സ്​റ്റാൻലി ക്രാമർ സംവിധാനം ​ചെയ്ത 'ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ്' എന്ന സിനിമയിൽ ഐറിൻ ഹോഫ്മാനായി വേഷമിട്ട ജുഡി ഗാർലന്റ്

ന്യൂറംബർഗ് നിയമം, മുസ്‌ലിം വിരോധം, ലവ് ജിഹാദ്; ആവർത്തിക്കുന്ന നാസി കാലങ്ങൾ

"ലവ് ജിഹാദ്' എന്ന വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തത്തെ മറയാക്കി യു.പി സർക്കാർ നടപ്പാക്കിയ 'നിയമവിരുദ്ധ മതം മാറ്റം നിരോധിച്ചുകൊണ്ടുള്ള' ഓർഡിനൻസ്, കുപ്രസിദ്ധ ന്യൂറംബർഗ് നിയമത്തെ ഓർമിപ്പിക്കുന്നു. സ്​റ്റാൻലി ക്രാമറുടെ "ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ്' എന്ന സിനിമയുടെ പുനർവായനയിലൂടെ പുതിയ കാലത്തെ വംശീയ- വിദ്വേഷ വിചാരണകളെക്കുറിച്ച് ഒരോർമപ്പെടുത്തൽ

"ലവ് ജിഹാദ്' എന്ന വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തത്തെ മറയാക്കി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ നടപ്പാക്കിയ "നിയമവിരുദ്ധ മതം മാറ്റം നിരോധിച്ചുകൊണ്ടുള്ള' ഓർഡിനൻസ്, കുപ്രസിദ്ധ ന്യൂറംബർഗ് നിയമത്തെ ഓർമിപ്പിക്കുന്നു. ഇതൊരു വിദ്വേഷ നിയമമാണെന്നും മൗലികാവകാശങ്ങളെ ധ്വംസിക്കുന്നതും ഭരണഘടന വിരുദ്ധവുമാണെന്നും ജസ്റ്റിസ് എ.പി. ഷായെപോലുള്ള നിയമജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്. ഓർഡിനൻസിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ജസ്റ്റിസ് എ.പി. ഷാ

ന്യൂറംബർഗ് നിയമത്തിന്റെ അടിസ്ഥാനം ആര്യ വംശീയ രക്തത്തിന്റെ വിശുദ്ധി നിലനിർത്തുക എന്നതാണ്. ജൂതരും ജിപ്‌സികളും ആര്യേതരുമായുള്ള വൈവാഹിക ബന്ധത്തെ ശിക്ഷാർഹമായ കുറ്റമാക്കി ന്യൂറംബർഗ് നിയമങ്ങൾ. നാസികൾ അധികാരത്തിൽ വന്നതോടെ ജർമനിയിൽ സ്വതന്ത്ര നീതിന്യായ വ്യവസ്ഥക്ക് അന്ത്യം കുറിച്ചു. ഭരണകൂടത്തിന്റെയും ഫ്യൂററുടെയും ആജ്ഞകൾക്ക് വിധേയമായി ജർമൻ തേർഡ് റീഖിന്റെ ഉത്തമ താൽപര്യം മുൻനിർത്തി മാത്രം വിധികൾ പ്രസ്താവിക്കാൻ ന്യായാധിപർ നിർബന്ധിതരായി. യഹൂദ വിദ്വേഷത്തിന് നിയമരൂപം നൽകുന്നതിനോടൊപ്പം കോടതികളുടെ സ്വതന്ത്രമായ പ്രവർത്തനവും നിലച്ചിരുന്നു. രാഷ്ട്രത്തിന്റെ ഓരോ സുഷിരങ്ങളിലൂടെയും പടർന്ന അപരവിദ്വേഷം ജനതയെ സ്വതന്ത്രമായ ഇച്ഛകളും ബോദ്ധ്യങ്ങളും ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു. അത് നാസി ഭരണകൂടത്തിന്റെ കൊടുംഹിംസകൾക്ക് നിശ്ശബ്ദ സമ്മതം നൽകുന്നതിലേക്കും അവരെ ചെന്നെത്തിച്ചു.

നാസി സ്വേച്ഛാധിപത്യത്തിൽ നിന്ന് വിമോചിതമായ ജർമനിയിലെ ന്യൂറംബർഗിൽ നടന്ന നാസി ജഡ്ജിമാരുടെ വിചാരണയെ മുൻനിർത്തി സ്​റ്റാൻലി ക്രാമർ സംവിധാനം ചെയ്ത ചലച്ചിത്രം "ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ്' സമകാലിക ഇന്ത്യയുടെ അനുഭവ പരിസരത്തിൽ നിന്ന് ഉയരുന്ന സന്ദേഹങ്ങളും ആകുലതകളും പ്രതിഫലിപ്പിക്കുന്നു

വാസ്തവത്തിൽ അതൊരു ജനതയുടെ നിസ്സഹായതയോ നിർവികാരതയോ? കോടതിയും സമാന അധികാര സ്ഥാപനങ്ങളും സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഒരുവേള വ്യത്യസ്തമാകുമായിരുന്നോ ചരിത്രാനുഭവം?. ഇതൊക്കെ ഊഹങ്ങളുടെ തലത്തിൽ മാത്രം വർത്തിക്കുന്ന ചോദ്യങ്ങളാണ്. എങ്കിലും, മനുഷ്യവിരുദ്ധതയുടെയും അപരവിദ്വേഷത്തിന്റെയും സമാനമായ ചരിത്രാനുഭവത്തിലൂടെ കടന്നു പോകുന്ന ഒരു ജനതയിൽ ഉയിർക്കൊള്ളേണ്ട വിമത വിചാരങ്ങൾ എന്തായിരിക്കണം എന്നതിന് ഒരുപക്ഷെ അനുഭവിച്ചറിഞ്ഞ ചരിത്രത്തിന്റെ പാഠങ്ങൾ പ്രസക്തമായിരിക്കും. നാസി സ്വേച്ഛാധിപത്യത്തിൽ നിന്ന് വിമോചിതമായ ജർമനിയിലെ ന്യൂറംബർഗിൽ നടന്ന നാസി ജഡ്ജിമാരുടെ വിചാരണയെ മുൻനിർത്തി സ്​റ്റാൻലി ക്രാമർ സംവിധാനം ചെയ്ത ചലച്ചിത്രമാണ് "ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ്'. സമകാലിക ഇന്ത്യയുടെ അനുഭവ പരിസരത്തിൽ നിന്ന് ഉയരുന്ന സന്ദേഹങ്ങളും ആകുലതകളും ക്രാമറുടെ ചലച്ചിത്രം പ്രതിഫലിപ്പിക്കുന്നു.

നാല് നാസി ന്യായാധിപന്മാരുടെ പ്രതിക്കൂട്

സ്​റ്റാൻലി ക്രാമറുടെ "ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ്' ആരംഭിക്കുന്നത് നാസി സമഗ്രാധികാരത്തെ പ്രതീകവൽകരിച്ചിരുന്ന റീഷ് സ്റ്റാഗ് ആഡംബര മന്ദിരത്തിന്റെ ഉച്ചിയിൽ സ്ഥാപിച്ചിരുന്ന സ്വസ്തിക ചിഹ്നം ബോംബ് വെച്ചു തകർക്കപ്പെട്ടു ചിതറുന്ന ദൃശ്യത്തോടെയാണ്. ന്യൂറംബർഗ് വിചാരണ ആരംഭിക്കുന്ന വേളയിൽ നാസി ഭരണകൂടം നിലംപതിച്ചിരുന്നു. ഹിറ്റ്‌ലറും, ഗീബൽസും, ഗോറിങ്ങും ആത്മഹത്യ ചെയ്തിരുന്നു. ചരിത്രത്തിലെ പാരാജയപ്പെടുന്ന സ്വേച്ഛാധിപതികളിൽ പലരും അവരുടെ കിങ്കരന്മാരോടൊപ്പം തങ്ങളെ കാത്തുനിൽക്കുന്ന കുറ്റവിചരണകളിൽ നിന്ന് രക്ഷനേടാൻ ഒടുക്കത്തെ മാർഗം എന്ന നിലയിൽ സ്വീകരിക്കുന്നതാണ് ആത്മഹത്യ. ന്യൂറംബർഗ് വിചാരണ എന്നത് രണ്ടാം ലോക മഹായുദ്ധത്തിൽ വിജയം കൈവരിച്ച സഖ്യശക്തികൾ നാസി യുദ്ധക്കുറ്റവാളികളെ പരസ്യമായി വിചാരണ ചെയ്ത്, അന്താരാഷ്ട്ര നിയമത്തിനുസൃതമായി, അവരർഹിക്കുന്ന ശിക്ഷ നൽകാൻ നടത്തിയതാണ്. ന്യൂറംബർഗ് വിചാരണയിൽ, സഖ്യശക്തികളിൽ അമേരിക്ക അപ്രമാദിത്വം നേടിയതിനെക്കുറിച്ചുള്ള വിമർശനം ഒരു വശത്തുണ്ട്. എന്നിരുന്നാലും. ലോകം കണ്ടതിൽവെച്ചുള്ള ഏറ്റവും പൈശാചികമായ വംശഹത്യക്ക് ഉത്തരവാദികളായ നാസി ഭരണത്തിലെ വരേണ്യരുടെ വിചാരണ ചുരുങ്ങിയപക്ഷം നീതിയെക്കുറിച്ചുള്ള ചില മാനവികമായ ഉത്കണ്ഠകൾ ലോകസമക്ഷം പങ്കുവെക്കുന്നതായിരുന്നു. ന്യൂറംബർഗ് വിചാരണയെ സംബന്ധിച്ച് ഒട്ടനവധി പ്രസിദ്ധവും ഗഹനവുമായ പഠനങ്ങളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമാണ് ക്രാമറുടെ "ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ്'.

ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ് സിനിമയിൽ നിന്ന്

ക്രാമറുടെ "ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ്' നാലു നാസി ന്യായാധിപരുടെ വിചാരണയാണ്. നാസി വ്യവസ്ഥയിലെ ഉന്നതസ്ഥാനീയരായ ന്യായാധിപന്മാരെയാണ് വിചാരണക്ക് വിധേയമാക്കുന്നത്. എമിൽ ഹാൻ, ഫ്രൈഡ് റീച് ഹോഫ്‌റ്‌സ്റ്റേറ്റർ, വെർനെർ ലാംപീ, ഡോ. ഏൺസ്റ്റ് യാനിങ്. ഇതിൽ ഏൺസ്റ്റ് യാനിങ്ങാണ് ഏറ്റവും ശ്രദ്ധേയനായ വ്യക്തി. നിയമജ്ഞനും, പണ്ഡിതനും, ധീഷണാശാലിയുമായ വ്യക്തിയായാണ് ഏൺസ്റ്റ് യാനിങ്ങിനെ അവതരിപ്പിച്ചിരിക്കുന്നത്. പണ്ഡിതനും നിയമ വ്യവസ്ഥയോട് ആദരവ് പുലർത്തുകയും ചെയ്തിരുന്ന ഏൺസ്റ്റ് യാനിങ്ങിനെ പോലെ നീതിനിഷ്ഠനായ ഒരാളിന് എങ്ങനെ നാസി കൊടുംക്രൂരതക്കും മനുഷ്യവിരുദ്ധമായ നടപടികൾക്കും കൂട്ടുനിൽക്കാൻ കഴിഞ്ഞുവെന്ന ചോദ്യം സിനിമയിൽ ഉന്നയിക്കുന്നുണ്ട്.
മൂന്ന് അമേരിക്കൻ ന്യായാധിപന്മാരുടെ മുമ്പാകെയാണ് വിചാരണ. ചലച്ചിത്രത്തിന്റെ ആദ്യ സീക്വൻസുകളിൽ വിചാരണാകോടതിയിലെ പ്രധാന ജഡ്ജി ഡാൻ ഹേവുഡ് ന്യൂറംബർഗിലേക്ക് വരുന്നതാണ്. സ്പെൻസർ ട്രേസി അവതരിപ്പിക്കുന്ന ജഡ്ജ് ഹേവുഡിന്റെ കഥാപാത്രം വിചാരണക്കപ്പുറം താൻ കേൾക്കുന്ന കേസ്സിന്റെ നൈതിക മാനങ്ങളെക്കുറിച്ച് അറിയാൻ തൽപരനാണ്. മാത്രമല്ല, തേർഡ് റീഖ് ഭരണകൂടം നിലംപൊത്തി അൽപകാലമേ കഴിഞ്ഞുള്ളു. ജർമൻ ജനത ഹിറ്റ്‌ലറോടും നാസികളോടും വെച്ചുപുലർത്തിയിരുന്ന സമീപനം എന്തായിരുന്നുവെന്നറിയാൻ ഹേവുഡ് ഉത്സുകനാണ്.

ക്രാമറുടെ "ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ്' നാലു നാസി ന്യായാധിപരുടെ വിചാരണയാണ്. നാസി വ്യവസ്ഥയിലെ ഉന്നതസ്ഥാനീയരായ ന്യായാധിപന്മാരെയാണ് വിചാരണക്ക് വിധേയമാക്കുന്നത്

വിധി പറയുന്നതിനപ്പുറം ഈ പൈശാചിക വ്യവസ്ഥ എങ്ങനെ നിലവിൽ വന്നുവെന്നും, എങ്ങനെ ഒരു ദശകത്തിലധികം കാലം നിലനിന്നുവെന്നും, അതിന്റെ തുടർച്ചകൾ സമൂഹത്തിൽ ഏതുവണ്ണം നിലനിൽക്കുന്നെവെന്നറിയാനും ജഡ്ജ് ഹേവുഡ് തൽപരനാണ്. അതിനായി നഗരത്തിൽ ഏകാന്ത സഞ്ചാരം നടത്തുന്നുണ്ട്, പലരോടും കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. ഹേവുഡ് പ്രതിനിധാനം ചെയ്യുന്നത് മൂല്യബോധമുള്ള ലിബറൽ നിയമവാഴ്ചയെയാണ്. കോടതിക്കപ്പുറം സാമാന്യ മനുഷ്യരോട് ഇടപെഴുകി വലിപ്പച്ചെറുപ്പ വ്യത്യസങ്ങളില്ലാതെ കാര്യങ്ങളെ നേരിട്ടു മനസ്സിലാക്കാൻ ഡാൻ ഹേവുഡ് ശ്രമിക്കുന്നു.

അഡോൾഫ് ഹിറ്റ്‌ലർ

നാസി പൈശാചികതയുടെ ഉപകരണം മാത്രമാണോ അവർ? വിചാരണക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത് മൂന്ന് ന്യായാധിപന്മാരാണ്; ജസ്റ്റിസ് ഐവിസ്, ജസ്റ്റിസ് നോറിസ് ജസ്റ്റിസ് ഡാൻ ഹേവുഡ് എന്നിവർ. ഇവരിൽ ഹേവുഡിന്റെ വിചാരങ്ങൾക്കാണ് സിനിമ പ്രാമുഖ്യം നൽകിയിരിക്കുന്നത്. ജസ്റ്റിസ് ഹേവുഡ് താമസിക്കാൻ തിരഞ്ഞെടുത്തിടത്ത് മുമ്പ് ഒരു നാസി ജനറലും ഭാര്യയുമാണ് ജീവിച്ചിരുന്നത്. യുദ്ധത്തിൽ നാസി ജനറൽ കൊല്ലപ്പെട്ടു. നാസി ജനറലിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന മൂന്നു പേരെയാണ് ഹേവുഡിന്റെ സേവനത്തിന് നിയോഗിച്ചിരിക്കുന്നത്. ഹേവുഡ് അത്ര പേരുടെ ആവശ്യമില്ല എന്നുപറഞ്ഞത് നിരസിക്കുമ്പോൾ, പറഞ്ഞുവിട്ടാൽ അവർ കഷ്ടത്തിലാവുമെന്ന് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അവർ തുടരട്ടെ എന്ന് ജസ്റ്റിസ് സമ്മതിക്കുകയാണ്. രണ്ടാം ലോക യുദ്ധാനന്തരം ജർമനിയിൽ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും വ്യാപകമായിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു ഇത്. ജസ്റ്റിസ് ഹേവുഡ് താമസിച്ചിരുന്ന സ്ഥലത്തുണ്ടായിരുന്ന ജനറലിന്റെ വിധവയെ ഒരു ദിവസം ജസ്റ്റിസ് കാണാനിടവരുന്നു. അവർ തമ്മിലുള്ള സൗഹൃദത്തിന് അത് നിമിത്തമാകുന്നു. നാസി ജനറലിന്റെ വിധവ മാഡം ബെർടോൾഡ് അസാധാരണ ആകർഷകത്വമുള്ള സ്ത്രീയാണ്. ജസ്റ്റിസ് ഹേവുഡ് അവരുടെ കൂടെ ഓപ്പറ കാണാൻ പോകുന്നുണ്ട്. മാഡം ബെർടോൾഡ് ഹേവുഡിനോട് നാസി ഭരണക്രമത്തെപ്പറ്റിയും ഹിറ്റ്‌ലറെക്കുറിച്ചും അവരുടെ ചില നീരിക്ഷണങ്ങൾ പങ്കുവെയ്ക്കുന്നു. അവരെ സംബന്ധിച്ച്, ഹിറ്റ്​ലർ അപകർഷതാ ബോധമുള്ള വ്യക്തിയായിരുന്നു. പ്രഭു കുടുംബത്തിൽനിന്ന് വന്നിരുന്ന അവരെ ഹിറ്റ്‌ലർ വെറുത്തിരുന്നു. ഹേവുഡിനോട് അവർ പറയാൻ ശ്രമിക്കുന്നത്, അവരുടെ മരിച്ച ഭർത്താവ് ഉൾപ്പെടെ നാസി ക്രൂരതകൾക്ക് ഉത്തരവാദിയല്ല. അവർ അവരുടെ തൊഴിൽപരമായ ഉത്തരവാദിത്തം മാത്രം നിർവഹിക്കുകയായിരുന്നു. മാത്രമല്ല, നാസി കൊടുക്രൂതകളുടെ വ്യാപ്തിയെക്കുറിച്ച് അവർ അജ്ഞരായിരുന്നു.

സിനിമയിൽ ജഡ്​ജി ഹേവുഡിന്റെ വേഷത്തിൽ സ്‌പെൻസർ ട്രേസി

പരോക്ഷമായി സൗഹൃദ ഭാവത്തിൽ മാഡം ബെർടോൾഡ് ഹേവുഡിനെ സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു. ഹേവുഡും അത് തിരിച്ചറിയുന്നുണ്ട്. കേസിന്റെ കാര്യങ്ങൾ സ്വകാര്യ സംഭാഷണങ്ങളിൽ പങ്കുവെക്കുന്നത് ശരിയല്ലെന്ന് ഹേവുഡ് മാഡം ബെട്രോൾഡിനോട് സൂചിപ്പിക്കുന്നുണ്ട്. വിചാരണക്ക് വിധേയനായ ഏൺസ്റ്റ് യാനിങ് സത്യസന്ധനായ നിയമജ്ഞനാണെന്നും ഒരിക്കൽ ഹിറ്റ്‌ലറോടു പോലും വ്യക്തിപരമായ കാര്യത്തിന്റെ പേരിൽ എതിർപ്പറിയിച്ചിട്ടുണ്ടെന്നുമുള്ള കാര്യമാണ് മാഡം ബെർടോൾഡ് ഹേവുഡിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. ഈ സിനിമയുടെ കേന്ദ്ര പ്രശ്‌നത്തിലേക്കാണ് ഇവർ തമ്മിലുളള സ്വകാര്യ സംഭാഷണം വഴിതുറക്കുന്നത്. അതായത്, നാസി ഭരണക്രമത്തിന്റെ പൈശാചികതയിൽ ഉദ്യോഗസ്ഥർക്കും നാസി വ്യവസ്ഥയുടെ ഭാഗമായവർക്കും എത്ര പങ്കാളിത്തമുണ്ട് എന്ന ചോദ്യം. അവർ അവരുടെ ജോലി നിർവഹിക്കുകയായിരുന്നില്ലേ? ഹിറ്റ്‌ലറും അയാളുടെ ക്രോണികളും ഉണ്ടാക്കിയെടുത്ത വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയവും അതിനനുസൃതമായ നിയമങ്ങളും നയങ്ങളും രൂപീകരിക്കുന്നതിൽ ഇവർക്ക് യാതൊരു പങ്കുമില്ലായിരുന്നു, മറ്റൊരാൾ ചെയ്‌തേക്കാവുന്ന കാര്യം ഇവർ ചെയ്തു എന്നുമാത്രം. ഒരുപക്ഷെ, മറ്റൊരു ഭരണക്രമത്തിലും മറ്റൊരു നീതി വ്യവസ്ഥയിലും ഇവർ അത്ര തന്നെ കൃത്യതയോടെ പ്രവർത്തിക്കുമായിരുന്നു. നാസി വ്യവസ്ഥയുടെ മനുഷ്യവിരുദ്ധതയിൽ ഒരു പങ്കും ആ നിലയിൽ അവർ വഹിച്ചിരുന്നില്ല.

അതുകൊണ്ടു തന്നെ അവർ കുറ്റക്കാരുമല്ല. അവർ കുറ്റക്കാരാണെന്ന് വരികയാണെങ്കിൽ ജർമൻ ജനത മുഴുവനും നാസി കുറ്റകൃത്യങ്ങളുടെ പാപഭാരം പേറേണ്ടി വരും. കാരണം അവരും നിശ്ശബ്ദമായി നാസി ക്രൂരതകൾക്ക് അനുവാദം നൽകുകയായിരുന്നു. വിസമ്മതം പറയേണ്ടത്തിടത്ത് പറയാതെയും എതിർപ്പ് രേഖപ്പെടുത്തേണ്ടിടത്ത് അത് ചെയ്യാതെയും വിമത അഭിപ്രായം അറിയിക്കേണ്ട വേളയിൽ അറിയിക്കാതെയും നിലനിൽക്കുക വഴി വ്യവസ്ഥയുടെ കൊടുംകൃത്യങ്ങളിൽ ഓരോത്തരും പങ്കാളികളാകുകയല്ലേ എന്ന ചോദ്യം ഈ ചലച്ചിത്രം ഉയർത്തുന്നു. ഒപ്പം, മറ്റൊരു പ്രശ്‌നം കൂടി സൂചിപ്പിക്കുന്നു. നാസി ഭരണക്കാലത്ത് വിമർശനങ്ങൾ ഉയർത്തിയാൽ തന്നെ സ്വന്തം ജീവിതത്തെ അപായപ്പെടുത്തുക എന്നല്ലാതെ മറ്റെന്താണ് സംഭവിക്കാനുള്ളത്? ഹിന്ദുത്വ സമഗ്രാധിപത്യം അരിച്ചരിച്ചും ചിലപ്പോൾ പതിവിനെക്കാൾ വേഗതയിലും നമ്മുടെ ജീവിതത്തെയാകെ ഗ്രസിച്ചു തുടങ്ങുന്ന സമയത്ത് ഈ ചലച്ചിത്രം ഉയർത്തുന്ന ഗൗരവമായ പ്രശ്‌നങ്ങൾ നമ്മുടെ ജീവിതത്തെയും നൈതിക ബോധത്തെയും സംബന്ധിക്കുന്നതുകൂടിയാകുന്നു.

ന്യൂറംബർഗ് നിയമത്തിന്റെ വർത്തമാനം

വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച് ന്യൂറംബർഗ് നിയമങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ കോടതി വിധികളും അതിനുത്തരവിട്ട ജഡ്ജിമാരുമാണ് സിനിമയിൽ വിചാരണ നേരിടുന്നത്. വംശീയ ശുദ്ധി നിലനിർത്തുക എന്നതായിരുന്നു ന്യൂറംബർഗ് നിയമത്തിന്റെ കാതൽ. ആര്യൻ വംശീയ വിശുദ്ധി നിലനിർത്തുവാൻ ആര്യൻ വംശജർ ആര്യേതര വംശജരുമായുള്ള വൈകാരികവും ശാരീരികവും ലൈംഗികവുമായ ബന്ധം വിലക്കുന്ന നിയമമാണ് ന്യൂറംബർഗ് നിയമം. ആര്യേതര വംശജരെ മാത്രമല്ല, തൊഴിലാളികളുടെയും കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള വ്യക്തികളുടെയും മാനസികനില പരിശോധിച്ച് നാസി ഭരണവ്യവസ്ഥക്ക് അനുയോജ്യമല്ലെങ്കിൽ അവരെ വന്ധ്യംകരിക്കാനും അനുവദിക്കുന്നതായിരുന്നു ഈ നിയമം. ലോക ചരിത്രത്തിലെ ഭരണകൂടങ്ങൾ നടപ്പാക്കിയ ഏറ്റവും ക്രൂരവും മനുഷ്യവിരുദ്ധവുമായ നിയമങ്ങളിലൊന്നാണിത്. ജിം ക്രോ, റൗലറ്റ് ആക്ട് തുടങ്ങി, വംശവെറിയും ഭരണകൂട ഭീകരതയും ആവിഷ്‌ക്കരിക്കുന്ന മറ്റു നിയമങ്ങളുമുണ്ട്. ഇതൊക്കെ പിന്നീട് പ്രക്ഷോഭങ്ങളിലൂടെയും മനുഷ്യ സമൂഹം അനുഭവങ്ങളിലൂടെ ആർജിച്ച സാംസ്‌കാരിക പക്വതയുടെ ഭാഗമായും പിൻവലിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും സമാന ഉള്ളടക്കങ്ങളുള്ള നിയമങ്ങൾ വിദഗ്ദ്ധ രൂപത്തിൽ പിൽക്കാലങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതും നേരാണ്. ഇതിനോട് സാദൃശ്യം തോന്നുന്ന അപകടകരമായ നിയമങ്ങൾ വർത്തമാന ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നടപ്പാക്കപ്പെടുന്നത് ഭയാശങ്കകളോടെ മാത്രമേ കാണാൻ കഴിയൂ.

ഡോ. വീക്ക് വീമാർ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് നടത്തുന്ന നീരിക്ഷണങ്ങൾ അക്ഷരാർത്ഥത്തിൽ സമകാലിക ഇന്ത്യൻ അനുഭവങ്ങളെക്കുറിച്ച് ജാഗ്രതപ്പെടുത്തുന്നതാണ്

ഭരണകൂട നിയമങ്ങൾക്കുമേൽ ജഡ്ജിമാർക്ക് എത്ര ഉത്തരവാദിത്തമുണ്ട്?

"ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ്' സിഡ്നി ലുമേറ്റിന്റെ "12 ആംഗ്രി മെൻ' പോലെ ഒരു കോടതി മുറി ഡ്രാമയാണ്. സിഡ്നി ലുമെറ്റിന്റെ സിനിമ പോലെ ഓരോ നിമിഷവും അതിലെ ഓരോ വാദമുഖങ്ങളും നമ്മുടെ ശ്രദ്ധ സവിശേഷമാംവിധം ആകർഷിക്കുന്നു. സിനിമയിൽ ന്യൂറംബർഗ നിയമങ്ങളുടെ അന്തഃസത്ത തന്നെയാണ് വിചാരണ ചെയ്യപ്പെടുന്നത്. അത്തരമൊരു വംശീയ നിയമം ഉണ്ടാക്കാനും നടപ്പാക്കാനുമുണ്ടായ സാഹചര്യം വിശദീകരിക്കപ്പെടുന്നു. പ്രതിക്കൂട്ടിൽ നാല് നാസി ജഡ്ജിമാരാണ്. എല്ലാവരുടെയും ശ്രദ്ധ നേടുന്നത് ഏൺസ്റ്റ് യാനിങ്ങാണ്. യാനിങ്ങിനുവേണ്ടി ഹാജരാകുന്നത് ഹാൻസ് റോൾഫ് എന്ന ഡിഫൻസ് അഭിഭാഷകനാണ്. റോൾഫ് നാസി പൈശാചികതയെ ന്യായീകരിക്കുന്നില്ല. അയാളുടെ കാഴ്ചപ്പാടിൽ നാസി ഭരണകൂടം വ്യവസ്ഥ ചെയ്ത നിയമങ്ങൾക്ക് ജഡ്ജിമാർ ഉത്തരവാദികളല്ല. നിയമങ്ങളാണ് എതിർക്കപ്പെടേണ്ടത്. വ്യക്തികൾ നിർദോഷികളാണ്, അവർക്ക് അതിൽ പങ്കില്ല. വ്യക്തിപരമായി ഹാൻസ് റോൾഫ് ഏൺസറ്റ് യാനിങ്ങിനെ ആരാധിക്കുന്നു. യാനിങ് മികവ് പുലർത്തിയിരുന്ന ജൂറിസ്റ്റായിരുന്നു, അയാൾ വ്യക്തിപരമായി ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു സ്ഥാപിക്കാൻ ശ്രമിക്കുകയാണ് റോൾഫ്.

ഹാൻസ് റോൾഫായി അഭിനയിച്ച മാക്‌സിമില്യൻ ഷെൽ

വിചാരണയുടെ ആരംഭ ഘട്ടത്തിൽ ഹാൻസ് റോൾഫ് ഏൺസ്റ്റ് യാനിങ്ങിന്റെ മികവിനുള്ള തെളിവുകൾ അവതരിപ്പിച്ചശേഷം പറയുന്നു: ഇവിടെ വിചാരണക്ക് നിർത്തിയിരിക്കുന്നത് ഏൺസ്റ്റ് യാനിങ്ങിനെയല്ല, മറിച്ച് ജർമൻ ജനതയെ തന്നെയാണ്.

ആദ്യം പ്രതിഭാഗം സാക്ഷി വിസ്താരത്തിന് വിധേയമാക്കുന്നത് ഡോ. വീക്കിനെയാണ്. ഡോ. വീക്ക് 1925 മുതൽ 1935 വരെ ഏൺസ്റ്റ് യാനിങ്ങിന്റെ സഹപ്രവർത്തകനായിരുന്നു. മാത്രമല്ല, ഡോ. വീക്കിന്റെ വിദ്യാർഥിയുമായിരുന്നു. യാനിങ്ങിന്റെ മികവിനെക്കുറിച്ച് നല്ല ബോധ്യമുള്ള വ്യക്തിയാണ് ഡോ. വീക്ക്. എങ്കിലും ഡോ. വീക്ക് 1935ൽ രാഷ്ട്രത്തിന്റെ പോക്കിൽ ആശങ്കകുലനായി ജോലി ത്യജിക്കുകയാണ്. ഡോ. വീക്ക് വീമാർ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് നടത്തുന്ന നീരിക്ഷണങ്ങൾ അക്ഷരാർത്ഥത്തിൽ സമകാലിക ഇന്ത്യൻ അനുഭവങ്ങളെക്കുറിച്ച് ജാഗ്രതപ്പെടുത്തുന്നതാണ്. നാസി ഭരണവ്യവസ്ഥയിലെ ജഡ്ജിയുടെ സ്ഥിതിയെക്കുറിച്ച് വീക്കിനോട് ഹാൻസ് റോൾഫ് ആരായുന്നുണ്ട്. ഡോ. വീക്ക് പറയുന്നു: ജഡ്ജിമാർക്ക് സ്വാതന്ത്ര്യം പൂർണമായും നഷ്ടമായി. തങ്ങൾക്ക് മുമ്പാകെ വരുന്ന കേസിന്റെ സ്ഥിതി വസ്തുനിഷ്ഠമായി പരിശോധിക്കുന്നതിനുപകരം രാഷ്ട്രതാൽപര്യം എന്ന പരിഗണന പ്രമുഖമായി വന്നു. രാഷ്ട്രത്തെയും നാസി ഭരണാധികാരികളെയും സംരക്ഷിക്കുക എന്നതായി ജഡ്ജിമാരുടെ പ്രഥമവും മുഖ്യവുമായ പരിഗണന. അപ്പീലിനുള്ള അവകാശം എടുത്തുമാറ്റപ്പെട്ടു. അതിനൊക്കെ പുറമെ, ചരിത്രത്തിൽ ആദ്യമായി ‘വംശം' എന്നത് ഒരു നിയമ സങ്കൽപമായി കടന്നുവന്നു.

വംശീയ വിദ്വേഷം മുൻനിർത്തി തയ്യാറാക്കപ്പെടുന്ന നിയമങ്ങൾ സെകുലർ ഭരണഘടനയെ എങ്ങനെയാണ് അട്ടിമറിക്കുന്നതെന്ന് ഇന്ത്യൻ ജൂറിസ്റ്റുകൾ ജാഗ്രതയോടെ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

‘വംശം' പ്രധാന സങ്കൽപനമായി വരുന്ന നിയമങ്ങൾ ഒരു രാജ്യത്ത് കടന്നുവരുന്നുണ്ടെങ്കിൽ അത് തീർച്ചയായും സൂചിപ്പിക്കുന്നത് രാഷ്ട്രത്തിന്റെ ഏറ്റവും അപകടകരമായ ഒരു ഭാവിയെയാണ്. വംശീയ വിദ്വേഷം മുൻനിർത്തി തയ്യാറാക്കപ്പെടുന്ന നിയമങ്ങൾ സെകുലർ ഭരണഘടനയെ എങ്ങനെയാണ് അട്ടിമറിക്കുന്നതെന്ന് ഇന്ത്യൻ ജൂറിസ്റ്റുകൾ ജാഗ്രതയോടെ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഡോ. വീക്കിന്റെ അഭിപ്രായത്തിൽ, നിയമത്തിന്റെ നടത്തിപ്പ് സ്വേച്ഛാധിപത്യത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കപ്പെട്ടു. റോൾഫ് ചോദിക്കുന്നുണ്ട്, അതിൽ ഡോ. വീക്ക് പ്രതിഷേധിച്ചിരുന്നുവോ എന്ന്. ഡോ. വീക്ക് കാര്യങ്ങളുടെ പോക്ക് എന്താണെന്നു മനസ്സിലാക്കി ജോലി ത്യജിക്കുകയാണ് ചെയ്യതെന്ന് പറയുന്നു. റോൾഫ് വീണ്ടും ചോദിക്കുന്നു; രാജിക്കുമുമ്പ് 1938 ൽ ഫ്യൂറർക്ക് വിധേയപ്പെടുന്ന സത്യവാചകം ഡോ. വീക്കും ചൊല്ലിയില്ലേ എന്ന്. അത് ചെയ്തുവെന്ന് ഡോ. വീക്ക് സമ്മതിക്കുന്നു. ഡോ. വീക്കിന്റെ അഭിപ്രായത്തിൽ പിന്നീടാണ് കാര്യങ്ങളുടെ ഗതി മറ്റൊരു ദിശയിലാണെന്ന് അയാൾ മനസ്സിലാക്കുന്നത്. അതിൽ കാര്യമില്ല എന്നാണ് റോൾഫിന്റെ പക്ഷം. കാരണം, രാജിവെക്കുക വഴി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക മാത്രമാണ് ഡോ. വീക്ക് ചെയ്തത്. എന്നാൽ ഡോ. യാനിങ്ങിന്നെ പോലുള്ളവർ വ്യവസ്ഥയിൽ കൂടുതൽ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ തുടരുകയായിരുന്നു. എന്തായാലും വീക്കിന് അതിനു മറുപടിയുണ്ടായില്ല. എന്നാൽ യാനിങ് ജഡ്ജിസ്ഥാനത്ത് തുടർന്നതിനെ സംബന്ധിച്ച് പ്രതിഭാഗം അഭിഭാഷകൻ അവതരിപ്പിച്ച യുക്തി, വിചാരണ കോടതി ജഡ്ജിമാർക്ക് അത്ര സ്വീകാര്യമായിരുന്നില്ല.

വന്ധ്യംകരിക്കപ്പെട്ട കമ്യൂണിസ്റ്റുകാരന്റെ വിചാരണ

വാദി ഭാഗത്തിനുവേണ്ടി ഹാജരായത് കേണൽ ടാഡ് ലോസൺ ആണ്. വളരെ വികാരനിർഭരമായാണ് ലോസൺ പ്രതിഭാഗത്തിനെത്തിരെ ആഞ്ഞടിച്ചത്. ലിബറൽ നീതിന്യായ വ്യവസ്ഥയെയാണ് വാദി ഭാഗം പ്രതിനിധികരിക്കുന്നത്. മനുഷ്യവിരുദ്ധമായ നിയമം മറ്റു പരിഗണനകളില്ലാതെ നടപ്പാക്കിയതുവഴി നാസി ന്യായാധിപന്മാരും ശിക്ഷ അർഹിക്കുന്നു എന്ന വാദമുഖമാണ് അഭിഭാഷകൻ അവതരിപ്പിച്ചത്. ഇതിലേക്കായി രണ്ടു കേസുകൾ പരിഗണിച്ചു. സാക്ഷി വിസ്തരാവും അതിന്റെ ഭാഗമായ പ്രതികളുടെ പ്രസ്താവനവകളുമാണ് സിനിമയുടെ പ്രധാന ഭാഗം. നാടകീയതയും സംഘർഷവും ഈ വിസ്താരങ്ങളിലാണ് പ്രകടമാവുന്നത്. വന്ധ്യംകരണവുമായി ബന്ധപ്പെട്ട്, കമ്യൂണിസ്റ്റുകാരായ റെയിൽവേ തൊഴിലാളികളുടെ മകനായ പീറ്റേഴ്‌സണിന്റെ സാക്ഷി വിസ്താരമാണ് ആദ്യം. പീറ്റേഴ്‌സൺ ഒരു ലൈസൻസ് തരപ്പെടുത്താൻ അപേക്ഷിക്കുന്നു. അതിനുചെല്ലുന്ന അയാളോട് ഹിറ്റ്‌ലറുടേയും ഗോറിങ്ങിന്റെയും ജനനതീയതി ആരായുന്നു. അയാൾ അറിയില്ല എന്നുമാത്രമല്ല അതിനെക്കുറിച്ച് അറിയേണ്ട ആവശ്യമില്ല എന്നുകൂടി പറയുന്നു. പിന്നീട് അയാളെ ജസ്റ്റപ്പോ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയനാക്കുന്നു. അയാളെ യാനിങ് അടങ്ങിയവരുടെ ജൂറി നിർബന്ധിത വന്ധ്യംകരണത്തിന് വിധിക്കുന്നു. പ്രതിഭാഗത്തിന്റെ വാദം ഇതായിരുന്നു: അയാളുടെ അമ്മക്ക് മനസികസ്വാസ്ഥ്യം ഉണ്ടായിരുന്നു, അത് അവരുടെ കുടുംബത്തിലുള്ളതാണ്, അതുകൊണ്ടാണ് നിർബന്ധിത വന്ധ്യകരണത്തിന് ന്യൂറംബർഗ് നിയമപ്രകാരം വിധിക്കപ്പെട്ടത്. സാക്ഷി അത് ശക്തമായി നിഷേധിക്കുന്നുണ്ട്. പക്ഷെ ഒരുപാട് മാനസിക സമർദ്ദത്തിലൂടെ കടന്നുപോയ ആ മനുഷ്യൻ വിസ്താരവേളയിൽ അതിവൈകാരികത പ്രകടിപ്പിക്കുന്നു. അതിൽ നിന്ന് മാനസികമായ പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തിയാണ് അയാൾ എന്ന അനുമാനത്തിലേക്കാണ് പ്രതിഭാഗം അഭിഭാഷകൻ എത്തിച്ചേരുന്നത്. പക്ഷെ പ്രധാന ചോദ്യം ഇതാണ്: മാനസിക പ്രയാസം നേരിടുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടുമാത്രം ഒരു വ്യക്തിയെ വന്ധ്യംകരണത്തിന് ശിക്ഷിക്കാൻ പാടുണ്ടോ?.

പീറ്റേഴ്സണായി അഭിനയിച്ച മോണ്ട്ഗോമറി ക്ലിഫ്റ്റ്

നിയമ പുസ്തകത്തിൽ അത്തരമൊരു കാര്യമുണ്ടെങ്കിൽ ജഡ്ജിക്ക് മറ്റൊരു വഴിയുമില്ല എന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിക്കുന്നത്. മാത്രവുമല്ല, പാശ്ചാത്യ ജൂറിസ്​പ്രുഡൻസിൽ വന്ധ്യംകരണ ശിക്ഷ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നും അയാൾ വാദിക്കുന്നു. നിയമത്തിന്റെ ചരിത്രത്തിൽ ഇന്നും വളരെയധികം പുരസ്‌കരിക്കപ്പെടുന്ന അമേരിക്കൻ ജസ്റ്റിസ് ഹോംസ് ഒരു കേസിന്റെ വിധിപ്രസ്താവത്തിൽ, വന്ധ്യംകരണത്തിനു സമാനമായ യൂജിനിക്‌സ് എന്ന വംശീയ ഉന്മൂലന ന്യായ വാദം നിരത്തിയിട്ടുള്ളത് പ്രതിഭാഗം അഭിഭാഷകൻ ഉദ്ധരിക്കുന്നുണ്ട്. സിനിമയിലെ നിർണായക മൂഹൂർത്തമാണിത്. നീതിയും നിയമവും എങ്ങിനെ വേർപ്പെട്ടിരിക്കുന്നുവെന്നും നിയമ വ്യാഖ്യാനങ്ങൾ തന്നെ എന്തുകൊണ്ട് വിചാരണ ചെയ്യപ്പെടണമെന്നും ഇത് സൂചിപ്പിക്കുന്നു.

ഫീൽഡിൻ സ്റ്റെയ്ൻ കേസ് വിചാരണ

ന്യൂറംബർഗ് നിയമത്തിന്റെ അടിസ്ഥാനത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഫെൽഡിൻ സ്റ്റെയ്‌നിന്റെ കേസിന്റെ വിചാരണയാണ് ക്രാമറുടെ "ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ്' സിനിമയുടെ ഹൈലൈറ്റ്. ഐറിൻ ഹോഫ്മാൻ എന്ന പതിനാറുകാരി പെൺകുട്ടിയുമായി വീട്ടുടമയും ജൂതനുമായ ഫെൽഡിൻ സ്റ്റെയിൻ ലൈംഗിക ബന്ധം പുലർത്തിയെന്നതാണ് കുറ്റാരോപണം. വംശീയ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കപ്പെട്ട ന്യൂറംബർഗ് നിയമമനുസരിച്ച് ലോകത്തെ ഭരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ജർമൻ ജനത ജൂതരോ ജിപ്‌സികളോ കറുത്തവരോ വംശീയ വ്യവസ്ഥയിലെ ആര്യേതരായ എന്തെങ്കിലും വിഭാഗമായോ പ്രണയിക്കാനോ വിവാഹം കഴിക്കാനോ സന്തതികളെ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനോ പാടില്ല. നിയമം വഴി അത് ശിക്ഷാർഹമാക്കിയിരിക്കുന്നു. ഫെൽഡിൻ സ്റ്റെയ്നിന്റെ വധശിക്ഷ നടപ്പാക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഐറിൻ ഹോഫ്മാനിന് രണ്ടുവർഷത്തെ കഠിനതടവാണ് അനുഭവിക്കേണ്ടി വന്നത്.

നാസി ഭരണം നിലംപൊത്തിയിട്ടും ഹിറ്റ്‌ലറുടെ കൊടുംക്രൂരത മുഴുവൻ ലോകമറിഞ്ഞിട്ടും അതിൽ ജർമൻ ജനത തങ്ങൾക്ക് പങ്കില്ല എന്ന് ആവർത്തിച്ചുപറയാൻ ശ്രമിക്കുമ്പോഴും അവർ നാസി വ്യവസ്ഥയിലെ ഉദ്യോഗസ്ഥർക്കെതിരെ മൊഴി കൊടുക്കാൻ വിസമ്മതിക്കുന്നു

കുപ്രസിദ്ധമായ ഈ കേസിന്റെ വിചാരണ തെറ്റായ സന്ദേശമാണ് നൽകുക എന്ന് പ്രതിഭാഗം അഭിഭാഷകൻ. മാത്രവുമല്ല, ഹോഫ്മാൻ കോടതിയിൽ സാക്ഷിവിസ്താരത്തിന് ഹാജരാകാൻ തയ്യാറുമല്ല എന്ന് റോൾഫ് കോടതി മുമ്പാകെ പറയുന്നുണ്ട്. വാസ്തവത്തിൽ ഐറിൻ ഹോഫ്മാൻ കോടതി മുമ്പാകെ ഹാജരാകാൻ ആദ്യം വിസമ്മതിക്കുകയാണ്, കാരണം മറ്റൊരു ജർമൻകാരനെതിരെ മൊഴികൊടുത്താൽ സമൂഹത്തിൽ അവർ ഒറ്റപ്പെട്ടു പോകുമെന്നൊരു ഭയം. നാസി ഭരണം നിലംപൊത്തിയിട്ടും ഹിറ്റ്‌ലറുടെ കൊടുംക്രൂരത മുഴുവൻ ലോകമറിഞ്ഞിട്ടും അതിൽ ജർമൻ ജനത തങ്ങൾക്ക് പങ്കില്ല എന്ന് ആവർത്തിച്ചുപറയാൻ ശ്രമിക്കുമ്പോഴും അവർ നാസി വ്യവസ്ഥയിലെ ഉദ്യോഗസ്ഥർക്കെതിരെ മൊഴി കൊടുക്കാൻ വിസമ്മതിക്കുന്നു. ജർമൻ ദേശീയതയുടെ ആഴത്തിലുള്ള സ്വാധീനം അവരിൽ അപ്പോഴും അവശേഷിച്ചിരുന്നു. ഇന്നും അതിന്റെ തുടർച്ച അത്ര പ്രത്യക്ഷത്തിലെങ്കിൽ പോലും നിലനിൽക്കുന്നുണ്ട്.
ഫീൽഡിൻ സ്റ്റെയ്ൻ കേസ് വിചാരണയിൽ പ്രതിഭാഗം അഭിഭാഷകൻ പതിനാറു വയസുകാരി ഐറിനുമായി അമ്പതുവയസ്സിൽ കൂടുതൽ പ്രായമായ ഫെൽഡിൻ സ്റ്റെയിൻ ലൈംഗിക ബന്ധത്തിലേർപ്പട്ടിരുന്നു എന്നത് തെളിയിക്കാനായി ദൃക്‌സാക്ഷി എന്ന നിലയിൽ അവിടെ അന്ന് ജോലി ചെയ്തിരുന്ന ഒരു സ്ത്രീയെ അവതരിപ്പിക്കുന്നുണ്ട്. ക്രോസ് വിസ്താരത്തിൽ അവർ നാസി പാർട്ടി മെമ്പറാണെന്ന് തിരിച്ചറിയുന്നു. നാസി പാർട്ടി അംഗമാകുന്നത് സ്വാഭാവിക കാര്യമായാണ് ഈ സ്ത്രീ മനസിലാക്കുന്നത്. നാസി പാർട്ടിക്കാരിയായ സ്ത്രീ നൽകുന്ന മൊഴിയനുസരിച്ച് ഫീൽഡിൻ സ്റ്റെയ്ൻ ഹോഫ്മാനെ ചുംബിക്കുന്നത് കണ്ടു എന്നാണ്. മറ്റൊരു തവണ അയാളുടെ മടിയിൽ ഹോഫ്മാൻ ഇരിക്കുന്നതായും കണ്ടുവെന്ന് പറയുന്നു.

ഐറിൻ ഹോഫ്മാൻ പറയുന്നത്, അവർ തമ്മിലുള്ള ബന്ധം വാത്സല്യത്തിന്റേതായിരുന്നു, അച്ഛനും മകളും പോലുള്ള സ്‌നേഹബന്ധമാണ് അവർ തമ്മിൽ നിലനിന്നിരുന്നത് എന്നാണ്. ന്യൂറംബർഗ് നിയമമനുസരിച്ച് അതുപോലും അസാധ്യമായ കാര്യമാണ്. നാസി വ്യവസ്ഥയിൽ ഒരു ജൂതൻ എന്നത് ചെകുത്താനാണ്. അയാൾക്ക് ഒരിക്കലും ലോല മനുഷ്യ വികാരങ്ങളായ വാത്സല്യം സാധ്യമാകില്ല. മാനുഷികമായ ഗുണഗണങ്ങൾ നിഷേധിക്കപ്പെട്ട വംശീയ ന്യുനപക്ഷങ്ങൾക്ക് മൃഗസമാനമായ അസ്തിത്വം മാത്രമേ വിധിച്ചിട്ടുള്ളൂ. എല്ലാ വംശീയ സമഗ്രാധികാര വ്യവസ്ഥയും അതിന്റെ സവിശേഷമായ പ്രയോഗങ്ങൾ നടപ്പാക്കുന്നതിനുമുമ്പ് ചെയ്യുന്ന പ്രക്രിയയാണ് പൊതുബോധത്തെ പിടിച്ചെടുക്കുക എന്നത്. അങ്ങനെ പിടിച്ചെടുക്കപ്പെട്ട പൊതുബോധത്തിലേക്ക് അവർ നിവേശിപ്പിക്കുന്നത് വംശീയമായ ആശയങ്ങളെയാണ്. അതിൽ പ്രധാനം വംശീയ ന്യൂനപക്ഷങ്ങൾക്ക് മൃഗസമാനമായ സ്വഭാവം നൽകുക എന്നതാണ്.

സിനിമയിൽ നിന്നൊരു രംഗം

ഐറിൻ ഹോഫ്മാന്റെ സാക്ഷി വിസ്താരം നാസി കോടതി വിചാരണയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാകുന്നു. പ്രതിഭാഗം അഭിഭാഷകൻ ഹോഫ്മാനെ നിർദയമായ രീതിയിൽ വിചാരണ ചെയ്യുന്നു. സാക്ഷിക്കൂട്ടിൽ സ്ത്രീയാണെങ്കിൽ അവരോട് ഇരയോടെന്ന പോലെ നിർദാക്ഷിണ്യം പെരുമാറുക എന്നത് നാസി കോടതി മാത്രമല്ല, ഭരണഘടന അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ കോടതികളിലും പ്രതിഭാഗം അഭിഭാഷകർ നിർലജ്ജം നടത്തിവരുന്ന കാര്യമാണ്. കുറ്റവാളിയെ രക്ഷിക്കാൻ എന്ന ഭാവേന പ്രതിഭാഗം അഭിഭാഷകർ സാക്ഷിവിസ്താര പ്രക്രിയയെ ‘അതീജീവിച്ചവരെ' വീണ്ടും വീണ്ടും ഇരയാക്കാനുള്ള ഉപാധിയാക്കി മാറ്റാറുണ്ട്. ഈ നിന്ദാർഹവും കുറ്റകൃത്യസമാനവുമായ വിചാരണക്ക് നീതി ന്യായ കോടതികളുടെ പിന്തുണ സമകാലത്തിലും ലഭിക്കുന്നുവെന്നതാണ് ഖേദകരം. ‘ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ്' സിനിമയിൽ ഈ സാക്ഷി വിസ്താരം വഴിത്തിരിവാവുകയാണ്. സാക്ഷി വിസ്താരം അതിരുവിടുന്ന ഘട്ടമെത്തിയെന്ന തോന്നൽ ഉളവാക്കിയതുകൊണ്ടാകാം പ്രതിസ്ഥാനത്തു നിൽക്കുന്ന ഡോ. ഏൺസ്റ്റ് യാണിങ് കോടതിയോട് തനിക്ക് മൊഴിനൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്, കോടതി അത് സമ്മതിക്കുന്നു. സിനിമയുടെ നിർണായക വഴിത്തിരിവാകുന്നു ഏൺസ്റ്റ് യാനിങ്ങിന്റെ സാക്ഷ്യപ്പെടുത്തൽ.

യാനിങ് സത്യം വെളിപ്പെടുത്തുന്നു

നാസി കാലത്ത് അനുഷ്ഠാനം പോലെ നടന്നിരുന്ന കോടതി വ്യവഹാരങ്ങൾ വീണ്ടും കണ്ടുനിൽക്കാനാവുന്നില്ല എന്നാണ് ഏൺസ്റ്റ് യാനിങ് കോടതിയെ അറിയിക്കുന്നത്. നാസി ഭരണകാലത്തെ കോടതി നടപടി മനസിലാക്കുന്നതിന് അക്കാലത്തെ പൊതുഅവസ്ഥ മനസിലാക്കണമെന്നാണ് യാനിങ്ങ് പറയുന്നത്. ഒന്നാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജർമനിയെ ആത്മബോധത്തോടെ എഴുന്നേറ്റ് നിൽക്കാൻ ഹിറ്റ്‌ലർ സഹായിച്ചു എന്നാണ് അയാളുടെ പക്ഷം. അതുപോലെ, വല്ലാത്തൊരു ഭയം ഗ്രസിച്ചിരുന്നു രാജ്യത്തിലാകെ. ചുറ്റുപാടും ശത്രുക്കൾ. ക്‌സെനോഫോബിയയുടെ (Xenophobia) പ്രാഥമിക ലക്ഷണമാണ് ചുറ്റുപാടും ശത്രുക്കളാണ് എന്ന തോന്നൽ. ഈ ഭയത്തെയും ജർമൻ ജനത നേരിട്ട പ്രതിസന്ധിയെയും ഹിറ്റ്‌ലറും നാഷണൽ സോഷ്യലിസ്റ്റുകളും മുതലെടുത്തു. ഹിറ്റ്‌ലറുടെ വാഴ്ച ഒരു താത്കാലിക സംഭവമായിരിക്കും എന്നവർ ആദ്യം കരുതി.
ജർമൻ ജനതയുടെ ഈ ആത്മാഭിമാന നഷ്ടത്തിന് കാരണക്കാരായി ഹിറ്റ്‌ലർ അവതരിപ്പിച്ചത് കമ്യൂണിസ്റ്റുകളെയും ലിബറലുകളെയും ജൂതന്മാരെയും ജിപ്‌സികളെയുമാണെന്ന് ഏൺസ്റ്റ് യാനിങ് പറയുന്നു. പ്രതിസന്ധി മറികടക്കാനുള്ള ഏകപരിഹാരമായി നാസികൾ നിർദ്ദേശിച്ചത് ഇതാണ്: ‘‘Once these devils will be destroyed, your misery will be destroyed.’’ ഇത് പഴയ കഥയാണ്. ബലികൊടുക്കപ്പെടുന്ന ആടിന്റെ കഥ. ജർമൻ ജനതക്ക് ഇത് ശുദ്ധ നുണയാണെന്ന് അന്നേ അറിയാമായിരുന്നു. പലരും അത് തിരിച്ചറിഞ്ഞിരുന്നു. എങ്കിലും ‘രാജ്യസ്‌നേഹം' മാത്രം മുൻനിർത്തി നിശബ്ദത പാലിച്ചു. കാരണം അല്ലാത്തവർ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടും.

രാഷ്ട്രം കടന്നുപോയിക്കൊണ്ടിരുന്ന ഭീതിതമായ അവസ്ഥ തിരിച്ചറിയുമ്പോഴും മൗനം അവലംബിക്കാനുള്ള കാരണമിതായിരുന്നു: What difference does it make if a few political extremists lose their rights?/ What difference does it make if a few racial minorities lose their rights?/ It is only a passing phase/ It is only a stage we are going through/ It will be discarded sooner or later/ Hitler himself will be discarded sooner or later.

ഏൺസ്റ്റ് യാനിങായി വേഷമിട്ട ബേട്ട് ലാൻകാസ്റ്റർ

ഏൺസ്റ്റ് യാനിങ് പറയുന്നുണ്ട്, ഇതൊരു തെറ്റിദ്ധാരണയായിരുന്നു. പക്ഷെ ഈ തെറ്റിദ്ധാരണക്ക് പ്രേരകമായിരുന്നത് ലോകം നൽകിയ പിന്തുണയാണ്. പല രാഷ്ട്രങ്ങളും ജർമനിയോട് സഖ്യത്തിന് തയ്യാറായി. ലോകം ഹിറ്റ്‌ലറുടെ അധികാര പ്രയോഗങ്ങൾ കണ്ട് അത്ഭുതപരതന്ത്രരായി. ജർമനി അയൽ രാജ്യങ്ങളെ വെട്ടിപ്പിടിച്ചുകൊണ്ടിരുന്നു, അവിടമാകെ വീണ്ടും സൈനികവൽക്കരിച്ചു. അപ്പോഴേക്കും ജർമനിയാകെ മാറിപ്പോയിക്കഴിഞ്ഞിരുന്നു. അതിനെ തുടർന്നാണ് വംശഹത്യ അനുഷ്ഠാനങ്ങൾ പ്രവർത്തനനിരതമായത്. അത് കോടതിമുറിയിലും അരങ്ങേറി. ഫീൽഡിൻ സ്റ്റെയ്‌നിന്റെ കേസിലും ആവർത്തിച്ചത് ഇതുമാത്രമാണ്. കേസിന്റെ വിചാരണക്കുമുമ്പുതന്നെ, ഏൺസ്റ്റ് യാനിങ് പറയുന്നു, അയാളുടെ വിധി തീരുമാനിച്ചു കഴിഞ്ഞിരുന്നു എന്ന്. ഫീൽഡിൻ സ്റ്റെയ്ൻ ജൂതനാണ്. നിസഹായനായ ജൂതൻ. അയാൾ രാജ്യസ്‌നേഹത്തെ മുൻനിർത്തി ബലികൊടുക്കപ്പെടേണ്ടവനാണ് എന്ന തീരുമാനം പൂർവകൽപിതമായിരുന്നു.
തേർഡ് റീഖിന്റെ മനുഷ്യവിരുദ്ധ ചെയ്തികളെക്കുറിച്ച് നാസി ഭരണക്രമത്തിലെ ന്യായാധിപർ എന്ന നിലയിൽ അവർക്ക് എല്ലാം അറിയാമായിരുന്നു. യഹൂദ കുട്ടികളെ വരെ പിടിച്ചുകൊണ്ടുപോകുന്നത് അവർ അറിഞ്ഞിരുന്നു. ഒരു പക്ഷെ അതിന്റെ തോതിനെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാവില്ല എന്നു വേണമെങ്കിൽ അനുമാനിക്കാം. എങ്കിലും രാജ്യത്ത് നടന്നുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് പൂർണ ധാരണയുണ്ടായിരുന്നു. ഇത് പറയുമ്പോൾ യാനിങ്ങിന്റെ കൂട്ടുപ്രതികളിൽ ഒരാളായ ജഡ്ജി 'രാജ്യദ്രോഹി' എന്നുറക്കെ വിളിക്കുന്നുണ്ട്.

നീതി ഏതു പക്ഷത്താണ് എന്നറിഞ്ഞിട്ടും തിന്മയുടെ കൂടെ സഞ്ചരിക്കേണ്ടി വരുന്ന ഏതൊരു കാലത്തെയും ഏതൊരു ന്യായാധിപന്റെയും അവസ്ഥ വിസർജ്ജ്യത്തിന്റേതു തന്നെയാണ്

ഏൺസ്റ്റ് യാനിങ് അങ്ങനെ സത്യം വെളിപ്പെടുത്തുന്നു. ഒരു ജഡ്ജി ലാഭമുണ്ടാക്കിയിരുന്നത് ജൂതരിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കൾ മറിച്ചുവിറ്റായിരുന്നു. മറ്റൊരാൾ തന്റെ തൊഴിൽ ഉയർച്ചക്കുവേണ്ടി എന്തും ചെയ്തുകൊടുത്തു. മറ്റൊരു ജഡ്ജി ധാർമികമായും മാനസികമായും തിന്മ ഉള്ളിൽ പേറുന്നൊരാളായിരുന്നു. ഏൺസ്റ്റ് യാനിങ് തന്റെ സാക്ഷിമൊഴിയിൽ, തന്നെ സ്വയം കുറ്റപ്പെടുത്തുന്നുണ്ട്. താൻ വെറും വിസർജ്ജ്യമായിരുന്നു എന്നാണ് യാനിങ് പറയുന്നത്. കാരണം തനിക്ക് എല്ലാമറിയാമായിരിന്നിട്ടും നാസികളുടെ കൂടെ പോയി, അവർക്കൊപ്പം നിന്നു. നീതി ഏതു പക്ഷത്താണ് എന്നറിഞ്ഞിട്ടും തിന്മയുടെ കൂടെ സഞ്ചരിക്കേണ്ടി വരുന്ന ഏതൊരു കാലത്തെയും ഏതൊരു ന്യായാധിപന്റെയും അവസ്ഥ വിസർജ്ജ്യത്തിന്റേതു തന്നെയാണ്. ഏൺസ്റ്റ് യാനിങ് കുറ്റം സമ്മതിക്കുയായിരുന്നു.

ഹിറ്റ്‌ലർക്കുമുന്നിൽ കീഴടങ്ങിനിന്ന ലോകം

കോടതി യാനിങ്ങിന്റെ സാക്ഷിമൊഴി നിശ്ശബ്ദം കേൾക്കുന്നു. യാനിങിന്റെ പ്രസ്താവനക്കുമുമ്പ് വാദിഭാഗം അഭിഭാഷകൻ ബുക്കൻവാൾഡ് കോൺസ്‌ട്രേഷൻ ക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങൾ കോടതി മുമ്പാകെ കാണിക്കുന്നുണ്ട്. മനഃസാക്ഷിയെ ഞെട്ടിക്കുന്ന ആ ദൃശ്യങ്ങൾ കണ്ട് തരിച്ചിരിക്കുയായിരുന്നു കോടതി. യാനിങ്ങിനെ പ്രതിരോധിച്ചുകൊണ്ടു പ്രതിഭാഗം അഭിഭാഷകൻ പറയുന്ന കാര്യങ്ങളും ഏറെ പ്രസക്തമാണ്. അയാളുടെ കാഴ്ചപ്പാടിൽ ജർമൻ ജനതയുടെ കുറ്റം ലോകത്തിന്റെ തന്നെ മുഴുവൻ കുറ്റമാണ്. ഹിറ്റ്‌ലറുടെ കൊടുംചെയ്തികൾ ലോകം അറിഞ്ഞുതുടങ്ങിയ വേളയിലും സ്റ്റാലിൻ നാസികളുമായി പരസ്പരം ആക്രമിക്കുകയില്ല എന്ന ഉടമ്പടിയിൽ ഒപ്പുവെക്കുകയായിരുന്നു. അതേസമയം, വിൻസ്റ്റൺ ചർച്ചിൽ ഹിറ്റ്‌ലറെ പ്രകീർത്തിക്കുകയായിരുന്നു. യൂറോപ്പിന് ഹിറ്റ്​ലറെ പോലുള്ള നേതാവ് അന്ത്യന്താപേക്ഷിതമാണെന്നാണ് ചർച്ചിൽ ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നത്. ഹിറ്റ്‌ലറുടെ ദുഷ്‌ചെയ്തികൾ അറിഞ്ഞിട്ടും തങ്ങളെ ബാധിക്കാത്തടുത്തോളം നിശബ്ദത പാലിക്കുക മാത്രമല്ല ചിലപ്പോഴെങ്കിലും നാസി ജർമനിയുമായി സന്ധിയും ചെയ്തു. യാനിങ്ങിന്റെ കുറ്റം ലോകരാഷ്ട്രങ്ങൾക്കും ബാധകമാണ്. മെയ്ൻ കാംഫിനെക്കുറിച്ചു ലോകം അജ്ഞരായിരുന്നില്ല. അമേരിക്കൻ വ്യവസായികൾ വൻതുകക്ക് കരാർ നാസികളിൽ നിന്ന് തരപ്പെടുത്തി. കോൺസെൻട്രേഷൻ ക്യാമ്പിലെ ഗ്യാസ് ചേംബറിലെ ഫറൻസ് നിർമിച്ചത് അമേരിക്കൻ സ്വകാര്യ വ്യവസായിയാണ്. കത്തോലിക്കരുടെ വത്തിക്കാൻ ഹിറ്റ്‌ലർക്ക് പൂർണ പിന്തുണ നൽകി. ലോക മുതലാളിത്തത്തിന്റെ ലാഭക്കൊതിയും വത്തിക്കാന്റെ ആശ്വാസങ്ങളും സ്റ്റാലിന്റെ ഹ്രസ്വദൃഷ്ടിയും ഹിറ്റ്‌ലർക്ക് അനൂകൂലമായി. അതാണ് അനിവാര്യമായ ദുരന്തത്തിലേക്ക് ലോകത്തെ നയിച്ചത്.


ഫാസിസ്റ്റ് സമഗ്രാധികാര വ്യവസ്ഥ ഹിറ്റ്​ലർക്കുശേഷവും ലോകങ്ങളിലെ പലയിടങ്ങളിലും നിലനിന്നു. അപ്പോഴും ഏതാണ്ട് ഇതുപോലെ തന്നെയാണ് എക്കാലത്തും- ഇക്കാലത്തും- ലോകത്തിലെ അധീശത്വ ശക്തികൾ പ്രതികരിച്ചിട്ടുള്ളൂ. രാജ്യത്തെ മുഴുവൻ ഭയം ഗ്രസിക്കുകയൂം അത് കനത്ത മൗനമായി മാറുകയും പ്രതിരോധങ്ങളില്ലാതെ എന്തു നീതികേടും നടപ്പിലാക്കപ്പെടുകയും ചെയ്യുന്നു. ആ അവസരത്തിലും ലോക മുതലാളിത്തം തന്ത്രപൂർവം അതിൽ നിന്ന് തങ്ങളുടെ വിഹിതം പങ്കുകൊള്ളുക എങ്ങനെ എന്നുമാത്രമാണ് ആലോചിച്ചിരുന്നത്. ഇത് സാമാന്യേന എല്ലാ ഫാസിസ്റ്റു ഭരണാധികാരികൾക്കും തങ്ങളുടെ സ്വേച്ഛാധികാരം നടപ്പാക്കാനുള്ള അവസരമാവുകയാണ്. ഈ അനുഷ്ടാനം അതിന്റെ സ്വാഭാവിക പരിണിതിയിലെത്തുമ്പോഴേക്കും ഫാസിസം ഗ്രസിച്ച രാഷ്ട്രങ്ങളിൽ രാഷ്ട്രപുരോഗതിക്കായി ബലിയർപ്പിക്കപ്പെട്ട ജീവനുകൾ എന്നത് കേവലം സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ മാത്രമായി അവശേഷിക്കും.

ജൂത വിരോധം ഇന്നും അവശേഷിക്കുന്നുണ്ട്. എന്നാൽ അതിനേക്കാൾ ഉചിതമായ ഒരു ബലിയാടിനെ യൂറോപ്പ് അതിന്റെ വംശീയ ഘടനയുടെ തുടർനിൽപിന് ഇന്ന് കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. അത് കുടിയേറ്റ ജനതയാണ്. കുടിയേറ്റ ജനതയിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനസാമാന്യമാണ് പുതിയ ബലിയാട്

ഇതാ; യൂറോപ്പിന്റെ പുതിയ ബലിയാട്

ജസ്റ്റിസ് ഡാൻ ഹേവുഡ് ശിക്ഷാവിധി പ്രസ്താവിക്കുന്നതിനു മുമ്പ് വിധിയിൽ അയവുവരുത്തണമെന്ന് അമേരിക്കൻ സൈനിക മേധാവി ആവശ്യപ്പെടുന്നുണ്ട്. നയതന്ത്രകാര്യമാണ് അതിനു പ്രേരകമായത്. ബോൾഷെവിക്ക് ഭീഷണിയെപ്പറ്റി ലോക മുതലാളിത്ത രാഷ്ട്രങ്ങൾ ആശങ്കപ്പെട്ടു തുടങ്ങിയിരുന്നു. അമേരിക്കയും സോവിയറ്റ് നാടും തമ്മിലുള്ള ശീതസമരത്തിന് ഒരുക്കങ്ങളായി. ജർമനിയെ കൂടെ നിർത്തുക എന്നത് അമേരിക്കയുടെ ആവശ്യമാണ്. പക്ഷെ ഡാൻ ഹേവുഡ് അതിന് ചെവി കൊടുക്കുന്നില്ല. മൂന്ന് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കുകയാണ്. ജർമൻ ജനതയെ പ്രതിനിധീകരിക്കുന്ന വിഭാഗം ഹിറ്റലറുടെ കൊടും ചെയ്തികളെ അംഗീകരിക്കുന്നില്ല എങ്കിലും നാസി ഭരണക്രമം ചില നല്ല കാര്യങ്ങൾ ചെയ്തിരുന്നു എന്നാണ് അവർ അപ്പോഴും വിശ്വസിച്ചിരുന്നത്. നാസി ഉദ്യോഗസ്ഥർ നാസി കുറ്റങ്ങളിൽ പങ്കാളികളാണെന്ന് അവർ അംഗീകരിച്ചിരുന്നില്ല. അങ്ങനെ അംഗീകരിക്കുക വഴി ഒരു ജനത ഒന്നാകെ സ്വയം കുറ്റമേൽക്കേണ്ടി വരുമെന്ന് അവർ ഭയപ്പെട്ടിരുന്നു. പക്ഷെ അതുതന്നെയാണ് യാഥാർഥ്യം.

യൂറോപ്പ് കടന്നു പോയ ഒരു ഘട്ടമാണത്. അതിന്റെ ശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്നു. ജൂത വിരോധം ഇന്നും അവശേഷിക്കുന്നുണ്ട്. എന്നാൽ അതിനേക്കാൾ ഉചിതമായ ഒരു ബലിയാടിനെ യൂറോപ്പ് അതിന്റെ വംശീയ ഘടനയുടെ തുടർനിൽപിന് ഇന്ന് കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. അത് കുടിയേറ്റ ജനതയാണ്. കുടിയേറ്റ ജനതയിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനസാമാന്യമാണ് പുതിയ ബലിയാട്. ജൂതവിരോധം ആവിഷ്‌ക്കരിക്കാൻ ഉതകുന്ന വിധമാണ് യൂറോപ്പിൽ ദേശീയത രൂപപ്പെട്ടത്. അത്തരമൊരു വംശീയതയുടെ ആവിഷ്‌കാരമായ ദേശീയത ഇന്ത്യയിലും പ്രബലമാണ്; പക്ഷെ ഒരു വ്യത്യാസം. ലോകത്തിൽ അത് പ്രബലമായിരിക്കെ ഇന്ത്യയിൽ അത് അധീശത്വം വഹിക്കുന്നു. നീതിന്യായ വ്യവസ്ഥയുൾപ്പെടെയുള്ള സ്വതന്ത്ര സംവിധാനങ്ങളും അതിനു വിധേയപ്പെടുന്നു എന്നത് "ജഡ്ജിമെന്റ് അറ്റ് ന്യൂറംബർഗിൽ' ഏൺസ്റ്റ് യാനിങിന്റെ സാക്ഷിമൊഴിയിലൂടെ കാണിച്ചുതരുന്നു. ജഡ്ജി ഹേവുഡ് വിധിപ്രസ്താവനക്കു ശേഷം മടങ്ങുന്നതിനുമുമ്പ് ഏൺസ്റ്റ് യാനിങ്ങിന് ഹേവുഡിനെ കാണണമെന്ന ആഗ്രഹം പ്രതിഭാഗം അഭിഭാഷകനിലൂടെ അറിയിക്കുന്നു. ജഡ്ജി ഹേവുഡ് യാനിങ്ങിനെ ജയിലിൽ പോയി കാണുന്നുണ്ട്. യാനിങ് ഹേവുഡിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്, താൻ കുറ്റക്കാരനായിരിക്കെ തന്നെ ദശലക്ഷക്കണക്കിന് ജനങ്ങൾ കൂട്ടകൊല ചെയ്യപ്പെട്ടിരുന്നത് അയാൾ അറിഞ്ഞിട്ടില്ല എന്നതാണ്. ഹേവുഡ് അതിന് മറുപടിയായി പറയുന്നത് ഇത്രമാത്രം: നിങ്ങൾക്ക് ഉത്തമ ബോധ്യമുണ്ടായിട്ടും നിഷ്‌കളങ്കനായ ഒരു മനുഷ്യനെ വധശിക്ഷക്ക് വിധിക്കുമ്പോൾ തന്നെ മനസ്സിലാക്കണമായിരുന്നു, അത് എത്തിച്ചേരുക മനുഷ്യ കൂട്ടക്കുരുതിയിലേക്കാണെന്ന്.

ഒരു ജനത മുഴുവൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഉന്നത നീതിപീഠങ്ങളിലെ ലിബറലിസം പ്രഖ്യാപിക്കുന്ന ന്യായാധിപർ ഒരുപക്ഷെ തിരിച്ചറിയേണ്ടത്; രാഷ്ട്രത്തിന്റെ ഭാഗധേയം തന്നെ നിർണയിക്കാൻ ഒരു വിധിപ്രസ്താവംകൊണ്ട് സാധിച്ചേക്കും -അത് ലോകം തിരിച്ചറിയുകയും ചെയ്യും. ▮

Judgment at Nuremberg Directed by Stanley Kramer / Produced by Stanley Kramer / Screenplay by Abby Mann / Based on Judgment at Nuremberg 1959 Playhouse 90 by Abby Mann / Starring: Spencer Tracy, Burt Lancaster, Richard Widmark, Marlene Dietrich, Judy Garland, Maximilian Schell, William Shatner / Music by Ernest Gold / Cinematography Ernest Laszlo / Edited by Frederic Knudtson / Production company Roxlom Films, Amber Entertainment / Release date December 14, 1961 / Running time 179 minutes / Country: United States / Language: English, German.


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments