The Fifth Seal ലെ രംഗം

രക്തസാക്ഷിക്കും ഒറ്റുകാരനുമിടക്കുള്ള ചോദ്യങ്ങൾ

ബേല ടാറിന്റെ സാത്താൻ ടാംഗോ, സൊൾട്ടൻ ഫാബ്രിയുടെ ‘ദി ഫിഫ്ത്ത് സീൽ', അന്ദ്രെ വയ്ദയുടെ ‘മാൻ ഓഫ് മാർബിൾ', ‘മാൻ ഓഫ് അയേൺ' എന്നീ സിനിമകൾ, സൊൾ ബെലോയുടെ ‘ഹെർസോഗ്’ എന്ന നോവൽ... അതിജീവനപാഠങ്ങൾ നൽകുന്ന കോവിഡുകാല കാഴ്ചകളെക്കുറിച്ച്

വൈറസ് കോശത്തിന് ചയാപചയപ്രവർത്തനങ്ങൾക്കുള്ള അറിവില്ലാത്തതിനാൽ ഒരു അതിഥി കോശത്തിൽ കടന്നുകയറി അധികാരവും അതിജീവനവും സാധിച്ചെടുക്കേണ്ടതുണ്ട്. 2020-ൽ കൊറോണ വൈറസ് കോശ സംഘത്തിന്റെ കടന്നുകയറ്റം ലോകത്തെ മുഴുവൻ തങ്ങളുടെ വരുതിയിൽ നിർത്തി. കളിസ്ഥലങ്ങൾ, സിനിമാശാലകൾ, പാർക്കുകൾ, അമ്പലദർശനം, ദൂരയാത്രകൾ, രാഷ്ട്രീയ സമരങ്ങൾ, അക്കാദമിക ക്ലാസ്സ് മുറികൾ, തൊഴിൽശാലകൾ ഇവയെല്ലാം അടഞ്ഞുകിടക്കുന്ന മുഴുവിരസതയെന്തെന്ന് നമ്മളറിഞ്ഞു. സാങ്കേതിക വിപ്ലവ നെറ്റ്‌വർക്ക് സാധ്യമാക്കിയ വിദൂരവിനിമയങ്ങൾ വലിയ അളവിൽ നമ്മളുടെ സാമൂഹ്യജീവിതം നിലനിർത്തുന്നതിൽ സഹായിച്ചു.

പ്രതീക്ഷയെപ്പറ്റിയുള്ള ഒരു ചൈനീസ് വചനമുണ്ട്. പ്രതീക്ഷ ഒരു നാട്ടുപാതയാണ്. ശരിക്കുമൊരു വഴിയില്ല, നാട്ടുകാർ ഒരേ ദിശയിൽ നടന്നുനടന്ന് അത് ഒരു പാതയാണെന്ന തോന്നൽ ജനിപ്പിക്കുന്നു. അങ്ങനെ ഒരു techno-route ൽ virtual interaction വഴി യഥാർത്ഥ്യങ്ങളുടെ നാട്ടുപാത നിർമിച്ചെടുക്കാൻ കോവിഡ് കാല അനുഭവങ്ങൾ സഹായിക്കും. അതിരുകളും വിഭാഗീയതകളുമായി ലോകരാഷ്ട്രീയം അരങ്ങു തകർക്കുമ്പോൾ, കോവിഡ് അതിജീവന പാഠങ്ങൾ വഴികാട്ടിയാവും.

പ്രതീക്ഷ കെട്ടുകിടക്കുമ്പോൾ ഒരു ആഘോഷം

ലോക്ക്ഡൗൺ കാലത്ത് കണ്ട സിനിമയാണ് ബേല ടാറിന്റെ സാത്താൻ ടാംഗോ. ഈ കാലത്ത് കാണാൻ പറ്റിയ സിനിമയാണോ എന്നറിയില്ല. എങ്കിലും ഏഴു മണിക്കൂറിലധികമുള്ള ‘സ്ലോ മൂവി’ എന്ന ടാഗ് കാരണം ഇവിടെ വരെയെത്തി. ഒറ്റ വാചകത്തിൽ പ്രതീക്ഷയെയും വിരസതയെയും ഏകാഗ്രമായി മനനം ചെയ്യുന്ന കലയാണ് സാത്താൻ ടാംഗോ. പ്രതീക്ഷരഹിതമായ ഭീതി ജനിപ്പിച്ച് ജീവിതം തളിർപ്പിക്കുന്ന ചില സംഭവങ്ങൾ വരാം. കോവിഡ് കാലത്തെയും സാത്താൻ ടാംഗോ സിനിമ കൈകാര്യം ചെയ്യുന്ന പ്രതീക്ഷയെയും അങ്ങനെ ബന്ധിപ്പിക്കാനിഷ്ടം.

സാത്താൻ ടാംഗോയെന്ന ചിത്രത്തിൽ നിന്ന്
സാത്താൻ ടാംഗോയെന്ന ചിത്രത്തിൽ നിന്ന്

1985ലിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയുണ്ടാവുന്നത്. റിലീസ് ചെയ്യുന്നത് 1994ൽ. 2019ൽ സിനിമയുടെ ഇരുപത്തഞ്ചാം വാർഷികത്തിൽ 4K ഡിജിറ്റലൈസ്ഡ് വേർഷനും റീ- റിലീസും കൂടുതൽ പ്രേക്ഷകരിലേക്കെത്തിച്ചു. വളരെ നീണ്ട കഥയായതുകൊണ്ടല്ല സാത്താൻ ടാംഗോ ഏഴ് മണിക്കൂറായത്. ഒരാശയം വിശദമായി പറയുന്നതിനാലാണ്. ടാംഗോ നൃത്തച്ചുവടുകൾ പോലെ ഇടത് വലതായി മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കുമുള്ള 12 ഭാഗങ്ങളായാണ് സിനിമയുടെ ചെകുത്താൻ നൃത്ത ഘടന.

ചതിക്കപ്പെടുമോ എന്ന ഭീതിയുണ്ടെങ്കിലും കൂട്ടുസംരഭത്തിന് എല്ലാവരും വിഹിതപ്പണം ഇരിമിയാസിന് കൊടുക്കുന്നു. അതിനുകാരണം കൂട്ടം കൂടാനുള്ള വിളി കൂടിയാണ്. ഒരു വഴികാട്ടിയിൽ വിശ്വസിക്കുന്നതിന്റെ ലഘുത്വവും ദുരിതങ്ങൾ ഒരുമിച്ച് അനുഭവിക്കാം എന്ന ചിന്തയും.

ഹംഗറിയിലെ ഒരു ഗ്രാമത്തിലെ കൂട്ടുകൃഷി ഫാം പൂട്ടുന്നു. ഗ്രാമീണർ മിച്ചസമ്പാദ്യവുമായി അവിടം വിടുകയാണ്. ഭാവിയെപ്പറ്റി പ്രതീക്ഷയോ പകരം ജോലിസാധ്യതയോ ഉള്ള ചുറ്റുപാടിലല്ല അവരിപ്പോൾ. പലരും അവനവന്റെ വിഹിതത്തോടൊപ്പം അപരന്റെ വിഹിതവും തട്ടിയെടുക്കാനുള്ള ആലോചനയിലാണ്. ചതിയും വഞ്ചനയും ഈ സാഹചര്യത്തിൽ സ്വാഭാവിക പ്രവൃത്തികളാണ്. നശിക്കാനൊന്നും ബാക്കിയില്ലാത്ത കഥാപാത്രങ്ങളാണ് സാത്താൻ ടാംഗോയിലേത്. പ്രതിസന്ധികൾക്കിടക്ക് ഒരു കുട്ടി മരിക്കുന്നു.

ബേല ടാർ
ബേല ടാർ

കുട്ടിയുടെ മരണത്തിന് തൊട്ടുമുമ്പാണ് സിനിമയിലെ മറ്റൊരു പ്രധാന രംഗമായ എല്ലാവരും ചേർന്നുള്ള ബാറിലെ സാത്താൻ ടാംഗോ നൃത്തം. പ്രതീക്ഷ കെട്ടുകിടക്കുമ്പോൾ ആ രാത്രി എല്ലാവരും ആഘോഷമാക്കുന്നു. തന്റെ പൂച്ചക്കുട്ടിയെ രക്ഷിക്കാനുള്ള വഴിയിൽ അവിടെ എത്തിപ്പെടുന്ന കുട്ടി ആ ആഘോഷം മറഞ്ഞുനിന്ന് കാണുന്നു. കുട്ടിയുടെ മരണത്തിൽ എല്ലാവർക്കും ചെറിയ കുറ്റബോധമുണ്ട്. ഈ അവസരത്തിലാണ് മരിച്ചെന്ന് കരുതിയ ഇരിമിയാസ് നാട്ടിൽ തിരിച്ചെത്തുന്നത്. ഇരിമിയാസ് പുതിയ കൂട്ടുകച്ചവടത്തിന് എല്ലാവരെയും പ്രലോഭിപ്പിക്കുന്നു. ചതിക്കപ്പെടുമോ എന്ന ഭീതിയുണ്ടെങ്കിലും കൂട്ടുസംരഭത്തിന് എല്ലാവരും വിഹിതപ്പണം ഇരിമിയാസിന് കൊടുക്കുന്നു. അതിനുകാരണം കൂട്ടം കൂടാനുള്ള വിളി കൂടിയാണ്. ഒരു വഴികാട്ടിയിൽ വിശ്വസിക്കുന്നതിന്റെ ലഘുത്വവും ദുരിതങ്ങൾ ഒരുമിച്ച് അനുഭവിക്കാം എന്ന ചിന്തയും. ബാർ ഉടമ മാത്രം ഈ സംഘത്തോട് ചേരുന്നില്ല. ഇരിമിയാസിനോടുള്ള കലിപ്പ് അവൻ വരുന്നുണ്ടെന്ന് പറയുമ്പോൾ തന്നെ വ്യക്തമാക്കിയതാണ്. ഗ്രാമത്തിലെ കുടിയനായ ഡോക്ടറുടെ ദൗത്യം സംഭവങ്ങളെല്ലാം രേഖപ്പെടുത്തലാണ്. സംഘത്തിന്റെ കൂടെ ചേർന്നെങ്കിലും ഒരു നിരീക്ഷകന്റെ റോളിലാണ്. ഇങ്ങനെ ഇരിമിയാസിനോടുള്ള അകൽച്ചകൾ, വിയോജിപ്പുകൾ, സംശയങ്ങൾ നിലനിൽക്കേ തന്നെ എല്ലാവരും ഇരിമിയാസിനോടൊപ്പം ചേരുകയാണ്.

സൊൾ ബെലോയുടെ ഹെർസോഗ്

നീണ്ട tracking shots and freezing shots നമ്മുടെ കാഴ്ചയെ അട്ടിമറിക്കാനുള്ള ബേലാ ടാർ ഉപകരണങ്ങളാണ്. ബേല ടാർ സിനിമകളുടെ പ്രകൃതിയിലെ പ്രതികൂല കാലാവസ്ഥ നമ്മുടെ സിരകളിലേക്കും അരിച്ചിറങ്ങും. വർഷം മുഴുവൻ നിർത്താതെ പെയ്യുന്ന മഴ നമ്മളിലും പെയ്യും. ശീതക്കാറ്റ് തെരുവിലെ പൊടിപടലങ്ങളും മാലിന്യങ്ങളും മൂക്കിലേക്ക് അടിച്ചു കയറ്റും. വിരക്തിയും ആസക്തിയും അതേപോലെ കാഴ്ചക്കാരനേയും ബാധിക്കും. ക്യാമറ ദൂരക്കാഴ്ചയിൽ ഏറെ നിൽക്കുമ്പോൾ ഇനി ഒന്നും സംഭവിക്കാനില്ലെന്ന മട്ട് നിസ്സംഗത വരും. ക്ലോസപ്പിൽ കഥാപാത്രത്തിന്റെ ഉള്ളിലേക്ക് കാറ്റുപോലെയോ നിഴൽരൂപമായോ നിങ്ങളും പ്രവേശിക്കും. അല്ലെങ്കിൽ അങ്ങനെയൊരു കാലാവസ്ഥ നിങ്ങളിൽ ഇല്ലെങ്കിൽ ബേല ടാർ സിനിമ കണ്ടിരിക്കുന്നത് മുഷിയും.

ലോക്ക്ഡൗൺ കാലത്ത് വീണ്ടും വായിച്ച നോവലാണ് സൊൾ ബെലോയുടെ ഹെർസോഗ്. ആരോഗ്യമുള്ള വ്യക്തി അനുഭവിക്കുന്ന സാമൂഹിക അകലം വിവരിക്കുന്ന നോവലാണിത്. ഒത്തു പോകാനുള്ള കഴിവുകളുണ്ടായിട്ടും പൊതുധാരയിലും കുടുംബത്തിലും ഒരു പൊരുത്തക്കേട് ഇതിലെ നായകൻ അനുഭവിക്കുന്നു. സാധാരണ പുറം കവറിലെ blurb വഴി തെറ്റിക്കുമെങ്കിലും ഇവിടെ കൃത്യമാണ്. ഇത് മോസസ് ഹെർസോഗിന്റെ കഥയാണ്. നോവലിന്റെ ആദ്യ വാചകം, "If I am out of mind, it's alright with me, thought Moses Herzog.'
ഒരു വലിയ ദുരന്ത ജീവി. കോമാളി. ബുദ്ധിമാൻ. വിഷാദി. അപരരെ രസിപ്പിക്കുന്നവൻ. പ്രത്യക്ഷത്തിൽ ഹെർസോഗിന്റെ ജീവിതത്തിന് ഒരു കുഴപ്പവുമില്ല. കഴിവുള്ള പ്രഫസറാണ്. ശിഷ്യൻമാരുണ്ട്. സുഹൃദ് വലയമുണ്ട്. വിവാഹം. കുടുംബം. മക്കൾ. നന്നായി മുന്നോട്ടു പോവുന്നു. പക്ഷെ ഹെർസോഗിന്റെത് പ്രതിസന്ധികൾ കൂടെത്തന്നെയുള്ള ജീവിതമാണ്.

"He admitted that he had been a bad husband---twice. To his son and daughter he was loving but bad father. To his country, an indifferent citizen. To his brothers and sister, affectionate but remote. With his friends, an egotist. With love, lazy. With brightness, dull. With power, passive. With his own soul evasive.'

​​​​​​​ബെല്ലോയുടെ രണ്ടാം വിവാഹമോചന സമയത്താണ് ഇതെഴുതുന്നത്. Racist, narcissist, solipsism, womaniser, women hater ഇതെല്ലാം സോൾ ബേല്ലോ കേട്ട വിശേഷണങ്ങളാണ്. നോവലിൽ ഹെർസോഗിലും ഇതെല്ലാം അവിടെയും ഇവിടെയുമെല്ലാം കാണാം

ഭാര്യ കുടുംബ സുഹൃത്തിന്റെ കൂടെപ്പോയി. റൊമാന്റിക് കാലഘട്ടം, ക്രൈസ്തവ വിശ്വാസം ഇവയുമായി ബന്ധപ്പെട്ട സാഹിത്യത്തെക്കുറിച്ച് ഗവേഷണം. ഏറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു അറിവും കഴിവുമുള്ള അധ്യാപകൻ. വിജയകരമായ അധ്യാപന ജീവിതം. പക്ഷെ ഇടക്ക് വെച്ച് സ്വന്തം ജീവിതം അയാളറിഞ്ഞു തന്നെ മെല്ലെമെല്ലെ ശിഥിലമാവുകയാണ്. തന്റെ സ്വകാര്യ ജീവിതം, ലോകത്തോടുള്ള കാഴ്ചപ്പാട്, വരണ്ട ഫലിതബോധത്തോടെ അയാളെഴുതി. സഹപ്രവർത്തകർക്ക്, അമ്മായിഅമ്മക്ക്, ശത്രുക്കൾക്ക്, മാളിലെ ജീവനക്കാരന്. എഴുതിയിട്ട് അയക്കാതെ വിടുന്ന എഴുത്തുകളിലൂടെ തന്റെ ജീവിതം പ്രതിഫലിപ്പിക്കുന്നു.

സോൾ ബെലോ
സോൾ ബെലോ

ഐക്കണീകരിക്കപ്പെട്ട അമേരിക്കൻ വ്യക്തി ജീവിതത്തിന്റെ സമാന്തര പരാജയങ്ങളുടെ കഥ. സൂര്യന് കീഴിലുള്ള എല്ലാവർക്കും എഴുതുന്നു. വീണ്ടുമെഴുതുന്നു. പത്രങ്ങൾക്ക്, ഗവൺമെന്റ് അധികാരികൾക്ക്, മരണമടഞ്ഞവർക്ക്, നീത്‌ഷേക്ക്. ഷോപൻഹോവറിന് ഇങ്ങനെ പലരോട് പല സമയങ്ങളലെഴുതിയ പോസ്റ്റ് ചെയ്യപ്പെടാത്ത എഴുത്തുകൾ ചേർത്തു വെച്ച് ഹെർസോഗ് സ്വന്തം ജീവിതവും ലോക വീക്ഷണവും പറയുന്ന ശൈലിയിലാണ് നോവൽ. ഒരെഴുത്ത് വിനോഭാ ഭാവെയുടെ ഭൂദാനപ്രസ്ഥാനത്തെപ്പറ്റിയും മറ്റൊന്ന് പഥേർ പാഞ്ചലി കണ്ടതും അതിലെ മരണങ്ങളുണ്ടാക്കിയ തീവ്രവികാരവുമാണ്. ഈ ഘടനാനിർമിതിയാണ് നോവലിന്റെ ഏറ്റവും വലിയ ആകർഷണം. ഹെർസോഗ് ചിന്തിക്കുകയാണ്: His friend, his former friend, Valentine, and his wife, his ex-wife Madeleine, had spread the rumour that his sanity had collapsed. Was it true?

മുൻ ഭാര്യയും അടുത്ത സുഹൃത്തും ഇങ്ങനെ ആരോപണം പറയുമ്പോൾ അതിന്റെ സത്യം ഹെർസോഗിന് വിശദീകരിക്കേണ്ടതുണ്ട്. ഇതിൽ ഏത് ഭാഗത്താണ് ശരി എന്ന് ഹെർസോഗിന് തന്നെ അറിയില്ല. "Looking for happiness--ought to be prepared for bad results.'
ഹെർസോഗ് എന്നത് നോവലിന്റെ പേരാണോ നോവലിസ്റ്റിന്റെ പേരാണോ എന്ന് പലരും സംശയിക്കും. ആ സംശയം പോലെ ആത്മകഥാംശമുള്ള നോവലാണിത്. ബെല്ലോയുടെ രണ്ടാം വിവാഹമോചന സമയത്താണ് ഇതെഴുതുന്നത്. Racist, narcissist, solipsism, womaniser, women hater ഇതെല്ലാം സോൾ ബേല്ലോ കേട്ട വിശേഷണങ്ങളാണ്. നോവലിൽ ഹെർസോഗിലും ഇതെല്ലാം അവിടെയും ഇവിടെയുമെല്ലാം കാണാം. ആദ്യകാല നോവലുകളിൽ സദാചാര ധർമ്മത്തിനിടുന്ന ചോദ്യ ചിഹ്നത്തിന് ബെല്ലോ വിമർശിക്കപ്പെട്ടിരുന്നു. ഹെർസോഗ് എന്ന നോവലിലും ഒരു മൊറാലിറ്റി ഇല്ലായ്മ തന്നെയാണ് വിഷയം. ആധുനിക മനുഷ്യൻ വീണു കിടക്കുന്ന അനിശ്ചിതത്വത്തിന്റെ, ഒറ്റപ്പെടലിന്റെ ആഴങ്ങളിൽ നിന്ന് മോചനമുണ്ടെന്നാണ് ഈ നോവലിലെ ഭംഗിതുളുമ്പുന്ന, ഫലിതംപൊതിഞ്ഞ വാചകങ്ങളുടെ Verbal Artifact വഴി നോവലിസ്റ്റ് പറയുന്നത്. ജീവിതം Privileges and Ethics Committee യിലേക്കോ മേൽ കമ്മറ്റിയിലേക്കോ വിടേണ്ട സാധനമല്ലല്ലോ.

ഒറ്റുകാരന്റെ രക്തവും വിശുദ്ധമായിത്തീരാം

എൺപതുകളിലെ കലാകൗമുദിയിൽ ഹങ്കേറിയൻ സംവിധായകനായ സൊൾട്ടൻ ഫാബ്രിയുടെ The Fifth Seal (1976) എന്ന സിനിമയെപ്പറ്റി വായിച്ച ചെറുകുറിപ്പിന്റെ ഓർമയിൽ ഈയടുത്താണ് സിനിമ കാണാനാവുന്നത്.

അഞ്ചാം മുദ്ര തുറന്നപ്പോൾ അൾത്താരക്ക് കീഴെ ദൈവവചനത്തിനായി രക്തസാക്ഷികളായ ആത്മാക്കളെ കണ്ടു. അവർ നിലവിളിച്ചു, രക്ഷിതാവേ, ഞങ്ങളുടെ രക്തത്തിന് മറുപടിക്കായി എത്ര കാലം?

ജുഗു അബ്രഹാം Fifth Seal നെപ്പറ്റിയുള്ള ബ്ലോഗിൽ (http://moviessansfrontiers.blogspot.com) ആ സിനിമ കണ്ട ആവേശത്തിൽ 1982 ൽ ബുഡാപെസ്റ്റിൽ പോയി ഫാബ്രിയെ ഇന്റർവ്യൂ ചെയ്തതും കൊൽക്കൊത്ത ടെലഗ്രാഫിൽ പ്രസിദ്ധീകരിച്ചതുമായ അനുഭവം പങ്കുവെക്കുന്നുണ്ട്. പടിഞ്ഞാറൻ മാധ്യമങ്ങളുടെ കവറേജ് കുറവായതിനാൽ അർഹതപ്പെട്ട ശ്രദ്ധ കിട്ടാതെ പോയ സിനിമയാണ് The Fifth Seal. കിഴക്കൻ യൂറോപ്പിൽ വേണ്ട അംഗീകാരം കിട്ടുകയും ചെയ്തു.

The Fifth Seal ലെ ബാറിൽ സുഹൃത്തുക്കൾ ഒത്തുചേരുന്ന രംഗം
The Fifth Seal ലെ ബാറിൽ സുഹൃത്തുക്കൾ ഒത്തുചേരുന്ന രംഗം

ഹംങ്കേറിയൻ എഴുത്തുകാരനായ Ferenc Santa യുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ. നോവൽ free download ചെയ്യാം (https://archive.org/details/TheFifthSeal) ഒരു ദാർശനിക രാഷ്ട്രീയ ചോദ്യവും അതിന്റെ ഉത്തരം തേടലുമാണ് സിനിമ. മഹാഭാരതത്തിലെ വനപർവത്തിലെ യുധിഷ്ഠിരന്റെ യക്ഷപ്രശ്‌നത്തിന് സമാനമായത്. Fifth Seal എന്ന പേര് ബൈബിളിൽ നിന്നാണ്. അഞ്ചാം മുദ്ര തുറന്നപ്പോൾ അൾത്താരക്ക് കീഴെ ദൈവവചനത്തിനായി രക്തസാക്ഷികളായ ആത്മാക്കളെ കണ്ടു. അവർ നിലവിളിച്ചു, രക്ഷിതാവേ, ഞങ്ങളുടെ രക്തത്തിന് മറുപടിക്കായി എത്ര കാലം? ബൈബിൾ സൂചനകളോടൊപ്പം Bosch (1450-1516) ന്റെ ബൈബിൾ പെയ്ന്റിങ്‌സും സിനിമയിൽ ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു ചേമ്പർപീസ് സിനിമയാണ്. ബാറിലും തടവറയിലുമായാണ് സിനിമയുടെ അധിക ഭാഗവും. സിനിമയുടെ ആദ്യ ഭാഗങ്ങൾ ഡയലോഗ് ഹെവിയാണ്. പുറത്തെ യുദ്ധാന്തരീക്ഷം സിനിമയിൽ നേരിട്ടല്ല അവതരിപ്പിക്കുന്നത്. ഇടയിൽ ബോഷിന്റെ പെയ്ന്റിങ്‌സിലെ ആസക്തികളും ആനന്ദം കണ്ടെത്തലും വിശുദ്ധ പാപവും മറ്റൊരു വിതാനം നൽകുന്നു.

രണ്ടാം ലോക മഹായുദ്ധകാലത്ത് ബുഡാപെസ്റ്റിലെ ഒരു ബാറിൽ നാല് സുഹൃത്തുക്കൾ ഒത്തുചേരുന്നു. പുസ്തക വിൽപനക്കാരൻ, മരയാശാരി, വാച്ച് മേക്കർ, ബാർ ഉടമ. സ്ഥിരമായി കൂടുന്ന ഇവരോടൊപ്പം ഒരു ആർട് ഫോട്ടോഗ്രാഫറും അവിചാരിതമായി അന്ന് ചേരുന്നു. ബാറിലെ സംസാരത്തിൽ പുറത്തെ അധിനിവേശ യുദ്ധം വിഷയമായി കടന്നുവരുന്നില്ല. നാസി അധിനിവേശത്തിലും എതിരെയുള്ള പ്രതിരോധത്തിലും ഈ സുഹൃത്തുക്കളാരും നേരിട്ട് പങ്കെടുക്കുന്നില്ല.

സൊൾട്ടൻ ഫാബ്രി
സൊൾട്ടൻ ഫാബ്രി

എല്ലാവരോടുമായി വാച്ച് മേക്കർ ഒരു ചോദ്യം ചോദിക്കുന്നു. നാളെ നിങ്ങൾ മരിക്കുന്നു. പുനർജനിക്കുന്നു. ഒന്നുകിൽ അടിമയായി. അല്ലെങ്കിൽ അയാളുടെ യജമാനനായി. രണ്ട് സാധ്യതകൾ മാത്രം. യജമാനൻ അതിക്രൂരൻ. അടിമയുടെ നാവു മുറിക്കുന്നു. ഭാര്യയെ കൊല്ലുന്നു. ഇതൊന്നും തെറ്റായി കാണുന്നുമില്ല. അടിമക്ക് ഈ ദുരിതങ്ങളിലൊന്നും പരാതിയുമില്ല. താൻ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ എന്ന ചിന്ത. സിനിമയുടെ രണ്ടാം ഭാഗത്ത് ബാറിൽ നിന്ന് പിരിഞ്ഞ് എല്ലാവരും തങ്ങളുടെ വാസസ്ഥലത്ത് എത്തുന്നു. ചോദ്യവും അവരെ പിന്തുടരുന്നു. അലട്ടുന്നു. എളുപ്പത്തിൽ ഉത്തരം കിട്ടുന്നുണ്ടെങ്കിലും രണ്ടാമതാലോചിക്കുമ്പോൾ തീരുമാനം കുഴപ്പിക്കുന്നു.
ഈയൊരു Hypothetical ചോദ്യത്തിന് പിറ്റേ ദിവസം തന്നെ അവർക്ക് ഉത്തരം കണ്ടെത്തേണ്ടിവരുന്നു. എല്ലാവരെയും നാസി പൊലിസ് ഒരു പെറ്റി കേസ് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നു. തടവിലിടുന്നു. സിനിമയുടെ മൂന്നാം ഭാഗം. പൊലീസ് ഓഫീസർ അവരുടെ വിധേയത്വം തെളിയിക്കാൻ ഒരു ചെറു പ്രവൃത്തി ചെയ്യാൻ ആവശ്യപ്പെടുന്നു. ഇനിയുള്ള രംഗങ്ങൾ പ്രേക്ഷകരെ വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്. അന്ന് വന്ന ആർട് ഫോട്ടോഗ്രാഫറാവാം പട്ടാളത്തിന് ഒറ്റുകൊടുത്തത്. ജുഗു അബ്രഹാമുമായുള്ള അഭിമുഖത്തിൽ ഫാബ്രി പറഞ്ഞതിങ്ങനെ; 4-5 പെറ്റിബൂർഷ്വ കഥാപാത്രങ്ങൾ ആശയ രാഷ്ട്രീയവും വിട്ടുവീഴ്ചകളും ചർച്ച ചെയ്യുന്നു. പിന്നീട് ഒരു ഫാസിസ്റ്റ് പ്രതിസന്ധികളെ മറികടക്കുന്നതെങ്ങനെയെന്ന് ചെറുപ്പക്കാർക്ക് ക്ലാസ്സെടുക്കുന്നു. രക്തസാക്ഷിക്കും ഒറ്റുകാരനുമിടക്കാണ് സിനിമയിലെ ചോദ്യങ്ങൾ. ഒറ്റുകാരന്റെ രക്തവും വിശുദ്ധമായിത്തീരാം

പോളണ്ടിന്റെ രാഷ്ട്രീയത്തെപ്പറ്റി

അന്ദ്രെ വയ്ദ (Andrzej Wajda) യുടെ ശക്തമായ രണ്ട് രാഷ്ടീയ സിനിമകളാണ് Man of Marble & Man of Iron. പോളണ്ടിനെപ്പറ്റി മിണ്ടരുത് എന്നത് ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ശ്രീനിവാസൻ തമാശയാണ്. വയ്ദ സിനിമയിൽ പോളണ്ടിന്റെ രാഷ്ട്രീയത്തെപ്പറ്റി സംസാരിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഒരു സവിശേഷത കൂടി ഇവിടെ അടിവരയിടണം. സാധാരണ രാഷ്ട്രീയ സിനിമകൾ ഒന്നുകിൽ എല്ലാം നടന്നതിനുശേഷം അല്ലെങ്കിൽ വർത്തമാന പ്രതിരോധങ്ങളെ മൃദുലമായി അവതരിപ്പിക്കുക എന്ന സുരക്ഷിതമായ രീതിയിലാവും എടുക്കുക.

Man of Marble ൽ നിന്ന്
Man of Marble ൽ നിന്ന്

വയ്ദ രാഷ്ട്രീയ കലുഷിത അന്തരീക്ഷത്തിൽ നിന്ന് നേരിട്ട്, യാതൊരു സിനിമാറ്റിക് വളച്ചൊടിക്കലുമില്ലാതെ ഉറക്കെ സംവദിക്കുകയാണ്. ഭരണകൂട പാർട്ടി സമഗ്രാധിപത്യത്തെ വിമർശിക്കുകയും ഒപ്പം സാധാരണക്കാർ കൊണ്ടു നടന്ന ഇടത് ആശയ സ്വപ്നങ്ങളെയും പ്രവർത്തനങ്ങളെയും ആഘോഷിക്കുകയും ചെയ്യുന്ന നിലപാടാണ് വയ്ദയുടേത്. ഒരു കളക്ടീവ് പോൾ വികാരം വയ്ദയുടെ വാക്കുകളിലുണ്ട് - I want to make movies that nobody can make for me. Our (Polish filmmakers) vocation is to make film nobody else could make for us.

1976 ലാണ് നിർമിച്ചതെങ്കിലും സെൻസർ വിഷയങ്ങളാൽ 1977 ലാണ് Man of Marble റിലീസ് ചെയ്തത്.

അന്ദ്രെ വയ്ദ
അന്ദ്രെ വയ്ദ

പോളണ്ടിൽ മൂന്ന് മാസത്തിനകം മുപ്പത് ലക്ഷം ആൾക്കാർ ഈ സിനിമ കണ്ടു. പോളണ്ട് സാംസ്‌കാരിക മന്ത്രി പ്രിവ്യു നേരിട്ട് കണ്ടാണ് ഇതിന് പ്രദർശന അനുമതി ലഭിച്ചത്. ഭയപ്പെട്ടത് പോലെ ശേഷം മന്ത്രിയുടെ സ്ഥാനം തെറിക്കുകയും വയ്ദയും സിനിമ രക്ഷപ്പെടുകയും ചെയ്തു. വയ്ദ തമാശയായി പറഞ്ഞത് എനിക്ക് വിദേശത്തു പോയും സിനിമയെടുക്കാം, പക്ഷെ മന്ത്രിക്ക് മറ്റൊരു രാജ്യത്തെ സാംസ്‌കാരിക മന്ത്രിയോ ഉപപ്രധാനമന്ത്രിയോ ആവാൻ കഴിയില്ലല്ലോ. Man of Marble 1950 കളിലെ തൊഴിലാളി മുന്നേറ്റത്തിന്റെ പ്രതിരൂപമായി ഭരണകൂടം പ്രമോട്ട് ചെയ്ത ഇഷ്ടികത്തൊഴിലാളിയായ Mateusz Birkut ന്റെ കഥയാണ്. ദേശനിർമാണത്തിന് പൗരന്മാർ മത്സരിച്ച് പരിശ്രമിക്കണമെന്ന കാഴ്ചപ്പാടിൽ ഒരു നിർമാണ സ്ഥലത്ത് നടന്ന മത്സരത്തിൽ 30,509 ഇഷ്ടികകൾ നിരത്തി Mateusz Birkut ഒന്നാമതെത്തുന്നു. അതിനുശേഷം Mateusz Birkut ന് ഒരു ദേശീയ ഹീറോ പരിവേഷം ലഭിക്കുന്നു. പ്രതിമകളും പോസ്റ്ററുകളും നിറയുന്നു. വർഷങ്ങൾക്കുശേഷം ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പാർട്ടി Mateusz Birkut നെ ശിക്ഷിക്കുന്നു. സർക്കാരും ജനങ്ങളും അയാളെ മറക്കുന്നു. ഫിലിം ഇൻസ്റ്റിസ്റ്റ്യൂട്ട് വിദ്യാർത്ഥിനി Agnieska തന്റെ ഡിപ്ലോമാ സിനിമക്ക് ഈ വിഷയം തിരഞ്ഞെടുക്കുന്നു. Citizen Kane അല്ലെങ്കിൽ അടൂരിന്റെ മുഖാമുഖത്തിലെ ആരായിരുന്നു സഖാവ് ശ്രീധരൻ ശൈലിയിൽ ഇഷ്ടികപ്പണിക്കാരനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയാണ്. പിന്നീട് അയാൾക്കെന്ത് സംഭവിച്ചു എന്ന അന്വേഷണം തുടങ്ങുകയാണ്. എന്തിനാണ് ഇത്തരമൊരു വിഷയം, ഉരുക്കുനിർമാണശാലയുടെ വിജയത്തെപ്പറ്റി സിനിമ എടുത്തു കൂടെ എന്ന് ആരോ Agnieska യോട് ചോദിക്കുന്നുണ്ട്. ത്രില്ലർ സ്വഭാവവും ബ്ലാക് ഹ്യൂമറും കലർത്തിയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.

Man of Iron ൽ നിന്ന്
Man of Iron ൽ നിന്ന്

Man of Marble ന്റെ തുടർച്ചയായ Man of Iron 1981 ലാണ് ഇറങ്ങുന്നത്. സോളിഡാരിറ്റി പ്രസ്ഥാനം പോളണ്ടിൽ ശക്തിപ്പെടുന്ന സമയത്ത്. ഇത് സോളിഡാരിറ്റിക്ക് വേണ്ടി നിർമിച്ച കമ്മീഷൻഡ് സിനിമയായി പറയാറുണ്ട്. ലെനിൻ കപ്പൽ നിർമാണശാലയിൽ തൊഴിലാളി സമരം നടക്കുന്നു. യൂണിയൻ നേതാവ് മുൻസിനിമയിലെ ഇഷ്ടികപ്പണിക്കാരന്റെ മകനാണ്. പഴയ ഫിലിം സ്‌കൂൾ വിദ്യാർത്ഥിനി അയാളുടെ ജീവിതപങ്കാളിയും. കപ്പൽ ശാല സമരം റിപ്പോർട്ട് ചെയ്യാനെന്ന വ്യാജേന സർക്കാർ ഒരു മാധ്യമപ്രവർത്തകനെ അയക്കുന്നു. സമരനേതാക്കളെ താറടിച്ച് കാണിക്കാനുള്ള ശ്രമം. പക്ഷെ അയാൾക്ക് സമര നേതാക്കളുടെ ആത്മാർത്ഥതയിൽ നിന്ന് വിട്ടു നിൽക്കാനാവുന്നില്ല.
2013 ലെ വയ്ദ സിനിമയായ Walesa: Man of Hope ഈ പരമ്പരയിലെ മൂന്നാമത്തെ സിനിമയായി വേണമെങ്കിൽ എടുക്കാം. വയ്ദ ജീവിച്ചിരുന്നെങ്കിൽ പുതിയ പ്രതീക്ഷകളും പ്രതിരോധങ്ങളുമായി പോളണ്ടുകാർക്ക് മാത്രം പറയാവുന്ന രീതിയിൽ അടുത്ത സിനിമയെടുത്തേനെ.▮


കെ. സജീഷ്​

എഴുത്തുകാരൻ, പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു

Comments