ഏറ്റവും ദുരന്തഭരിതമായ ജീവിതങ്ങളിൽനിന്ന്
മൂന്നു സിനിമകൾ

മാദ്ധ്യമങ്ങൾ തമസ്കരിക്കുന്ന ജീവിതയാഥാർഥ്യങ്ങളുടെ സത്യസന്ധമായ ആവിഷ്കാരങ്ങളാണ് പലസ്തീനികളുടെ ജീവിതം പ്രമേയമാക്കിയ മികച്ച ചലച്ചിത്ര സൃഷ്ടികൾ. ഫർഹ, ഫൈവ് ബ്രോക്കൺ ക്യാമറാസ്, 200 മീറ്റേഴ്സ് എന്നീ സിനിമകളുടെ കാഴ്ച.

ലസ്തീൻ പ്രദേശവാസികൾക്ക് അവരുടെ ജന്മഭൂമി നഷ്ടപ്പെടുത്തുകയും ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെ ഇസ്രായേൽ എന്ന സയോണിസ്റ്റ് രാഷ്ട്രം അവിടെ അധിനിവേശം നടത്തുകയും ചെയ്ത ‘നക്ബ’ എന്നറിയപ്പെടുന്ന മഹാദുരന്തം സംഭവിച്ചത് ഏതാണ്ട് 75 വർഷം മുമ്പാണ്. പലസ്തീനിലെ ഭൂരിപക്ഷം അറബികളെയും പിഴുതെറിഞ്ഞ ആ സംഭവം പലസ്തീനിയൻ പ്രവിശ്യകളിൽ സയോണിസ്റ്റ് ഇസ്രായേൽ തുടരുന്ന അധിനിവേശത്തിലൂടെയും ജനങ്ങളെ വംശഹത്യക്കിരയാക്കുന്ന യുദ്ധത്തിലൂടെയും ഇപ്പോഴും നിലനില്ക്കുന്നു.

1948- ലെ പലസ്തീൻ യുദ്ധശേഷം പെട്ടെന്നുതന്നെ പലസ്തീന്റെ 78% ഭൂപ്രദേശം ഇസ്രായേൽ എന്ന രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഏഴു ലക്ഷം പലസ്തീൻകാരെ രാജ്യത്തുനിന്ന് ആട്ടിയോടിച്ചു; 500-ലധികം പലസ്തീനിയൻ ഗ്രാമങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു. ഒരിക്കലും തിരിച്ചുവരാൻ അനുവാദമില്ലാത്ത ലക്ഷക്കണക്കിന് പലസ്തീൻകാർ ഇന്നും അഭയാർത്ഥികളായി എവിടെയൊക്കെയോ അലയുന്നു. ഗാസ, വെസ്റ്റ്ബാങ്ക് എന്നീ പ്രദേശങ്ങളിലാണ് പലസ്തീൻ ജനത ഒടുവിൽ അവശേഷിച്ചത്. ഭീകരാക്രമണത്തിലൂടെ അവിടങ്ങളിൽ നിന്നു കൂടി അവരെ തുരത്താനും അവയും ഇസ്രായേലിന്റെ പൂർണനിയന്ത്രണത്തിലാക്കാനുമുള്ള ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ പരിണതഫലമാണ് ഇപ്പോൾ നടക്കുന്ന യുദ്ധം. പലസ്തീൻ ജനതയുടെ ദേശീയ ദുരന്തത്തിന്റെ സ്മരണയാണ് ഇന്നും നക്ബാദിനയായി മെയ് 15ന് ആചരിക്കപ്പെടുന്നത്. പലസ്തീനികൾക്ക് യുദ്ധം പുത്തരിയല്ല. തങ്ങളെ ആട്ടിയോടിക്കാനും കൂട്ടക്കൊല ചെയ്യാനും കിട്ടുന്ന അവസരങ്ങളെല്ലാം വിനിയോഗിക്കുന്ന ഇസ്രായേലി അധിനിവേശത്തിനെതിരായ പ്രതിരോധമാണ് പി.എൽ. ഒ, ഹമാസ് തുടങ്ങിയ രാഷ്ട്രീയ സംഘടനകൾ മുഴുവൻ പലസ്തീനിൽ അനുവർത്തിച്ചുപോന്നത്.

മഹ്മൂദ് ദാർവിഷ്
മഹ്മൂദ് ദാർവിഷ്

മഹാദുരന്ത (നക്ബ) മെന്നത് ‘വർത്തമാനത്തിന്റെ തുടർച്ചയാണ് ഭാവിയിലേക്ക് അത് നീളും’ എന്ന് പലസ്തീനിയൻ കവി മഹ്മൂദ് ദാർവിഷ് പറയുന്നുണ്ട്. ജനിച്ച നാട് എന്നേക്കുമായി നഷ്ടപ്പെടൽ, ദേശീയ സമൂഹമെന്ന നിലയിൽ സംഭവിച്ച ശിഥിലീകരണവും പ്രാന്തവത്കരണവും, രാഷ്ട്രമില്ലാത്ത ഒരു ജനതയായി മാറൽ എന്നിവയാണ് പലസ്തീൻ ജനത നേരിടുന്ന ദുരനുഭവം. തങ്ങളുടെ പ്രദേശത്ത് വലിഞ്ഞുകയറി വന്ന് ആധിപത്യം സ്ഥാപിച്ച ഇസ്രായേൽ " സ്വതന്ത്രപരമാധികാര രാഷ്ട്ര"മായി ഞെളിയുമ്പോൾ അവിടുത്തെ യഥാർത്ഥ നിവാസികൾ വംശഹത്യക്ക് വിധേയരാവുകയും അഭയാർത്ഥികളാക്കപ്പെടുകയും ചെയ്യുന്ന വിചിത്രമായ വൈപരീത്യമാണ് പലസ്തീനിൽ കാണുന്നത്. അന്താരാഷ്ട്ര സമൂഹം ഇതിന് മൂകസാക്ഷിയായി നിലകൊള്ളുന്നു. ആഗോള മൂലധനത്തിന്റെ താല്പര്യങ്ങളാണ് ഇസ്രായേലിനുള്ളത് എന്നതിനാൽ അവർ നടത്തുന്ന കടുത്ത അനീതികളും നഗ്നമായ മനുഷ്യാവകാശ ധ്വംസനങ്ങളും യു.എന്നിനുപോലും ചോദ്യം ചെയ്യാൻ കഴിയുന്നില്ല. സാമ്രാജ്യത്വശക്തികൾ ഇപ്പോഴും ഇസ്രായേലിന്റെ അക്രമത്തെ അപലപിക്കുന്നില്ല. ഗാസയിൽ യുദ്ധമര്യാദകൾ പോലും ലംഘിച്ച് വീടുകളും ആശുപത്രികളും പരക്കെ ബോംബിട്ട് തകർക്കുന്നതും കുട്ടികളെ വധിക്കുന്നതുമെല്ലാം അവരിൽ ഒരു ചലനവുമുണ്ടാക്കുന്നില്ല.

1948- ലെ നക്‌ബയെ അതിജീവിച്ച 14 വയസ്സുള്ള പലസ്തീനിയൻ പെൺകുട്ടിയുടെ യഥാർത്ഥ അനുഭവത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ഫർഹ.

യുദ്ധം അഥവാ യുദ്ധസമാനമായ അവസ്ഥ നിരന്തരാനുഭവമായ പലസ്തീൻ ജനതയുടെ വികാരവിചാരങ്ങളെയും പ്രതിരോധ ശ്രമങ്ങളെയും പ്രമേയമാക്കുന്ന നിരവധി കലാസാഹിത്യരചനകൾ മാത്രമാണ് എന്താണവിടെ നടക്കുന്നത് എന്നതിന്റെ യഥാർത്ഥ ചിത്രം നമുക്കുതരുന്നത്. മാദ്ധ്യമങ്ങൾ തമസ്കരിക്കുന്ന ജീവിതയാഥാർഥ്യങ്ങളുടെ സത്യസന്ധമായ ആവിഷ്കാരങ്ങളാണ് പലസ്തീനികളുടെ ജീവിതം പ്രമേയമാക്കിയ മികച്ച ചലച്ചിത്ര സൃഷ്ടികൾ.

ഫർഹ (2021), ഫൈവ് ബ്രോക്കൺ ക്യാമറാസ് (2012), 200 മീറ്റേഴ്സ് (2020) എന്നീ മൂന്ന് ശക്തമായ ചലച്ചിത്ര രചനകളെ ഉദാഹരിച്ച് പലസ്തീൻ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ അവ പ്രതിഫലിപ്പിക്കുന്നതെങ്ങനെ എന്ന് സംക്ഷിപ്തമായി ഒരു വിഹഗവീക്ഷണം നടത്തുന്നതിനു മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്.

ഫർഹ: വംശശുദ്ധീകരണത്തിന്റെ കഥ

1948- ലെ നക്‌ബയെ അതിജീവിച്ച 14 വയസ്സുള്ള പലസ്തീനിയൻ പെൺകുട്ടിയുടെ യഥാർത്ഥ അനുഭവത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ഫർഹ. സയോണിസ്റ്റ് പട്ടാളവും അവരുടെ പലസ്തീനിലെ ഒറ്റുകാരും ചേർന്ന് സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് മനുഷ്യരെ അറുകൊല നടത്തുകയും ഏഴു ലക്ഷത്തോളം ആളുകളെ അഭയാർത്ഥികളായി പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തു. ഗ്രാമം ആക്രമിക്കപ്പെട്ടപ്പോൾ സ്വന്തം മകൾ രക്ഷപ്പെടട്ടെ എന്ന് കരുതി ഗ്രാമത്തലവൻ  അടുക്കളയിൽ പൂട്ടിയിട്ട ഫർഹ എന്ന പെൺകുട്ടിയുടെ ദുഃസ്വപ്നസമാനമായ തീവ്രാനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂട്ടിയിട്ട വാതിലിന്റെ വിടവിനിടയിലൂടെ അവൾ കാണുന്ന നടുക്കുന്ന അക്രമങ്ങളിലൂടെയാണ് "വംശശുദ്ധീകരണ"വും ഇസ്രായേൽ രാഷ്ട്രസ്ഥാപനവും നടന്നതെങ്ങിനെ എന്ന് ചിത്രം നമുക്ക് കാട്ടിത്തരുന്നത്.

‘ഫര്‍ഹ’ സിനിമയില്‍ നിന്ന്
‘ഫര്‍ഹ’ സിനിമയില്‍ നിന്ന്

ഇസ്രായേൽ കടുത്ത വംശീയതയിലൂടെയും അധിനിവേശത്തിലൂടെയും പലസ്തീനികളെ തകർത്ത് ആ നാടിനുമേൽ ആധിപത്യം സ്ഥാപിക്കുകയാണ്. അപ്പോഴും നഗരവത്കരണത്തിന്റെയും ആധുനികതയുടെയുമൊക്കെ വക്താക്കളായ ചിലർ, ‘ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യു’മെന്ന ചൊല്ല് അന്വർത്ഥമാക്കുന്ന വിധത്തിൽ, പലസ്തീനികളെ ഒറ്റിക്കൊടുക്കുന്നുമുണ്ട്. ഫർഹയ്ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകണമെന്ന് അവളുടെ അച്ഛനെ കൊണ്ട് സമ്മതിപ്പിച്ച പുരോഗമനവാദിയായ ഇളയച്ഛനെ പിന്നീട് ഇസ്രായേൽ പട്ടാളക്കാർക്ക് പലസ്തീനികളുടെ താവളങ്ങൾ ചൂണ്ടിക്കാട്ടിക്കൊടുക്കുന്ന ഒറ്റുകാരനായി കാണുമ്പോൾ നമ്മൾ ഞെട്ടിപ്പോവും. തലയിൽ ചാക്കിട്ട് മുഖംമൂടി രണ്ടു കണ്ണുകൾ മാത്രം തുളയിലൂടെ കാണുന്ന ആ വേഷം പോലും ജുഗുപ്സാവഹമാണ്. എങ്കിലും പലസ്തീൻ ഒറ്റുകാരല്ല, സയോണിസ്റ്റ് ഭീകരവാദികൾ തന്നെയാണ് കൂട്ടക്കൊലകൾക്ക് ഉത്തരവാദികൾ എന്നത് മറന്നു കൂടാ.

കുടുംബത്തെ വധിച്ച് ഒരു നവജാത ശിശുവിനെ ചാവാൻ വിട്ട് ഇസ്രായേലി പട്ടാളം കടന്നുപോവുന്നുണ്ട്. വാതിൽ പൊളിച്ച് പുറത്തു വരാനും കുഞ്ഞിനെ രക്ഷപ്പെടുത്താനും ഫർഹ നടത്തുന്ന ശ്രമം വിജയിക്കുന്നില്ല. ഒടുവിൽ ഒരു പിസ്റ്റൾ കൊണ്ട് വാതിൽ തകർത്ത് പുറത്തുവന്ന അവൾ ഗ്രാമം വിട്ടുപോകുന്നു. ഫർഹ ഒരിക്കലും പിന്നെ അച്ഛനെ കണ്ടെത്തുന്നില്ല. നക്ബയിൽ അദ്ദേഹം മരിച്ചിരിക്കാം. പിന്നെ സിറിയയിലെത്തി അവളുടെ കഥ അവൾ പറയുകയാണ്.

ഫര്‍ഹ സിനിമയുടെ സംവിധായിക ദാരിന്‍ സലാം
ഫര്‍ഹ സിനിമയുടെ സംവിധായിക ദാരിന്‍ സലാം

ഇസ്രായേലി പട്ടാളക്കാർ പലസ്തീനി കുടുംബത്തെ ക്രൂരമായി വധിക്കുന്ന രംഗത്തെക്കുറിച്ച് ഇസ്രായേൽ മന്ത്രിമാരുൾപ്പെടെ കടുത്ത ഭാഷയിൽ ആക്ഷേപം ചൊരിഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ ചലച്ചിത്ര പ്രവർത്തകർക്കെതിരെ പ്രചാരണം നടത്തി. വെറുപ്പും വംശീയതയും നിറഞ്ഞ അധിക്ഷേപങ്ങളാണ് സംവിധായിക ദാരിൻ സലാമിന് നേരിടേണ്ടിവന്നത്. അവർ പറഞ്ഞു: "ആഗോളതലത്തിൽ ചിത്രത്തിനുലഭിക്കുന്ന പിന്തുണ ആവേശകരമാണ്. ആക്രമണത്തെ ചെറുക്കാൻ സഹായിക്കുന്ന എല്ലാവർക്കും നന്ദി. ചിത്രം നിലനില്ക്കുന്നു. ഞങ്ങൾ നിലനില്ക്കുന്നു. ഞങ്ങളെ ആർക്കും നിശ്ശബ്ദരാക്കാനാവില്ല." അധിനിവേശത്തിന്റെ അക്രമത്തിൽ ഗ്രാമത്തിന്റെ പ്രശാന്തതയും സാധാരണ മനുഷ്യരുടെ ജീവിതവും തകർക്കപ്പെടുന്നതെങ്ങിനെ എന്ന് ഹൃദയഭേദകമായ വിധത്തിൽ ചിത്രം പറഞ്ഞു വെക്കുമ്പോൾ സഹൃദയർ അനുഭവിക്കുന്ന വിമ്മിഷ്ടം വളരെ വലുതാണ്.

നടക്കുന്ന സംഭവങ്ങൾ ചിത്രീകരിച്ചുകൊണ്ടിരിക്കെ തുടരെത്തുടരെ അയാളുടെ അഞ്ചു ക്യാമറകൾ ഇസ്രയേൽ പട്ടാളം തകർത്തുകളയുന്നുണ്ട്.

ഫൈവ് ബ്രോക്കൺ ക്യാമറാസ്:
ഇസ്രായേൽ തകർത്ത ക്യാമറകൾ

വെസ്റ്റ്ബാങ്കിനടുത്ത ബിലിൻ എന്ന പലസ്തീൻ ഗ്രാമത്തിലെ കൃഷിഭൂമിയെ മുഴുവൻ നെടുകെ വിഭജിക്കുന്ന വിധത്തിൽ ഒരു കൂറ്റൻ മതിൽ നിർമിക്കാൻ ഇസ്രായേൽ ഒരുമ്പെടുന്നു. മതിലിനെതിരെ സ്വാഭാവികമായും ഗ്രാമവാസികളും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ആക്റ്റിവിസ്റ്റുകളും ശക്തമായി പ്രതിഷേധിക്കുന്നു. എമാദ് ബർനാത് എന്ന സാധാരണക്കാരൻ തന്റെ കുഞ്ഞിന്റെ വീഡിയോ എടുക്കാൻ വാങ്ങിയ ക്യാമറ ഉപയോഗിച്ച് മതിൽ നിർമാണത്തിന്റെയും അതിനെതിരായ ചെറുത്തുനിൽപ്പുകളുടെയും സർക്കാർ നടത്തുന്ന കടന്നാക്രമണങ്ങളുടെയും വീഡിയോകൾ രേഖപ്പെടുത്തിവെക്കുന്നു. ഇവയാണ് പിന്നീട് എഡിറ്റ് ചെയ്ത് പലസ്തീനിയൻ യാഥാർത്ഥ്യം ശക്തമായി ആവിഷ്കരിക്കുന്ന തകർക്കപ്പെട്ട അഞ്ചു ക്യാമറകൾ എന്ന ഡോക്യുമെന്ററി ചിത്രമായിത്തീരുന്നത്. നടക്കുന്ന സംഭവങ്ങൾ ചിത്രീകരിച്ചുകൊണ്ടിരിക്കെ തുടരെത്തുടരെ അയാളുടെ അഞ്ചു ക്യാമറകൾ ഇസ്രയേൽ പട്ടാളം തകർത്തുകളയുന്നുണ്ട്. എങ്കിലും ഓരോ ക്യാമറ നഷ്ടപ്പെടുമ്പോഴും മറ്റൊന്ന് സംഘടിപ്പിച്ച് വ്യക്തിപരമായ കാര്യങ്ങളും ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളും എല്ലാം എമാദ് ശ്രദ്ധയോടെ രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്. പിന്നീട് ഇസ്രായേലി സംവിധായകൻ ഗൈ ദാവീദിയെ കണ്ട് അയാളെ സഹസംവിധായകനാക്കി താൻ ഷൂട്ട് ചെയ്ത രേഖകളെ സിനിമയാക്കി മാറ്റുകയായിരുന്നു. പലസ്തീൻ ഗ്രാമീണർ നടത്തുന്ന ചെറുത്തുനിൽപ്പിലൂടെ അവർ കാഴ്ചവച്ച സഹനത്തിന്റെയും നീതിബോധത്തിന്റെയും പാഠങ്ങൾ ഇസ്രായേലി ആക്റ്റിവിസ്റ്റ് ആയ ദാവീദിയെപ്പോലും ആവേശഭരിതനാക്കുന്നുണ്ട്.

എമാദ് ബർനാത്
എമാദ് ബർനാത്

“ജനങ്ങളെ സംരക്ഷിക്കുവാനാണ് പടം പിടിച്ചത്. അതുകൊണ്ട് ഞാനത് തുടർന്നു; എന്റെ ജീവൻ അപകടത്തിലായേക്കാമെങ്കിൽപ്പോലും. ഞങ്ങൾ വസിക്കുന്ന പ്രദേശത്തെ ജീവിതം അങ്ങനെയാണ്. എല്ലാവരും ദുരിതമനുഭവിക്കുന്നവരാണ്. അതിനാല്‍ ചിത്രമെടുത്തുകൊണ്ടേ ഇരിക്കാന്‍ ഞാന്‍ തീരുമാനിച്ചു... പടം ഇസ്രായേലിലും കാണിച്ചു. പൊതുവേ നല്ല പ്രതികരണമായിരുന്നു ജനങ്ങളുടേത്. എങ്കിലും ചില മോശം പ്രതികരണങ്ങളും ഉണ്ടായി. പലരും കണ്ണടച്ചു നീങ്ങുന്നവരാണ്. ഞങ്ങളുടെ ജീവിതത്തെക്കുറിച്ചറിയാന്‍ അവര്‍ക്ക് താത്പര്യമില്ല. പാലസ്തീൻകാരെക്കുറിച്ച് അവർ ചിന്തിക്കുന്ന രീതി മാറേണ്ടതുണ്ട്. അവരുടെ മനോഭാവം മാറേണ്ടതുണ്ട്. ഞങ്ങളും മനുഷ്യരാണ്. അവര്‍ക്ക് വേണ്ടതാണ് ഞങ്ങള്‍ക്കും വേണ്ടത്. സമാധാനത്തോടെ ജീവിക്കണം. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം വേണം; ശാന്തി വേണം’’, എമാദ് പറയുന്നു.

ഓസ്കാർ നാമനിർദ്ദേശം ലഭിച്ച് അക്കാദമിയുടെ ക്ഷണപ്രകാരം എത്തിയതാണെന്നൊക്കെ പറഞ്ഞു നോക്കിയിട്ടും ഗൗനിക്കാതെ അവരെ ഒരു മുറിയിലാക്കി.

ഈ ചിത്രം 2013- ൽ അന്താരാഷ്ട്ര എമ്മി അവാർഡ് നേടി. അതേവർഷം, അക്കാദമി അവാർഡിന് ( ഓസ്കാർ ) നിർദ്ദേശിക്കപ്പെടുകയും ചെയ്തു. ഓസ്കാറിന് നിർദ്ദേശിക്കപ്പെട്ട ആദ്യ പലസ്തീൻ ചിത്രമായി ഇത്. എമാദിന് ഇത് ഏറ്റവും അഭിമാനകരമായിത്തോന്നിയത്, പാലസ്തീനിന്റെ അവസ്ഥയിലേക്ക് വലിയ തോതിൽ ആഗോള ശ്രദ്ധക്ഷണിക്കാനിടയാക്കും എന്നതുകൊണ്ടായിരുന്നു. ഇസ്താംബുളിൽ നിന്ന് ലോസ് ഏഞ്ചലസിലേക്ക് പറന്ന എമാദിനെയും കൂട്ടരെയും പലസ്തീനികളെന്ന പേരിൽ വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു. ഓസ്കാർ നാമനിർദ്ദേശം ലഭിച്ച് അക്കാദമിയുടെ ക്ഷണപ്രകാരം എത്തിയതാണെന്നൊക്കെ പറഞ്ഞു നോക്കിയിട്ടും ഗൗനിക്കാതെ അവരെ ഒരു മുറിയിലാക്കി.

തകർക്കപ്പെട്ട അഞ്ചു ക്യാമറകൾ എന്ന ഡോക്യുമെന്ററി ചിത്രത്തില്‍ നിന്ന്
തകർക്കപ്പെട്ട അഞ്ചു ക്യാമറകൾ എന്ന ഡോക്യുമെന്ററി ചിത്രത്തില്‍ നിന്ന്

ടെലിഫോൺ ഉപയോഗിക്കരുത്, മൊബൈൽ ഉപയോഗിക്കരുത്. മകന്‍ ജിബ്രീൽ അച്ഛനോട് ചോദിച്ചു, "എന്തുകൊണ്ടാണ് നമ്മളോട് അവരിങ്ങനെ ചെയ്യുന്നത്? നമ്മളെന്ത് തെറ്റ് ചെയ്തു?"
"പലസ്തീനിലെ ജനങ്ങൾ ഇസ്രായേൽ അധിനിവേശത്തിന്റെ ഫലമായി നിത്യജീവിതത്തിൽ നേരിടുന്ന ദുരനുഭവങ്ങളുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്- ജോലിക്ക് പോവുമ്പോൾ സ്കൂളിൽ പോവുമ്പോൾ, പാടത്ത് പോവുമ്പോൾ എവിടേക്ക് പോവുമ്പോഴും" എന്നായിരുന്നു എമാദിന്റെ മറുപടി. വംശവിവേചനത്തെ അംഗീകരിക്കാന്‍ പലസ്തീൻകാരുടെ മനസ്സിനെ പരുവപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നിരിക്കാം ഇവയൊക്കെ.

200 മീറ്റേഴ്സ്: വംശീയവിഭജനത്തിന്റെ മതിൽ
വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നിർമിച്ച മതിൽ കാരണം വേർതിരിക്കപ്പെട്ട് ഇരുവശങ്ങളിലുമായി ജീവിക്കേണ്ടിവരുന്ന ഒരു പലസ്തീൻ കുടുംബത്തിന്റെ കഥയാണ് ഈ ചിത്രം. പ്രശസ്ത അഭിനേതാവായ അലി സുലൈമാൻ അവതരിപ്പിക്കുന്ന മുസ്തഫ മതിലിനിപ്പുറം പലസ്തീനിൽ അമ്മയോടൊപ്പം കഴിയുന്നു. മതിലിനപ്പുറം കഷ്ടിച്ച് 200 മീറ്റർ അപ്പുറത്ത് ഇസ്രായേൽ അധിനിവേശ പ്രദേശത്ത് ഭാര്യ സൽവയും രണ്ട് മക്കളും കഴിയുന്നു. ഇസ്രായേലധീന പ്രദേശങ്ങളിലേക്കുള്ള പോക്ക് വരവിന് ഒട്ടേറെ നിയന്ത്രണങ്ങളും കടമ്പകളുമുണ്ട്. പലസ്തീൻകാരുടെ മൗലികാവകാശങ്ങളും സഞ്ചാരസ്വാതന്ത്ര്യവും തടയപ്പെട്ടിരിക്കുന്നു. സാൽവയ്ക്ക് ഇസ്രായേലി ഐഡി കാർഡുണ്ട്. അതുകൊണ്ട് യാത്രക്ക് തടസ്സമില്ല. രാഷ്ട്രീയ കാരണങ്ങളാൽ ഇസ്രായേൽ ഐ.ഡി കാർഡെടുക്കാൻ മുസ്തഫ വിസമ്മതിക്കുന്നു. അയാൾ വർക്ക് പെർമിറ്റ് എടുത്താണ് വല്ലപ്പോഴും അപ്പുറത്ത് പോവുന്നത്. ദിവസേന സ്വന്തം വീടുകളിൽ നിന്ന് അവർ പരസ്പരം ദൂരെ കാണും; സ്നേഹം കൈമാറും. ഫോണിൽ സംസാരിക്കും. ലൈറ്റ് ഓണാക്കിയും ഓഫാക്കിയും സന്ദേശങ്ങൾ കൈമാറും.
ഒരു ദിവസം മകന് അപകടം പറ്റി ആശുപത്രിയിലായപ്പോൾ അവനെ അടിയന്തരമായി കാണാൻ പോകാൻ മുസ്തഫയ്ക്ക് മാർഗ്ഗമൊന്നുമില്ല. ഏജന്റിന്‌ വൻ തുക കൊടുത്ത്, നിയമവിരുദ്ധമായി അതിർത്തി കടന്ന് 200 മീറ്ററോളം സഞ്ചരിച്ച് മകനെ സന്ദർശിക്കാനുള്ള ശ്രമമാണ് അയാൾ നടത്തുന്നത്. വഴിയിലുണ്ടാവുന്ന വിചിത്രമായ അനുഭവങ്ങൾ സിനിമയെ ഒരു റോഡ് മൂവിയുടെയും സാഹസ ചിത്രത്തിന്റെയുമൊക്കെ ജനുസ്സിൽപ്പെടുത്താവുന്നതാക്കുന്നുണ്ട്.

200 മീറ്റേഴ്സ്  സിനിമയില്‍ നിന്ന്
200 മീറ്റേഴ്സ് സിനിമയില്‍ നിന്ന്

ഭിത്തിയും യാത്രാ നിയന്ത്രണവും മൂലം അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ജീവിതമാണ്‌ പലസ്തീൻകാർക്ക് ജീവിക്കേണ്ടി വരുന്നത്. അവർക്ക് ഭിത്തി വെറും ഭിത്തി മാത്രമല്ല. അത് മനുഷ്യർക്കിടയിലുള്ള കടുത്ത വിഭജനത്തിന്റെ ഒരു രൂപകമായി മാറുന്നുണ്ട്. വംശീയ വിഭജനത്തിന്റെ മതിലാണത്. യാത്രയ്ക്കൊരുങ്ങുന്ന 99% പലസ്തീനികൾക്കും ദൈനംദിന ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന അസംബന്ധം നിറഞ്ഞ തടസ്സങ്ങളാണ് താൻ ആവിഷ്കരിച്ചതെന്ന് സംവിധായകൻ അമീൻ നയ്ഫെ പറഞ്ഞിട്ടുണ്ട്. നയ്ഫെയുടെ അമ്മ പലസ്തീൻ ഭാഗത്തായിരുന്നു. ''മതിലുയർന്നപ്പോൾ ഞങ്ങളുടെ കുടുംബവും ബന്ധുക്കളും ബാല്യകാല സുഹൃത്തുക്കളുമൊക്കെ ഞങ്ങളിൽ നിന്നും വേർപെടുത്തപ്പെട്ടു".

32 കോളനികളിലായി കഴിയുന്ന 11000 പലസ്തീൻകാർ ഇപ്പോൾ വൻമതിലിനും ഗ്രീൻ ലൈനിനുമിടയിലുള്ള പ്രദേശത്ത് അകപ്പെട്ട് കിടക്കുകയാണ്.

"ഇതെന്റെ കഥയാണ്" എന്ന് നിരവധി പലസ്തീൻകാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മതിലു കൊണ്ട് വിഭജിക്കപ്പെട്ട മനുഷ്യരുടെ നൊമ്പരങ്ങളും ദുരിതങ്ങളും ഇത്രയധികം സൂക്ഷ്മതയോടെ സാക്ഷാത്കരിച്ച സിനിമകൾ ഏറെയില്ല. 712 കി. മീ നീളത്തിലുള്ള വെസ്റ്റ് ബാങ്കിലെ മതിൽ  പലസ്തീനികളെ വീണ്ടും അകറ്റാനും ഇസ്രയേലിന് ഗ്രീൻലൈനിൽപ്പെട്ട കൂടുതൽ പ്രദേശങ്ങളിലേക്ക് അതിക്രമിച്ച് കയറാനും സൗകര്യം നൽകുന്ന വിധത്തിലാണ് നിർമിച്ചിട്ടുള്ളത്. 32 കോളനികളിലായി കഴിയുന്ന 11000 പലസ്തീൻകാർ ഇപ്പോൾ ഈ വൻമതിലിനും ഗ്രീൻ ലൈനിനുമിടയിലുള്ള പ്രദേശത്ത് അകപ്പെട്ട് കിടക്കുകയാണ്. ജോലി, വിദ്യാഭ്യാസം, ചികിത്സ, കുടുംബ ജീവിതം, ഉപജീവനം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്കായി പലസ്തീൻകാർക്ക് പോകേണ്ടി വരുന്ന സഞ്ചാരപാതകളെ വളഞ്ഞുപുളഞ്ഞുപോകുന്ന ഈ മതിൽ ശിഥിലമാക്കിയിരിക്കുന്നു.

200 മീറ്റേഴ്സ്  സിനിമയുടെ സംവിധായകന്‍ അമീൻ നയ്ഫെ
200 മീറ്റേഴ്സ് സിനിമയുടെ സംവിധായകന്‍ അമീൻ നയ്ഫെ

പലസ്തീനികൾ അധിവസിക്കുന്ന വെസ്റ്റ് ബാങ്ക് പ്രദേശത്തും ജോർദാനിലുമായി ചിത്രീകരിച്ച ഈ മൂന്ന് ചിത്രങ്ങളും ഇസ്രായേലിന്റെ തെമ്മാടിത്തം മൂലം അവർ ദൈനംദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങളുടെ സങ്കീർണ്ണതയെ കുറിച്ചും ദുരന്ത സാദ്ധ്യതകളെക്കുറിച്ചും പ്രേക്ഷകർക്ക് ഒരേകദേശ ധാരണ നൽകും. യുദ്ധവും ഇസ്രായേലിന്റെ കടന്നാക്രമണവും അവരെ സംബന്ധിച്ചിടത്തോളം മുക്കാൽ നൂറ്റാണ്ടായി അവരെക്കൊണ്ട് തീ തീറ്റിക്കുന്ന നിത്യാനുഭവമാണ്. അതിന് എന്നും അറുതിയുണ്ടായിരുന്നില്ല. സ്വന്തം നാട്ടിൽ അന്യരാക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്ന, വേരുകൾ പറിച്ചെറിയപ്പെടുന്ന ഒരു ജനതയുടെ വേദന സാഹിത്യത്തിനും സിനിമ പോലുള്ള കലാരൂപങ്ങൾക്കുമല്ലാതെ ആവിഷ്ക്കരിക്കുക സാദ്ധ്യമല്ല. ഹമാസ് സൃഷ്ടിച്ച പ്രകോപനം മൂലമാണ് ഇസ്രായേൽ ഇപ്പോൾ ഗാസയിൽ വംശഹത്യ നടത്തുന്നത് എന്നൊക്കെ വ്യാഖ്യാനം രചിക്കാൻ ശ്രമിക്കുന്ന വക്രബുദ്ധികൾ ചരിത്രത്തെ തമസ്കരിക്കുകയാണ്. അക്കൂട്ടർ വെറും സാമ്രാജ്യത്വ പക്ഷപാതികൾ മാത്രമല്ല; മനുഷ്യാവകാശ നിഷേധികളുമാണ് എന്ന് ഈ ചിത്രങ്ങൾ കാണുന്നവര്‍ക്ക് ബോദ്ധ്യപ്പെടും.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments