ ആവിഷ്കാരം എന്ന നിലയിൽ ഏവരെയും ആ കാർട്ടൂൺ ആകർഷിച്ചു. പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിന്​ മത്സ്യത്തൊഴിലാളികൾ രംഗത്തുവന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോഴാണ് ആ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നത്.

എം.എസ്. ജയപ്രകാശിന്റെ കാര്‍ട്ടൂണ്‍

മനുഷ്യർക്കിടയിലെ ഓഫ് ലൈനായും ഓൺലൈനായുമുള്ള കൂട്ടായ്മകളുടെയും സിനിമകളുടെ വിജയങ്ങളെ പറ്റി പറയാറുള്ള മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി എന്നൊക്കെ സൂചിപ്പിക്കാറുള്ള, എളുപ്പം പലരിൽ നിന്നും പലരിലേക്ക് പടരുന്ന  പരസ്പര ആശയ വിനിമയങ്ങളുടെയും, എന്തിന് ഫിറമോൺ പോലെയൊക്കെ മനുഷ്യർക്കിടയിൽ സംവദിക്കുന്ന സൂക്ഷ്മസന്ദേശങ്ങളുടെയുമൊക്കെ പുറത്തുമൊക്കെയാണ് മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനങ്ങൾക്ക് വരുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ശക്തമായ കൂട്ടായ്മകളുണ്ട്. അവർക്ക് നേതൃത്വങ്ങളോടും തിരിച്ചും സംവദിക്കാനുള്ള ഒട്ടേറെ മേഖലകളുണ്ട്. പൊതുസമൂഹത്തിലെ വിവിധ മേഖലകളും സംവിധാനങ്ങളും കൈകോർത്ത്​ പ്രളയരക്ഷാപ്രവർത്തനം ഊർജ്ജസ്വലമായി നടന്നു കൊണ്ടിരിക്കുകയായിരുന്നു. ദുരന്തനിവാരണം (Disaster Management) എന്ന സംവിധാനം ഫലപ്രദമായി കാര്യങ്ങൾ ചെയ്യുന്നത് കണ്ടതിനെ തിരിച്ചറിഞ്ഞ കലാവിഷ്കാരമായിരുന്നു അത്. ദുരന്തനിവാരണം എന്നത് സമൂഹത്തിലെ വിവിധ സംവിധാനങ്ങൾ നേതൃത്വങ്ങളോട് ചേർന്നുനിന്ന് പ്രവർത്തിക്കുന്ന മേഖലയാണ്. സമൂഹമാധ്യമത്തിൽ ആ കാർട്ടൂൺ തീർത്ത സ്വാധീനം തിരിച്ചറിഞ്ഞു കൊണ്ട് കേരള ലളിത കലാ അക്കാദമി പ്രസ്തുത കാർട്ടൂൺ ആ കാലത്ത് തന്നെ ഒരു പോസ്റ്ററിലേക്ക് എടുക്കുകയുണ്ടായി. സമൂഹമാധ്യമത്തിൽ സ്വന്തം നിലക്ക് കാർട്ടൂണുകൾ ചെയ്യുന്ന എം.എസ്.ജയപ്രകാശിനെ സംബന്ധിച്ച് വലിയൊരു അംഗീകാരം തന്നെയായിരുന്നു അത്. 

ദുരന്തനിവാരണം എന്നത് ഏത് പ്രതികൂല സാഹചര്യങ്ങളെയും  നേരിടാൻ ഇരുപത്തിനാല് മണിക്കൂറും സജ്ജമായി നിൽക്കുന്ന അവസ്ഥയാണ്. കാറ്റ്, വെള്ളം, അഗ്നി പോലുള്ളവയുടെ സ്വാഭാവിക അവസ്ഥ മാറിയുണ്ടാകുന്ന ദുരന്തങ്ങളും തീവണ്ടി, വിമാനം പോലുള്ള ഏത് യാത്രാ സംവിധാനങ്ങൾക്കുമുണ്ടാകുന്ന അപകടങ്ങൾ, കെട്ടിട തകർച്ചകൾ എന്നുവേണ്ട പലതരം ദുരന്തങ്ങളെ നേരിടാൻ ഒരുങ്ങിനിൽക്കുന്ന സംവിധാനങ്ങൾ എപ്പോഴും പ്രവർത്തനസജ്ജമാണ്. കൂടെ സ്വന്തം മസ്തിഷ്കത്തിലെ ‘അമിഗ്‌ദല’യുടെ പ്രേരണയാൽ, ഹൈപ്പോത്തലാമസിൻ്റെ നിർദ്ദേശത്താൽ, അഡ്രിനാലിൻ ഹോർമോണിൻ്റെ ഉൽപാദനത്തിൻ്റെ ഭാഗമായി ഓടിയെത്തുന്ന ജനങ്ങളും ചേരുന്ന രക്ഷാപ്രവർത്തനങ്ങളാണ് പിന്നീടുണ്ടാകുന്നത്. മനുഷ്യൻ എന്ന സമൂഹജീവി അത്തരത്തിലാണ് ദുരന്തങ്ങളെ നേരിടുന്നത്.

2018 Malayalam Movie Poster

2018- ലെ പ്രളയത്തെ ആസ്പദമാക്കി ബി.കെ.ഹരിനാരായണൻ പിള്ളേരാണ്, പിള്ളേരാണ് എന്ന ഗാനം എഴുതുന്നത് ഗായിക സിതാര കൃഷ്ണകുമാർ നയിക്കുന്ന പ്രൊജക്റ്റ് മലബാറിക്കസിന് വേണ്ടിയായിരുന്നു. ആ പാട്ടിലെ വരികളിൽ, വെള്ളം വന്ന നേരത്ത് അന്തം വിട്ടു നിന്നു നമ്മൾ അമ്പോ ആകെ ബേജാറ് എന്ന ഭാഗത്ത് അമിഗ്ദല എന്ന മസ്തിഷ്ക ഭാഗം തീർക്കുന്ന വേവലാതികൾ പെട്ടെന്ന് കൊണ്ടുവരാൻ പറ്റുന്നുണ്ട്. പ്രളയത്തിൻെറ പരിഭ്രാന്തമായ അവസ്ഥയെ ‘ആകെ ബേജാറ്’ എന്ന പ്രയോഗത്താൽ തന്നെ അവതരിപ്പിക്കുകയാണ്. ആടും മാടും ആളും മീന് പോലെ നീന്തിപ്പോകണ്, കുന്നും വീണ് മുങ്ങിത്താണ് പോയേ വീടും മാടവും എന്നൊക്കെയുള്ള വരികൾ പ്രളയത്തിൻ്റെ  ഭയാനകത നിറഞ്ഞ അവസ്ഥകൾ വിവരിക്കുന്നുണ്ട്. കുറച്ചു കാര്യങ്ങൾ കൊണ്ട് തന്നെ ബി.കെ. ഹരിനാരായണൻ പ്രളയകാലത്തെ അനായാസം അവതരിപ്പിക്കുകയാണ്. ആ ഗാനം തുടങ്ങുന്നത് തന്നെ പ്രളയം വരുന്നതിൻ്റെ അപായ മുന്നറിയിപ്പ് അനൗൺസ്മെൻ്റായി ചേർത്ത് കൊണ്ടാണ്. ആ ഗാനത്തിൻ്റെ നിർമ്മിതിയിൽ രക്ഷാപ്രവർത്തനങ്ങളെ സത്യസന്ധമായി തന്നെ ആവിഷ്കരിക്കുന്നതായി ആ അനൗൺസ്മെൻറിൻ്റെ കേൾവിയിൽ നിന്നും തിരിച്ചറിയാൻ പറ്റും. വെള്ളത്തിൻ്റെ കുത്തൊഴുക്കൊക്കെ അനുഭവിപ്പിക്കും വിധമാണ് ആ ഗാനത്തിൻ്റെ അകമ്പടി സംഗീതം തന്നെയും സൃഷ്ടിച്ചിരിക്കുന്നത്.

2018 എന്ന സിനിമയിൽ പലതും മറച്ചുവെച്ച കൂട്ടത്തിൽ ജാഗ്രതാനിർദ്ദേശങ്ങളുടെ അനൗൺസ്മെൻറുകൾ എന്ന മേഖലയും മറച്ചുവെക്കുന്നുണ്ട്. സമഗ്രതയിലേക്ക് പോകാതെ ഉപരിപ്ലവമായി സംഭവിച്ചതായ കാര്യങ്ങളെ കുറിച്ച് സിനിമ തീർത്തു എന്ന് തന്നെയാണ് വിമർശിക്കുന്നവർ ഈ സിനിമയെ പറ്റി പറയുന്നത് എന്ന് കാണാൻ പറ്റും.

കെ.ടി. മുഹമ്മദ്

കുറച്ചേറെ വർഷങ്ങൾക്കു മുമ്പ് കെ.ടി.മുഹമ്മദ് കലിംഗ തീയേറ്ററിനുവേണ്ടി ഒരുക്കിയ നാടകമാണ് വെള്ളപ്പൊക്കം. നടൻമാരിൽ പലരും ശരീരത്തിൽ തല വഴി വെള്ളമൊഴിച്ച് അരങ്ങിലെത്തിയ നാടകമായിരുന്നു അത്. അദ്ദേഹത്തിൻ്റെ  നാടകങ്ങൾക്ക് അരങ്ങിൽ കഥാപാത്രങ്ങൾക്കപ്പുറം രംഗസജ്ജീകരണങ്ങളിൽ വലിയ പ്രാധാന്യം നൽകുന്ന രീതിയായിരുന്നില്ല. കാണികളെ അമ്പരിപ്പിക്കുന്ന തരം കാഴ്ചകൾ അരങ്ങിൽ രംഗപടഭാഗത്ത് അദ്ദേഹത്തിൻ്റെ നാടകങ്ങളിൽ വരാറുണ്ടായിരുന്നില്ല. എന്നിട്ടും വെള്ളപ്പൊക്കം  എന്ന നാടകം മാനുഷികതയിലൂന്നിയ പ്രമേയം കൊണ്ട് ഒട്ടേറെ സ്റ്റേജുകളിൽ അരങ്ങേറി. 

വെള്ളപ്പൊക്കത്തിൽ എന്ന തകഴിയുടെ കഥ  വെള്ളം കയറിയ വീടിൻ്റെ പുരപ്പുറത്ത് ഒറ്റപ്പെട്ടു പോയ ഒരു നായയിലൂടെയാണ് അവതരിപ്പിക്കുന്നത്. ആ വീട്ടിലെ മനുഷ്യരെല്ലാവരും തോണിയിൽ രക്ഷപ്പെടുമ്പോൾ നായയെ കൂടെ കൂട്ടാതെ പോകുകയാണ്. മലയാളത്തിലെ മികച്ച കഥകളുടെ കൂട്ടത്തിൽ പറയപ്പെടുന്ന കഥയാണത്. ജയരാജ് ആ കഥയെ ആസ്പദമാക്കി ദൂരദർശനുവേണ്ടി ടെലിഫിലിം ചെയ്തിട്ടുണ്ട്. വീടിൻ്റെ മേൽക്കൂരയോളം വെള്ളം പൊങ്ങിനിൽക്കുമ്പോൾ തോണിയിൽ വന്ന് വാഴക്കുലയും വൈക്കോൽ കൂനയിൽ നിന്ന് വൈക്കോലുമൊക്കെ എടുത്തു കൊണ്ടുപോകുമ്പോഴും പുരപ്പുറത്ത് ദിവസങ്ങളോളം പട്ടിണിയായ നായയെ മനുഷ്യരാരും ശ്രദ്ധിക്കുന്നതേയില്ല. മനുഷ്യർക്ക് ആവശ്യം വരുന്ന ആടുകളെ മനുഷ്യരെ രക്ഷിക്കാൻ വരുന്ന തോണിയിൽ കയറ്റിയതായി കാണുന്നുമുണ്ട്.

വെള്ളപ്പൊക്കത്തില്‍ എന്ന തകഴിയുടെ കഥയെ അടിസ്ഥാനമാക്കി ദൂരദര്‍ശനുവേണ്ടി ജയരാജ് സംവിധാനം ചെയ്ത ടെലിഫിലിമില്‍ നിന്ന്.

ഹരിഹരൻ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയിൽ പ്രളയം വരുമ്പോൾ വേവലാതികളോടെ പലായനം ചെയ്യുന്ന മനുഷ്യരെ കാണിക്കുന്നുണ്ട്. കൂടെ ആടുകളെയുമൊക്കെ കൊണ്ടു പോകുന്നതായി കാണിക്കുന്ന രംഗമുണ്ട്. പഴയ സിനിമകളുടെ രീതിയിൽ അച്ഛനാരാണ് എന്നൊക്കെ ഒരു കഥാപാത്രത്തിന് സിനിമ തീരാൻ പോകുന്ന വേളയിൽ മനസ്സിലാകുന്ന തരത്തിലായിരുന്നു എങ്കിലും വെള്ളപ്പൊക്കമൊക്കെ ഹരിഹരൻ ആവിഷ്കരിച്ചിരിക്കുന്ന രീതി യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കും വിധത്തിലായിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥകൾ ഭക്ഷണമൊക്കെ ഉണ്ടാക്കാം,  മരുന്നിന് എന്ത് ചെയ്യും എന്നൊക്കെയുള്ള ചുരുങ്ങിയ സംഭാഷണങ്ങളിലൂടെയൊക്കെ എം.ടി.വാസുദേവൻ നായർ സൃഷ്ടിക്കുന്നുണ്ട്.  സിനിമയുടെ കഥ അദ്ദേഹത്തിൻ്റേതല്ലായിരുന്നു. കുറച്ച് സംഭാഷണങ്ങൾ കൊണ്ടോ ദൃശ്യങ്ങൾ കൊണ്ടോ ഒക്കെ സിനിമയിൽ കാര്യങ്ങൾ അവതരിപ്പിക്കാം എന്നിടത്താണ് 2018 എന്ന സിനിമ നെടുനീളൻ സംഭാഷണങ്ങളൊക്കെ പ്രസംഗമെന്ന പോലെ മത്സ്യബന്ധന തൊഴിലാളിയുടെ ഭാര്യയായി വരുന്ന കഥാപാത്രത്തിനൊക്കെ നൽകിയിരിക്കുന്നത്.

ഉമ്മറത്തെ ചുമരിനോട് ചേർന്നുനിന്ന് ആ സംഭാഷണങ്ങൾ മുഴുവൻ പറയുന്ന വിധത്തിലാണ് ആ രംഗമുള്ളത്. മസ്തിഷ്കത്തിലെ ‘അമിഗ്ദല’ എന്ന ഭാഗം മനുഷ്യരിൽ വൈകാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് സംവിധായകനും തിരക്കഥാകൃത്തും ശ്രദ്ധിക്കാതെ പോയതിൻ്റെ ഉദാഹരണമായി പറയാൻ പറ്റുന്ന രംഗമാണത്. താരതമ്യപ്പെടുത്തി പറയുകയാണെങ്കിൽ അത്തരം ഭാഗത്ത് കെ.പി.എ.സി ലളിത, ശ്രദ്ധ പോലുള്ള നടികൾ മറ്റ് സിനിമകളിൽ കാണിക്കുന്ന തരം പലതരം ശരീര ചലനങ്ങളും മുഖഭാവങ്ങളും പലതരം ചെയ്തികളുമൊക്കെ ഉണ്ടാകും. നെടുനീളൻ കാര്യങ്ങൾ ചുമർ ചാരി നിന്ന് പറയുന്നവരൊക്കെ കാണുമായിരിക്കും. എങ്കിലും അത്തരത്തിൽ സിനിമയിൽ ചെയ്യുന്നത് സംവിധാനമികവോ അഭിനയ മികവോ അല്ല എന്ന മട്ടിൽ കാണാവുന്നതാണ്.

ടൊവീനോ തോമസ്, തന്‍വി റാം - 2018 സിനിമയില്‍

പ്രേക്ഷകർ സിനിമയെ വൻ വിജയമാക്കും വിധം സ്വീകരിച്ചു എന്നത് പ്രസ്തുത സിനിമയെ വിമർശന വിധേയമാക്കാതിരിക്കാൻ കാരണമൊന്നുമല്ല. സിനിമാപ്രേക്ഷകർ പല വിഭാഗക്കാരാണ്. സിനിമയിൽ ഇഷ്ടപ്പെട്ട നടീനടൻമാരുടെ സാന്നിദ്ധ്യവും സാങ്കേതികവിദ്യകൾ തീർത്ത പല തരം കാഴ്ചകളും ചില വൈകാരിക രംഗങ്ങളുമൊക്കെ മതിയാകും, പ്രേക്ഷകരിൽ ബഹുഭൂരിപക്ഷത്തിനും തൃപ്തിയാകാൻ എന്നതാണ് യാഥാർത്ഥ്യം. ഐ.വി.ശശിയൊക്കെ അത് തിരിച്ചറിഞ്ഞ്  ഒട്ടേറെ നടീനടൻമാർ അണിനിരക്കുന്ന സിനിമകൾ വിജയകരമായ രീതിയിൽ മുമ്പ് തീർത്തിട്ടുണ്ട്. അതേ രീതിയിലൊക്കെ തീർത്ത സിനിമയാണ് 2018

ബി.കെ. ഹരിനാരായണൻ ഗാനത്തിൽ മറ്റൊരു വാക്ക് ഉപയോഗിക്കാതെ നേരെ ചേർത്തിരുന്ന, വെള്ളപ്പൊക്ക സമയത്ത് മനുഷ്യരിലുണ്ടാകുന്ന ബേജാറ് എന്ന അവസ്ഥ, 2018 എന്ന സിനിമയിൽ പലയിടത്തും കാണാനില്ല എന്ന് മാത്രമല്ല, സർട്ടിഫിക്കറ്റ് എടുക്കാൻ വീട്ടിലേക്ക് മടങ്ങി ചെല്ലുക, വെള്ളത്തിൽ മുങ്ങാൻ പോകുന്ന വിദ്യാലയത്തിൻ്റെ ഓട് മാറ്റാൻ നോക്കുക എന്നൊക്കെയുള്ള ബേജാറിനെ തെല്ലും ആവിഷ്കരിക്കാത്ത മേഖലകളിലേക്കാണ് സിനിമയുടെ അണിയറ പ്രവർത്തകർ പോയിരിക്കുന്നത്. പ്രളയദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും മറ്റുമായി വാഹനങ്ങളിൽ വന്ന ഒട്ടേറെ തമിഴ്നാട്ടുകാരുണ്ടായിരുന്നു എന്ന് നേരിൽ കണ്ടവർ പലരും പറയുന്നുണ്ട്. ആ വലിയ മനസ്സുകളെ തിരിച്ചറിയാത്ത വിധത്തിലാണ് സ്ഫോടക സാമഗ്രികളുമായി വരുന്ന തമിഴ്നാട്ടുകാരനായ ഒരു കഥാപാത്രത്തെ സിനിമയിൽ കാണിച്ചിരിക്കുന്നത്. സ്ഫോടകവസ്തുക്കളുമായി അനധികൃതമായി വരുന്ന ലോറി ഡ്രൈവർ അപരിചിതരായവർക്ക് സ്വന്തം വാഹനത്തിൽ യാത്രാസൗകര്യം ചെയ്തു കൊടുക്കുന്ന തരം മാനസികനിലയുള്ള വ്യക്തിയായിരിക്കുമോ? കഥാപാത്രങ്ങളുടെ മനഃശാസ്ത്രം നോക്കാതെയുള്ള പാത്രസൃഷ്ടികൾ തിരക്കഥയിൽ ഏറെയിടങ്ങളിൽ ചേക്കേറിയിട്ടുണ്ട്.

2018 Malayalam Movie

വലിയ തോതിൽ കഷ്ടനഷ്ടങ്ങളും ജീവൻ നഷ്ടങ്ങളുമൊക്കെ ഉണ്ടായ പ്രളയകാലത്തെ  അതിജീവിച്ചവരിലൂടെയും കാഴ്ച്ചക്കാരിലൂടെയുമൊക്കെ അറിയാൻ ശ്രമിച്ചാൽ പലർക്കും ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട് എന്നതാണ് യാഥാർത്ഥ്യം. കന്നുകാലികൾ ഉൾപ്പെടെ പലതരം വളർത്തുജീവികൾ ഒഴുകിപ്പോയവർ, കൃഷിവിളകൾ നഷ്ടപ്പെട്ടവർ, ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർ, ദുരിതാശ്വാസക്യാമ്പുകളിൽ താമസിച്ചവർ, ബന്ധുവീടുകളിലേക്ക് മാറിയവർ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ, ജോലിയുടെ ഭാഗമായി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ എന്നു വേണ്ട, സമൂഹത്തിലെ പല തുറകളിലുള്ളവരിൽ പ്രളയം തീർത്ത ഒട്ടേറെ കാര്യങ്ങൾ തിരിച്ചറിഞ്ഞ് കഥ മെനയുന്നതിനുപകരം സ്വീകരണമുറിയിലെ ദൃശ്യ മാധ്യമക്കാഴ്ചകളിലൊക്കെ അഭിരമിച്ചു പോയ സിനിമ കൂടിയാണ് 2018. വെള്ളം എന്ന ഹരിഹരൻ സിനിമ ഇറങ്ങുമ്പോൾ ദൃശ്യമാധ്യമങ്ങൾ അത്രയൊന്നും ഇല്ലാതിരുന്നതിൻ്റെ വ്യത്യാസം, 2018 എന്ന സിനിമയിലെ പ്രളയരംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാണാൻ കഴിയും.

കഥാപാത്രങ്ങൾക്ക് പ്രണയവും ദാമ്പത്യ ജീവിതവുമൊക്കെ ഒരുക്കാൻ കൂടുതൽ ശ്രദ്ധിച്ചതും പ്രളയദുരിതങ്ങളെ ആവിഷ്കരിക്കുന്നതിൽ, 2018 എന്ന സിനിമക്ക് പരിമിതികൾ തീർത്തിട്ടുണ്ട്. ഒരു പാട്ടെങ്കിലും അത്തരം വിഷമങ്ങൾ ചേർത്ത് സിനിമയിൽ ചേർക്കാമായിരുന്നു എന്ന് ബുദ്ധിജീവിതമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു വ്യക്തി സമൂഹമാദ്ധ്യമത്തിൽ അഭിപ്രായങ്ങളുടെ ഭാഗത്ത് പറഞ്ഞുകണ്ടിട്ടുണ്ട്. പ്രളയത്തിൽ ദുരിതം അനുഭവിച്ച ഒട്ടേറെ സാധാരണ മനുഷ്യരുണ്ട്. അവരിലേക്കൊന്നും കഥ എത്തി നോക്കിയതുപോലുമില്ല. യാതൊരു പരിചയവും ഇല്ലാത്തവർ തമ്മിൽ പ്രണയമൊക്കെ എത്ര എളുപ്പമാണ്‌ സിനിമയിൽ സംഭവിക്കുന്നത് എന്നും ആശ്ചര്യം തോന്നിപ്പോകും. പൊട്ടിവീണ മരത്തിൻ്റെ ശാഖയിൽ തറപ്പിച്ചു വെച്ച മടവാൾ കലക്കവെള്ളത്തിൽ നിന്ന്​ അനായാസം കണ്ടെത്തുന്നതുപോലെ തന്നെ പ്രണയവും സിനിമയിൽ അനായാസം സംഭവിക്കുന്നു. ഇലക്ട്രിക് പോസ്റ്റും വൈദ്യുതകമ്പികളുമൊക്കെ കാണിക്കുന്നുണ്ടെങ്കിലും വൈദ്യുതി കമ്പികളിൽ മരങ്ങൾ പൊട്ടിവീണതൊക്കെ കൂട്ടമായി വന്ന് മുറിച്ചു മാറ്റുന്ന രംഗങ്ങളൊന്നും സിനിമയിൽ കാണിക്കാതെ പോയി. ഏതൊക്കെ മേഖലകൾ എത്തരത്തിലൊക്കെ ദുരന്തനിവാരണത്തിൽ ഏർപ്പെട്ടിരുന്നു എന്നത്​ സമഗ്രമായി കാണാൻ സിനിമാ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല എന്നതിൻ്റെ സൂചനയാണിത്​. 

രക്ഷാപ്രവർത്തനങ്ങളിലെ ഗൗരവമാർന്ന മേഖലകളെ മനഃപൂർവ്വം തമസ്കരിച്ച സിനിമ കൂടിയാണ് 2018. തമസ്കരിക്കുക മാത്രമല്ല, ഹാസ്യമേഖലകളിലേക്ക് മാറ്റുകയും ചെയ്​തു. കല്യാണബ്രോക്കർ കഥാപാത്രമൊക്കെ അത്തരത്തിൽ വരുന്നതാണ്. കല്യാണ ബ്രോക്കർ ജോലിയൊന്നുമല്ല, ആ കഥാപാത്രത്തിന് എങ്കിലും ബ്രോക്കർ എന്ന് ഒരു കഥാപാത്രം ആ കഥാപാത്രത്തെ വിളിക്കുന്നുമുണ്ട്. യഥാർത്ഥ രക്ഷാപ്രവർത്തനങ്ങൾക്കുനേരെ എത്രത്തോളം ഈ സിനിമ പുറന്തിരിഞ്ഞുനിന്നു എന്ന് ആ ഭാഗത്ത് നിന്നുതന്നെ കാണാൻ കഴിയും.

ദുരിതനിവാരണത്തിന് നേതൃത്വം നൽകുന്നവർ ഇരുപത്തിനാല് മണിക്കൂറും സജ്ജമായവരാണ്. ഏത് അപകടമേഖലകളെയും തരണം ചെയ്യാനുള്ള പദ്ധതികൾ അവർ ആവിഷ്കരിക്കും. പ്രളയം നേരിടാൻ മത്സ്യത്തൊഴിലാളികൾ വഞ്ചികളുമായി പാഞ്ഞെത്തിയത് ആ ഉണർന്നിരിക്കലിൻ്റെ ഭാഗമായാണ്. രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സമൂഹത്തിലെ ഏത് മേഖലകളെയും അത്തരത്തിൽ ഉപയോഗപ്പെടുത്തും. അതിനെ ആ അർഥത്തിൽ തന്നെ തിരിച്ചറിയേണ്ടതുണ്ട്. വെള്ളപ്പൊക്കത്തിൽ വഞ്ചികളുമായി വരുന്നതിന് എത്രയോ മുൻ അനുഭവങ്ങൾ ഉണ്ടെന്നിരിക്കെ, ദുരന്തനിവാരണത്തിലേർർപ്പെട്ടവർ ആദ്യം തന്നെ വരുടെ സഹായം തേടുമെന്നതിൽ സംശയമില്ല. വെള്ളപ്പൊക്കം എന്ന നാടകത്തിലായാലും വെള്ളം എന്ന സിനിമയിലായാലും വെള്ളപ്പൊക്കത്തിൽ എന്ന ടെലിഫിലിമിലായാലും പ്രളയ സമയത്ത് വള്ളങ്ങൾ ഉപയോഗിക്കുന്നുണ്ട്.

സിനിമകൾ പലതും കെട്ടുകാഴ്ചകളാണ്. ഇരുട്ടിൽ തെളിയുന്ന വർണ്ണക്കാഴ്ചയായാണ് തിയേറ്ററുകളിൽ അവ പ്രദർശിപ്പിക്കുന്നത്‌. മറ്റെല്ലാ പ്രവർത്തനങ്ങളും മറന്ന് വൈദ്യുത വിളക്കുകളിലെ പ്രകാശങ്ങളിൽ ഒട്ടിനിന്നുപോകുന്ന ജീവികളെ പോലെ  പ്രേക്ഷകരിൽ പലരും അവിടെ ഒട്ടിനിന്നു പോകുന്നുണ്ടാകാം. സമൂഹമാദ്ധ്യമങ്ങളിലൊക്കെ 2018 എന്ന സിനിമയെ വിമർശിക്കുന്നവരെ അവരിൽ ചിലരൊക്കെ കളിയാക്കുന്നുണ്ടാകാം. പക്ഷേ, 2018-ലെ പ്രളയത്തിൽ സംഭവിച്ച യഥാർത്ഥ കാര്യങ്ങളിൽ പലതും ആ സിനിമയിൽ ആവിഷ്കരിച്ചിട്ടില്ല എന്ന് പലരും അഭിപ്രായപ്പെടുന്നത് അത്യന്തം ശരിയാണ്.

‘അമിഗ്ദല’ എന്ന മസ്തിഷ്ക ഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ ആ സിനിമയുടെ തിരക്കഥയിലും സംവിധാനത്തിലും മനഃപൂർവ്വം മറന്നുവെച്ചിട്ടുണ്ട്. ദുരന്തസമയങ്ങളിൽ രക്ഷാപ്രവർത്തനം പോലും മനുഷ്യരിൽ ‘അമിഗ്ദല’യുടെ പ്രവർത്തനമില്ലാതെ നടക്കില്ല തന്നെ. എവിടെ വെച്ചിട്ടുണ്ടാകും എന്നറിയാത്ത സർട്ടിഫിക്കറ്റുകൾ തിരയലുകളും കയറിൽ പിടിച്ച് തൂങ്ങിനിൽക്കുമ്പോൾ ആകാശത്തേക്ക് അഭിവാദ്യം ചെയ്യലും പോലുള്ള രംഗങ്ങളുമൊക്കെ, യുക്തിയും ബുദ്ധിയും കൊണ്ട് മനഷ്യരിൽ സംഭവിക്കുന്നതാണ്​. അവയൊന്നും പക്ഷേ, പ്രളയം പോലുള്ള ദുരന്തമുഖത്ത് സംഭവിക്കുന്നവയല്ല. പക്ഷേ സിനിമയിൽ അവയൊക്കെ സാധിക്കും. എന്തെന്നാൽ സിനിമ ഒരിടത്തിരുന്ന്​ എഴുതുന്ന ഭാവനാവിലാസം കൂടിയാണ്. അത്തരത്തിൽ എഴുതുമ്പോൾ പുറംകാഴ്ചകളിലേക്ക് മുറിക്ക് പുറത്തേക്കുള്ള  ജാലകങ്ങൾ തുറന്നിടണം എന്ന് പോലുമില്ല. തീർച്ചയായും പ്രസ്തുത സിനിമയിൽ കാലിഡോസ്കോപ്പ് കാഴ്ചകളുണ്ട്. ഒരു കണ്ണിറുക്കി കാണുന്ന ആ കാഴ്ചകളിൽ വിസ്മയിക്കുന്നവർക്ക് തീർച്ചയായും വിസ്മയിക്കാം. പക്ഷേ അത്തരം  കാഴ്ചകളിൽ മനഃപൂർവ്വം അടച്ചിരിക്കുന്ന ഒരു കണ്ണ് കാണാത്ത നേർക്കാഴ്ചകളുണ്ട്. ആ ഒരു കണ്ണ് കാണാതെ പോയ കാഴ്ചകളെ പറ്റിയാണ് പലരും ചോദിക്കുന്നത്.

അഖില്‍ പി. ധര്‍മജന്‍, ജൂഡ് ആന്തണി ജോസഫ്

വെള്ളപ്പൊക്കം തുടങ്ങിയ 2018 ആഗസ്ത് 15ന്​ ഭാരതപ്പുഴയുടെ ഭാഗത്ത് റെയിൽ പാളത്തിൽ വെള്ളം കയറി യാത്ര മുന്നോട്ട് നീങ്ങുമോ എന്നൊക്കെ സംശയിച്ച ഒരു ട്രെയിൻ യാത്രക്കാരനുണ്ടായിരുന്നു. അടുത്തിരിക്കുന്ന മലയോര മേഖലയിലെ വ്യക്തി, തനിക്കുവന്ന ഫോൺകോളിൽ, കൃഷിയിടത്തിന്റെ ഒരു ഭാഗമത്രയും പുഴ കൊണ്ടുപോയ വിവരമറിഞ്ഞ്​ വേവലാതി പൂണ്ടത് ഇപ്പോഴും ഓർക്കുന്നു. പിന്നിട്ട തീവണ്ടിപ്പാതയിൽ കുറാഞ്ചേരി ഭാഗത്ത് മലയിടിച്ചിലുണ്ടായി. ആ മലയിടിച്ചിലിൽ ജീവനുകൾ പൊലിഞ്ഞു പോയിട്ടുണ്ട്. ആ ഭാഗത്ത് മോഹനേട്ടൻ്റെ കട എന്നൊരു വ്യാപാരസ്ഥാപനം ആ അപകടത്തിൽ പെട്ട വ്യക്തിയുടെ സ്മാരകമായി സ്ഥാപിച്ചിട്ടുണ്ട്. 

സിനിമയിൽ കാണുന്നതുപോലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ട് 2018- ലെ പ്രളയത്തിൻ്റെ സ്മരണയായി നിലനിർത്തിയിട്ടുണ്ടായിരിക്കാം. ഒരു പക്ഷേ അതായിരിക്കാം സിനിമ തീർക്കാൻ പ്രേരിപ്പിച്ചിട്ടുമുണ്ടാകുക. അവിടെ മാത്രമായൊക്കെ കേന്ദ്രീകരിക്കാതെ പ്രസ്തുത പ്രളയം ഏതൊക്കെ ഭാഗങ്ങളിൽ എത്രത്തോളം ശക്തമായിരുന്നു എന്നൊരു പഠനം സിനിമ തീർക്കുന്നതിന് മുമ്പ് ചെയ്യാമായിരുന്നു. ദൃശ്യമാധ്യമ പ്രവർത്തകയുടെ കഥാപാത്രം എന്തു പറയുന്നു എന്നതൊന്നും ശ്രദ്ധിക്കേണ്ടിയിരുന്നില്ല. സാധാരണക്കാർക്ക് തന്നെ പ്രളയത്തെ പറ്റി എന്തുമാത്രം അനുഭവങ്ങൾ പറയാനുണ്ടായിരുന്നു. എങ്ങോട്ടാണ് ഒഴുകേണ്ടത് എന്ന് നിശ്ചയമില്ലാതെ വീടുകളൊക്കെ കയറിയിറങ്ങിവന്ന പുഴവെള്ളം കവിഞ്ഞൊഴുകിയപ്പോൾ, വഞ്ചികളും ബോട്ടുകളും ഉണ്ടായിരുന്നു. പുഴക്കുമീതെ റോഡും പാലവും വന്നപ്പോൾ കടത്തുകാരൻ ഒഴിഞ്ഞുപോയ സ്ഥലമായിരുന്നു അത്. വെള്ളത്തിനുള്ളിൽ പെട്ടു പോയ പ്രദേശത്ത് ദിവസങ്ങളോളം വൈദ്യുതിയുണ്ടായിരുന്നില്ല. മുറ്റത്ത് നിന്ന്​ റോഡിലേക്കിറങ്ങുന്ന ഭാഗത്ത് കിണറിൻ്റെ ആഴത്തിൽ ഗർത്തം വന്നത് പറഞ്ഞു കേട്ട അനുഭവമൊക്കെയുണ്ട്. വീട് പണിക്ക്​ വെച്ചിരുന്ന മരഉരുപ്പടികളൊക്കെ പ്രളയത്തിൽ ഒഴുകിപ്പോയതായും പറഞ്ഞുകേട്ടിട്ടുണ്ട്‌. അത്തരത്തിൽ അനുഭവസ്ഥരും കാഴ്ചക്കാരുമൊക്കെ സിനിമക്കാവശ്യമായ എത്രയോ കാര്യങ്ങൾ പറഞ്ഞുതരുമായിരുന്നു. അവയൊക്കെ ചേർക്കുന്നതിനുപകരം, ഫോൺ വിളിച്ചാൽ പരസ്പരം സംസാരിക്കാത്ത വിധം ബന്ധം വഷളായ ദാമ്പത്യജീവിതമൊക്കെയാണ്​ കാണിച്ചിരിക്കുന്നത്. 

വെള്ളപ്പൊക്കം എന്ന നാടകം പറയുന്നതുപോലെ പ്രളയം മനുഷ്യരെയും ജീവജാലങ്ങളെയുമൊക്കെയാണ് ബാധിക്കുന്നത്. വെള്ളപ്പൊക്കത്തിൽ എന്ന ടെലിഫിലിമിൽ ചീർത്തു വീർത്ത് ഒഴുകിപ്പോകുന്ന പശുവിൻ്റെ ദൃശ്യമുണ്ട്. അനന്തപത്മനാഭന് അധികം സംഭാഷണമൊന്നും  എഴുതാനില്ലാതിരുന്ന ആ ടെലിഫിലിമിൽ ദൃശ്യഭാഷ എന്ന നിലയിൽ ആ രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. പുരപ്പുറത്ത് കഴിഞ്ഞിരുന്ന നായയും വെള്ളപ്പൊക്കത്തിൽ അടിപ്പെട്ടുപോകുന്നുണ്ട്. ഒരു ജീവിയെയും ഉപദ്രവിക്കാതെ തന്നെ പുത്തൻ സാങ്കേതിക വിദ്യ കൊണ്ട് എളുപ്പം തീർക്കാൻ പറ്റുന്നവയായിരുന്നിട്ടും അത്തരം ദൃശ്യങ്ങൾ 2018 എന്ന സിനിമയിൽ കാണാൻ സാധിച്ചിട്ടില്ല. 

പ്രണയഭരിതമായ ഒരു പ്രളയ സിനിമ ഒരുക്കാൻ 2018 എന്ന സിനിമയ്ക്ക് സാധിച്ചിട്ടുണ്ടാകാം. വെള്ളം സിനിമയിലും ഇത്തരം അവിശ്വസനീയ രംഗങ്ങളുണ്ട്​. അതിലും പ്രളയ സമയത്തെ പ്രണയമുണ്ട്. 2018 എന്ന സിനിമയിൽ പ്രളയ സമയത്ത് എന്തിനാണ് വിദ്യാലയത്തിൻ്റെ ഓട് മാറ്റാൻ ശ്രമിക്കുന്നത് എന്ന പോലെ, ‘തറവാടിത്ത ബോധ’ത്തോടെ കഴിയുന്ന സ്ത്രീയെ എന്തിനാണ് പ്രായത്തിൻ്റെ വയ്യായ്കയുള്ള കഥാപാത്രം കൊടിയ വെള്ളക്കുത്തൊഴുക്കിൽ രക്ഷിക്കാൻ ചെല്ലുന്നത് എന്നൊക്കെ വെള്ളം എന്ന സിനിമ കണ്ടാലും തോന്നിയെന്നുവരാം.

കഥകളും സിനിമകളുമൊക്കെ അത്തരത്തിൽ പലതും വിശ്വസിപ്പിക്കും. ആർ. രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവലിൽ ഒരു പശു വാലുകൊണ്ട് അതിൻ്റെ പുറത്തിരിക്കുന്ന ഒരു മണിയനീച്ചയെ അടിച്ചുവീഴ്ത്തുന്നുണ്ട്. ഒരു പശുവിന് വാലുകൊണ്ട് അതിന്​ കഴിയുമോ എന്നൊരു സംശയം തോന്നുന്നില്ലേ? പക്ഷേ കഥകളും സിനിമകളുമൊക്കെ ഭാവനയുടേതു കൂടിയല്ലേ? വിശ്വസിച്ചേക്കാം. എങ്കിലും ദുരന്തനിവാരണം എന്നത് ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ ഇരുപത്തിനാല് മണിക്കൂറും ഉണർന്നിരിക്കുന്ന സംവിധാനമാണ്. സമൂഹത്തിലെ പല മേഖലകളെയും ഏകോപിക്കുന്ന സംവിധാനവുമാണ്.

Comments