കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള ഒരു വലിയ നുണ പൊളിക്കുകയാണ് 'ജയ് ഭീം'

സമീപകാലത്തെ ചില സിനിമകളിൽ വരാറുള്ള തികച്ചും അപ്രസക്തമായ മുഴച്ചു നിൽക്കുന്ന ഡയലോഗുകൾക്കുപോലും പലപ്പോഴും ലഭിക്കുന്ന കയ്യടി, ജാതിയുടെ വയലൻസിനെ ഉടനീളം, സിനിമയുടെ കലാപരമായ ചേരുവകൾ ഒട്ടും ചോരാതെ, തുറന്നു കാട്ടുന്ന ‘ജയ് ഭീം' എന്ന സിനിമക്ക് ചില കോണുകളിൽ നിന്ന് ലഭിക്കാത്തതിന്റെ കാരണം അന്വേഷിക്കേണ്ടതുണ്ട്

Truecopy Webzine

ന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജാതിവിരുദ്ധ സമരങ്ങളിലെ നേതൃപരമായ പങ്കിനെ ചരിത്ര വിരുദ്ധമായി റദ്ദ് ചെയ്യുന്ന സമീപനത്തിനുള്ള മറുപടിയാണ് ‘ജയ് ഭീം' എന്ന സിനിമയെന്ന് സുദീപ് സുധാകരൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും ജാതിയുടെ വിവിധ രൂപങ്ങൾക്കെതിരായ സമരത്തിന്റെതുകൂടിയാണ്. അതിൽ ഭാഗമായ അനേകം പേരുടെ പ്രതിനിധിയാണ് ജസ്റ്റിസ് ചന്ദ്രു അടക്കമുള്ളവർ. അവർക്കുള്ള സിനിമാറ്റിക്ക് ട്രിബ്യൂട്ടാണ് ഈ ചിത്രം.

സമീപകാലത്തെ ചില സിനിമകളിൽ വരാറുള്ള തികച്ചും അപ്രസക്തമായ മുഴച്ചു നിൽക്കുന്ന ഡയലോഗുകൾക്കുപോലും പലപ്പോഴും ലഭിക്കുന്ന കയ്യടി, ജാതിയുടെ വയലൻസിനെ ഉടനീളം, സിനിമയുടെ കലാപരമായ ചേരുവകൾ ഒട്ടും ചോരാതെ, തുറന്നു കാട്ടുന്ന ഈ സിനിമക്ക് ചില കോണുകളിൽ നിന്ന് ലഭിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല- ട്രൂ കോപ്പി വെബ്സീൻ 50ാം പാക്കറ്റിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട ഏറ്റവും ശക്തമായ ആരോപണങ്ങളിൽ ഒന്ന്, ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും പ്രധാന യാഥാർഥ്യങ്ങളിൽ ഒന്നായ ജാതിയെ അഡ്രസ് ചെയ്തിട്ടില്ല എന്നതാകും.
അവരുടെ വാദപ്രകാരം, യൂറോപ്പിലെ സാഹചര്യങ്ങൾക്കനുസരിച്ച് സൃഷ്ടിക്കപ്പെട്ട ഒരു സിദ്ധാന്തത്തിനെ അതേപടി തീർത്തും വ്യത്യസ്തമായ ഇന്ത്യൻ സാഹചര്യത്തിൽ പറിച്ചു നടുകയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി. അഥവാ സമൂഹത്തിൽ വർഗ്ഗപരമായ പ്രശനങ്ങൾ മാത്രമേ ഉള്ളൂ എന്നും അത് പരിഹരിച്ചാൽ അതോടെ തീരുന്നതാണ് ജാതി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ എന്നും കരുതിയവരാണ് കമ്യൂണിസ്റ്റ് നേതൃത്വം.

ഇന്ന് ഇത്, ഒരു വലിയ വിശാല കമ്യൂണിസ്റ്റ് വിരുദ്ധ സഖ്യം പറഞ്ഞു പറഞ്ഞ് എതിർക്കപ്പെടാൻ കഴിയാത്ത സത്യമെന്നോണം അക്കാദമിക ഇടങ്ങളിലും മറ്റും ഉറച്ചുപോയൊരു ആരോപണമാണ്. ചില അക്കാദമിക ബുദ്ധിജീവികളും, നിക്ഷിപ്ത താല്പര്യങ്ങളുള്ള സ്വത്വവാദികളും, പൊളിറ്റിക്കൽ ഇസ്​ലാലാമിസ്റ്റുകളും എല്ലാം ചേരുന്ന വിശാല കമ്യൂണിസ്റ്റ് വിരുദ്ധ സഖ്യം ഇതിനുപിന്നിലുണ്ട്. ഇക്കൂട്ടർ പറഞ്ഞു പരത്തുന്ന, ചരിത്രത്തിന്റെ പിൻബലമില്ലാത്ത വെറുമൊരു ആരോപണം മാത്രമാണ്, കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ ചരിത്രത്തിൽ ജാതിയെ അഡ്രസ് ചെയ്തിട്ടില്ല എന്നത്. തികഞ്ഞ അർത്ഥത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം എന്ന് വിളിക്കാവുന്ന ഈ ആരോപണം എന്നാൽ വലിയ അളവിൽ ഇടതുപക്ഷത്തുള്ളവരെ പോലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് എന്നത് സങ്കടകരമായ വസ്തുതയാണ്. ‘കമ്യൂണിസ്റ്റുകാർ ജാതിയെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലല്ലോ' എന്ന് കേൾക്കാത്ത ഒരു കമ്യൂണിസ്റ്റുകാരനും ഈ രാജ്യത്ത് ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല. ഇത് സത്യമാണ് എന്ന് വിശ്വസിച്ച് കുറ്റബോധത്തോടെ രാഷ്ട്രീയ സംവാദങ്ങളിൽ ഇടപെടേണ്ടി വരുന്ന എത്രയോ ഇടത് ചിന്താഗതിക്കാരെ സമൂഹമാധ്യമങ്ങളിൽ കാണാം.

ജസ്റ്റിസ് ചന്ദ്രു. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് കെ ചന്ദ്രുവിന്റെ ജീവിതത്തിൽ നടന്ന യഥാർഥ കഥയും അദ്ദേഹം അഭിഭാഷകനായിരുന്ന കാലത്ത് കൈകാര്യം ചെയ്ത കേസുമാണ് സിനിമയുടെ ഇതിവൃത്തം. Photo : Ajmal Mk Manikoth

എന്നാൽ, പാർട്ടിയുടെ ചരിത്രം ഈ വാദത്തെ തള്ളിക്കളയുന്നു. 1930ൽ അംഗീകരിച്ച ‘ഡ്രാഫ്റ്റ് പ്ലാറ്റ്ഫോം ഫോർ ആക്ഷൻ' എന്ന രേഖയാണ് ഇതിനുള്ള തെളിവുകളിൽ ഒന്ന്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തി അതിൽ എടുക്കേണ്ട സമീപനത്തെക്കുറിച്ച് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി എത്തിച്ചേരുന്ന രേഖയിൽ ജാതിയെ കുറിച്ചുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാട് കാണാൻ സാധിക്കും. കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ സാഹചര്യത്തിൽ മുന്നോട്ട് വെക്കുന്ന പൊതു ആവശ്യങ്ങളിൽ ഒന്നായി പറയുന്നത് റാങ്ക്, കാസ്റ്റ്, നാഷണൽ/ കമ്യൂണൽ പ്രിവിലേജ് എന്നിവയുടെ പൂർണമായ ഉന്മൂലനവും ഒപ്പം ലിഗം- മതം- വംശം എന്നിവക്കതീതമായി എല്ലാ പൗരന്മാർക്കും തുല്യതയുമാണ്.

ജാതി വ്യവസ്ഥയെ എല്ലാ അർത്ഥത്തിലും തള്ളിക്കളയുക എന്നതിനൊപ്പം ഇന്ത്യൻ സമൂഹത്തിന്റെ സമ്പൂർണമായ പരിവർത്തനത്തിന് ജാതിയിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ പൂർണമായും തകരേണ്ടതുണ്ട് എന്ന നിലപാടിലേക്ക് 1930 ൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടി എത്തിച്ചേരുന്നുണ്ട്.

ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എടുത്തിരുന്ന ജാതി സംബദ്ധമായ നിലപാടുകളെ കണിശമായി വിമർശിക്കുന്ന രേഖ, ജാതി വ്യവസ്ഥയെ പരിഷകരിക്കണം എന്നോ - സാവധാനം ഇല്ലായ്മ ചെയ്യണം എന്നുപോലുമോ അല്ല പറയുന്നത്; മറിച്ച് ഒരു ദയയും കൂടാതെ തച്ചുതകർക്കണം എന്നാണ്. ജാതിയോടുള്ള ഗാന്ധിയൻ പട്രോനൈസിംഗ് കാഴ്ചപ്പാടുകളെ തുടക്കത്തിൽ തന്നെ തള്ളിക്കളയാൻ കമ്യൂണിസ്റ്റുകൾക്ക് സാധിച്ചിരുന്നു.

ഇരുപത് വർഷങ്ങൾക്കിപ്പുറം 1950 ൽ നിലവിൽ വരുന്ന ഇന്ത്യൻ ഭരണഘടന പോലും ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യണം എന്ന റാഡിക്കൽ നിലപാട് മുന്നോട്ട് വെക്കുന്നില്ല. അയിത്തം പോലുള്ള ആചാരങ്ങളെ നിരോധിക്കുകയും ജാതിക്ക് അതീതമായി അവകാശങ്ങൾ ഉറപ്പാക്കുകയും ജാതീയമായി വിവേചനം നേരിട്ടവർക്ക് പോസിറ്റീവ് ഡിസ്‌ക്രീനിനേഷൻ മുന്നോട്ട് വെക്കുകയും ചെയ്യുന്ന ഭരണഘടനക്ക്, ജാതി അല്ലെങ്കിൽ ജാതിവ്യവസ്ഥ തന്നെ ഇല്ലാതെയാക്കണം എന്നൊരു പദ്ധതിയില്ല.

ഇരുപതാം നൂറ്റാണ്ടിലുടനീളം കമ്യൂണിസ്റ്റ് പാർട്ടി കാർഷിക സമരങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. ഈ സമരങ്ങളിലെ അവിഭാജ്യ ഘടകങ്ങളിൽ ഒന്ന് അതാത് പ്രദേശങ്ങളിൽ നിലനിന്ന ജാതി വ്യവസ്ഥയുടെ വിവിധ രൂപങ്ങൾക്കതിരായ സമരങ്ങളായിരുന്നു.
മുതലാളിത്വത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും ചൂഷണങ്ങൾക്കുനേരെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് ചെറുതും വലുതുമായ സമരങ്ങളുടെ ഒരുഭാഗത്ത് എപ്പോഴും ജാതിവ്യവസ്ഥക്കെതിരായ പോരാട്ടങ്ങളുണ്ട്. കർണാടകയിലെ ബ്രാഹ്മണരുടെ എച്ചിലിൽ ദലിതരെക്കൊണ്ട് ഉരുട്ടുന്ന മടേ സ്നാനത്തിനെതിരായ സമരത്തിലും തമിഴ്‌നാട്ടിലെ ജാതിമതിലുകൾ പൊളിക്കാനുള്ള സമരത്തിലും ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളിലും വഴി നടക്കാനുള്ള സമരങ്ങളിലും തോട്ടിപ്പണി പോലുള്ള ജോലി ചെയ്യുന്നവരുടെ അവകാശങ്ങൾക്കുള്ള സമരങ്ങളിലുമെല്ലാം നേതൃത്വത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കാണാൻ സാധിക്കും.

കമ്യൂണിസ്റ്റുകാർക്ക് അധികാരം ലഭിച്ചപ്പോഴെല്ലാം ജാതിവ്യവസ്ഥയുടെ നേരെ അധികാരത്തെ ഉപയോഗപ്പെടുത്തി ഇടപെടൽ നടത്തിയതും കൂടി ഇവിടെ ചേർത്ത് വെക്കേണ്ടതുണ്ട്. ജാതിക്കെതിരായ പോരാട്ടത്തിൽ നേതൃപരമായ പങ്കാണ് തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്.

ജാതി വിരുദ്ധ രാഷ്ട്രീയ ചരിത്രമുള്ള ദ്രാവിഡ പാർട്ടികളുടെയും മറ്റും പ്രവർത്തന കേന്ദ്രമാണെങ്കിലും പ്രത്യക്ഷത്തിലുള്ള ജാതി ആക്രമണങ്ങളുടെ ഒരു നീണ്ട നിര തമിഴ്നാടിന് പറയാനുണ്ട്; പ്രത്യകിച്ച് ദലിത് വിഭാഗങ്ങൾക്കെതിരെയുള്ള അക്രമങ്ങളുടെ. ഇത്തരം അക്രമങ്ങൾക്കെതിരെ കോടതികൾക്കുള്ളിലും നിയമനിർമ്മാണ സഭകൾക്കുള്ളിലും പുറത്ത് മിലിട്ടന്റായ രീതികളിലും ചെറുത്തുനിൽപ് നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ചരിത്രമാണ് കമ്യൂണിസ്റ്റുകൾക്ക് തമിഴ്നാട്ടിലുള്ളത്.

യാതൊരു പ്രിവിലേജുമില്ലാത്ത, സർക്കാർ രേഖകളിൽ പോലും പേരില്ലാത്ത ഒരു വിഭാഗത്തിനുവേണ്ടി ഒരു പ്രസ്ഥാനം നടത്തിയ കോടതിക്ക് അകത്തും പുറത്തുമുള്ള പോരാട്ടമാണ് ‘ജയ് ഭീം'. ഈ കേസിൽ ആദ്യം ഇടപെട്ട സി.പി.എം കമ്മപുരം താലൂക്ക് കമ്മിറ്റി മെമ്പറായ സഖാവ് ഗോവിന്ദന് സമരങ്ങളിൽ നിന്ന് പിന്മാറാൻ ലക്ഷക്കണക്കിന് രൂപയുടെ വാഗ്ദാനങ്ങൾ വന്നതായാണ് അദ്ദേഹം തന്നെ പിന്നീട് വെളിപ്പെടുത്തിയത്. നിരവധി തവണ ശാരീരികാക്രമണങ്ങളും പ്രദേശത്തെ പാർട്ടിക്കാർക്ക് നേരിടേണ്ടി വന്നിരുന്നു. ജസ്റ്റിസ് ചന്ദ്രുവിനെ ഒരു പെട്ടി നിറയെ കാശുമായി പൊലീസുകാർ കാണാൻ വന്നിരുന്നു എന്ന് സിനിമ ഇറങ്ങിയ ശേഷം വന്നൊരു ഇന്റർവ്യൂവിൽ അദ്ദേഹം പറയുന്നുണ്ട്. എന്താകും ഇത്തരത്തിൽ എല്ലാ പ്രതിബന്ധങ്ങളെയും പ്രലോഭനങ്ങളെയും മറികടന്ന് നീതിക്കായി നിലകൊള്ളാൻ ഇവരെയെല്ലാം ശക്തരാക്കിയ ഘടകം അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ഉൾക്കൊള്ളാതെ ഇതിന് ഉത്തരം പറയാനാകില്ല.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കാലാകാലങ്ങളായി പറഞ്ഞു നടക്കുന്ന, വലിയ ചരിത്ര വിരുദ്ധതയെ ഈ സിനിമ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ തന്നെ കഥയിലൂടെ പൊളിച്ചടുക്കുന്നുണ്ട്- സുദീപ് സുധാകരൻ എഴുതുന്നു.

ജാതിവിരുദ്ധ സമരവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും തമ്മിലെന്ത്?
‘ജയ് ഭീം' ചരിത്രത്തിന്റെ ഒരോർമപ്പെടുത്തലാണ്
സുദീപ് സുധാകരൻ എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 50
സൗജന്യമായി വായിക്കാം, കേൾക്കാം

Comments