കുടുംബം എന്ന കെട്ടുകാഴ്ച;
കെ. ജി. ജോർജിന്റെ അസ്വസ്ഥ ഗൃഹങ്ങളെക്കുറിച്ച്…

സ്ത്രീപുരുഷന്മാർക്കും കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും ആശ്രയിക്കാവുന്ന സുരക്ഷിത സ്ഥാപനമല്ല പരമ്പരാഗത കുടുംബം എന്ന സങ്കല്പനത്തെ മുമ്പോട്ടുവെക്കാൻ കെ.ജി. ജോർജ്, തന്റെ സിനിമകളിലൂടെ സ്വീകരിച്ച മാർഗങ്ങൾ എന്തൊക്കെയാണെന്നത് അതിസൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതുണ്ട്- ഗീത എഴുതുന്നു.

ഗീത⠀

താണ്ട് മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ചലച്ചിത്ര സപര്യയായിരുന്നു കെ.ജി. ജോർജിൻ്റേത്. സ്വതന്ത്രമായി സംവിധാനം നിർവഹിച്ച സ്വപ്നാടനത്തിനും (1976) ഇലവങ്കോടു ദേശത്തിനും (1998) ഇടയിലാണ് അദ്ദേഹത്തിൻ്റെ ക്ലാസിക് നിലവാരമുള്ള സിനിമകളുണ്ടായത്. അവയിൽ പലതിൻ്റെയും (രാപ്പാടികളുടെ ഗാഥ, വ്യാമോഹം തുടങ്ങിയവ) പ്രിൻ്റുകൾ ഇന്നു ലഭ്യമല്ല. ജനപ്രിയ കഥാകാരന്മാരായ കാനം ഇ.ജെ, പമ്മൻ എന്നിവരുടെയും ബുദ്ധിജീവി അംഗീകാരമുള്ള പത്മരാജൻ, പി.ജെ. ആൻ്റണി എന്നിവരുടെയും ചെറുകഥകളെ സ്വീകരിച്ച്, തൻ്റേതായ സിനിമാമുദ്ര പതിപ്പിച്ച് മറ്റൊന്നാക്കിത്തീർക്കാനുള്ള അസാമാന്യമായ ധീരതയുള്ള പ്രവർത്തകനായിരുന്നു അക്കാലത്തദ്ദേഹമെന്നത് എടുത്തുപറയേണ്ടുന്ന വ്യത്യസ്തയാണ്. ഇതാണദ്ദേഹത്തിൻ്റെ സിനിമകളെ ഒരേസമയം കലാ സാങ്കേതിക മികവും പുതുമയും ജനപ്രിയതയുമുള്ളതാക്കിത്തീർക്കാൻ സഹായകമായത്.

കെ. ജി. ജോർജിൻ്റെ സിനിമകളുടെ ചില പൊതു പ്രവണതകളിൽ മുഖ്യമായ ഒന്നാണ് കുടുംബഘടനയുടെ ചിത്രീകരണം.

കെ. ജി. ജോർജിൻ്റെ സിനിമകളുടെ ചില പൊതു പ്രവണതകളിൽ മുഖ്യമായ ഒന്നാണ് കുടുംബഘടനയുടെ ചിത്രീകരണം.
കെ. ജി. ജോർജിൻ്റെ സിനിമകളുടെ ചില പൊതു പ്രവണതകളിൽ മുഖ്യമായ ഒന്നാണ് കുടുംബഘടനയുടെ ചിത്രീകരണം.

സ്വപ്നാടനത്തിലെ ഡോക്ടറുടെ ദാമ്പത്യജീവിതം അതൃപ്തമാണ്. അയാൾ ആഗ്രഹിച്ച പെണ്ണിനെയല്ല ഭാര്യയായി കിട്ടിയത്. കാമുകിയോടും ഭാര്യയോടും നീതി ചെയ്യാനാകാതെ അയാൾ നിസ്സഹായനാകുന്നുണ്ട്. ഇരകളിലെ കുടുംബം ഒരു കെട്ടുകാഴ്ച മാത്രമാണ്. അതിനുള്ളിൽ ആരും പരസ്പരം സ്നേഹിക്കുന്നില്ല. എല്ലാവരും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആർത്തി പിടിച്ചവരും അതൃപ്തരുമാണ്. ആദാമിൻ്റെ വാരിയെല്ലിലെ രണ്ടു കുടുംബങ്ങളുടെ അവസ്ഥയും ഇതു തന്നെയാണ്. യവനികയിലും ഈ അസ്വസ്ഥ ഗൃഹം കാണാം. ജോർജിൻ്റെ സിനിമകളിലെ കുടുംബങ്ങൾ ചില ജീവിതച്ചടങ്ങുകൾ മാത്രമാണ്. പരസ്പരം മനസിലാക്കാനോ സ്നേഹിക്കാനോ കുടുംബാംഗങ്ങൾക്കു സാധിക്കുന്നില്ല. ഇരകളിലെ ബേബിച്ചനും ആദാമിൻ്റെ വാരിയെല്ലിലെ മാമച്ചൻ മുതലാളിയുടെ മകനും ഒരേ പരാതിയാണുള്ളത്- ‘ഇവിടെ ആർക്കും ആരെയും സ്നേഹമില്ല’.

സ്ത്രീപുരുഷന്മാർക്കും കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും ആശ്രയിക്കാവുന്ന സുരക്ഷിത സ്ഥാപനമല്ല പരമ്പരാഗത കുടുംബം എന്ന സങ്കല്പനത്തെ മുമ്പോട്ടുവെക്കാൻ ജോർജ് സ്വീകരിച്ച മാർഗങ്ങൾ എന്തൊക്കെയാണെന്നത് അതിസൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. അതോടൊപ്പം, പരമ്പരാഗതമല്ലാത്ത കുടുംബസങ്കല്പങ്ങളും ജോർജിൻ്റെ സിനിമയിൽ അസാധുവാകുന്നതായി കാണാം.

തികച്ചും നായകനിൽ മാത്രം കേന്ദ്രീകരിച്ചാണ് സ്വപ്നാടനം മുമ്പോട്ടു പോകുന്നത്. ഡോക്ടറുടെ മനോനിലകളുടെ വ്യതിയാനത്തിലൂന്നിയാണ് സിനിമയുടെ നിലനില്പു തന്നെ. അപ്പോഴും ഭാര്യയോടും വീട്ടിലെ സഹായിയോടും കയർക്കുന്ന പുരുഷനാണ് നായകൻ. ഭാര്യയുടെ അച്ഛൻ്റെ ചെലവിലാണ് അയാൾ പഠിച്ചത്. അങ്ങനെ മുറപ്പെണ്ണിനുവേണ്ടി താൻ വിലക്കെടുക്കപ്പെട്ടുവെന്ന അപകർഷതാബോധം മലയാളിയുടെ സാംസ്കാരിക വ്യവഹാരങ്ങളിൽ നേരത്തേ അടയാളപ്പെട്ടു കിടക്കുന്നുണ്ട്. എം.ടി. വാസുദേവൻ നായരുടെ സാഹിത്യവും സിനിമയും നായർ മരുമക്കത്തായത്തിൻ്റെ ഈ പുരുഷ സംഘർഷം പല മട്ട് അവതരിപ്പിച്ചിട്ടുണ്ട്. നഷ്ട കാമുകിയെ തേടിയുള്ള പശ്ചാത്താപവിവശമായ യാത്രയും ആ നിലക്ക് പരിചിതമാണ്. ഈ ചിരപരിചിതപ്രമേയത്തെ തൻ്റെ നവസിനിമാ സങ്കേതങ്ങൾ കൊണ്ടാണ് ജോർജ് മറികടക്കുന്നത്. ഇന്നത്തെ റോഷാക്കിനേക്കാൾ സങ്കീർണമായ സാങ്കേതികതന്ത്രങ്ങൾ പരീക്ഷിക്കപ്പെട്ട സിനിമയാണ് സ്വപ്‌നാടനം.

പുരുഷൻ്റെ സംഘർഷങ്ങളെ അടയാളപ്പെടുത്തുന്ന സ്വപ്നാടനം അവനോടൊപ്പമുള്ള സ്ത്രീക്കും ഇത്തരം സംഘർഷങ്ങൾക്കു സാധ്യതയുണ്ടെന്നു കരുതാത്തതുപോലെ.
പുരുഷൻ്റെ സംഘർഷങ്ങളെ അടയാളപ്പെടുത്തുന്ന സ്വപ്നാടനം അവനോടൊപ്പമുള്ള സ്ത്രീക്കും ഇത്തരം സംഘർഷങ്ങൾക്കു സാധ്യതയുണ്ടെന്നു കരുതാത്തതുപോലെ.

പുരുഷൻ്റെ സംഘർഷങ്ങളെ അടയാളപ്പെടുത്തുന്ന സ്വപ്നാടനം അവനോടൊപ്പമുള്ള സ്ത്രീക്കും ഇത്തരം സംഘർഷങ്ങൾക്കു സാധ്യതയുണ്ടെന്നു കരുതാത്തതുപോലെ. അതിനാലാകാം അവളുടെ വേദനകളും ആവേഗങ്ങളും വാശികളും ലഹളകളുമെല്ലാം പണക്കാരിപ്പെണ്ണിൻ്റെ ധാർഷ്ട്യവുമായി സിനിമയിൽ നമുക്കനുഭവപ്പെടുന്നത്. സമകാലത്തു പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടം പൂർണമായും സ്ത്രീകേന്ദ്രിതവും സ്ത്രീപക്ഷത്തുള്ളതുമായ സിനിമയായിരുന്നു. പ്രസ്തുത സിനിമയിൽ ലോകത്തെയും ജീവിതത്തെയും വ്യാഖ്യാനിച്ചത് പൂർണമായും സ്തീകളായിരുന്നു. എന്നാൽ ജനപ്രിയ സിനിമ, ആർട്ട് സിനിമ എന്ന വേർതിരിവു പ്രകടമായ അക്കാലത്ത് ജനപ്രിയ സിനിമയായ മോഹിനിയാട്ടം പുതുമയുള്ള സ്ത്രീപുരുഷബന്ധങ്ങളെ മുൻവെച്ച സിനിമയെന്ന നിലക്ക് അടയാളപ്പെടുകയുണ്ടായില്ലെന്നു മാത്രം.

1980-കളിൽ പുറത്തിറങ്ങിയ കെ. ജി. ജോർജിൻ്റെ സിനിമകളിൽ പലതിലെയും കുടുംബചിത്രണത്തിൽ വലിയ മാറ്റം സംഭവിച്ചു. ഒരു കീഴ്മേൽ മറിയൽ എന്നുതന്നെ പറയാവുന്നത്ര കാതലായ മാറ്റം. മലയാള സിനിമ അപൂർവമായ കലങ്ങിമറിയലുകളോടെ പൊതുബോധത്തിലേക്കു കുത്തിയൊലിച്ച ഘട്ടമായി അതിനെ കാണാം

1958- ലാണ് സർക്കസ് പശ്ചാത്തലത്തിൽ ആദ്യമായി ഒരു മലയാള സിനിമ പുറത്തിറങ്ങുന്നത്. പി. ഭാസ്കരൻ്റെ സംവിധാനത്തിൽ നായരു പിടിച്ച പുലിവാല്. രണ്ടു പതിറ്റാണ്ടുകൾക്കുശേഷം 1978-ൽ ജി. അരവിന്ദൻ്റെ തമ്പ് പുറത്തിറങ്ങി. 1980-ലാണ് ജോർജിൻ്റെ മേള വരുന്നത്. സർക്കസിലെ ഉയരക്കുറവുള്ള ഗോപി ലീവിൽ വരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. ഗ്രാമത്തിലെ സുന്ദരിയായ ശാരദയെ വിവാഹം ചെയ്ത് അയാൾ കൂടാരത്തിൽ തിരിച്ചെത്തുന്നു. വാസ്തവത്തിൽ പാരമ്പര്യേതരമായ വിവാഹബന്ധമായിരുന്നു ഇത്. സർക്കസിലെ റൈഡർ വിജയൻ ഗോപിയുടെ ഉറ്റ സുഹൃത്തായിരുന്നു. ശാരദയെയും വിജയനെയും കുറിച്ചുള്ള അപവാദകഥകൾ ഗോപിയെ കൂടുതൽ അപകർഷതാബോധമുള്ളവനാക്കുന്നു. ഭർത്താവിന് ഭാര്യയെക്കാൾ പൊക്കവും കായികശേഷിയും വേണമെന്ന പൊതുബോധമാണ് വാസ്തവത്തിൽ അവരുടെ സമാധാന ജീവിതത്തിനു വിനയാകുന്നത്. ഉയരക്കുറവുള്ള പുരുഷനിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം ചെറുത്തുനില്പില്ലാതെ ഏറ്റുവാങ്ങുന്ന ആരോഗ്യവതിയായ സ്ത്രീയെ നമുക്ക് ഈ സിനിമയിൽ കാണാം. തൻ്റെ അപകർഷതാബോധത്തെയും തങ്ങൾക്കെതിരായ പൊതുബോധത്തെയും നേരിടാൻ കഴിയാതെ ദുർബലനായ പുരുഷൻ പിൻവാങ്ങുന്നു. കരുത്തനായ പുരുഷൻ സ്ത്രീയുടെ രക്ഷകനാകുന്നു.

ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടം പൂർണമായും സ്ത്രീകേന്ദ്രിതവും സ്ത്രീപക്ഷത്തുള്ളതുമായ സിനിമയായിരുന്നു.  സിനിമയിൽ ലോകത്തെയും  ജീവിതത്തെയും വ്യാഖ്യാനിച്ചത് പൂർണമായും സ്തീകളായിരുന്നു.
ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടം പൂർണമായും സ്ത്രീകേന്ദ്രിതവും സ്ത്രീപക്ഷത്തുള്ളതുമായ സിനിമയായിരുന്നു. സിനിമയിൽ ലോകത്തെയും ജീവിതത്തെയും വ്യാഖ്യാനിച്ചത് പൂർണമായും സ്തീകളായിരുന്നു.

മേളയിലെ യഥാർഥ രക്തസാക്ഷി ആരാണ് എന്നതാണ് പ്രശ്നം. അപക്വനും ദുർബലനുമായ പുരുഷൻ്റെ അപ്രഖ്യാപിത ശിക്ഷയേറ്റുവാങ്ങി ശിഷ്ടജീവിതം കുറ്റബോധത്തോടെ ജീവിച്ചു തീർക്കേണ്ടിവരുന്ന ശാരദയാണത്. അതേസമയം അംഗപരിമിതനായ ഒരാളുടെ ജീവിതമാർഗങ്ങൾ എത്ര ഉരസലുകൾ നിറഞ്ഞതാണെന്ന സത്യവും മേള തുടങ്ങിവെക്കുന്നു. ഈയൊരു ചിന്തയുടെ വലിച്ചുനീട്ടലിൽ പഞ്ചവടിപ്പാലം (1984) എന്ന പൊളിറ്റിക്കൽ സറ്റയറിലെ ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഭിന്നശേഷിക്കാരനായ പൗരനിലെത്താം. ഭരണപക്ഷവും പ്രതിപക്ഷവുമായ കക്ഷിരാഷ്ട്രീയക്കാർ സാധാരണക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവരുമ്പോൾ ഏതു പഞ്ചവടിപ്പാലങ്ങളും പൊളിഞ്ഞുവീഴും, അവരൊക്കെ രക്ഷപ്പെടും. എന്നാൽ ശാരീരികമായി സ്വയംപര്യാപ്തനല്ലാത്ത ഒരാൾ വെള്ളത്തിൽ മറഞ്ഞുപോവുകയും അതിൻ്റെ ശേഷിപ്പ് നദിയുടെ മുകളിൽ പൊന്തിവരുന്ന അയാളുടെ ഇരിപ്പുപലക മാത്രമാവുകയും ചെയ്യുന്നു. മേളയിൽ, ഉയരക്കുറവുള്ള നായകൻ മറയുന്നത് കടലിലേക്കാണെങ്കിൽ പഞ്ചവടിപ്പാലത്തിലെ ഭിന്നശേഷിക്കാരൻ താഴ്ന്നുപോകുന്നത് നദിയിലേക്കാണ്. ജലം ജീവനാകുന്നു.

1982-ൽ പുറത്തിറങ്ങിയ യവനികയിൽ രോഹിണിയും അയ്യപ്പനും ഔദ്യോഗിക ദമ്പതിമാരല്ല. അയ്യപ്പൻ്റെ ചതിയിൽ കുടുങ്ങി അയാളോടൊപ്പം താമസിക്കേണ്ടിവന്ന നിർഭാഗ്യവതിയാണ് നാടക നടിയായ രോഹിണി. തബലിസ്റ്റായ അയ്യപ്പൻ അതിശക്തമായ ഒരു ആണത്തബിംബമായി മാറുന്നതുകാണാം. കള്ളുകുടിയും പെണ്ണുപിടിയും പെണ്ണുങ്ങളുടെ പൈസ പിടിച്ചുപറിയുമായി സ്വേച്ഛകൾ നടപ്പിലാക്കുന്ന ടിപ്പിക്കൽ ആണധികാരിയാണ് അയ്യപ്പൻ. അയാളുടെ എല്ലാവിധ ചൂഷണങ്ങൾക്കും - ലൈംഗികം, തൊഴിൽപരം, സാമ്പത്തികം -അവൾക്കു വിധേയപ്പെടേണ്ടി വരുന്നു. അവളുടെ ഗതികേടുകളെ ഉപയോഗിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കവളെ അടിപ്പെടുത്തുന്നു അയാൾ. ജോർജിൻ്റെ സിനിമകൾ ആണത്താധികാരങ്ങളെ പ്രതിരോധിക്കുന്ന സ്ത്രീകളെ ചിത്രീകരിക്കാനാരംഭിക്കുന്നത് യവനികയോടെയാണെന്നു കാണാം. അയ്യപ്പൻ്റെ കള്ളുകുപ്പി തന്നെയായിരുന്നു രോഹിണിയുടെ പ്രതിരോധത്തിൻ്റെ ആയുധം. ഒരു കലാകാരി ഒരു കലാകാരനെ ഇല്ലായ്മ ചെയ്യുന്ന ഈ സന്ദർഭത്തെ ജീവൻരക്ഷക്കുള്ള കേവല കൊലയായി കണ്ടു കൂടാ. സമൂഹത്തെ സംസ്കരിക്കുന്ന/ സംസ്കരിക്കേണ്ട കലയുടെ ലോകത്ത് എങ്ങനെയാണ് ഒരു സ്ത്രീക്ക് അതിജീവിക്കാനാവുക എന്ന ഇക്കാലത്തും പ്രസക്തമായ പ്രശ്നം യവനിക മൂന്നു പതിറ്റാണ്ടു മുമ്പുതന്നെ ഉന്നയിച്ചുവെന്നതാണ് പ്രധാനം. ഒരു വീടിനുള്ളിൽ കഴിയുന്ന സ്ത്രീപുരുഷബന്ധത്തിലെ അധികാരഘടന കലയ്ക്കും സംസ്കാരത്തിനും എത്രമാത്രം ഭീഷണവും അപകടകരവും ആത്മഹത്യാപരവുമാണെന്നു കൂടി വ്യക്തമാക്കുന്നു യവനിക.

മേള എന്ന സിനിമയിൽ ഗോപി എന്ന കഥാപാത്രം സർക്കസിലേക്ക് തിരിച്ചുവരുന്ന രംഗം
മേള എന്ന സിനിമയിൽ ഗോപി എന്ന കഥാപാത്രം സർക്കസിലേക്ക് തിരിച്ചുവരുന്ന രംഗം

1983-ൽ പുറത്തിറങ്ങിയ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് എന്ന ചിത്രം സിനിമാലോകത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു നടിയുടെ അനുഭവ പരിസരങ്ങളിലൂടെ കടന്നുപോകുന്നു. ശാന്തമ്മയെന്ന പേരു മാറ്റി ലേഖയെന്ന പേരിൽ അഭിനയലോകത്ത് പ്രശസ്തയായ നടി.

ഈ കണ്ണി കൂടി എന്ന സിനിമയിൽ പ്രണയ വിവാഹിതരായ ദമ്പതിമാരാണ്. സൂസൻ ഫിലിപ്പ് എന്ന ക്രിസ്ത്യൻ യുവതിയെ ഹർഷനെന്ന ചിത്രകാരൻ വിവാഹം കഴിക്കുന്നു. എന്നാൽ മദ്യത്തിനടിയായിപ്പോയ ഹർഷൻ ചതിയിൽപ്പെട്ട് ഭാര്യയുമായി അകന്നുപോകുന്നു. പിന്നീടവൾ കുമുദമെന്ന പേരു സ്വീകരിച്ച് ലൈംഗികത്തൊഴിൽ ചെയ്ത് കുഞ്ഞിനെ പോറ്റുന്നു. ഹർഷൻ തിരിച്ചെത്തുമ്പോഴേക്ക് സമയം ഏറെ വൈകിപ്പോയിരുന്നു. പ്രണയമുണ്ടായിട്ടും സംതൃപ്തവും സ്വസ്ഥവുമായ ജീവിതം ഇല്ലാതെ പോയവരാണ് സൂസൻ - ഹർഷൻ ദമ്പതികൾ.

യവനികയിൽ രോഹിണിയായി ജലജയും തബലിസ്റ്റ് അയ്യപ്പനായി ഗോപിയും.
യവനികയിൽ രോഹിണിയായി ജലജയും തബലിസ്റ്റ് അയ്യപ്പനായി ഗോപിയും.

ജോർജിൻ്റെ മിക്ക സിനിമകളും കുടുംബഘടനയെ പ്രശ്നവത്കരിക്കുന്നതായി കാണാം. അതോടൊപ്പം, വീടിനുള്ളിലെ അധികാരബന്ധങ്ങളിൽ എത്ര സ്നേഹമയിയായ ഭാര്യക്കും ലഭിക്കുന്നത് കീഴവസ്ഥ തന്നെയാണ്. അന്നോളമുള്ള സിനിമകളുടെ പൊതു സ്വഭാവം സ്ത്രീകളുടെ സഹനാവസ്ഥകളെ മാതൃകാപരമായി സ്ഥാപിച്ചെടുക്കുകയായിരുന്നു. എന്നാൽ ജോർജിൻ്റെ സിനിമകൾ സ്ത്രീസഹനത്തെ ന്യായീകരിക്കാനല്ല ശ്രമിച്ചത്. സഹനത്തിൻ്റെ പരകോടിയിൽ പ്രതിരോധത്തിലേക്കും അതിജീവനത്തിലേക്കും സ്ത്രീകൾ എത്തിച്ചേരുന്നു. ആ നിലയ്ക്കുതന്നെ കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമകളായി അവയെ വിലയിരുത്താം.

പഞ്ചവടിപ്പാലം എന്ന സിനിമയിൽ ഗോപി.
പഞ്ചവടിപ്പാലം എന്ന സിനിമയിൽ ഗോപി.

(ടി.എം. രാമചന്ദ്രൻ എഡിറ്റ് ചെയ്യുന്ന കെ. ജി. ജോർജിനെക്കുറിച്ചുള്ള പുസ്തകത്തിൽ ചേർക്കാനുദ്ദേശിക്കുന്ന ദീർഘപഠനത്തിലെ ആദ്യഖണ്ഡത്തിൽ നിന്ന്)


Summary: families in k g george cinema by geedha


ഗീത⠀

സ്​ത്രീപക്ഷ പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. സാഹിത്യം, സിനിമ, സംസ്​കാര പഠനം എന്നിവയിൽ വിമർശനാത്​മക ഇടപെടൽ. വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായിരുന്നു. കണ്ണാടികൾ ഉടയ്​ക്കുന്നതെന്തിന്​, എഴുത്തമ്മമാർ, മലയാളത്തിന്റെ​​​​​​​ വെള്ളിത്തിര, കളിയമ്മമാർ, പെൺകാലങ്ങൾ, ഗീതയുടെ സമ്പൂർണ കഥകൾ, അമ്മക്കല്ല്​ (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments