‘ചുരുളി’യിൽ ജാഫർ ഇടുക്കി

അധികാരത്തിന്റെയും അടിമത്തത്തിന്റെയും അർമാദങ്ങൾ

പൊലീസെന്ന അധികാരം സാധാരണ മനുഷ്യരുടെമേൽ കടന്നുകയറുമ്പോൾ സാധാരണക്കാർ മറ്റൊരു സമാന്തര അധികാരപ്രയോഗത്തിനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് ചെയ്യുക. ‘ചുരുളി’ എന്ന സിനിമയെ ജോർജ് ഓർവെലിന്റെ ‘അനിമൽ ഫാം ’ എന്ന നോവലിനോടുചേർത്തുവച്ച്​ കാണുന്നു.

ജോർജ് ഓർവെലിന്റെ Animal Farm: A Fairy Story എന്ന നോവൽ ഓർത്തുപോകും, ചുരുളി കാണുമ്പോൾ. ഇക്കഥയിലൊരിടത്ത് "All animals are equal' എന്ന മുദ്രാവാക്യത്തിൽ ആരംഭിച്ച് മൃഗാധിപത്യം സാധ്യമാക്കുകയും മറ്റൊരു ഘട്ടത്തിലേക്കെത്തുമ്പോൾ All animals are equal, but some are more equal than others എന്നു പരിണമിക്കുകയുമാണ്. മറ്റൊന്നായി പറയേണ്ടത്, തികച്ചും സ്വാഭാവികമായി മനസ്സിലാക്കാനാവുന്ന ചില കാര്യങ്ങളാണ്. കഥയെ സംബന്ധിച്ച്​ നേരിട്ടുള്ള ആഖ്യാനത്തിലും സിനിമയുടെ കാഴ്ചപ്പാടിലും വ്യക്തമാകുന്ന കാര്യമാണിത്. അതായത്, നിലവിലെ നിയമങ്ങൾ സാമ്പത്തികവും രാഷ്ട്രീയവുമായ ശക്തികൾക്കുവേണ്ടി വ്യാഖ്യാനിക്കുമ്പോൾ മറ്റൊന്നാകുന്നു എന്ന തിരിച്ചറിവ്. നിയമങ്ങളുടെ കാഴ്ചപ്പാടിൽ രാഷ്ട്രീയ- സാമ്പത്തികശക്തികളെ പരിഗണിക്കുന്ന രീതിയും തീവ്രതയും മാറിവരും.

അധികാരത്തോടൊപ്പമെങ്കിൽ ഇരയും വേട്ടക്കാരും എന്ന ദ്വന്ദ്വത്തിൽ വേട്ടക്കാർ മാത്രമാവുകയും അധികാരമില്ലാത്തിടത്ത് വേട്ടക്കാർക്കുമുന്നിൽ ദുർബലരാകുന്ന ഇര മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെടുന്ന ഒന്നായിത്തീരുകയും ചെയ്യും. സ്വാഭാവികമായും അധികാരത്തിലേക്ക് ചേർന്നുനിൽക്കുമ്പോൾ ലഭ്യമാകുന്ന അധീശത്വത്തെ സ്വീകരിക്കാനും അതിനൊപ്പമോ അതുപോലെയോ സഞ്ചരിക്കാനുള്ള പ്രവണതയാണ് അധികമായുണ്ടാവുക. അതുകൊണ്ടുതന്നെയാണ് അധികാരവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിക്കുപുറകിൽ അധികാരത്തെ ഭയപ്പെടുകയും എതിർക്കാൻ ശ്രമിക്കുകയും എന്നാൽ അത് ആസ്വദിക്കാനുള്ള അവസരങ്ങൾ കൈവന്നാൽ മുറുകെപ്പിടിക്കുകയും ചെയ്യുന്നവരെ കാണാനാവുന്നത്. പൊലീസെന്ന അധികാരം സാധാരണ മനുഷ്യരുടെമേൽ കടന്നുകയറുമ്പോൾ സാധാരണക്കാർ മറ്റൊരു സമാന്തര അധികാരപ്രയോഗത്തിനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് ചെയ്യുക.

അനിമൽ ഫാം എന്ന നോവലിനെ ഓർക്കുമ്പോൾപ്പോലും, ‘ചുരുളി’ സാദൃശ്യത്തിനപ്പുറം സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം ഏതെന്ന അന്വേഷണത്തിലേക്ക് കേന്ദ്രീകരിക്കുകയും അതിനിശിതമായ രാഷ്ട്രീയ വിമർശനമായി മാറുകയും ചെയ്യുന്നു.

ജനാധിപത്യത്തിൽനിന്ന് ഏകാധിപതികളായ നേതാക്കന്മാർ ഉണ്ടാകുന്നതിന്റെ സാധ്യതകൾ വിശദമാക്കുകയാണ് അനിമൽ ഫാം ചെയ്യുന്നത്. എന്നാൽ ഇക്കഥയെ ഓർക്കുമ്പോൾപ്പോലും സിനിമ സാദൃശ്യത്തിനപ്പുറം സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം ഏതെന്ന അന്വേഷണത്തിലേക്ക് കേന്ദ്രീകരിക്കുകയും അതിനിശിതമായ രാഷ്ട്രീയ വിമർശനമായി മാറുകയും ചെയ്യുന്നു. അനിമൽ ഫാം എന്ന നോവലിൽ ജോൺസിന്റെ മാനർ ഫാമിലാണ് കഥ നടക്കുന്നത്. ഫാമിലുള്ള വൃദ്ധനായ മേജർ എന്ന പന്നിയാണ് സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. മറ്റു മൃഗങ്ങളുമായി ഈ ആശയം പങ്കിടുന്നതിനായി പന്നി ഒരു മീറ്റിങ് വിളിക്കുകയാണ്. നടക്കാനിരിക്കുന്ന അനിവാര്യമായ വിപ്ലവത്തെക്കുറിച്ച് സംസാരിക്കുകയും അതിനുവേണ്ടി എല്ലാവരും തയ്യാറെടുക്കാനും ബോധ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യക്കുറിച്ചുള്ള വിപ്ലവഗാനം മേജർ പഠിപ്പിക്കുകയും അധികാരപ്രയോഗത്തെ അടിച്ചമർത്തേണ്ടതെങ്ങനെയെന്ന് നിർദേശിക്കുകയുമാണ്.

സ്വന്തമായ ഇടം നിർമിക്കാനായാൽ മനുഷ്യർ സ്വതന്ത്രരാവുന്നത് തൊട്ടടുത്ത വ്യക്തിക്കുമേൽ അധികാരം പ്രയോഗിച്ചുകൊണ്ടാണ്. ക്രിയേറ്റീവായ മറ്റൊന്നും സംഭാവന ചെയ്യാനില്ലാതാകുമ്പോൾ ഭാഷാപ്രയോഗങ്ങളിലൂടെ തുല്യരാവാൻ ശ്രമിക്കുകയാണ് ചെയ്യുക.

ഫാമിൽത്തന്നെയുള്ള സ്നോബോൾ, നെപ്പോളിയൻ എന്നീ പുതിയ തലമുറ പന്നികൾ മേജറുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി എല്ലാ മൃഗങ്ങളെയും ചേർത്ത് ജോൺസ് എന്ന ഉടമയെ ഓടിച്ചു. മാനർ ഫാമിന്റെ പേര് അനിമൽ ഫാം എന്നാക്കി മാറ്റി. എല്ലാ മൃഗങ്ങളും തുല്യരാണ് എന്ന മുദ്രാവാക്യത്തിലായിരുന്നു ഊന്നൽ. മനുഷ്യരിൽ നിന്ന് വ്യവച്ഛേദിക്കുന്നതിനായി അനിമലിസത്തിന്റെ ഏഴു കൽപ്പനകളെയും ചേർത്ത് four legs good, two legs bad എന്ന ആപ്തവാക്യത്തിലേക്ക് എത്തിക്കുകയാണ്. കൂടാതെ ഉന്നതവർഗക്കാർ എങ്ങനെയാണ് താഴ്ന്നവരെ ഭാഷയിലൂടെ ആക്ഷേപിക്കുന്നതെന്നും പരാമർശിക്കുന്നു. ഈ പ്രയോഗമാവട്ടെ, പിന്നീട് എല്ലാ മുദ്രാവാക്യങ്ങളെയും പോലെ അർഥരഹിതമായ ശബ്ദമായിത്തീരുകയും ചെയ്യുന്നുണ്ട്. എല്ലാ മൃഗങ്ങളും കഠിനമായി അധ്വാനിക്കുകയും ഫാം മെച്ചപ്പടുകയും ചെയ്തു.

നിയമങ്ങൾ പുതിയതാക്കി മാറ്റുന്നതിലൂടെയാണ് പുതിയ ജീവിതം സാധ്യമാവുക എന്ന ചിന്ത ഉപരിപ്ലവവും മറ്റു പ്രശ്‌നപരിഹാരങ്ങളെ അത് ഉൾക്കൊള്ളില്ലെന്നും എല്ലാവരെയും പരിഗണിക്കില്ലെന്നും തിരിച്ചറിയുമ്പോഴേയ്ക്കും എല്ലാം മാറിയിരിക്കും.

ഫാമിൽ വൈദ്യുതിയ്ക്കായി കാറ്റാടിയന്ത്രം വേണമെന്ന് സ്‌നോബാൾ നിർദേശിച്ചു. സ്വാതന്ത്ര്യത്തിനും പ്രയത്നത്തിനുമുള്ള ശ്രമം ഇതോടെ മറ്റൊന്നായിത്തീർന്നു. നെപ്പോളിയന് സ്‌നോബാളിന്റെ നിർദേശം അംഗീകരിക്കാനായില്ല. സ്‌നോബാൾ പുറത്താക്കപ്പെടുന്നു. സ്വാതന്ത്ര്യബോധം അധികാരത്തിലേക്കെത്തുമ്പോൾ മറ്റൊരു തലം സ്വാഭാവികമായും രൂപപ്പെടുകയാണ്. നെപ്പോളിയൻ ഫാമിന്റെ അധികാരം ഏറ്റെടുത്തു. അധികാരപ്രയോഗത്തിന്റെ പുതിയ രീതികൾ പ്രത്യക്ഷമാകുന്നു. പന്നികളുടെ പെരുമാറ്റത്തിലും രീതികളിലും മാറ്റങ്ങൾ ഉണ്ടായി. അവർ രണ്ടു കാലുകളിൽ നടക്കാൻ ശീലിക്കുന്നു, വസ്ത്രം ധരിക്കുന്നു. കൂടാതെ നേരത്തെ സ്വീകരിച്ച നിയമങ്ങൾ തിരുത്തിയെഴുതി. ആരെയും കൊല്ലരുത് എന്ന നിയമത്തെ ആരെയും കാരണമില്ലാതെ കൊല്ലരുത് എന്നതിലേക്കു മാറ്റി. പുതിയ കാരണങ്ങളിലൂടെ വ്യക്തിയെ ഇല്ലാതാക്കാൻ ഇത്തരത്തിലുള്ള മനോഭാവം മതിയാകും. ചെയ്യുന്നതെല്ലാം ശരിയാകുന്നത് മറ്റെന്തിനോ വേണ്ടിയാണെന്ന ബോധത്തെ ഇവിടെ സൃഷ്ടിച്ചെടുക്കുന്നു.

‘ചുരുളി’യിൽ ചെമ്പൻ വിനോദ്​, വിനയ്​ ​ഫോർട്ട്​

ഏകാധിപതിയായിത്തീർന്ന നെപ്പോളിയൻ ശത്രുക്കളായ മനുഷ്യരുമായി കച്ചവടം ചെയ്യാനാരംഭിച്ചു. ഏകാധിപത്യമെന്ന് ആവർത്തിക്കുക, അതിനെ ചെറുക്കാനായി പ്രവർത്തിക്കുക, അധികാരത്തിലെത്തുമ്പോൾ കുറേക്കൂടി ശക്തമായി പഴയവ പിന്തുടരാൻ പുതിയ കാരണങ്ങൾ കണ്ടെത്തുക - ആവർത്തിക്കുന്ന ഈ പ്രവണതയാണ് ഇവിടെ വിമർശനവിധേയമാകുന്നത്. അധികാരികളായിരുന്ന മനുഷ്യനെപ്പോലെ പന്നികൾ പരിണമിക്കുന്നു. അപ്പോഴാണ് നേരത്തേ സൂചിപ്പിച്ച, "എല്ലാ മൃഗങ്ങളും തുല്യരാണെങ്കിലും ചിലർ മറ്റുള്ളവരേക്കാൾ കൂടുതൽ തുല്യരാണെന്ന്' എഴുതിച്ചേർത്തത്. മനുഷ്യർക്കൊപ്പമായിത്തീരാൻ, അവരെപ്പോലെയാകാൻ ശ്രമിക്കുന്ന നെപ്പോളിയൻ വിപ്ലവസങ്കൽപങ്ങളെ തള്ളിക്കളഞ്ഞ് അനിമൽ ഫാമിനെ വീണ്ടും മാനർ ഫാമാക്കുന്നു. Four legs good, Two legs bad എന്ന ആപ്തവാക്യം കടങ്കഥയാകുന്നു. ഇതോടെ, പന്നികൾക്കും മനുഷ്യർക്കും തമ്മിൽ അസാധാരണമായ സാദൃശ്യമുണ്ടെന്ന് മറ്റു മൃഗങ്ങൾക്ക് അറിയാനാവുന്നുണ്ട്. പക്ഷെ, എല്ലാവരും നിശബ്ദരാണ്. സ്വയം തിരിച്ചറിയാൻ ഒരാളെയും അനുവദിക്കാതെ പുതിയ ചർച്ചകൾ ഉന്നയിച്ച്​, അധികാരം ലഭിച്ചവർ അനുയായികളെ മൂഢരാക്കുന്നതിനുള്ള ഉദാഹരണമാണിത്. (ദശാബ്ദങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതാണെങ്കിലും മാസ്‌കുമായി നടക്കുന്ന മനുഷ്യന്റെ ദൃശ്യരൂപത്തെ ഇങ്ങനെ നിരീക്ഷിക്കാം.)

ചെറുകഥയെ സംബന്ധിച്ച്​ കളിഗമിനാറിലെ കുറ്റവാളികളിലെ പശ്ചാത്തലം കഥ നടക്കുന്ന പശ്ചാത്തലം തന്നെയാണ്. അവിടത്തെ രീതികൾ അവതരിപ്പിക്കുന്നിടത്തേക്കല്ല സിനിമയെത്തുന്നതെന്ന് തത്ത്വത്തിൽ പറയാനാവും. അതൊരു പശ്ചാത്തലം മാത്രമാണ്.

നിയമങ്ങൾ പുതിയതാക്കി മാറ്റുന്നതിലൂടെയാണ് പുതിയ ജീവിതം സാധ്യമാവുക എന്ന ചിന്ത ഉപരിപ്ലവവും മറ്റു പ്രശ്‌നപരിഹാരങ്ങളെ അത് ഉൾക്കൊള്ളില്ലെന്നും എല്ലാവരെയും പരിഗണിക്കില്ലെന്നും തിരിച്ചറിയുമ്പോഴേയ്ക്കും എല്ലാം മാറിയിരിക്കും. അങ്ങനെയൊരു ജനസമൂഹം സൃഷ്ടിക്കപ്പെടുന്നുവെന്ന തിരിച്ചറിവാണ് നോവൽ. അസാധാരണമായ വിധത്തിൽ സിനിമയുമായി നോവൽ ബന്ധപ്പെടുന്നത് ഇതേ രീതിയിലാണ്. സമൂഹത്തിലെ അരികുജീവിതങ്ങളായ തെരുവുതെണ്ടികളിലേയ്ക്കും കുറ്റവാളികളിലേയ്ക്കും ലൈംഗികത്തൊഴിലാളികളിലേക്കും എത്തുമ്പോൾ മറ്റൊരു മുഖം ആഖ്യാനത്തിൽ കടന്നുവരും. അതിലെ സാധാരണത്വത്തെ നിർലജ്ജം സ്വീകരിക്കുമ്പോൾ മാത്രമാണ് തികഞ്ഞ സ്വാഭാവികതയോടെയുള്ള അവതരണം നടക്കുക. ബഹുമാനിക്കപ്പെടുക എന്നതിനേക്കാൾ അതിൽനിന്ന്​പുറത്തുകടക്കാനുള്ള ആഗ്രഹത്തെയും പുതിയൊരു ശൈലി രൂപപ്പെടുത്താനുള്ള താൽപര്യവുമാണ് ഇതു കാണിക്കുന്നത്. വസ്തുനിഷ്ഠമായി കഥാപരിസരത്തെ വീക്ഷിക്കുന്നതിന് അനിവാര്യമായ കൂടിച്ചേരലുകളാണിവ. ഇത്തരമൊരു അന്വേഷണം സിനിമയിലൂടെ കടക്കുമ്പോൾ കാഴ്ചക്കാർക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ സിനിമയുടെ ആഖ്യാനസവിശേഷതയെക്കുറിച്ച് മറ്റെന്താണ് മനസ്സിലാക്കാനാവുക. ചെറുകഥയെ സംബന്ധിച്ച്​ കളിഗമിനാറിലെ കുറ്റവാളികളിലെ പശ്ചാത്തലം കഥ നടക്കുന്ന പശ്ചാത്തലം തന്നെയാണ്. അവിടത്തെ രീതികൾ അവതരിപ്പിക്കുന്നിടത്തേക്കല്ല സിനിമയെത്തുന്നതെന്ന് തത്ത്വത്തിൽ പറയാനാവും. അതൊരു പശ്ചാത്തലം മാത്രമാണ്.

കഥാഖ്യാനത്തെ സുഗമമാക്കിത്തീർക്കുന്നതിനുള്ള പശ്ചാത്തലം. ഒരുപക്ഷെ, സിനിമയിലെ കഥാപാത്രങ്ങളുടെ ലോകത്ത് അങ്ങനെയൊരിടമില്ലെങ്കിൽ സ്വഭാവവ്യതിയാനത്തെ സാക്ഷാത്കരിക്കുന്നതിന്, ദൃശ്യാവിഷ്‌കാരത്തിന് സാധ്യതയുണ്ടാവില്ല. പ്രേക്ഷകരിൽ ദൃശ്യാനുഭവമെന്ന നിലയിൽ സംവദിക്കുന്നതിനുള്ള വഴിയാണത്. ഇതിവൃത്തത്തിന്റെ ഉറവിടം കളിഗമിനാറിലെ കുറ്റവാളികൾ ആയതിനാൽ അതിൽനിന്നും മാറി സിനിമാറ്റിക് ആയ കാഴ്ചയിലേയ്ക്കുള്ള വിവർത്തനം പ്രധാനമാകുന്നു. അവിടെ അവതരണഘടനയാണ് ആകർഷണമായിത്തീരുക. ട്രീറ്റ്‌മെന്റിൽ കഥയിലെ വഴിത്തിരിവുകളും പരിണാമവുമെല്ലാം മനോഘടനപോലെ തെളിയുന്നതിനാലാണ് വ്യത്യസ്തമായ സിനിമാറ്റിക് രൂപത്തിലേക്ക് അത് മാറുന്നത്. കഥയിൽനിന്ന് തെന്നിമാറാതെ ആഖ്യാനഘടനയിലേയ്ക്ക് സംവാദത്തിനും ചിന്തകൾക്കുമുള്ള ദൃശ്യവും ശ്രവ്യവുമായ ധാരാളം കാര്യങ്ങൾ കടത്തിവിടേണ്ടിവരും. അതിൽ സംവിധായകൻ കൂടുതൽ ശ്രദ്ധാലുവാകുകയും സാമ്പ്രദായിക ധാരണകളിൽനിന്ന് മാറി നിൽക്കുകയും ചെയ്യുന്നതിനാൽ കഥ തികച്ചും സിനിമയുടെ ഭാഷയായിത്തീരുന്നു.

അധികാരത്തിലേക്ക്, സ്വന്തമായ ഇടത്തിലേക്ക്, എത്തുകയോ എത്തിക്കുകയോ ചെയ്താൽ ശേഷം അന്നേവരെ അടക്കിനിർത്തിയതോ, നടപ്പിലാക്കാൻ തീരുമാനിച്ചവയോ സാധ്യമാകുമെന്നതിന് ധാരാളം ഉദാഹരണങ്ങൾ ചുറ്റിലുമുണ്ട്.

പുതിയൊരു തുരുത്തിൽ മാത്രമേ നിയമസംവിധാനങ്ങൾക്കും സദാചാര നിർമിതികൾക്കും ഉപരിയായി വ്യക്തികൾക്ക് പ്രവർത്തിക്കാനാവൂ. അല്ലാത്തപക്ഷം, കഥാപാത്രങ്ങൾ ഒരുപക്ഷേ, ജീവിതത്തിലും നിലവിൽ കാണപ്പെടുന്നതുപോലെ അഭിനയിച്ചുകൊണ്ടേയിരിക്കും. ജീപ്പ് കാത്തുനിൽക്കുന്ന മഫ്തി പൊലീസുകാരെ ഒരു കാരണവുമില്ലാതെ ചിലർ തൊഴുതുപോകുന്ന രംഗം ഓർക്കുക. അതിർത്തി കടക്കുന്നതോടെ ഇതേ മനുഷ്യർ അനിമൽ ഫാമിലെ മൃഗങ്ങളെപ്പോളെ മറ്റേതോ സ്വാതന്ത്ര്യവും അധികാരവും ഉറപ്പിക്കുന്നവരായിത്തീരുന്നു. അധികാരത്തിലേക്ക്, സ്വന്തമായ ഇടത്തിലേക്ക്, എത്തുകയോ എത്തിക്കുകയോ ചെയ്താൽ ശേഷം അന്നേവരെ അടക്കിനിർത്തിയതോ, നടപ്പിലാക്കാൻ തീരുമാനിച്ചവയോ സാധ്യമാകുമെന്നതിന് ധാരാളം ഉദാഹരണങ്ങൾ ചുറ്റിലുമുണ്ട്. ആ യാത്രയിൽ വേറിട്ടു നിൽക്കുന്നവരെക്കൂടി പങ്കാളികളാക്കാനും സാധിക്കും. കഥയുടെ പശ്ചാത്തലം ആദ്യത്തെ ഭൂമികയിൽ നിന്ന്​ വേർപെടുന്നത് അവിടെയാണ്.

ഭൗതികലോകം എന്ന അനുസരണകളുടെയോ ലംഘനത്തിന്റെയോ യാഥാർഥ്യത്തിൽനിന്ന് മാനസികമായി വിച്ഛേദിക്കപ്പെടേണ്ട ലോകത്തേക്കുള്ള പാലമാണ് മരത്തടികൾ കൂട്ടിയിട്ടു നിർമിക്കുന്നത്. ജീപ്പിന്റെ ഇരമ്പത്തിൽ നിന്നും ഷോട്ടുകളിൽനിന്നും ആംഗിളുകളിൽനിന്നും അതൊരു ഉറക്കെപ്പറച്ചിലായി കണ്ടെത്താനാവും. (ബസ് യാത്രയിൽ പൊലീസുകാരായി, അധികാര രൂപമായി പ്രത്യക്ഷപ്പെടുന്നവർ -നിരവധി പരാമർശങ്ങളും പുകവലിയും- ജീപ്പിലെ മുൻ സീറ്റ് യാത്രയും സംഭാഷണങ്ങളുമൊക്കെ നടത്തുന്നത് യാത്രയിൽ തങ്ങളെത്തന്നെ ഉറപ്പിച്ചുകൊണ്ടാണ്. എന്നാൽ പാലത്തിനപ്പുറത്തേക്കുള്ള ലോകം മറ്റൊന്നാണെന്ന് ഉറപ്പിക്കാനും വളരെപ്പെട്ടെന്ന് താരതമ്യം സാധ്യമാക്കുന്നതിനുമായി യാത്രികരുടെ സംഭാഷണത്തിലെ മാറ്റവും അതിനുശേഷമുള്ള നിശ്ശബ്ദതയും ഉപാധിയാക്കുകയും ചെയ്യുന്നു.) അന്തരീക്ഷം മാറുന്നതിനുള്ള, മാറ്റുന്നതിനുള്ള പാലമാണത്.

അങ്ങനെയൊരു കാഴ്ച സാധ്യമായില്ലെങ്കിൽ, കഥ പറച്ചിലും അതിന്റെ പൂർത്തീകരണവുമാണ് സിനിമയെന്ന ധാരണയിലേക്ക് വായനകൾ മുഴച്ചുനിൽക്കും. അവിടെ ഏലിയനൊക്കെ പശ്ചാത്തല ഗിമ്മിക്കാണോ എന്നു സംശയിക്കുകയോ മനസ്സിലാവാതെ പോവുകയോ ചെയ്യും. എന്നാൽ സിനിമയിൽ black magic ന്റെ മറ്റൊരു വേർഷനായി നിൽക്കുന്ന, സാങ്കേതികവിദ്യയുടെ കാലവുമായി ബന്ധപ്പെടുന്ന extraterrestrial life എന്ന മാറ്റിക്കെട്ടലിന്റെ യുക്തി ഏലിയനും പ്രകാശവും ചേർന്നു നിർവഹിക്കുകയും വെളിപ്പെടുകയുമാണ്. (തുടക്കത്തിൽ അവതരിപ്പിക്കുന്ന മാടനും തിരുമേനിയും ഇതൊരു നിർമിതവൃത്തമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അവസാനഭാഗത്ത് തിരുമേനിയുടെ പരാമർശം സംഭാഷണത്തിൽ അറിയാതെ വരുന്നതായും തിരുത്തിപ്പറയുന്നതായും കാണാനാവും.) സമകാലികതയിലേക്ക് കൈവഴികൾ വെട്ടാനാഗ്രഹിക്കുന്ന ഓരോ ശക്തിയും അതോടൊപ്പം ചേർത്തുനിർത്തുന്ന ന്യായീകരണയുക്തികളാണിവ. സംഭാഷണം തികച്ചും സ്വാഭാവികമായി നടക്കുകയാണ്. അതോടൊപ്പം കഥാപാത്ര സവിശേഷതകളും പരിസരവും അടുത്തറിയുന്നതിനുള്ള വാക്കുകൾ കൂടിയാണ് പ്രയോഗിക്കപ്പെടുന്നത്.

കഥാപാത്രങ്ങൾക്കൊപ്പം അനിവാര്യമായും കടന്നുവരേണ്ട സംഭാഷണവും പ്രയോഗരീതികളും ഈ സിനിമയുടെ ആഖ്യാനത്തെ കുറേക്കൂടി സൂക്ഷ്മമാക്കുന്നുണ്ട്. ദൃശ്യത്തിന്റെ മർമപ്രധാനമായ ഇടങ്ങളിലേക്ക് വെറുതെ തിരുകിവെക്കുന്നവയായി സംഭാഷണങ്ങൾ ഒരിക്കലും മാറുന്നില്ല.

കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളിൽ സംഭാഷണവും പ്രധാനമാണല്ലോ. അവരൊരിക്കലും സംഭവങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സംഭാഷണങ്ങളല്ല നടത്തുന്നത്. കഥാപാത്രങ്ങൾക്കൊപ്പം അനിവാര്യമായും കടന്നുവരേണ്ട സംഭാഷണവും പ്രയോഗരീതികളും ഈ സിനിമയുടെ ആഖ്യാനത്തെ കുറേക്കൂടി സൂക്ഷ്മമാക്കുന്നുണ്ട്. ദൃശ്യത്തിന്റെ മർമപ്രധാനമായ ഇടങ്ങളിലേക്ക് വെറുതെ തിരുകിവെക്കുന്നവയായി സംഭാഷണങ്ങൾ ഒരിക്കലും മാറുന്നില്ല. നായാട്ടിനായി പോകുന്ന രംഗത്ത് ലോങ്ഷോട്ടിൽ പുഴയ്ക്കു കുറുകെയുള്ള മരത്തടിയോ മറ്റോ കടക്കുന്ന സമയത്ത് അട്ട കടിക്കുന്നതും ചൂടുവെച്ച് കളയുന്നതുമെല്ലാം ദൃശ്യാത്മകമായ അനുഭവമാകുന്നത് ഇരുട്ടിന്റെയും ദൂരത്തിന്റെയും അവ്യക്തതയുടെയും ഒപ്പമുള്ള ശബ്ദത്തിലൂടെയാണ്.
കഥയിൽനിന്നും നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന മറ്റൊരാഖ്യാനമായി ചുരുളിയെന്ന സിനിമ മാറുകയാണ്.

ഷേക്‌സ്പിയറിന്റെ മാക്ബത്തിന് പുനർവ്യാഖ്യാനമായി ത്രോൺ ഓഫ് ബ്ലഡ് വരുന്നതുപോലെ കളിഗമിനാറിലെ കുറ്റവാളികൾക്ക് പുനർവ്യാഖ്യാനമായിട്ടാണ് ചുരുളി പ്രേക്ഷകരിലേക്കത്തുന്നത്. ക്ലൈമാക്‌സിനെ സിനിമയിൽ പറഞ്ഞുവിടുന്നത് അങ്ങനെയൊരു അവസ്ഥയിലേക്കാണ്.

‘ചുരുളി’യിൽ ചെമ്പൻ വിനോദും ഗീതി സംഗീതയും

കള്ളുഷാപ്പിലെ സംഭാഷണ ചിത്രീകരണം മറ്റൊരുദാഹരണമാണ്. മാറിമാറി വരുന്ന ആംഗിളുകൾ ഫോക്കസ് ചെയ്യുന്നത് കഥാപാത്രങ്ങൾക്കൊപ്പം പരിസരത്തെക്കൂടിയാണെന്നത് സ്വാഭാവികമായിട്ടാണെങ്കിലും കഥാപശ്ചാത്തലത്തെ കുറേക്കൂടി സങ്കീർണമാക്കിത്തീർക്കുന്നതിന് സാധിക്കുന്നത് വാക്കുകളിലെ നാടകീയതയിലൂടെയാണ്. പുരുഷശരീരങ്ങളുടെ തിമർപ്പിലേക്കും മറയില്ലാത്ത (തെറി) വാക്കുകളുടെ ധാരാളിത്തത്തിലേക്കും രാത്രിവസ്ത്രങ്ങളുടെ (നൈറ്റി) ഉടലിലൂടെയാണ് പെണ്ണ് പ്രത്യക്ഷപ്പെടുന്നത്. അവർക്ക് അലങ്കാരങ്ങളില്ല. അതേക്കുറിച്ചുള്ള തോന്നൽ പോലുമില്ല. തിമർപ്പുകൾക്കിടയിൽ വാക്കുകളുടെ ശരവേഗങ്ങളായി അവരുടെ ശബ്ദം കടന്നെത്തുകയും മറ്റുള്ളവരെ വഴിതിരിക്കുകയുമാണ്. സ്ത്രീയുടെ മറ്റൊരുതരം വേഷത്തിന് സാധ്യത നൽകിയത് മന്ത്രവാദിനിയിൽ/ചികിത്സകയിൽ മാത്രമാണ്. അതാണ് സിനിമയുടെ മറ്റെല്ലാ പ്രത്യക്ഷവിവരണങ്ങളിലുമധികം തറച്ചിടപ്പെടുന്നത്. യുക്തിയെ തള്ളിക്കളഞ്ഞ് അയുക്തികതയ്ക്ക് പ്രാധാന്യം നൽകി രൂപപ്പെടുത്തുന്ന മാന്ത്രികപരിവേഷത്തിലേക്ക് ജനതയെ കടത്തിവിടുന്ന അധികാരിവർഗത്തെയും അതിനുമുന്നിൽ ഓച്ഛാനിക്കുന്നവരെയും ഇതോർമിപ്പിക്കുന്നുണ്ട്. അനിമൽ ഫാമായിത്തീരുന്ന പുതിയ കാലത്തെ, രാഷ്ട്രത്തെ ഇത് വരച്ചുകാണിക്കുകയും ചെയ്യുന്നു.

ക്രിയേറ്റീവായ മറ്റൊന്നും സംഭാവന ചെയ്യാനില്ലാതാകുമ്പോൾ ഭാഷാപ്രയോഗങ്ങളിലൂടെ തുല്യരാവാൻ ശ്രമിക്കുകയാണ് ചെയ്യുക. അധികാരം സ്ഥാപിക്കാനുള്ള അഥവാ അനുഭവിക്കാനുള്ള ശ്രമത്തിന്റെ പാത മാത്രമാണത്.

പുതിയ സാമ്പത്തികശക്തിയാവുകയോ കുറേക്കൂടി മെച്ചപ്പെട്ട ജീവിതത്തിലേക്കു കടക്കുകയോ ചെയ്യണമെന്ന ബോധമല്ല അധികാരത്തെ നയിക്കുന്നത്. എങ്ങനെ അധികാരപ്രയോഗം നടത്താനാവുമെന്നും അതിനെ ഏതെല്ലാം രീതികളിൽ മാറ്റങ്ങൾക്കൊപ്പമെത്തിച്ച് അർമാദിക്കാനാവുമെന്നും ആലോചിക്കുകയാണ്. ആ സമൂഹത്തിലെ ഓരോ അംഗവും അത്തരമൊരു ഹിസ്റ്റീരിയയിലേക്ക് വളർന്നിരിക്കുന്നു. അതിനുള്ള ഉദാഹരണങ്ങളായി കഥാപാത്രങ്ങൾ വളരുന്നത് സിനിമ കാണിക്കുന്നു. പൊലീസും ഡ്രൈവറും കൃഷിക്കാരനും ഷാപ്പുകാരനും ചികിത്സകയും മാത്രമല്ല, പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെല്ലാം അധികാരത്തെ അവരവരുടേതായ രീതിയിൽ പ്രയോഗിക്കുകയാണ്. സ്വന്തമായ ഇടം നിർമിക്കാനായാൽ മനുഷ്യർ സ്വതന്ത്രരാവുന്നത് തൊട്ടടുത്ത വ്യക്തിക്കുമേൽ അധികാരം പ്രയോഗിച്ചുകൊണ്ടാണ്. ക്രിയേറ്റീവായ മറ്റൊന്നും സംഭാവന ചെയ്യാനില്ലാതാകുമ്പോൾ ഭാഷാപ്രയോഗങ്ങളിലൂടെ തുല്യരാവാൻ ശ്രമിക്കുകയാണ് ചെയ്യുക. അധികാരം സ്ഥാപിക്കാനുള്ള അഥവാ അനുഭവിക്കാനുള്ള ശ്രമത്തിന്റെ പാത മാത്രമാണത്. അതിലപ്പുറം ലോകത്തെ മാറ്റങ്ങളെയോ മാറിവരുന്ന ക്രമങ്ങളെയോ അധികാരം പരിഗണിക്കുന്നതേയില്ല. സാങ്കേതികമാറ്റമോ ചുറ്റുപാടുമുള്ളവയുടെ മാറ്റമോ യാതൊരു തരത്തിലുള്ള കോംപ്ലക്‌സും (മുന്നോട്ടുള്ള പോക്കിനെക്കുറിച്ചുള്ളത്) ഉണ്ടാക്കുന്നില്ല. ഉപയോഗസൗകര്യത്തിനുവേണ്ടി മാറ്റങ്ങളെ സ്വീകരിക്കുക, നേരത്തേ ഉണ്ടായിരുന്ന നിലപാടിൽത്തന്നെ നിൽക്കുക - അങ്ങനെയൊരു വൃത്തത്തിനകത്തേക്ക് വീണ്ടും വീണ്ടും എത്തിക്കുക. ഇത്തരം തുടർച്ചകളെയാണ് ചുരുളി കാണിച്ചു തരുന്നത്.

ഓരോരുത്തരിലെയും അധികാര പ്രയോഗത്തെ, നിലനിൽക്കുന്ന വ്യവസ്ഥാപിത മൂല്യസങ്കൽപങ്ങളിലെ പൊള്ളത്തരത്തെ, നിരവധി ബിംബങ്ങളിലൂടെയും കഥാപാത്ര സവിശേഷതകളിലൂടെയും സിനിമ കാണിച്ചുതരുന്നു

ഓരോരുത്തരെയും അവർക്കായി നിർമിച്ച വൃത്തത്തിനകത്ത് മാത്രം നിൽക്കാനും അതിൽ ആനന്ദിക്കാനും പ്രേരിപ്പിക്കുന്നതിലൂടെ സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചിടുക കൂടിയാണ്. സ്വതന്ത്രരാവുക എന്ന ചിന്തയെ ഒരു പരിധിക്കപ്പുറത്തേക്ക് കടത്തിവിടാതിരിക്കാനുള്ള ജാഗ്രത സ്ഥലനിർണയത്തിൽ വരുന്നത് അതുകൊണ്ടാണ്. ജനാധിപത്യ സമ്പ്രദായവും പുരോഗമന മുഖവും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധത്തെ ഇല്ലാതാക്കുന്നതിലൂടെയാണ് നിരന്തരം വൃത്തത്തിനകത്തുമാത്രം ചലിക്കുന്നവരെ നിർമിക്കാൻ സാധിക്കുക. അതിനായി ഓരോരുത്തർക്കും ഓരോ തരത്തിലുള്ള അധികാരം കൽപ്പിച്ചുനൽകുന്നു. അവർ അതിൽ ആനന്ദിക്കുന്നുവെന്ന് ഉറപ്പിക്കാനും ശ്രമിക്കുന്നു.

അധികാരത്തിലെത്തുമ്പോൾ മറ്റു ചില പേരുകളിലാണ് അടിത്തട്ടിൽ ഉറച്ചുനിൽക്കുന്ന വന്യതയെ ആവിഷ്‌കരിക്കാൻ ശ്രമിക്കുക. കാലം മാറുകയാണല്ലോ. പുതിയതെന്നു തോന്നിക്കുന്ന മുഖം അണിയേണ്ടതുണ്ട്.

സുവർണ ഭാവികാലത്തെ ലക്ഷ്യം വച്ച് ഒന്നുചേർന്ന മൃഗങ്ങളുടെ പാട്ടിന്റെ വിപ്ലവശബ്ദം നെപ്പോളിയന്റെ അധികാരത്തിനുകീഴിൽ ബാധ്യതയായിത്തീരുന്നു. കലാപമുണ്ടാക്കുന്നതിനുള്ള ഗാനമായി അതിനെ വ്യാഖ്യാനിക്കുകയും പ്രതീക്ഷയിലേയ്ക്കും ദർശനങ്ങളിലേയ്ക്കും വളരുന്ന മൃഗങ്ങളുടെ കഴിവിനെ ഇല്ലാതാക്കേണ്ടതിനെക്കുറിച്ച് ബോധ്യപ്പടുത്തുകയുമാണ്. അനിമലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഭരണകൂടത്തോടുള്ള വിശ്വസ്തതയാണ് ഉറപ്പിക്കേണ്ടതെന്ന് മാറ്റിയെഴുതുകയാണ്. ആജ്ഞാനുവർത്തികളുടെ വിശ്വാസങ്ങൾ!
അധികാരത്തിലെത്തുമ്പോൾ മറ്റു ചില പേരുകളിലാണ് അടിത്തട്ടിൽ ഉറച്ചുനിൽക്കുന്ന വന്യതയെ ആവിഷ്‌കരിക്കാൻ ശ്രമിക്കുക. കാലം മാറുകയാണല്ലോ. പുതിയതെന്നു തോന്നിക്കുന്ന മുഖം അണിയേണ്ടതുണ്ട്. അതോടൊപ്പം വന്യമായതിനോടുള്ള താൽപര്യം കാൽപനികമായി കാണിച്ചുകൊണ്ടേയിരിക്കണം. നാടൻ മദ്യവും വെടിയിറച്ചിയും മറ്റും അത്തരത്തിലുള്ള പ്രലോഭനം മാത്രമാണ്.

അക്രമസ്വഭാവത്തിലേക്കെത്തുന്ന കരുതൽ അകത്തുള്ളവരോടും, വെറുപ്പും പകയും പുറത്തേക്കും പ്രവഹിക്കുകയാണ്. ഈ മനുഷ്യസ്വഭാവത്തെ, ഓരോരുത്തരിലെയും അധികാര പ്രയോഗത്തെ, നിലനിൽക്കുന്ന വ്യവസ്ഥാപിത മൂല്യസങ്കൽപങ്ങളിലെ പൊള്ളത്തരത്തെ, നിരവധി ബിംബങ്ങളിലൂടെയും കഥാപാത്ര സവിശേഷതകളിലൂടെയും സിനിമ കാണിച്ചുതരുന്നു. ഒരേ സമയം വ്യക്തികൾ മറ്റു പലരുമായിത്തീരുന്നു. ആ വൃത്തത്തിനകത്ത് മാത്രം ആഘോഷിക്കുന്നു. സ്വാതന്ത്ര്യത്തെ സ്വയം കൊട്ടിയടയ്ക്കുന്ന അനിമൽ ഫാമിലെ ജന്തുക്കളെപ്പോലെ അടിമജീവിതത്തിൽ ഉന്മാദം കൊള്ളുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ടി. ജിതേഷ്

മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ മലയാള വിഭാഗം അധ്യാപകൻ, ചലചിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എഴുതുന്നു. ചലച്ചിത്രത്തിൻറെ ആഖ്യാനം, സിനിമയുടെ വ്യാകരണം, ചലച്ചിത്ര സിദ്ധാന്തങ്ങൾ, ആഖ്യാനശാസ്ത്രം തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments