'വണ്‍ ഫൈന്‍ മോര്‍ണിങ്ങ്’ എന്ന സിനിമയില്‍ നിന്ന്

എന്റെ മമ്മി, അമ്മ...
മരണാനന്തരം ഓര്‍മകളുടെ
ഒരു സിനിമ, പുസ്തകം

സ്വന്തം മമ്മിയുടെയും അമ്മയുടെയും ജീവിതത്തിലേക്ക്​ ഒരു സിനിമയും ഒരു പുസ്​തകവും കടന്നുവന്ന വഴികളെക്കുറിച്ച്​, മരണാനന്തരവും പിന്തുടരുന്ന ഓർമകളുടെ ഹൃദയസ്​പർശിയായ അനുഭവങ്ങളെക്കുറിച്ച്​…

മ്മയുടെ അച്ഛനെയും അമ്മയെയും ഞങ്ങൾ പപ്പ, മമ്മി എന്നായിരുന്നു വിളിച്ചിരുന്നത്. അമ്മ അവരെ വിളിച്ചതുതന്നെ ഞങ്ങളും വിളിച്ചുപോന്നു എന്നതാണ് യാഥാർഥ്യം. മമ്മി ഹിന്ദുവും പപ്പ ക്രിസ്ത്യാനിയുമായിരുന്നു. പ്രേമിച്ചു കെട്ടിയ അവരുടെ കല്യാണം എന്തോരം കോലാഹലങ്ങളാകും നാട്ടിലും വീട്ടിലും ഉണ്ടാക്കിയിട്ടുണ്ടാവുക എന്നൂഹിക്കാവുന്നതെയുള്ളു. കുടുംബത്തിലും വീട്ടിലുമുള്ള ബാക്കി എല്ലാവർക്കും ക്രിസ്ത്യൻ പേരുകളായിരുന്നപ്പോൾ മമ്മിക്കു മാത്രം 'രാജമ്മ' എന്ന പേര് എന്നെ കുട്ടിക്കാലത്ത് ഒരുപാട് കുഴപ്പിച്ചിട്ടുണ്ട്.

അമ്മവീട്ടിൽ നിന്ന് വളർന്ന എൻ്റെ ഒട്ടു മിക്ക കാര്യങ്ങളും നോക്കിയിരുന്നത് മമ്മിയായിരുന്നു. പപ്പ 2001-ലും മമ്മി മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് 2014- ലും മരിച്ചു. 

ജേക്കബ്​ ​ജോഷിയുടെ മമ്മി രാജമ്മ

 മിയ ഹാൻസെൻ-ലോവ് സംവിധാനം ചെയ്ത 'വൺ ഫൈൻ മോണിംഗ്' കണ്ടപ്പോൾ മമ്മിയെയാണ് ഓർമ്മ വന്നത്. സിനിമയിലെ മുഖ്യ കഥാപത്രം, സാന്ദ്രയുടെ അച്ഛൻ ജോർജിന്  'ബെൻസൺ സിൻഡ്ര'മാണ്. ഓർമ്മയും കാഴ്ചയുമൊക്കെ നഷ്ടപ്പെട്ട ജോർജിനെ നഴ്സിംഗ് ഹോമിലോട്ട് മാറ്റുന്നതും, ഇതേസമയത്ത്​ സാന്ദ്രയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ആനി എർണോയുടെ പുസ്തകം 'ഐ റിമൈൻ ഇൻ ഡാർക്‌നെസ്​’, എഴുത്തുകാരിയുടെ അമ്മയ്ക്ക് അൽഷിമേഴ്‌സ് രോഗം വരുന്നതും അതേതുടർന്ന് നഴ്സിംഗ് ഹോമിലേക്ക് മാറ്റുന്നതിനെ കുറിച്ചുമാണ്. ഡയറിക്കുറിപ്പുകളുടെ ഫോർമാറ്റിലാണ് ആ പുസ്‌തകം രചിച്ചിട്ടുള്ളത്. രണ്ടു കലാസൃഷ്ടികളും ആത്മകഥാപരമാണ്.

മമ്മിയുടെ പ്രണയവിവാഹശേഷം സ്വാഭാവികമായും മമ്മി സ്വന്തം വീട്ടുകാരുമായി അകന്നിട്ടുണ്ടാവണം. എന്റെ അമ്മ പറഞ്ഞ അറിവുവെച്ച്, അമ്മ ഡിഗ്രിക്ക് പഠിക്കുന്ന കാലമായപ്പോൾ മാത്രമാണ്​ മമ്മിയുടെ വീട്ടിൽ ഇവർ ആദ്യം പോകുന്നതുതന്നെ. ഞാൻ യു കെ ജിയിൽ പഠിക്കുമ്പോൾ മമ്മിയുടെ അച്ഛൻ മരിച്ചു, അന്ന് രണ്ട് ദിവസമോ മറ്റോ മമ്മി മമ്മിയുടെ വീട്ടിൽ പോയി നിന്നത് ഞാൻ ഓർക്കുന്നുണ്ട്.

മമ്മിയുടെ അച്ഛന്റെ മരണത്തോടെ മമ്മിയുടെ അമ്മ ഒറ്റയ്ക്കായി. ഇതേസമയത്ത് തന്നെയാണ് മമ്മിയുടെ അമ്മക്ക് അൽഷിമേഴ്‌സ് രോഗം വരുന്നത്. ഞാൻ അന്ന് ആറിലോ ഏഴിലോ ആണ് പഠിക്കുന്നത്. മമ്മി ആ സമയത്ത് മമ്മിയുടെ അമ്മയെ ആശുപത്രിയിൽ കൊണ്ടു കാണിക്കുന്നതിനും മറ്റും ഇടക്കിടക്ക് സ്വന്തം വീട്ടിൽ പോകുമായിരുന്നു. ഒടുവിൽ സ്ഥിതി അതീവ രൂക്ഷമായപ്പോൾ ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലോട്ട് മമ്മിയുടെ അമ്മയെ കൊണ്ടുവന്നു. അതിനു മുൻകൈ എടുത്തത് എന്റെ അമ്മയായിരുന്നു. ഞങ്ങളുടെ വീട്ടിൽ കൊണ്ടുവരുമ്പോഴേക്കും മമ്മിയുടെ അമ്മയുടെ ഓർമ്മയും ബോധവും ഏതാണ്ട് മുഴുവനായി നശിച്ചിരുന്നു. താൻ ഉപേക്ഷിച്ച തന്റെ മകൾ മാത്രമാണ് തനിക്ക് ഒടുവിൽ തുണയായത് എന്ന് തിരിച്ചറിയാനുള്ള വിവേചനബുദ്ധിയോ അത് പ്രകടിപ്പിക്കാനുള്ള ബോധശക്തിയോ തന്റെ രോഗാവസ്ഥ കാരണം ആ പാവം സ്ത്രീക്ക് അന്നുണ്ടായില്ല.

ആദ്യമൊക്കെ മമ്മിയുടെ അമ്മയുമായി സംസാരിക്കുന്നത് എനിക്കും എന്റെ അനിയത്തിക്കും കൗതുകവും തമാശയുമായിരുന്നു. എന്നെ വേലായുധൻകുട്ടി എന്നായിരുന്നു അമ്മ വിളിച്ചിരുന്നത്. അമ്പലത്തിൽ പോയോ എന്നും പൈസ തിരിച്ചു തരാനുള്ളത് തരണമെന്നും തുടങ്ങി ഒരു ബന്ധവും ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ ഊൺമുറിയിലിരുന്നു ഭക്ഷണം കഴിക്കുന്ന വേളയിൽ എന്നോട് പറയുമായിരുന്നു. പേസ്റ്റിനു പകരം ബ്രഷിൽ സോപ്പ് ഉരച്ച് പല്ലു തേക്കുന്നത് കണ്ടപ്പോൾ, മമ്മിയോട് പോയി ഇത് പറയുമ്പോൾ, ക്ലാസിൽ സംസാരിക്കുന്ന കുട്ടികളുടെ പേര് ക്ലാസ് ടീച്ചറോട് പറഞ്ഞ കൊടുക്കുന്ന ക്ലാസ് ലീഡറുടെ ആവേശമായിരുന്നു എനിക്ക്.

ഒന്നുരണ്ടാഴ്​ചകൾക്ക് ശേഷം അമ്മ എന്നോട് പറഞ്ഞു, മമ്മിയുടെ അമ്മയെ നമ്മുടെ വീട്ടിൽ നിർത്തുന്നത് ബുദ്ധിമുട്ടാണെന്നും ഇനി തിരുവനന്തപുരത്തുള്ള, അൽഷിമേഴ്‌സ് രോഗം വന്നവർക്കുവേണ്ടിയുള്ള പ്രത്യേക നഴ്സിംഗ് ഹോമിലാകും താമസമെന്നും. ഒരിക്കലും കരഞ്ഞ്  കണ്ടിട്ടില്ലാത്ത, കരിങ്കല്ല് ഹൃദയം എന്നൊക്കെ ഞങ്ങൾ കളിയാക്കി വിളിക്കാറുള്ള മമ്മിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് അത്രയും ദിവസങ്ങളുണ്ടായിരുന്ന ചിരിയും കളിയുമൊക്കെ മാറി കാര്യങ്ങളുടെ ഗൗരവം തിരിച്ചറിയുന്നത്. 

ജേക്കബ്​ ജോഷിയുടെ അമ്മ ബിച്ചു മലയിലും (വലത്​), അവരുടെ മമ്മിയുടെ അമ്മ ദേവയാനിയും

ഒരു പന്ത്രണ്ട് വയസ്സുകാരന്റെ സദാചാര ബോധങ്ങൾക്കപ്പുറമായിരുന്നു വൃദ്ധസദനം എന്ന കാഴ്ചപ്പാട്. വൃദ്ധസദനം എന്നത് ഉത്തരവാദിത്വമുളള ഒരു സർക്കാരിന്റെ ചുമതലയാണെന്ന് ഇന്ന് ഉറച്ച ബോധ്യമുണ്ട്, എന്നാൽ ആ പ്രായത്തിൽ അങ്ങനെയല്ലായിരുന്നു. അച്ഛനമ്മമാരെ വയസാംകാലത്ത് നോക്കാൻ ആഗ്രഹമില്ലാത്തവരും സ്നേഹമില്ലാത്തവരുമാണ് വൃദ്ധസദനത്തിൽ കൊണ്ടുവിടുക എന്നാണല്ലോ പൊതുബോധം. അതുകൊണ്ട് മമ്മിയുടെ അമ്മയെ ഒരു നഴ്സിംഗ് ഹോമിൽ കൊണ്ടുവിടുന്നത് ഒരുപാട് ആലോചനകൾക്ക് എന്നിൽ വഴിവച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ കുറെ കൂടി സാധാരണമാണ് ഇത്തരം നഴ്സിംഗ് ഹോമുകൾ. നമ്മുടെ നാട്ടിൽ നിന്നും യു.കെ.യിലേക്കും മറ്റും പോകുന്ന ഒരുപാട് പേർ ഇത്തരം നഴ്സിംഗ് ഹോമുകളിലാണ് ജോലി ചെയ്യുന്നത്. നഴ്സിംഗ് ഹോമുകളിലെ ജോലികൾക്ക് ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമിക്കുന്ന യൂറോപ്യൻ രീതി മറ്റൊരു വിഷയം. 

അച്ഛനെ ഇനി ഒറ്റക്ക് താമസിക്കാൻ അനുവദിക്കുന്നത് അപകടമാണെന്നും എത്രയും പെട്ടെന്ന് നഴ്സിംഗ് ഹോമിലേക്ക് മാറ്റണം എന്നും അച്ഛന്റെ മുൻ ഭാര്യയും തന്റെ അമ്മയും കൂടിയായ ഫ്രാൻസ്വസ് ഉപദേശിക്കുമ്പോൾ  ആദ്യം അത് അംഗീകരിക്കാൻ സാന്ദ്രക്ക് ചെറിയ ഒരു ബുദ്ധിമുട്ടുണ്ട്. അച്ഛൻ ജീവനുതുല്യം സ്നേഹിച്ച പുസ്തകങ്ങൾ എന്തുചെയ്യും എന്നാണ് അവളുടെ പ്രധാന ഉൽക്കണ്​ഠകളിൽ ഒന്ന്. സാന്ദ്ര തന്റെ മകളോട് പറയുന്നതിങ്ങനെ: "I feel closer to my father with his books than with him. His library is more him than the person at the nursing home."
ഒരു യൂറോപ്യൻ രാജ്യമായിട്ടുപോലും തന്റെ അച്ഛന് യോഗ്യമായ നഴ്സിംഗ് ഹോം അന്വേഷിക്കുവാൻ ബുദ്ധിമുട്ടുകയാണ് സാന്ദ്രയും സാന്ദ്രയുടെ സഹോദരിയും. കേരളത്തിലെ സ്ഥിതി അപ്പോൾ ആലോചിക്കാവുന്നതേയുള്ളൂ. ഒരുപാട് അന്വേഷണങ്ങൾക്കു ശേഷമാണ്​ അമ്മ മമ്മിയുടെ അമ്മക്കുവേണ്ടി തിരുവന്തപുരത്തെ സ്ഥലം കണ്ടു പിടിച്ചത്. ഈ തിരച്ചിൽ 'ഒരു ട്രയൽ ആൻഡ് എറർ മെത്തേഡ്' പോലെയാണ്. ആ മെത്തേഡിന്റെ മാനസിക- ശാരീരിക ബുദ്ധിമുട്ട് സിനിമയിൽ കാണിക്കുന്നുണ്ട്. സൗകര്യങ്ങൾ, ജീവനക്കാരുടെയും ജോലിക്കാരുടെയും പെരുമാറ്റം തുടങ്ങി ഒരുപാട് മാനദണ്ഡങ്ങൾ നോക്കിയാണ് ഒരു നഴ്സിംഗ് ഹോം തിരഞ്ഞെടുക്കുന്നത്. എല്ലാത്തിനുമുപരി സാമ്പത്തികശേഷിയും. സർക്കാർ ഹോമുകളിലെ നീണ്ട വെയ്റ്റിംഗ് ലിസ്റ്റിനെപ്പറ്റിയും പ്രൈവറ്റ് ഹോമുകളുടെ വൻ തുകയെപ്പറ്റിയും സാന്ദ്രയും സാന്ദ്രയുടെ അമ്മയും വാചാലരാവുന്നുണ്ട്.  

'വണ്‍ ഫൈന്‍ മോര്‍ണിങ്ങ്’ സിനിമയില്‍ നിന്ന്

ആനി എർണോയും തന്റെ അമ്മക്കുവേണ്ടി ഇത്തരത്തിൽ നഴ്സിംഗ് ഹോമുകൾ അന്വേഷിച്ച് അലഞ്ഞിട്ടുണ്ട്. ആനിയുടെ അമ്മയും ആദ്യം ആനിയുടെ വീട്ടിൽ കുറച്ചുകാലം താമസിച്ച ശേഷമാണ്​ നഴ്സിംഗ് ഹോമിലേയേക്ക് മാറുന്നത്. ആനിയുടെ അമ്മ ഡൈനിങ്ങ് ടേബിളിലിരുന്ന് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നതും അതുകേട്ട് താനും തന്റെ മക്കളും ചിരിക്കുന്നതിനെപ്പറ്റിയുമൊക്കെ അവർ എഴുതുന്നത് ഇങ്ങനെ: "At the dinner table, she speaks as if she were employed on a farm, where my sons are hired workers and I'm the manager."

എന്നെ വേലായുധൻകുട്ടി എന്ന് വിളിച്ച മമ്മിയുടെ അമ്മയുമായി തീരെ വിദൂരമല്ല ഇതും. ഞാൻ മമ്മിയുടെ അമ്മയെ അമ്മ എന്നുതന്നെയായിരുന്നു അവർ വീട്ടിലുള്ള അത്രയും കാലം വിളിച്ചത്. എന്തുകൊണ്ടാണ് 'അമ്മൂമ്മ' എന്ന് വിളിക്കാതെയിരുന്നതെന്ന് ഇന്ന്  ആലോചിക്കാറുണ്ട്. ഒരുപക്ഷെ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ പതിവുശീലങ്ങളാകാം അതിനു കാരണം. 'മേത്തന്മാരെ' വിശ്വസിക്കരുത് എന്ന് കൊച്ചിലെ തൊട്ട് പറഞ്ഞ് പഠിപ്പിക്കുന്ന ഞങ്ങളുടെ പള്ളിയിലെ വേദപാഠ ക്ലാസുകളിലെ അധ്യാപകരുടെ ശിക്ഷണം എത്രത്തോളം തെറ്റായ സ്വാധീനമുള്ളതാണ് എന്ന് ഊഹിക്കാവുന്നതെയുള്ളു. 

തന്റെ അമ്മയെപ്പറ്റിയുള്ള ആനി എർണോയുടെ മറ്റൊരു പുസ്തകമാണ്  'എ വുമൺസ് സ്റ്റോറി'. വുമൺ സ്റ്റോറിയിൽ തന്റെ അമ്മയുടെ പ്രതാപ കാലമാണ് എർണോ വരച്ച് കാട്ടുന്നത് എങ്കിൽ കാലക്രമം അനുസരിച്ച്‌ അതിനും മുന്നേ എഴുതിയ 'ഐ റിമൈൻ ഇൻ ഡാർക്‌നെസി’ൽ തന്റെ അമ്മയുടെ അവസാന കാലത്തെ ദുരിതങ്ങളാണുള്ളത്. എഴുത്തുകാരിയുടെ ദുഃഖവും വിഷാദവും അതിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അവരുടെ കുട്ടികാലത്ത് തനിക്ക് അമ്മ ചെയ്തു തന്നതൊക്കെ താൻ ഇപ്പോൾ തന്റെ അമ്മയ്ക്ക് ചെയ്തുകൊടുക്കുന്നു എന്ന് പല സന്ദർഭങ്ങൾ നിരത്തി എർണോ വായനക്കാർക്ക് കാണിച്ചു കൊടുക്കുന്നുണ്ട്.

അവർ എഴുതുന്നു: "This morning she got up and, in a timid voice said: 'I wet the bed, I couldn't help it'. The same word I would use when I was a child."
മറ്റൊരിടത്ത് ഇങ്ങനെ എഴുതുന്നു: "The situation is reversed, now she is my little girl. I CANNOT be her mother."

ആനി എർണോ തന്റെ അമ്മയെ നഗ്നയായി കാണുന്നതും അത് തന്നിലുണ്ടാക്കുന്ന ആശ്ചര്യത്തെപ്പറ്റിയും അവർ എഴുതുന്നത് ഇങ്ങനെ: "The intern rolled up her chemise to reveal her stomach - the thighs, the white vagina, a few stretchmarks. Suddenly, I felt I was the one who was being exposed in public."
വൻ ഫൈൻ മോർണിംഗി- ലെ സാന്ദ്ര തന്റെ അച്ഛനെ നഗ്നനായി കണ്ടിട്ടില്ല, നഴ്സിംഗ് ഹോമിലുള്ള തന്റെ അച്ഛന് മൂത്രമൊഴിക്കാൻ മുട്ടുന്നു എന്ന് മനസിലാക്കിയ അവർ, അച്ഛനെ സഹായിക്കാൻ നഴ്സിനെ പോയി വിളിക്കുമ്പോൾ, ആ നേഴ്സ് സാന്ദ്രയോട് പരുഷമായി, "എന്തുകൊണ്ട് അത് സ്വയം ചെയ്തുകൂടാ" എന്ന് ചോദിക്കുമ്പോൾ, തനിക്ക് അതിന്​ നാണമാണ്​ എന്നാണ് സാന്ദ്രയുടെ മറുപടി.

സിനിമയിലും പുസ്തകത്തിലും നഴ്സിംഗ് ഹോമിലെ അന്തരീക്ഷത്തെ അതിന്റെ എല്ലാ സത്യത്തോടും കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്ഥിരമായി റൂം മാറി കയറി വരുന്ന നഴ്സിംഗ് ഹോമിലെ അന്തേവാസിയെ രണ്ടിടത്തും കാണാം. മല- മൂത്ര വിസർജ്യങ്ങളുടെ ദുർഗന്ധത്താൽ നിറഞ്ഞ നഴ്സിംഗ് ഹോമിൽ തന്റെ അമ്മയെ സന്ദർശിക്കാൻ പോകുന്ന ഒരു ദിവസത്തെപ്പറ്റി ആനി എർണോ എഴുതുന്നു: "The place reeks of urine and shit. It's very warm. I can hear the shouts from the adjoining room."

ആനി എർണോയും സാന്ദ്രയും തമ്മിൽ മറ്റു ചില സാമ്യതകളുമുണ്ട്. ഇതെല്ലം നടക്കുമ്പോൾ രണ്ടു പേരും വിവാഹിതരായ പുരുഷന്മാരുമായി ഒരു പ്രണയ ബന്ധത്തിലാണ്. ആനി എർണോ ആ ബന്ധത്തെപ്പറ്റി 'സിമ്പിൾ പാഷൻ' എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. വൺ ഫൈൻ മോർണിംഗിൽ ആവട്ടെ സാന്ദ്രയുടെയും ക്ലമെന്റിന്റെയും ബന്ധം ഒരു പ്രധാന കഥാവസ്‌തു തന്നെയാണ്. സിനിമയുടെ ഒരു ഭാഗത്ത് തന്റെ അച്ഛൻ അവസാനമായി എഴുതിയ ചില കുത്തികുറിപ്പുകൾ വികാരഭരിതയായി വായിക്കുന്ന സാന്ദ്രയെ കാണിക്കുന്നുണ്ട്. വായനയേയും എഴുത്തിനെയും ജീവന് തുല്യം സ്നേഹിക്കുന്ന ആ കോളേജ് പ്രൊഫസറെ ഈ അസുഖം എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് ആ കുറിപ്പുകളിൽ വ്യക്തമാണ്. 'I remain in darkness' എന്നാണ് തന്റെ അമ്മ അവസാനമായി എഴുതിയതെന്നും അതുകൊണ്ടാണ് ഈ പുസ്തകത്തിന് അങ്ങനെ പേരിട്ടതെന്നും ആനി എർണോ പറയുന്നുണ്ട്.

എന്റെ മമ്മിയിലേയ്ക്ക് തന്നെ തിരിച്ചുവരം. മമ്മിയുടെ അമ്മയെ തിരുവന്തപുരത്തെ നഴ്സിംഗ് ഹോമിലാക്കിയ ശേഷം മമ്മി അവിടെ പോകുവായിരുന്നു. ആലപ്പുഴയിൽ നിന്നും രാവിലെയുള്ള മാവേലി എക്സ്പ്രസിനായിരുന്നു സ്ഥിരമായി യാത്ര. വൈകീട്ട് ഏഴു മണിക്ക് അതേ മാവേലിക്ക് തന്നെ തിരിച്ചുവരും. എന്റെ അമ്മയും ഇടക്ക് കൂടെ പോകുമായിരുന്നു. അമ്മക്ക് എന്തെങ്കിലും ഔദ്യോഗിക ആവശ്യങ്ങൾക്ക് തിരുവനന്തപുരത്ത് പോകേണ്ടിവരുമ്പോൾ നഴ്സിംഗ് ഹോമിൽ കയറുവാനും അമ്മ ശ്രമിച്ചിരുന്നു. ഇങ്ങനെയിരിക്കുന്ന സമയത്താണ് മമ്മിയുടെ ആരോഗ്യം മോശമായി തുടങ്ങുന്നത്. മമ്മിയുടെ അമ്മയെ ചികിത്സിച്ച ന്യൂറോ വിദഗ്ധൻ ഹാരിസ് ഡോക്ടർ മമ്മിക്ക് മോട്ടോർ ന്യൂറോൺ ഡിസീസാണ് എന്ന് സ്ഥിതീകരിച്ചു. വിദഗ്ദ്ധ ചികിത്സക്ക്​ തിരുവനന്തപുരം ശ്രീചിത്രയിലേക്ക്​ റഫർ ചെയ്തു. മമ്മിയുടെ അമ്മ ഇപ്പോൾ താമസിക്കുന്ന അതെ നഗരം.

അന്നുതൊട്ട് അമ്മയും മമ്മിയും ഒരുമിച്ചായി തിരുവനന്തപുരം യാത്രകൾ. മമ്മിയുടെ ചികിത്സ, മമ്മിയുടെ അമ്മയെ സന്ദർശിക്കുക. ഇടക്ക് മൂന്നു നാല് ദിവസം മമ്മിയെ അഡ്മിറ്റു ചെയ്തു. മാസങ്ങൾ കൊണ്ട് മമ്മിയുടെ അവസ്ഥ വഷളായി. തിരുവനന്തപുരത്തേക്കുള്ള മമ്മിയുടെ യാത്രകൾ അവസാനിച്ചു. മമ്മിയുടെ പേശികൾ ബലഹീനമായി തുടങ്ങി, സംസാരിക്കാനോ ഭക്ഷണമിറക്കാനോ പറ്റാത്ത അവസ്ഥയായിരുന്നു അത്. വളരെ നേർപ്പിച്ച ഭക്ഷണം മാത്രം വളരെ സാവധാനം കഴിക്കാൻ മമ്മിക്ക് സാധിക്കൂ. അവസാന ഘട്ടമായപ്പോഴേക്കും സംസാരശേഷി മുഴുവനായി പോയിരുന്നു. മമ്മിക്ക് വയ്യാതായ കാലയളവിലത്രയും അമ്മയായിരുന്നു മാസത്തിലൊരിക്കൽ മമ്മിയുടെ അമ്മയെ തിരുവനന്തപുരത്ത് കാണാൻ പോയിരുന്നത്. "രാജമ്മ എന്താടീ ഇപ്പൊ എന്നെ കാണാൻ വരാത്തെ, അവൾ എന്നെ മറന്നോ" എന്നുള്ള ചോദ്യങ്ങൾ മമ്മിയുടെ അമ്മ ഇടക്കിടക്ക്​ ചോദിക്കും. അപ്രതീക്ഷിതമായി വരുന്ന അങ്ങനെയുള്ള ചോദ്യങ്ങൾക്ക് എന്റെ അമ്മ പല കള്ളത്തരങ്ങൾ മറുപടി നൽകി. മമ്മി കരയുന്നത് കണ്ടപോലെ മമ്മിയുടെ രോഗാവസ്ഥയുടെ പല ഘട്ടങ്ങളിലും അമ്മ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. "ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി" എന്ന ബൈബിൾ വാക്യം അമ്മ കൂടെക്കൂടെ പറയുമായിരുന്നു.

ബിച്ചുമലയിൽ, മമ്മി രാജമ്മ എന്നിവർക്കൊപ്പം കുട്ടികളായ ജേക്കബ്​ ജോഷിയും സഹോദരിയും

രോഗം നിർണയിച്ച്​ കൃത്യം രണ്ടര വർഷം കഴിഞ്ഞപ്പോൾ മമ്മി മരിച്ചു. അമ്മ ഒരുപാട് കരഞ്ഞു. മമ്മിയുടെ മരണത്തിനുശേഷവും അമ്മ തിരുവന്തപുരം യാത്ര മുടക്കിയില്ല. ഇടക്ക് മമ്മിയുടെ അമ്മ "രാജമ്മ എന്തിയെടി" എന്നൊക്കെ ചോദിക്കും. പിന്നെപ്പിന്നെ അമ്മയെ 'എടി രാജാമ്മെ' എന്നു വിളിക്കാൻ തുടങ്ങി. ഇടക്ക് ബന്ധമില്ലാത്ത പല കാര്യങ്ങൾ സംസാരിക്കും, ഇടയ്ക്ക് എല്ലാം ഓർമ്മയുള്ളപോലെ പെരുമാറും. അൽഷിമേഴ്‍സ് രോഗം അങ്ങനെയാണ്. മമ്മി മരിച്ചതോ മമ്മിയുടെ രോഗത്തെപ്പറ്റിയോ അവർക്ക് അറിയില്ല. രണ്ട് കൊല്ലത്തിനുശേഷം മമ്മിയുടെ അമ്മ മരിച്ചു. തിരുവന്തപുരത്തുനിന്ന് അമ്മയാണ് ആംബുലൻസിൽ മൃതദേഹത്തിന്റെ ഒപ്പം വന്നത്. മമ്മിയുടെ അന്തിമ ചടങ്ങുകൾ ക്രിസ്ത്യൻ ആചാര പ്രകാരമാണ് നടത്തിയതെങ്കിൽ മമ്മിയുടെ അമ്മയുടെ ചടങ്ങുകൾ ഹിന്ദു ആചാരപ്രകാരം നടത്താനുള്ള ക്രമീകരണങ്ങൾ അമ്മയാണ് ചെയ്തത്. രാജമ്മ ചെയ്യേണ്ടിരുന്നതെല്ലാം എന്റെ അമ്മ തന്നെ മുന്നിൽ നിന്ന്​ നിർവഹിച്ചു. മമ്മി മരിക്കുന്നതിനുമുന്നേ മമ്മിയുടെ അച്ഛനുവേണ്ടി ഒരു ബലിയിടണം എന്ന് പറഞ്ഞിരുന്നു. അമ്മ അത് സാധിച്ചു കൊടുത്തു. ഞങ്ങളുടെ അടുത്ത ബന്ധുക്കൾക്ക് പോലും ഇതറിയില്ല.

രോഗം ബാധിച്ചശേഷം സംസാരശേഷി നഷ്ടപ്പെട്ടതിനാൽ എനിക്ക് മമ്മിയുടെ ശബ്‍ദം ഇന്ന് കൃത്യമായി ഓർമ്മയില്ലെന്നു വേണമെങ്കിൽ പറയാം. മരണാനന്തരം ഒരാളുടെ ശബ്ദം നമ്മുക്ക് കേൾക്കാൻ സാധിക്കില്ല.
"Voice is everything. The worst thing about dead is the loss of voice" എന്ന് ആനി എർണോ എഴുതുന്നുണ്ട്. മമ്മിയുടെ ശബ്ദം ഞങ്ങൾക്ക് ഓർമയില്ല, രോഗം ബാധിച്ചതോടെ ആകെ മെലിഞ്ഞു പോയിരുന്നു മമ്മി. കേവലം ചില ഫോട്ടോകൾ കാണുമ്പോൾ ഇങ്ങനെയായിരുന്നു മമ്മി എന്ന് തോന്നുമെങ്കിലും ആ അവസാന നാളുകളിലെ അവശയായ സംസാരിക്കാൻ പറ്റാത്ത ആ രൂപമാണ് എന്റെ മനസ്സിലുള്ളത്. മരണമുണ്ടാക്കുന്ന ശൂന്യത വാക്കുകൾക്കും അപ്പുറമാണ്. "Now I must use the imperfect tense, 'she was', etc. Last night, while I was trying to get to sleep, I thought, 'It's the past perfect from now on'". 

മിയ ഹാൻസെൻ

തന്റെ അച്ഛൻ രോഗബാധിതനായ സമയത്താണ് മിയ ഹാൻസെൻ അവരുടെ സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കുന്നത്. രണ്ടുമാസം കഴിഞ്ഞ് അവരുടെ അച്ഛൻ മരിച്ചു. എന്നിട്ടും അവർ ആ സിനിമ പൂർത്തിയാക്കി. അതിനെപ്പറ്റി അവർ ഒരു ഇന്റർവ്യൂവിൽ പറയുന്നത് ഇങ്ങനെയാണ്: "I can remove some of the drama in myself by transferring it onto the screen. It helps mellow the sense of drama within you, and in a way, you can get rid of it." ഇത്തരത്തിലുള്ള ഒരു സിനിമ എടുക്കുമ്പോൾ തന്നെ അലട്ടിയ പഴയകാല ഓർമ്മകളെ കുറിച്ചും അവർ പറയുന്നുണ്ട്, ഇതേ അഭിമുഖത്തിൽ: "I would never have gone back if it wasn’t for this, I would have rather forgotten them. But because it is a film, it’s actually fun. It turns something that was tragic and painful to live through into this childish game."

ആനി എർണായും തന്റെ പുസ്തകം എഴുതി തുടങ്ങുന്നത് സ്വന്തം അമ്മയ്ക്ക് രോഗം ബാധിക്കുന്ന സമയത്താണ്. അമ്മയുടെ മരണത്തോടെ അവർ ആ എഴുത്തു നിർത്തി, അമ്മയെപ്പറ്റി മറ്റൊരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുന്നു (എ വുമൺസ് സ്റ്റോറി, 1988 ). എട്ടു വർഷങ്ങൾക്കു ശേഷം മാത്രമാണ് അവർ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. അതിനു കാരണമായി അവർ ഇങ്ങനെ എഴുതുന്നുമുണ്ട്: "For a long time, I believed that I would never publish this text. Perhaps I wanted to leave behind only one image, only one version of the truth about my mother and my relationship with her, the one I sought to convey in 'A Woman's Story'."

ആനി എർണോ

ആനി എർണോയുടെ പുസ്തകങ്ങളും മിയ ഹാൻസെന്റെസിനിമകളും ആത്മകഥാപരമായവയാണ്. തന്നെ കൊണ്ട് അല്ലാത്ത എഴുത്തുകൾ സാധിയ്ക്കില്ല എന്നാണ് മിയ ഹാൻസെൻ പറയുന്നത്: "Honestly, I wish I could make films less connected to myself, so I wouldn’t have to talk about it so directly, but those are the films I write, so I feel I have to accept it really,". രണ്ടു പേരും അവരവരുടെ സിനിമകളും പുസ്തങ്ങളും വഴിയാണ് പ്രേക്ഷകരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്നത്. അത് വായിക്കുന്നവരും കാണുന്നവരും തങ്ങളുടെ ഓർമ്മകളുമായി അതിനെ ബന്ധപ്പെടുത്തുന്നു. എഴുത്തുകാരുടെ സ്വന്തം അനുഭവങ്ങൾ ഈ പ്രക്രിയ വഴി സാർവത്രികമായ ഒരു അനുഭവമായി മാറുന്നു. അത് അനുഭൂതി നൽകുന്നു. ഒരുപക്ഷെ സിനിമയും പുസ്തകവും എത്രമാത്രം സ്വാധീനമുള്ള 'മീഡിയം' ആണ് എന്നതിന് ഇതിൽ കൂടുതൽ വലിയ തെളിവ് വേണ്ടായിരിക്കും.

Comments