ഋതു മുതല്‍ രതിപുഷ്പം വരെ; മലയാള സിനിമയുടെ ഗേ കാഴ്​ച

ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റായ ആക്ഷന്‍ സിനിമയില്‍ തികച്ചും അപ്രതീക്ഷിതമായി പൂത്ത രതിപുഷ്പം കേരളത്തിന്റെ ‘ഗേ ഗീതം’ ആയി മാറിക്കഴിഞ്ഞു എന്ന് പറയാം.

ആമുഖം

കോവിഡ് ലോക്ഡൗണ്‍ കാലത്ത്, 2020 ജൂലൈയിലാണ് മഴവില്‍ കണ്ണിലൂടെ മലയാളസിനിമ എന്ന പുസ്തകത്തിനായുള്ള പ്രയത്‌നം ആരംഭിക്കുന്നത്.

ഒരു ഗേ പുരുഷന്റെ കണ്ണിലൂടെ, ജെന്‍ഡര്‍ സെക്ഷ്വാലിറ്റിയില്‍ ഊന്നിക്കൊണ്ടുള്ള മലയാള സിനിമാപഠനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. അമേരിക്കന്‍ പ്രവാസം അവസാനിപ്പിച്ച് കേരളത്തില്‍ജീവിക്കുന്ന എല്‍.ജി.ബി.ടി. ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ ഞാന്‍ എന്നും അവരുടെ സോഷ്യല്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണ്. ഇത്തരം നിരീക്ഷണത്തിനും വ്യക്തികളെ പരോക്ഷമായി സ്വാധീനിക്കുന്നതിനുമായി അമേരിക്കന്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയയും മറ്റ് ആപ്പുകളും ഉപയോഗിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അനിയന്ത്രിതമായ ഇംഗ്ലീഷ് വല്‍ക്കരണം മൂലം മലയാളഭാഷ പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് 2021 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച എന്റെ പഠനലേഖനം വലിയ പ്രശ്‌നങ്ങളാണ് എനിക്ക് ഉണ്ടാക്കിയത്. എന്റെ എഴുത്തുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് എനിക്ക് ‘അഡ്ജസ്റ്റ്‌മെൻറ്​ പ്രോബ്ലം’ ഉണ്ടെന്ന് ആരോപിക്കപ്പെടുകയായിരുന്നു. എന്റെ താമസസ്ഥലത്തുപോലും വലിയ ദ്രോഹങ്ങളാണ് അതിന്റെ പേരില്‍ നേരിടേണ്ടി വന്നത്. അതോടെ ഈ പുസ്തകത്തിനായുള്ള എഴുത്ത് നിലച്ചുപോയി. എഴുത്ത് എന്നെന്നേക്കുമായി നിറുത്തിയാലോ എന്നു പോലും ഒരുവേള ആലോചിച്ചിരുന്നു. പിന്നീട് 2022 ജൂണ്‍ മാസത്തിലാണ് ഈ പുസ്തകത്തിനായുള്ള എഴുത്തുകള്‍ പുനരാരംഭിച്ചത്.

മലയാള സിനിമയും ഗാനങ്ങളും എന്നും എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു. എന്റെ ആദ്യമായി അച്ചടിച്ചുവന്ന എഴുത്ത് സിനിമയെക്കുറിച്ചായിരുന്നു. ഗേ എന്നതിനുപുറമെ ലെസ്ബിയന്‍, ട്രാന്‍സ് ജെന്‍ഡര്‍, ബൈസെക്ഷ്വല്‍ എന്നീ ഐഡന്റിറ്റികളെയും ഇതിലെ ലേഖനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ നേരിട്ട എല്ലാ പ്രതിസന്ധികളിലും പിന്തുണയായി നിന്ന എന്റെ ജീവിതപങ്കാളി കപിലിനെ ഈ അവസരത്തില്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. കോവിഡ് ലോക്ഡൗണ്‍ കാലത്തെ ഞാന്‍ നേരിട്ടത് സംഗീത സിനിമാ ഡേറ്റാബേസായ m3db.com-ലെ പ്രവര്‍ത്തനങ്ങള്‍ ഊർജിതപ്പെടുത്തിക്കൊണ്ടായിരുന്നു. വിഷമസന്ധികളില്‍ കൂടെനിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കുന്നു.

എന്റെ ആദ്യ പുസ്തകമായരണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍: മലയാളി ഗേയുടെ ആത്മകഥയുംഎഴുത്തുകളും 2017-ലായിരുന്നു ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചത്. അന്ന് സ്വവര്‍ഗലൈംഗികത ഇന്ത്യന്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റവും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കണ്ണില്‍ മാനസികരോഗവും ആയിരുന്നു. ഈ രണ്ടു കാരണങ്ങള്‍ തന്നെയായിരുന്നു ആ പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചത്. 2018-ലാണ് ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യവും മനോരോഗവും അല്ല എന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. ശക്തമായ പ്രതിബന്ധങ്ങള്‍ ഉള്ളപ്പോഴാണ് ശക്തമായ എഴുത്തുകള്‍ ഉണ്ടാവുന്നത്. എഴുത്ത് നിര്‍ത്താം എന്ന മനോനിലയില്‍നിന്ന് ഏറെ പ്രതിബന്ധങ്ങള്‍തരണം ചെയ്തതിനു ശേഷമാണ് ഈ പുസ്തകം നിങ്ങളുടെ മുന്നില്‍എത്തുന്നത്.

ഋതു മുതല്‍ രതിപുഷ്പം വരെ

“ഗേ എന്നാല്‍ പുരുഷന്‍ തന്നെയോ?” - പലരും ചോദിക്കുന്ന ചോദ്യമാണ്. ഇതുപോലെ “ലെസ്ബിയന്‍ എന്നാല്‍ സ്ത്രീ തന്നെയോ?’’ എന്ന ചോദ്യവുമുണ്ട്. ‘‘പുരുഷനും സ്ത്രീയും എല്‍. ജി.ബി.ടി.യും’’ എന്നൊക്കെ ചിലര്‍ തെറ്റായി പറയാറുണ്ട്. പുരുഷനെ പ്രണയിക്കുന്ന പുരുഷന്‍ പുരുഷനായി തുടരുന്നതാണ് സമൂഹത്തില്‍ ഉല്‍ക്കണ്ഠ ഉണര്‍ത്തുന്നത്. പുരുഷനെ പ്രണയിക്കുന്ന പുരുഷനില്‍ ഒരാള്‍ സ്ത്രീയായി മാറിയാല്‍, അതായത് ട്രാന്‍സ് സ്ത്രീ എന്ന സ്വത്വം സ്വീകരിച്ചാല്‍, ചിലര്‍ക്കെങ്കിലും അത് ഏറെക്കുറെ സ്വീകാര്യമാണ്. കാരണം, അങ്ങനെയെങ്കില്‍ ആണ്‍-പെണ്‍ ബന്ധമെന്ന സമൂഹത്തിലെ പ്രബല ഭൂരിപക്ഷമായ ഭിന്നവര്‍ഗ (ഹെറ്ററോ) ബന്ധങ്ങളുടെ ഭാഗമായി അവര്‍ മാറുന്നു. അത് കുടുംബത്തിലെയും സമൂഹത്തിലെയും ജന്‍റര്‍ റോളുകള്‍ക്ക് വലിയ പരിക്കേല്‍പ്പിക്കാതെ നിലകൊള്ളുന്നു. കൂടാതെ ആണ്‍-പെണ്‍ പ്രണയബന്ധങ്ങളെ കണ്ടുപിടിക്കാനും മോറല്‍ പോലീസിങ് നടത്താനുമൊക്കെ എളുപ്പവുമാണ്. സ്വവര്‍ഗദമ്പതികള്‍ നേരിടുന്ന “നിങ്ങളില്‍ ആരാണ് ഭര്‍ത്താവ്, ആരാണ് ഭാര്യ?” എന്ന ചോദ്യമൊക്കെ ഇത്തരം ഉത്കണ്ഠയില്‍ നിന്ന് ഉല്‍ഭവിക്കുന്നതാണ്. സ്വവര്‍ഗാനുരാഗികള്‍ക്ക് മലയാളിസമൂഹത്തില്‍ വലിയ രീതിയില്‍ ദൃശ്യത ഉണ്ടാക്കിയ ബിഗ് ബോസ് സീസണ്‍ 4 റിയാലിറ്റി ഷോയുടെ ആദ്യ ദിവസം മല്‍സരാര്‍ത്ഥിയായ അപര്‍ണ മള്‍ബറി തന്റെ ജീവിതപങ്കാളിയായ യുവതിയെ ‘ഭാര്യ’ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ ആ പദപ്രയോഗം അവതാരകനായ മോഹൻലാലിനെ പോലും തെല്ല് അസ്വസ്ഥനാക്കിയതായി  അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്ന് തോന്നിയിരുന്നു.

അപര്‍ണ മള്‍ബറി

ഭര്‍ത്താവ്, ഭാര്യ എന്നീ സ്ത്രീ- പുരുഷ ദാമ്പത്യത്തിലെ വാക്കുകള്‍ സ്വവര്‍ഗാനുരാഗികള്‍ ഉപയോഗിക്കുമ്പോള്‍ ചിലരെയെങ്കിലും അത് അലോസരപ്പെടുത്തുന്നുണ്ട്. ഒരു ലെസ്ബിയന്‍ ബന്ധത്തില്‍ രണ്ടുപേരും “ഭരിക്കപ്പെടുന്നവള്‍” എന്ന അര്‍ഥമില്ലാത്ത ഭാര്യ (wife) യാണ്. അതുപോലെ ഒരു ഗേ ബന്ധത്തില്‍ രണ്ടുപേരും “ഭരിക്കുന്നവന്‍” എന്നര്‍ഥമില്ലാത്ത ഭര്‍ത്താവ് (husband) ആണ്. ഈ പരമ്പരാഗത വാക്കുകള്‍ ഇഷ്ടമല്ലാത്തവര്‍ക്ക് പാര്‍ട്ണര്‍ / പങ്കാളി എന്നും ഉപയോഗിക്കാവുന്നതാണ്. ചില കാര്യങ്ങള്‍ പുരുഷന്‍മാര്‍ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ; ചില കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന ജന്‍റര്‍ റോളുകളില്‍ അധിഷ്ഠിതമാണ് പരമ്പരാഗത സമൂഹം. വിവാഹത്തിലൂടെ പുരുഷനും സ്ത്രീയും കൂടിച്ചേരുമ്പോള്‍ പരസ്പരപൂരകങ്ങളായി തീരുകയും ഇത്തരം പരിമിതികള്‍ മറികടക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

സ്വവര്‍ഗാനുരാഗികള്‍ക്ക് ഇത്തരം ദൃഢമായ ജന്‍റര്‍ റോളുകളെ ചോദ്യം ചെയ്തും മറികടന്നും മാത്രമേ ഒരു ജീവിതം സാധ്യമാവുകയുള്ളൂ. ഉദാഹരണത്തിന് രണ്ട് പുരുഷന്മാര്‍ ഒരുമിച്ച് പങ്കാളികളായി ജീവിക്കാന്‍തുടങ്ങുമ്പോള്‍ പാചകം, മറ്റ് വീട്ടുജോലികള്‍ എന്നിവയൊക്കെ അവര്‍ക്ക് ചെയ്യേണ്ടതായി വരും. പുരുഷനില്ലാതെ ജീവിക്കുന്ന ലെസ്ബിയന്‍ ദമ്പതിമാര്‍ക്ക് നിത്യജീവിതത്തില്‍ പരമ്പരാഗതമായി പുരുഷന്മാര്‍ മാത്രം ചെയ്യുന്ന പല കാര്യങ്ങളും സ്വന്തമായി ചെയ്യേണ്ടതായി വരും. ഇങ്ങനെ സമൂഹത്തിലെ ജന്‍റര്‍ റോളുകളെ ഏറ്റവും ശക്തമായി ചോദ്യം ചെയ്യുന്നത് കൊണ്ടുതന്നെയാണ് സ്വവര്‍ഗാനുരാഗവും, ഗേ- ലെസ്ബിയന്‍ തുടങ്ങിയ ഐഡന്‍റിറ്റികളും വളരെ റാഡിക്കല്‍ ആയി മാറുന്നത്. “ഞങ്ങള്‍ ട്രാന്‍സ്ജന്‍ററുകളെ അംഗീകരിക്കും, പക്ഷേ സ്വവര്‍ഗാനുരാഗികളെ ഒരിക്കലും അംഗീകരിക്കില്ല” എന്നൊക്കെ ചിലര്‍ കട്ടായം പറയുന്നത് ഇതുകൊണ്ടാണ്.

സ്വവര്‍ഗാനുരാഗികളെ കുറിച്ചുള്ള വളരെ പ്രശസ്തമായ അമേരിക്കന്‍ ടെലിവിഷന്‍ സീരിയലാണ് ‘ക്വിയര്‍ ഏസ് ഫോക്’ (Queer as Folk 2000-2005). അതില്‍ നഗരത്തിലെ എല്‍.ജി.ബി.ടി കമ്യൂണിറ്റിയിലേക്ക് പുതുതായി കടന്നുവന്ന ചെറുപ്പക്കാരനായ ജസ്റ്റിന്‍ തന്റെ കാമുകന്‍ ബ്രയന്‍റെ സുഹൃത്തുകളായ ലെസ്ബിയന്‍ ദമ്പതിമാരെ ആദ്യമായി പരിചയപ്പെടാനിടയായശേഷം ആശ്ചര്യത്തോടെ “Are lesbians women?” എന്ന് ബ്രയനോട് ചോദിക്കുന്നുണ്ട്. ഗേ ആയ താന്‍ പുരുഷനാണെന്ന ബോധ്യം സ്വയമുള്ളപ്പോള്‍ തന്നെയാണ് ഈ ചോദ്യം ചോദിക്കുന്നത് എന്നതാണ് ഇതിലെ ഐറണി. “Sort of…” (“ഒരു തരം...”) എന്നായിരുന്നു ബ്രയന്‍റെ ഉത്തരം. ഗേ എന്നാല്‍ പുരുഷനാണോ എന്നതിനും “ഒരു തരം പുരുഷന്മാര്‍” എന്നു തന്നെയാണ് ഉത്തരം. പക്ഷേ ഗേ എന്നാല്‍ സാധാരണ പുരുഷന്‍ അല്ല. പുരുഷനെ പ്രണയിക്കുന്നു, കാമിക്കുന്നു എന്ന സാമ്യം അവന് സ്ത്രീയുമായി ഉണ്ട്. എന്നാല്‍ സ്ത്രീയായി അറിയപ്പെടാനാഗ്രഹിക്കാത്ത, തന്റെ ജന്‍റര്‍ പുരുഷന്‍ എന്നുതന്നെ അടയാളപ്പെടുത്തുന്നവനാണ് ഗേ. സമൂഹത്തിലെ പ്രബലമായ ജന്‍റര്‍ വാര്‍പ്പ്മാതൃകകളെ, അതിലംഘിക്കുന്ന ഒന്നാണ് ഗേ ആണത്തം. “ആണായാല്‍ പെണ്ണ് വേണം” എന്ന അലിഖിത നിയമത്തെ അത് കാറ്റില്‍ പറത്തുന്നുണ്ട്. പുരുഷാധിപത്യ  സമൂഹത്തിന്  അനുയോജ്യമായ ജന്‍റര്‍ വാർപ്പ് മാതൃകകൾ സമൂഹത്തിൽ  സൃഷ്ടിക്കുന്നതിൽ മുഖ്യധാരാ സിനിമകള്‍ക്ക് വലിയ പങ്കുണ്ട്. അഞ്ച് പേരെ അടിച്ചു നിലംപരിശാക്കുന്ന വീരശൂര പരാക്രമിയാണ് കൊമേഴ്സ്യൽ സിനിമകളിലെ നായകന്‍. നിത്യജീവിതത്തില്‍ ഒരിയ്ക്കലും സാധ്യമാവാത്ത ആണത്തപ്രകടനങ്ങള്‍ സിനിമാറ്റിക് സങ്കേതങ്ങള്‍ ഉപയോഗിച്ച് ജനമനസ്സില്‍ പ്രതിഷ്ഠിക്കുകയാണ് കൊമേഴ്സ്യൽ സിനിമകള്‍ ചെയ്യുന്നത്. നായകന്‍ അതിസുന്ദരനും, അതിസുന്ദരിയായ നായികയുടെ പ്രണയത്തിന് പാത്രവുമാണ്. ഇങ്ങനെ സിനിമകളും ടെലിവിഷന്‍ സീരിയലുകളുമൊക്കെ ജനപ്രിയ ആണത്തവും, പെണ്ണത്തവും നിർമ്മിച്ചെടുക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ശക്തരായ രാജ്യങ്ങളുടെ ദേശീയതയുടെ നിര്‍മ്മിതിയില്‍ പോലും സിനിമ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഒരു കാലത്ത് സൂര്യനസ്തമിക്കാത്ത ലോകത്തെ കീഴടക്കിയ ശക്തിയായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വം. ഇന്ന് ബ്രിട്ടീഷ് കൊളോണിയലിസം അവസാനിച്ചുവെങ്കിലും അത് ബ്രിട്ടീഷ് സീക്രട് ഏജന്‍റായ ജയിംസ് ബോണ്ട് എന്ന ആക്ഷന്‍ഹീറോയുടെ സിനിമകളിലൂടെ, ആ ഹീറോ ഇടപെട്ട് പരിഹരിക്കുന്ന ആഗോളകഥകളിലൂടെ, പ്രതീകാത്മകമായി തുടരാനുള്ള ശ്രമമുണ്ട്. ഹോളിവുഡ് സിനിമകളില്‍ അമിതമായി കണ്ടുവരുന്ന ഒരു തീമാണ് ഏലിയന്‍സ് (aliens) എന്നറിയപ്പെടുന്ന വിദൂരഗ്രഹ ജീവികള്‍ ഭൂമിയെ നശിപ്പിക്കാനായി ഇവിടേക്ക് വരുന്നതും അമേരിക്കന്‍ നായകര്‍ അവയെ പൊരുതി കീഴടക്കുന്നതും. ഭൂമിയില്‍ അമേരിക്കയ്ക്ക് ശത്രുക്കളില്ലാത്തതിനാല്‍ വില്ലന്‍മാരെ അന്യഗ്രഹങ്ങളില്‍ നിന്ന് വരുത്തുകയും അവയെ പൊരുതിതോല്‍പ്പിച്ച് ഭൂമിയില്‍ അമേരിക്കയുടെ അപ്രമാദിത്വം നിലനിര്‍ത്തുകയും ചെയ്യുന്ന മാസ് സൈക്കോളജിയാണ് ഇത്തരം സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

പുരുഷന്‍, സ്ത്രീ എന്ന പ്രബലമായ ബൈനറി (ദ്വന്ദം) സമൂഹത്തില്‍ എക്കാലത്തും ഉണ്ടാവും. ഈ ദ്വന്ദത്തില്‍ സാധാരണ പുരുഷനെയും സാധാരണ സ്ത്രീയെയും ( സാധാരണ എന്ന്‍ വാക്ക് ഇവിടെ common / majority എന്ന അര്‍ത്ഥത്തില്‍ സിസ്ജന്‍റര്‍- ഹെറ്ററോസെക്ഷ്വല്‍ വ്യക്തികളെയാണ് ഉദ്ദേശിക്കുന്നത് ) കൂടാതെ പലതരം ആണത്തങ്ങളും പലതരം പെണ്ണത്തങ്ങളും ഉണ്ടെന്നതാണ് ഇപ്പോള്‍ ദൃശ്യതയിലേക്ക് വരുന്ന എല്‍.ജി.ബി.ടി.ക്യു ന്യൂനപക്ഷത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഇതിനോടുകൂടെ ഈ ബൈനറിയില്‍ പെടാതെ തങ്ങള്‍ പുരുഷനും സ്ത്രീയുമാണ്, അല്ലെങ്കില്‍ പുരുഷനോ സ്ത്രീയോ അല്ല, എന്നടയാളപ്പെടുത്തുന്ന നോണ്‍-ബൈനറി വിഭാഗത്തെകൂടി ഉള്‍പ്പെടുത്തുമ്പോള്‍ ജന്‍റര്‍ എന്നത് തുടര്‍ച്ചയുള്ള ഒരു വര്‍ണ്ണരാജി (spectrum) ആയി മാറുന്നു. സമൂഹത്തില്‍ ദൃഢവും അക്രമാസക്തവും അമാനുഷികവും അയഥാര്‍ത്ഥവുമായ ജന്‍റര്‍ വാര്‍പ്പ് മാതൃകകള്‍ അടിച്ചേല്‍പ്പിക്കുന്ന സിനിമ എന്ന ശക്തമായ മാധ്യമം തന്നെയാണ് എല്‍.ജി.ബി.ടി.ക്യു ന്യൂനപക്ഷത്തിന്‍റെ ദൃശ്യതയ്ക്കും ശാക്തീകരണത്തിനും വലിയ പങ്ക് വഹിക്കുന്നത് എന്നുള്ളത് ഐറണിയായി തോന്നാം. ഹിന്ദി സിനിമയില്‍ ഗേ എന്നത് ആദ്യമായി അവതരിപ്പിക്കപ്പെട്ടത് വെറുക്കപ്പെടുന്ന പരിഹാസ്യകഥാപാത്രമായ പിങ്കുവായി അനുപം ഖേര്‍ അഭിനയിച്ച ‘മസ്ത് കലന്ദര്‍’ (Mast Kalandar - 1991) എന്ന സിനിമയാണ്. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബോംബേ ബോയ്സ് (Bombay Boys, 1998) മാംഗോ സൂഫ്ലെ (Mango Souffle, 2002) മൈ ബ്രദര്‍ നിഖില്‍ (My Brother Nikhil, 2005) തുടങ്ങിയ സമാന്തര സിനിമകളില്‍ ഗേ വിഷയം നല്ല രീതിയില്‍ പ്രതിപാദിക്കാന്‍ തുടങ്ങിയത്. ഹിന്ദിയിലെ മുഖ്യധാരാ സിനിമകളില്‍ ഗേ വിഷയത്തെ അവതരിപ്പിക്കാന്‍ തുടക്കമിട്ടത് കരണ്‍ ജോഹര്‍ എന്ന സംവിധായകനും നിര്‍മ്മാതാവുമാണ്. കരണ്‍ ജോഹര്‍ കഥ-തിരക്കഥ എഴുതിയ ‘കല്‍ ഹോ നാ ഹോ’ (Kal Ho Naa Ho - 2003) എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും സൈഫ്അലി ഖാനും അവതരിപ്പിക്കുന്ന സുഹൃത്തുക്കളായ കഥാപാത്രങ്ങള്‍ ഗേ കമിതാക്കളാണോ എന്ന് തെറ്റിദ്ധരിച്ച് ഭയന്ന് വെപ്രാളപ്പെടുന്ന വീട്ടുവേലക്കാരിയെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നുണ്ട്. ഈ കോമഡിയിലൂടെ ഹോമോഫോബിയ പരിഹാസ്യമാണ് എന്ന ആശയത്തെ സിനിമ ഒളിച്ചുകടത്തുന്നുണ്ട്.

ദോസ്താന സിനിമയിൽ അഭിഷേക് ബച്ചനും ജോണ്‍ അബ്രഹാമും

കരണ്‍ ജോഹര്‍ നിര്‍മ്മിച്ച് തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്ത ദോസ്താന (Dostana – 2008) എന്ന റൊമാന്‍റിക് കോമഡിചിത്രം അമേരിക്കയില്‍ ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്കു ലഭിക്കാനായി ഗേ ആയി അഭിനയിക്കേണ്ടി വരുന്ന ജോണ്‍ അബ്രഹാം, അഭിഷേക് ബച്ചന്‍ എന്നീ സുഹൃത്തുക്കളുടെ അവസ്ഥ രസകരമായി ചിത്രീകരിക്കുന്നുണ്ട്. ഇന്ത്യയിലെ ഒരു മുഖ്യധാരാ സിനിമയില്‍ ഗേ വിഷയം കേന്ദ്രപ്രമേയമായി ആദ്യമായി അവതരിപ്പിച്ചത് ദോസ്താനയില്‍ ആണെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷേ ഈ സിനിമയിലെ നായകകഥാപാത്രങ്ങള്‍ ഗേ അല്ല, അങ്ങിനെ അഭിനയിക്കുകയായിരുന്നു എന്നുള്ളതും കഥ നടക്കുന്നത് അമേരിക്കയിലാണ് എന്നുള്ളതും സിനിമയുടെ “ആദ്യമായി” എന്ന ലേബലിനെ ചോദ്യം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഒരു മുഖ്യധാരാ സിനിമയില്‍ ഗേ വിഷയം കേന്ദ്രപ്രമേയമായി ആദ്യമായി അവതരിപ്പിച്ചത് റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് ഗേ പോലീസ് ഓഫീസറായി അഭിനയിച്ച മുംബൈ പോലീസ് (2013) എന്ന മലയാളസിനിമയിലാണ്. പ്രിയങ്ക ചോപ്രയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത, മധുര്‍ ഭണ്ഡാര്‍കര്‍ സംവിധാനം ചെയ്ത ഫാഷന്‍ (2008) എന്ന സിനിമയില്‍ ഫാഷന്‍ ലോകത്ത് ധാരാളമായി ജോലിചെയ്യുന്ന ഗേ പുരുഷന്മാര്‍ ഉപകഥാപാത്രങ്ങളായി വരുന്നുണ്ട്. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച കപൂര്‍ & സണ്‍സ് (Kapoor and Sons, 2016) എന്ന സിനിമയില്‍ ഗേ ആണെന്ന കാര്യം കുടുംബത്തില്‍ അറിയാനിടയാകുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഫവദ് ഖാന്‍ അഭിനയിച്ച കഥാപാത്രത്തിലൂടെ ചിത്രീകരിക്കുന്നുണ്ട്. നാല് സ്ത്രീ സുഹൃത്തുക്കളുടെ കഥ പറയുന്ന ‘വീറെ ദി വെഡിങ്’ (Veere di wedding, 2018) എന്ന സിനിമയില്‍ നായികയായ കരീന കപൂറിന്‍റെ അമ്മാവന്‍ ഗേ പങ്കാളിയോടൊപ്പം ജീവിക്കുന്നതായി കാണിക്കുന്നുണ്ട്.

സ്വവര്‍ഗലൈംഗികത കുറ്റകൃത്യമല്ല എന്ന സുപ്രീംകോടതിയുടെ 2018-ലെ വിധിക്കുശേഷമാണ് ഗേ വിഷയം കേന്ദ്രപ്രമേയമായി ഹിന്ദിയില്‍ കുറെ അധികം നല്ല സിനിമകള്‍ വരാന്‍ തുടങ്ങിയത്. റൊമാന്‍റിക് കോമഡി ജോണറില്‍ ഗേ പ്രണയം കൈകാര്യം ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമയാണ് ഹിതേഷ് കേവല്യ സംവിധാനം ചെയ്ത ശുഭ് മംഗള്‍ സ്യാധാ സാവ്ധാന്‍ (Shub Mangal Zyada Saavdhan, 2020). ഡല്‍ഹിയില്‍ കാമുകനൊത്ത് ജീവിക്കുന്ന അലഹബാദ്കാരനായ നായകന്‍ നാട്ടില്‍ കുടുംബത്തിലെ ഒരു വിവാഹം കൂടാനായി കാമുകനൊത്ത് പോകുന്ന അവസരത്തില്‍ അവരുടെ പ്രണയബന്ധം വീട്ടുകാര്‍ അറിയാനിടയാവുന്നു. തുടര്‍ന്നുള്ള തെറ്റിദ്ധാരണകളും എതിര്‍പ്പുകളും കോമഡിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം. ഡല്‍ഹിക്കാരനായ കാമുകനായി ഹിന്ദിയിലെ അറിയപ്പെടുന്ന താരമായ ആയുഷ്മാന്‍ ഖുരാന അഭിനയിച്ചത് ഈ സിനിമ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. സുപ്രീം കോടതി 2018 സെപ്റ്റംബര്‍ 6നു സ്വവര്‍ഗരതി നിയമവിധേയമാക്കിയ ചരിത്രസംഭവം ഈ സിനിമയുടെ ക്ലൈമാക്സില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. Human Computer എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗണിതശാസ്ത്രജ്ഞ ശകുന്തള ദേവിയുടെ ബയോപിക് ‘ശകുന്തള ദേവി’ (Shakunthala Devi, 2020) മലയാളിയായ അനു മേനോന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തന്‍റെ ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്ന് മനസ്സിലാക്കിയ ശകുന്തള ദേവി പിന്തുണയായി “The world of Homosexuals” എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ തിയറ്റര്‍ അടച്ചിടല്‍ഓ.ടി.ടി പ്ലാറ്റ്ഫോമുകളും വെബ് സീരീസുകളും ഉയര്‍ന്നുവരാന്‍ കാരണമായിട്ടുള്ളത് എല്‍.ജി.ബി.ടി.ക്യു സിനിമകളെയും സഹായിച്ചിട്ടുണ്ട്.

‘ബധായി ദോ’ സിനിമയിൽ നിന്ന്

ഹര്‍ഷവര്‍ധന്‍ കുല്‍ക്കര്‍ണി സംവിധാനം ചെയ്ത് രാജ്കുമാര്‍ റാവു, ഭൂമി പെഡ്നേക്കര്‍ എന്നിവര്‍ അഭിനയിച്ച ‘ബധായി ദോ’ (Badhaai Do, 2022) എന്ന സിനിമ ലാവണ്ടര്‍ മാര്യേജ് എന്നറിയപ്പെടുന്ന ഏര്‍പ്പാടിനെ കുറിച്ചുള്ളതാണ്. ഒരു ഗേയും ലെസ്ബിയനും കൂടി തങ്ങളുടെ ഐഡന്‍റിറ്റി കുടുബക്കാരില്‍ നിന്നും സമൂഹത്തില്‍ നിന്നും മറച്ചുവച്ച് സൌകര്യത്തിനായി വിവാഹം കഴിക്കുന്ന ഏര്‍പ്പാടിനെയാണ് ലാവണ്ടര്‍ മാര്യേജ്, എം.ഓ.സി (Marriage Of Convenience) എന്നൊക്കെ പറയുന്നത്. പോലീസ് ഓഫീസറായ ഗേ നായകന്‍ സ്പോര്‍ട്ട്സ് ടീച്ചറായ നായിക ലെസ്ബിയന്‍ ആണെന്ന് ഒരു കേസന്വേഷണത്തിനിടയില്‍ അറിയാന്‍ ഇടയാവുന്നു. നായകന് ഗേ പാര്‍ട്ണറും നായികക്ക് ലെസ്ബിയന്‍ പാര്‍ട്ണറും ഉണ്ടെങ്കിലും കുടുബക്കാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ അവര്‍ പരസ്പരം വിവാഹിതരാവുകയും തങ്ങളുടെ സ്വവര്‍ഗപ്രണയബന്ധങ്ങള്‍ രഹസ്യമായി തുടരുകയും ചെയ്യുന്നു. പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ക്ക് സത്യം കുടുബക്കാരുടെ മുന്നില്‍ വെളിപ്പെടുത്തേണ്ടി വരുന്നതും തുടര്‍ന്നുള്ള വൈകാരിക മുഹൂര്‍ത്തങ്ങളുമാണ് സിനിമ നല്ലരീതിയില്‍ അവതരിപ്പിക്കുന്നത്.

കൊച്ചിയില്‍ ജീവിക്കുന്ന മറാത്തി കുടുംബത്തിലെ കോളേജ് വിദ്യാര്‍ഥിയും കവിയുമായ ഗേ യുവാവിന്‍റെ coming of age കഥ പറയുന്ന ഹിന്ദി ചിത്രമാണ് സചിന്‍ കുന്ദല്‍കര്‍ സംവിധാനം ചെയ്ത ‘കൊബാള്‍ട് ബ്ലൂ’ (Cobalt Blue, 2022). കേരളത്തില്‍ ജീവിക്കുന്ന മറാത്തി ആയതിനാല്‍തന്നെ ഒരു ന്യൂനപക്ഷമായ നായകന്‍ ഗേ ആയതിനാല്‍ വീണ്ടും ന്യൂനപക്ഷവല്‍ക്കരിക്കപ്പെടുകയും (double minority) ഒറ്റപ്പെടുകയുമാണ്. അവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കാന്‍ വരുന്ന സുന്ദരനായ ഫോട്ടോഗ്രാഫറുമായുള്ള പ്രണയവും ബ്രേക്കപ്പും അതില്‍നിന്നുള്ള ഹൃദയവേദനയും ഒക്കെ മനോഹരമായി ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു. മലയാളിയായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘ദ ഫെയിം ഗേം’ (The Fame Game – 2022) എന്ന വെബ് സീരീസില്‍ പ്രശസ്തിയുടെ കൊടുമുടിയിൽ  ജീവിക്കുമ്പോഴും പ്രണയത്തിലും കുടുംബത്തിലും വലിയ പ്രശ്നങ്ങൾ നേരിടുന്ന സിനിമാനടിയായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മാധുരി ദീക്ഷിത് ആണ്. തന്‍റെ മകന്‍ ഗേ ആണെന്ന് അവന്‍ പറയാതെതന്നെ തിരിച്ചറിഞ്ഞു അവനെ പിന്തുണയ്ക്കുകയും അവന്‍റെ പ്രണയബന്ധത്തില്‍ ശരിയായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട് ഈ അമ്മ. പലപ്പോഴും അമ്മമാരാണ് തങ്ങളുടെ മകന്‍ വ്യത്യസ്തനാണെന്ന വസ്തുത ആദ്യം തിരിച്ചറിയുന്നത് എന്ന യാഥാര്‍ഥ്യം ഈ സിനിമ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ഋതു സിനിമയിൽ ആസിഫ് അലി

മലയാള സിനിമയില്‍ ‘ഗേ’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ജോഷ്വ ന്യൂട്ടണ്‍ എഴുതി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു (2009) എന്ന സിനിമയിലാണ്. നായകനെ ചതിക്കുന്ന സുഹൃത്തായി ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രം സ്വവര്‍ഗാനുരാഗിയാണെന്ന വസ്തുത കഥാഗതിയില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല. പിന്നീട് ‘ഗേ’ എന്ന വാക്ക് നമ്മള്‍ കേട്ടത് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ് (2013) എന്ന സിനിമയിലാണ്. പൃഥിരാജ് അവതരിപ്പിച്ച നായകന്‍ താന്‍ ഗേ ആണെന്ന കാര്യം കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും എല്ലാം ഒളിപ്പിച്ച് ജീവിക്കുന്ന പോലീസ് ഓഫീസറാണ്. ഈ ക്രൈം ത്രില്ലര്‍ സിനിമയുടെ കഥയിലും ക്ലൈമാക്സിലും വളരെ പ്രാധാന്യമുള്ള ഒന്നാണ് നായകന്‍റെ ഗേ ഐഡന്‍റിറ്റി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന (2015) എന്ന സിനിമയില്‍ ദീപ്തി സതി അവതരിപ്പിച്ച നായികയുടെ അടുത്ത സുഹൃത്തുക്കള്‍ ഗേ ദമ്പതിമാരാണെന്ന് പരാമര്‍ശിക്കുന്നുണ്ട്. വിവാഹിതനായ ബോസിനെ ചാടിക്കേറി പ്രണയിക്കുന്ന ആല്‍ക്കഹോളിക്കായ നായികയുടെ വളരെ ലിബറല്‍ ആയ ജീവിതത്തെ സൂചിപ്പിക്കാന്‍ വേണ്ടിയാണെന്ന് തോന്നുന്നു ഈ ഗേ കഥാപാത്രങ്ങളെ സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിനിമല്‍ സിനിമയുടെ വക്താവായ പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ‘രണ്ട് പേര്‍ ചുംബിക്കുമ്പോള്‍' (2017) എന്ന സിനിമ സ്ത്രീ- പുരുഷബന്ധങ്ങളെ സദാചാരപോലീസിങ് നടത്തുന്നതിനെ വിമര്‍ശിക്കുന്നതിനോടൊപ്പം, സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട്. പുരുഷന്മാര്‍ തമ്മിലുള്ള സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് തമാശരൂപത്തിലുള്ള പരാമര്‍ശങ്ങള്‍ തെങ്കാശി പട്ടണം (2000), ഡാ തടിയാ (2012), ഹണി ബീ (2013), റ്റു കണ്‍ട്രീസ് (2015), ഹാപ്പി വെഡ്ഡിംഗ് (2016), റോള്‍ മോഡല്‍സ് (2017), ലവ് ആക്ഷന്‍ ഡ്രാമ (2019) എന്നീ സിനിമകളില്‍ കടന്നുവരുന്നുണ്ട്.

ആഷിക് അബു സംവിധാനം ചെയ്ത് സാൾട്ട്​ & പെപ്പർ (2011) സിനിമയുടെ സീക്വൽ ആയി 2021ല്‍ ഇറങ്ങിയ സിനിമയാണ് ‘ബ്ലാക്ക് കോഫി’. ചില സവിശേഷ സ്വഭാവങ്ങള്‍ ഉണ്ടായിരുന്ന സാൾട്ട്​ & പെപ്പറിലെ കുക്ക് ബാബുവാണ് ബ്ലാക്ക് കോഫിയിലെ കേന്ദ്ര കഥാപാത്രം. ഓർമ്മ ബോസിന്‍റെ കഥയില്‍, ബാബുരാജ് തിരക്കഥ-സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ബ്ലാക്ക് കോഫിയിൽ സാൾട്ട്​ & പെപ്പർ സിനിമയിലെ ബാബു എന്ന ഉപകഥാപാത്രത്തെ കേന്ദ്രകഥാപാത്രമായി വികസിപ്പിച്ച് നല്ലൊരു എന്‍റര്‍ടെയ്നിങ് സിനിമയാക്കി തീർത്തിരിക്കുന്നു. കാളിദാസന്റെയും (ലാൽ) ഭാര്യ മായയുടെയും (ശ്വേത മേനോൻ) കുക്കായി ബാബു ജീവിക്കുന്നിടതാണ് കഥ തുടങ്ങുന്നത്. കാളിദാസനോടുള്ള ബാബുവിന്റെ പൊസസീവ്നെസ് മായയെ ശുണ്ടി പിടിപ്പിക്കുന്നു. അതിൻറെ പേരിൽ മായയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങുന്ന ബാബു കൊച്ചിയിൽ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന നാല് സ്ത്രീകളുടെ (അഭിനയിച്ചത് ലെന, രചന നാരായണന്‍കുട്ടി, ഓർമ്മ ബോസ്, ഓവിയ) കുക്കായി മാറുന്നതും അവരുടെ ജീവിതപ്രശ്നങ്ങളിൽ ഇടപെട്ട്  നല്ലൊരു സുഹൃത്തും രക്ഷകനുമായി മാറുന്നതാണ് ബ്ലാക്ക് കോഫിയുടെ ഇതിവൃത്തം. സാൾട്ട്​ & പെപ്പറിൽ കാളിദാസൻ പെണ്ണ് കാണാൻ പോയി പെണ്ണിന് പകരം കുക്ക് ബാബുവിനെ കൂടെ കൂട്ടുന്നതും, പരമ്പരാഗതമായി സ്ത്രൈണമെന്ന് കരുതപ്പെടുന്ന പെരുമാറ്റങ്ങൾ ബാബു പ്രകടിപ്പിക്കുന്നതും  ഒക്കെ അദ്ദേഹത്തെ ഗേ എന്ന് അടയാളപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. അത്തരം വ്യക്തിത്വത്തിന്റെ തുടർച്ചയാണ് ബ്ലാക്ക് കോഫിയിലും മനോഹരമായി ചിത്രീകരിച്ചിട്ടുള്ളത്. വാക്കിലോ പ്രവൃത്തിയിലോ തന്റെ സ്വവർഗലൈംഗികത ബാബു പ്രകടിപ്പിക്കുന്നില്ല. ഹനുമാൻസേവയുമായി അവിവാഹിതനായി തുടരുന്നതിലൂടെയും,  കാളിദാസനുമായുള്ള തീവ്രമായ ആത്മബന്ധത്തിലൂടെയും, സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കുക്കായി ജോലിചെയ്യുന്നതിലൂടെയും, മറ്റ് പെരുമാറ്റരീതികളിലൂടെയും എല്ലാം പ്രേക്ഷകർ വായിച്ചെടുക്കേണ്ട ഒന്നാണ് ബാബുവിന്റെ ഗേ ഐഡൻറിറ്റി. 

ബ്ലാക്ക് കോഫി സിനിമയിൽ ബാബുരാജ്

കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് (2020) എന്ന സിനിമയിൽ മനോഹരമായ ഒരു ഗേ വെളിപ്പെടുത്തൽ ഉണ്ട്. കോളേജ് കാൻറീനിൽ വെച്ച് വിദ്യാര്‍ഥിനിയായ ജ്യോതി (നടി നന്ദന വർമ്മ) തന്‍റെ ക്രഷ് ആയ ജോണിനോട് (നടന്‍ വിനായക്)  താല്‍പര്യം അറിയിച്ചപ്പോൾ:
ജോൺ: ‘‘കൊച്ചേ, അത് നടക്കത്തില്ല. ഞാനും ഫിസിക്സിലെ കൃഷ്ണകുമാറും തമ്മിൽ  ഇഷ്ടത്തിലാ... അതുകൊണ്ടാ...’’
ജ്യോതി: ‘‘അതൊന്നും സാരല്യ. എനിക്ക് തന്നെ ഇഷ്ടമാ..’’
ജോൺ: ‘‘അങ്ങനെ പറയരുത് ജ്യോതി. ഞാനെന്‍റെ മനസ്സു മാത്രമല്ല, ശരീരവും അവന് കൊടുത്തതാ...’’ 

എല്‍.ജി.ബി.ടി.ക്യു അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ഇന്ന് കൂടിയിട്ടുണ്ടെങ്കിലും കേരളത്തിലെ കോളേജ് ക്യാമ്പസുകളിൽ ഐഡൻറിറ്റി വെളിപ്പെടുത്തുന്ന സ്വവർഗാനുരാഗികൾ ഇന്നും വളരെ കുറവാണ്. അതിനാൽ ഇത്തരമൊരു സീൻ ഇന്ന്  യഥാർത്ഥത്തിൽ സംഭവിക്കുമോ എന്ന കാര്യം സംശയമാണ്. എങ്കിലും ജീവിതത്തിനു മുന്‍പേ പറക്കേണ്ടതാണല്ലോ സാഹിത്യവും സിനിമയും. വാങ്ക് വിളിക്കാനുള്ള ഒരു മുസ്​ലിം യുവതിയുടെ അഭിലാഷത്തെ കുറിച്ചുള്ള ഈ സിനിമയ്ക്ക് സംവിധായിക കാവ്യ പ്രകാശ് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടുകയുണ്ടായി. 2022 മുതല്‍ എല്‍.ജി.ബി.ടി.ക്യു സ്വാഭിമാന മാസമായ ജൂണില്‍ കേരളത്തിലെ ചില പ്രമുഖ ക്യാമ്പസ്സുകളില്‍ പ്രൈഡ് ഫെസ്റ്റിവലുകള്‍ ആഘോഷിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നുള്ളത് ആശാവഹമാണ്. ഒരു സ്ത്രീപക്ഷ സിനിമയെന്ന് പറയാവുന്ന വാങ്കില്‍ എല്‍.ജി.ബി.ടി.ക്യു വിഭാഗത്തിലുള്ള ഒരു ഉപകഥാപാത്രത്തെ നല്ലരീതിയില്‍ ഉള്‍പ്പെടുത്തിയത് അതിന്‍റെ തിരക്കഥ-സംവിധാനം ചെയ്തത് സ്ത്രീകളായത് കൊണ്ടായിരിക്കാം എന്നാണ് എന്റെ നിരീക്ഷണം. ബ്ലാക് കോഫിയുടെ തിരക്കഥയും ഒരു സ്ത്രീയുടേതാണ്. നിവിന്‍ പോളി, റോഷന്‍ മാത്യൂ എന്നീ മുഖധാരാ താരങ്ങളെ മൂത്തോന്‍ സിനിമയില്‍ ഗേ കമിതാക്കളായി അവതരിപ്പിച്ചതും ഗീതു മോഹന്‍ദാസ് എന്ന സ്ത്രീസംവിധായിക ആയിരുന്നു.

അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘ഭീഷ്മ പർവ്വം’ എന്ന (2022) സിനിമയിലെ "രതിപുഷ്പം പൂക്കുന്ന യാമം..." എന്ന ഗേ തീമുള്ള പാട്ടും നൃത്തവും യൂട്യൂബിൽ ആഴ്ചകളോളം #1 TRENDING ആയിരുന്നു. ഷൈൻ ടോം ചാക്കോയുടെ സിനിമാ നിർമ്മാതാവായ  കഥാപാത്രത്തിന് ഡാൻസറായ റംസാന്‍റെ  കഥാപാത്രത്തിനോട് തോന്നുന്ന ആകർഷണമാണ് പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. കഥ നടക്കുന്ന 1980കളിലെ ഡിസ്കോ ശൈലിയിലുള്ള ഗാനം ഉണ്ണി മേനോനാണ് പാടിയിരിക്കുന്നത്. നൃത്തത്തിന്റെ പാശ്ചാത്തലത്തില്‍ എല്‍.ജി.ബി.ടി.ക്യു അവകാശത്തിന്റെ പ്രതീകമായ മഴവില്‍ നിറങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാട്ടിന്റെ വരികൾ കൃത്യമായ ഹോമോ എറോട്ടിസം ചിത്രീകരിക്കുന്നുണ്ട്. "സജലസ്വപ്നങ്ങൾ" എന്ന് സ്വപ്നസ്‌ഖലനത്തെ സൂചിപ്പിക്കുന്നത് മലയാള സിനിമാഗാനങ്ങളിൽ ആദ്യമായാണ് വരുന്നത്. മഹാഭാരതത്തിലെ ഭീഷ്മരുടെ കഥയിൽ ശിഖണ്ഡി എന്ന ക്വിയർ കഥാപാത്രം ഉണ്ടെന്നുള്ളതിനോട് കൂട്ടിവായിക്കേണ്ടതാണ് സിനിമയിലെ ഷൈൻ ടോമിന്റെ ഈ കഥാപാത്രം. രതിപുഷ്പത്തിലെ സ്വവര്‍ഗലൈംഗികതയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ സിനിമയിലെ ഷൈന്‍ ടോം ചാക്കോയുടെ വിവാഹിതനായ കഥാപാത്രം ബൈസെക്ഷ്വല്‍ ആണെന്ന് സംവിധായകന്‍ പ്രസ്താവിച്ചിരുന്നു. അതെന്തായാലും രതിപുഷ്പം എന്ന ഗാനത്തില്‍ ബൈസെക്ഷാലിറ്റിയല്ല, രണ്ടു പുരുഷന്മാര്‍ക്കിടയിലുള്ള ആകര്‍ഷണമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഭീഷ്മപര്‍വ്വം പോലുള്ള സൂപ്പര്‍ ഹിറ്റായ ആക്ഷന്‍ സിനിമയില്‍ തികച്ചും അപ്രതീക്ഷിതമായി പൂത്ത ഈ രതിപുഷ്പം കേരളത്തിന്റെ ‘ഗേ ഗീതം’ ആയി മാറിക്കഴിഞ്ഞു എന്ന് പറയാം.

(ഡി.സി. ബുക്​സ്​ പ്രസിദ്ധീകരിച്ച ‘മഴവിൽ കണ്ണിലൂടെ മലയാള സിനിമ’ എന്ന പുസ്​തകത്തിൽനിന്ന്​)

Comments