ഉന്മാദിനികൾ ആടിത്തിമിർത്ത തിരശ്ശീലകൾ

ആദ്യകാല മലയാള സിനിമകളിലെ കാബറേ നൃത്തം മുതൽ കിംങ്ങ് ഓഫ് കൊത്തയിലെ ഐറ്റം ഡാൻസ് വരെയുള്ള സിനിമയിലെ നൃത്തശരീരങ്ങളെ ചരിത്രപരമായി പരിശോധിക്കുന്നു.

ലയാളിയുടെ പലതരം സ്വാഭാവിക ശരീരചലനങ്ങളെ നൃത്തത്തിൽ വിളക്കിച്ചേർത്തത് മലയാളസിനിമയായിരിക്കാം. നൃത്തം അറിയാത്തവർക്കും അവരുടെ സ്വാഭാവിക ചലനങ്ങളെ താളാത്മകമായി ചലിപ്പിക്കാനും ജനകീയമാക്കാനും സിനിമാനൃത്തങ്ങൾ സഹായിച്ചിട്ടുണ്ട്. ഒരു കാലത്ത് ശരീരഭാഗങ്ങളുടെ ചലനങ്ങളെ ഇറോട്ടിക്കായി കണ്ടിരുന്ന ഒരു സമൂഹത്തിൽനിന്ന് നോട്ടത്തിലെ അശ്ലീലത്തെ എടുത്തുമാറ്റി സ്വാഭാവികമാക്കി പുനർനിർമിക്കാൻ സിനിമാനൃത്തങ്ങൾക്കിന്ന് സാധിച്ചിട്ടുണ്ട്.

എന്റെ കൗമാരപ്രായത്തിൽ വീടിനടുത്തുള്ള അയ്യപ്പൻകാവിൽ ‘കടമിഴിയിൽ കമലദളം’ എന്ന ഗാനത്തിന് നാട്ടിലെ പെൺകുട്ടികളുമായിച്ചേർന്ന് സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ചു. ആദ്യമെല്ലാം നൃത്തം നന്നായി എന്നുപറഞ്ഞ നാട്ടുകാർ തന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ മാറ്റി പറഞ്ഞു. പലരും രഹസ്യമായി എന്നോട് അയ്യപ്പന്റെ അമ്പലത്തിൽ ഇത്തരം നൃത്തം ചെയ്യാൻ പാടുണ്ടോ, ക്ലാസിക്കൽ നൃത്തം ചെയ്യുന്ന ശ്രീദേവി എന്തിനാണ് അമ്പലത്തിൽ ഇത്തരം നൃത്തം ചെയ്തത് എന്നൊക്കെ ചോദിക്കാൻ തുടങ്ങി. അന്നാണ് നൃത്തത്തിനകത്തെ വരേണ്യതയെ ആദ്യമായി തിരിച്ചറിയുന്നത്. വരേണ്യതക്കപ്പുറം സിനിമാറ്റിക് നൃത്തം സദാചാരവിരുദ്ധമായി കൂടി നിലകൊള്ളുന്നതായി എനിക്കുതോന്നി. സദാചാര കോണിലൂടെയായിരുന്നു ഞാനന്ന് ചോദ്യങ്ങൾ നേരിട്ടത്. ഇത് സിനിമാനൃത്തത്തെക്കുറിച്ച് കൂടുതൽ ആലോചിക്കാൻ എനിക്കുള്ള പ്രേരണകളിൽ ഒന്നായിരിക്കണം.

“ഞാന്‍ നടന്നാല്‍ തുളുമ്പും നിതംബം
എന്റെ മാറില്‍ തുടിക്കും തേന്‍‌കുടം
ഈ നഗ്നനാഭിതന്‍ സ്ത്രൈണഭംഗിയില്‍
കാമമുണരും നിങ്ങളില്‍
വൺ ഇൻ വൺ ത്രീ മിനിറ്റ്സ്
തീര്‍ന്നു പുരുഷ പൗരുഷം
ഞാന്‍ നടന്നാല്‍ തുളുമ്പും നിതംബം”

ഇലവീഴാപൂഞ്ചിറ സിനിമയിലെ സുധി കോപ്പയുടെ ഐറ്റം ഡാന്‍സ്

മറവിലേക്ക് മാഞ്ഞുപോയ ഈ ഗാനം വീണ്ടും മറ നീക്കി എത്തിയത് ഈ അടുത്ത കാലത്തിറങ്ങിയ ത്രില്ലർ ചിത്രമായ ഇലവീഴാപൂഞ്ചിറയിലൂടെയാണ്. സുധി കോപ്പ ഈ പാട്ടിനൊത്ത് ചെയ്യുന്ന ഐറ്റം ഡാൻസാണ് രംഗത്ത്. ഈ ഐറ്റം ഡാൻസിലൂടെ പഴയകാല കാബറേ നൃത്തം സ്മൃതി പഥത്തിലേക്കെത്തി. “അധരങ്ങൾ വിതുമ്പുന്നു” എന്ന സിനിമയിൽ, തമലം തങ്കപ്പൻ വരികൾ എഴുതി പി.എസ്. ദിവാകർ സംഗീതം ചെയ്ത്, എൽ.ആർ. ഈശ്വരി പാടിയ “ഞാന്‍ നടന്നാല്‍ തുളുമ്പും നിതംബം” ഗാനമാണ്, ഇലവീഴാപൂഞ്ചിറയുടെ ആദ്യ ട്രെയിലറിൽ. സിനിമയിലെ ഒരു കഥാപാത്രസ്വഭാവത്തിന്റെ പ്രതീകാത്മക ചിഹ്നമായി ഈ ഗാനം മാറുന്നു.

ദ്വയാർത്ഥമുള്ള ഒരു ഗാനത്തിന് നൃത്തം ചെയ്യുന്ന അൽപവസ്ത്രധാരിയായ സ്ത്രീയാണ് ഗാനരംഗത്തിന്റെ പ്രധാന ആകർഷണം. കാണിയുടെ രതിഭാവനയുടെ ആഖ്യാനഭൂപടമാകുന്നു അവളുടെ ശരീരവും.

ആധുനിക നഗരത്തിന്റെ സാമൂഹിക- സാംസ്കാരിക ചരിത്രത്തിൽ നിർണായകമായ ഒന്നാണ് നിശാക്ലബ്ബുകളും കാബറേ നൃത്തവും. സിനിമയിലെ കാബറേ നൃത്തത്തിന്റെ ചരിത്രം യൂറോപ്പിലെ കാബറേ സംസ്കാരത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ആദ്യകാല സിനിമകളിലെ കാബറേ നൃത്തം മുതൽ കിംങ്ങ് ഓഫ് കൊത്തയിലെ ഐറ്റം ഡാൻസ് വരെയുള്ള സിനിമയിലെ നൃത്തശരീരം ചരിത്രപരമായി പരിശോധിക്കുകയാണ് ഇവിടെ.

സിനിമയിലെ ‘മസാല’ ഘടകമായാണ് ഐറ്റം ഡാൻസിനെ കാണുന്നത്. 'മസാല' എന്നത് ഭക്ഷണത്തിന്റെ രുചിക്കൂട്ടാണ്. 'മസാല' എന്ന പ്രയോഗത്തിന്റെ ധ്വനി, സിനിമയുടെ രുചിക്കൂട്ടാണ് ഐറ്റം ഡാൻസ് എന്നതാണ്. ആദ്യകാല കാബറേയിൽ തുടങ്ങുന്നു ഇതിന്റെ ചരിത്രം. ദ്വയാർത്ഥമുള്ള ഒരു ഗാനത്തിന് നൃത്തം ചെയ്യുന്ന അൽപവസ്ത്രധാരിയായ സ്ത്രീയാണ് ഗാനരംഗത്തിന്റെ പ്രധാന ആകർഷണം. കാണിയുടെ രതിഭാവനയുടെ ആഖ്യാനഭൂപടമാകുന്നു അവളുടെ ശരീരവും.

കായംകുളം കൊച്ചുണ്ണി എന്ന സിനിമ പുറത്തിറങ്ങുന്നതിനു മുമ്പേ ചിത്രത്തിലെ നോറ ഫത്തേഹിയുടെ ഐറ്റം ഡാൻസ് സോഷ്യൽ മീഡിയകളിൽ തരംഗമായി. ഐതിഹ്യമാലയിൽ നിന്നിറങ്ങി വന്ന ഐറ്റം ഡാൻസ് എന്ന തരത്തിലുള്ള ട്രോളുകളും ഒപ്പമുണ്ടായി. ഐറ്റം ഡാൻസ് ഏതുതരം സിനിമയുടെയും അവിഭാജ്യഘടകമാകുന്നതിനെ ട്രോളിയതാണ്. ലൂസിഫറിനെ ഇളക്കി മറിച്ച വാലുഷ ഡിസൂസ എന്ന ഗോവൻ മോഡലിൻ്റെ ഐറ്റം ഡാൻസ്, മധുരരാജയിലെ സണ്ണി ലിയോണിന്റെ ‘മോഹമുന്തിരി വാറ്റിയ രാവ്’, പുഷ്പ എന്ന സിനിമയിലെ ‘ഓ ആന്തവാ’ എന്ന സാമന്തയുടെ ഐറ്റം ഡാൻസ്, ജയിലറിലെ ‘വാ നു കാവാലയ്യ..’ എന്ന തമന്നയുടെ ഐറ്റം ഡാൻസ് എന്നീ നൃത്തങ്ങൾ മാസ് സിനിമയുടെ പ്രധാന ചേരുവയാണ് ഐറ്റം ഡാൻസ് എന്നു തെളിയിക്കുന്നു. ഹെട്രോ സെക്ഷ്വലായ സാമൂഹികക്രമത്തിൽ പുരുഷലൈംഗികതയുടെ ആധിപത്യം സ്ഥാപിക്കുന്ന ഇടമാകുന്നു ഐറ്റം ഡാൻസ്.

കാബറേ നൃത്തത്തിന്റെ ഡാൻസ് കൊറിയോഗ്രാഫിയിൽ പുരുഷനോട്ടം പ്രകടമാണ്, പുരുഷകാഴ്ചക്കാരെ ആകർഷിക്കാനുള്ള പുരുഷനിർമിതിയുടെ പുരുഷക്കാഴ്ചയാണിത്.

ബെല്ലി ഡാൻസ് പോലുള്ള വിവിധ നൃത്ത ശൈലിയുടെ ഘടകങ്ങളെ സംയോജിപ്പിക്കുന്ന, സ്ട്രിപ്റ്റീസ് ഷോകൾക്ക് സമാനമായ രീതിയിൽ പ്രകോപനപരവും ഊർജ്ജസ്വലവുമായ പ്രകടനങ്ങളാൽ സവിശേഷമായ വിനോദരൂപമാണ് കാബറേ നൃത്തം. പലപ്പോഴും ലൈംഗിക പ്രകോപനപരമായി ഇത് ചിത്രീകരിക്കപ്പെടുന്നു. സിനിമയിലെ ‘നർത്തകി / വേശ്യ കഥാപാത്രത്തിന്റെ’ ജീവിതവുമായി ബന്ധപ്പെട്ടാണ് അവതരിപ്പിക്കപ്പെടുന്നത്.

കാബറേ നൃത്തത്തിന്റെ ഡാൻസ് കൊറിയോഗ്രാഫിയിൽ പുരുഷനോട്ടം പ്രകടമാണ്, പുരുഷകാഴ്ചക്കാരെ ആകർഷിക്കാനുള്ള പുരുഷനിർമിതിയുടെ പുരുഷക്കാഴ്ചയാണിത്. സാമൂഹികബന്ധങ്ങളിലെ സ്ത്രീ- പുരുഷ നിർവചനങ്ങൾ, ജാതി, മതം, സമൂഹം, വർഗം, ലൈംഗികത, തുടങ്ങിയ സങ്കീർണതകളെ മുൻനിർത്തിയാണ് നടനശരീരവും കാണിയും തമ്മിലുള്ള ബന്ധം സംജാതമാവുന്നത്. സ്ത്രീയെ ഉടലോടെ കാണുന്ന ഒരു വ്യവസ്ഥിതിയുടെ സ്ഥുരണങ്ങൾ ദൃശ്യാനുവർത്തങ്ങളിൽ കാണാം. പൗരുഷപ്രകടനങ്ങളുടെ വേദിയാവുന്ന സിനിമകളിൽ ഒന്നിലധികം കാബറേകൾ ഉണ്ടാകാറുണ്ട്. പരമ്പരാഗത പുരുഷത്വത്തിന്റെ സാംസ്കാരിക നിർമിതികളും സിനിമയും തമ്മിലുള്ള ബന്ധം പരിശോധിക്കേണ്ടതാണ്.

‘കായംകുളം കൊച്ചുണ്ണി’ സിനിമയിലെ നോറ ഫത്തേഹിയുടെ ഐറ്റം ഡാന്‍സ്

സിനിമയിലെ പുരുഷാവിഷ്കാരം, മിത്തുകൾ, ചിഹ്നങ്ങൾ, രൂപകങ്ങൾ, സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ച് അതിഭാവുകത്വ സാങ്കൽപ്പിക പുരുഷ കഥാപാത്രങ്ങളെ നിർമിക്കുന്നു. ഇവിടെ പുരുഷത്വ ആവിഷ്കരത്തിന്റെ അപരമായിവരുന്ന സ്ത്രീ ലൈംഗികവൽക്കരിക്കപ്പെടുന്നു.

ഉച്ചത്തിൽ ലൈംഗികതയെ ആഘോഷിക്കുന്ന വരികളാണ് കാബറേ നൃത്തത്തിന് അകമ്പടി സേവിക്കുന്നത്. അതോടൊപ്പം, ശീൽക്കാര ശബ്ദങ്ങളും താളത്തിൽ ലയിപ്പിക്കുന്നു. സംഗീതത്തിന്റെ ഭൂപടത്തിലാണ്, ദൃശ്യങ്ങളും ആശയങ്ങളും നൃത്തസംവിധായകർ കൊത്തിവെക്കുന്നത്. പ്രകോപനപരമായ വസ്ത്രങ്ങളും, ഭാവങ്ങളും നൃത്തത്തിൽ കാണാം. സ്ത്രീകൾക്ക് അന്യമായിരുന്ന ബാറുപോലുള്ള സ്ഥലങ്ങളിലാണ് നൃത്തം അവതരിപ്പിക്കുന്നത്. ബാറിലേക്ക് വരുന്ന സ്ത്രീ തന്നെ സദാചാരത്തിന് പുറത്തുനിൽക്കുമ്പോൾ ബാറിൽ നൃത്തം ചെയ്യുന്ന സ്ത്രീ സദാചാരവിരുദ്ധയാകുന്നതിൽ തർക്കമില്ല.

നഗരങ്ങൾ വ്യവസായത്തിനും വാണിജ്യത്തിനുമുള്ള ഇടങ്ങളായി മാറിയപ്പോൾ, കാബറേകളും, ഹോട്ടലുകളും, ബാറുകളും, തിയേറ്ററുകളും, സിനിമകളും, അമ്യൂസ്‌മെന്റ് പാർക്കുകളും പുതിയ സാമൂഹിക സ്ഥാപനങ്ങളായി ഉയർന്നുവന്നു. കേരളത്തിൽ കാബറെ നൃത്തങ്ങളുള്ള ബാറുകൾ ഉണ്ടായിരുന്നു. 2005-ലാണ് ബോംബെ നഗരത്തിൽ കാബറേ നൃത്തങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഈ വിഷയത്തെ ആസ്പദമാക്കി മീരാ നായർ 1985-ൽ പുറത്തിറക്കിയ 'ഇന്ത്യ കാബറേ' എന്ന ഡോക്യുമെൻററിയിൽ മദ്യം കഴിച്ചു കൊണ്ടിരിക്കുന്ന ആണുങ്ങൾ പറയുന്ന ഒരു സംഭാഷണമുണ്ട്:

മീരാ നായരുടെ 'ഇന്ത്യ കാബറേ' ഡോക്യുമെൻററിയിൽ നിന്ന്

ഒരാൾ: എല്ലാ പുരുഷനും രണ്ടു മുഖമുണ്ട്. കുടുംബക്കാർ എല്ലാവരും ഇരിക്കുമ്പോൾ അയാൾക്ക്, ഞാൻ കാബറേ കാണാൻ പോകുമെന്ന് പറയാൻ കഴിയാത്ത സദാചാരമുഖം. അയാൾ മദ്യം കഴിക്കുന്നതുപോലും ഒളിച്ചാണ്.

രണ്ടാമത്തെ ആൾ: കാബറേ, പ്രോസ്റ്റിറ്റ്യൂഷൻ. ഏതൊരു സൊസൈറ്റിയിലെയും ബഹുമാന്യരായ ആളുകൾ ഇത്തരം സ്ഥലങ്ങളിൽ പോകാറുണ്ട്. പക്ഷേ സമൂഹത്തിൽ അവർ മാന്യന്മാരാണ്.

പുരുഷന്റെ ഇരട്ടമുഖമാണ് ആണത്ത മലയാള സിനിമയുടെ ആഖ്യാനപരിസരമാകുന്നത്. ഒരു പക്ഷേ ഈ ആഖ്യാനം സിനിമയുടെ നിർമിതി കൂടിയായി കാണാം.

ആദ്യത്തെ ആൾ: ഇതിനെയാണ് ഹിപ്പോക്രസി എന്ന് വിളിക്കുന്നത്. എല്ലാവർക്കും ഹിപ്പോക്രസി ഇഷ്ടമാണ്. ആണുങ്ങൾ എന്താണ് ആലോചിക്കുന്നത്? അവന് എന്ത് വൃത്തികേടും ചെയ്യാം പക്ഷേ അവന്റെ ഭാര്യ വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ നിൽക്കണം. അവന് പരിശുദ്ധയായ കന്യക തന്നെ വേണം. അവൾക്ക് ഒരു പുരുഷനെ ഉണ്ടാകാൻ പാടുള്ളൂ. പുരുഷന് ആരുടെ കൂടെ വേണമെങ്കിലും കിടക്കാം.

പുരുഷന്റെ ഇരട്ടമുഖമാണ് ആണത്ത മലയാള സിനിമയുടെ ആഖ്യാനപരിസരമാകുന്നത്. ഒരു പക്ഷേ ഈ ആഖ്യാനം സിനിമയുടെ നിർമിതി കൂടിയായി കാണാം. സിനിമക്കകത്ത് നന്മയുടെ വൈരുദ്ധ്യത്തിലാണ് കാബറേ പോലുള്ള ശരീരവ്യവഹാരങ്ങൾ സജീവമാവുന്നത്. നേരത്തെ പറഞ്ഞ സംഭാഷണശകലത്തിൽ ഒതുക്കാവുന്നതാണ് ഇന്ത്യൻ സിനിമയുടെ തന്നെ പ്രമേയ ചരിത്രം.

പുഷ്പ സിനിമയിലെ സാമന്തയുടെ ഐറ്റം ഡാൻസ്

മലയാളസിനിമയിലെ
കാബറേ തരംഗം

കോട്ടയം കൊലക്കേസ് (1967), കല്യാണ രാത്രിയിൽ (1966), കൊച്ചിൻ എക്സ്പ്രസ് (1967) ഡെയ്ഞ്ചർ ബിസ്ക്കറ്റ് (1969) എന്നീ പടങ്ങളിലൂടെയാണെന്നു തോന്നുന്നു കാബറേ നൃത്തം മലയാള സിനിമയിൽ സജീവമായത്. ജൂനിയർ ആർട്ടിസ്റ്റുകളാണ് ആദ്യ കാലത്ത് ഈ രംഗത്ത് നൃത്തം ചെയ്തിരുന്നത്. 70 കളിൽ പുറത്തിറങ്ങിയ കുറ്റാന്വേഷണസിനിമകളിലെ കൊള്ളസംഘങ്ങളിൽ കാണുന്ന പതിവ് നൃത്തമായി മാറി കാബറേ. മാസ് സിനിമകളുടെ സമവാക്യമായ കാബറേ ഡാൻസ്, പിന്നീട് ഐറ്റം ഡാൻസ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ജ്യോതിലക്ഷ്മി, ജയമാലിനി, സീമ, സിൽക്ക് സ്മിത, അനുരാധ, ഡിസ്കോ ശാന്തി, സാധന തുടങ്ങി കാബറേ നൃത്തം ചെയ്ത നർത്തകിമാർ തന്നെ സിനിമക്കുണ്ടായിരുന്നു. കാബറേ നൃത്തം ഐറ്റം ഡാൻസ് എന്ന നിലയിൽ ഖ്യാതി നേടിയപ്പോൾ ജ്യോതിർമയി, റോമ, മൈഥിലി, റായ് ലക്ഷ്മി, പത്മപ്രിയ, രമ്യ നമ്പീശൻ തുടങ്ങിയ നായിക നടിമാരും ഐറ്റം ഡാൻസിന്റെ ആകർഷകങ്ങളായി.

കൊള്ളസംഘങ്ങളിളും ബാറുകളിലും ഇറോട്ടിക് ആയി അവതരിപ്പിച്ചിരുന്ന നൃത്തത്തെ എല്ലാവരും പങ്കെടുക്കുന്ന ക്ലബിലേക്ക് മാറ്റിപാർപ്പിച്ചു സീമയുടെ നായികാശരീരം.

1960-കളിൽ തുടങ്ങിയ കാബറേ തരംഗത്തിൽ സാധന, ജ്യോതിലക്ഷ്മി, ജയകുമാരി എന്നിവരാണ് ആദ്യം കാബറേ ചെയ്തിരുന്നത്. ജയഭാരതി മധുവിധു എന്ന സിനിമയിലും വിജയശ്രീ ദത്തുപുത്രൻ എന്ന സിനിമയിലും വന്നു. ദത്തു പുത്രനിൽ ജയഭാരതി ഉപനായികയും വിജയശ്രീ കാബറേ നർത്തകിയുമാണ്. എഴുപതുകളിലെ പ്രധാന നടിയായ വിജയശ്രീ നിരവധി സിനിമകളിൽ കാബറേ വേഷം ചെയ്തിട്ടുണ്ട്. ദത്തുപുത്രൻ (1970), ലങ്കാദഹനം (1971), മന്ത്രകോടി (1972), തനിനിറം (1973), പാവങ്ങൾ പെണ്ണുങ്ങൾ (1973), എറണാകുളം ജംഗ്ഷൻ (1971), പോസ്റ്റുമാനെ കാണാനില്ല (1972), പഞ്ചവടി (1973), ശിക്ഷ (1971), നവവധു (1971), രാത്രിവണ്ടി (1971), തപസ്വിനി (1971), പ്രതികാരം (1972), കണ്ടവരുണ്ടോ (1972), പ്രൊഫസർ (1972), മറവിൽ തിരിവ് സൂക്ഷിക്കുക (1972) തുടങ്ങിയ സിനിമകളിൽ വിജയശ്രീ കാബറേ ചെയ്തിട്ടുണ്ട്. എൽ.ആർ. ഈശ്വരിയുടെ മയക്കുന്ന ശബ്ദമാണ് കാബറേ നൃത്തങ്ങൾക്കുള്ള സംഗീതപാഠങ്ങളാകുന്നത്. ചില സിനിമകളിൽ മാധുരിയും പാടിയിടുണ്ട്. കാബറേ നൃത്തത്തിന്റെ പടത്തോടെയാണ് അന്ന് പോസ്റ്ററുകൾ പോലും ഇറങ്ങിയിരുന്നത്. 1986- ൽ കാബറേ ഡാൻസർ എന്ന പേരിൽ സിനിമതന്നെയുണ്ടായി.

“നീ മായല്ലേ എൻ മഴവില്ലേ
ഇതു മധുവിധു നാളല്ലേ
നിൻ പ്രഭയല്ലേ രതിഭാവവുമായ്
പുളകം ചൊരിയുന്നു,
രാവുണർന്നല്ലോ എൻ മോഹമുദിച്ചല്ലോ
ഈ തൂമഞ്ഞും ചന്ദ്രികയും മണിയറ തീർക്കുന്നു.’’
- (തടവറ, 1981)

‘നീ മായല്ലേ മറയല്ലേ’ ഗാനരംഗത്തില്‍ നിന്ന്

മലയാള സിനിമയെ വിറപ്പിച്ച എക്കാലത്തെയും വില്ലന്മാരായ ജോസ് പ്രകാശും എം. എൻ. നമ്പ്യാരും മുഖമുഖം വരുന്ന സിനിമയാണ് തടവറ. ഭയപ്പെടുത്തുന്ന ഈ രണ്ടു വില്ലന്മാരുടെയും സംഘത്തിന്റെ ഭീകരതയെ അവതരിപ്പിക്കുന്ന ഒരു ഗാനമാണ് ‘നീ മായല്ലേ മറയല്ലേ’. ജനകീയമായ കാബറേ ഗാനങ്ങളിൽ ഒന്നായി ഇത് ഇന്നും പ്രശസ്തമാണ്. രണ്ട് വില്ലന്മാരുടെ വീരത്തെ അഭിമുഖീകരിക്കുന്നത് കാബറേയുടെ അതിലാസ്യമാണ്. ലാസ്യത്തിന്റെയും ക്രൗര്യത്തിന്റെയും വൈരുദ്ധ്യാത്മകതയാണ് പുരുഷ (വില്ലനും, നായകനും) വീരത്തെ വർദ്ധിപ്പിക്കുന്നത്.

1985- ൽ ജീവന്റെ ജീവൻ എന്ന സിനിമയിൽ കാബറേക്കുവേണ്ടിയുള്ള സംഗീതത്തിനൊപ്പം രതിയിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന ശീൽക്കാരങ്ങൾ പോലുള്ള ശബ്ദങ്ങളാണ് കാബറേ നൃത്തത്തിനുള്ള സംഗീതമാകുന്നത്. രണ്ടു പേർ രതിയിലേർപ്പെടുന്ന പോലെയുള്ള ചുവടുകളാണ് ഈ നൃത്തരംഗത്ത്:

ഹാ മാംസപുഷ്പം വിടർന്നു
എന്റെ മാറിലെ തേൻകുടങ്ങൾ തുടുത്തു…

കൊള്ളസംഘത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മറ്റൊരു നൃത്തമാണിത്. കാബറേ നൃത്തത്തെ കൂടുതൽ മാദകമാകുന്നത് അതിന്റെ വരികൾ തന്നെയാണ്. മദ്യത്തോടൊപ്പം കൊള്ളസംഘത്തിൽ രതി കൂടി വിളമ്പുന്നതായാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്. കൊള്ളസംഘത്തിലെ എല്ലാ പുരുഷന്മാരും നൃത്തം ചെയ്യുന്ന സ്ത്രീശരീരത്തിലേക്ക് നോട്ടശരങ്ങൾ അയക്കുന്നു.

‘ഹാ മാംസപുഷ്പം’ ഗാനരംഗത്തില്‍ നിന്ന്

ഇന്ന് നമ്മൾ രമിക്കുക
നാളെ എന്നത് മറക്കുക
നാണം എന്നത് പഴങ്കഥ
നാരി വെറുമൊരു കടങ്കഥ - കൊച്ചിൻ എക്സ്പ്രസ് എന്ന സിനിമയിൽ വി. ദക്ഷിണാമൂർത്തി സംഗീതം നൽകിയ ഗാനമാണിത്. നർത്തകിയുടെ കാലിന്റെ സമീപദൃശ്യത്തിൽ നിന്നാണ് നൃത്തം ആരംഭിക്കുന്നത്. ശരീരം ഇളക്കി നർത്തകി 'ഇന്നു നമ്മൾ രമിക്കുക' എന്നുപാടി മദാലസയായി നടന്നു വരുന്നു. ഓരോ ടേബിളിന്റെയും അടുത്തുചെന്ന് നൃത്തം ചെയ്യുന്നു. നൃത്തം കാണാനിരിക്കുന്നവരോട് പറയുന്ന പോലെയാണ് ഈ വരികൾ. നാലു പുരുഷന്മാർ അവളുടെ കൂടെ നൃത്തം വയ്ക്കുന്നുണ്ട്. അതിൽ ഒരു പുരുഷനാണ്, നാണം എന്നത് പഴങ്കഥ എന്നുപറയുന്നത്. കൃത്യമായി ലൈംഗികതയുടെ സന്ദേശമാണ് ഓരോ ഗാനങ്ങളിലും എടുത്തുപറയുന്നത്. സാമൂഹിക- രാഷ്ട്രീയ ബോധമില്ലാതെ നിഷ്ക്രിയമായി വിനോദങ്ങളിൽ മുഴുകുവാനുള്ള ഒരാഹ്വാനം പോലെ കാബറേ നൃത്തത്തിന്റെ സംഗീതം നിലനിൽക്കുന്നു.

പകരാം ഞാൻ പാനമുന്തിരി
പാടാം ഞാൻ മോഹമഞ്ജരി
കുളിരായ് നിൻ മാറിൽ വീണു
കുളിരായ് നിൻ മാറിൽ വീണു
പടരാം ഞാൻ മധുരാഗവല്ലരി-
അട്ടിമറി (1981) എന്ന സിനിമയിലെ ഗാനമാണിത്. അനുരാധയാണ് നൃത്തം ചെയ്യുന്നത്. മദാലസയായി ഗോവണിയിറങ്ങി വരുന്നതാണ് ആദ്യ ഷോട്ട്. ചുവപ്പ്, പിങ്ക്, മഞ്ഞ തുടങ്ങി വെളിച്ചങ്ങൾ കൊണ്ട് വർണ്ണാഭമാണ് ബാറിലേ ഡാൻസ് ഫ്ലോർ. കാബറേ നൃത്തമുള്ള ബാർ സിനിമയിലെ കേന്ദ്ര പ്രമേയത്തിന്റെ പശ്ചാത്തലമാണ്. ബാർ നടത്തിപ്പുകാരനും സംഘവും നായക കഥാപാത്രത്തിന്റെ (പ്രേംനസീർ) വീട്ടിലെ സ്ത്രീകളെ ഉപദ്രവിക്കുന്നു. ‘നല്ല നിറമുള്ള plumby ആയ ജിൽ ജിൽ എന്നിരിക്കുന്ന പെണ്ണു വേണം’ എന്ന് അതിലെ ഒരു വില്ലൻ കഥാപാത്രം പറയുണ്ട്.

ഹോട്ടലിലെത്തുന്നതോടെ ഏത് പെണ്ണും ചീത്തയാക്കപ്പെടും എന്നാണ് അന്നത്തെ മലയാള സിനിമ പറഞ്ഞുവെച്ചത്. അത്തരം സ്ത്രീകളാണ് കാബറേ ചെയ്യുന്നതും.

ഹാ ഇന്ദ്രനീലങ്ങള്‍ ഹാ ചന്ദ്രകാന്തങ്ങള്‍
ഹാ ഇന്ദ്രനീലങ്ങള്‍ ഹാ ചന്ദ്രകാന്തങ്ങള്‍
എന്റെ പൂമെയ്യില്‍ എയ്യും പൂവമ്പിന്‍
എന്റെ പൂമെയ്യില്‍ എയ്യും പൂവമ്പിന്‍-
ജോഷി സംവിധാനം ചെയ്ത് 1981-ൽ ഇറങ്ങിയ ഇതിഹാസം എന്ന സിനിമയിൽ നായകനായ പ്രേംനസീറിന്റെയും വില്ലൻ ജോസ് പ്രകാശിന്റെയും സംഘട്ടനരംഗത്തെ നൃത്തമാണിത്. സ്റ്റാർ ഹോട്ടൽ പ്രൊപ്രൈറ്ററും കള്ളക്കടത്തുക്കാരനുമായ മിസ്റ്റർ അലക്സാണ്ടർ (ജോസ് പ്രകാശ്) കമീഷണർ ഗോപാലമേനോന്റെ മകളെ ബലാൽസംഗം ചെയ്യുന്നു. പ്രതികാരം വീട്ടാനിറങ്ങുന്ന കമീഷണർ വേഷം മാറി അലക്സാണ്ടറുടെ സ്റ്റാർ ഹോട്ടലിൽ എത്തുന്നതാണ് രംഗം. വേഷം മാറി വന്ന കമീഷണറെ അലക്സാണ്ടർ തിരിച്ചറിയുന്ന രംഗത്താണ് കാബറേ നൃത്തം. നൃത്തം ചെയ്യുന്ന സ്ത്രീയുടെ ഉന്മാദം പങ്കിടാൻ കൂടെ നാല് പുരുഷന്മാരും ചുവടുവയ്ക്കുന്നുണ്ട്. അവരാണ് ആദ്യ ഭാഗത്ത് നർത്തകിയെ ഉയർത്തിയെടുത്തു!വരുന്നത്. ബാറിലെ ആൾക്കൂട്ടം മദ്യത്തിന്റെയും കാബറേയുടെയും ലഹരിയിൽ മയങ്ങുമ്പോഴാണ് വില്ലനും നായകനും ഏറ്റുമുട്ടുന്നത്. മറവിൽ തിരിവ് സൂക്ഷിക്കുക (ജെ, ശശികുമാർ, 1972), എന്ന സിനിമയിൽ,

കടുന്തുടി കൈയ്യിൽ കടുന്തുടി
കൊമ്പു, കുറും കുഴൽ ഉടയ്ക്ക
കൈമണി കുമ്മിയടി
കാവുടയമ്മയ്ക്ക് കുംഭഭരണിക്ക് കുരുതി
കാവടി കളംപാട്ട്
എന്ന ഗാനചിത്രീകരണത്തിൽ നാടോടി നൃത്തത്തിന്റെ ചുവടുകളെ കാബറേ നൃത്തത്തോട് ചേർത്തിണക്കിയത് കാണാം.
കണ്ണൂർ ഡീലക്സിൽ (1969)

ഈ മുഹബത്ത് എന്തൊരു നസീബത്ത്
ഈ ഖൽബിൻ നീറ്റല് വല്ലാത്തത്
ഈ നീറ്റൽ അല്ലേ കൊല്ലുന്നത്
ഈ നോട്ടം അല്ലേ കൊല്ലുന്നത്
എന്ന ഗാനം കള്ളനോട്ട് സംഘത്തിന്റെ താവളത്തിൽ നടക്കുന്ന ഗാനമാണ്. ഒപ്പനയുടെയും കഥകിന്റേയും ചുവടുകളെ ചേർത്തുവയ്ക്കുന്നു, കാബറേ നൃത്തത്തിൽ വിളക്കിച്ചേർക്കുന്നു. ഹിന്ദി സിനിമകളുടെ സ്വാധീനമാവും ഖവാലി പാടി കഥക് നൃത്തം ചെയ്യുന്ന സദസ്സുകൾ മലയാള സിനിമയിലുണ്ടാവാൻ കാരണം.

സി ഐ ഡി സിനിമകളിൽ വേഷം മാറി വരുന്ന അന്വേഷണ സംഘകങ്ങൾ പതിവാണ്.

ഐ.വി. ശശിയുടെ സംവിധാനത്തിലിറങ്ങിയ അവളുടെ രാവുകൾ നായികാശരീരത്തിന്റെ ദൃശ്യവൽക്കരണത്തിൽ കൊണ്ടുവന്ന മാറ്റം സീമ എന്ന നടിയെ തിരശ്ശീലയിൽ അടയാളപ്പെടുത്തുന്നുണ്ട്. അതുവരെ കുലസ്ത്രീ ആയിരുന്ന നായിക ‘വേശ്യ’യായി അവതരിപ്പിക്കപ്പെട്ടു.

കാമുകൻ വന്നാൽ കള്ളനു കേൾക്കാൻ
കഥ പറയാമോ കിളിമകളേ,
കരളിരിക്കും കിളിമകളേ…
ഡെയ്ഞ്ചർ ബിസ്ക്കറ്റ് (1969) എന്ന സിനിമയിലെ ഗാനമാണിത്. കൊള്ളസംഘത്തിൽ മറ്റൊരു കൊള്ളക്കാരനെ സ്വീകരിക്കുന്ന രംഗം അധികവും പാട്ടിലാണ് അവതരിപ്പിക്കാറ്. പാട്ടുപാടിയാണ് തലവനെ പാട്ടിലാക്കുന്നത്. സി ഐ ഡി കഥകൾ പറയുന്ന ആദ്യകാല മുഖ്യധാരസിനിമകളുടെ ആഖ്യാനങ്ങളിൽ കാബറേ നൃത്തത്തിന് പ്രത്യേകം സന്ദർഭങ്ങളുണ്ട്. സംഭവങ്ങളുടെ അനുക്രമമായ വളർച്ച, സംഘർഷങ്ങൾ, ക്ലൈമാക്സ് എന്നിങ്ങനെ പോകുന്ന ഘടനക്കുള്ളിൽ സിനിമ സങ്കേതമായി തന്നെ കാബറേ നൃത്തം കടന്നുവരുന്നു. കൊള്ള സംഘത്തെ പിടികൂടുന്നതിന് നായകനും സംഘവും വേഷം മാറി വരുമ്പോഴോ കൊള്ളസംഘത്തിലെ നായകന്റെ​യോ സിനിമയിലെ വില്ലന്റെയോ ഇൻട്രൊഡക്ഷൻ സീനിലോ നൃത്തത്തിന്റെ മറവിൽ കള്ളക്കടത്ത് നടത്താനോ കൊള്ളക്കാരെ വശീകരിക്കുന്ന ചാരസുന്ദരിമാർ വരുമ്പോ​ഴോ എല്ലാം കാബറേ നൃത്തമുണ്ടാവാറുണ്ട്. തലവന്മാരുടെ വിനോദമായും കാബറേ കടന്നു വരാറുണ്ട്. ഡൈയ്ഞ്ചർ ബിസ്ക്കറ്റ് എന്ന സിനിമയിൽ കപ്പലിൽ കരിക്ക് വിൽക്കാൻ വരുന്ന സ്ത്രീകളുണ്ട്. ഇവർ ചാരപ്രവൃത്തിയുടെ ഭാഗമായി വരുന്നതാണ്. സത്യം പറയിപ്പിക്കാൻ സ്ത്രീകൾ പുരുഷനെ വശീകരിക്കുന്ന രംഗമാണ് പാട്ടിന്റെ മറ്റൊരു സന്ദർഭം. സ്ത്രീയുടെ വശ്യത ഏത് പുരുഷനെയും മയക്കുമെന്ന സങ്കൽപ്പത്തിലാണ് ഈ സിനിമകളുടെ നിലനിൽപുതന്നെ. വിശ്വാമിത്രന്റെ തപസ്സിളക്കാൻ വരുന്ന മേനകയുടെ കഥ പ്രസിദ്ധമാണല്ലോ. ഇത്തരം ആഖ്യാനങ്ങളിലൂടെ സ്ത്രീശരീരത്തെ ലൈഗിക വസ്തുവായി കണ്ടീഷൻ ചെയ്യുന്നു.

പറയാൻ എനിയ്ക്കു നാണം
പകലുറക്കത്തില്‍ കണ്ടേ
പതിവില്ലാതൊരു സ്വപ്നം…

സുശീല എന്ന കാബറെ നർത്തകിയുടെ കഥ പറയുന്ന സിനിമയാണ് ജെ. ശശികുമാർ സംവിധാനം ചെയ്ത് 1973-ൽ ഇറങ്ങിയ ഇന്റർവ്യൂ. ജോലി നൽകാം എന്ന് തെറ്റിദ്ധരിപ്പിച്ച് അഭിമുഖത്തിന് നഗരത്തിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നു. ലൈംഗികത്തൊഴിലാളിയാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് അവളെ അറസ്റ്റ് ചെയ്യുന്നു. പൊലിസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്തിനിടെ അതേ ഹോട്ടലിലുണ്ടായിരുന്ന വിജയൻ എന്ന പോലീസ് ഇൻസ്പെക്ടറുടെ അടുത്ത് അഭയം പ്രാപിക്കുന്നു. നിരപരാധിയാണ്, ചതിക്കപ്പെട്ടതാണ് എന്നാവർത്തിച്ചു പറഞ്ഞിട്ടും അയാൾ രക്ഷിക്കാൻ ശ്രമിക്കുന്നില്ല. പോലീസ് ധാർമികത അയാളെ അതിനനുവദിക്കുന്നില്ല. വ്യഭിചാരത്തിന് ശിക്ഷിക്കപ്പെട്ട സുശീല കാബറേ നർത്തകിയായി തീരുന്നു. സുശീലയായി ജയഭാരതിയും വിജയനായി പ്രേംനസീറുമാണ് അഭിനയിച്ചിരിക്കുന്നത്. നഗര ഹോട്ടലുകൾ എന്നത് ‘ചീത്ത സ്ത്രീ’കളുടെ വിഹാരകേന്ദ്രങ്ങളായാണ് സിനിമ അവതരിപ്പിച്ചിരുന്നത്. അഥവാ ഹോട്ടലിലെത്തുന്നതോടെ ഏത് പെണ്ണും ചീത്തയാക്കപ്പെടും എന്നാണ് അന്നത്തെ മലയാള സിനിമ പറഞ്ഞുവെച്ചത്. അത്തരം സ്ത്രീകളാണ് കാബറേ ചെയ്യുന്നതും. അതുകൊണ്ടാണ് സഹപാഠിയായ സുശീലയെ രക്ഷിക്കാൻ വിജയൻ ശ്രമിക്കാത്തത്. പിന്നീട് സുശീലയെ കാണുമ്പോൾ അയാൾ അവളെ ഓർക്കുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നത് ഒരു നൃത്തത്തിലൂടെയാണ്. കോളേജിൽ പഠിക്കുന്ന കാലത്ത്, വാസവദത്തയുടെ കഥ പറയുന്ന,
ഉത്തര മഥുരാപുരിയിൽ
മദനോത്സവ മഥുരാപുരിയിൽ
നൃത്തകലയുടെ നിധിയായ്
വാസവദത്ത വാണിരുന്നു
ഉത്തര മഥുരാപുരിയിൽ...
എന്ന, വിജയൻ പാടുന്ന ഗാനത്തിന്, അവൾ ചുവടുവെക്കുന്നു. ശാസ്ത്രീയനൃത്തമാണ് അവൾ അവതരിപ്പിക്കുന്നത്. "ശാസ്ത്രീയ നൃത്തതിന്റെ ചുവടുകൾ ഇന്ന് ശരീരഭാഗങ്ങൾ ഇളക്കി ചെയ്താണ് ജീവിക്കുന്നത്" എന്ന് അവൾ മറ്റൊരു സന്ദർഭത്തിൽ പറയുന്നുണ്ട്. നല്ല സ്ത്രീ / ചീത്ത സ്ത്രീ എന്നതിനെ ശാസ്ത്രീയ നൃത്തം / കാബറേ നൃത്തം എന്ന ദ്വന്ദത്തിൽ അവതരിപ്പിക്കുന്നതു കാണാം. അവൾ കുറ്റക്കാരിയല്ല എന്നറിഞ്ഞിട്ടും തെളിവുകൾ പ്രതികൂലമായതിനാൽ, അവളെ രക്ഷിക്കുന്നത് ശരിയല്ല എന്നു കരുതുന്ന നിയമപാലനമാണ് സിനിമ അയാൾക്കു നല്കുന്ന നായകഗുണം.

ആരാധിക (1973) എന്ന സിനിമയിൽ നായിക ശാസ്ത്രീയനൃത്തം ചെയ്യുന്നവളാണ്. കോളേജ് ഡേക്ക് അവൾ ശാസ്ത്രീയ നൃത്തം അവതരിപ്പിക്കുന്നുണ്ട്. വിവാഹിതയായ അവൾ ഭർത്താവുമൊത്ത് നൃത്തപരിപാടിക്ക് പോകുമ്പോൾ കാണുന്ന നൃത്തത്തിലെ പാട്ടാണിത്:

‘ആരാധിക’ സിനിമയിലെ ഗാനരംഗത്തില്‍ നിന്ന്

നിറഞ്ഞ ലഹരിയിൽ നീന്തും മീനുകൾ
നീല നേത്രങ്ങൾ എൻ നീല നേത്രങ്ങൾ
പുളഞ്ഞു പായുമീ മൽസ്യങ്ങളെ
ചൂണ്ടലിടുവാൻ വാ വാ
ആരാധകരേ വാ വാ ആരാധകരേ വാ വാ…

ഈ നൃത്തം ഹേമക്കു കണ്ടിരിക്കാൻ കഴിയുന്നില്ല. അവൾ അസ്വസ്ഥമാവുന്നുണ്ട്. നാട് / നഗരം, നല്ല സ്ത്രീ /ചീത്ത സ്ത്രീ എന്നീ ബൈനറികളെ നൃത്തഭേദങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സിനിമ. പുതിയ വെളിച്ചം (1979) എന്ന സിനിമയിലെ ‘ആറാട്ടുകടവിൽ അന്നു രാവിൽ’ എന്ന ഗാനം തെരുവുനൃത്തത്തെ കാബറേ രൂപത്തിൽ അവതരിപ്പിച്ചു. കേരളത്തിൽ പ്രചാരത്തിലിരുന്ന എല്ലാ നൃത്തരൂപങ്ങളേയും കാബറേ രീതിയിൽ അവതരിപ്പിക്കാൻ മലയാള സിനിമ ശ്രമിച്ചിടുണ്ട്.

സീമയുടെ
നൃത്തശരീരം

കടമിഴിയിതളാല്‍ കളിയമ്പെറിയും
പെണ്ണൊരു പ്രതിഭാസം.
അവള്‍ പുരുഷന്റെ രോമാഞ്ചം
ചിരികൊണ്ടു മനസ്സിന്റെ സമനില മാറ്റും…

ജയഭാരതി, വിധുബാല, മധു, സുകുമാരൻ, ഉമ്മർ തുടങ്ങി വലിയ താരനിരയുള്ള ഈ മനോഹര തീരം (ഐ.വി ശശി, 1978) എന്ന സിനിയിയിലെ കാബറേ നൃത്തത്തിലൂടെ സീമ ശ്രദ്ധേയായി. 1978- ൽ ഐ.വി. ശശിയുടെ സംവിധാനത്തിലിറങ്ങിയ അവളുടെ രാവുകൾ നായികാശരീരത്തിന്റെ ദൃശ്യവൽക്കരണത്തിൽ കൊണ്ടുവന്ന മാറ്റം സീമ എന്ന നടിയെ തിരശ്ശീലയിൽ അടയാളപ്പെടുത്തുന്നുണ്ട്. അതുവരെ കുലസ്ത്രീ ആയിരുന്ന നായിക ‘വേശ്യ’യായി അവതരിപ്പിക്കപ്പെട്ടു. മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായി ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം കൂടിയായിരുന്നു അവളുടെ രാവുകൾ. ലൈംഗികതൊഴിലാളിയുടെ കഥയാണ് സിനിമയുടെ പ്രമേയം. അക്കാലത്തെ പോസ്റ്ററുകളിൽ ഷർട്ട് മാത്രം ധരിച്ച് നിൽക്കുന്ന സീമയുടെ ചിത്രം വൻകോളക്കമുണ്ടാക്കി. ഇങ്ങനെ കേരളത്തിന്റെ സദാചാര ചർച്ചകൾക്ക് വഴിയിയൊരുക്കിയ നായികയാണ് സീമ.

സിനിമയിലെത്തുന്നതിനു മുൻപ് സീമ നർത്തകിയായിരുന്നു. സീമ എന്ന നടിയുടെ അഭിനയ ജീവിതത്തിന്റെ പാശ്ചാത്തല സംഗീതമായാണ് ഇന്നും, ‘രാ​കേന്ദുകിരണങ്ങൾ ഒളിവീശിയില്ല…’ എന്ന ഗാനത്തെ മാധ്യമങ്ങൾ കൊണ്ടാടുന്നത്. മറ്റൊരു ഗാനം, സീമ കാബറേ നർത്തകിയായി എത്തുന്ന “ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ” ആണ്. ഒരു കാബറേ ഗാനരംഗത്തുനിന്ന് നായികയായപ്പോഴും അവർ കാബറേ നൃത്തം ചെയ്തു.

ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ
താളലയത്തിലുണർന്നു മദാലസയായി
ഇന്നീ പ്രേമം പൂക്കും മുകിലിൻ മേട്ടിൽ
കാമമുറക്കമുണർന്നു വിലാസിനിയായി
നർത്തനം തുടരൂ, മോഹിനീ ഇവിടെ…

പ്രഭു എന്ന സിനിമയിലെ സീമ അഭിനയച്ച പോപുലർ ഗാനമാണിത്. 1979-ൽ പുറത്തിറങ്ങിയ പ്രഭുവിൽ ബാർ ഡാൻസറായാണ് സീമ വേഷമിടുന്നത്. കുടുംബം പുലർത്താൻ ബാറിൽ നൃത്തം ചെയ്യുന്നവളാണ് സീമയുടെ ബാല എന്ന കഥാപാത്രം. ഇ. മാധവൻ ആണ് നൃത്തസംവിധാനം. ബാലപ്രഭാകരനുമായി (പ്രേംനസീർ) പ്രണയത്തിലാകുമ്പോൾ സ്വപ്നം കാണുന്ന ഗാനമുണ്ടിതിൽ.

സീമ

ലഹരി ആനന്ദലഹരി ലഹരി ആനന്ദലഹരി
അനുപമ ലഹരി അനവദ്യ ലഹരി

സ്വന്തമായ കുടുംബം സ്വപ്നം കാണുന്ന അവൾ കിനാവിൽ ചെയ്യുന്ന നൃത്തം, ശാസ്ത്രീയനൃത്തമാണ്. കുടുംബം, നല്ല സ്ത്രീ എന്നീ സങ്കല്പങ്ങളെ ശാസ്ത്രീയനൃത്തത്തിലേക്ക് സംയോജിപ്പിക്കുന്നു സിനിമ. ആദ്യകാലങ്ങളിൽ കാബറേ നൃത്തങ്ങൾക്കുമാത്രമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന നടികളിൽ നിന്ന് സീമയെ പോലുള്ള നായികമാർ ഇതെറ്റെടുത്തപ്പോൾ, ക്യാമറയുടെ ശരീരത്തിലേക്കുള്ള നോട്ടം കുറഞ്ഞു. ഒരേസമയം സിനിമയിലെ നായിക കൂടിയായ അവളെ കുലീന കൂടിയാക്കേണ്ടത് സിനിമയുടെ ആവശ്യമാണ്. അതിനാൽ നായിക കാബറേ നർത്തകിയാകുമ്പോൾ അതിന് കാര്യങ്ങൾ നിരത്തി നീതീകരിക്കപ്പെടുന്നു. അവൾ ഒരിക്കലും വഴി പിഴച്ചിട്ടില്ല എന്നാവർത്തിച്ചു പറയുന്നു.

നാടും നഗരവും തമ്മിലുള്ള വൈരുദ്ധ്യത്മക ബന്ധത്തെ നൃത്തം കൊണ്ട് അടയാളപ്പെടത്തിയ സിനിമയാണ് പ്രഭാതസന്ധ്യ (പി. ചന്ദ്രകുമാർ, 1979) കെ. തങ്കപ്പനും കെ. ആർ. കുറുപ്പും ചേർന്നാണ് ഇതിന്റെ നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗ്രാമീണമായ ആഘോഷങ്ങളിൽ നൃത്തനാടകങ്ങളും ശാസ്ത്രീയ നൃത്തവുമാണെങ്കിൽ നഗരത്തിന്റെ കലാരൂപമായിട്ടാണ് കാബറേ നൃത്തത്തെ സിനിമ അവതരിപ്പിച്ചിട്ടുള്ളത്.
സീമ അവതരിപ്പിക്കുന്ന അമ്മിണി, നാട്ടിൽ നൃത്തം പഠിപ്പിക്കുന്നവളാണ്. ഗ്രാമീണമായ നൃത്തനാടക പരിപാടികളിൽ മികവ് തെളിയിച്ചവളുമാണ്. അവൾ നാട്ടിലെ പ്രമാണിയുടെ മകളായ, പുറംനാട്ടിൽ പഠിച്ച ഉഷക്കൊപ്പം നഗരത്തിലേക്ക് പോകുന്നു. അങ്ങനെയൊരു നഗരം സിനിമയിൽ ദൃശ്യമാകുന്നേയില്ല. ആധുനിക ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ ചിഹ്നങ്ങളിലൂടെയാണ് നാഗരികത ദൃശ്യമാകുന്നത്. പ്രഭാതസന്ധ്യയിലെ ആദ്യ നഗരചിഹ്നമാകുന്നത് ഫോൺ / സിഗരറ്റ് /കോട്ട് എന്നിവയാണ്. ഉഷയുടെ അസിസ്റ്റൻറ് ഗോപിക്ക് ഒരു ഫോൺ വരുന്നു. അയാൾ സിഗരറ്റ് വലിച്ച് ഫോൺ എടുക്കുന്നു. അയാളുടെ മാഡം ഉഷ നഗരത്തിലെത്തിയെന്ന് അറിയിക്കുന്ന ഫോൺ കോളാണത്.
നഗരത്തിൽ മികച്ച ഗുരുനാഥനുകീഴിൽ നൃത്തമഭ്യസിക്കാൻ ഉഷ അവളെ അയക്കുന്നു. നൃത്ത കലാക്ഷേത്രത്തിൽ ചേർന്ന അമ്മിണിയെ “പട്ടിക്കാട്” എന്നു വിളിച്ച് ഗോപി കളിയാക്കുന്നുണ്ട്. നഗരത്തിൽ പഠിച്ച, നഗരത്തിൽ ജീവിക്കുന്ന കുലീനയായ ഉഷ പ്രണയിക്കുന്നത് ഗ്രാമത്തിലെ ബാലൻമാഷെയാണ്. ഉഷ മാഷെ സ്വപ്നം കാണുമ്പോൾ ഒരു ഗാനരംഗമുണ്ട്:

ചന്ദനലതകളിൽ ഒന്നു തലോടി
മന്ദസമീരനായ് ഒഴുകി ….

ഈ ഗാനരംഗത്ത് ഉഷയുടെ ഭാവനയിൽ കാണുന്നത് കൃഷ്ണനും രാധയുമായാണ്. പ്രണയം വൃന്ദാവനത്തിലേക്ക് ക്ഷണിച്ചപോലെ, അവർ രാധയും കൃഷ്ണനുമായി ആടിപ്പാടുന്നു. നഗരത്തിൽ ജീവിക്കുന്ന ഉഷക്ക് ഗ്രാമം ഗൃഹാതുര ഓർമയാണ്. ഗോപി നഗരമനുഷ്യനാണ്. അയാൾ ഒരിക്കൽ ക്ലബ്ബിൽ നൃത്തം ചെയ്യാൻ അമ്മിണിയെ ക്ഷണിക്കുന്നു. ആദ്യം ക്ഷണം നിരസിക്കുന്നുണ്ടെങ്കിലും പിന്നിട്ടവൾ സമ്മതിക്കുന്നു. ക്ലബ്ബിൽ അയാൾ പാടുന്നു, അമ്മിണി നൃത്തം ചെയ്യുന്നു.

"വസന്ത വർണമേടയിൽ
ഹൃദന്തവാടികൾ നിറഞ്ഞു
പുണർന്നു പാടി…"

‘ആനന്ദരാഗമെഴുതിയ കരളിലെ മദഭരഭാവം’ ഗാനരംഗത്തില്‍‌ നിന്ന്

അവൾ നഗരത്തിൽ നൃത്തം ചെയ്യുന്നു. കാബറേക്കുസമാനമായ ചുവടുകൾ ഈ നൃത്തത്തിൽ കാണാം. ഇവിടെ നഗരചിഹ്നമായാണ് കാബറേയുടെ രൂപം അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ അതിൽ ക്യാമറയുടെ സദാചാര നോട്ടങ്ങളില്ല. ശരീരഭാഗങ്ങളുടെ ക്ലോസപ്പുകളോ ഒളിനോട്ടങ്ങളോ ഇല്ലാതെയാണ് നൃത്തം ചിത്രീകരിച്ചിരിക്കുന്നത്.

ആനന്ദരാഗമെഴുതിയ കരളിലെ മദഭരഭാവം... തടവറ (പി. ചന്ദ്രകുമാർ, 1981 ) എന്ന സിനിമയിലെ ഗാനമാണ്. തടവിലാക്കപ്പെട്ട നായികയാണ് സീമ. അവളെക്കൊണ്ട് കൊള്ളസംഘം ചെയ്യിപ്പിക്കുന്ന നൃത്തമാണിത്. ഈ നൃത്തം ചെയ്യാൻ അവൾ നിർബന്ധിതയാവുന്നതാണ്. ചാട്ടവാറു കൊണ്ടുള്ള അടി അവളുടെ ദേഹത്ത് വീഴുന്നു.

അതുവരെയുള്ള സിനിമകളിൽ ധാർമികാധഃപതനത്തിന്റെ ധ്വനിചിഹ്നമായി ദൃശ്യമായിരുന്ന കാബറേ നൃത്തം, നായികയായ സീമ കാബറേ ചെയ്യാൻ തുടങ്ങുന്നതോടെ, നൃത്താനന്ദത്തിന്റെ ബോധപൂർവ്വമായ ഏജൻസിയായി നടനശരീരം മാറുന്നു.

രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ
ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ- ആറാട്ട് (ഐ.വി. ശശി, 1979) എന്ന സിനിമയിൽ സീമ നൃത്തം ചെയ്യുന്ന ഗാനമാണിത്. കിനാവിലെ പ്രണയ മുഹൂർത്തങ്ങളായാണ് ഈ ഗാനം അവതരിപ്പിക്കുന്നത്. പൂത്തിരിയും കമ്പിത്തിരിയും കണ്ണഞ്ചിപ്പിക്കുന്ന ഒരിടത്തേക്ക് ഇവരെത്തുന്നു. കമ്പിത്തിരിയും മത്താപ്പും മേശപ്പൂവും എരിഞ്ഞ് വർണ്ണാഭമാകുന്ന വെളി വിതാനങ്ങളിൽ ഇവർ നൃത്തം വയ്ക്കുന്നു.

ഈ രാവില്‍ ഞാന്‍ വിരുന്നൊരുക്കാം
എന്‍ അംഗങ്ങള്‍ മദമന്മഥ ശില്പങ്ങൾ
മാദകപുഷ്പം വിടര്‍ന്നിടും നേരം
ഉന്മാദരതിസുഗന്ധം

മാറ്റുവിൻ ചട്ടങ്ങളെ (കെ.ജി. രാജശേഖരൻ, 1982) എന്ന സിനിമ തുടങ്ങുന്നതുത്തന്നെ കാബറേ നൃത്തത്തിലാണ്. വെള്ള വസ്ത്രമണിഞ്ഞ്, വെള്ള തൊപ്പിയും വെള്ള ചെരുപ്പുമിട്ട് ഗോവണിയിറങ്ങി വരുന്ന സീമയാണ് ആദ്യ ഷോട്ടിൽ. അവളുടെ നൃത്തത്തോടൊപ്പം കുറെ പ്രണയജോഡികൾ സഹനൃത്തം ചെയ്യുന്നുണ്ട്. മിന്നിമിന്നി കത്തുന്ന നീല വെളിച്ചത്തിലാണ് നൃത്തം.

മാറ്റുവിൻ ചട്ടങ്ങളെ എന്ന സിനിമ തുടങ്ങുന്നതുതന്നെ കാബറേ നൃത്തത്തിലാണ്

തുമ്പിതുള്ളും യൗവ്വനത്തിന്‍ കുംഭമേളം
ഉള്ളില്‍ സ്വപ്നസംഗമത്തിന്‍ ഹര്‍ഷവേള
മോഹത്തിന്‍ മദനോത്സവം
എന്നു പാടുമ്പോൾ oo lovely എന്ന പുരുഷശബ്ദം കേൾക്കാം.

ഈ സ്വര്‍ഗയാമങ്ങളിൽ
രോമാഞ്ച തൂനെഞ്ചം
താരുണ്യ കുളിര്‍മഞ്ചം …

സഹനർത്തകരായ യുവമിഥുനങ്ങൾ ഗോവണിപ്പടികളിൽ നിന്ന് നൃത്തം ചെയ്യുന്നു. ഒഴിഞ്ഞ സ്ഥലങ്ങളിൽ നിന്നും ബാറുകളിൽ നിന്നും കൊള്ളസംഘങ്ങളിൽ നിന്നും കാബറേ നൃത്തം സീമയിലൂടെ യുവജനങ്ങൾ ഏറ്റെടുക്കുന്നു. ക്ലബുകളിലേക്കും ആഘോഷരാവുകളിലേക്കും ഈ നൃത്തം പ്രവേശിക്കുന്നു. സീമയുടെ ക്ലോസപ്പ് ഷോട്ടിന്റെ പശ്ചാത്തലത്തിൽ അർദ്ധനഗ്നയായ ഒരു സ്ത്രീയുടെ ചിത്രം കാണാം. ഗാനം അവസാനിക്കുന്നതോടെ സംഘട്ടനരംഗമാണ്. നൃത്തം ചെയ്ത സ്ത്രീയെ കിടപ്പറയിലേക്ക് പിടിച്ചുകൊണ്ട് പോകാൻ ശ്രമിക്കുന്ന ഒരുത്തനെ മറ്റൊരുത്തൻ ഇടിക്കുന്നു. ഈ സംഘട്ടന രംഗത്തേക്ക് പോലീസ് പ്രവേശിക്കുമ്പോഴാണ് സീൻ പൂർത്തിയാകുന്നത്. പോലീസ് ഇൻസ്പെക്ടറായി എത്തുന്നത് ഒരു സ്ത്രീയാണ്. അവർ ജയനെ അറസ്റ്റ് ചെയ്യുന്നു. തന്നെ രക്ഷിച്ച ജയനെ ജാമ്യത്തിലിറക്കാൻ പോലീസ് സ്റ്റേഷനിലേക്ക് സീമ എത്തുന്നു. പോലീസ് ഇൻസ്പെക്ടറോട് 'തന്നെ രക്ഷിച്ചതുകൊണ്ടാണ് ഇയാളെ ജാമ്യത്തിന് എടുക്കുന്നത്' എന്ന് പറയുന്നു. അടുത്ത സീനിലാണ് ജയൻ എന്ന ഈ കഥാപാത്രം പോലീസ് ഇൻസ്പെക്ടറുടെ അനിയനാണ് എന്ന് നമുക്ക് മനസ്സിലാകുന്നത്. ഇൻസ്പെക്ടറായ രജനിയോട് മാനവും മാനക്കേടും എന്താണെന്ന് രേഖ (സീമയുടെ കഥാപാത്രം) പറയുന്നുണ്ട്. കാബറേ നൃത്താമെന്നത് മാനംകെട്ട പണിയല്ല എന്നും പറയുന്നു.

കാബറേയിലൂടെ സ്ത്രീശരീരത്തെ കാഴ്ച വസ്തുവാക്കുന്ന രീതിയെ പുനർനിർമിക്കുന്നു സീമയുടെ നടനശരീരം. അതുവരെയുള്ള സിനിമകളിൽ ധാർമികാധഃപതനത്തിന്റെ ധ്വനിചിഹ്നമായി ദൃശ്യമായിരുന്ന കാബറേ നൃത്തം, നായികയായ സീമ കാബറേ ചെയ്യാൻ തുടങ്ങുന്നതോടെ, നൃത്താനന്ദത്തിന്റെ ബോധപൂർവ്വമായ ഏജൻസിയായി നടനശരീരം മാറുന്നു. സാമൂഹികക്രമത്തിലെ പ്രബലമായ സ്റ്റീരിയോ ടൈപ്പുകളായ നല്ല / ചീത്ത, ഇര/ ഏജൻസി, ബലപ്രയോഗം / തിരഞ്ഞെടുപ്പ്, കാമിനി/മോഹിനി, എന്നീ ബൈനറികളെ അവളുടെ നൃത്തം ഇല്ലാതാക്കുന്നു.

കൊള്ളസംഘങ്ങളിളും ബാറുകളിലും ഇറോട്ടിക് ആയി അവതരിപ്പിച്ചിരുന്ന നൃത്തത്തെ എല്ലാവരും പങ്കെടുക്കുന്ന ക്ലബിലേക്ക് മാറ്റിപാർപ്പിച്ചു സീമയുടെ നായികാശരീരം. ഇത് സിനിമാറ്റിക് ഡാൻസ് എന്ന ജനപ്രിയ നൃത്തരൂപത്തിലേക്കുള്ള വളർച്ചയായി കാണാം.

(തുടരും)

(2019- ൽ കേരള ചലച്ചിത്ര അക്കാദമിയുടെ നവതി ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തെ അധികരിച്ച് തയ്യാറാക്കിയ ലേഖനം.)

Comments