‘നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിൽ മാറ്റങ്ങളുടെ ഗതിവേഗവും വ്യത്യസ്തമാണ്. അതിനെ മനസ്സിലാക്കാൻ മനുഷ്യർ വികസിപ്പിച്ചെടുത്ത അളവുകോലുകൾ മാത്രമാണ് കാലവും ദേശവും. അല്ലാതെ കാലത്തിലും ദേശത്തിലും നിലനിൽക്കുന്നതല്ല വസ്തുക്കൾ.'-മൈത്രേയൻ.
കളിഗമിനാറിലെ കുറ്റവാളികളെന്ന വിനോയ് തോമസിന്റെ കഥയിൽ നിന്ന് ചുരുളി എന്ന സിനിമയിലെത്തുമ്പോൾ സ്ഥലകാലങ്ങളുടെ പെരുക്കങ്ങൾ നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നു. മറ്റൊരുതരത്തിൽ ചോദിച്ചാൽ കളിഗമിനാർ എന്ന സ്ഥലത്തെ ചുരുളി എന്ന സമയത്തിലേക്ക് പറിച്ചു നടുമ്പോൾ പ്രേക്ഷകൻ അന്ധാളിച്ചു പോകുന്നതെന്തുകൊണ്ടാണ്? കഥയും കവിതയും തമ്മിലുള്ള വ്യത്യാസം കൊണ്ടാണെന്ന് പൊതുവേ പറയേണ്ടി വരും. കൽപറ്റ നാരായണന്റെ അഭിപ്രായത്തിൽ ഗദ്യം പറയാവുന്നതിന്റെ ഭാഷയും കവിത പറഞ്ഞറിയിക്കാനാവാത്തതിന്റെ ഭാഷയുമാണ്. സിനിമക്ക് കൂടുതൽ അടുപ്പം കവിതയോടായത് കൊണ്ടു തന്നെ ചുരുളിക്കും പറഞ്ഞറിയിക്കാനാവാത്തതിന്റെ ഭാഷയാണുള്ളത്.
എന്നാൽ വേണ്ടത്ര മാധ്യമ വളർച്ച നേടാത്ത കാലങ്ങളിൽ മലയാളത്തിലിറങ്ങിയ സിനിമകളെല്ലാം ആദ്യമായും അവസാനമായും ഒരു കഥ പറഞ്ഞുതീർക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചെടുത്തതായിരുന്നു എന്ന് പറഞ്ഞത് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി. എഫ്. മാത്യൂസാണ്.
അവിടെ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരി എന്ന മാന്ത്രികൻ തന്റെ പൻഡോരപ്പെട്ടി തുറന്ന് ചുരുളിയെ പുറത്തെടുക്കുമ്പോൾ അത് മലയാളസിനിമയുടെ ചെറിയ കഥാ പരിസരത്തെ മറികടന്ന് കവിതയുടെ പ്രാപഞ്ചികലോകത്തെത്തന്നെ പുണരുന്നു. A total uncompromising act from an independent filmmaker.
കൂമൻകാവിൽ ബസ് ചെന്ന് നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല- ഖസാക്കിന്റെ ഇതിഹാസം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഭദ്രാവതി ക്രോസിൽ ആന്റണിച്ചേട്ടനൊപ്പം ബസിറങ്ങിയപ്പോൾ ഷാജീവനും സമാനമായ അനുഭവം ഉണ്ടായി.
‘ഒരു പ്രത്യേക സ്ഥലം, അല്ലേ ഷാജീവാ ', പെങ്ങൾ ഒരിക്കൽ ഷാജിവനോട് ചോദിച്ചു.
ഷാജിവന് മറുപടിയില്ല. പകരം താനിവിടെ എപ്പോഴാണെത്തിയെത് എന്നാണയാൾ ആലോചിച്ചത്.
ഒ.ടി.ടി മുന്നോട്ടുവയ്ക്കുന്ന സാധ്യതകൾ അപാരമാണ്. ആ രീതിയിൽ പ്രേക്ഷകർക്ക് കുറേക്കൂടി സ്വാതന്ത്ര്യം കൈവരുന്നുണ്ട്.
ഏതൊരു സ്ഥലത്തെയും നിർണയിക്കുന്ന പലതുണ്ട് അതിലൊന്നാണ് അതിർത്തി. ഇവിടെ ചുരുളിയെ നിർണയിക്കുന്ന ഒന്നാണ് പാലം. പാലത്തിനു മുമ്പും അതിന് ശേഷവും വേറെ വേറെ ലോകങ്ങളാണ്. ഒരു പുതിയ ഭാഷാ ക്രമം പോലും ആളുകൾക്ക് കൈവരുന്നു (സംവിധായകർ ഈ ഭാഷയെ വിളിക്കുന്നത് ചുരുളാളം എന്നാണ്). കൂമൻകാവിൽ നിന്ന് ഖസാക്കിലെത്തുമ്പോഴേക്കും നോവലിലെ ഭാഷ മാറുന്നു. ഒരു തരത്തിൽ ഖസാക്കിനെ നിർമിക്കുന്നതും ആ കാവ്യ ഭാഷയാണ്. പാലം കടക്കുന്നതോടെ മര്യാദക്കാരായ ചുരുളി ചേട്ടന്മാരുടെ വായിലും ഭരണിപ്പാട്ട് പൂണ്ട് വിളയാടുന്നു. ആൺപെൺ വ്യത്യാസമില്ലാതെ ഒരു പുത്തൻ ഭാഷാ പ്രയോഗത്തിന്റെ ചുഴിയിൽ പ്രേക്ഷകരും പെടുന്നു. (ഇവിടെ വച്ചു നിങ്ങൾക്കു സിനിമ നിർത്താം മുന്നോട്ടുപോകാം. ഒ.ടി.ടി മുന്നോട്ടുവയ്ക്കുന്ന സാധ്യതകൾ അപാരമാണ്. ആ രീതിയിൽ പ്രേക്ഷകർക്ക് കുറേക്കൂടി സ്വാതന്ത്ര്യം കൈവരുന്നുണ്ട്.) ധർമ്മപുരാണത്തിന്റെ ഭാഷയിൽ ചൊടിച്ച് ഒ. വി. വിജയനെ തെറി പറഞ്ഞ സാംസ്‌കാരികത മുതൽ സാങ്കേതിക വിദ്യയുടെ ഇങ്ങേയറ്റത്തുള്ള ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വരെ നമുക്കിഷ്ടമില്ലാത്തവരെ തെറിയഭിഷേകം നടത്തുന്ന നാടാണ് നമ്മുടെതെന്ന് ചെറിയ ഓർമ്മപ്പെടുത്തൽ മാത്രം.
ഒരു ഇടത്തെ /ദേശത്തെ അയഥാർത്ഥമാക്കുന്നതിൽ സൗണ്ട് ഡിസൈൻ വഹിക്കുന്ന പങ്ക് തർക്കോസ്‌കിയുടെ stalker സിനിമ കാണുമ്പോൾ നമുക്ക് മനസ്സിലാകും. മൂന്നു പേർ അപരിചിതമായ ഇടത്ത് (zone എന്നാണ് സിനിമയിൽ) കൂടി യാത്ര തുടരുമ്പോൾ സിനിമ സൃഷ്ടിക്കുന്ന ശബ്ദം നമ്മെയും അവിടേക്ക് വലിച്ചടുപ്പിക്കും. സമാനമായ ശബ്ദാനുഭവം ചുരുളിയെയും നിഗൂഡവത്കരിക്കുന്നു.
ഒരു സ്ഥലത്തെ മനുഷ്യർ ഒരുമിച്ച് കൂടുന്ന രണ്ടിടമാണ് കള്ളുഷാപ്പും ആരാധനാലയവും. നോക്കു ആദ്യ കുർബ്ബാനക്കായി കള്ളുഷാപ്പ് പള്ളിയായി പരിണമിക്കുന്നത് എത്ര സ്വാഭാവികമായാണ്.
ആന്ററണിക്ക് അത്ഭുതം. ഇത് കള്ളുഷാപ്പ് പള്ളിയായതാണോ അതോ പള്ളി കള്ളുഷാപ്പായതാണോ ?
തെറിപ്പാട്ട് സങ്കീർത്തനമായി മാറുന്നു. ആളുകളുടെ വേഷം മാറുന്നു. അവരുടെ മട്ടും ഭാവവും സാഹചര്യങ്ങൾക്കൊത്ത് രൂപാന്തരപ്പെടുന്നു. ഖസാക്കിലെ ധാന്യപ്പുര ഏകാംഗ വിദ്യാലയമായി പരിണമിക്കുന്നതും ഇതേ സ്വാഭാവികതയോടെയാണ്.
ഡ്രൈവർ, മൂഞ്ചി, ഷാപ്പുകാരൻ കറിയാച്ചൻ, വെടിക്കാരൻ, കപ്പക്കാരൻ, അമ്മാമ്മ, പെങ്ങൾ, തങ്കൻ എത്ര പെട്ടന്നാണ് കഥാപാത്രങ്ങൾ അടയാളപ്പെടുത്തുന്നത്. കുറ്റവാളികൾ എന്ന എകത്വത്തിലും എത്ര വൈവിധ്യമുള്ള (variations) മനുഷ്യർ. ഖസാക്കിലെ തുമ്പികൾ ചുരുളിയിലെ ഇരുട്ടിൽ മിന്നാമിനുങ്ങുകളായി രൂപാന്തരപ്പെടുന്നു. എട്ടുകാലികളും മറ്റു ഷട്പദങ്ങളും പരിണാമത്തെ ഓർമ്മപ്പെടുത്തുന്നു. ജെല്ലിക്കെട്ടിലെ പരിണാമത്തിന്റെ കഥ ചുരുളിയിൽ പുനർജനിക്കുന്നു.
ഇതിഹാസത്തിന്റെ പരിണാമദശയിൽ എന്നോ പൂവിറക്കുവാനായി അനിയത്തി ചെമ്പകച്ചോട്ടിൽ എത്തി. ഉടൻ ചെമ്പകം/ ചേടത്തി ചോദിച്ചു, ‘അനിയത്തി നീ എന്നെ മറന്നുവോ '. എന്നാൽ ചുരുളിയിലെ ചേടത്തി അനിയത്തിയെ കാണാൻ രാത്രിസഞ്ചാരം നടത്തുന്നു. ‘വടക്കേ മലയിൽ താമസിക്കുന്ന തീച്ചാമുണ്ഡി തെക്കേമലയിലെ മറിയത്തിനെ സന്ദർശിക്കാൻ രാത്രിയിൽ പോക്കുവരവുണ്ടത്രേ'. സ്ഥലകാലങ്ങളെ ഓർത്തെടുത്തപ്പോൾ കറിയാച്ചൻ ഷാജിവനോടുപറഞ്ഞു.
പരിണാമ സിദ്ധാന്തത്തിലെ natural selection എന്ന ആശയം കടമെടുത്താൽ ചുരുളി സ്വാഭാവികതയോടെ തിരഞ്ഞെടുക്കുന്നത് ഷാജിവനെയാണ്. ആന്റണി ചേട്ടൻ തന്റെ ആഗ്രഹ പൂർത്തീകരണത്തിനായി അവിടെ അഴിഞ്ഞാടാൻ തീരുമാനിക്കുന്നുണ്ടെങ്കിലും ചുരുളി അയാളെ പുറന്തള്ളി. തുടക്കത്തിൽ indifferent ആയി നിൽക്കുകയും എന്നാൽ എല്ലാവരെയും പോലെ ഒരാൾ മാത്രമായ ഷാജീവനെ ചുരുളി വലിച്ചടുപ്പിക്കുന്നു. അവിടത്തെ ആളുകൾക്ക് പോലും അയാളെ മുൻപ് കണ്ട പരിചയം ഉണ്ട്. അവിടുത്തെ കാട്ടിലെ വേട്ടക്കിടെ കാട് അയാൾക്ക് ചിരപരിചിതമായി അനുഭവപ്പെടുന്നു. ഷാജിവൻ പതുക്കെ നേതാവാകുന്നു. കാട് അയാൾക്ക് മ്ലാവിനെ സമ്മാനിക്കുന്നു.
തന്റെ സോളാരിസ് സിനിമയെ വിമർശിച്ച് തർക്കോവ്‌സ്‌കി പറയുന്നുണ്ട്, താൻ ആ സിനിമ അങ്ങനെ ചെയ്യരുതായിരുന്നു എന്ന്. കാരണം ആളുകൾ ഇന്ന് ആ സിനിമയെ കാണുന്നത് സയൻസ് ഫിക്ഷൻ എന്ന ലേബലിലാണ് എന്ന്.
താഴ്വാരം എന്ന സിനിമയിൽ രാജുവിനെത്തേടി താഴ്വാരത്തിലെത്തുന്ന ബാലൻ പുതിയ സ്ഥലകാല ബോധത്തെയാണ് നേരിടുന്നത്. താഴ്വാരത്തുള്ളവർ റേഡിയോയിലൂടെ മാത്രമാണ് ക്ലോക്ക് സമയത്തെ അറിയുന്നത്. അവിടെ തീർത്തും അപരിചിതനായ ബാലന് അതുകൊണ്ടുതന്നെ രാജുവിനെ അവിടെ നിന്നും കൊണ്ടു പോകാൻ സാധിക്കുന്നില്ല. ഒടുവിൽ താഴ്വാരവും അവിടുത്തെ നിയമങ്ങളുമായി താദാത്മ്യം പ്രാപിച്ച് അയാൾ രാജുവിനെ ഇല്ലായ്മ ചെയ്യുന്നു. ചുരുളിയുടെ പരിസരസൂക്ഷ്മതയിൽ അലിഞ്ഞില്ലാതായി ഷാജിവനും സമയബോധം (orientation) കൈമോശം വന്നു. പല തവണ താൻ വന്നതെന്നാണെന്ന് അറിയില്ലാ എന്നയാൾ ആവർത്തിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ അയാൾക്ക് അയാളെത്തന്നെ നഷ്ടപ്പെടുന്നു. നീയേതാണെന്ന പെങ്ങളുടെ ചോദ്യത്തിന് അറിയില്ല എന്നാണയാളുടെ മറുപടി. പതുക്കെ അയാൾ ചുരുളിയായി മാറുന്നു. അതോടെ തന്റെ അനാർക്കി മുഴുവൻ അയാൾ പുറത്തെടുക്കുന്നു.
അപ്പു മാത്തനെ നോക്കി സ്ലോ മോഷനിൽ കണ്ണിറുക്കുന്നൊരു രംഗം മായാനദിയിലെ ക്ലൈമാക്‌സിൽ ഉണ്ട്. എന്തൊരു മാജിക്കൽ മൊമൻറ് ആണത്. രണ്ട് ലോകത്തുള്ളവർ പരസ്പരം തൊടാൻ ഉപയോഗിച്ച ടൂൾ പോലെ. ചുരുളിനിവാസികൾ പരസ്പരം കണ്ണിറുക്കുന്നു. ഒരുമിച്ച് കണ്ണിറുക്കുന്നു. പാലം സ്ഥലങ്ങളുടെ മാറ്റത്തെ കുറിക്കുമ്പോൾ കണ്ണുകൾ കാലത്തിന്റെ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ഷാജിവൻ കണ്ണാടിയിൽ നോക്കി കണ്ണിറുക്കുന്നു. അയാൾ ചുരുളി തന്നെ.
ഒരിക്കൽ കണ്ടതിനുശേഷം പ്രേക്ഷകർ ഒരു പസിൽ അന്വേഷിക്കുന്നത് പോലെ സിനിമയെ കാണണം എന്നുള്ള ഒരു ഉദ്ദേശ്യം സംവിധായകർ എവിടെയോ വെക്കുന്നതുപോലെയുണ്ട്.
ഒടുവിൽ തങ്കന്റെ വീട്ടിൽ ഒളിച്ചു കഴിയുന്ന മൈലാടുംകുറ്റിയിൽ ജോയിയെ കണ്ടെത്തുന്നതോടെ കഥ പുതിയ വഴികളിലേക്ക് ദ്രുതഗതിയിൽ സഞ്ചരിക്കുന്നു. തിരുമേനിയും പെരുമാടനും പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ വരുന്നു. പക്ഷെ ജോയിയുടെ കഥ പറച്ചിൽ സ്പൂൺ ഫീഡിങ് അനുഭവമാണുണ്ടാക്കിയത്. വോയ്സ് ഓവറിനുപകരം മറ്റു ഭാഷ്യങ്ങൾ കൊടുത്തിരുന്നെങ്കിലെത്ര നന്നായേനെ എന്നു വെറുതെ ചിന്തിച്ചു.
കണ്ണുകളിറുക്കി ഷാജിവൻ ജോയിയായി മാറുന്ന spectacle തീർത്തും സംവിധായകരുടെ പ്രതിഭയാണ് കാണിക്കുന്നത്. കളിഗമിനാറിലെ കുറ്റവാളികളിൽ ഷാജീവനും ജോയിയും ഒരേ ക്രൈം ചെയ്തവരാണെങ്കിലും വളരെ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇതിനെ ദേശമെന്ന അളവുകോലുകൊണ്ട് കഥാകാരൻ അളക്കുന്നതുകൊണ്ടാണ് ഈ അകലം നമുക്കനുഭവപ്പെടുക. ദേശത്തിന്റെ നിയമങ്ങളിൽ പൊലിസുകാരനും കുറ്റവാളിയും ഒന്നാകില്ലല്ലോ. എന്നാൽ സിനിമ കാലത്തിന്റെ കലയാണ്. അതു കൊണ്ട് തന്നെ ഇതേ കാര്യത്തെ സംവിധായകർ കാലമെന്ന അളവുകോലുകൊണ്ടാണ് അളക്കുന്നത്. അവിടെ അകലമല്ല മറിച്ച് മാറ്റമാണ് നമുക്കനുഭവപ്പെടുക. അതുകൊണ്ടാണ് ഷാജിവൻ ജോയിയായി മാറുന്നത്. അല്ലെങ്കിൽ രണ്ടു പേരും ഒന്നു തന്നെയാണ് എന്ന നിഗമനത്തിലാണ് നാം എത്തുക.
ഏലിയൻ റഫറൻസുകളും കാഴ്ചയും ഈ സിനിമക്ക് തികച്ചും അനാവശ്യമാണ് എന്ന പക്ഷക്കാരനാണ് ഞാൻ. വസ്തുക്കൾ സ്ഥല കാലത്തിൽ നിൽക്കുകയാണെന്ന സങ്കല്പത്തിൽ വച്ചിട്ട് പ്രശ്‌നങ്ങൾക്കുള്ള ഉത്തരം പുറത്താണ് (alien) എന്നു പറയുന്നത് ദൈവ സങ്കൽപങ്ങൾക്ക് സമാനമാണ്. ഇതിന്റെ നേർത്ത രൂപം ആമേനിൽ കാണാം. അത് സിനിമക്ക് ഒരു ഫാന്റസി സ്വഭാവം കൊടുത്തുവെന്ന് മാത്രം. എന്നാൽ ചുരുളിയിലെത്തുമ്പോൾ സിനിമയെ തീർത്തും ആർട്ടിഫിഷൽ ആക്കുന്നു. മാനുഷിക പ്രശ്‌നങ്ങൾ alienated ആകുന്നു. ഒരിക്കൽ കണ്ടതിനുശേഷം പ്രേക്ഷകർ ഒരു പസിൽ അന്വേഷിക്കുന്നത് പോലെ സിനിമയെ കാണണം എന്നുള്ള ഒരു ഉദ്ദേശ്യം സംവിധായകർ എവിടെയോ വെക്കുന്നതുപോലെയുണ്ട്.
പ്രമുഖ ഫ്രഞ്ച് ഫിലോസഫറായ ദെലൂഷെയുടെ (Gilles Deleuze) അഭിപ്രായത്തിൽ കാലം എന്നത് ആന്തരികമായി മനുഷ്യർ മാറ്റത്തെ മനസിലാക്കുന്ന പ്രക്രിയയാണ്. അങ്ങനെ വരുമ്പോൾ ചുരുളിയെ ഏലിയൻസുമായി കൂട്ടി കെട്ടുന്നത് ഗുണത്തേക്കാളെറെ ദോഷമാണ്. ഇവിടെ മനുഷ്യ മനസ്സിനെ തുറന്നുകാട്ടുന്നതിനു പകരം കൂടുതൽ പ്രശ്‌നവത്കരിക്കുകയാണ് ചെയ്യുന്നത്.
തന്റെ സോളാരിസ് സിനിമയെ വിമർശിച്ച് തർക്കോവ്‌സ്‌കി പറയുന്നുണ്ട്, താൻ ആ സിനിമ അങ്ങനെ ചെയ്യരുതായിരുന്നു എന്ന്. കാരണം ആളുകൾ ഇന്ന് ആ സിനിമയെ കാണുന്നത് സയൻസ് ഫിക്ഷൻ എന്ന ലേബലിലാണ് എന്ന്. പക്ഷേ സിനിമയുടെ ഉദ്ദേശം ഒരിക്കലും അതായിരുന്നില്ല മറിച്ച് മനുഷ്യൻ അനുഭവിക്കുന്ന സംഘർഷങ്ങളും ധാർമ്മിക പ്രശ്‌നങ്ങളുമായിരുന്നത്രെ.
സിനിമയുടെ മാറ്റത്തോടൊപ്പം കാഴ്ചക്കാരനും മാറിയെന്നാണ് ദെലൂഷെ അദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകമായ Time Image ൽ പറയുന്നത്. സംവിധായകർ നൽകുന്ന ഇമേജുകൾ മാത്രം സ്വീകരിക്കുന്ന പഴയ കാഴ്ചയല്ല മറിച്ച് ആ സിനിമയിൽ ഇടപെടുന്ന ഉത്തരവാദിത്വം കാണിക്കുന്ന പുതിയ കാഴ്ചക്കാരനും അതിനു സ്വതന്ത്ര്യം കൊടുക്കുന്ന സംവിധായകരും ഉദയം ചെയ്തു കഴിഞ്ഞുവത്രെ. സമാനമായ ആശയം കൽപറ്റ നാരയണൻ കവിതയെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. കവിത വായനക്കാരനും കവിയും ചേർന്നാണാവിഷ്‌കരിക്കുന്നതത്രെ. പറഞ്ഞു വന്നത് ഒരു സിനിമയിൽ തന്നെ പലയാളുകൾ പല പല മാനങ്ങൾ കണ്ടെത്തുന്നത് സിനിമയെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും.
ഒരു ആത്മവിമർശനത്തോടെ കുറിപ്പ് അവസാനിപ്പിക്കാം. ചുരുളിയെന്ന പെരുമാടനെ പിടിച്ചുകെട്ടാൻ വന്ന തിരുമേനിയെപ്പോലാണ് സിനിമയിൽ ബ്രില്യൻസ് മാത്രം തേടുന്ന ഓരോ പ്രേക്ഷകനും. ഓരോ തവണ puzzle solve ചെയ്തുവെന്ന് കരുതുമ്പോഴും കുടുക്ക് മുറുകി കൊണ്ടേയിരിക്കും. തെറി വിളികളും ഏലിയൻസും സയൻസ് ഫിക്ഷനുമെല്ലാം പെരുമാടന്റെ തന്ത്രങ്ങൾ മാത്രം. ഇതിഹാസത്തിന്റെ രഹസ്യമറിഞ്ഞ രവിക്ക് ഖസാക്ക് വിട്ടൊരു അസ്തിത്വമില്ലാത്തതു പോലെ ചുരുളി പിന്നെയും നമ്മെ മാടി വിളിക്കും. രഹസ്യമറിയണോ രഹസ്യമനുഭവിക്കണോ? പ്രേക്ഷകനു തന്നെ വിടാം.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.