ലി ചാങ് - ഡോങ്ങ് സംവിധാനം ചെയ്ത Burning-ലെ ഒരു രംഗം

കൊറിയ- ബേണിങ്- ലി ചാങ് ഡോങ്ങ്

വികസിത രാജ്യങ്ങളിലെ സാമ്പത്തിക അസമത്വവും ക്ലാസ്​ വാറും വിഷയമാക്കി അടുത്തിറങ്ങിയ കൊറിയൻ സിനിമകളുടെ കാഴ്​ച

ഹാല്യു (Hallyu)

സോംബി മൂവി Train to Busan- ലെ കൊറിയൻ ആക്ഷൻ സൂപ്പർസ്റ്റാർ ഡോൺ ലീ (Ma Dong-seok) കേരളത്തിൽ അറിയപ്പെടുന്നത് കൊറിയക്കാരുടെ ലാലേട്ടൻ എന്നാണ്. ഈയിടെ വിടപറഞ്ഞ കൊറിയൻ സംവിധായകൻ കിം കി ഡുക് കേരളത്തിലുണ്ടാക്കിയ ഫാൻബേസ് പ്രശസ്തമാണ്. കിം കി ഡുക് ഈ വീടിന്റെ ഐശ്വര്യം എന്ന ഫലകം വരെയിറങ്ങി. Gangnam സ്റ്റാറും, സ്‌റ്റൈലും കേരളത്തിലെ എല്ലാ കുട്ടികൾക്കും അറിയാവുന്ന പാട്ടും ചുവടുകളുമാണ്. ശേഷം സിയോളിൽ നിന്നുള്ള ഏഴംഗ ബോയ് മ്യൂസിക് ബാൻഡ് BTS അതിലും പ്രശസ്തി നേടുന്നു. ദക്ഷിണ കൊറിയയിൽ നിന്നുള്ള K മൂവീസ്, K സീരീസുകൾ, K പോപ് സംഗീതം ഇവയെല്ലാം കൊറിയൻ ഉപഭോഗ ഉൽപന്നങ്ങൾക്കൊപ്പം കയറ്റുമതി ചെയ്യപ്പെടുകയാണ്. കൊറിയൻ സാംസ്‌കാരിക തരംഗം അലയടിക്കുന്നു. ഒപ്പം കോസ്‌മെറ്റിക്‌സ്, കൊറിയൻ ഭക്ഷണം, ഓൺലൈൻ ഗെയിംസ് തുടങ്ങി അനുബന്ധ മേഖലകളിലും കൊറിയ സ്ഥാനം നേടുന്നു.

Bangtan Boys (BTS). ദക്ഷിണ കൊറിയയിലെ സിനിമ, സാഹിത്യം, സംഗീതം, ഗെയ്മിങ്ങ് മേഖലകൾക്ക് ലഭിക്കുന്ന ആഗോള സ്വീകാര്യത, കൊറിയൻ സാംസ്‌കാരിക തരംഗത്തിന്റെ (Hallyu) പ്രസക്തിയും വിപണന മൂല്യവും വെളിവാക്കുന്നു. photo: Bangtan Offical, Facebook

കൊറിയയുടെ സോഫ്റ്റ് പവർ കൾചറൽ പ്രതിഭാസവും സ്വാധീനവും അറിയപ്പെടുന്നത് ഹാല്യു (Hallyu) എന്ന പേരിലാണ്. ഈ പേര് വരുന്നത് ചൈനയിൽ നിന്നാണ്. മാൻഡരിൻ ഭാഷയിൽ ഇതിന്റെ അർത്ഥം Korean Waves എന്നാണ്. കൊറിയൻ സാംസ്‌കാരിക തരംഗം ആദ്യമെത്തിയത് ചൈനയിലും ജപ്പാനിലുമായിരുന്നു. പിന്നീട് ഏഷ്യ മുഴുവനും പരന്നു. ലോക ശ്രദ്ധയും നേടിത്തുടങ്ങി. Parasite കാൻ ഫെസ്റ്റിവലിലും ഓസ്‌കാറിലും മികച്ച സിനിമക്കുള്ള അവാർഡ് കിട്ടുന്ന ആദ്യ കൊറിയൻ സിനിമയയായി. 2020 ൽ കൊറിയൻ ബാൻഡ് BTS മികച്ച ഗാനം, മികച്ച ഗ്രൂപ്പ് ഉൾപ്പെടെ 4 MTV യൂറോപ്പ് മ്യൂസിക് അവാർഡുകൾ നേടി. കൺസ്യൂമർ മാർക്കറ്റിൽ പണ്ട് തന്നെ അറിയാവുന്ന സാംസങ്, എൽ.ജി, ഹ്യൂണ്ടായ്, കിയ, SK ഗ്രൂപ്പ് , Lotte എന്നിവയോടൊപ്പം വിനോദമേഖലയിലും കൊറിയൻ നാമങ്ങൾ സുപരിചിതമാവുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് വണിക് സംഘങ്ങളും ബുദ്ധശരണാർത്ഥികളും സഞ്ചരിച്ച സിൽക് റൂട്ടിലൂടെ ഇപ്പോൾ സാംസങ് അലക്കു യന്ത്രങ്ങളും, LG ഫ്രിഡ്ജുകളും, കിയ കാറുകളും ഒപ്പം കൊറിയൻ സിനിമകളും സീരീസുകളും പുതിയ സീസണും എപിസോഡുകളുമായി യാത്ര തുടരുകയാണ്.

സർക്കാർ- കോർപറേറ്റ് കൊടുക്കൽ വാങ്ങലുകളിൽ വളർന്ന് വലുതായതാണ് കൊറിയൻ സമ്പദ്ഘടന. ഇതിനൊപ്പം രാഷ്ട്രീയ കോർപറേറ്റ് അധികാര വടംവലികളുടെ പിന്നാമ്പുറ കഥകളുമുണ്ട്

ചയ്‌ബൊൽ (Chaebol)

ദക്ഷിണ കൊറിയയുടെ ഹാല്യു എന്ന കൾചറൽ ബൂമിനുപിന്നിലെ സാമ്പത്തിക ബൂം അവഗണിക്കാനാവില്ല. 1960 കളിൽ ഇന്ത്യയുടെയും കൊറിയയുടെയും GDP ഏകദേശം ഒരു പോലെയായിരുന്നു. ഇന്ന് ലോകത്തിലെ പതിനൊന്നാം സാമ്പത്തിക ശക്തിയായി കൊറിയ മാറിയിരിക്കുന്നു. കയറ്റുമതി ബിസിനസിൽ ലോകത്ത് അഞ്ചാമതും. ഇതിനുപിന്നിലുള്ളത് കൊറിയൻ കുടുംബങ്ങൾ നടത്തുന്ന കോർപറേറ്റ് സ്ഥാപനങ്ങളാണ്. കൊറിയയിലെ ബിസിനസ് കുടുംബങ്ങൾക്കുള്ള പൊതുനാമമാണ് ചയ്‌ബൊൽ (Chaebol). "സമ്പന്ന കുടുംബം' എന്നാണ് ചയ്‌ബൊൽ എന്ന കൊറിയൻ വാക്കിനർത്ഥം. സാംസങ്, LG, ഹ്യുണ്ടായ്, കിയ ഇവയെല്ലാം നിയന്ത്രിക്കുന്നത് ബിസിനസ്​ കുടുംബങ്ങളാണ്.

ദക്ഷിണ കൊറിയ കഴിഞ്ഞ അമ്പത് വർഷത്തിനിടക്ക് ഒരു സാമ്പത്തിക ശക്തിയായി കുതിച്ചുയർന്നതിന് പിന്നിലെ പ്രധാന ശക്തി ചയ്‌ബൊൽ ആണ്. ഒരു കൊറിയക്കാരൻ തമാശയായി സ്വയം പരിചയപ്പെടുത്തിയത്, സാംസങ് പ്ലാന്റിൽ ജോലി ചെയ്യുന്നു, സാംസങ് ഫ്‌ളാറ്റിൽ താമസം, സാംസങ് തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നു, ടോയ്‌ലറ്റിൽ സാംസങ് ടിഷ്യു പേപ്പർ ഉപയോഗിക്കുന്നു. ഒരു സ്റ്റാർട്ടപ് ഇക്കോ സിസ്റ്റത്തിന് തീർത്തും എതിരാണ് ഏതാനും കുടുംബങ്ങൾ നിയന്ത്രിക്കുന്ന കൊറിയയിലെ ചയ്‌ബൊൽ അന്തരീക്ഷം. അതിനാൽ സാധാരണക്കാർക്കിടയിൽ ഈ വ്യവസ്ഥയോട് എതിർപ്പുണ്ട്. കയറ്റുമതി ലക്ഷ്യമിട്ടുള്ള ബിസിനസ് വളർച്ചയിൽ തദ്ദേശീയ വ്യാപാരവും ഉൽപന്നങ്ങളും തഴയപ്പെടുന്നു എന്നത് മറ്റൊരു പരാതിയാണ്.

അഴിമതിക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡൻറ്​ പാർക്ക്​ ഗ്യൂൻ ഹൈ / Photo: Wikimedia Commons

1960 കളിലാണ് ചയ്‌ബോൽ ബിസിനസ് കുടുംബങ്ങളുടെ വളർച്ച തുടങ്ങുന്നത്. കൊറിയൻ പ്രസിഡന്റ് പാർക് ചുങ്​ ഹീ (Park Chung hee) സാമ്പത്തിക വളർച്ചക്ക് സഹായകമായ സബ്‌സിഡികളും പോളിസികളും , മറ്റ് സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. തിരിച്ച് ബിസിനസ്​ കുടുംബങ്ങൾ സർക്കാർ പ്രോഗ്രാമുകൾ നടപ്പാക്കുന്നതിൽ സഹകരിക്കുന്നു. സർക്കാർ- കോർപറേറ്റ് കൊടുക്കൽ വാങ്ങലുകളിൽ വളർന്ന് വലുതായതാണ് കൊറിയൻ സമ്പദ്ഘടന. ഇതിനൊപ്പം രാഷ്ട്രീയ കോർപറേറ്റ് അധികാര വടംവലികളുടെ പിന്നാമ്പുറ കഥകളുമുണ്ട്. 2017 ൽ ഒരു കോഴക്കേസിൽ സാംസങ് ഗ്രൂപ്പിന്റെ അനന്തരവകാശി രണ്ടര വർഷത്തേക്ക് ശിക്ഷിക്കപ്പെടുന്നു. പിന്നീട് ശിക്ഷാകാലാവധി കുറയ്ക്കുന്നു. അന്നത്തെ കൊറിയൻ പ്രസിഡൻറ്​ പാർക് ഗ്യൂൻ ഹൈ (ആദ്യ പ്രസിഡൻറ്​ പാർക്ക്​ ചുങ്​ ഹീയുടെ മകൾ) രാജിവെയ്ക്കുന്നു. അധികാര ദുർവിനിയോഗത്തിന് ജയിലിലാവുന്നു.
ഇതൊന്നും ചെയ്ബോലിന്റെ സ്വാധീനങ്ങളെയോ ചെയ്ബൊൽ രാഷ്ട്രീയ ബന്ധങ്ങളെയോ ഇല്ലാതാക്കിയില്ല. മേധാവി ജയിലിലുള്ളപ്പോഴും സാംസങ് ഗ്രൂപ്പിന്റെ ലാഭം വർധിക്കുകയായിരുന്നു.

Burning / ലി ചാങ് - ഡോങ്ങ്

വികസിത രാജ്യങ്ങളിലെ സാമ്പത്തിക അസമത്വവും, class war- ഉം വിഷയമാക്കി അടുത്തിറങ്ങിയ മൂന്ന് സിനിമകളാണ് Parasite (Bong Joon-ho, South Korea, 2019), Burning (Lee Chang-dong, South Korea, 2018), Shoplifters (Hirokazu Koreeda, Japan, 2018). കാനിൽ Burning-ഉം Shoplifters-ഉം തമ്മിലുള്ള അവസാന റൗണ്ടിൽ Shoplifters മികച്ച സിനിമയായി. ആ വർഷം തന്നെ Burning ഓസ്‌കാർ നേടിയില്ലെങ്കിലും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ കൊറിയൻ സിനിമയായി. അടുത്ത വർഷം Parasite ഓസ്‌കാറിൽ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ കൊറിയൻ സിനിമയായി. മറ്റു രണ്ട് സിനിമകളിലും class war നേരിട്ടുള്ള വിഷയമായപ്പോൾ Burning-ൽ class war മെറ്റഫൊറിക്കൽ തലത്തിലാണ്.

ലി ചാങ് - ഡോങ്ങി (Lee Chang-dong) സംവിധാനം ചെയ്ത ബേണിങ്ങ്, ഒരു ത്രികോണ പ്രണയം വിഷയമാക്കിയുള്ള സെെക്കളോജിക്കൽ മിസ്റ്ററി ത്രില്ലർ ആണ്. അതിനുകീഴെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം, ആധുനിക ലോകത്തെ വ്യക്തിബന്ധങ്ങൾ, സംഘർഷങ്ങൾ എന്നിവ വിഷയമായി വരുന്നുണ്ട്. എഴുത്തുകാരൻ ആവാൻ ആഗ്രഹിക്കുന്ന, ആദ്യ നോവൽ എഴുതിക്കൊണ്ടിരിക്കുന്ന ജോംഗ് സു (Jong-su) ആണ് സിനിമയിലെ ഒരു കഥാപാത്രം. ജോംഗ് സു വിന്റെ വീക്ഷണകോണിലാണ് നാം സിനിമ കാണുന്നത്. അതിനാൽ അയാളുടെ കഥയാണോ, അല്ല അയാൾ എഴുതുന്ന നോവലിലേക്കായി സങ്കൽപിക്കുന്നതാണോ എന്ന സസ്‌പെൻസ് സിനിമയിലുടനീളം നമ്മുക്കനുഭവപ്പെടും.

വഴിവാണിഭവും കടവാണിഭവും പൊടിപൊടിക്കുന്ന ഒരു തിരക്കുപിടിച്ച തെരുവാണ് ആദ്യ സീൻ. അവിടെ ജോംഗ് സു ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നു. എഴുത്തുകാരനാവുക എന്നതാണ് ജോംഗ് സുവിന്റെ സ്വപ്നം. ഒരു ദിവസം ഹെയ്മി (Hae mi) എന്ന പെൺകുട്ടി, ഹൈസ്‌ക്കൂളിൽ ഒന്നിച്ച് പഠിച്ചതാണെന്നു പറഞ്ഞ് പരിചയപ്പെടുന്നു. തനിക്ക് ഓർമയില്ലെന്ന് ജോംഗ് സു പറയുമ്പോൾ, അത് മുഖം പ്ലാസ്റ്റിക് സർജറി ചെയ്തതുകൊണ്ടാവുമെന്ന് ഹെയ്​മി മറുപടി പറയുന്നു. ഹെയ്​മി കടയിലേക്ക് കസ്റ്റമറെ ആകർഷിക്കാനുള്ള ഗ്ലാമർ ഗേൾ ജോലിയാണ് ചെയ്യുന്നത്. ഇരുവരും പഴയ കൂട്ടുകാർ എന്ന രീതിയിൽ കൂടുതൽ അടുക്കുന്നു. ഒരു പക്ഷെ അവർ ഒന്നിച്ചു പഠിച്ചവരേ ആയിരിക്കില്ല. ഇവിടം മുതൽ സത്യവും മിഥ്യയും ചേർന്ന ഒരു അവിശ്വാസം കഥയിലെ അവിഭാജ്യ ഘടകമാവുന്നു.
ജോംഗ് സു ഹെയ്​മിയുടെ ഫ്‌ളാറ്റ് സന്ദർശിക്കുന്നു. ഒരു ദിവസം ഹെയ്​മി ആഫ്രിക്കൻ ട്രിപ്പ് നടത്തുന്നു. ഈ സമയത്ത് തന്റെ പൂച്ചയെ നോക്കാൻ ജോംഗ് സുവിനെ ഏൽപിക്കുന്നു. ഇതൊരു ഷ്രോഡിംഗർ പൂച്ചയാണ്. പൂച്ചയെ കാണികൾ എവിടെയും കാണുന്നില്ല. കഥ കുറെക്കൂടി മുന്നോട്ട് പോവുമ്പോൾ പൂച്ചയെപ്പോലെ ഹെയ്​മിയും ഒരു ദിവസം അപ്രത്യക്ഷമാകുന്നു. ആഫ്രിക്കയിൽ നിന്ന് ഹെയ്​മി തിരിച്ചു വരുന്നത് ബെൻ എന്ന അതിസമ്പന്നനായ യുവസുഹൃത്തിനൊപ്പമാണ്. ജോംഗ് സുവിന്റെ പ്രണയമോഹങ്ങൾ അനിശ്ചിത്വത്തിലാവുന്നെങ്കിലും ജോംഗ് സുവും ബെന്നും തമ്മിൽ നല്ല ബന്ധം രൂപപ്പെടുന്നു.

ലി ചാങ് - ഡോങ്ങ് സംവിധാനം ചെയ്ത ബേണിങ്ങ്, ഒരു ത്രികോണ പ്രണയം വിഷയമാക്കിയുള്ള സെെക്കളോജിക്കൽ മിസ്റ്ററി ത്രില്ലർ ആണ്

കഥയുടെ ഗതിവിഗതികൾ ജോംഗ് സു എഴുതുന്ന നോവലിലേതാണോ അതോ യാഥാർത്ഥ്യ ജീവിതമാണോ എന്ന് തീരുമാനിക്കേണ്ടത് കാണികളാണ്. ഹെയ്​മി അപ്രത്യക്ഷമായതോ അതോ കൊല ചെയ്യപ്പെട്ടോ? കൊല ചെയ്‌തെങ്കിൽ കൊലയാളി ആര്? ഇനി ഹെയ്​മി തന്നെ എഴുത്തുകാരന്റെ ഭാവനാവിലാസമാണോ? സിനിമയുടെ ക്ലൈമാക്‌സിലുള്ള കൊലപാതകം നടന്നതാണോ ഫിക്ഷനാണോ? തുടക്കം മുതൽ ഒടുക്കം വരെ ഇങ്ങനെ പിടികിട്ടാ ചോദ്യങ്ങളും അന്വേഷണങ്ങളുമാണ്. ഒടുവിൽ ഉത്തരങ്ങൾക്കല്ല പ്രാധാന്യമെന്ന ഉത്തരമാണ് കിട്ടുന്നത്. കഥാപാത്രങ്ങളിലെ മിസ്റ്ററിയും സംഭവങ്ങളിലെ കൃത്യതയില്ലായ്മയുമാണ് സത്യം.

ആഫ്രിക്കയിലെ ഗോത്രവിഭാഗത്തിന്റെ നൃത്തമായ Hunger Dance കാണുക എന്നത് ഹെയ്​മിയുടെ ആഫ്രിക്കൻ യാത്രയുടെ പ്രധാന ഉദ്ദേശ്യമായിരുന്നു. ആ നൃത്തം ജീവിതത്തിന്റെ അർത്ഥാന്വേഷണമാണ്. അവളുടെ പരിമിത വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചാണ് ഹെയ്​മി ആഫ്രിക്കൻ യാത്ര തരപ്പെടുത്തുന്നത്. കാമുകന്മാർ രണ്ടുപേരുമുള്ള ഒരു ദിവസം ഹെയ്​മി hunger dance പോലെ നൃത്തം ചെയ്യുന്നു. മറ്റുള്ളവരുടെ മുന്നിൽ വിവസ്ത്രയായി നൃത്തം ചെയ്തതിന് ജോംഗ് സു അവളെ വഴക്ക് പറയുന്നു. അവൾക്ക് ഇരുവരോടുമുള്ള പ്രണയത്തിൽ തടസ്സങ്ങളില്ല. തന്റെ ഗ്ലാമറില്ലാത്ത ഗ്ലാമർ ഗേൾ ജോലിയും താമസിക്കുന്ന ഇടുങ്ങിയ ഫ്‌ളാറ്റും ബെന്നിന്റെ വിശാലമായ അപാർട്ട്‌മെന്റും അവൾക്ക് സ്വാഭാവികമായ ഇടങ്ങളാണ്. മൂന്നു കഥാപാത്രങ്ങളിൽ കെട്ടുപാടുകളില്ലാത്ത free soul ഹെയ്മിയാണ്. ജോംഗ് സുവിനും ബെന്നിനും വ്യക്തി ബന്ധങ്ങൾ കൂടുതൽ സങ്കീർണമാണ്. അവർ പ്രതിനിധാനം ചെയ്യുന്ന privileged- under privileged class war സങ്കീർണതകൾ അവരുടെ ബന്ധങ്ങളിലേക്കും നീളുന്നുണ്ട്. ഇതിനകത്തും ആരോഗ്യകരമായ ആത്മബന്ധം അവർ തമ്മിലുണ്ട്, അവിശ്വാസവും.

ഹരൂകി മുറകാമി / Photo: Wakarimasita, Flickr

മുറകാമിയുടെ Barn Burning എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ. William Faulkner, Barn Burning എന്ന പേരിൽ തന്നെ class war വിഷയത്തിൽ മുമ്പ് എഴുതിയ കഥയാണ് മുറകാമിയുടെ കഥക്ക് ആധാരമെന്നതിനാൽ രണ്ട് കഥകളും സിനിമയോട് ചേർത്തുവെക്കണം. സിനിമയിൽ ജോംഗ് സുവിന്റെ മാതൃകാ എഴുത്തുകാരൻ വില്യം ഫൊക്‌നറാണ്. ലി ചാങ് - ഡോങ്ങ് (Lee Chang-dong) ഹൈസ്‌കൂൾ അധ്യാപകനായി തുടങ്ങി എഴുത്തുകാരനായി അറിയപ്പെട്ട് പിന്നീട് സിനിമാ സംവിധായകനായതാണ്. അതിനാൽ നമുക്ക് പദ്മരാജൻ സിനിമകളിൽ അനുഭവപ്പെടുന്നത് പോലെ ഒരു literary element ലി ചാങ് - ഡോങ്ങ് സിനിമകളിൽ കാണാനാവും. അടൂരിന്റെ അനന്തരത്തിൽ കാണുന്ന അജയന്റെ മനോവ്യാപാരങ്ങളും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം ബേണിങ്ങിലും കാണാം.

എൻ. പ്രഭാകരന്റെ ആത്മകഥയിൽ (ഞാൻ മാത്രമല്ലാത്ത ഞാൻ, ട്രൂ കോപ്പി വെബ്​സീൻ) അനിയനെപ്പറ്റിയുള്ള കുറിപ്പിൽ അനിയന് ഇഷ്ടപ്പെട്ട സിനിമ അനന്തരമായിരുന്നു എന്ന് പറയുന്നുണ്ട്. താനനുഭവിച്ച മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷം സിനിമയിലെ കഥയാവുന്നു. അനന്തരത്തിലെ അവസാന രംഗത്ത് കുട്ടിയായ അജയൻ കുളപ്പടവുകൾ കയറിയിറങ്ങി എണ്ണുമ്പോൾ അവസാനത്തെപ്പടവ് ഒറ്റയായും ഇരട്ടയായും അവസാനിക്കുന്നു. കുട്ടിക്ക് അതിനുത്തരം കിട്ടുന്നില്ല. അജയൻ മുതിർന്നപ്പോഴും ആ ചോദ്യം ബാക്കിയാവുന്നു. അനന്തരത്തിൽ ആശുപത്രിയിൽ ജനിച്ചു വീഴുന്നത് മുതലുള്ള കഥ പറഞ്ഞു തുടങ്ങുന്ന അജയൻ അവസാനം പറയുന്ന മോണോലോഗ് പോലെ ഈ കഥക്ക് പൂർണത വന്നിട്ടുണ്ടോ എന്നറിയില്ല. അപൂർണ കഥകളും അപൂർണ ജീവിതങ്ങളും ചേർത്തു വെച്ച് കഥയല്ലിതു ജീവിതം നീങ്ങുന്നു.

അടൂർ ഗോപാലകൃഷ്​ണന്റെ ‘അനന്തര’ത്തിൽ അജയനായി അശോകൻ. അജയന്റെ മനോവ്യാപാരങ്ങളും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം ബേണിങ്ങിലും കാണാം

യോഗവസിഷ്ഠകഥകളിലെ ലവണൻ എന്ന രാജാവിന്റെ കഥയും സമാനമാണ്. വേട്ടയ്ക്ക് യോജിച്ച കുതിരയുമായി ഒരപരിചതൻ കൊട്ടാരത്തിൽ വരുന്നു. പിന്നീട് ലവണൻ താൻ കണ്ടത് സ്വപ്നമാണെന്ന് അറിയുന്നു. സ്വപ്നത്തിൽ കണ്ട സ്ഥലമന്വേഷിച്ച് കാട്ടിലെത്തിയപ്പോൾ കണ്ടത് സ്വപ്നത്തിന്റെ അവസാനഭാഗം അവിടെ സംഭവിക്കുന്നതായാണ്. ഓർമയിലെത്തിക്കുന്ന മറ്റൊരു കൃതി ഹങ്കേറിയൻ നോവലിസ്റ്റായ Sandor Marai യുടെ Embers ആണ്. Embers-ഉം കൈകാര്യം ചെയ്തത് ത്രികോണ പ്രണയം. നോവലിന്റെ അവസാനവും സിനിമയിലേതുപോലെ ഒരു burning നടക്കുന്നു. നോവലിലും പ്രണയത്തിലുമുപരി വ്യക്തിബന്ധങ്ങളും സംഘർഷങ്ങളുമാണ് വിശകലനം ചെയ്യപ്പെടുന്നത്. ബേണിങ്ങ് സിനിമയിൽ അതിധനികനും സുന്ദരനുമായ ബെൻ ആയി കാസ്റ്റ് ചെയ്തത് കൊറിയൻ അമേരിക്കൻ നടനായ Steven Yeun നിനെയാണ്. സംവിധായകനും നടനും തമ്മിൽ മുൻപരിചയമില്ല. അയാൾ അമേരിക്കയിലായതിനാൽ കൊറിയൻ ഭാഷ അത്ര വശമില്ല. തിരക്കഥ വായിക്കാനാവില്ല. അതുകൊണ്ട് മുറകാമിയുടെ Barn Burning വായിക്കാൻ പറഞ്ഞു. വായിച്ചു കഴിഞ്ഞ് സ്റ്റീവൻ പറഞ്ഞത് ഞാനവതരിപ്പിക്കേണ്ട കഥാപാത്രത്തിന്റെയുള്ളിലെ പ്രതിസന്ധി എനിക്കുള്ളിലേത് കൂടിയാണ്. മിഥ്യയല്ല, അമേരിക്കയിലും ജപ്പാനിലും കൊറിയയിലും സംഭവിക്കുന്നതാണ് ഈ ചെറുകഥകളും സിനിമയും കൈകാര്യംചെയ്യുന്ന വിഷയങ്ങൾ. ▮


കെ. സജീഷ്​

എഴുത്തുകാരൻ, പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു

Comments