വിനയ്​ ഫോർട്ട്​ ‘ചുരുളി’യിൽ

ഇത് അന്യഗ്രഹ ജീവിതമല്ല, തീച്ചാമുണ്ഡിയുടേതുതന്നെ

‘ചുരുളി’യിലെ തെറിയിലെ ചുരുളുകൾ അഴിക്കുമ്പോൾ

‘ചുരുളി’യിലെ തെറിയെ വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും അതിന്റെ കാരണങ്ങളിലേക്കു കടക്കുന്നില്ല. ‘ചുരുളി’യിലെ സവിശേഷമായ ആറ് ചുരുളുകളിൽ നിന്ന് എന്തുകൊണ്ട് ചുരുളിക്കാർ തെറിവിളിക്കുന്നു എന്ന അന്വേഷണം

‘ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ’യെന്ന ചോദ്യത്തിനുള്ള പ്രതികരണമായി ‘പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ’ എന്ന പഴഞ്ചൊല്ലിനെ വായിക്കാം. അധികാരത്തിന്റെ രഹസ്യവേഴ്ചക്കാലത്തെ അടയാളമായിട്ടാണ് ആദ്യം പറഞ്ഞ പഴഞ്ചൊല്ല് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ‘മരക്കാർ’ എന്ന ചലച്ചിത്രത്തിൽ ഒരു നാടുവാഴി പോർച്ചുഗീസ്​ സഹകരണത്തെ സാധൂകരിക്കുന്നത് ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും വേണ്ടേയെന്ന് ചോദിച്ചുകൊണ്ടാണ്.
രണ്ടാമത്തെ പഴഞ്ചൊല്ല് ഈ രഹസ്യവേഴ്ചകൾക്കെതിരായ സന്ദർഭങ്ങളിലാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ‘നന്ദിയില്ലാത്ത കൂട്ട’മെന്ന ജന്മിത്വഭാവനയാണ് ‘പാലം കടന്നാലോ കൂരായണ’യിൽ പ്രത്യക്ഷപ്പെടുന്നത്. സഹായം സ്വീകരിച്ചവർ ജീവിതകാലം മുഴുവൻ നന്ദിയുള്ളവരായിരിക്കണമെന്ന അധികാരാ ഭിലാഷത്തെയാണ് ‘കൂരായണ’ നേരിടുന്നത്. ഈയൊരു കോണിൽ നിന്നുകൊണ്ട് ചുരുളിക്കാർ പാലം കടന്നതിനുശേഷം എന്തുകൊണ്ട് ‘കൂരായണ’ പാടുന്നുവെന്ന് നോക്കാവുന്നതാണ്. ചുരുളിയിലെ തെറിവിളിയെ അനുകൂലിക്കുന്നവരോ പ്രതികൂലിക്കുന്നവരോ അതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ചുരുളിയിലേക്ക് ചുറ്റിയാൽ ഇത്തരം കാരണങ്ങളുടെ ചുരുളുകൾ അഴിയുക തന്നെ ചെയ്യും.

പുറമേ നിന്നുള്ള ചുഴിഞ്ഞുനോട്ടങ്ങൾക്കെതിരെയാണ് ചുരുളിക്കാർ തെറി വിളിക്കുന്നത്. ചലച്ചിത്രത്തിലാകട്ടെ ദൃശ്യങ്ങളുടെ സാധ്യതകൾ കൂടി ഉപയോഗിച്ച് ഇത്തരം നോട്ടങ്ങൾക്ക് ബദലനുഭൂതികളുണ്ടാക്കുന്നു.

ഒന്നാം ചുരുൾ: മാടനെ ചുമക്കുന്ന തിരുമേനി

കുറ്റവാളിയുടെ വാസസ്​ഥലം എവിടെയാണ്? കുറ്റവാളികൾക്ക് മാത്രമായി ഒരു ദേശമുണ്ടോ? അങ്ങനെ കുറ്റം ചെയ്യുന്നവർക്ക് മാത്രമായി ഒരു ഇടമുണ്ടെന്നും അവിടെ ക്രിമിനലുകൾ മദോന്മത്തരായി ആടാറുമുണ്ടെന്നുള്ളത് ഒരു ജന്മി–കൊളോണിയൽ ഭാവനയാണ്. ഈ ഭാവനയെ മുറിവേൽപ്പിക്കുന്ന കഥയാണ് തിരുമേനി–മാടന്റെത്. മാടനെ പിടിച്ചുകെട്ടാനിറങ്ങുന്ന തിരുമേനിയുടെ കൊട്ടയിലേക്കുതന്നെ മാടൻ കയറുകയും തിരുമേനിയറിയാതെ അയാളെ നിയന്ത്രിക്കുകയും ചെയ്യുന്നു. കാടുമുഴുവൻ ചുറ്റിയിട്ടും മാടനെ കണ്ടെത്താനാകാതെ അലയുന്ന തിരുമേനിയുടെ കഥയിൽ അർത്ഥത്തിന്റെ അനേകം ചുരുളുകളുണ്ട്. ഈ ചുരുളുകളിലൂടെയാണ് ഷാജീവന്റെയും ആൻറണിയുടെയും കഥയിലേക്ക് എത്തേണ്ടത്. മാടനെ ചുമന്നുകൊണ്ടാണ് തിരുമേനി മാടനെ അന്വേഷിക്കുന്നത്. കുറ്റവാളി അധികാരത്തിനുള്ളിൽ തന്നെ കുടിയിരിക്കുന്നുവെന്ന ആശയത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരമാണിത്. ഭരണകൂടം സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങൾ തന്നെയാണ് കുറ്റത്തെ സൃഷ്ടിക്കുന്നത്. ‘തിരുമേനി’ എന്ന വാക്കിന് വിശുദ്ധമായ മേനി എന്നാണർത്ഥം. ഒരു കൂട്ടരുടെ ശരീരത്തെ വിശുദ്ധമെന്ന് പറയുമ്പോൾ അങ്ങനെയല്ലാത്ത ഒരു വിഭാഗം കൂടി സൃഷ്ടിക്കപ്പെടുകയാണ്. ഇങ്ങനെയുള്ള വിശുദ്ധാവിശുദ്ധ നിർമിതി വ്യാജമാണെന്നും ഇത്തരം വിശുദ്ധ രൂപങ്ങൾ കുറ്റങ്ങളാൽ നിയന്ത്രിതമാണെന്നും ഈ കഥ തെളിയിക്കുകയാണ്.

യഥാർത്ഥത്തിൽ ആൻറണിയുടെ ഹൃദയം തന്നെയാണ് ഷാജീവൻ. അധികാരം സൃഷ്ടിക്കുന്ന സാമൂഹിക ശ്രേണികളാണ് കുറ്റവാളിയെ ഉണ്ടാക്കുന്നത്. അതായത് കുറ്റവാളി അധികാരത്തിന്റെയുള്ളിൽ തന്നെയാണിരിക്കുന്നത്

ഇതുപോലെ തന്നെ കുറ്റവാളിയെ തേടിയിറങ്ങുന്ന ആൻറണിയുടെ കൂടെ തന്നെയാണ് ശരിയായ കുറ്റവാളിയായ ഷാജീവനെന്നാണ് ചലച്ചിത്ര ദൃശ്യങ്ങൾ പറയുന്നത്. ഷാജീവൻ ആൻറണിയറിയാതെ അയാളെ നിയന്ത്രിക്കുകയും അയാളുടെ കാഴ്ചകളെ കവർന്നെടുക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ചുരുളി കുറ്റവാളികളായ വരത്തന്മാരുടെ ദേശമായി പൊലീസുകാരനായ ആൻറണിക്ക് അനുഭവപ്പെടുന്നത്. യഥാർത്ഥത്തിൽ ആൻറണിയുടെ ഹൃദയം തന്നെയാണ് ഷാജീവൻ. അധികാരം സൃഷ്ടിക്കുന്ന സാമൂഹിക ശ്രേണികളാണ് കുറ്റവാളിയെ ഉണ്ടാക്കുന്നത്. അതായത് കുറ്റവാളി അധികാരത്തിന്റെയുള്ളിൽ തന്നെയാണിരിക്കുന്നത്. ഇത് മറച്ചുകൊണ്ടാണ് ആൻറണി ഷാജീവന്റെ കാഴ്ചകളുമായി ചുരുളി മുഴുവൻ ചുറ്റുന്നത്. ഇത് അധികാരവ്യവസ്​ഥയുടെ എല്ലാക്കാലത്തുമുള്ള ചുറ്റലിന്റെ പ്രതീകാത്മക ആവിഷ്കാരമാണ്. കുറ്റവാളിയെ സൃഷ്ടിക്കുന്ന ഭരണസ്വരൂപങ്ങൾ അതിനെ പേറുകയും ഇതറിയാതെ കുറ്റവാളിക്ക് വേണ്ടി നാടുമുഴുവൻ വേട്ട നടത്തുകയും ചെയ്യുന്നു. ഒരു ബറ്റാലിയൻ പൊലീസുമായി വന്ന് ഇവന്മാരെയെല്ലാം പിടിക്കണമെന്ന് ഷാജീവൻ പറയുമ്പോൾ ചില കുറ്റവാളികളെ പൊലീസിന് ആവശ്യമുണ്ടെന്നാണ് ആൻറണി പ്രതികരിക്കുന്നത്. ഇങ്ങനെ കള്ളനും പൊലീസുമെന്നത് ഒരു കളിയായി മാറുന്നതു കൊണ്ടാണ് കുറ്റവാളികളെ ചിലപ്പോൾ പിടിക്കാൻ കഴിഞ്ഞാലും കുറ്റത്തെ പിടികൂടാൻ സാധിക്കാത്തത്. കുറ്റമെന്നത് അധികാരത്തിന്റെ (ആൻറണിയുടെ) ഹൃദയ(ഷാജീവൻ)മാണെന്നും അത് സങ്കീർണമായ ചുരുളുകളായി ചുറ്റിക്കിടക്കുകയാണെന്നും അത് ദേശത്തെ വരിഞ്ഞ് മുറുക്കിയിരിക്കയാണെന്നുമുള്ള യാഥാർത്ഥ്യത്തിലേക്കാണ് ‘ചുരുളി’ എത്തിച്ചേരുന്നത്.

രണ്ടാം ചുരുൾ: ക്യാമറയുടെ കണ്ണുകളും തെറിയുടെ കോണുകളും

ഷാജീവനും ആൻറണിയും ചുരുളിയിലേക്ക് യാത്ര ചെയ്യുമ്പോഴും തിരിച്ചിറങ്ങുമ്പോഴും എന്തുകൊണ്ടാണ് ആകാശക്കാഴ്ചകൾക്ക് ഇത്രയധികം പ്രാധാന്യം വരുന്നത്? ഷാജീവനും ആൻറണിയും ജീപ്പിലൂടെയാണ് ചുരുളിയിലേക്കെത്തുന്നതെങ്കിലും ക്യാമറ ആകാശത്തുനിന്ന് ചുരുളിയിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു. മുകളിൽ നിന്ന് താഴേക്ക് വരുന്ന ഈ ക്യാമറാക്കണ്ണുകൾ ഷാജീവന്റെതുകൂടിയാണ്. എന്നാൽ ജീപ്പ് ചുരുളിയിലെത്തിയശേഷം ക്യാമറയുടെ ആംഗിളിന് കാര്യമായി മാറ്റം വരുന്നു. ക്യാമറ രഹസ്യമായി ഷാജീവന്റെയും ആൻറണിയുടെയും പിന്നാലെ സഞ്ചരിക്കുന്ന അനുഭവമാണുണ്ടാകുന്നത്.

ഷാജീവനും ആൻറണിയും ചുരുളിയിലെത്തുന്നതോടെ ക്യാമറയുടെ കണ്ണുകൾ ചുരുളിക്കാർ ഏറ്റെടുക്കുകയും കോണുകൾ തങ്ങൾക്കനുകൂലമായി തിരിക്കുകയും ചെയ്യുന്നു. കാരണം ഈ വരവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ചുരുളിക്കാർക്കറിയാമായിരുന്നു എന്നാണ് ക്യാമറയുടെ രഹസ്യമായി ഈ ചലനങ്ങളിൽനിന്ന് മനസിലാക്കേണ്ടത്. ‘‘നീ ചുരുളിയിൽ വന്ന്​ കുഴി കുത്തും അല്ലേടാ’’ എന്നുപറഞ്ഞ്​ കോടാലിയുമായി ഷാജീവനെ വെട്ടാനോടിക്കുന്ന അമ്മാമയും ‘‘ഇവന്മാരുടെ നോട്ടമൊന്നുമത്ര ശരിയല്ല’’ന്നുപറയുന്ന മറ്റൊരു ചുരുളിക്കാരനും തെളിയിക്കുന്നത് ഇതുതന്നെയാണ്. ചുരുളിക്കാരെ സംബന്ധിച്ച് ഈ ആദ്യാനുഭവമല്ല. അധികാരം ചക്രരൂപ (ചക്രബിംബം നിർണായകമായ സന്ദർഭങ്ങളിൽ പലയിടങ്ങളിൽ കടന്നുവരുന്നുണ്ട്) ചുരുളിയിൽ കാലങ്ങളായി കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു അവബോധമാണ് ചുരുളിക്കാരുടെ നോട്ടത്തിന്റെ തീക്ഷ്ണതയ്ക്കും ജാഗ്രതയ്ക്കും കാരണം.

ചുരുളിയിലെ തെറി ഈ ജാഗ്രതയുടെ ഭാഗമാണ്. തെറിയുടെ സാധ്യത അറിയണമെങ്കിൽ ഷാജീവന്റെയും ആൻറണിയുടെയും വ്യവഹാരങ്ങളുടെ സൂക്ഷ്മസ്വരൂപം അറിയേണ്ടതുണ്ട്. കാട്ടിലേക്ക് വേട്ടയ്ക്കായി കയറുമ്പോൾ ഇവരുടെ കൊതിയുടെ സൂക്ഷ്മ ദൃശ്യം കടന്നുവരുന്നുണ്ട്. ‘‘വെടിയിറച്ചിയും വളച്ചെടുത്ത പെണ്ണുമുണ്ടെങ്കിലേ ഒരുത്തൻ ആണാണെന്ന് പറയാൻ പറ്റൂ’’വെന്ന് ആൻറണി കാടിനുള്ളിൽനിന്ന് പറയുമ്പോൾ പുരുഷാധികാരത്തിന്റെ കൊതിയും മേൽക്കാഴ്ചയും പ്രകടമാണ്. ഈയൊരു കൊതിയെ സൂക്ഷ്മാധികാരമായി അധീശത്വത്തിന്റെ തന്ത്രമായി വിവർത്തനം ചെയ്യുന്നത് ഷാജീവനാണ്. ‘‘കാടിൽ ഒരു നിയമമേയുള്ളൂ. ഒരാൾ പറയും. മറ്റുള്ളവർ അനുസരിക്കും. കണാകുണാന്ന് പറഞ്ഞാൽ ഒരു പൂറും കിട്ടില്ല’’യെന്ന് ഷാജീവൻ പറയുമ്പോൾ സ്​ത്രീയെയും പ്രകൃതിയും വേട്ടയാടാനുള്ള തൃഷ്ണക്ക്​ സൈദ്ധാന്തിക പരിവേഷം ലഭിക്കുകയാണ്. ചുരുളിയിലെത്തിയതുമുതൽ ആൻറണി പരസ്യമായും ഷാജീവൻ രഹസ്യമായും ഇതേ വേട്ടയുടെ കൊതിയാണ് പ്രകടിപ്പിച്ചത്. ഈ കൊതിക്കെതിരെയാണ് ചുരുളിക്കാർ തെറിവിളിക്കുന്നത്. തുടക്കത്തിൽ തന്നെ ‘ഇന്നിവിടെ കശാപ്പുണ്ടോ’യെന്ന് ആൻറണി ഷാപ്പുകാരൻ വർക്കീച്ചായനോട് ചോദിക്കുന്നുണ്ട്.

ചേട്ടനോട് ശത്രുതയുള്ളവരാരും ഉണ്ടാകില്ലേ’യെന്ന് ഷാജീവൻ ഷാപ്പുകാരനോട് ചോദിക്കുന്നത്. എന്നാൽ ഈ തന്ത്രം പോലും തിരിച്ചറിയുന്ന അയാൾ ‘കൂടുതൽ കൊണയ്ക്കാൻ നിൽക്കല്ലേ’യെന്നാണ് ഷാജീവനോട് പ്രതികരിക്കുന്നത്

‘‘നീ പാതിരാത്രി കാട്ടീ ചെന്നു നിന്നാ മതി. അവിടെ നിന്റെ അപ്പനും അമ്മയും കൂടി പന്നീനെ കശാപ്പുചെയ്യും. പോടാ നാറി അവിടന്ന്’’ എന്നാണ് വർക്കീച്ചന്റെ പ്രതികരണം. ‘കശാപ്പ്’ എന്ന വാക്കിൽ നിന്ന് തന്നെ കൊന്നു തിന്നാനും വേട്ടയാടിപ്പിടിക്കാനുമുള്ള തൃഷ്ണ പ്രകടമാണ്. ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ വെടിവെയ്ക്കുന്ന ചുരുളിക്കാരുടെ സ്വാഭാവികരീതിയിൽനിന്ന് ഭിന്നമായ തൃഷ്ണയാണ് ആൻറണി പ്രകടിപ്പിക്കുന്നത്. ഇതുപോലെ കാട്ടിലേക്ക് വളരെ സാധാരണമായ രീതിയിൽ തോക്കുമായി പോകുന്ന ഒരു ചുരുളിക്കാരനോട് ‘ആ തോക്ക് ഇങ്ങ് താ’ എന്ന് ആൻറണി ചോദിക്കുമ്പോൾ ‘ഇന്നാ സഞ്ചി പിടിക്ക് മയിരേ’ എന്നാണ് അയാൾ പ്രതികരിക്കുന്നത്. തുള്ളിച്ചാടുകയും വേട്ടയെ ആഘോഷമാക്കുകയും ചെയ്യുന്ന ആൻറണിയുടെ ആ മനോനിലയെയാണ് ഈ തെറി നേരിടുന്നത്. ഷാജീവന്റെ പ്രവർത്തനം കൂടുതൽ സൂക്ഷ്മമാണ്. കാടിളക്കി കൊതിയോടെ ഇരയോടെ വേട്ടയാടുന്ന തന്ത്രം ഇയാൾ ചുരുളിയിലെ ആൾക്കാർക്കിടയിൽ പ്രയോഗിക്കുന്നുണ്ട്. അവരിൽ വിഭാഗീയതയുടെ വിത്തുകൾ വിതറി ‘കുറ്റവാളി’യെ കവർന്നെടുക്കുക എന്ന തന്ത്രമാണത്. അതുകൊണ്ടാണ് ചേട്ടനോട് ശത്രുതയുള്ളവരാരും ഉണ്ടാകില്ലേ’യെന്ന് ഷാജീവൻ ഷാപ്പുകാരനോട് ചോദിക്കുന്നത്. എന്നാൽ ഈ തന്ത്രം പോലും തിരിച്ചറിയുന്ന അയാൾ ‘കൂടുതൽ കൊണയ്ക്കാൻ നിൽക്കല്ലേ’യെന്നാണ് ഷാജീവനോട് പ്രതികരിക്കുന്നത്. ഇങ്ങനെ കാടിളക്കി ഇരയെ കവരാൻ വരുന്ന വേട്ടയുടെ അബോധത്തെയാണ് തെറി നേരിടുന്നത്. അത് വേട്ടയുടെ കോണുകൾക്കെതിരെ തിരിയുന്ന തലകീഴായ ഭാവനയാണ്. തെറിക്ക് ‘തെറിച്ചുവരുന്നത്’ എന്നുകൂടി അർത്ഥം പറയാം. ഷാജീവന്റെയും ആൻറണിയുടെയും കാഴ്ചയുടെ രൂപത്തിൽ കടന്നുവരാൻ ശ്രമിക്കുന്ന ക്യാമറയുടെ ചില കോണുകളെ തെറിപ്പിക്കാൻ പര്യാപ്തമാണ് ചുരുളിയിലെ തെറികൾ. അങ്ങനെയാണ് ചുരുളിക്കാരുടെ തെറി പ്രതിരോധത്തിന്റെ പ്രതീകമായി തീരുന്നത്.

താൻ എത്തിയിരിക്കുന്ന നിഗൂഢദേശം അപരിഷ്​കൃതരുടെയും കുറ്റവാളികളുടെയും അറിവില്ലാത്തവരുടെയും കോളനിയാണെന്ന ബോധമാണ് ഷാജീവന്റെ കാഴ്ചകളെ നിർമിക്കുന്നത്. അതുകൊണ്ടാണ് ഷാജീവന് ചുരുളി ഒരു അപരദേശമായി അനുഭവപ്പെടുന്നത്

മൂന്നാം ചുരുൾ : അന്യഗ്രഹ ജീവിതവും തീച്ചാമുണ്ഡിയും

എന്തുകൊണ്ടാണ് ചുരുളിയിൽ ഷാജീവൻ മാത്രം ഭീകരദൃശ്യങ്ങൾ കാണുന്നത്. ചുരുളിക്കാരുടെ ഭാഷയിൽ ലളിതമായി പറഞ്ഞാൽ ‘ഇവന്മാരുടെ നോട്ടം ശരിയല്ലാ’ത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ചുരുളിക്കാരെ സംബന്ധിച്ച ഷാജീവന്റെ അബോധം തന്നെയാണ് അന്യഗ്രഹ ജീവിതമായി ചലച്ചിത്രത്തിൽ കടന്നുവരുന്നത്. ചുരുളിക്കാരോടുള്ള വെറുപ്പും ഭീതിയും ഇതിൽ അന്തർലീനമാണ്. താൻ എത്തിയിരിക്കുന്ന നിഗൂഢദേശം അപരിഷ്​കൃതരുടെയും കുറ്റവാളികളുടെയും അറിവില്ലാത്തവരുടെയും കോളനിയാണെന്ന ബോധമാണ് ഷാജീവന്റെ കാഴ്ചകളെ നിർമിക്കുന്നത്. അതുകൊണ്ടാണ് ഷാജീവന് ചുരുളി ഒരു അപരദേശമായി അനുഭവപ്പെടുന്നത്. ഈ അപരദേശത്തിന്റെ സ്വപ്​നാത്മക പ്രതിരൂപമാണ് അന്യഗ്രഹ ജീവിതം. അന്യഗ്രഹ ജീവിതമെന്ന സങ്കല്പത്തെ മനുഷ്യർ ഒരേസമയം വെറുപ്പോടെയും ഭയത്തോടെയുമാണ് കാണുന്നത്. അന്യഗ്രഹജീവികൾ തങ്ങനെ കോളനിയാക്കി മാറ്റുമോയെന്ന ഭീതിയും മനുഷ്യർക്കുണ്ട്. ഷാജീവന് ചുരുളിയെപ്പറ്റി തോന്നുന്നതും ഇതേ നിലയിലുള്ളൊരു ഭീതിയാണ്. അതുകൊണ്ടാണ് അത് കുറ്റവാളികളുടെ ദേശമാണെന്നും ഒരു ബറ്റാലിയൻ പൊലീസുമായി വന്ന് കീഴ്പ്പെടുത്തണമെന്നും അയാൾ ആഗ്രഹിക്കുന്നത്. ഇതൊരു കൊളോണിയൽ ഉന്മാദമാണ്. പ്രതിഷേധിക്കാൻ സാധ്യതയുള്ള ഇരകളെ കോളേനിയാക്കി നിലനിർത്താനുള്ള തൃഷ്ണയാണ് ഈ ഉന്മാദത്തിന് കാരണം. ചുരുളിയിലെ അന്യഗ്രഹജീവിതമെന്നത് ഈ ഉന്മാദത്തിന്റെ നിർമിതിയാണ്. ഈയൊരു ഉന്മാദത്തെ മുറിച്ചുകൊണ്ടാണ് ഓരോ തെറിയും കടന്നുവരുന്നത്. താൻ കാണുന്ന ഇത്തരം മായാദൃശ്യങ്ങളെക്കുറിച്ച് ഷാജീവൻ ഷാപ്പുകാരനായ വർക്കീച്ചനോട് പറയുമ്പോഴാണ് അസാധാരണമായ ഒരു ചുരുൾ അഴിഞ്ഞ് വരുന്നത്. ഷാജീവൻ കണ്ട ദൃശ്യങ്ങൾ മറ്റൊരു കഥയുടെ ഭാഗമായാണ് വർക്കീച്ചൻ കാണുന്നത്. ‘വടക്കേ മലയിലെ തീച്ചാമുണ്ഡി തെക്കേമലയിലേക്ക് പോകുന്നതിന്റെ ഭാഗമാണെന്നാണ് ഇയാളുടെ വിശദീകരണം.

ഒരേ ദൃശ്യത്തിനുതന്നെ രണ്ട് തരം കാഴ്ചകളും രണ്ട് തരം കഥകളും എന്തുകൊണ്ട് ഉണ്ടാകുന്നുവെന്നതാണ് അടിസ്​ഥാന പ്രശ്നം. രണ്ടുതരം കണ്ണുകളാണ് ഈ കാഴ്ചകളെ/കഥകളെ സൃഷ്ടിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഷാജീവന്റെത് സവിശേഷമായ തരം കണ്ണുകളാണ്. വേട്ടയുടെ കാഴ്ചാസ്​ഥാനങ്ങളെ ആഗിരണം ചെയ്ത കണ്ണുകളാണ് അയാളുടേത്. ഈ കണ്ണിലൂടെ നോക്കുമ്പോൾ കുറ്റവാളികളും അപരിഷ്​കൃതരുമായ ഒരു ജനതയെ കാണുന്നതിൽ അുതമില്ല. എന്നാൽ ഇതേ കാഴ്ചയുടെ ദുരന്തമാണ് വർക്കീച്ചന്റെ കാഴ്ചയിലുള്ളത്. വർക്കീച്ചൻ കാണുന്ന തീച്ചാമുണ്ഡി വെന്തുനീറുന്ന അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ പ്രതീകമാണ് കനൽക്കൂനയിലേക്ക് ഭ്രാന്തമായ ആവേശത്തോടെ ചാടിവീഴുന്ന തീച്ചാമുണ്ഡി ജന്മിഹൃദയത്തിന്റെ കാരുണ്യമില്ലായ്മ കാരണമാണ് എരിഞ്ഞ് തീരുന്നത്. ഇതേ നിലയിലുള്ള പ്രതീകാത്മകമായ എരിഞ്ഞുതീരലാണ് ചുരുളിക്കാരും നേരിടുന്നത്. മുഖ്യധാരയുടെ അധീശതൃഷ്ണയുടെ മറുവശമാണിത്. കൃത്യമായി പറഞ്ഞാൽ അന്യഗ്രഹജീവിതത്തിെന്റ മറുവശമായ തീച്ചാമുണ്ഡിയുടെ ജീവിതമാണ് ചുരുളിക്കാർ നയിക്കുന്നത്. ജീപ്പുപോലും നേരേ കയറാത്ത ഒരു കാട്ടിനുള്ളിൽ താമസിക്കുന്ന ഒരു വിഭാഗം മനുഷ്യരുടെ തീക്ഷ്ണമായ അനുഭവങ്ങളാണ് അവരുടെ നോട്ടങ്ങളായി കടന്നുവരുന്നത്. മറുവശത്ത് ഇതിനെ അന്യഗ്രഹ ജീവിതമായി കാണുകയും വേട്ടയുടെ ഉന്മാദങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഷാജീവൻ ഭീകരദൃശ്യങ്ങൾ കാണേണ്ടിവരുന്നത്. തെറിവിളി കേൾക്കേണ്ടിവരുന്നത്.

നിങ്ങളുടെ വെടിവെപ്പ്​ തങ്ങളെ സംബന്ധിച്ച്​ വെടിപറയൽ പോലെയാണെന്ന അനുഭവമാണ് വെടികൊണ്ടിട്ടും ചിരിക്കുന്ന വർക്കി നൽകുന്നത്. കാരണം വേട്ടക്കാരന്റെ തോക്കിനേക്കാൾ വലുതാണ് തങ്ങൾ ജീവിതാനുഭവങ്ങളിലൂടെ നേടിയ പ്രതിഷേധ ചിഹ്​നങ്ങളെന്നാണ് ഈ ചിരി വ്യക്തമാക്കുന്നത്.

ചുരുൾ നാല്: വെടിയും ചിരിയും

‘വെടി’ എന്ന വാക്ക് പല നിലകളിലാണ് മലയാളികളെ പിൻതുടരുന്നത്. ‘വെടിവെയ്ക്കുക’ എന്ന വാക്കിനോടുള്ള ചിരിയാണ് ‘വെടി പറയുക’ എന്നത്. വെടിവെപ്പിന്റെയും നായാട്ടിന്റെയും കഥകൾ പറഞ്ഞ് പുളകം കൊള്ളുന്ന അവസ്​ഥക്കെതിരെയാണ് ‘വെടിപറയുക’ എന്ന വാക്ക് നിലനിൽക്കുന്നത്. ഈ നിലയിൽ വെടിവെപ്പിന്റെ കഥകൾ സ്വയം പുകഴ്​ത്തുന്ന അവസ്​ഥക്കെതിരായ ചിരിയായി വിവർത്തനം ചെയ്യുന്നത് അസാധാരണമായ ഒരനുഭവമാണ്. ഈയൊരു പ്രക്രിയയുടെ ക്രിയാത്മകമായ സാധ്യത ‘ചുരുളി’ തേടുന്നുണ്ട്. ‘തോക്ക്’ എന്ന സാധ്യതയാണ് ഷാജീവന്റെ മനക്കരുത്തിന്റെ ഒരു ആധാരം. ഷാജീവന് പണിയറിയാമെന്ന് ചുരുളിക്കാരും സമ്മതിക്കുന്നുണ്ട്. ആൻറണിക്ക് വെടിയിറച്ചിയോട് കൊതിയുണ്ടെങ്കിലും അത് സാർത്ഥകമാകുന്നത് ഷാജീവനിലൂടെയാണ്. കാര്യങ്ങൾ തിരിച്ചറിഞ്ഞ് ചുരുളിക്കാർ ഇവരെ വലയം ചെയ്ത് പിടിച്ചപ്പോഴും ഷാജീവന്റെ തോക്കാണ് രക്ഷാകചവയമായി മാറിയത്. എന്നാൽ തുടർന്നുള്ള രണ്ട് കാഴ്ചകളിൽ ഈ തോക്ക് അർത്ഥരഹിതവും ഉപയോഗശൂന്യവുമായി മാറുകയാണ്. വർക്കീച്ചനെ വെടിവച്ച സമയമാണ് ഏറ്റവും പ്രധാനം. വെടിയേറ്റ് ചെവിയുടെ ഒരു കഷണം പോയിട്ടും രകതത്തിൽ കുളിച്ചുനിന്നുകൊണ്ട് ചിരിക്കുന്ന വർക്കീച്ചന്റെ രൂപം വെടിയെ അപനിർമിക്കുകയാണ്. നിങ്ങളുടെ വെടിവെപ്പ്​ തങ്ങളെ സംബന്ധിച്ച്​ വെടിപറയൽ പോലെയാണെന്ന അനുഭവമാണ് വെടികൊണ്ടിട്ടും ചിരിക്കുന്ന വർക്കി നൽകുന്നത്. കാരണം വേട്ടക്കാരന്റെ തോക്കിനേക്കാൾ വലുതാണ് തങ്ങൾ ജീവിതാനുഭവങ്ങളിലൂടെ നേടിയ പ്രതിഷേധ ചിഹ്​നങ്ങളെന്നാണ് ഈ ചിരി വ്യക്തമാക്കുന്നത്.

ഇതേ ചിരിയുടെ തന്നെ മറ്റൊരു പ്രതിരൂപം തന്നെയാണ് തെറിയും. രണ്ടും പ്രതിരോധത്തിന്റെ ബിംബങ്ങളെ കൂട്ടിയോജിപ്പിക്കുകയും മൂർച്ചയുള്ളതാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വ്യവസ്​ഥയുടെ സദാചാരബിംബങ്ങൾക്ക് ഇതുകൊണ്ട് മുറിവേൽക്കുന്നത്.

ചുരുൾ അഞ്ച്: ചക്രവും ചന്ദ്രനും

എന്തുകൊണ്ടാണ് സജീവനും ഷാജീവനും മയിലാടും പറമ്പിൽ ജോയിയും (കുറ്റവാളിയെന്ന് ആരോപണം നേരിടുന്ന വ്യകതി) സംസാരിച്ച ജീപ്പ് ചന്ദ്രനിൽ പറന്ന് കയറുന്നത്. ചന്ദ്രനിലുള്ളിൽ ജീപ്പ് നിൽക്കുകയും ഈ മൂന്നുപേരും പുറത്തേക്ക് തൂങ്ങിക്കിടക്കുന്നതുമായ ഫ്രെയിം അസാധാരണമായ മാജിക്കൽ ഭാവനയാണ്. പല കോണുകളിൽ നിന്ന് ഈ കാഴ്ചയെ സമീപിക്കാമെങ്കിലും ചക്രത്തിന്റെ കറക്കവുമായി ചേർത്തുവായിച്ചാൽ കിട്ടുന്ന അർത്ഥം കൂടുതൽ രസകരമായിരിക്കും. ചുരുളിയിൽ അസാധാരണമായി കറങ്ങുന്ന ഈ ചക്രം അധികാരത്തിന്റെ ഭ്രമണപഥത്തിന്റെ പ്രതീകാത്മകമായ ആഖ്യാനമാണ്. ചുരുളിയെ കാലാകാലങ്ങളായി ചുറ്റിവരിയാൻ ശ്രമിക്കുന്ന അധികാരതൃഷ്ണകൾ തന്നെയാണ് ചക്രത്തിന്റെ കറക്കമായി കടന്നുവരുന്നത്. അവസാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ചന്ദ്രന്റെ മാജിക്കൽ ഫ്രെയിമും ഇതുമായി ചേർത്ത് വായിക്കാം. ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ വലംവച്ചു കൊണ്ടിരിക്കുകയാണല്ലോ. പ്രകടമായ അധികാര സ്വരൂപമായ ആൻറണി (സ്റ്റേറ്റ്)യും സൂക്ഷ്മാധികാര പ്രതിരൂപമായ (ഹെജിമണി) ഷാജീവനും ഇവർ ചേർന്ന് കുറ്റവാളിയായി മുദ്രകുത്തപ്പെട്ട ചുരുളിക്കാരനായ മയിലാടുംപറമ്പിൽ ജോയും ഇരിക്കുന്ന ജീപ്പാണ് തിരിച്ചുപോകുന്ന വഴിയിൽ ചന്ദ്രനിലേക്ക് പറക്കുന്നത്. തുടർന്നുള്ള ഫ്രെയിമിൽ ജീപ്പ് ചന്ദ്രനിൽ നിൽക്കുകയും കഥാപാത്രങ്ങൾ ജീപ്പിൽ തൂങ്ങിക്കിടക്കുന്നതായും കാണുന്നു. അസാധാരണമായ ഈ ഫ്രെയിം അധികാരത്തിന്റെ ഭ്രമണപദ്ധതിയെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. ചന്ദ്രൻ ഭൂമിയെ വലംവയ്ക്കുന്നതുപോലെ അധികാരബന്ധങ്ങൾ ഒരു ദേശ ജീവിതത്തെ എങ്ങനെ വയ്ക്കുന്നു എന്നാണ് ഈ പ്രതീകയാത്ര കാണിക്കുന്നത്. സ്വാഭാവിക ജീവിതം നടത്തുന്നവരുടെ പ്രതിഷേധങ്ങളെ കുറ്റവാളിയാക്കിയും യഥാർത്ഥകുറ്റത്തെ വ്യവസ്​ഥ തങ്ങളിലേക്ക് സ്വാംശീകരിക്കുകയും (ആൻറണിയാകുന്ന വ്യവസ്​ഥ ഷാജീവനാകുന്ന കുറ്റത്തെ സ്വാംശീകരിക്കുന്നു) ചെയ്യുന്ന പ്രക്രിയ ചക്രരൂപത്തിൽ ദേശത്തെ ചുറ്റുകയാണ്. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതുപോലെ അധീശവ്യവസ്​ഥ ഭൂമിയെ വലംവയ്ക്കുകയാണെന്ന അർത്ഥത്തിലേക്ക് എത്തിച്ചേരാൻ ഈ ഫ്രെയിം സഹായിക്കും.

ചുരുളിയിൽ അസാധാരണമായി കറങ്ങുന്ന ഈ ചക്രം അധികാരത്തിന്റെ ഭ്രമണപഥത്തിന്റെ പ്രതീകാത്മകമായ ആഖ്യാനമാണ്. ചുരുളിയെ കാലാകാലങ്ങളായി ചുറ്റിവരിയാൻ ശ്രമിക്കുന്ന അധികാരതൃഷ്ണകൾ തന്നെയാണ് ചക്രത്തിന്റെ കറക്കമായി കടന്നുവരുന്നത്

ചുരുൾ ആറ്: നാക്ക് വഴുതൽ

മിത്തുകളെ നിർമിച്ച് ലോകത്തെ നിയന്ത്രിക്കുകയെന്നത് ഹോമോസാപ്പിയൻസിന്റെ അടിസ്​ഥാനസ്വഭാവമാണെന്ന് യുവാൽ നോവാ ഹരാരി വിശദീകരിക്കുന്നുണ്ട് (21–ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ). യഥാർത്ഥത്തിൽ ഈ നിയന്ത്രണത്തിന്റെ പ്രധാന ആധാരങ്ങൾ വാക്കും ദൃശ്യങ്ങളുമാണ്. യാഥാർത്ഥ്യത്തെ തലകീഴാക്കി മാറ്റാൻ സാധിക്കുന്ന മായാദൃശ്യങ്ങളും സത്യത്തിന്റെ ഹൃദയത്തെ മുറിക്കാൻ സാധിക്കുന്ന മാന്ത്രികമായ വാക്കുകളും ചേർന്നാണ് സത്യാനന്തരകാലത്തെ നിർമിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ദൃശ്യബിംബങ്ങളെ പല നിലകളിൽ നിന്ന് മാത്രമല്ല ചരിഞ്ഞും ചുഴിഞ്ഞും നോക്കേണ്ടിവരുന്നത്. ഭാഷയുടെ കാര്യത്തിലാണെങ്കിൽ വ്യവസ്​ഥയുടെ സ്വരഭേദങ്ങളെ ആവേശത്തോടെ സ്വീകരിക്കുന്നതിന് പകരം അതിന്റെ താളം തെറ്റലുകളുടെ അബോധത്തെ തെരയുകയാണ് വേണ്ടത്.

ജീപ്പിൽ തിരിച്ചുപോകുന്ന വഴി മയിലാടുംപറമ്പിൽ ജോയിക്ക് സംഭവിക്കുന്ന നാക്ക് പിഴ ചുരുളിയിൽ നടന്ന് വരുന്ന അധീശവിന്യാസങ്ങളുടെ പരമ്പര വ്യകതമാക്കുന്നുണ്ട്.

നാക്ക് പിഴ ഇതിന്റെ ഭാഗമായിട്ടുവേണം കാണാൻ. നാവ് പിഴ വന്ന/അഥവാ തെറ്റിയ വാക്കിനെ (തെറ്റിയതിന് ശേഷം മാറ്റിപ്പറഞ്ഞ വാക്കിനെയല്ല) കൂടുതൽ സൂക്ഷ്മമായി ചികഞ്ഞാൽ സത്യാനന്തരകാലത്തെ നിർമിക്കുന്ന കർതൃത്വങ്ങളെ കാണാൻ സാധിക്കും. ജീപ്പിൽ തിരിച്ചുപോകുന്ന വഴി മയിലാടുംപറമ്പിൽ ജോയിക്ക് സംഭവിക്കുന്ന നാക്ക് പിഴ ചുരുളിയിൽ നടന്ന് വരുന്ന അധീശവിന്യാസങ്ങളുടെ പരമ്പര വ്യകതമാക്കുന്നുണ്ട്. പൊലീസുകാർ ചുരുളിയിൽ വന്ന കഥപറയുമ്പോൾ ‘പൊലീസുകാരൻ’ എന്ന വാക്കിനുപകരം നാവ് പിഴയായി ‘നമ്പൂതിരി’യെന്ന വാക്ക് കടന്നുവരുന്നുണ്ട്. ഈ നാവ് പിഴയുടെ ആവർത്തനം പൊലീസുകാരായ ആൻറണി– ഷാജീവ കഥയെ പഴയ പൊലീസുകാരുടെ കടന്നുവരവിലേക്കും അവിടെനിന്ന് നമ്പൂതിരി– മാടൻ കഥയിലേക്കുമെത്തുന്നു. ഈ കഥയിൽ നിന്ന് അധികാരം തന്നെ കുറ്റത്തെ ചുമക്കുന്ന അവസ്​ഥയെക്കുറിച്ച് ഒരു അവബോധമുണ്ടാകുന്നു. ഈ അവബോധത്തിലൂടെ ചുരുളിയിലേക്കിറങ്ങുന്ന കാണിയുടെ കണ്ണിലേക്ക് നിറയൊഴിക്കാൻ ഷാജീവന് സാധിക്കില്ല. കുറ്റവാളിയായി മുദ്രകുത്തപ്പെട്ട ഒരു വ്യക്തിയുടെ നാക്ക് പിഴ അങ്ങനെ സത്യാനന്തരകാലത്തെ ഒരു ചുരുളിനെ മുറിക്കുന്നതിനുള്ള മരുന്നായി മാറുകയാണ്.

പൊലീസുകാർ ചുരുളിയിൽ വന്ന കഥപറയുമ്പോൾ ‘പൊലീസുകാരൻ’ എന്ന വാക്കിനുപകരം നാവ് പിഴയായി ‘നമ്പൂതിരി’യെന്ന വാക്ക് കടന്നുവരുന്നുണ്ട്. ഈ നാവ് പിഴയുടെ ആവർത്തനം പൊലീസുകാരായ ആൻറണി– ഷാജീവ കഥയെ പഴയ പൊലീസുകാരുടെ കടന്നുവരവിലേക്കും അവിടെനിന്ന് നമ്പൂതിരി– മാടൻ കഥയിലേക്കുമെത്തുന്നു.

സത്യാനന്തരകാല സവിശേഷതകളെ സൂക്ഷ്മമായി വിശകലനം ചെയ്ത ഹരാരി സത്യത്തെ തിരിച്ചറിയാൻ പലയിടത്തായി ചുറ്റിത്തിരിയണമെന്ന് സൂചന തരുന്നുണ്ട്. ‘‘നിങ്ങൾക്ക് ശരിക്കും സത്യം അറിയണമെങ്കിൽ നിങ്ങൾ അധികാരത്തിന്റെ തമോഗർത്തങ്ങളിൽ നിന്ന് പുറത്തുകടക്കുകയും അതിന്റെ പ്രാന്തപ്രദേശങ്ങളിൽ അവിടെയുമിവിടെയും അലഞ്ഞുതിരിഞ്ഞ് സമയം പാഴാക്കുകയും വേണ’’ (ഹരാരി, 21–ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ) മെന്ന് പറയുമ്പോൾ അത് ‘ചുരുളി’യുടെ കഥകൂടിയാകുന്നു. ചുരുളിയിലെ ക്യാമറ സത്യത്തെ അറിയുന്നതിനായി ചുറ്റിനടക്കുകയാണ്. വ്യവസ്​ഥയിൽ മറഞ്ഞിരിക്കുന്ന ഓരോ ചുരുളുകളെയും വട്ടമിട്ട് പിടിക്കുന്ന ക്യാമറയുടെ തന്ത്രങ്ങൾ ചലച്ചിത്രത്തിൽ കാണാം. വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥയിൽ ആഖ്യാതാവ് പലപ്പോഴും ആൻറണിയെ, ‘ആൻറണി ചേട്ടൻ’ എന്ന സംബോധന ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ ആൻറണിയെ ആൻറണിചേട്ടൻ എന്നു വിളിക്കുന്നത് ഷാജീവനാണ്. അപ്പോൾ ആഖ്യാതാവ് ഷാജീവന്റെ കാഴ്ചകളെ പങ്കിടുകയാണോ. അതെ, അങ്ങനെ പങ്കിടുന്നതുകൊണ്ടാണ് അത്തരം കാഴ്ചകൾക്ക് പരിക്കുകളേൽക്കുന്നത്. പുറമേ നിന്നുള്ള ഇത്തരം ചുഴിഞ്ഞുനോട്ടങ്ങൾക്കെതിരെയാണ് ചുരുളിക്കാർ തെറി വിളിക്കുന്നത്. ചലച്ചിത്രത്തിലാകട്ടെ ദൃശ്യങ്ങളുടെ സാധ്യതകൾ കൂടി ഉപയോഗിച്ച് ഇത്തരം നോട്ടങ്ങൾക്ക് ബദലനുഭൂതികളുണ്ടാക്കുന്നു. അന്യഗ്രഹജീവികളും വെട്ടാൻ വരുന്ന അമ്മുമ്മയും തെറികളും അങ്ങനെയാണ് ചലച്ചിത്രബിംബങ്ങളായി മാറുന്നത്.
ചുരുക്കി പറഞ്ഞാൽ ആൻറണിയെന്ന അധികാരസ്വരൂപത്തിൽ കുടിയിരിക്കുന്ന ഷാജീവനെന്ന കുറ്റത്തിന്റെ വേട്ടയാടാനുള്ള കൊതിക്കും ഉന്നം തെറ്റാതെയുള്ള വെടിക്കും കുറ്റവാളികളെന്ന് മുദ്രകുത്തിയുള്ള നോട്ടത്തിനുമാണ് തെറിയേൽക്കേണ്ടിവരുന്നത്. എല്ലാത്തരം അധീശതൃഷ്ണകൾക്കുമേൽക്കുന്ന ആഴത്തിലുള്ള മുറിവിന്റെ പേരായി ചുരുളി അങ്ങനെ മാറുകയാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. രാകേഷ്​ ചെറുകോട്​

മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിൽ അസിസ്റ്റൻറ്​ പ്രൊഫസർ. വാക്കുകൾ വരയ്ക്കുന്ന ദേശഭൂപടങ്ങൾ (നോവലും അധിനിവേശവും), കാലത്തെ മുറിയ്ക്കുന്ന കണ്ണുകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്‌കാര പഠനം, സിനിമ നിരൂപണം, സാഹിത്യ വിമർശനം, ചലച്ചിത്ര നിരൂപണം എന്നീ വിഷയങ്ങളിൽ എഴുതുന്നു.

Comments