അമ്മ അറിയാൻ എന്ന സിനിമയും ജോൺ എബ്രഹാമിന്റെ ജീവിതവും തമ്മിൽ കണ്ണിചേർക്കാവുന്ന ധാരാളം സംഗതികളുണ്ട്. അതിലൊന്ന് ജോൺ തന്റെ അമ്മയോടു മനസ്സിൽ സൂക്ഷിച്ചിരുന്ന ദൃഢബന്ധമായിരുന്നു. തന്റെ അഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചപ്പോൾ അവസാനമായി ഒരുനോക്ക് കാണാനുള്ള ഭാഗ്യംപോലും ജോണിനുണ്ടായിരുന്നില്ല. അതൊരു നീറുന്ന വേദനയായി ജോൺ എന്നും മനസ്സിൽ കൊണ്ടുനടന്നിരുന്നു. അമ്മയിൽ നിന്ന് ലഭിച്ച സ്നേഹമല്ല; അമ്മ നഷ്ടപ്പെട്ടതോടെ ജോൺ ഏറ്റുവാങ്ങിയ അപരിഹാര്യമായ സ്നേഹനഷ്ടമാണ് ജോണിന്റെ മനസ്സിൽ അമ്മ എന്ന സ്നേഹബിംബത്തെ അത്രമാത്രം ആഴത്തിൽ അടുപ്പിച്ചു നിർത്തിയത്. അമ്മയ്ക്കു പകരം അമ്മയെപ്പോലെ സ്നേഹം നൽകിയ സഹോദരിമാർ അദ്ദേഹത്തിനുണ്ടായിരുന്നു. സഹോദരിമാരുടെ സ്നേഹത്തണലിലാണ് ജോൺ പിന്നീട് വളർന്നതും മുതിർന്നതും. സഹോദരിമാരിൽ മൂത്ത സഹോദരിയായ സൂസനോട് അദ്ദേഹത്തിന് പ്രത്യേകമായൊരു സ്നേഹബന്ധമുണ്ടായിരുന്നു. സ്ത്രീകളോടുള്ള ജോണിന്റെ സമീപനത്തെ രൂപപ്പെടുത്തുന്നതിൽ ജോണിന്റെ കുടുംബസാഹചര്യത്തിന് വലിയ പങ്കുണ്ട്. വീട്ടിൽ നിന്ന് അടുത്തും അകന്നുമുള്ള ജീവിതയാത്രകളിലെല്ലാം ജോൺ സ്ത്രീകളെ കണ്ടിരുന്നത് ഒരു സിനിമാക്കാരന്റെ കണ്ണോടു കൂടിയായിരുന്നില്ല. സിനിമയിലും അതിന്റെ വ്യവസായിക സാധ്യതകളിലുമെല്ലാം സ്ത്രീയെ ശരീരമാക്കി വിരിച്ചുവയ്ക്കുകയും പുതച്ചണയ്ക്കുകയും ചെയ്യുന്ന കാലത്തും ജോൺ സ്ത്രീകളെ ബഹുമാനത്തോട് കൂടി മാത്രം കണ്ടു. ജോണിന്റെ മനസ്സിലെ ഏറ്റവും മഹത്തായ മനുഷ്യസങ്കല്പം അമ്മയായിരുന്നു. അത് ലോകത്തോടു വിളിച്ചുപറയാനുള്ള സർഗ്ഗാത്മകമായി പരിശ്രമമായിരുന്നു അമ്മ അറിയാൻ.
സ്ത്രീത്വം, അമ്മത്തം ഈ രണ്ടവസ്ഥകളെയും ജീവിതകാലം മുഴുവനും ജോൺ ആദരവോടെ മാത്രമേ കണ്ടിട്ടുള്ളൂ. ജോണിന് ജീവിതത്തിൽ ലഹരിയായിരുന്ന പലതുമുണ്ടായിരുന്നു. അതിലേറ്റവും പ്രധാനമായിരുന്നത് സിനിമതന്നെയായിരുന്നു. തന്റെ കാമനകൾ ഇറക്കിവയ്ക്കാനുള്ള ഒരിടമായി സ്ത്രീശരീരത്തെ ഒരിക്കലും ജോൺ കണ്ടിരുന്നില്ല. സ്ത്രീത്വത്തെ കഥാപാത്രമെന്നതിനപ്പുറം മനുഷ്യരാശിയുടെ ദാർശനികപ്രശ്‌നത്തിന് ഒരു പരിഹാരസാധ്യതയായി വളർത്തിയെടുക്കാനും ഉയർത്തിക്കാട്ടാനുമാണ് അദ്ദേഹം ശ്രമിച്ചത്. തന്റെ മനസ്സിലും ജീവിതത്തിലും നിരന്തരം വളർത്തിയെടുത്ത അമ്മത്തം എന്ന അനുഭവത്തിന്റെ ആത്മസാക്ഷാത്കാരമായാണ് ജോൺ ജനകീയപങ്കാളിത്തത്തോടെ അമ്മ അറിയാൻ എന്ന സിനിമ നിർമ്മിച്ചത്.
എല്ലാ സ്ത്രീകളിലും ജോൺ സ്‌നേഹമയിയായ, ദുഃഖിതയായ, ഏകാകിയായ ഒരമ്മയെ കണ്ടിരുന്നു. മക്കളെ സ്വീകരിക്കുകയും യാത്രയാക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന അമ്മമാർ ജോൺ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു. അറ്റുപോകാത്ത പൊക്കിൾക്കൊടി ബന്ധത്തിന്റെ ആത്മരേഖകളായായി ആ അമ്മമാരെയൊക്കെയും ജോൺ തന്റെ സിനിമകളിൽ എന്നെന്നേക്കുമായി അടയാളപ്പെടുത്തി വെച്ചു. തനിക്ക് നഷ്ടപ്പെട്ടുപോയ അമ്മയെന്ന അനുഭവത്തെ ആത്മീയമായ അർത്ഥത്തിൽ വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു ജോൺ എബ്രഹാമിന്റെ സിനിമകൾ.
മാതൃസഞ്ചാരങ്ങൾ
അമ്മ അറിയാൻ എന്ന സിനിമയിൽ മകൻ അമ്മ അറിയാനായി നിരന്തരം കത്തുകളയക്കുന്നു. അയയ്ക്കുന്ന ഓരോ കത്തും അമ്മയിലേക്ക് ഒരു മകൻ നടത്തുന്ന ആത്മയാത്രയും ആത്മീയയാത്രയുമാണ്. മക്കളേറ്റുവാങ്ങുന്ന എല്ലാ ദുഃഖങ്ങളും ആദ്യം അറിയേണ്ടത് അമ്മയാണെന്ന് ജോൺ കരുതിയിരുന്നു. സിനിമയിലെ പുരുഷന്റെ അമ്മ എന്ന കഥാപാത്രത്തിലൂടെ ജോൺ തന്റെ മനസ്സിലുണ്ടായിരുന്ന അമ്മത്തത്തിന്റെ പ്രതിരൂപസൃഷ്ടിയാണ് സാധിച്ചെടുത്തത്.
ഈ സിനിമയുടെ ചിത്രീകരണത്തിനു മുന്നോടിയായി നടന്ന സ്‌ക്രിപ്റ്റ് ചർച്ചകളിൽ സിനിമയ്ക്കുവേണ്ടി ആയിരം അമ്മമോരോട് എനിക്ക് സംസാരിക്കണം എന്ന് ജോൺ പറഞ്ഞിരുന്നു. ഇന്ദിരാഗാന്ധി ഒരമ്മയായതുകൊണ്ട് അവരെയും കൂടി ഞാൻ ഇന്റർവ്യൂ ചെയ്യുമെന്നു ജോൺ പറഞ്ഞതായി ഒഡേസ അമ്മദ് ഓർമ്മിക്കുന്നു. സിനിമയ്ക്കുവേണ്ടി എത്രയോ അമ്മമാരെ കാണാനും അവരോടു സംസാരിക്കാനുമായി ജോൺ വളരെയധികം സമയം ചെലവഴിച്ചിരുന്നു. ഇതിനുവേണ്ടി മാത്രം ജോൺ നടത്തിയ യാത്രകൾ നിരവധിയായിരുന്നു.
അമ്മയുടെ സ്നേഹലഹരിയിൽ നിന്നകന്ന് ഹരി എത്തിച്ചേരുന്നത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്നേഹരഹിതമായ മനോവൈകല്യങ്ങളിലേക്കാണ്.
അമ്മ അറിയാൻ എന്ന സിനിമ പ്രത്യക്ഷത്തിൽ രണ്ട് അമ്മമാരിലേക്കുള്ള സഞ്ചാരമാണ്. വീട് വിട്ടിറങ്ങുന്ന മകൻ വീട്ടിൽ കഴിയുന്ന അമ്മയെ താൻ കാണുന്ന കാഴ്ചകളും അനുഭവങ്ങളും അറിയിക്കുന്നതാണ് അതിലൊന്ന്. ഇത് ഒരു മകന്റെ ഏകാന്തസഞ്ചാരമാണ്. ആത്മഹത്യചെയ്ത ഹരി എന്ന മകന്റെ മരണവാർത്തയുമായി ഒരു സുഹൃദ്‌സമൂഹം അവന്റെ അമ്മയുടെ അടുത്തേക്ക് യാത്രയാവുന്നതും വേദനയോടെ ആ സത്യം അറിയിക്കാൻ ശ്രമിക്കുന്നതുമാണ് രണ്ടാമത്തേത്. ഇത് മക്കളുടെ കൂട്ടായ സഞ്ചാരമാണ്. ജീവിതം - മരണം എന്നീ രണ്ടവസ്ഥകൾ അറിവായും മുറിവായും സ്വീകരിക്കേണ്ടിവരുന്ന അമ്മമാരുടെയും അതിനെ നിസ്സഹായതയോടെ ഏറ്റുവാങ്ങേണ്ടി വരുന്ന മക്കളുടെയും ദുഃഖസാന്ദ്രമായ ജീവിതവഴികളാണ് അമ്മ അറിയാൻ എന്ന സിനിമ എന്ന സിനിമയിലൂടെ ജോൺ അവതരിപ്പിക്കാൻ ശ്രമിച്ചത്.
രണ്ടമ്മമാർ - ചെറിയാച്ചനിലും അമ്മ അറിയാനിലും
അമ്മ അറിയാൻ എന്ന സിനിമ അമ്മയോടുള്ള ആത്മഭാഷണമാണെങ്കിൽ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന സിനിമ അമ്മയുടെ ആത്മാവിന്റെ ഭാഷണത്തിൽ നിന്നാണ് തുടങ്ങുന്നത്. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലെ അമ്മ ജീവിച്ചിരിക്കുന്ന അമ്മയല്ല. മരിച്ചുപോയ അമ്മ കല്ലറയിൽ നിന്ന് ആത്മാവിന്റെ ശബ്ദഭാഷയിൽ വന്ന് സംസാരിക്കുന്നു. അമ്മയുടെ ശബ്ദത്തിൽ മകനോടുള്ള സ്‌നേഹവും അലിവും ഉദ്വേഗവും കൂടിക്കലർന്ന സ്നേഹരസമാണ് തുടിച്ചുനിൽക്കുന്നത്. സിനിമ തുടങ്ങുമ്പോൾത്തന്നെ പതിയെ ഉയർന്നു കേൾക്കുന്നത് ഈ അമ്മയുടെ ശബ്ദമാണ്.
""ഞാൻ ചെറിയാച്ചന്റെ മരിച്ചുപോയ അമ്മയാണ്. ഉറുമ്പിനെപ്പോലും ഉപദ്രവിക്കാത്ത അവൻ ഇത്തരത്തിലൊരു ക്രൂരകൃത്യം കാണുകയാൽ അവന്റെ തലതിരിയുകയും അവൻ പൊലീസിനെ പേടിച്ചു നടക്കുകയും അവന്റെ അവസാനം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന ചിത്രമാണിത്. അവന്റെ വേദന മരിച്ചുപോയ അമ്മയായ ഞാനറിയുന്നു. എല്ലാ അമ്മമാരും ഇതറിയണം. അവൻ കുഞ്ഞല്ല. പാവം. അവൻ എന്റെ കൂടെ വന്നു ചേരും. അതെങ്ങനെയാണെന്നു നിങ്ങൾ കാണണം. നോക്കി കാണണം.'' എന്ന് ഒരമ്മയെ കൊണ്ട് ജോൺ ഈ സിനിമയുടെ തുടക്കത്തിൽതന്നെ പറയിപ്പിക്കുന്നു.
അമ്മമാരിൽനിന്ന് അകന്നുപോവുന്നവരുടെ ഉടൽനഷ്ടവും ഉയിർനഷ്ടവുമാണ് അമ്മ അറിയാൻ എന്ന സിനിമയുടെ കാതലായ വശം. ഹരി അകന്നുപോയത് അമ്മയിൽ നിന്നാണ്. അമ്മയുടെ സ്നേഹലഹരിയിൽ നിന്നകന്ന് ഹരി എത്തിച്ചേരുന്നത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്നേഹരഹിതമായ മനോവൈകല്യങ്ങളിലേക്കാണ്. വിപ്ലവസ്വപ്നങ്ങളുടെ നഷ്ടവേദനയും അധികാരത്തിന്റെ ചവിട്ടിമെതിക്കലുകളും ആദ്യം കൊന്നത് ഹരിയെന്ന കലാകാരനെയായിരുന്നു. പൊലീസുകാരുടെ ബൂട്ടടികളിൽ ചതഞ്ഞുപോയ ചലനം നഷ്ടപ്പെട്ട വിരലുകൾക്ക് മുന്നിൽ ഹരിയുടെ തബല എന്നെന്നേക്കുമായി മൂകമായിപ്പോകുന്നു. കൊട്ടാൻ വിരലുകൾ ശക്തമല്ലെങ്കിൽ കൊട്ടാനുള്ള ഉപകരണം ഒരു ഭാരമായിത്തീരുന്നു. അതുകൊണ്ടുതന്നെ ഹരി സ്വന്തം കൈകൊണ്ട് വാൾ തബലയിലേക്ക് കുത്തിയിറക്കുന്നു. പക്ഷെ യാഥാർത്ഥത്തിൽ അത് ആഞ്ഞുതറച്ചത് ഹരിയുടെ ഹൃദയത്തിൽ തന്നെയാണ്. ഒരു കലാകാരന്റെ കലാഹത്യ എങ്ങനെയാണ് ഒരാളുടെ ആത്മഹത്യയിലേക്ക് എത്തിക്കുന്നത് എന്ന് ഹരിയിലൂടെ ഈ സിനിമ അനുഭവപ്പെടുത്തുന്നു.
വീട്ടിൽനിന്ന് ആൺമക്കൾ ഇറങ്ങിപ്പോവുന്നത് നോക്കിനിൽക്കുന്ന സ്നേഹത്തിന്റെയും നെടുവീർപ്പിന്റെയും നിസ്സഹായതയുടെയും രൂപങ്ങളാണ് സിനിമയിലെ അമ്മമാർ
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന സിനിമയിലെ ചെറിയാച്ചനും അമ്മ അറിയാനിലെ ഹരിയും മരിക്കുന്നത് സ്വാഭാവികമായല്ല. ഒരാൾ പൊലീസിനാൽ തന്റെ കൈവിരലുകൾ ചവിട്ടിമെതിക്കപ്പെട്ടതിന്റെ നഷ്ടബോധത്താൽ ആത്മഹത്യ ചെയ്യുകയാണെങ്കിൽ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന സിനിമയിൽ പൊലീസിനെ ഭയന്ന് രക്ഷപ്പെടാനായി തെങ്ങിൽകയറുകയും താഴെയിറങ്ങാനുള്ള ഭയം വളർന്ന് വളർന്ന് തെങ്ങിൽ നിന്ന് താഴെവീണ് മരിക്കുകയുമാണ് ചെയ്യുന്നത്.
ഈ രണ്ടു സിനിമകളിലെയും അമ്മയെയും മകനെയും കേരളീയമായ ഒരു കുടുംബസാഹചര്യത്തിൽ മാത്രം പ്രതിഷ്ഠിക്കാനല്ല ജോൺ ശ്രമിച്ചത്. മറിച്ച് 70 കളിലെ രാഷ്ട്രീയകാലാവസ്ഥയുടെ സാമൂഹികപശ്ചാത്തലത്തിലാണ് ജോൺ ഇതിനെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. അരക്ഷിതമായ സാമൂഹികാവസ്ഥകളിലേക്ക് മാനസികമായി വലിച്ചിഴക്കപ്പെടുന്നവരാണ് ഈ രണ്ടു കഥാപാത്രങ്ങളും. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന സിനിമയിലെ മകൻ മധ്യവയസ്സ് പിന്നിട്ടയാളാണ്. യാഥാസ്ഥിതികനാണ്. കുടുംബജീവിതത്തിന്റെ പതിവ് വഴികളിലൂടെ സഞ്ചരിക്കുന്നവാനാണ്. എന്നാൽ അമ്മ അറിയാനിലെ ഹരി അമ്മ ജീവിച്ചിരിക്കുന്നവനും അതേസമയം അമ്മയിൽനിന്ന് മാറി വേറിട്ടൊരിടത്ത് ജീവിക്കുന്നവനുമാണ്. അയാൾ പുതിയ യുവത്വത്തിന്റെ പ്രതിനിധിയാണ്.
സായുധവിപ്ലവവഴിയിവൂടെ സഞ്ചരിച്ച് ഒളിവിൽ കഴിയുന്നവനാണ്. പൊലീസിനാൽ പിടിക്കപ്പെട്ട് പീഡിപ്പിക്കപ്പെട്ടവനാണ്. ഒടുവിൽ തന്റേതായതെല്ലാം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞു മരണവലയത്തിൽ സ്വയം കുരുങ്ങി ജീവിതം അവസാനിപ്പിച്ചവനാണ്.
അമ്മ അറിയാൻ സിനിമയുടെ ലൊക്കോഷനുകളിൽ അധികവും വീടുകളാണ്. വീട്ടിൽനിന്ന് ആൺമക്കൾ ഇറങ്ങിപ്പോവുന്നത് നോക്കിനിൽക്കുന്ന സ്നേഹത്തിന്റെയും നെടുവീർപ്പിന്റെയും നിസ്സഹായതയുടെയും രൂപങ്ങളാണ് സിനിമയിലെ അമ്മമാർ. ഓരോ അമ്മയും അവരുടെ ആകുലതയുടെയും നെടവീർപ്പിന്റെയും ഒറ്റപ്പെട്ട ചെറുതുരുത്തുകളായി ഓരോ വീടുകളിലും ജീവിക്കുന്നു. മക്കൾ വീടുവിട്ടിറങ്ങുമ്പോൾ ഉള്ളം കലങ്ങി വീടിന്റെ ഉമ്മറപടിയിലും അകത്തളങ്ങളിലും നിന്നും അവർ തന്റെ മക്കളെ യാത്രയാക്കുന്നു. അവരുടെ കണ്ണുകൾ മക്കൾ തിരിച്ചുവരുന്നതുവരെയുള്ള കാത്തിരിപ്പോളം നീളുന്ന നോട്ടങ്ങളായി സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുന്നു.
അമ്മയെന്ന ശാന്തിസ്ഥാനം
അമ്മ അറിയാൻ എന്ന സിനിമയിലൂടെ ജോൺ ലോകസമാധാനത്തിന്റെ ഒരു സമവാക്യം രൂപപ്പെടുത്താനാണ് ശ്രമിച്ചത്. മനുഷ്യരുടെ സമാധാനവും നിലനിൽപും അമ്മ മക്കൾ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്. ആ അടിത്തറ ശക്തമാണെങ്കിൽ ലോകത്ത് കലാപങ്ങളോ കൊലപാതകങ്ങളോ ആത്മഹത്യകളോ വംശഹത്യകളോ ഉണ്ടാവില്ലെന്നു ജോൺ ഉറച്ചു വിശ്വസിച്ചിരുന്നു. ഇതുവരെ ജീവിച്ചവരും ഇനി ജീവിക്കാനിരിക്കുന്നവരും അമ്മമാരോ അവരുടെ മക്കളോ ആണ്. വേദനയിൽ നിന്നും കലാപവാസനയിൽ നിന്നും ഏതൊരു മനസ്സിനും മുക്തമാകാൻ അമ്മയെന്ന തീർത്ഥസവിധത്തിലേക്ക് ചെന്നാൽ മാത്രം മതി. ഏതൊരു മനുഷ്യന്റെയും ഉള്ളിലെ ഹിംസവാസനയെ സ്നേഹവാസനയാക്കി മാറ്റാൻ അമ്മയുടെ വാക്കുകൾക്ക് കഴിയും. അതിനു മാത്രമേ അത്രയും പരിശുദ്ധവും നിരുപാധികവുമായ സ്‌നേഹം ചുരത്തിത്തരാൻ കഴിയൂ എന്നും ജോൺ വിശ്വസിക്കുന്നു. അതുകൊണ്ടാവാം യാത്രകളുടെയും യാതനയുടെയും പലയിടങ്ങളിൽ നിന്നും പുരുഷൻ അമ്മയോട് ആന്തരികമായി സംവദിച്ചുകൊണ്ടിരിക്കുന്നത്. പുരുഷൻ എന്ന മകൻ അമ്മയ്ക്ക് അയയ്ക്കുന്ന ഓരോ എഴുത്തിലും അമ്മ - മകൻ ബന്ധത്തിന്റെ അദൃശ്യമായ ചരടാണ് ജോൺ കൂട്ടിക്കെട്ടാൻ ശ്രമിച്ചത്. വേദനയുടെ ഏറ്റുപറച്ചിലിലൂടെ സാധ്യമാവുന്ന ആന്തരികമായ ദുഃഖമുക്തിയാണത്. ആത്മഭാഷണത്തിലൂടെ കൈവരുന്ന ആത്മസത്തയുടെ തിരിച്ചറിവുകളാണ് ഇവിടെ തുറക്കപ്പെടുന്നത്. അശാന്തിയിൽ നിന്ന് ശാന്തിയിലേക്കുള്ള ബുദ്ധന്റെ ബോധവെളിച്ചംപോലെ മനുഷ്യവികാസത്തിന്റെ സാധ്യതകളത്രയും മുന്നിലുള്ള വഴിത്താരകളിലൂടെ അതു കാട്ടിത്തരുന്നു.
എത്തിച്ചേരുന്ന വീടുകളിലെ ഉമ്മറച്ചുമരിൽ പലപ്പോഴും കണ്ണാടികൾ കാണിച്ചുതരുന്നു. ഈ കണ്ണാടികളിൽ ദൃശ്യങ്ങൾ തെളിയുകയും മാഞ്ഞുപോവുകയും ചെയ്യുന്നു
ജോണിന്റെ ദൃശ്യഭാഷകൾ
അമ്മയിൽ നിന്ന് അമ്മമാരിലേക്കുള്ള സഞ്ചാരമാണ് ഈ സിനിമയുടെ ദൂരം. പുരുഷന്റെ അമ്മയിൽ നിന്ന് അനേകം അമ്മമാരിലൂടെ ഹരിയുടെ അമ്മയിലേക്ക് എത്തിച്ചേർന്ന് സിനിമ അവസാനിക്കുന്നു. സഞ്ചാരമാണ് ഈ സിനിമയുടെ താളം. അത് മക്കളുടെ സഞ്ചാരമാണ്. ഇടവഴികളും ഇടനാഴികളും പിന്നിട്ട് അത് മുന്നോട്ടുപോകുന്നു. ഇടവഴികളിൽനിന്ന് അത് നെടുവഴികളിലേക്കും അവിടെനിന്ന് ജീവിതത്തിന്റെ അനിശ്ചിതമായ നീളൻപാതകളിലേക്കും സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. വീടുകളിൽനിന്ന് വീടുകളിലേക്കുള്ള യാത്രകൾ. ഇതിനിടയിൽ വന്നുചേരുന്ന സൗഹൃദങ്ങൾ കൂടിച്ചേരലുകൾ, വേർപാടുകൾ, ആകുലതകൾ, ഇല്ലായ്മകൾ, വിഫലതകൾ എന്നിവയെല്ലാം മനുഷ്യജീവിതത്തിന്റെ സമകാലിക അവസ്ഥകൾ എന്നപോലെതന്നെ യഥാതഥമായിത്തന്നെ ജോൺ സിനിമയിൽ ഒപ്പിയെടുക്കുന്നു. ഒരർത്ഥത്തിൽ കാലത്തെയും ജീവിതത്തേയും ഒരു കണ്ണാടിയിലെന്നപോലെ ജോൺ ഈ സിനിമയിൽ കാണിച്ചുതരാനാണ് ശ്രമിച്ചത്. വ്യക്തിയും സമൂഹവും ലോകവും ലോകരാഷ്ട്രീയവും എല്ലാം കൂടിച്ചേരുന്ന ഒരനുഭവപരിസരത്തിന്റെ ആഖ്യാനമായാണ് ജോൺ അമ്മ അറിയാൻ എന്ന സിനിമയെ പലതരം ദൃശ്യവിനിമയങ്ങളിലൂടെ കൂട്ടിച്ചേർത്തെടുത്തത്.
പുരുഷനും കൂട്ടുകാരും ഹരിയുടെ മരണവിവരം അറിയിച്ചുകൊണ്ടു അമ്മമാർക്കിടയിലൂടെ നടത്തുന്ന യാത്ര സൗഹൃദത്തിന്റെ സമാന്തരവും ശോകച്ഛവി കലർന്നതുമായ ഒരു യാത്രയായിത്തീരുന്നു. എത്തിച്ചേരുന്ന വീടുകളിലെ ഉമ്മറച്ചുമരിൽ പലപ്പോഴും കണ്ണാടികൾ കാണിച്ചുതരുന്നു. ഈ കണ്ണാടികളിൽ ദൃശ്യങ്ങൾ തെളിയുകയും മാഞ്ഞുപോവുകയും ചെയ്യുന്നു. അതാകട്ടെ ജീവിതത്തിന്റെ പലതരം അനുഭവങ്ങളായും അതിന്റെ പ്രതിബിംബങ്ങളായും മാറുന്നു. കണ്ണാടിക്കാഴ്ചകൾ എന്നപോലെ നിഴലുകൾ വീണ വഴികളും വഴിത്താരകളും കൂടി പലപ്പോഴും സിനിമയിലെ ദൃശ്യഭാഷയായി കടന്നുവരുന്നത്.
വെളിച്ചത്തിന്റെ മറുപുറമായ നിഴലുകളെ വേണുവിന്റെ ക്യാമറ ഈ സിനിമയിലൂടനീളം ഒപ്പിയെടുക്കുന്നു. കറുപ്പും വെളുപ്പുമായവ നന്മയും തിന്മയുമായി രൂപം മാറിവരുന്നു. നായകപാത്രമായ പുരുഷന്റെ ഇടവഴിയിലൂടെ നടക്കുന്ന ആദ്യഭാഗം മുതൽ നിഴലുകളുടെ നിരന്തരസഞ്ചാരം സിനിമയിലേക്ക് കടന്നുവരുന്നു. ഫോർട്ടുകൊച്ചിയിലെ വീതിയേറിയ വഴിത്താരകളിൽ ഉയർന്നുനിൽക്കുന്ന ആൽമരച്ചുവട്ടിൽ ഞരമ്പുകൾപോലെ എഴുന്നുനിൽക്കുന്ന വേരുകളും താഴെ വീണുകിടക്കുന്ന മരച്ചില്ലകൾ വരെയും നിഴലുകളുടെ സഞ്ചാരം സിനിമയിൽ നിറഞ്ഞുനിൽക്കുന്നു. ജീവിതത്തിന്റെ സങ്കീർണ്ണവും ഇഴപിരിഞ്ഞുകിടക്കുന്നതുമായ ഒരനുഭവതലത്തെ ഇത്തരം പ്രതീകങ്ങളിലൂടെ ജോൺ തികവോടെ അവതരിപ്പിക്കുന്നു. വന്നുചേരുന്ന കഥാപാത്രങ്ങളോടൊപ്പം പ്രകൃതിയുടെ നിഴൽരൂപകങ്ങൾകൂടി വിരിച്ചുവച്ചുകൊണ്ട് ഫ്രെയിമിൽ ജീവിതാനുഭവത്തിന്റെ സാധ്യതകളത്രയും പകർത്തിവയ്ക്കാൻ ജോൺ ശ്രമിച്ചിട്ടുണ്ട്. മനുഷ്യർ ഒന്നിൽ നിന്ന് പലതായി കൂടിചേരുകയും ഒറ്റയൊറ്റയായി വേർപിരിഞ്ഞുപോവുകയും ചെയ്യുന്നതിന്റെ ജീവിതയാഥാർത്ഥ്യമായി സിനിമ മാറുന്നു. പുരുഷന്മാർ അമ്മയിലേക്കും പെങ്ങളിലേക്കും കാമുകിയിയിലേക്കു വരികയും അവരിൽ നിന്ന് അതേപോലെ അകന്നുപോവുകയും ചെയ്യുന്നു.
അടുത്തുള്ള കാഴ്ചകളെ അകലേനിന്ന് നോക്കിക്കാണുന്നതിന് സിനിമയിലുടനീളം ഗ്രില്ലുകളും വീടുകളിലെ ജനലഴികളെയും ജോൺ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ സങ്കീർണ്ണമായ ജീവിതത്തിന്റെ അടയാളമൊന്നോളം പിരിയൻ ഗോവണി ദൃശ്യഭാഷയുടെ കലാപരമായ വിന്യാസമായി ഉപയോഗിക്കാൻ ജോണിന് സാധിക്കുന്നു. ജീവിതത്തിന്റെ സങ്കീർണതകളെ അവതരിപ്പിക്കാനുള്ള ഇത്തരത്തിലുള്ള ദൃശ്യഭാഷ ഏറ്റവും സമർത്ഥമായി ജോൺ ഉപയോഗിച്ചിരിക്കുന്നത് അമ്മ അറിയാൻ എന്ന സിനിമയിലാണ്.
അമ്മയിൽ നിന്ന് തുടങ്ങിയ സിനിമ അവസാനിക്കുന്നത് അമ്മയിൽത്തന്നെയാണ്. അതാകട്ടെ ഒരമ്മയിൽ നിന്ന് തുടങ്ങി മറ്റൊരമ്മയിലേക്കുള്ള ഒടുങ്ങലല്ല. അനേകം അമ്മമാരിലൂടെ സഞ്ചരിക്കുന്ന അനേകം പുത്രജീവിതങ്ങളുടെ അനന്തമായ പ്രയാണവും അതേസമയം സാസ്ഥ്യം തേടുന്ന അവരുടെ വേദനാഭരിതമായ ഏകാന്തായാനങ്ങളും കൂടിയായിത്തീരുന്നു.▮