കോവിഡ് നമ്മുടെ ജീവിതക്രമത്തെയും, കാലത്തെക്കുറിച്ചുള്ള ബോധ്യത്തെയും സാരമായി ബാധിച്ചപ്പോൾ തന്നെ യാദൃശ്ചികമെന്നോണം "കാലം' കേന്ദ്രവിഷയമായി കടന്നു വരുന്ന മൂന്നു സിനിമകൾ സംഭവിച്ചു. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, തമിഴിൽ വെങ്കട് പ്രഭുവിന്റെ മാനാട് ഇതാ ഇപ്പോൾ രാഹുൽ സദാശിവന്റെ ഭൂതകാലം. കാലത്തെ വിഷയമാക്കുമ്പോൾ ആദ്യ രണ്ടു സിനിമകൾ "ടൈം ലൂപ്പും,' (ഒരു ചക്രത്തിൽ എന്നോണം കാലം തിരിയുന്നതും, അതിൽ പെട്ടു പോകുന്ന മനുഷ്യരുടെയും കഥ പറഞ്ഞപ്പോൾ) ഭൂതകാലം ചലനമില്ലാത്ത കാലത്തെയാണ് ദൃശ്യവൽക്കരിക്കുന്നത്.
കഴിഞ്ഞുപോയകാലത്തിന്റെ ഭൂതങ്ങൾ ഇപ്പോഴും മനുഷ്യരെ വേട്ടയാടുന്ന കഥ അവതരണ ശൈലിയിൽ ഹൊറർ അന്തരീക്ഷം സൃഷ്ടിക്കുന്നുവെങ്കിലും, ഒരു ഹൊറർ ചിത്രം മാത്രമായി കാണേണ്ടതല്ല ഭൂതകാലം എന്ന വാദത്തിലാണ് ഈ ലേഖനത്തിന്റെ നിൽപ്പ്.
കേരളത്തിലെ മനുഷ്യരുടെ ജീവിതത്തെ കുറിച്ചുള്ള ബോധ്യത്തെയും, ഇന്ന് നാം വെച്ചുപുലർത്തുന്ന പല തീർച്ചകളുടെയും അടിസ്ഥാനമായി വർത്തിക്കുന്ന ചരിത്രബോധത്തിന്റെയും കടയ്ക്കൽ കത്തി വെക്കുന്നതാണ് ഈ ചലച്ചിത്രം. അത്തരം പല വീണ്ടുവിചാരങ്ങൾക്കും ഹേതുവാകാൻ കഴിയുന്ന ആശയലോകം ഭൂതകാലം തുറന്നിടുന്നുണ്ട്. മനുഷ്യന്റെ ചരിത്രബോധ്യത്തെ വിമർശിക്കുന്നതിൽ നീറ്റ്ഷെയുടെ തത്വചിന്താധാരയെ പിൻപറ്റി നിൽക്കുന്ന ദൃശ്യാവിഷ്‌ക്കാരമായും ഭൂതകാലത്തെ വായിച്ചെടുക്കാം. ഭൂതകാലത്തിന്റെ കഥയയെയും, കഥാപാത്രങ്ങളെയും, അവർ നേരിടുന്ന ഭയത്തെയും (ചരിത്രബോധത്തെയും) കുറിച്ചുള്ള ഒരു വിശകലനമാണ് ഈ ലേഖനം. ആശയങ്ങളുടെ വികാസത്തിന് കഥാപരിസരം വിശദീകരിക്കേണ്ടത് അത്യാവശ്യമാകയാൽ സിനിമ അനുഭവിച്ചവർ മാത്രം വായിക്കുക.
കാലം തീരുമാനിക്കുന്ന പാത്രസൃഷ്ടിയാണ് ഭൂതകാലത്തിന്റെ മികവ്. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ തമ്മിൽ പങ്കിടുന്ന ഭൂതകാലവും, ആ ഭൂതകാലത്ത് ജീവിക്കുന്ന മനുഷ്യരും, ഇവർ തമ്മിൽ നടക്കുന്ന കൊടുക്കൽ വാങ്ങലുകളുമെല്ലാം കഥയുടെ സത്തയാണ്. കഥയുടെ ഗതിയെ നിർണയിക്കുന്നത് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളല്ല, മരിച്ചവരാണ് എന്ന് വരുമ്പോഴാണ് സ്‌ക്രീനിൽ കാണുന്ന കഥയ്ക്ക് സമാന്തരമായി കഥാപാത്രങ്ങൾക്കിടയിൽ ഒരു പൊതു ഭൂതകാലം (Shared Past) ഉരുത്തിരിഞ്ഞു വരുന്നതും ശക്തമാകുന്നതും. കഥ നടക്കുന്ന വാടക വീട്ടിൽ കാലത്തെ മൂന്നായി തരം തിരിക്കാവുന്ന രീതിയിൽ മൂന്ന് കഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒരു കുടുംബത്തിലെ മൂന്ന് തലമുറ. അമ്മൂമ്മ, അമ്മ, മകൻ (ഭൂതം, വർത്തമാനം, ഭാവി).
തളർന്നുകിടക്കുന്ന അമ്മൂമ്മയും, കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമായ നഴ്‌സറി അധ്യാപികയായ അമ്മയും, ഡീ. ഫാമം കഴിഞ്ഞു ജോലിക്കായി ശ്രമിക്കുന്ന മകനും ചേരുന്ന കുടുംബം ഒട്ടും സുഖകരമായ രീതിയിലല്ല ജീവിക്കുന്നത്. ഭൂതകാലത്തിൽ അലിഞ്ഞുചേർന്ന പിതാവും, കഥയുടെ തുടക്കത്തിൽ തന്നെ ഭൂതകാലത്തിലേക്ക് മറയുകയും പിന്നീട് വലിയ സ്വാധീനമായി മാറുന്ന അമ്മൂമ്മയും, സിനിമയിലെ അമ്മയും മകനും പങ്കിടുന്ന ഭൂതകാലത്തിന്റെ ഭാഗമാകുമ്പോൾ, വാടക വീടിന്റെ അന്തരീക്ഷത്തിൽ മിന്നിമറയുന്നത്, മുൻപ് അതേ വീട്ടിൽ ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിന്റെ ഭൂതകാലമാണ്. ഒരു സാധാരണ കുടുംബം മനസിലാക്കുന്ന പോലെ തന്നെ തങ്ങൾ പങ്കിടുന്ന ഭൂതകാലം ഈ അമ്മയും മകനും പരസ്പരം മനസ്സിലാക്കുന്നതിൽ ഉപയോഗിക്കുന്നു എന്നതിൽ നിന്നാണ് കഥയിലെ പ്രശ്‌നം വളരുന്നത്.
സ്വന്തം അമ്മയുടെ മരണശേഷം തന്നെ മനസിലാക്കുവാൻ ആരും ഇല്ല എന്ന അവസ്ഥയിൽ മനഃശാസ്ത്രജ്ഞയെ കാണുന്ന ആശ (രേവതി അവതരിപ്പിക്കുന്ന കഥാപാത്രം) താൻ ഡിപ്രെഷനിലേക്ക് തന്നെ പോകുമോ എന്ന ഭയം അറിയിക്കുന്നുണ്ട്. അവിടെയും ആശ തന്റെ കുടുംബത്തിന്റെ മാനസികാരോഗ്യചരിത്രത്തെ കുറിച്ച് ബോധ്യയാണ് (ഈ ബോധ്യം മൂലധനമാക്കി കൊണ്ട് കഴിയുന്നത്ര മരുന്നുകൾ ക്ലിനിക്കിൽ നിന്നും നല്കുന്നുമുണ്ട്). ഭൂതകാലത്തെ കുറിച്ചുള്ള ഓർമകളെ മറക്കുവാൻ കഴിയാതെ ജീവിക്കുന്ന ആശ, തന്റെ കുടുംബചരിത്രത്തെ കാണുന്നത് പല പ്രശ്‌നങ്ങളുടെ തുടർച്ചയായിട്ടാണ്. ഈ തുടർച്ച തന്നെ അമ്മയും മകനും പങ്കിടുന്ന ഭൂതകാലത്തിൽ നിന്നും അവരെ വേർതിരിക്കുന്നില്ല. മറുവശത്ത് മകന്റെ കഥാപാത്രം (ഷെയിൻ നിഗം അവതരിപ്പിക്കുന്ന വിനു), തന്റെ പിതാവിനോടുള്ള സാദൃശ്യം മൂലം കുറ്റപ്പെടുത്തൽ നേരിടുന്നതും ഇതേ ഭൂതകാലത്തിന്റെ സ്വാധീനം മൂലമാണ്. പിതാവിനെ പോലെ വളർന്നു വഷളാവാതെ ഇരിക്കുവാൻ മകനെ ശ്രദ്ധയോടെ വളർത്തുന്ന അമ്മ, അച്ഛന്റെ സ്വഭാവം സ്വാഭാവികമായും മകന് കൈവരുമോ എന്ന ചരിത്രപരമായ സംശയത്തെ ഭയത്തോടെയാണ് നോക്കി കാണുന്നത്. മകൻ ഇമോഷണലി സപ്പോർട്ടീവ് ആണോ? എന്ന ഡോക്ടറുടെ ചോദ്യത്തിന് അവൻ അവന്റെ അച്ഛനെ പോലെയാണ് എന്ന ഒറ്റ ഉത്തരത്തിൽ അമ്മ സ്വന്തം മകനെ വികാരങ്ങൾ പ്രകടിപ്പിക്കുവാൻ കഴിയുന്നവനല്ല എന്നും മകനെ പൂർണമായും അച്ഛന്റെ ജീവചരിത്രത്തിന്റെ തുടർച്ചയായും മാറ്റുന്നു.
സിനിമയിൽ അമ്മയും മകനും തർക്കിക്കുന്ന അവസരത്തിൽ, അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ പറഞ്ഞത് മനസിലായേനേ എന്ന് വിനു പറയുമ്പോൾ ആണും പെണ്ണും നേർക്കുനേരെ നിന്ന് നമുക്ക് പരസ്പരം പൂർണമായി മനസിലാക്കുവാൻ സാധ്യമല്ല എന്നുകൂടിയാണ് പറയുന്നത്. കഥയിൽ പരാമർശങ്ങളിലൂടെ മാത്രം കടന്നു പോകുന്ന "പിതൃരൂപം' കുടുംബം നേരിട്ട കടത്തിനും പേരുദോഷത്തിനും ഹേതുവാണ് എന്നുകൂടി "അമ്മ' പറയുമ്പോൾ സമൂഹത്തിന് അംഗീകരിക്കുവാൻ സാധ്യമല്ലാത്ത എന്തോ ഒന്ന് ചെയ്തതാണ് പിതാവിന്റെ ജീവിതത്തെ വിലയിരുത്തുന്നത്.
കഥയിൽ മറ്റു പല കഥാപാത്രങ്ങളും തുടരെ തുടരെ ഈ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നുണ്ട്, വിനുവിന്റെ അമ്മാവനും ആ കുടുംബം ഒന്നാകെ പങ്കിടുന്ന ഒരു ഭൂതകാലം ഓർമ്മിപ്പിക്കുന്നു. കഥയിലുടനീളം നടക്കുന്ന ഈ ഓർമ്മപ്പെടുത്തൽ തന്നെയാണ് കഥയെ വർത്തമാനത്തിലേക്കോ, ഭാവിയിലേക്കോ കടക്കുന്നതിൽ നിന്നും തടയുന്നത്. ഈ ഭൂതകാലം സമ്മാനിക്കുന്ന ദുരിതങ്ങളിൽ നിന്ന് രക്ഷ നേടുവാൻ ഡോക്ടർ ആശയോട് ആവശ്യപ്പെടുന്നത് തനിച്ചുള്ള നടത്തമോ, ഐസ്ക്രം കഴിക്കാനോ മറ്റുമാണ് (കുറെ മരുന്നുകളോടൊപ്പം). വിനു ആകട്ടെ സ്വന്തം കാമുകിയുമായി സമയം ചെലവഴിക്കുന്നതിലാണ് ഭൂതകാലത്തിൽ നിന്നുമുള്ള രക്ഷ കണ്ടെത്തുന്നത് (അതും ചെലവേറിയതാകുന്നു).
ഓരോ തവണയും കഥാപത്രങ്ങൾ തങ്ങളുടെ വീട് കരുതി വെച്ചിരിക്കുന്ന ഭൂതകാലത്തിൽ നിന്ന് രക്ഷ നേടുന്നത് പുറത്തുപോയി സാധനങ്ങൾ വാങ്ങുന്നതിലോ, യാത്ര ചെയ്യുന്നതിലോ ആണ്. ഭൂതകാലത്തിൽ നിന്ന് ശ്രദ്ധ തിരിക്കുവാൻ വിനോദത്തിന് പണം ചെലവാക്കുന്നവർ, അമ്മൂമ്മയുടെ മരണശേഷം വീൽചെയർ ഓൺലൈനിൽ വില്പനക്ക് വെച്ചാലോ എന്ന് വിനു ആശയോട് ചോദിക്കുന്നതും ഇതേ ഭൂതകാലത്തിൽ നിന്നുമുള്ള രക്ഷ ലക്ഷ്യം വെച്ചിട്ടാണ്. പക്ഷെ ഇതെല്ലാം തന്നെ താൽകാലിക ശ്രദ്ധ തിരിക്കൽ മാത്രമാണ്, രണ്ടു കഥാപാത്രങ്ങളും വീണ്ടും തങ്ങളുടെ ഭൂതകാലം കെട്ടികിടക്കുന്ന വീട്ടിലേക്ക് വരുന്നു. വീണ്ടും ഭൂതകാലത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തുന്നു. ദൂരെ ജോലി ലഭിച്ചിട്ടും മകനെ അയക്കാൻ തയ്യാറല്ലാത്ത അമ്മ, ഭൂതകാലത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുവാൻ തയ്യാറാണെങ്കിലും, മകന് തന്റെ കൺവെട്ടത്ത് നിന്നു മാറി ഒരു ഭാവി ആഗ്രഹിക്കുന്നില്ല. അവൻ പോയാൽ എനിക്ക് വേറെ ആരാണുള്ളത് എന്ന ചോദ്യം, മകന്റെ ഭാവിയിലേക്കുള്ള വളർച്ചയെ മാത്രമല്ല, അവൻ വളർന്നു അച്ഛനെ പോലെയാകുമോ എന്ന ചരിത്രപരമായ ഭയം കൂടി വ്യക്തമാക്കുന്നതാണ്.
ചുരുക്കത്തിൽ രണ്ടു കഥാപാത്രങ്ങളും നേരിട്ടുള്ള സംഭാഷണത്തിന് മുതിരുന്നതിനുപകരം പഴയ കാലത്ത് തങ്ങൾക്കുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം നടത്തി, അതിന്റെ അടിസ്ഥാനത്തിൽ പെരുമാറുകയാണ് കഥയിലുടനീളം. ഇന്ന് കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളിലും നടക്കുന്ന ഈ ഭൂതകാല വിശകലനവും, അതിന്റെ അടിസ്ഥാനത്തിലുള്ള പെരുമാറ്റവുമാണ് ഭൂതകാലം എന്ന സിനിമ നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് തന്റെ മകനോ മകളോ ഏതു വിഷയം പഠിച്ചാലാണ് ഭദ്രവും ശോഭനവുമായ ഭാവി ഉണ്ടാകുക എന്ന സംശയത്തെ മാതാപിതാക്കൾ നേരിടുക തങ്ങൾക്ക് അനുഭവപ്പെട്ട ഭൂതകാലത്തെ വിശകലനം ചെയ്തതിന് ശേഷം എടുക്കുന്ന തീരുമാനങ്ങളിലാണ്, സിനിമയിൽ അമ്മയും മകനും തമ്മിൽ ജോലി ലഭിക്കാത്തതുമായി ബന്ധപ്പെട്ടു നടക്കുന്ന തർക്കങ്ങൾ ശ്രദ്ധിക്കുക. എം.ബി.ബി.എസ് പഠിക്കാൻ മകനെ നിർബന്ധിക്കുന്ന അമ്മ ശ്രദ്ധിക്കുന്നത് താൻ ഭൂതകാലത്തെ കുറിച്ച് നേടിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. (ഡോക്ടർ ആവുക എന്നത് അന്തസും സാമ്പത്തിക ഭദ്രതയും നൽകും എന്ന കണ്ടെത്തൽ അമ്മയുടെ ചരിത്രവിശകലനത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്). എന്നാൽ ഈ കണ്ടെത്തൽ അടിച്ചേൽപ്പിക്കുന്ന അവസ്ഥയിൽ മകന്റെ വർത്തമാനവും ഭാവിയും ഇല്ലാതെയാകുന്നു.
ആധുനിക മനുഷ്യൻ താൻ ജീവിച്ചു കഴിഞ്ഞ കാലത്തെ സന്തോഷവും, ദുഃഖവും, സുഖവും എന്താണ് എന്ന തിരിച്ചറിവിൽ നിന്നാണ് വർത്തമാന ജീവിതത്തിലെ ഓരോ തീരുമാനങ്ങളും എടുക്കുക. പ്രായത്തിൽ മുതിർന്നവർ, കൂടുതൽ അനുഭവങ്ങൾ ഉള്ളവരുമൊക്കെ പുതുതലമുറയ്ക്ക് മുൻപിൽ മാതൃക ആകുന്നത് ഈ ചരിത്രബോധ്യം മൂലധനമായി പ്രകടിപ്പിച്ചുകൊണ്ടാണ്. ഈ മൂലധനത്തെ വിമർശനവിധേയമാക്കുന്നുണ്ട് ഭൂതകാലം. ചരിത്രബോധ്യത്തിലൂന്നിയ മൂലധനം എങ്ങനെ മുതലാളിത്തവുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നും, അതിന്റെ തണലിൽ എണ്ണത്തിൽ പെരുകുകയും ഗുണത്തിൽ തകരുകയും ചെയ്യുന്ന യുവാക്കൾ വളരുന്നു എന്നും സിനിമ അവതരിപ്പിക്കുന്നുണ്ട്. വിനുവിന്റെ സുഹൃത്തുക്കളായ ശ്യാം, സജിൻ എന്നീ യുവാക്കൾ, മുൻതലമുറയുടെ ചരിത്രവിശകലനത്തിന്റെയും, മുതലാളിത്തത്തിന്റെയും നിർമിതികളാണ്. മാതാപിതാക്കൾ നിർണയിക്കുന്ന വിഷയം പഠിച്ച്, ഒരു ഉപഭോക്താവ് എന്ന നിലയിൽ ഫീസ് അടച്ച് കോഴ്‌സ് തീർന്നതിനുശേഷം എത്രയും വേഗം ഏതെങ്കിലും ജോലി ചെയ്തു രക്ഷപ്പെടുക എന്ന ആശയമാണ് ഭാവിയിലേക്ക് ദിശാസൂചികയായി കാണുന്നത്.
തങ്ങളുടെ സുഹൃത്തായ സജിൻ കൈവരിച്ച നേട്ടങ്ങൾ ഇൻസ്റ്റാഗ്രാമിൽ കാണുമ്പോഴുണ്ടാകുന്ന അസൂയയും, വിഷമമവും കൊണ്ടെത്തിക്കുന്നത് ഉറക്കമില്ലായ്മയിലും, മദ്യപാനത്തിലുമാണ്. തങ്ങൾ "ഒരു ഗതിയും പരഗതിയും ഇല്ലാത്തവരാണ്' എന്ന ചിന്ത കൈവരുമ്പോൾ വിനുവും ശ്യാമിനെ പോലെ ഹോട്ടൽ പണിക്ക് പോകുവാൻ തയ്യാറാണ്. ഇത് ആശയോട് പറയുമ്പോഴുണ്ടാകുന്ന പ്രതികരണം തുറന്ന തർക്കത്തിലേക്ക് നീളുകയും ചെയ്യുന്നു.
അമ്മ എന്ന നിലയിൽ താൻ മകനെ ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നതിൽ പരാജയപ്പെട്ടു എന്ന ബോധ്യം തിരിച്ചറിയുന്ന അവസരത്തിൽ ആശ വീണ്ടും തന്റെ മുറിക്കുള്ളിലേക്ക് പോകുന്നു. ഇവിടെ അമ്മയും മകനും ഒരുപോലെ മുതലാളിത്തത്താൽ ചതിക്കപെട്ടവരാണ്. വിനുവിന് അസ്തിത്വം നല്കുന്നത് തന്റെ ബൈക്കും ഫോണും ആണെകിൽ ആശയ്ക്ക് താൻ കഴിക്കുന്ന മരുന്നുകളാണ് അസ്തിത്വം. മാർക്കറ്റിലെ ചരക്കുകൾ മനുഷ്യന്റെ അസ്തിത്വം നിർണയിക്കുന്ന വർത്തമാനകാലം കൂടിക്കലരുമ്പോൾ ഭൂതകാലം പൂർണമായും അന്യവൽക്കരിക്കപ്പെട്ട മനുഷ്യരുടെ കഥയാണ് പറയുന്നത്. വരുമാനത്തിന് വേണ്ടി ചെയ്യേണ്ട ജോലിക്കായി ആശയ്ക്ക് ഇല്ലാത്ത സന്തോഷം കുട്ടികളുടെ മുൻപിൽ അഭിനയിക്കേണ്ടിവരും, ജോലി അന്വേഷിക്കുന്ന വിനുവിനൊടും ആവശ്യപ്പെടുന്നത് തനിക്ക് താല്പര്യമില്ലാത്ത വേഷത്തിൽ വരാനാണ്. ചെയ്യുന്ന ജോലിയിൽ തങ്ങളായി തന്നെ നിലനിൽക്കുവാൻ അമ്മയും-മകനും പങ്കിടുന്ന ഭൂതകാലം അവരെ അനുവദിക്കുന്നില്ല.
കഥാവസാനത്തിൽ, പ്രശ്നങ്ങളത്രയും വിനുവിനുമേൽ ഭ്രാന്തായി ചുമത്തപ്പെടുമ്പോൾ, ഭാഗ്യമെന്നോണം ആശയ്ക്കും തങ്ങളുടെ വീട്ടിലും മനസിലും ആഘാതമുണ്ടാകുന്ന "ഭൂതകാലത്തെ' അറിയുവാൻ സാധിക്കുന്നു. ഈ സാധ്യത തന്നെ വളരെ വേഗം ആ വീട്ടിൽ നിന്ന് മാറുവാനുള്ള തീരുമാനത്തിലേക്കും എത്തിക്കുന്നു. വീടിന്റെ ഭൂതകാലം വിനുവിനെ കൗൺസിൽ ചെയ്യുവാൻ എത്തുന്ന ജോർജ് എന്ന മനഃശാസ്ത്രജ്ഞന്റെ അന്വേഷണത്തിൽ പ്രേക്ഷകർക്ക് മുൻപിൽ വിശദീകരിക്കപ്പെടുന്നുണ്ടെങ്കിലും, അവ ഒരിക്കലും ആശയും- വിനുവും പങ്കിടുന്ന ഭൂതകാലത്തിന്റെ ഭാഗമല്ല. അത് ജോർജ് സ്വയം ആർജിച്ചെടുത്ത അറിവാണ്, അതിപ്പോൾ ജോർജ് എന്ന കഥാപാത്രം അറിയുന്ന ഭൂതകാലത്തിന്റെ ഭാഗമായിരിക്കുന്നു. പുതിയ വീട്ടിലേക്ക് മാറുന്നതിന് മുൻപ് അമ്മയും മകനും മനസ്സിൽ തോന്നുന്നത് എല്ലാം തുറന്ന് പറയും എന്ന ഉറപ്പിലാണ് നിൽക്കുന്നത്. അമ്മയും മകനും ഒന്നായതിന്റെ പേരിൽ ജോർജ് എന്ന മനഃശാസ്ത്രജ്ഞനും, അമ്മാവനും സന്തോഷവാന്മാരാകുമ്പോൾ, കഥയിലെ ഭൂതകാലം അവസാനിക്കുന്നില്ല തുടരുന്നതേയുള്ളു. എന്നാൽ അത്തരം ഭൂതകാലത്തെ കുറിച്ചുള്ള വിശകലനങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുവാൻ തുടങ്ങിയാൽ ഉണ്ടാകുന്ന ആഘാതം വലുതും തിരുത്താൻ പറ്റാത്തതുമാണ് എന്ന തിരിച്ചറിവ് ഭൂതകാലം നല്കുന്നു.
1874-ൽ ഇതേ ശൈലിയിലുള്ള കാഴ്ച അവതരിപ്പിച്ചത് ഫ്രഡറിക്ക് നീത്ഷേയാണ്, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, പോയ കാലത്തെ കുറിച്ചുള്ള ഏതൊരു ബോധ്യവും നമ്മെ മുന്നോട്ട് നടത്തേണ്ടതാണ്, അല്ലാതെയുള്ളവ വേദനയോ, സംതൃപ്തിയോ നൽകുന്നതാവും, മുന്നോട്ടുള്ള വളർച്ചയല്ല പോയ കാലത്ത് തന്നെ തളർന്ന് നിൽക്കുന്ന ജീവിതങ്ങളാണ് അത്തരം ബോധ്യങ്ങളുടെ ഫലം. ഭൂതകാലം എന്ന സിനിമ അത്തരം പല ബോധ്യങ്ങളും മുതലാളിത്തവും ചേർന്ന് നിർമിക്കുന്ന വർത്തമാനജീവിതമാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്.
പഴയ കാലത്തെ ഭൂതകാലം എന്ന് വിളിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ. അതെന്തുകൊണ്ടെന്ന് ഭൂതകാലം എന്ന സിനിമ ഗംഭീരമായി പറയുന്നുണ്ട്. കാനായിയുടെ ഭൂതവും വർത്തമാനവും ഭാവിയും ഒരുമിച്ചിരുന്നു സംവദിക്കുന്ന എറണാകുളത്തെ മുക്കാല ഭഗവതി എന്ന ശിൽപം തുടങ്ങിവെച്ച സംവാദമാണിത് കേരളത്തിൽ. ചലച്ചിത്രഭാഷ്യത്തിലേക്കെത്തുമ്പോൾ അത് ഭൂതാവേശിതമായ, ഒരുനിലക്കും ഭാവിയിലേക്ക് വളരാനാവാതെ വർത്തമാനത്തിൽ കെട്ടി നിന്ന് ഭയക്കുന്ന കേരളീയ വർത്തമാനമാനത്തെ അടയാളപ്പെടുത്തപ്പെടുന്നു. ചുറ്റുമുള്ള സമൂഹത്തിന്റെ വിഹ്വലതകളെ കലർപ്പില്ലാതെ ആവാഹിച്ചതു കൊണ്ടാണ് ഈ ചലച്ചിത്രം നമ്മെ പേടിപ്പിക്കുന്നതും.