വളരെ വ്യത്യസ്തമായ കാലങ്ങളിൽ വ്യത്യസ്തമായ രാജ്യങ്ങളിൽ എന്തുകൊണ്ട് ബാറ്റിൽഷിപ്പ് പൊടെംകിൻ പ്രേക്ഷകരെ ആവേശഭരിതരാക്കുന്നു എന്ന് ചോദിച്ചാൽ അതിന് തൃപ്തികരമായ ഉത്തരം ഉണ്ട്. അത് അനീതിക്കും സ്വേച്ഛാധിപത്യത്തിനും എതിരെയുള്ള മനുഷ്യന്റെ പോരാട്ടത്തെക്കുറിച്ചുള്ള സാർവലൗകിക സത്യമാണ് ആവിഷ്‌കരിക്കുന്നത്
പൊടെംകിൻ കലാപത്തിന്റെ ഇരുപതാം വാർഷികാഘോഷസന്ദർഭത്തിലാണ് ഇത്തരമൊരു ചിത്രം നിർമ്മിക്കുന്നതിന് ഐസൻസ്റ്റീനെ ചുമതലപ്പെടുത്തുന്നത്. പഴയ വ്യവസ്ഥയെ തുടച്ചുമാറ്റാൻ സൈനികരും തൊഴിലാളി വർഗ്ഗത്തോട് കൈകോർക്കും എന്നതിന്റെ സൂചനയായാണ് ലെനിൻ 1905-ലെ ഈ നാവിക കലാപത്തെ കണ്ടത്. ‘‘വിപ്ലവമാണ് യുദ്ധം. ചരിത്രത്തിൽ അറിയപ്പെടുന്ന യുദ്ധങ്ങളിൽ വച്ച് നിയമപരവും നീതിയുക്തവും ശരിയായതും സത്യത്തിൽ മഹത്തരവുമായ ഒരേ ഒരു യുദ്ധം അതാണ്. റഷ്യയിൽ യുദ്ധം പ്രഖ്യാപിക്കുകയും ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു’’ (ലെനിൻ 1905) എന്ന ഉദ്ധരണിയോടെയാണ് ചിത്രം ആരംഭിക്കുന്നത്. 1925 ലാണ് സോവിയറ്റ് സംവിധായകനായ സെർജി ഐസൻസ്റ്റീൻ നിശ്ശബ്ദ യുഗത്തിലെ ഏറ്റവും ശ്രദ്ധേയ സിനിമകളിലൊന്നായ ബാറ്റിൽഷിപ്പ് പൊടെംകിൻ രചിക്കുന്നത്. വിപ്ലവത്തെ ഉത്തേജിപ്പിക്കുന്ന സിനിമ എന്നുമാത്രമല്ല ചലച്ചിത്രഭാഷയിൽ തന്നെ വിപ്ലവം സൃഷ്ടിച്ച സിനിമയുമാണ് ബാറ്റിൽഷിപ്പ് പൊടെംകിൻ.
നാടകത്തിലെ അഞ്ചു സന്ധികളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സിനിമ അഞ്ചു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ‘മനുഷ്യരും പുഴുക്കളും’ എന്ന ആദ്യഭാഗത്തിൽ നാവികർക്ക് പുഴുത്ത മാംസം ഭക്ഷിക്കാൻ കൊടുക്കുന്നതിനെതിരെ അവർ പ്രതിഷേധിക്കുന്നു.
പ്രാതലിന് സൂപ്പുണ്ടാക്കേണ്ട മാംസത്തിൽ പുഴുക്കൾ നുരയുന്നതിന്റെ ക്ലോസപ്പ്. ഉപ്പു വെള്ളം കൊണ്ട് കഴുകിയാൽ മതി എന്ന് കപ്പലിലെ ഡോക്ടർ!
നാവികർ ഭക്ഷണം ബഹിഷ്‌കരിക്കുന്നു. ഓഫീസർമാർക്കുള്ള ഭക്ഷണം കുശാലാണ്. നാവികരെ വിളിച്ചുവരുത്തി അച്ചടക്ക ലംഘനത്തിന് ക്വാർടർ ഡെക്കിൽ വച്ച് ടാർപോളിൻ കൊണ്ട് മൂടി വെടിവെക്കാൻ കൽപ്പന പുറപ്പെടുവിക്കുമ്പോൾ അവരുടെ നേതാവ് വാക്കുലിൻ ചക് ഉച്ചത്തിൽ ചോദിക്കുന്നു; ‘‘സഹോദരന്മാരെ! ആരെയാണ് നിങ്ങൾ വെടിവെച്ചു കൊല്ലാൻ പോകുന്നത്?''.
തോക്കുകൾ താഴുന്നു. ഇതാണ് സമയം എന്നുമനസ്സിലാക്കിയ നാവികർ ഓഫീസർമാരെ കീഴ്‌പ്പെടുത്തുന്നു. അങ്ങനെ രണ്ടാമത്തെ ഭാഗം ക്വാർട്ടർഡെക്കിലെ നാടകം നാവിക കലാപവും ഒടുവിൽ വാക്കുലിൻ ചക് എന്ന നേതാവിന്റെ വധവും ചിത്രീകരിച്ചിക്കുന്നു.
‘മരിച്ച ആൾ നീതിക്കായി നിലവിളിക്കുന്നു’ എന്ന മൂന്നാം ഭാഗത്തിൽ ഒഡേസ്സയിലെ ജനങ്ങൾ വാക്കുലിൻ ചക്കിന്റെ മൃതദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒഴുകിയെത്തുന്നു. നാലാംഭാഗം ആയ ‘ഒഡേസ പടവുകൾ’ ലോകസിനിമയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സീക്വൻസുകൾ ഉൾക്കൊള്ളുന്നതാണ്. നാവികരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ ഒഡേസ്സയിലെ ജനങ്ങളുടെ ആവേശം പെട്ടെന്ന് ദുരന്തത്തിന് വഴിമാറുന്നു. വീട്ടിലേക്ക് മടങ്ങുന്ന നിരായുധരായ ജനങ്ങളെ സാറിസ്റ്റ് പട്ടാളം ഒഡേസ്സയിലെ പടവുകളിൽ വെച്ച് ക്രൂരമായി വെടിവെച്ചു കൊല്ലുന്നു.
അഞ്ചാമത്തെ ഭാഗം കപ്പൽപ്പടയുമായുള്ള അഭിമുഖമാണ്. കലാപം നടത്തിയ പൊടെംകിൻ എന്ന കപ്പലിനെ വഴിയിൽ തടഞ്ഞു നേരിടാൻ സാർ ചക്രവർത്തി നിയോഗിച്ച കപ്പൽപ്പട ഭീതി പരത്തിയെങ്കിലും, അടുത്തെത്തുമ്പോൾ യുദ്ധം ചെയ്യാൻ വിസമ്മതിക്കുന്നു; തോക്കുകൾ താഴ്ത്തി പൊടെംകിന്നിലെ നാവികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു അവർ കടന്നു പോകുന്നു. ‘‘എല്ലാവരും ഓരോരുത്തർക്കും വേണ്ടി ഓരോരുത്തരും എല്ലാവർക്കും വേണ്ടി''; ‘‘നാട് നമ്മുടെതാണ്; ഭാവി നമ്മുടെതാണ്. ...റഷ്യയിലെ തൊഴിലാളിവർഗത്തോടൊപ്പം പൊരുതിക്കൊണ്ട് നമ്മൾ വിജയം നേടും'' എന്നൊക്കെയുള്ള വിപ്ലവ മുദ്രാവാക്യമുയർത്തിയാണ് പൊടെംകിന്നിലെ നാവികർ പൊരുതുന്നത്.
ഐസൻസ്റ്റീൻ എഴുതി: സംഘർഷം ഇല്ലാതെ കലയില്ല. ബാറ്റിൽഷിപ്പ് പൊടെംകിൻ വിപ്ലവത്തിന്റെ ബാനർ ഉയർത്തിയ ചിത്രമാണ്. 1905-ലെ റഷ്യയിലെ ചീറ്റിപ്പോയ വിപ്ലവത്തിന്റെ ഒരു ഭാഗമായ നാവിക കലാപമാണ് പ്രതിപാദ്യം. വൈരുദ്ധ്യാധിഷ്ഠിതവാദം തന്റെ കലയിലും പ്രയോഗിച്ച കലാകാരനാണ് ഐസൻസ്റ്റീൻ. മർദ്ദനവും അതിനെതിരായ ജനകീയ പ്രതിരോധവും ആണ് ഇതിനകത്ത് ചിത്രീകരിക്കുന്നത്.
‘ഫിലിം ഫോം’, ‘ഫിലിം സെൻസ്’ എന്നീ പ്രബന്ധങ്ങളിൽ ഐസൻസ്റ്റീൻ മുന്നോട്ടുവെക്കുന്ന മൊണ്ടാഷിനെക്കുറിച്ചുള്ള സിദ്ധാന്തത്തിന്റെ പ്രയുക്തരൂപമാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക.
നിലപാട് (Thesis) , എതിർ നിലപാട് (Antithesis) ഇവ തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന നിരന്തരമായ സംഘർഷമാണ് ചരിത്രം എന്നും അതിന്റെ ഒടുവിൽ ഉരുത്തിതിരിയുന്ന തികച്ചും പുതിയ ഒരു ഉദ്ഗ്രഥനമാണ് (Synthesis) സൃഷ്ടിക്കപ്പെടുന്നത് എന്നുമുള്ള മാർക്‌സിയൻ വീക്ഷണത്തിന്റെ പ്രതിഫലനമാണ് മൊണ്ടാഷിന്റെ പ്രയോഗത്തിലും കാണാൻ കഴിയുക.
ഐസൻസ്റ്റീന്റെ ചലച്ചിത്ര സിദ്ധാന്തം മുഖ്യമായും മൊണ്ടാഷിനെ അവലംബിച്ചുള്ളതാണ്. വ്യത്യസ്ത ദൃശ്യങ്ങൾ അടുത്തടുത്തായി വിന്യസിക്കുമ്പോൾ ഓരോ ദൃശ്യവും പ്രക്ഷേപിക്കുന്ന അർത്ഥത്തിൽ കവിഞ്ഞതും സ്വതന്ത്രവുമായ ഒരു പുതിയ അർത്ഥതലം ആ വിന്യാസത്തിന് ഉത്പാദിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ പിന്നിലെ തത്വം. കുളെഷോവ് എന്ന മറ്റൊരു സോവിയറ്റ് സംവിധായകനും ഈ വിധത്തിൽ മൊണ്ടാഷ് പ്രയോഗിച്ചിരുന്നു. ചലച്ചിത്ര കലയെ ഇതരകലകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന അസാധാരണ ഘടകമാണ് മൊണ്ടാഷ്. ആ മാധ്യമത്തിന്റെ തന്നെ അടിസ്ഥാനമാവുന്നത് മൊണ്ടാഷ് ആണ് എന്ന് പറയാറുണ്ട്. ബിംബങ്ങൾ ശക്തമാകുന്നത് അവ ഒറ്റയൊറ്റയായി പ്രത്യക്ഷപ്പെടുന്നത് കൊണ്ട് മാത്രമല്ല, വിരുദ്ധ സ്വഭാവമുള്ള ബിംബങ്ങൾ തൊട്ടു തൊട്ടു വിന്യസിക്കുന്നത് കൊണ്ടുകൂടിയാണ്. നിരായുധരായി ഓടി രക്ഷപ്പെടുന്ന നാട്ടുകാരുടെ മുഖത്തെ ഭയവും യൂണിഫോമിട്ട പട്ടാളക്കാരുടെ നിർവികാരതയും ഇടകലർന്നു വരുമ്പോൾ സാറിസ്റ്റ് ഭരണകൂടത്തോടുള്ള ജനങ്ങളുടെ മാനോഭാവം അതിലൂടെ രൂപീകൃതമാവുന്നു.
‘‘ഏകാധിപതികൾ തുലയട്ടെ!'' എന്ന് ആൾക്കൂട്ടം വിളിക്കുമ്പോൾ, ചുരുട്ടിയ മുഷ്ടികൾ നമ്മൾ കാണുന്നു; വെടി കൊള്ളുന്ന ഇരകൾ ഓടിരക്ഷപ്പെടാൻ കഴിവില്ലാത്തവരാണ് എന്നതിന് അടിവരയിടാൻ കാലില്ലാത്ത ഒരു പൗരൻ തിരക്കിട്ട് നീങ്ങുന്ന ദൃശ്യം സഹായകമാവുന്നു. മൊണ്ടാഷ് ആണ് സിനിമയുടെ ‘സിരാവ്യൂഹം' എന്ന് ഐസൻസ്റ്റീൻ പറഞ്ഞിട്ടുണ്ട്. നാടകം, ചിത്രകല എന്നിവയിൽനിന്ന് സിനിമയെ വ്യതിരിക്തമാക്കുന്നത് അതാണ്, രണ്ട് സ്വതന്ത്ര ഷോട്ടുകൾ അടുത്തടുത്ത് പ്രതിഷ്ഠിക്കുമ്പോൾ ഉള്ള സംഘർഷത്തിൽ നിന്നാണ് മൊണ്ടാഷ് ഉണ്ടാവുന്നത്. കല സാമൂഹ്യമായ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ളതാണെന്നും അതിന് പ്രചാരണ മൂല്യം ഉണ്ടെന്നും കരുതിയ കലാകാരനാണ് ഐസൻസ്റ്റീൻ. മൊണ്ടാഷിനകത്തുള്ള വൈരുദ്ധ്യാത്മകത സമൂഹത്തിൽ നിലനിൽക്കുന്ന വൈരുദ്ധ്യാത്മകതയ്ക്ക് സമാനമാണ്.
കുട്ടിയെ വണ്ടിയിൽ മുന്നോട്ടു ഉന്തുന്ന അമ്മയുടെ ദൃശ്യത്തിൽ, അമ്മ വെടിയേറ്റ് മുറിവിൽ കയ്യമർത്തി കൊണ്ട് മെല്ലെ താഴോട്ടു വീഴുന്ന മീഡിയം ഷോട്ടിനോടൊപ്പം വേദന കൊണ്ട് പുളയുന്ന മുഖത്തിന്റെ ക്ലോസപ്പ് വരുന്നു; വീണ്ടും വീഴ്ച; പിന്നെ സ്‌ക്രീനിൽ നിന്ന് തന്നെ അവർ അപ്രത്യക്ഷയാകുന്നു. താഴോട്ടു മാർച്ച് ചെയ്യുന്ന പട്ടാളക്കാരുടെ ദൃശ്യവും കുതിരപ്പട്ടാളക്കാരെ ഭയപ്പെട്ട് ആളുകൾ ഓടി അകലുന്ന ദൃശ്യവും അവസാനം അവർ വീഴുന്ന ദൃശ്യവും ഇടകലർന്ന് വ്യത്യസ്ത ആംഗിളുകളിൽ കടന്നുവരുന്നു. അവസാനം കുട്ടി ഇരിക്കുന്ന വണ്ടിയെ പടവുകളിലേക്ക് അവർ തള്ളിവിടുന്നത് കാണാം. ദൈർഘ്യം കുറഞ്ഞ ഷോട്ടുകളുടെ ദ്രുതവും താളാത്മകവുമായ എഡിറ്റിങിലൂടെ ആണ് ഈ രംഗത്തിന് ഗതിവേഗവും സസ്‌പെൻസും കൈവരുന്നത്. അമ്മ വീണപ്പോൾ പടവുകളിലൂടെ കുട്ടിയുള്ള വണ്ടി താഴോട്ട് ഉരുണ്ടുരുണ്ട് പോകുന്നു. കണ്ണടയിട്ട സ്ത്രീ, പട്ടാളം എന്നിങ്ങനെ മാറിമാറി ഹ്രസ്വമായ ഷോട്ടുകൾ ഒന്നിനുപിറകെ ഒന്നായി വേഗത്തിൽ വരുന്നു. അവസാനം കുട്ടി കൊല്ലപ്പെടുകയും സ്ത്രീയുടെ മുഖത്തുള്ള രക്തത്തിന്റെ ക്ലോസപ്പോടെ ഷോട്ടുകൾ അവസാനിക്കുകയും ചെയ്യുന്നു. പ്രേക്ഷകരിൽ അതിശക്തമായ വൈകാരിക പ്രതികരണങ്ങൾ ഉളവാക്കാൻ ഈ മൊണ്ടാഷിന് കഴിയുന്നു.
ലോക സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും മറ്റ് പ്രശസ്ത ചിത്രങ്ങളിൽ ഉദ്ധരിച്ചവയുമായ ‘ഒഡേസ പടവുകൾ’ എന്ന സീക്വൻസ് കടന്നുവരുന്നത് ഈ ചിത്രത്തിന്റെ നാലാം ഭാഗത്താണ്. നിരായുധരായ സാമാന്യജനങ്ങളെ സൈന്യം കൂട്ടക്കൊല നടത്തുന്ന ഒരു ദൃശ്യപരമ്പരയുടെ ചടുലമായ ചിത്രസന്നിവേശം ചലച്ചിത്ര ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വിധത്തിലാണ് ഐസൻസ്റ്റീൻ ഇതിൽ നിർവഹിച്ചിട്ടുള്ളത്.
ചിത്രസംയോജനത്തിന്റെ ഒരു പുതിയ പരികൽപ്പന തന്നെ സിനിമയിൽ പ്രയോഗിച്ചു എന്നതാണ് ഇതിന്റെ കലാപരമായ മികവ്. പഴങ്ങളും മറ്റുമായി നാവികർക്ക് നാട്ടുകാർ ഊഷ്മളമായ യാത്രയയപ്പ് നൽകുന്നതിനിടയിൽ പെട്ടെന്നാണ് നിലവിളിക്കുന്ന സ്ത്രീയുടെ ക്ലോസപ്പ്. പിന്നെ കാൽ ഇല്ലാത്ത മനുഷ്യൻ തിരക്കിട്ട് പടവുകളിലൂടെ നീങ്ങുന്നു; എല്ലാവരും നീങ്ങുകയാണ്; തോക്കുമായി മാർച്ച് ചെയ്യുന്ന പട്ടാളം വരുന്നു; മനുഷ്യർ മരിച്ചുവീഴുന്നു; കുട്ടിക്ക് പിൻവശത്ത് വെടി കൊള്ളുന്നു; അമ്മ സങ്കടപ്പെടുന്നു; വെള്ള യൂണിഫോമിട്ട, മുഖമില്ലാത്ത സാറിസ്റ്റ് പട്ടാളം അവസാനമില്ലെന്നുതോന്നിക്കുന്ന അനേകം പടവുകളിലൂടെ യാന്ത്രികമായും താളാത്മകമായും മുന്നോട്ടു നീങ്ങി കൊണ്ട് ആൾക്കൂട്ടത്തിന് എതിരെ വെടി ഉതിർക്കുമ്പോൾ പടവുകളുടെ താഴെനിന്നും കുതിര പട്ടാളവും ജനങ്ങളെ വെടിവെച്ച് വീഴ്ത്തുന്നു. പരിഭ്രാന്തരായ ജനങ്ങൾ ജീവനുവേണ്ടി ചിതറി ഓടുന്നു. പ്രായമായ സ്ത്രീയുടെ കണ്ണട വെടിയേറ്റ് ചിതറുന്നത്; അമ്മയോടൊപ്പം ഉള്ള കുഞ്ഞ്; സ്‌കൂൾ കുട്ടികൾ; പിഞ്ചുകുഞ്ഞിനെ വണ്ടിയിൽ മുന്നോട്ടു തള്ളുന്ന അമ്മ വെടിയേറ്റ് വീഴുമ്പോൾ, ജീവനും കൊണ്ട് ഓടുന്ന ആൾക്കൂട്ടത്തിനിടയിലൂടെ വണ്ടി കുഞ്ഞുമായി പടവുകളിലൂടെ ഉരുണ്ട് താഴേക്ക് വരുന്ന ദൃശ്യം, പരക്കം പായുന്നവർ പടവിൽ വീണ ഒരു കുട്ടിയുടെ കൈ ചവിട്ടി മെതിക്കുന്നത് - കുട്ടിക്ക് വെടി കൊണ്ടപ്പോൾ പരിക്ക് പറ്റിയ കുഞ്ഞിനെയുമെടുത്തു പട്ടാളക്കാരോട് വെടി നിർത്താൻ അപേക്ഷിക്കുന്നത്- ഇങ്ങനെ അവിസ്മരണീയവും ഉദ്വേഗജനകവുമായ ദുരന്ത ദൃശ്യങ്ങളാൽ പ്രേക്ഷകർ വിമ്മിഷ്ടം അനുഭവിക്കുന്നു. ‘ഒഡേസ പടവുകൾ’ ആണ് ഈ ചിത്രത്തിലെ ഏറ്റവുമധികം കൊണ്ടാടപ്പെട്ടിട്ടുള്ള ഭാഗം.
ഒരുകാലത്ത് ഈ സിനിമ പലരാജ്യങ്ങളിലും നിരോധിച്ചിരുന്നു. ഫ്രാൻസിലും ഇംഗ്ലണ്ടിലും അമേരിക്കയിലും സ്റ്റാലിന്റെ റഷ്യയിൽ തന്നെയും ഇതു പലകാലങ്ങളിലായി സെൻസർ ചെയ്യപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്തു. ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ കലാപം ചെയ്യാനുള്ള ശക്തമായ പ്രേരണ ചെലുത്തുമെന്നും പട്ടാളക്കാരെപ്പോലും അച്ചടക്കം ലംഘിക്കാൻ പ്രേരിപ്പിക്കും എന്നുമുള്ള ന്യായങ്ങൾ ചിത്രം നിരോധിച്ചവർക്കുണ്ടായിരുന്നു. എന്നാൽ എല്ലാ രാജ്യത്തും ഈ ചിത്രം ജനങ്ങൾ സ്വാഗതം ചെയ്തു. സമീപകാലം വരെയും ലോകത്തെ എക്കാലത്തെയും മികച്ച 10 ചിത്രങ്ങളിൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ഇതിനെ ഉൾപ്പെടുത്തിയത് വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും അപ്രസക്തമാവാത്ത അതിന്റെ കലാപരമായ മികവാണ് വ്യക്തമാക്കുന്നത്.
ജർമനിയിലെ ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രി ജോസഫ് ഗീബൽസ് ‘‘സത്യസന്ധമായ കലയുടെ മാതൃക''യായി ബാറ്റിൽഷിപ്പ് പൊടെംകിൻ ഉയർത്തിക്കാട്ടിക്കൊണ്ട് അതിന്റെ മാതൃകയിൽ ഒരു നാഷണൽ സോഷ്യലിസ്റ്റ് (നാസി) ചിത്രം ഉണ്ടാക്കാൻ ജർമൻ സംവിധായകരോട് ആഹ്വാനം ചെയ്തപ്പോൾ സ്വതവേ അധികം സംസാരിക്കാത്ത ഐസൻസ്റ്റീൻ രോഷാകുലനായി ഇങ്ങനെ പ്രതികരിച്ചു: ‘‘സത്യവും നാസിസവും തമ്മിൽ പൊരുത്തപ്പെടില്ല. സത്യത്തിനു വേണ്ടി നിലകൊള്ളുന്നവർക്ക് നാസികൾക്കൊപ്പം നിൽക്കാനാവില്ല. അവർ നിങ്ങൾക്കെതിരാണ്. നാട്ടിലുള്ള എല്ലാ നന്മകളെയും ആട്ടിപ്പായിക്കുകയും മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്ന നിങ്ങൾ എങ്ങനെയാണ് ജീവിതത്തെക്കുറിച്ച് പറയാൻ ധൈര്യപ്പെടുന്നത് ?''
ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഒരു മുഹൂർത്തം, അതിന്റെ സത്ത, പിടിച്ചെടുക്കുവാനാണ് ഐസൻസ്റ്റീൻ ശ്രമിച്ചത്. അതിനാൽ വിപ്ലവത്തിന്റെ സമഗ്രമായ ചിത്രീകരണമാണ് അതിൽ ഉൾപ്പെട്ട വ്യക്തികളുടെ വിശദാംശങ്ങൾ അല്ല സംവിധായകന്റെ ശ്രദ്ധയ്ക്ക് വിഷയമാകുന്നത്. വിപ്ലവവുമായി ബന്ധപ്പെട്ട് മാത്രമാണ് വ്യക്തികളുടെ കൂട്ടങ്ങൾ അതിൽ കടന്നുവരുന്നത്- നാവികർ, കപ്പലിലെ ഉദ്യോഗസ്ഥന്മാർ, ഒഡേസയിലെ സാധാരണജനങ്ങൾ, സാറിന്റെ സൈന്യം എന്നിങ്ങനെയുള്ളവർ. വാക്കുലിൻ ചക് എന്ന നേതാവ് പോലും വൈയക്തികമായി എടുത്തു കാട്ടപ്പെടുന്ന ഒരു കഥാപാത്രം അല്ല; മറിച്ച് ഒരു ആശയ പ്രരൂപം മാത്രമാണ്. കലാപത്തിലും പിന്നീടുണ്ടാകുന്ന ചരിത്രഗതിയിലും അദ്ദേഹം വഹിക്കുന്ന പങ്ക് ആണ് നിർണായകമാകുന്നത്. പൂർണ്ണമായ കഥാപാത്രസൃഷ്ടിക്ക് ഐസൻസ്റ്റീൻ ശ്രമിക്കുന്നില്ല; എങ്കിലും അതിശക്തമായ ദൃശ്യങ്ങൾ കൊണ്ട് ചില മുഖങ്ങൾ എങ്കിലും നമ്മുടെ മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നുണ്ട്.
‘‘ഞാനെന്റെ കഥാപാത്രങ്ങളെ അഭിനേതാക്കളിൽ നിന്ന് തിരഞ്ഞെടുക്കുകയല്ല; അവർ ഏതെങ്കിലും റോൾ അഭിനയിക്കുകയുമല്ല. അവർ സ്വാഭാവികമായും എന്താണോ അതാണ്. യഥാർത്ഥത്തിൽ ചെയ്യുന്നത് ക്യാമറയ്ക്ക് മുന്നിൽ ആവർത്തിക്കാൻ മാത്രമാണ് ഞാൻ ആവശ്യപ്പെടുക. കൂട്ടായ അഭിനയമുള്ള എന്റെ ചിത്രങ്ങളിൽ അവർ ഓരോരുത്തരും വ്യക്തിപരമായി പരസ്പരം വ്യത്യസ്തരാണെങ്കിലും വ്യത്യസ്ത വ്യക്തികളായല്ല അവരുടെ പ്രാധാന്യം നിലകൊള്ളുന്നത്; സാമൂഹികമായ ഒരു സമഗ്രതയുടെ ഭാഗങ്ങൾ എന്ന നിലയിലാണ്. മനുഷ്യശരീരത്തിൽ വ്യത്യസ്തമായ കോശങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതുപോലെ. നാവികർ നേരിടുന്ന മർദനത്തെയാണ് നിർബന്ധിച്ച് തീറ്റാൻ ശ്രമിക്കുന്ന അളിഞ്ഞ മാംസം പ്രതീകവത്കരിക്കുന്നത്; നാവികർ പ്രതീകവത്കരിക്കുന്നത് 1905ൽ റഷ്യയിലുടനീളം മനുഷ്യർ നേരിട്ട മർദനമാണ്.’’
വളരെ വ്യത്യസ്തമായ കാലങ്ങളിൽ വ്യത്യസ്തമായ രാജ്യങ്ങളിൽ എന്തുകൊണ്ട് ബാറ്റിൽഷിപ്പ് പൊടെംകിൻ പ്രേക്ഷകരെ ആവേശഭരിതരാക്കുന്നു എന്ന് ചോദിച്ചാൽ അതിന് തൃപ്തികരമായ ഉത്തരം ഉണ്ട്. അത് അനീതിക്കും സ്വേച്ഛാധിപത്യത്തിനും എതിരെയുള്ള മനുഷ്യന്റെ പോരാട്ടത്തെക്കുറിച്ചുള്ള സാർവലൗകിക സത്യമാണ് ആവിഷ്‌കരിക്കുന്നത്; സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്റെ അഭിവാഞ്ഛ ആണ് അതിന്റെ പ്രമേയം. പ്രചാരണപരമായ അംശം എത്ര തന്നെ ഉണ്ടായാലും, എല്ലാ മഹത്തായ കലാസൃഷ്ടികളെയും പോലെ സഹൃദയരുടെ സൗന്ദര്യാസ്വാദനത്തെ അത് തൊട്ടുണർത്തുന്നു.
ഐസൻസ്റ്റീന്റെ നൈപുണ്യം ക്യാമറയുടെ പ്രയോഗത്തിലും ഷോട്ടുകളുടെ വിന്യാസത്തിലും മൊണ്ടാഷ് എന്നു വിളിക്കപ്പെടുന്ന ചടുലവും വേഗതയാർന്നതുമായ ചിത്രസന്നിവേശത്തിലും എല്ലാം പ്രതിഫലിക്കുന്നു. ചിത്രത്തിലെ വികാരവിചാരങ്ങൾ പങ്കിടുന്ന വിധത്തിൽ സജീവമായ ഒരു പ്രേക്ഷക പങ്കാളിത്തം കലാപരമായി സൃഷ്ടിച്ചെടുക്കാൻ കഴിയുന്നു എന്നതാണ് ഐസൻസ്റ്റീൻ എന്ന ചലച്ചിത്രകാരന്റെ നേട്ടം; ‘‘നിസ്സംഗമായി നോക്കുന്ന കണ്ണുകൾക്ക് വേണ്ടിയല്ല ഞാൻ സിനിമയുണ്ടാക്കുന്നത്; ആളുകളുടെ മൂക്കിന് ശക്തിയിൽ ഇടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്'' എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.