കുടുംബം എന്ന സ്ഥാപനത്തെപ്പറ്റി ജീവിതനൗക, ഭാര്യ, ചെമ്മീൻ തുടങ്ങിയ ചലച്ചിത്രങ്ങൾ നിർമിച്ചെടുത്ത ആദർശവൽകൃതമായ സങ്കല്പങ്ങൾക്ക് വലിയ പ്രചാരം മലയാളസിനിമയിൽ പിന്നീടുണ്ടായി. ഈ ചിത്രങ്ങളുടെ സ്വാധീനം കൊണ്ടല്ല ഇതു സംഭവിച്ചത്; മറിച്ച് മലയാളിക്ക് അവയിലുള്ള പരമ്പരാഗതമായ ആശയങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടാണ്. കുടുംബത്തിന്റെ കെട്ടുറപ്പ് എന്ന പേരിൽ അറിയപ്പെടുന്ന ഫ്യൂഡൽ/യാഥാസ്ഥിതിക അധികാര സങ്കൽപമാണ് ഈ ആശയങ്ങളിൽ ഏറ്റവും പ്രമുഖം. ഇത്തരം സങ്കൽപങ്ങളെ അടിസ്ഥാനമാക്കിയതുകൊണ്ട് കുടുംബജീവിതം എന്ന ദൈനംദിന പ്രക്രിയയെക്കുറിച്ച് യാഥാർത്ഥ്യത്തിനടുത്തു നിൽക്കുന്ന ധാരണകളൊന്നും എഴുപതുകൾ വരെയുള്ള മലയാള ചിത്രങ്ങളിൽ കാര്യമായ സാന്നിദ്ധ്യമാകാതെപോയി. നേരിട്ടല്ലാതെ ഈ പ്രമേയം കൈകാര്യം ചെയ്ത ഭാർഗവീനിലയം(എ. വിൻസെന്റ്, 1964) ഓളവും തീരവും (പി. എൻ. മേനോൻ, 1970) നിഴലാട്ടം(എ. വിൻസെന്റ്, 1970) തുടങ്ങി കുറച്ചു പടങ്ങൾ ഇതിൽ നിന്ന് ചെറിയൊരു പരിധി വരെ മാറിനിൽക്കുന്നു. പഴയ മൂല്യവ്യവസ്ഥയിൽ നിന്നുള്ള പരിവർത്തനം ചിത്രീകരിക്കുന്ന അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം (1972) മുതലുള്ള ചിത്രങ്ങൾപോലും അവയുപേക്ഷിക്കാൻ ശ്രമിക്കുന്ന മൂല്യസംഹിതയുടെ പ്രേതബാധയിൽനിന്ന് വിമുക്തമല്ല.
സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകൾ എന്നീ സിനിമകളുടെ പഠനം
സി.ബി. മോഹൻദാസ് എഴുതുന്നു: കുടുംബം, അധികാരം, ന്യൂറോസിസ്സ്;
കെ. ജി. ജോർജ്ജിന്റെ മൂന്നു ചിത്രങ്ങൾ.
ട്രൂ കോപ്പി വെബ്സീനിൽ വായിക്കാം, കേൾക്കാം