93 Days എന്ന സിനിമയിൽ നിന്ന്

എബോളയെ ദൃശ്യവൽക്കരിക്കുമ്പോൾ

‘93 ദിവസങ്ങൾ’

കോവിഡ്​ കാലത്ത്​, ലോക ജനത പകർച്ച വ്യാധിയുടെ രോഗാനുഭവം ആഖ്യാനം ചെയ്യുന്ന ചലച്ചിത്രങ്ങളും മറ്റ് സർഗ്ഗസൃഷ്ടികളും തിരഞ്ഞു പോകുന്ന പ്രവണത ദൃശ്യമായിരുന്നു. 93 ദിവസങ്ങൾ എന്ന നൈജീരിയൻ ചലച്ചിത്രം ആ നിലയ്​ക്ക്​ മികച്ച ആഖ്യാനമായിത്തീരുന്നു

പ്രതീക്ഷിതത്വം വർധിപ്പിച്ച പ്രഹരശേഷിയോടെ എത്തിയ കോവിഡ്-19 മഹാമാരി ലോകത്തിന്റെ സാധാരണ വ്യവഹാരത്തെ തടസ്സപ്പെടുത്തിയ ആദ്യനാളുകൾ മുതൽ ലോക ജനത പകർച്ച വ്യാധിയുടെ രോഗാനുഭവം ആഖ്യാനം ചെയ്യുന്ന ചലച്ചിത്രങ്ങളും മറ്റ് സർഗ്ഗസൃഷ്ടികളും തിരഞ്ഞു പോകുന്ന പ്രവണത ദൃശ്യമായിരുന്നു. കണ്ടേജിയൻ മൂവീസ് (Contagion movies) എന്നുവിളിക്കാവുന്ന ഷാൻറയിലുള്ള (genre) പല ചലച്ചിത്രപാഠങ്ങളും പൂർണമായും ഭാവനാസൃഷ്ടികളായിരുന്നു. 2011ൽ റിലീസ് ചെയ്ത കണ്ടേജിയൻ എന്ന ഹോളിവുഡ് ചലച്ചിത്രം വവ്വാലിൽ നിന്ന്​ പന്നിയിലേക്കും അവിടന്ന് മനുഷ്യനിലേക്കും എത്തിയ ഒരു ജന്തുജന്യ പകർച്ചവ്യാധിയുടെ അനുഭവമാണ് പ്രതിപാദിയ്ക്കുന്നത്.

ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗത്തിന് കോവിഡുമായി ഏറെ സാമ്യമുള്ളതാണ്. സമയയാത്രയുടെ സങ്കേതങ്ങൾ ഉപയോഗിക്കുന്ന 12 കുരങ്ങന്മാർ (12 Monkeys) എന്ന ചലച്ചിത്രം തീവ്രശേഷിയുള്ള ഒരു വൈറസ് മൂലം ഏറെക്കുറെ അവസാനിച്ച ഒരു ലോകമാണ് (post-apocalyptic world) നമുക്ക് മുൻപിൽ തുറന്നിടുന്നത്. ജോൺ സ്യൂട്‌സ് സംവിധാനം ചെയ്ത പാൻഡെമിക് (2016) മുതലായ ചലച്ചിത്രങ്ങൾ വികാരവിമലീകരണത്തിന് (catharsis) സോമ്പി ട്രോപ്പുകൾ ഉപയോഗിക്കുന്നവയാണ്. ഇവയിൽ നിന്നെല്ലാം സ്റ്റീവ് ഗുകാസ് സംവിധാനം ചെയ്ത 93 ദിവസങ്ങൾ (93 Days) എന്ന നൈജീരിയൻ ചലച്ചിത്രം വ്യത്യസ്തമാകുന്നത് അത് റിലീസ് ചെയ്യുന്നതിന് രണ്ട് വർഷം മുൻപ് മാത്രം പിടിച്ച് കെട്ടിയ എബോള വൈറസ് വ്യാപനത്തിന്റെ യഥാതഥമായ ആവിഷ്‌കാരമാണെന്നതിനാലാണ്.

കണ്ടേജിയൻ എന്ന സിനിമയിൽ നിന്ന്
കണ്ടേജിയൻ എന്ന സിനിമയിൽ നിന്ന്

നൈജീരിയയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ലേഗോസിലാണ് ചിത്രത്തിലെ സംഭവങ്ങൾ നടക്കുന്നത്. ചിത്രത്തിന്റെ ആഖ്യാതാവായ ഡോ. അഡ ഇഗോനോഹ് തുടക്കത്തിൽ പറയുന്ന വാചകങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്: "ഞങ്ങളിൽ കൂടുതൽ പേരും തങ്ങൾ എത്ര സങ്കീർണരായ ആളുകളാണെന്നോ, പരസ്പരം എത്ര ബന്ധപ്പെട്ടവരാണെന്നോ (connected) എത്ര ദുർബലരാണെന്നോ ചിന്തിക്കുകയോ കാണുകയോ മനസ്സിലാക്കുകയോ ചെയ്യാതെ ജീവിക്കുന്നവരാണ്. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം ചിലത് സംഭവിക്കുന്നു. അത് നിങ്ങൾ ലോകത്തെ കാണുന്ന വിധവും നിങ്ങളുടെ ജീവിതത്തേയും എന്നന്നേക്കുമായി മാറ്റുന്നു.' ഭൗതികമായി അടുത്തടുത്തിരിക്കുന്നവർ തമ്മിലുള്ള ബന്ധം മാത്രമല്ല ആഗോളീകരിയ്ക്കപ്പെട്ട ലോകത്തിലെ ഏത് കോണിലുള്ള മറ്റൊരാളുമായും എപ്പോൾ വേണമെങ്കിലും നാം ബന്ധപ്പെട്ടിരിയ്ക്കാനുള്ള സാധ്യതയിലേക്ക് കൂടി വിരൽ ചൂണ്ടുന്നുണ്ട് ഈ വാക്കുകൾ. ഇക്കോണമി വിമാനങ്ങളുടെ വരവോടെ ആകാശയാത്ര സാധാരണക്കാരന് കൂടി സാമ്പത്തികമായി താങ്ങാനാവുന്നതായതോടെ മുമ്പൊന്നുമില്ലാത്ത വിധം ലോകം ചലനാത്മകമായി.

"കൂട്ടിലാക്കപ്പെട്ട ഇടങ്ങളുടെ വിനിമയം' എന്ന് കാതറിൻ ബെല്ലിങ് വിളിക്കുന്ന സമകാലിക അവസ്ഥയിൽ വൈറസുകൾ ‘ഭൂഖണ്ഡങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിലേക്കും, ശരീരത്തിൽ നിന്നും ശരീരത്തിലേക്കും ചോരുന്നതിന്' വളരെ എളുപ്പമായി തീർന്നിരിക്കുന്നു.

തെക്കേ ആഫ്രിക്കയുടെ ആകാശസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമാണ് ലേഗോസ്. ഓരോ ദിവസവും ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നും ലേഗോസിലേക്കും തിരിച്ചും ഡസൻ കണക്കിന് അന്താരാഷ്ട്രവിമാനങ്ങളാണ് ഉള്ളത്. അതിനാൽ തന്നെ, യു.എസിലെ ആരോഗ്യ- മനുഷ്യ സേവനങ്ങളുടെ വിഭാഗത്തിൽ ആഫ്രിക്കയുടെ ഡയറക്ടറായ ഡോ. സാമുവൽ കയോടെ അഡെനിയി- ജോൺസ് ചിത്രത്തിൽ പറയുന്ന പോലെ, ലേഗോസിൽ പൊട്ടിപ്പുറപ്പെടുന്ന പകർച്ച വ്യാധി ഒരു ആഗോള മഹാമാരിയാവാൻ കുറച്ച് ദിവസങ്ങൾ മതി. "കൂട്ടിലാക്കപ്പെട്ട ഇടങ്ങളുടെ വിനിമയം' (nested spatial correspondence) എന്ന് കാതറിൻ ബെല്ലിങ് വിളിക്കുന്ന സമകാലികാവസ്ഥയിൽ വൈറസുകൾ ‘ഭൂഖണ്ഡങ്ങളിൽ നിന്ന്​ ഭൂഖണ്ഡങ്ങളിലേക്കും, ശരീരത്തിൽ നിന്ന്​ശരീരത്തിലേക്കും ചോരുന്നതിന്'' വളരെ എളുപ്പമായി തീർന്നിരിക്കുന്നു.

എബോള ബാധിതയായ ഭാര്യയെ കാണാൻ പി.പി.ഇ. കിറ്റ് ധരിക്കുന്ന നൈജീരിയൻ യുവാവ്. 2014-ലെ ചിത്രം. / Photo: unicef.org
എബോള ബാധിതയായ ഭാര്യയെ കാണാൻ പി.പി.ഇ. കിറ്റ് ധരിക്കുന്ന നൈജീരിയൻ യുവാവ്. 2014-ലെ ചിത്രം. / Photo: unicef.org

ലൈബീരിയയിൽ നിന്ന് വിമാനത്തിൽ വന്നിറങ്ങിയ ഒരു നയതന്ത്രജ്ഞനാണ് ലേഗോസിലെ എബോള ഇൻഡക്‌സ് രോഗി. രോഗലക്ഷണങ്ങളോടെ ലേഗോസിലെ ഫസ്റ്റ് കൺസൾട്ടൻറ്​സ്​ മെഡിക്കൽ സെന്ററിൽ പ്രവേശിക്കപ്പെട്ട ആദ്ദേഹം പക്ഷേ ഡോക്ടർമാരോടും ആരോഗ്യപ്രവർത്തകരോടും സഹകരിക്കുന്നില്ല. തനിക്ക് ലൈബീരിയയിൽ വെച്ച് ഒരു എബോള രോഗിയുമായും സമ്പർക്കമുണ്ടായില്ല എന്ന് ആവർത്തിക്കുന്ന അയാൾ തനിയ്ക്ക് ആശുപത്രിയിൽ നിന്ന് പോകണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ ചുമ, ഡയറിയ തുടങ്ങിയ ചില ലക്ഷണങ്ങൾ ഉള്ള അയാളെ പൊതുജനാരോഗ്യ ഭീഷണി കണക്കിലെടുത്ത് ഡിസ്ചാർജ് ചെയ്യേണ്ടതില്ല എന്ന് ഡോക്ടർമാർ തീരുമാനിയ്ക്കുന്നു. അതോടെ തന്റെ രാജ്യക്കാരനായ നയതന്ത്രജ്ഞനെ തടഞ്ഞു വെച്ചത് ചോദ്യം ചെയ്യാൻ ലൈബീരിയൻ അംബാസഡർ ആശുപത്രിയിലെത്തുന്നു. വ്യക്തിസ്വാതന്ത്ര്യം പൊതുജനാരോഗ്യം എന്ന രണ്ടാശയങ്ങൾ തമ്മിലുള്ള സംഘർഷമായി ഇത് മാറുമ്പോൾ സിയറ ലിയോണിൽ എബോള രോഗികളെ ചികിത്സിച്ചതിനുശേഷം മടങ്ങി വന്ന കാസി ഹിക്കോസ് എന്ന അമേരിക്കൻ നേഴ്‌സ് ക്വറന്റീനിൽ ഇരിയ്ക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് മെയ്‌നിലെ ഗവർണർ കോടതിയെ സമീപിച്ചതിനെ ഓർമപ്പെടുത്തിയേക്കാം. കാക്കി ഹിക്കോക്‌സ്, സ്വാർത്ഥയായ ഹീറോ എന്ന ലേഖനത്തിൽ ""എബോള പോലെ ആന്തരികാവയവങ്ങളെ ദ്രവീകരിയ്ക്കുന്ന ഒരു രോഗത്തിന് മുൻപിൽ "Better safe than sorry' എന്ന പ്രമാണമാണ് എല്ലാവരും അനുവർത്തിയ്‌ക്കേണ്ടത്'' എന്ന് ഇയാൻ ട്യൂട്ടിൽ ഉചിതമായി ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. പൊതുജനാരോഗ്യഭീഷണിയുള്ളപ്പോൾ വ്യക്തിസ്വാതന്ത്ര്യം പ്രസക്തമല്ലെന്ന സമാനമായ വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ഫസ്റ്റ് കൺസൾട്ടൻറ്​സ്​ മെഡിക്കൽ സെന്ററിലെ അധികൃതർ ചെയ്തത്. എബോള പോലെയൊരു പകർച്ച വ്യാധിയെ കൈകാര്യം ചെയ്യാനുള്ള പദ്ധതികൾ തയ്യാറാക്കുമ്പോൾ സാംക്രമികരോഗശാസ്ത്രപരമായ വിഷയങ്ങൾ മാത്രം കണക്കിലെടുത്താൽ പോരാ എന്ന് വ്യക്തമാക്കുന്നുണ്ട് ഈ ചിത്രം. ഇൻഡക്‌സ് രോഗിയെ ചികില്‌സിക്കുന്ന ഡോ. അമേയോ അഡഡേവോയോട് ഡോ. യെവാണ്ടേ അദേഷിന അർത്ഥഗർഭമായി പറയുന്നു, "നൈജീരിയയിൽ എല്ലാം രാഷ്ട്രീയമാണ്. എബോള പോലും.'

അകലം പാലിക്കേണ്ടുന്ന ശരീരങ്ങളിലൂടെ "അതിർത്തി' എന്ന സങ്കൽപം എബോള പോലെ സൂക്ഷ്മാണുക്കൾ പകർത്തുന്ന രോഗങ്ങൾ ബലപ്പെടുത്തുന്നെണ്ടെങ്കിലും ശരീരം/ ശരീരത്തിന് പുറത്ത് ഒരു പരിസ്ഥിതി എന്ന ദ്വന്ദ സങ്കൽപ്പത്തെ ഒരു പരിധി വരെ നിഷേധിയ്ക്കുന്നുമുണ്ട് പകർച്ചവ്യാധികളുടെ ലോകം.

കണ്ടേജിയൻ ഷോൺറയിലുള്ള ചലച്ചിത്രങ്ങളിൽ പൊതുവേയുള്ള പ്രമേയതന്തുവായ "അണുബാധയേൽക്കുമോ എന്ന ഭയം' (infection anxiety) പേറി ജീവിയ്ക്കുന്ന ആളുകളെകൊണ്ട് നിറയുന്ന ദൃശ്യഭൂമിയായി 93 ദിവസങ്ങളും മാറുന്നുണ്ട്. ഇൻഡക്‌സ് രോഗിയ്ക്ക് എബോള സ്ഥിതീകരിയ്ക്കുന്ന റിസൾട്ട് വരുന്നതിന് മുൻപ് തന്നെ താൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്റെ കുട്ടിയ്ക്ക് ഉമ്മ കൊടുക്കാൻ മനസ്സ് വരാത്തതിനെക്കുറിച്ച് ഡോ. അമേയോ അഡഡേവോ തന്റെ സഹപ്രവർത്തകരോട് പറയുന്നുണ്ട്. തന്നോട് ജോലിയ്ക്ക് പോകരുതെന്ന് തന്റെ ഭർത്താവ് ആവശ്യപ്പെട്ടതായി ഒരു നേഴ്‌സ് പറയുന്നു. ഫസ്റ്റ് കൺസൾട്ടൻറ്​സ്​ മെഡിക്കൽ സെന്റർ ഒരു എബോള ചികിത്സാ ആശുപത്രിയായി മാറുമ്പോൾ ഡോക്ടർമാർ എന്നും ശരീര താപനില പരിശോധിക്കുന്നതും പതുക്കെ പതുക്കെ പലരും രോഗികളായി മാറുന്നതും നാം കാണുന്നു.

മനുഷ്യരേയും പ്രൈമേറ്റ് വർഗത്തിലുള്ള കുരങ്ങൻ, ഗൊറില്ല മുതലായ മറ്റ് മൃഗങ്ങളേയും ബാധിക്കുന്ന രോഗമാണ് എബോള. വ്യക്തമായ ഉത്ഭവം അറിയില്ലെങ്കിലും ജന്തുജന്യ വൈറസായാണ് എബോള കരുതപ്പെടുന്നത്. ഈ വസ്തുതയും ആഫ്രിക്ക പോലുള്ള ഒരു അവികസിത ദേശത്തിലെ ഉത്ഭവവും എബോളയെ ഭയപ്പാടോടെ നോക്കിക്കാണാൻ പടിഞ്ഞാറൻ ലോകത്തിനെ പ്രേരിപ്പിയ്ക്കുന്നുണ്ട്. എബോള, സാർസ്, കോവിഡ് എന്ന് തുടങ്ങി ലോകം കണ്ട പല പകർച്ചവ്യാധികളും ആഫ്രിക്ക, ഏഷ്യ, അല്ലെങ്കിൽ തെക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഉത്ഭവിച്ചവയാണ്. അതിനാൽ തന്നെ ഇത് "സൂക്ഷ്മാണുക്കളിലൂടെ മൂന്നാം ലോകം ഒന്നാം ലോകത്തിലെ നഗരങ്ങളിലേക്ക് ചോരുന്ന' പ്രതിഭാസമായി കണക്കാക്കപ്പെടുന്നുണ്ടെന്നും "സമകാലികരായ നമ്മളും, പ്രാചീനരായ അവരും' എന്ന ദ്വന്ദചിന്താഗതിയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും അമേരിക്കൻ ഗവേഷകയായ പ്രിസില്ല വാൽഡ് തന്റെ സാംക്രമികം: സംസ്‌കാരങ്ങൾ, വാഹകർ, പൊട്ടിപ്പുറപ്പെടലിന്റെ ആഖ്യാനങ്ങൾ എന്ന പുസ്തകത്തിൽ വാദിയ്ക്കുന്നു. ഇത് ദരിദ്രമായ ദേശങ്ങളെ അപമാനപെടുത്തുന്ന (stigmatize) തരത്തിലേക്ക് മാറുന്നതായും ആഗോളീകരണത്തിന്റെ അസമമായ വികസനത്തെ വെളിപ്പെടുത്തുന്നതായും വാൽഡ് ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും ഭയാനകമായ വൈറസായി വിശേഷിക്കപ്പെട്ട എബോള ബാധിയ്ക്കുമ്പോൾ ശരീരം ഉള്ളിൽ നിന്നും ദ്രവീകരിയ്ക്കപ്പെടുകയാണ് ചെയ്യുന്നത്
ലോകത്തിലെ ഏറ്റവും ഭയാനകമായ വൈറസായി വിശേഷിക്കപ്പെട്ട എബോള ബാധിയ്ക്കുമ്പോൾ ശരീരം ഉള്ളിൽ നിന്നും ദ്രവീകരിയ്ക്കപ്പെടുകയാണ് ചെയ്യുന്നത്

എബോള പ്രകോപിപ്പിയ്ക്കുന്ന പ്രധാന വികാരമായി ""ഹൊറ''റിനെ കാതറിൻ ബെല്ലിങ് കണക്കാക്കുന്നു. ഭയവും അറപ്പും കലർന്ന വികാരമായാണ് അവർ ‘ഹൊറ'റിനെ നിർവചിയ്ക്കുന്നത്. ലോകത്തിലെ ഏറ്റവും ഭയാനകമായ വൈറസായി വിശേഷിക്കപ്പെട്ട എബോള ബാധിയ്ക്കുമ്പോൾ ശരീരം ഉള്ളിൽ നിന്നും ദ്രവീകരിയ്ക്കപ്പെടുകയാണ് ചെയ്യുന്നത് (Crossley qtd. in C. Belling). ലൈബീരിയയിൽ നിന്ന് വന്ന നയതന്ത്രജ്ഞനും അയാളെ ചികിത്സിച്ച ഡോ. അമേയോ അഡഡേവോ ഉൾപ്പടെ പലയാളുകൾ മരണത്തിന് കീഴടങ്ങുന്നത് കാണിയ്ക്കുന്നുണ്ട് ചിത്രത്തിൽ. ആരോഗ്യം നിലനിർത്താൻ അകലം പാലിക്കേണ്ടുന്ന ശരീരങ്ങളിലൂടെ "അതിർത്തി' എന്ന സങ്കൽപം എബോള പോലെ സൂക്ഷ്മാണുക്കൾ പകർത്തുന്ന രോഗങ്ങൾ ബലപ്പെടുത്തുന്നെണ്ടെങ്കിലും ശരീരം/ ശരീരത്തിന് പുറത്ത് ഒരു പരിസ്ഥിതി എന്ന ദ്വന്ദ സങ്കൽപ്പത്തെ ഒരു പരിധി വരെ നിഷേധിയ്ക്കുന്നുമുണ്ട് പകർച്ചവ്യാധികളുടെ ലോകം. സൂക്ഷ്മാണുക്കളുടെ വാസസ്ഥലമാകുന്നതോടെ അവയുടെ പരിസ്ഥിതിയായി മനുഷ്യ-ജന്തുക്കളുടെ ശരീരങ്ങൾ മാറുന്ന ഭൗതികപരിസ്ഥിതിസാഹിത്യപഠനത്തിന്റെ (material eco-criticism) സൂചന, വൈറസിന്റെ കർതൃത്വം (agency) എന്നീ ആശയങ്ങളും ഇവിടെ ഏറെ പ്രസക്തമാണ്.

ശരീര താപനില പരിശോധന, ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള ലഖുലേഘകളുടെ വിതരണം, രോഗത്തെക്കുറിച്ചും മരുന്നിനെക്കുറിച്ചുമുള്ള തെറ്റായ വിവരങ്ങളെ ഖണ്ഡിക്കൽ തുടങ്ങി സമകാലിക കോവിഡ് ലോകത്തെ ഓർമിപ്പിയ്ക്കുന്ന പല രംഗങ്ങളും 93 ദിവസങ്ങളിലും കാണാം.

വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരുടെ ശരീര താപനില പരിശോധന, ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള ലഖുലേഘകളുടെ വിതരണം, രോഗത്തെക്കുറിച്ചും മരുന്നിനെക്കുറിച്ചുമുള്ള തെറ്റായ വിവരങ്ങളെ ഖണ്ഡിക്കൽ (ഉദാഹരണത്തിന് ചിത്രത്തിൽ രണ്ട് തവണ ഒറ്റമൂലികളോ ഉപ്പോ എബോളയെ പ്രതിരോധിക്കാനുള്ള മരുന്നല്ല എന്നുള്ള സന്ദേശം ടെലിവിഷനിലൂടേയും റേഡിയോയിലൂടേയും പ്രക്ഷേപണം ചെയ്യുന്നത് കാണിയ്ക്കുന്നുണ്ട്) തുടങ്ങി സമകാലിക കോവിഡ് ലോകത്തെ ഓർമിപ്പിയ്ക്കുന്ന പല രംഗങ്ങളും 93 ദിവസങ്ങളിലും കാണാം.

എബോള വൈറസിനെ പിടിച്ച് കിട്ടിയതിനുശേഷം ആ പോരാട്ടത്തിൽ മരിച്ചു പോയ ഡോക്ടർമാരേയും മറ്റ് ആരോഗ്യ പ്രവർത്തകരേയും അനുസ്മരിയ്ക്കുന്ന ചടങ്ങോടെയാണ് 93 ദിവസങ്ങൾ അവസാനിയ്ക്കുന്നത്. ‘‘എബോള നൈജീരിയയിലേക്ക് വന്നു. നൈജീരിയ എബോളയുടെ മുഖത്ത് നോക്കി "ഇല്ല' (no) എന്നുപറഞ്ഞു. നമ്മൾ ഓടിപ്പോവില്ല, നമ്മൾ ഒളിക്കില്ല, നമ്മൾ തോൽക്കില്ല. നമ്മൾ നൈജീരിയക്ക് വേണ്ടി നൈജീരിയന്മാരായി പ്രവർത്തിയ്ക്കും’’ എന്ന വാക്കുകളോടെയാണ് ഡോ. ബെഞ്ചമിൻ ഒഹിയേരി പ്രസംഗം ഉപസംഹരിയ്ക്കുന്നത്. ലേഗോസിൽ ഇൻഡക്‌സ് രോഗിയെത്തിയതിന്റെ തൊണ്ണൂറ്റി മൂന്നാം ദിവസം നൈജീരിയ എബോള മുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെ സൂചിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പേര്. നൈജീരിയയിൽ ഇരുപത് പേർക്കാണ് എബോളയുടെ സൈർ ഇനത്തിൽ പെട്ട വൈറസ് പിടിപെട്ടത്. അതിൽ മരിച്ച എട്ട് പേരിൽ നാലുപേർ ഫസ്റ്റ് കൺസൾട്ടൻറ്​സ്​ ടീമിലെ അംഗങ്ങളായിരുന്നു. 7 ഫെബ്രുവരി 2021 മുതൽ 3 മെയ് 2021 വരെ ആഫ്രിക്കയിലെ കോംഗോയിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ എബോള വൈറസ് വ്യാപനം ഭൂഖണ്ഡത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ഭീഷണിയാണ് എബോളയെന്ന് നമ്മെ ഓർമിപ്പിക്കുന്നു. താരതമ്യേന അടുത്ത കാലത്ത് ഉയർന്ന് വന്ന പഠനമേഖലയായ ആരോഗ്യമാനവികവിഷയങ്ങളിലെ (health humanities) ഗവേഷകർക്ക് സിനിമവത്ക്കരിയ്ക്കപ്പെട്ടതിലൂടെ സ്മാരകചിഹ്നമാക്കപ്പെട്ട രോഗാഖ്യാനമായ 93 ദിവസങ്ങൾ ഒരു പ്രധാന പാഠ്യവസ്തുവായി തുടരും.

നൈജീരിയയിൽ ആകെ ഇരുപത് പേർക്കാണ് എബോളയുടെ സൈർ ഇനത്തിൽ പെട്ട വൈറസ് പിടിപെട്ടത്. അതിൽ മരിച്ച എട്ട് പേരിൽ നാല് പേര് ഫസ്റ്റ് കോൺസൾട്ടന്റസ് ടീമിലെ അംഗങ്ങളായിരുന്നു / Photo : UNICEF
നൈജീരിയയിൽ ആകെ ഇരുപത് പേർക്കാണ് എബോളയുടെ സൈർ ഇനത്തിൽ പെട്ട വൈറസ് പിടിപെട്ടത്. അതിൽ മരിച്ച എട്ട് പേരിൽ നാല് പേര് ഫസ്റ്റ് കോൺസൾട്ടന്റസ് ടീമിലെ അംഗങ്ങളായിരുന്നു / Photo : UNICEF

ലോകമൊന്നായി കടന്നു പൊയ്‌ക്കൊണ്ടിരുന്ന കോവിഡ്-19 ആവില്ല ലോകത്തിലെ അവസാനത്തെ മഹാമാരി എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് തന്നിട്ടുണ്ട്. മഹാമാരികളോടുള്ള മനുഷ്യന്റെ പ്രതികരണത്തിന്റെ രണ്ട് സാധ്യതകളെക്കുറിച്ച് പ്രിസില്ല വാൽഡ് പറഞ്ഞത് അതിനാൽത്തന്നെ നമ്മുടെ മുൻപിൽ ഒരു വലിയ മുന്നറിയിപ്പായി ഉയരുന്നുണ്ട്: "പൊട്ടിപ്പുറപ്പെടലിന്റെ ആഖ്യാനങ്ങൾ അപരിചിതരെ ആപത്തായി അടയാളപ്പെടുത്തുന്നതിലൂടെ രാഷ്ട്രങ്ങളുടെ സാങ്കല്പികമായ സമൂഹബോധത്തെ (imagined community) ഊട്ടിയുറപ്പിക്കുകയോ, ദുർബലമായ മനുഷ്യത്വവും അപകടബോധവും സഞ്ചരിയ്ക്കുന്ന സൂക്ഷ്മാണുക്കളിലൂടെയുള്ള സമ്പർക്കവും മൂലം ഒന്നിയ്ക്കപ്പെട്ട മനുഷ്യത്വത്തെ വിഭാവനം ചെയ്യുകയോ ചെയ്യുന്നു.'
അനിശ്ചിതമായ ഭാവിയിലേക്കുള്ള നമ്മുടെ ഈ യാത്രയിൽ മഹാമാരികൾ പരദേശികളോടുള്ള അവിശ്വാസവും വിദ്വേഷവും പരത്താതിരിയ്ക്കട്ടെ എന്ന് നമുക്ക് പ്രത്യാശിയ്ക്കാം.▮

1. സൂക്ഷ്മാണുവിന് കർതൃത്വം നൽകുന്നത് ആ ആരോഗ്യസന്ദേശം വായിക്കുന്നവർക്ക് രോഗത്തെ ഗൗരവമായി എടുക്കാൻ പ്രേരണ നൽകുന്നതായി ഒരു ഗവേഷണലേഖനത്തെ ഉദ്ധരിച്ച് റിട്ടി സോൻകോ ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. കൊറോണാവൈറസ് ‘വാ പിളർന്ന് ഉറക്കെ ചിരിയ്ക്കുന്നതായും, ക്രൂരമായ കണ്ണുകളോടെ പുച്ഛിച്ച് നോക്കുന്നതുമായുള്ള' ചിത്രീകരണങ്ങൾ വിവിധ രാജ്യങ്ങളിൽ ഉപയോഗിച്ചത് സൂക്ഷ്മാണുവിന്റെ ദൃശ്യപരമായ കർതൃത്വത്തിന്റെ (visual agency) ഉദാഹരണമായി അവർ പറയുന്നു.

Reference:

​Belling, Catherine. "Dark Zones: The Ebola Body as a Configuration of Horror.' Endemic: Essays in Contagion Theory, edited by Kari Nixon and Lorenzo Servitje, Palgrave Macmillan, 2016, pp. 43-66.Soncco, Ritti. "Its Hand around My Throat': The Social Rendering of Borrelia'. Relations: Beyond Anthropocentrism, vol. 8.1-2, 2020, pp. 37-56.Wald, Priscilla. Contagious: Cultures, Carriers, and the Outbreak Narrative. Duke University Press, 2008.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ആർ. ശ്രീജിത്ത് വർമ്മ

കവി. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്​നോളജിയിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ അസിസ്റ്റൻറ്​ പ്രൊഫസർ. പ്രൊഫ. അജന്ത സർക്കാരുമായി ചേർന്ന് ​​​​​​​ Contagion Narratives: The Society, Culture and Ecology of the Global South എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്​, 2023ൽ പുറത്തിറങ്ങും.

Comments