ഒരു വടക്കൻ വീരഗാഥ; ഉണ്ണിയാർച്ചക്കും ചന്തുവിനും എം.ടിയുടെ തിരക്കഥയിൽ എന്തുസംഭവിച്ചു?

ഗോത്രപരമായ നേർക്കുനേർ ബന്ധങ്ങളിൽ നിന്ന് അടർത്തിമാറ്റപ്പെട്ടപ്പോൾ ഉണ്ണിയാർച്ചക്ക് പുത്തൂരം കഥകളിലെ കർതൃത്വം എം.ടിയുടെ വടക്കൻ വീരഗാഥയിൽ ഇല്ലാതായി. പെണ്ണിനു സ്വന്തം വീട്ടിലേക്കു പോകാനും കൂത്തുകാണാനും വഴിനടക്കാനുമുള്ള അവകാശത്തിനാണ് അവൾ വടക്കൻ പാട്ടിൽ സംസാരിക്കുന്നത്. നാടൻ 'പാട്ട്' തിരക്കഥയായപ്പോൾ ഈ സ്വേച്ഛയും കർതൃത്വവുമാണ് അവളിൽ നിന്നു ചോർന്നുപോയത്. വ്യക്തിത്വമില്ലാത്ത ഭീരുവും ദുഃസ്സാമർഥ്യക്കാരിയുമായി അവൾ പരിവർത്തിക്കപ്പെട്ടു- ഒരു വടക്കൻ വീരഗാഥ എന്ന സിനിമയുടെ വേറിട്ട കാഴ്ച

ഗീത

നാടോടിക്കഥകൾ/പാട്ടുകൾ ചരിത്രമാണോ? ചില അംശങ്ങളിൽ ആകാം, അല്ലാതെയുമിരിക്കാം. കാരണം ഒരു സംസ്‌ക്കാരത്തിൽ നിന്ന് മറ്റൊന്നിനെ രൂപീകരിച്ചെടുക്കുന്ന പ്രക്രിയാബന്ധത്തിന്റെ മാതൃകകളായി അവ വർത്തിക്കുന്നു. നിർണായകമായ ഒരു തരം വിളക്കലുകൾ.

എം.ടി. വാസുദേവൻ നായരുടെ ഒരു വടക്കൻ വീരഗാഥ എന്ന തിരക്കഥ പേരു സൂചിപ്പിക്കുന്നതു പോലെ വടക്കൻ പാട്ടിനെ ആസ്പദിച്ചുള്ളതാണ്. ഉണ്ണിയാർച്ച, ചന്തു എന്നിവരെപ്പറ്റി നമുക്കെന്തറിയാമെന്നതു മാറ്റിവെക്കുക. ഒരു ചുക്കുമറിയില്ലായിരിക്കാം. പക്ഷേ അവളൊരു ഉണ്ണിയാർച്ചയാണെന്നോ അവനൊരു കുഞ്ഞിരാമനാണെന്നോ കേൾക്കുമ്പോഴോ? അപ്പോൾ ചിലത് തോന്നുന്നത് അവരെപ്പറ്റി പഠിച്ചിട്ടോ ചിന്തിച്ചിട്ടോ ആയിക്കൊള്ളണമെന്നില്ല.

വേർതിരിച്ചെടുക്കാനാവാത്ത ഏതൊക്കെയോ അബോധങ്ങൾ സാമൂഹികവും സാംസ്‌കാരികവുമായത്, വ്യക്തിപരവും ചരിത്രപരവുമായത് നമ്മളിൽ ഉറങ്ങിക്കിടക്കുന്നുണ്ട്. നമ്മളിൽ ചരിത്രപരമായി അന്തർലീനമായത് അപ്പോൾ ഉണർന്നു പ്രവർത്തിച്ചു തുടങ്ങുന്നു. ഓരോ വ്യക്തിയുടെയും സ്വകാര്യസ്വത്തെന്നപോലെ ഒരു ജനതയുടെ പൊതുസ്വത്തുമാണിത്.

ആൺ തച്ചുകൾ എന്ന പുസ്തകത്തിൻറെ കവർ

ഇതിനർത്ഥം നാടോടിക്കഥകൾ അചോദ്യവും അസ്പൃശ്യവുമായി കൽപാന്തകാലത്തോളം നിലനില്ക്കണമെന്നല്ല. അവയെ കാണാം, കേൾക്കാം, നോക്കാം, തൊടാം, എടുത്തമ്മാനമാടാം. മുറിച്ചുകടക്കാം. വെട്ടാം തിരുത്താം. ആലോലം മുങ്ങിനിവരാം. കീഴടങ്ങാം ആക്രമിക്കാം. കീഴടക്കുകയുമാകാം.

കാരണം അതു നിങ്ങളുടേതെന്നപോലെ, അത്രതന്നെ എന്റേയുമാകുന്നു. അതുകൊണ്ട് ഏതുപെണ്ണിനും അന്വേഷിക്കാം മലയാളവുമായി അത്രമേലിഴുകിച്ചേർന്ന ഉണ്ണിയാർച്ചയുടെയും ചന്തുവിന്റെയും ആരോമൽച്ചേകവരുടെയും കഥകൾ എന്തെന്നും അവക്ക് എം.ടിയുടെ തിരക്കഥകളിലെന്തു സംഭവിച്ചുവെന്നും. ആ നിലക്കുള്ള ഒരു അന്വേഷണമാണിത്.

ഉണ്ണിയാർച്ചയുടെ പുത്തൂരംപാട്ടു പ്രകൃതം

പുത്തൂരംപാട്ടിലെ ഉണ്ണിയാർച്ചക്കു ദൈന്യമേയില്ല. മനസ്സിൽ വിചാരിച്ചത് ഏതിനും ഇറങ്ങിപ്പുറപ്പെടാൻ തയ്യാറുമാണ്. അല്ലിമലർക്കാവിൽ കൂത്തുകാണാൻ പോയ കഥയാണ് പ്രസിദ്ധം. ഊണും കഴിഞ്ഞുറങ്ങുമ്പോൾ കണ്ട സ്വപ്നമാണ് ആ കൂത്ത്. അവളൊരുങ്ങിക്കഴിഞ്ഞ് ഭർത്താവിനോടും അയാളുടെ മാതാപിതാക്കളോടും അവൾ പറയുന്നു; ‘‘പുത്തൂരം വീട്ടീന്നു പോന്നേപ്പിന്നെ ആറ്റും മണമ്മേലും വന്നേപ്പിന്നെ കാഴ്ചകൾ വേല ഞാൻ കണ്ടിട്ടില്ല.''

കൂത്തുകാണൽ അവളുടെ സ്വപ്നമാകുന്നതതുകൊണ്ടാണ്. സ്വന്തം വീടുവിട്ട് ഭർത്തൃഗൃഹത്തിലെത്തിയാൽപ്പിന്നെ പെണ്ണിന്റെ ഉല്ലാസങ്ങൾക്കെന്തു സംഭവിക്കുന്നുവെന്നതിനു തെളിവുകൂടിയാണ് ഉണ്ണിയാർച്ചയുടെ ഈ സ്വപ്നം. പക്ഷേ ഭർത്തൃഗൃഹക്കാരെ സംബന്ധിച്ച് അത് അരുതാത്ത സ്വപ്നമായിരുന്നു. കാരണം പോകേണ്ടത് ജോനാർപുളപ്പുള്ള നാഗാപുരത്തങ്ങാടിയിലൂടെയാണ്. ‘‘ആ വഴിയാർക്കും നടന്നുകൂടാ
പട്ടുടുത്താരാനും വന്നുപോയാൽ
പട്ടു കഴിച്ചങ്ങു അയക്കവരും
ചമയത്തോടെ പെണ്ണുങ്ങളെകണ്ടാൽ
അവരുടെ കയ്യും പിടിച്ചവരെ
അവരുടെ വസ്ത്രം അഴിച്ചവരെ
നഗ്നരൂപത്തിലെ അയക്കുന്നുള്ളു
ഇങ്ങനെ ഉള്ളൊരു നാടാകുന്നു
കണ്ടാൽ തികവുള്ള പെണ്ണു നീയും
നിന്നെ അവരങ്ങു കണ്ടുപോയാൽ
മൂപ്പന്റെ മാളിക കയറ്റുമവർ
ഒന്നല്ലെനിക്കുള്ളു പൊന്മകനും
അവനെ പഴുതെ നീ കൊല്ലിക്കല്ലെ'' എന്നച്​ഛൻ.

‘‘ഒരു നാളും നീയൊട്ടും മോഹിക്കണ്ട എന്നുടെ മകനെ നീ കൊല്ലിക്കല്ലെ'' എന്നമ്മയും പറഞ്ഞു.

‘‘ജോനകർപുളപ്പുള്ള നാടല്ലാണെ നിന്നെയവരങ്ങു കണ്ടുപോയാൽ നിന്നെപ്പിടിച്ചങ്ങു കൊണ്ടുപോകും'' എന്നു ഭർത്താവ് കുഞ്ഞിരാമനും അവളെ വിലക്കി.

മാധവി

പുത്തൂരം വീട്ടിൽ ജനിച്ചുപോയാൽ ആണുങ്ങളെ കൊല്ലിക്കുന്നതു കേട്ടിട്ടുണ്ടൊയെന്ന് ഉണ്ണിയാർച്ച ഭർത്താവിനോടും കുടുംബത്തോടും തിരിച്ചു ചോദിക്കുന്നു. തന്റെ ഉല്പമായ പുത്തൂരം വീട്ടുവിലാസത്തിൽ അവൾക്കഭിമാനമുണ്ട്. ‘‘കണ്ണപ്പൻ തന്നുടെ പൊന്മകളും വീരിയത്തോടെ ജനിച്ചുഞാനും പോകാതെ കണ്ടിട്ടിരിക്കയില്ല'' എന്നവൾ പോകണമെന്നു തന്നെ ഉറച്ചു. ആഭരണങ്ങൾക്കൊപ്പം ഉറുമിയെടുത്ത് അരയിൽപ്പൂട്ടി അവൾ യാത്ര തുടങ്ങി. ദൈവവിധിപോലെ വരട്ടെയെന്നു കരുതിത്തന്നെ കൂടെ വന്ന കുഞ്ഞിരാമനൊപ്പം അവൾ നാഗാപുരത്തെത്തി.

ജോനകരെ കണ്ടു വിറക്കുന്ന കുഞ്ഞിരാമനെയവൾ ആശ്വസിപ്പിക്കുന്നത് പുത്തൂരം വീട്ടിലെ പെണ്ണുങ്ങൾ ആണുങ്ങളെ കൊല്ലിച്ചിട്ടില്ല എന്നാണ്. മൂപ്പനവളെ നൽകാനാണ് ജോനകർ ശ്രമിക്കുന്നത്. തന്നെ തടയുന്നവരെക്കണ്ട് അവൾ ആലിലപോലെ വിറച്ചത് ഭയംകൊണ്ടല്ല, അങ്കക്കലികൊണ്ടായിരുന്നു. ആണും പെണ്ണുമല്ലാത്ത കയ്യന്മാരെ എന്നാണു അവളുടെ സംബോധന. ‘‘അടിക്കാനായ് നിങ്ങളും വന്നതെങ്കിൽ വന്നങ്ങടികൊണ്ടോ കയ്യന്മാരെ'' എന്നവൾ ഉറുമി വീശി വെല്ലുവിളിച്ചു. ആരോമലിന്റെ പെങ്ങളാണെന്നു കേട്ടപ്പോൾ മൂപ്പൻ ബോധംകെട്ടു വീണുപോയി. പുത്തൂരം വീടിന്റെയും ആരോമലിന്റെയും മേൽവിലാസമാണ് അവിടെയവളെ രക്ഷിക്കുന്നത്.

പിന്നെയവളെ അനുനയിപ്പിക്കാനായി ശ്രമം. കുഞ്ഞിപൂമായും തമ്പുരാട്ടിയുമൊക്കെ വന്നെങ്കിലും അവൾ വഴങ്ങിയില്ല.
‘‘പെണ്ണുങ്ങൾക്കു വഴി നടന്നുകൂടാ
അവരുടെ വസ്ത്രം അഴിച്ചെടുക്കും
അതുതാനേ കേട്ടിട്ടു വന്നു ഞാനും.''

ഇതാണ് ഉണ്ണിയാർച്ചയുടെ പൂത്തൂരംപാട്ടു പ്രകൃതം. വ്യക്തിപരമായി അവൾക്കുണ്ടായിരുന്ന വീരവും അങ്കക്കലിയും പെണ്ണുങ്ങൾക്കനുഭവിക്കേണ്ടി വന്ന അനീതികളോടുള്ള ബോധപൂർവമല്ലാത്ത കലാപമായി മാറുകയാണ് ഈ പാട്ടുഭാഗത്ത്. ഒടുവിൽ ആങ്ങളതന്നെയെത്തേണ്ടിവന്നു അവളുടെ അങ്കക്കലി ശമിപ്പിച്ച് മെരുക്കിയെടുക്കാൻ.

ഉണ്ണിയാർച്ചയും ആങ്ങളയും

ഉണ്ണിയാർച്ചക്ക് ആങ്ങളയുമായി ഏറെ അടുപ്പമുണ്ട്. ഒരു പക്ഷേ ജീവിതത്തിൽ ഏറ്റവുമടുപ്പം- ‘‘പൂത്തൂരം ആരോമൽ നേരാങ്ങള ഇനിക്കുമെ വലിയതവരാകുന്നു.'' ആരോമൽ പുത്തരിയങ്കം കുറിച്ചതും സ്വപ്നത്തിലാണവളറിയുന്നത്. കളരി പരമ്പര സ്വപ്നം കാട്ടിയെന്നാണവൾ വിശ്വസിക്കുന്നത്. ആങ്ങളയുടെ കാര്യമോർത്ത് അവൾ പാതിരാക്ക് ഞെട്ടിയുണരുകയും പുലർച്ചക്ക് പുത്തൂരം വീട്ടിലേക്കു പുറപ്പെടുകയും ചെയ്യുന്നുണ്ട്.

സുരേഷ്ഗോപി ‘ഒരു വടക്കൻ വീരഗാഥ’യിൽ

‘‘ഞാനൊന്നു വീടോളം പോയ് വരട്ടെ''യെന്നു ചോദിക്കുമ്പോൾ ഭർതൃവീട്ടുകാർക്കു പല തടസ്സവാദങ്ങളാണ്. കുഞ്ഞിരാമനു കളരിയുണ്ട് തുണക്കയക്കാൻ പറ്റില്ല പാണനെ തുണകൂട്ടി പോകാം എന്നിങ്ങനെ. ‘‘പൊന്നും പണവുമെ ഓർത്തു നിങ്ങൾ, അച്ഛനും ആങ്ങള ഓർക്കെനിക്ക്'' എന്നവൾ എണ്ണതേച്ച് കുളിക്കാതെ കണ്ണീരും കയ്യുമായി ഒറ്റക്കിറങ്ങിപ്പോയ്ക്കളഞ്ഞു. കഴുത്തിലെ താലിക്കൂട്ടത്തിലൊന്നഴിച്ച് തോണിക്കൂലി കൊടുക്കുന്നു. അവളുടെ പരിഭ്രമിച്ച വരവ് കണ്ട് ആരോമൽ അമ്മയെ വിളിക്കുന്നു.

‘‘തുണ കൂടാതെയും വരുന്നവളെ ശിരസ്സു നിറയോളം എണ്ണയുണ്ട് താളി ഒടിച്ചിട്ടു കയ്യിലുണ്ട് മെയ്മുണ്ട് ഒന്നുമേ കയ്യിലില്ലാ ഉടുത്തൊരു വസ്ത്രവും മാറീട്ടില്ല''
അങ്കം കുറിച്ച സ്വപ്നം ശരിയെന്നറിഞ്ഞ് ഗർഭിണിയായ ഉണ്ണിയാർച്ച നിന്ന നിലയിൽ വീണുപോയി. ആങ്ങളയാകട്ടെ അവളുടെ കാര്യത്തിൽ ഉത്തരവാദിത്വവും ഉത്കണ്ഠയുമുള്ളവനായിരുന്നു. അങ്കത്തിൽ താൻ മരിച്ചാൽ അവൾക്കുള്ളതയാൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ആങ്ങളക്കൊത്തൊരു പെങ്ങളാണ് ഇതുപോലെ ഒരിക്കലും സമ്പത്തിൽ അവൾ ആസക്തയല്ല.

തനിക്കു ലഭിച്ച സമ്മാനങ്ങൾ കുഞ്ഞിരാമന്റെ അമ്മക്കു നല്കുന്നു. ആങ്ങളയുടെ വിജയവും ജീവനുമാണ് പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ചയ്ക്കു മുഖ്യം. അതുകൊണ്ടു മാത്രമാണവൾ ചന്തുവിനെ പ്രലോഭിപ്പിച്ച് വശത്താക്കി തുണക്കയക്കാൻ നോക്കുന്നത്. വടക്കൻ പാട്ടിൽ ഒരിക്കലുമിവൾ ‘യോഗം' എന്നു പറയുന്നില്ല. കരയുന്നില്ല.

ഗോത്രപരമായ നേർക്കുനേർ ബന്ധങ്ങളിൽ നിന്ന് അടർത്തിമാറ്റപ്പെട്ടപ്പോൾ ഉണ്ണിയാർച്ചക്ക് പുത്തൂരം കഥകളിലെ കർതൃത്വം എം.ടിയുടെ വടക്കൻ വീരഗാഥയിൽ ഇല്ലാതായി. പെണ്ണിനു സ്വന്തം വീട്ടിലേക്കു പോകാനും കൂത്തുകാണാനും വഴിനടക്കാനുമുള്ള അവകാശത്തിനാണ് അവൾ വടക്കൻ പാട്ടിൽ സംസാരിക്കുന്നത്. നാടൻ 'പാട്ട്' തിരക്കഥയായപ്പോൾ ഈ സ്വേച്ഛയും കർതൃത്വവുമാണ് അവളിൽ നിന്നു ചോർന്നുപോയത്. വ്യക്തിത്വമില്ലാത്ത ഭീരുവും ദുഃസ്സാമർഥ്യക്കാരിയുമായി അവൾ പരിവർത്തിക്കപ്പെട്ടു. മാത്രമല്ല അവളിൽ പണമോഹവും ആരോപിക്കപ്പെടുന്നു.

ചന്തുവിന്റെ അപകർഷബോധം, പുത്തൂരം വീടിന്റെ പൊന്മകളെ സ്വീകരിക്കാനുള്ള പ്രൗഢിയൊന്നും എളന്തളർമഠത്തിനില്ല എന്ന വാക്കുകളിൽ വ്യക്തവുമാണ്. വീണ്ടും ഒരു കണക്കെടുപ്പു നടത്തിയപ്പോൾ മികവിൽ മികച്ചേരിയേക്കാൾ സ്വത്തുണ്ട് ആലത്തൂരപ്പന് എന്നു കണ്ടിട്ടോ എന്നീ സംഭാഷണരംഗങ്ങൾ ഉദാഹരണങ്ങൾ.

ഉണ്ണിയാർച്ചയും ചന്തുവും

ഒരു വടക്കൻ വീരഗാഥ സിനിമയിൽ ഉണ്ണിയാർച്ചയുടെ താലിച്ചരട് ചടങ്ങിനുവേണ്ടി കെട്ടിച്ച താലിമാത്രമല്ലാതായി മാറുന്നു. ചന്തു എന്ന ഭർത്താവ് ഉണ്ണിയാർച്ചയെന്ന ഭാര്യയെ കെട്ടിച്ച മംഗല്യ സൂത്രമായിത്തീരുന്നു. ചന്തുവും ഉണ്ണിയാർച്ചയും പഴയ നാടോടി പാരമ്പര്യത്തിൽ നിന്ന് വിക്‌ടോറിയൻ സദാചാരമൂല്യമുള്ള അണുകുടുംബം രൂപപ്പെടുന്ന ആധുനിക ഘട്ടത്തിലേക്ക് പറിച്ചു നടപ്പെടുന്നു. ഉണ്ണിയാർച്ച വിശ്വസ്തയായിരുന്നില്ലെന്ന തോന്നലിത് ഉണ്ടാക്കുന്നു.

അതിശക്തമായ പ്രണയസന്ദർഭങ്ങൾ വടക്കൻ പാട്ടുകളിൽ നാം കാണുകയേ ഇല്ല. ചില ആണുങ്ങൾക്ക് ചില പെണ്ണുങ്ങളോടു തോന്നുന്ന താൽപര്യം പെണ്ണുങ്ങൾ ആണുങ്ങളെ വശീകരിക്കാൻ നടത്തുന്ന കൊഞ്ചിക്കുഴയലുകൾ എന്നിവ പുത്തൂരം, തച്ചോളി പാട്ടുകളിൽ കാണുമെങ്കിലും അവ ശാരീരികാകർഷണത്തിനതീതമായി ഏകനിഷ്ഠ പ്രണയമായി വികസിതമായിരുന്നില്ല. പ്രണയം വ്യക്തിഗതമായ ആധുനിക മൂല്യമായി മാറിയിരുന്നില്ലെന്നർത്ഥം. വ്യക്തിപരമെന്നതേക്കാൾ അക്കാലത്തത് മറ്റു ബന്ധങ്ങളെപ്പോലെ ഗോത്രപരമോ കുടുംബപരമോ മാത്രമായിരിക്കണം.
പുത്തൂരം കഥകളിൽ ഉണ്ണിയാർച്ചയും ചന്തുവും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റി പാടുന്ന ഭാഗങ്ങൾ ഇവയാണ്.

ചന്തുവിനെ തുണകൂട്ടാൻ പറയുമ്പോൾ ആരോമൽ അച്ഛനോടു പറയുന്നു ‘‘ആർച്ചയെയവനു പറഞ്ഞ കാലം എന്റെ മനസ്സല്ലെ കൊടിപ്പിക്കാഞ്ഞ്.'' അതുകൊണ്ടവൻ ചതിക്കുമോ എന്നു ഭയക്കുന്നു.

2. കണ്ണപ്പച്ചേകവർ ആരോമൽക്കു തുണപോകാൻ ചന്തുവെ നിർബന്ധിക്കുന്നു. ‘‘എന്നൊൽ ചൊൽപോലെ നടന്നുവന്നാൽ
കുന്നത്തുവെച്ച വിളക്കുപോലെ
പറയേണ്ടതൊക്കെപ്പറഞ്ഞു ഞാനും
ഉണ്ണ്യാർച്ച തന്നെ വിളിക്കുന്നുണ്ടെ.
ചന്തുനു ചോറുകൊടുക്കുമോളെ.'' എന്നാണതവസാനിക്കുന്നത്.

ഈ ഭാഗം തികച്ചും ധ്വന്യാത്മകമാണ്. ഉണ്ണിയാർച്ച ‘കൊടുത്ത' പെണ്ണാണ്. ഇപ്പോൾ അവൾ ആറ്റുമണമ്മേലെയാണ്, പുത്തൂരം വീട്ടിലെയല്ല. എന്നിട്ടും ചന്തുവിനെ മകനെപ്പോലെ വളർത്തിയ തന്റെ ഭാര്യയോടോ ആരോമലുടെ ഭാര്യയോടോ അല്ല കണ്ണപ്പച്ചേകോർ ചന്തൂന്​ ചോറു വിളമ്പാൻ പറയുന്നത്. ആങ്ങള പുത്തരിയങ്കം കുറിച്ചുവെന്ന വാർത്തകേട്ടോടി വന്ന ഉണ്ണിയാർച്ചയോടാണ്!

അവളയാൾക്കു വിസ്തരിച്ചു തന്നെ ചോറു വിളമ്പി. വായ്ക്കുരസമോടെ അയാളുണ്ണുന്നതു കണ്ട് നോക്കി
‘‘കൊഞ്ചിക്കുഴഞ്ഞങ്ങു ചെന്നു ആർച്ച
ചിത്രത്തൂണു മറപറ്റി നിന്നു
തലയും കീഴിട്ടു പറഞ്ഞുപെണ്ണ്...
തൂണ കൂട്ടിപ്പോകുന്നത്​ നിങ്ങളാണേ
ഒന്നിങ്ങു കേൾക്കണം ചന്ത്വാങ്ങളെ
ആങ്ങള അങ്കത്തിൽ ജയിച്ചുവന്നാൽ
ആറ്റും മണമ്മേലെ വാക്കൊഴിക്ക
നിങ്ങൾക്കു പെണ്ണായി ഇരുന്നുകൊള്ളാം.''

ചന്തുവും ചിലതോർത്തുവെച്ചിട്ടുണ്ട്. അവൾ പണ്ടയാളോടു ചെയ്തത്.
‘‘പണ്ടു പറഞ്ഞു ചതിച്ചോളല്ലേ
ഇപ്പഴേ നീയും മറന്നുപോയോ
ഒരുകുറി നിൻവാക്കു വിശ്വസിച്ചു
നിന്റെയരികത്തു വന്നു ഞാനും
മുറ്റമടിക്കുന്ന ചൂലുകൊണ്ടേ
എന്തിനവിടം പറയുന്നു ഞാൻ
ആറ്റും മണമേലു വരുവാൻ ചൊല്ലി
പാതിരാവത്ര നെടുരാവുള്ളപ്പോൾ
കുമരംപുഴ ഞാനും നീന്തിവന്നു
നീ കടക്കും മുറിയിൽ ഞാൻ വന്നപ്പോഴെ
തുപ്പുന്ന കോളാമ്പികൊണ്ടെറിഞ്ഞു
അന്നു നീ ചെയ്തതു മറന്നിട്ടില്ല.''

അവൾ കരച്ചിലും പറച്ചിലും തന്നെയാണ്. ചങ്കിൽ മുഴയില്ലാത്ത പെണ്ണല്ലേ അറിയാതെ ചെയ്തതല്ലേ. അറിവുള്ളോരതു പൊറുക്കണ്ടേ, അതുകൊണ്ട് ചന്തുആങ്ങളക്കു തുണപോണം. അച്ഛനാകുന്നതും നിങ്ങളാണെ അനുജനാകുന്നതും നിങ്ങളാണെ നേർപെങ്ങൾ ഞാൻ തന്നെ നിങ്ങളുടെ ഭാര്യയതാവതും നിങ്ങൾക്കല്ലേ.

കൊഞ്ചണ്ട, നിന്റെ മായങ്ങൾ ഞാനറിയുമെന്നു ചന്തു പറയുന്നതുകേട്ട് ഉണ്ണിയാർച്ച എളമുളപൊട്ടിയലറുംപോലെ നെഞ്ചത്തടിച്ചുകരഞ്ഞുകൊണ്ടാവർത്തിക്കുന്നു-
‘‘ആങ്ങള അങ്കം ജയിച്ചുവന്നാൽ നിങ്ങൾക്കും പെണ്ണായിരിക്കാം ഞാനും.'' ചന്തുക്കുട്ടി അതിനു മറുപടി പറഞ്ഞില്ലത്രെ!

നോക്കുക, ഇവിടെയൊന്നും പരാതിക്കാരിയല്ല ഉണ്ണിയാർച്ച എന്നു ശ്രദ്ധിക്കുക. തിരക്കഥയിലെത്തുമ്പോഴോ ഇവൾക്കാരെപ്പറ്റിയാണ് പരാതിയില്ലാത്തത്. ആങ്ങളയെപ്പറ്റി, ഭർത്താവിനെപ്പറ്റി, കാമുകനെപ്പറ്റി.

1. ആരോമലാങ്ങളയാണ് ഒക്കെ നിശ്ചയിച്ചതും ഉറച്ചതും (സീൻ23)
2. എത്രകാലം ഇങ്ങനെ ഒറ്റയ്ക്ക് (സീൻ 31)
3. മുടിയെണ്ണി മുത്തുതന്ന് എന്നെ മാളികകയറ്റി പൊന്നിൽക്കുളിപ്പിച്ചിരുത്തിയിരിക്കുകയാണെന്നാവും ചന്ത്വാങ്ങള ധരിച്ചത്. പിണാത്തിമാരെ നിർത്തുന്നത് പാഴ്‌ചെലവ്. എല്ലാ പടുപണിയും ഞാൻ തന്നെ പേറണം. ചന്ത്വാങ്ങളയെപ്പറ്റി നിനക്കാത്ത ഒറ്റനാളില്ല! എല്ലാം എന്റെ ദുര്യോഗം (സീൻ 31)
4. യോഗം ആർക്കുമറിയാതെ ചന്ത്വേട്ടന്റെ കുട്ടിയെ പെറ്റു വളർത്തണമെന്നായിരുന്നു മോഹം. (സീൻ 45)
5. എന്റാങ്ങളയെമാത്രമല്ല ഈ നൂലാചാരം മടക്കാനിരുന്ന എന്നെക്കൂടി ചതിച്ചു കളഞ്ഞില്ലേ? (സീൻ 56)

ഉണ്ണിയാർച്ചപോലുള്ള അപവാദങ്ങൾ (പുത്തൂരം വിലാസത്തിലെ ആരോമലിന്റെ പെങ്ങൾ എന്ന അവസ്ഥയിൽ അവളുടെ വീരത്വം ഒരപവാദമാണോ എന്ന് വേണമെങ്കിൽ സംശയിക്കാം) സാമാന്യമായ വടക്കൻപാട്ട്​ പുരുഷവീര്യത്തെ സാധൂകരിക്കുകയാണു ചെയ്യുന്നത്. ഗോത്രസത്തയുൾക്കൊണ്ട ഒരു കുടുംബാംഗം മാത്രമായിരുന്നു ഉണ്ണിയാർച്ച അന്ന്. അല്ലാതെ പില്ക്കാലത്ത് പുകഴ്ത്തപ്പെടുന്ന മട്ടിൽ സ്‌ത്രൈണ സ്വത്വമോ വ്യക്തി സ്വത്വമോ ആയിരുന്നില്ല.

വംശാഭിമാനത്തെ താങ്ങി നിർത്തുന്ന കഥാസന്ദർഭങ്ങളായിരുന്നു വടക്കൻപാട്ടിൽ ഉണ്ണിയാർച്ചയുടെ സ്വപ്നം കാണലും കൂത്തുകാണാൻ പോക്കും. എങ്കിലും പാട്ടിലെ ഗോത്രപരമായ അവളുടെ ഉശിരൻ ചെയ്ത്തുകൾ മാത്രമല്ല ചില്ലറ ചില സ്വപ്നങ്ങൾ പോലും തിരക്കഥ മായ്ച്ചുകളഞ്ഞിരിക്കുന്നു. കാരണം ഉണ്ണിയാർച്ചയുടെ വീരങ്ങൾ പുത്തൂരം വീടിനെ കേന്ദ്രീകരിക്കുന്നതാണ്. ചതിയനായ മച്ചൂനിയൻ ചന്തു പുത്തൂരം പാട്ടിൽ പ്രതിനായകസ്ഥാനത്താണ്. പുത്തൂരം ചേകവരുടെ എതിർപക്ഷത്താണു കഥാനായകനെന്നതിനാൽ ഉണ്ണിയാർച്ചക്കു തിരക്കഥയിൽ വീരങ്ങൾ ആവശ്യമില്ല. വാക്ക് പെണ്ണിന്റെ കഴുത്തിലെ നൂലാചാരമായി മാറുമ്പോൾ സ്ത്രീയുടെ അവസ്ഥയ്ക്ക് ഈ മാറ്റം സംഭവിക്കാം. ആറ്റുംമണമേലെ വാക്കൊഴിക്കയെന്ന് പുത്തൂരം പാട്ട്, നൂലാചാരം മടക്കിക്കൊടുക്കട്ടെയെന്ന് തിരക്കഥ.

വടക്കൻപാട്ടിലെ പ്രതിനായകനായ ചന്തു തിരക്കഥയിലെ നായകനാകുമ്പോൾ

പെൺമോഹം ചന്തുവിന്റെ ദൗർബല്യമാണെന്നതിന് പുത്തൂരം പാട്ടിൽ ഉദാഹരണങ്ങളുണ്ട്. ഉണ്ണിയാർച്ചയുടെ കരച്ചിലിലും വാക്കിലും ചന്തുവിന്റെ രോഷം ഒഴുകിപ്പോയതു കൂടാതെ ചുരികവിളക്കാൻ പോകുന്ന ചന്തുവെക്കണ്ട് ‘‘അവനെപ്പറഞ്ഞു വശപ്പെടുത്തി
നാൽക്കെട്ടകത്തേക്കു കൊണ്ടുവായോ''
എന്ന് മകളോടും മരുമകളോടുമായി അരിങ്ങോടർ പറയുന്നു. എള്ളിലൊളി മിന്നുന്നവളും മുടിയിമ്മേൽ കൊടികെട്ടിയവളുമായ കുഞ്ചുണ്ണൂലിയും ഇരുട്ടത്തൊളിമിന്നും കുട്ടിമാണിയും ഏറിയ തന്ത്രങ്ങൾ പയറ്റി ചന്തുവിനെ വശത്താക്കി. ചുരിക മുളയാണിയിട്ടു മുറുക്കാനും പൊൻകാരമിട്ടു വിളക്കാനും കൊല്ലപ്പെണ്ണിന് ചന്തു നിർദ്ദേശം കൊടുക്കുന്നതങ്ങനെ.

മമ്മൂട്ടി, മാധവി / ഫോട്ടോ: Asianet Plus

എന്നാൽ തിരക്കഥയിലെ ചന്തുവിന്റെ ഒരേയൊരു ദൗർബല്യം ഉണ്ണിയാർച്ചയാണ്. ‘‘എന്റെ മോഹം എന്റെ പ്രാർത്ഥന'' എന്നയാളതു തിരിച്ചറിയുന്നു. ആർച്ചയാകട്ടെ അതറിഞ്ഞ് സ്വന്തം ആവശ്യാനുസരണം പെരുമാറി കാര്യം സാധിക്കുന്നവളാണ്. അരിങ്ങോടരുടെ മകൾ കുഞ്ഞി ചന്തുവിനെ പ്രണയിക്കുന്നവളാണ്. ആരുമറിയാതെ അരിങ്ങോടർ പോലുമറിയാതെ ചുരികയിൽ മുളയാണി ഇടീക്കുന്നത് അവളത്രെ. അവൾ ആത്മഹത്യചെയ്യുകയും ശേഷം കാലം കുട്ടിമാണി നിശബ്ദയായി ചന്തുവിനോടൊപ്പം പോരുകയും ചെയ്തു.

‘മച്ചൂനിയൻ ചന്തു' ചതിക്കുമെന്ന മുൻവിധി പുത്തൂരംപാട്ടിൽ അനുഭവമായിത്തീരുമ്പോൾ തിരക്കഥയിൽ അടിസ്ഥാനരഹിതമായ ആരോപണമായി മാറുന്നു. നായകൻ അതിനെ മറികടന്നു പോകുന്നു. പാട്ടിലെ പ്രതിനായകത്വം തിരക്കഥയിലെ നായകന്റെ രക്തസാക്ഷിത്വമായി മാറുന്നു.
ആരോമൽച്ചേകവരുടെ മരണത്തിനുത്തരവാദി ഫലത്തിൽ രണ്ടു പെണ്ണുങ്ങളാണെന്നു വരുന്നു. കണ്ണപ്പച്ചേകവരുടെ ഉപദേശപ്രകാരം തന്റാങ്ങളയെ രക്ഷിക്കാനുള്ള തന്ത്രമായാണ് പാട്ടിലെ ഉണ്ണിയാർച്ച ചന്തുവിനോടു തുണപോകാൻ കൊഞ്ചിക്കൂഴഞ്ഞപേക്ഷിക്കുന്നത്. പക്ഷേ തിരക്കഥയിലെ ഉണ്ണിയാർച്ച സ്വമേധയാ ചെയ്യുന്നതാണത്.

ആങ്ങള അങ്കം ജയിച്ചുവന്നാൽ തന്നെ വിവാഹം ചെയ്യാമെന്നവൾ പറഞ്ഞതായി ചന്തു അറിയിക്കുന്നത് ആരോമലിനെ പൂർവാധികം അക്രമോത്സുകനാക്കുന്നു. പാട്ടിൽ നിന്നു വ്യത്യസ്തമായി തിരക്കഥയിൽ അരിങ്ങോടർ മാന്യനും അന്തസ്സുള്ളവനുമാണ്. ചന്തുവിനെ പ്രലോഭിപ്പിക്കാൻ അയാൾ മകളെ അയ്ക്കുന്നില്ല. നല്ലത്. പക്ഷേ മകൾ കുഞ്ഞി ചന്തുവിനെ ആഗ്രഹിക്കുകയും ആരോമലിനെ തോല്പിക്കാൻ ചുരികയിൽ മുളയാണിയിടാൻ കൊല്ലന് ആരുമറിയാതെ പണം കൊടുക്കുകയും ചെയ്തു.

തിരക്കഥയിൽ ചന്തുവിന് ചതിയനെന്നു പേരു സ്ഥിരപ്പെടാൻ കാരണം കുഞ്ഞിയെന്ന പെണ്ണാണ്. അയാളെ നാടുകടത്തിയത് ഉണ്ണിയാർച്ചയെന്ന പെണ്ണുമാണ്. രണ്ടു പെണ്ണുങ്ങൾ പാട്ടിലെ ചതിയൻ ചന്തുവിനെ അങ്ങനെ കുറ്റവിമുക്തനാക്കുന്നു. മാത്രമല്ല കണ്ണപ്പച്ചേകവരും അരിങ്ങോടരും ഇതോടൊപ്പം കുറ്റവിമുക്തരാവുന്നു. ചന്തുവിനെ പ്രലോഭിപ്പിക്കാനവർ മക്കളെ നിയോഗിക്കുന്നില്ല.

‘നിനക്കും എന്നെ അറിയില്ല ആർക്കും എന്നെ അറിയില്ല. എന്നെ പരിക്ഷിച്ചതു മതിയായില്ലെ എന്റെ കുലദൈവങ്ങളെ,''
‘‘തോൽവികളേറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി'' എന്നിങ്ങനെയൊക്കെയാണ് തിരക്കഥയിലെ ആധുനികനായകനായ ചന്തുവിന്റെ രക്തസാക്ഷിത്വമാനങ്ങൾ.

അതുകൊണ്ടയാൾക്ക് ഏതു പെണ്ണിന്റെയും മുഖത്തുനോക്കി പറയാം ‘‘നീയടക്കമുള്ള പെൺവർഗ്ഗം മറ്റാരും കാണാത്തതു കാണും നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും ചിരിച്ചുകൊണ്ട് കരയും മോഹിച്ചുകൊണ്ടും വെറുക്കും.''

പെണ്ണിനെ വിശ്വസിക്കാനാവില്ലെന്ന പാരമ്പര്യബോധം പേറുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രക്തസാക്ഷിയും ഏകാകിയുമായ ആധുനിക പുരുഷനാകുന്നു തിരക്കഥയിലെ ചന്തു.

സിനിമയിലെ ചന്തുവിന്റെ ഹൈവേമാൻ വരവ്

കുമരംപുഴ നീന്തി വരുന്ന ചന്തു സിനിമയിൽ ഏറ്റവും കാവ്യാത്മകമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. തിരക്കഥയിലില്ലാതാനും ഈ വിവരണം. ഇന്ദുലേഖ കൺതുറന്നു... എന്ന ഗാനരംഗം സിനിമയിൽ സവിശേഷമിഴിവോടെ തിരക്കഥയിലെ ചന്തുവിന്റെ ഡൈമൻഷൻ തന്നെ കൂടുതൽ മിഴിവുറ്റതാക്കുന്നു. ദൃശ്യപരതയേക്കാൾ സ്വപ്നപരതയുള്ള രംഗമാണിതു സിനിമയിൽ. ആറ്റുമണമ്മേലേക്കുള്ള ചന്തുവിന്റെ വരവ് ഒരു ഹൈവേമാൻ വരവാണ്. Riding, riding, riding... പ്രണയവും നിലാവും കാത്തിരിക്കുന്ന പ്രണയിനിയും കുതിരപ്പുറത്തു കുതിക്കുന്ന കാമുകനും.

Look for me by the moonlight
Watch for me by the moonlight
I will come to thee by the moonlight
Though hell should bar the way

സിനിമയിലെ ചന്തുവിനെ സംബന്ധിച്ച് ഈ വരവ് ശരിയാകുന്നു. ഉണ്ണിയാർച്ചയുടെ ക്ഷണമനുസരിച്ചുള്ള അയാളുടെ കുതിപ്പിനെ ഒരു നരകത്തിനും തടുക്കാനാവില്ല. അവൾ കാത്തിരിക്കുകയാണ്. തലേന്നു കാത്തു കാലൊച്ച കേട്ടറിഞ്ഞു എന്നൊക്കെപ്പറയുമ്പോഴും തിരക്കഥയിലെ ഉണ്ണിയാർച്ച പക്ഷേ ആൽഫ്രഡ് നോയിഡിന്റെ ബെസ്സ് അല്ല. ഹൈവേമാനുവേണ്ടി ജീവൻ വെടിയുന്നവളാണ് ബെസ്സ്. സ്വന്തം മാനത്തിനുവേണ്ടി ചന്തുവിനെ തള്ളിപ്പറയുന്നവളാണ് ഉണ്ണിയാർച്ച.

അപമാനിതനായി തലകുനിച്ചു മടങ്ങുന്ന ചന്തുവിലാണ് ഈ രംഗമവസാനിക്കുന്നത്. ഇത് പാട്ടിലും തിരക്കഥയിലും ഉണ്ണിയാർച്ചയുടെ ഒരു ‘മായം' മാത്രമാകുന്നു. പക്ഷേ പാട്ടിനെയും തിരക്കഥയെയും നിഷ്പ്രഭമാക്കിക്കൊണ്ട് സിനിമ ചന്തുവിന്റെ വരവിനെ കാവ്യാത്മകമായ ഒരു ദൃശ്യാനുഭവമാക്കി പരിവർത്തിപ്പിച്ചിരിക്കുന്നു.

ആരോമൽച്ചേകവരെ കുത്തുവിളക്കുകൊണ്ടു കൊലപ്പെടുത്തുകയും മരുമകൻ ആരോമലുണ്ണിയാൽ അങ്കത്തിൽ കൊലപ്പെടുത്തപ്പെടുകയും ചെയ്യുന്ന പാട്ടിലെ പ്രതിനായകനായ ചന്തു സിനിമയിലെ കളരിവിളക്കു തെളിഞ്ഞപോലുള്ള നായകനായി പരിവർത്തിക്കപ്പെടുമ്പോൾ സ്വാഭാവികമായും എന്തൊക്കെ സംഭവിക്കുന്നു?

ആരോമലെ കുത്തുവിളക്കുകൊണ്ടു മനഃപൂർവ്വം കൊല്ലുന്നില്ല ചന്തു. പകരം അയാളെ രക്ഷിക്കാനാണു ശ്രമിക്കുന്നത് ആരോമൽ മരിക്കുന്നത് സ്വന്തം കൈയബദ്ധത്താൽ തന്നെയാണ്. ചന്തുവിനെ കൊല്ലാൻ ചെല്ലുന്നുവെങ്കിലും സിംഹത്തെ ഗുഹയിൽച്ചെന്നു നേരിടാൻ തക്ക കരുത്തനല്ല തിരക്കഥയിലെ ആരോമലുണ്ണി. തിരക്കഥക്കും പ്രേക്ഷകർക്കും അതു ബോധ്യമാണ്. മറിച്ച് ആരോമുണ്ണിയെ പ്രശസ്തനാക്കാൻ അയാളുടെ ഖ്യാതിക്കുവേണ്ടി ആത്മഹത്യ ചെയ്തുകൊടുത്തുകൊണ്ടു തിരക്കഥയിലെ ചന്തു ത്യാഗിയും രക്തസാക്ഷിയുമായിരിക്കുന്നു.

ഇങ്ങനെ രൂപപ്പെട്ട ചന്തുവിന്റെ നായകത്വത്തിന്റെ സ്വഭാവത്തെ സാറാജോസഫ് അഭിനന്ദിക്കുന്നതിപ്രകാരം: ‘‘പുരാണകഥയുടെ പുനർവായന നടത്തുകയും ചന്തുവിന്റെ പക്ഷത്തുനിന്നു ചിന്തിക്കുകയും ചെയ്ത കഥാകൃത്തിന്റെ സങ്കല്പങ്ങളെ വലിയൊരർത്ഥത്തിൽ പുനർനിർമ്മിക്കാൻ മമ്മൂട്ടിക്കു സാധിച്ച സിനിമയാണിത്. മമ്മൂട്ടിയുടെ ആകാരം തൊട്ട് എല്ലാം അദ്ദേഹത്തെ അതിനു സഹായിച്ചിട്ടുണ്ട്. ഇതുവരെ വന്ന സിനിമകളിൽ ചന്തു വില്ലനായിരുന്നു. ചന്തുവിനെ നായകസ്ഥാനത്തു നിർത്തി എന്നു മാത്രമല്ല മമ്മൂട്ടിയുടെ ചന്തു നിലവിലുള്ള ചന്തുവിനെ സ്ത്രീകൾക്കു സ്‌നേഹിക്കാൻ പറ്റുന്ന വിധത്തിൽ മാറ്റിയെടുക്കുകയും ചെയ്തു. ശരിക്കും മമ്മൂട്ടിയുടെ ചന്തുവിനെ ഇഷ്ടപ്പെട്ടുപോയിട്ടുണ്ട് സ്ത്രീകൾ. നന്മയുടെ പ്രതീക്ഷ, എല്ലാ ഗുണഗണങ്ങളുടെയും വിളനിലം, എന്ന നിലയിലുള്ള മലയാള സിനിമയിലെ നായക പ്രതീക്ഷയെ മാറ്റി ഒരു പ്രതിനായകസങ്കല്പം ഈ ചിത്രത്തിൽ സ്വീകരിച്ചു. മമ്മൂട്ടി എന്ന നടൻ പലപ്പോഴും കാണിക്കുന്ന ധൈര്യത്തിലാണിത്. എംടിയുടെ ഡയലോഗ് ഉൾക്കൊണ്ട് ആ സാധ്യതയിലെത്താൻ മമ്മൂട്ടിക്ക് ഈ ചിത്രത്തിൽ കഴിഞ്ഞു.''
(പു 35, ഇന്ത്യാ ടുഡേ മമ്മൂട്ടി സ്‌പെഷ്യൽ 2007)

മമ്മൂട്ടിയെന്ന നടനേക്കാൾ ചന്തുവെന്ന കഥാപാത്രത്തെ അടയാളപ്പെടുത്തുന്ന അഭിപ്രായപ്രകടനമാണിത്. അതുകൊണ്ടാണ് ഈ പഠനത്തിൽ അതു പരിഗണിക്കേണ്ടി വരുന്നത്.

തിരക്കഥയിലെ ചന്തു പ്രതിനായകനല്ല. നായകത്വ ഗുണങ്ങളിൽ ഏതാണയാൾക്കില്ലാത്തത്? പുത്തൂരം പാട്ടിലെ ചതിയുടെയും കൊലയുടെയും കളങ്കം തിരക്കഥയിലെ ചന്തുവിനെ സ്പർശിച്ചിട്ടില്ല. ഇപ്പോളയാൾ ധീരനും വീരനുമാണ്. അങ്കത്തഴമ്പുള്ള ചേകവനാണ്. ദക്ഷിണ നായകനാണ്. ഉണ്ണിയാർച്ചയോടു മോഹമുണ്ടായിരുന്നു. ഉണ്ണിയാർച്ച പോയാൽ കുഞ്ചുണ്ണൂലിയോ തുമ്പോലാർച്ചയോ ആകാം. അവരും പോയപ്പോൾ അരിങ്ങോടരുടെ മകൾ മോഹിച്ചു. അവൾ ആത്മഹത്യ ചെയ്തപ്പോൾ മരുമകൾക്ക് ആലംബമായി.

നാല്പത്തിരണ്ടാം വയസ്സിൽ പതിനെട്ടു കളരിക്കും ഗുരുക്കൾ. പുത്തൂരം കിടാങ്ങൾ തന്നോടു ജയിക്കില്ലെന്നറിഞ്ഞ് അയാൾ ചെയ്യുന്ന ത്യാഗമാണ് ആത്മഹത്യ. മനസ്സിൽ പരാജയങ്ങളേറ്റുവാങ്ങിയവനെങ്കിലും ശരീരം കൊണ്ട് ആരെയും പരാജയപ്പെടുത്താൻ പോന്നവനാണ്. വടക്കൻപാട്ടിലെ സ്ത്രീജിതരായ മറ്റേതു ദക്ഷിണ നായകനെയും പോലെ (ആരോമൽ, ഒതേനൻ, കോമൻ) വീരപരിവേഷമുള്ള നായകനാക്കി ചന്തുവിനെ ശുദ്ധീകരിച്ചെടുക്കുകയാണ് തിരക്കഥ ഫലത്തിൽ ചെയ്തത്.

ഇനി, വടക്കൻപാട്ടിലെ നായകന്മാർ യഥാർഥത്തിൽ ഇന്നത്തെ എല്ലാ സ്ത്രീകൾക്കും മോഹിക്കത്തക്കവരാണോ? ചേകോന്മാരുടെ കർതൃത്വമെന്താണ്? സ്വന്തം വീര്യം ഏതോ ഭരണകർത്താക്കളുടെ വീരത്വസ്ഥാപനത്തിനായി ധൂർത്തടിക്കുന്നവരാണവർ. വെറും അങ്കക്കോഴികൾ.എണ്ണയിട്ടുഴിഞ്ഞു വടിവൊത്ത അവരുടെ ആകാരം അധികാരികൾക്കുവേണ്ടി അങ്കംവെട്ടി ജയിക്കാനോ മരിക്കാനോ ഉള്ളതാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പട്ടാളക്കാരേക്കളാൾ കഷ്ടം. ഇന്ന് മസിൽ പവറുള്ള ഏതെങ്കിലും വാടക ഗുണ്ടകൾ ചെയ്യുന്നതാണ് അന്നവർക്കു ചെയ്യേണ്ടിയിരുന്നത്. പെണ്ണിനു കാമിക്കാനോ സുഖിക്കാനോ പെണ്ണിനെ കാമിക്കാനോ സംരക്ഷിക്കാനോ വേണ്ടിയുള്ളതായിരുന്നില്ല ആ ശരീരങ്ങൾ.

അഷ്ടമത്തിൽ വ്യാഴമെത്തിയപ്പോൾ പണ്ടു ബാലിയെന്നപോലെ താനും ഒളിപ്പോരിൽ മരിച്ചുപോകേയുള്ളുവെന്ന് ആരോമൽച്ചേകവർ ആധിപ്പെടുന്നുണ്ട്. ഇരുപത്തിരണ്ടാം വയസ്സിൽ അന്നയാളുടെ ഭാര്യ കുഞ്ചുണ്ണൂലിക്ക് എത്ര വയസ്സുകാണും? ഒളിസേവക്കാരി തുമ്പോലാർച്ചക്കോ? പ്രണയിക്കാനോ പ്രണയപൂർവ്വം കാമിക്കാനോ തക്ക മൂപ്പെത്തും മുമ്പേ ചേകോന്മാർ വീരസ്മരണകൾ മാത്രമാവുന്നു. അയാൾ അയാൾക്കുവേണ്ടി കൂടിയുള്ളവനായിരുന്നില്ലല്ലോ. കൗമാരക്കാരികളായ എത്രയെത്ര സുന്ദരി വിധവമാർ.

ഒരു പക്ഷേ ലളിതാംബിക അന്തർജ്ജനവും വി.ടി. ഭട്ടതിരിപ്പാടും അന്നു തിരിച്ചറിഞ്ഞ അന്തർജ്ജന ബാലവിധവകളേക്കാൾ എത്രയോ കൂടുതൽ. ഇവരിലൊരാൾപോലും ഇന്നോളം വെളിച്ചപ്പെടുകയുണ്ടായില്ലെന്നോർക്കണം. അയാളിരുന്നാലും മരിച്ചാലും അങ്കപ്പോരിലൂടെ ഉണ്ടാക്കിയെടുത്ത പേരും പെരുമയും മാത്രമാണു പെണ്ണിനാശ്രയം. അതുകൊണ്ടാണ് നേരിട്ടു വെട്ടി മരിക്കുന്നത് വീട്ടേക്കും നാട്ടേക്കും അഭിമാനമാണെന്നും ഒളിവെട്ടുവെട്ടി മരിച്ചാൽ പച്ചോലയിൽ കെട്ടി വലിക്കുമെന്നും മകനെയും ഭർത്താവിനെയും ആങ്ങളെയെയും പെണ്ണുങ്ങൾ യാത്രയാക്കുന്നത്. ചെന്നേടം ചെന്നു ജയിച്ചുവരാനാവാഞ്ഞാൽ പിന്നെ ജീവനോടിരിക്കുന്നത് വീരനായ ചോകോന് അപമാനകരമാണ്.

ഇവർ ദേശവാഴികൾക്കിടയിലെ നിസ്സാരമായ തർക്കങ്ങൾക്കിടയിൽ അല്പായുസ്സുകളായിപ്പോയ ഏതോ പഴയ കാലത്തിന്റെ ഊർജ്ജമായിരിക്കാം; ഇവരെപ്പറ്റി പറയുമ്പോഴും കേൾക്കുമ്പോഴും ഞരമ്പിൽ ചോരതുടിച്ചിരിക്കാം. പക്ഷെ ഇന്നത്തെ കാലത്ത് സ്ത്രീയുടെയും പുരുഷന്റെയും ഊർജ്ജസ്രോതസ്സുകളും മൂല്യവിചാരങ്ങളും മാറിക്കഴിഞ്ഞു.

വടക്കൻപാട്ടുകളിലെ നായകസങ്കല്പത്തെ ബലപ്പെടുത്തുമ്പോൾത്തന്നെ ആധുനികഘട്ടത്തിന്റെ വ്യക്തിപരതയിലൂന്നുകയും ചെയ്യുന്നു എം.ടിയുടെ ഒരു വടക്കൻ വീരഗാഥ. ആടയാഭരണങ്ങളും ഭൗതിക പശ്ചാത്തലവും എടുത്തുമാറ്റിയാൽ ചന്തുവിന് അപ്പുണ്ണിയുടെയും സേതുവിന്റെയും ഗോവിന്ദൻകുട്ടിയുടെയുമൊക്കെ രൂപഭാവങ്ങൾ മാറിമാറിയനുഭവപ്പെടുന്നതതു
കൊണ്ടാണ്. വ്യക്തിനിരപേക്ഷമായ പ്രാകൃതഗോത്രപരതയിൽനിന്നു ചന്തുവിന്റെ വ്യക്തി സ്വത്വത്തെ ആധുനിക യുക്തിയോടെ സ്വതന്ത്രമാക്കാനാണു തിരക്കഥ ശ്രമിച്ചു കാണുന്നത്. ചന്തുവിന്റെ രക്തസാക്ഷിത്വം ആ ശ്രമത്തെ ദയനീയമായി പരാജയപ്പെടുത്തുന്നു. അപ്പോൾ സ്വാഭാവികമായും ചന്തൂന്​ ചന്തൂനെ മാത്രമെ ഇഷ്ടപ്പെടാൻ പറ്റുകയുള്ളു.

നിറകൊണ്ട പാതിരാനേരത്ത് ഒറ്റയ്ക്ക് കുമരംപുഴ നീന്തിക്കടന്ന് ഉണ്ണിയാർച്ചക്കരികിലെത്തുന്ന ചന്തുവിന് ഹെമിങ്‌വേയുടെ കോഡ്ഹീറോ ഛായയുണ്ട്. എന്നാൽ കിഴവനും കടലുമെന്ന നോവലിലെ സാന്തിയാഗോവിനെപ്പോലെ ഇയാളൊരു ‘തളർന്ന ജോതാവല്ല.' പരാജിതനാണ്. സാന്തിയോഗിൽനിന്ന്​ വ്യത്യസ്തമായി കാമുകിയെ അതും ചതിക്കുന്നവളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള സാഹസികയാത്ര ദയനീയമായി പരാജയപ്പെടുന്നു. ഈ പരാജയം അയാളെ രക്തസാക്ഷിയാക്കുന്നു. ‘‘നീ എന്റെ മകനായിരുന്നെങ്കിൽ ഞാൻ നിന്നെ ചൂതുകളിക്കാൻ കൊണ്ടുപോയേനെ. എന്നാൽ നീ നിന്റെ അച്ഛന്റെയും അമ്മയുടേതുമായിപ്പോയി'' എന്നാണ് സാന്തിയാഗോ കുട്ടിയോടു പറയുന്നതെങ്കിൽ ചന്തു ആരോമുണ്ണിയോട് ‘‘എനിക്കു പിറക്കാതെപോയ മകനാണു നീ ഉണ്ണി'’ എന്നു നെടുവീർപ്പിടുന്നു.

ഇതേ നെടുവീർപ്പാണ് കൊച്ചുതെമ്മാടിയിലെ ശേഖരൻ മാഷുടേതും. മാധവിക്കുട്ടിയുടെ മകനായ ഉണ്ണിയെ നാണിയമ്മ കൊണ്ടു വരുമ്പോൾ അയാൾ ആത്മഗതം ചെയ്യുന്നതും. ''എനിക്കു പിറക്കാതെപോയ മോനാണിത്,'' എന്നാണ്. ചിലപ്പോൾ ബാഹ്യപ്രകൃതിയും ചില കഥാസന്ദർഭങ്ങളും ഹെമിങ്‌വേ നായകന്മാരെ ഓർമ്മിപ്പിക്കുമെങ്കിലും ആന്തരിക പ്രകൃതി അതിൽനിന്നു വ്യത്യസ്തവും പലപ്പോഴും വിപരീതവുമാകുന്നു. ചന്തുവിന്റെതുപോലെ പരാജയം, ആത്മനിന്ദ, രക്തസാക്ഷിത്വം എന്നിവയുടെ ലാഞ്ഛനപോലും സാന്തിയാഗോവിൽ കാണില്ല.

അതായത് ഹെമിങ്‌വേയുടെ കഥാപാത്രത്തിന്റെ ചില നായകാംശങ്ങൾ സ്വീകരിക്കുമ്പോൾത്തന്നെ എം ടിയുടെ നായകനിൽ ചില അനായകാംശങ്ങൾ (Non hero content) ഉണ്ടെന്നു കാണാം. ഇതുപക്ഷെ വീര്യമുള്ള പ്രതിനായകാംശം (Anti hero content) അല്ലതന്നെ. പതിട്ടെടി നീളമുള്ള മത്സ്യത്തിന്റെ അസ്ഥികൂടം മാത്രം വലിച്ചുകൊണ്ടു സാന്തിയാഗോ ദിവസങ്ങൾക്കുശേഷം കരക്കണയുന്നതു അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചുതന്നെയായിരുന്നു എന്നാൽ ആറ്റുമണമ്മേലേക്ക് കുമരംപുഴ നീന്തിയെത്തിയ ചന്തു തലകുനിച്ചാണ് അവിടെനിന്നു മടങ്ങുന്നത്​.

സ്വയം ആവർത്തിക്കൽ

എം.ടിയുടെ തന്നെപൂർവ്വരചനകളെ പ്രത്യേകിച്ച് നാലുകെട്ട്, രണ്ടാമൂഴം എന്നീ നോവലുകളെ ആവർത്തിക്കുന്ന ഒരു പ്രവണത ഈ തിരക്കഥ പ്രകടമാക്കുന്നു.
വീടിന്റെയും ബന്ധങ്ങളുടെയും ഘടന :പുത്തൂരം വീടിന്റെയും അരിങ്ങോടരുടെ വീടിന്റെയും അന്തരീക്ഷം എം.ടി കൃതികളിലെ പഴയ നാലുകെട്ടുകളുടേതു തന്നെ. പകലാണെങ്കിലും ഇരുട്ടുതങ്ങി നില്ക്കുന്ന ഇടനാഴിയും കുളവും കാവുമൊക്കെ അതേ അന്തഃരീക്ഷത്തെ ഭാവകത്വപരമായി പുനരാനയിക്കുന്നു. നായക സ്വത്വത്തെക്കുറിച്ചാണെങ്കിൽ അപ്പുണ്ണിയുടെയും സേതുവിന്റെയും അതുപോലുള്ള മറ്റനവധി എംടിയൻ നായകന്മാരുടേയും ആവർത്തനമായി ചന്തു മാറുന്നു.

ഉണ്ണിയാർച്ചയുടെ മുടിയിൽനിന്നു വീഴുന്ന മുല്ലപ്പൂ മൊട്ടുകളെ എടുത്തോമനിക്കുന്നു ചന്തു അമ്മിണിയേടത്തിയുടെ ചുവന്ന വളപ്പൊട്ടുകൾ കുളത്തിലേക്കെറിയുന്ന അപ്പുണ്ണിയായി മാറുന്നു.

അഭ്യാസക്കാഴ്ചയുടെ രംഗങ്ങൾ (സീൻ 16, 17): ചന്തുവും ആരോമലും തമ്മിലുള്ള ചുരികപ്പയറ്റ് മുറുകിയപ്പോൾ അങ്കമുറകൾ തെറ്റുന്നു. തുല്യശക്തർ. നാടുവാഴി പക്ഷേ സമ്മാനം നല്കുന്നത് ആരോമലിനാണ്. ആയുധങ്ങൾ തൊഴുതുവെയ്ക്കാൻ കളരിയിലെത്തുമ്പോഴും ഇരുവരും ഏറ്റുമുട്ടുന്നു. ആരോമലേക്കാൾ തെളിഞ്ഞത് ചന്തുവാണെന്ന ഗുരുനാഥൻ കണ്ണപ്പച്ചേകവരുടെ വാക്കുകളാണ് ചന്തുവിനെ തണുപ്പിക്കുന്നത്.

എം.ടി. വാസുദേവൻ നായർ

കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപര്യടനത്തിൽ ‘കർണ്ണന്റെ അരങ്ങേറ്റ'മെന്ന അധ്യായത്തിൽ സുയോധനനും ഭീമനും തമ്മിലുള്ള ഗദ ഉൾപ്പടെയുള്ള പയറ്റുമുറകളെപ്പറ്റി രേഖപ്പെടുത്തിയതിങ്ങനെ: ‘‘പിന്നീട് സുയോധനനും വൃകോദരനും ഗദയേന്തി കളത്തിലിറങ്ങി. അവർ വാശിപൂണ്ട് പല പയറ്റുമുറകളും കാട്ടി. കാഴ്ചക്കാർക്കിടയിൽ പക്ഷഭേദംമൂലം കക്ഷി പിരിവുവരികയായി. അപ്പോൾ ബുദ്ധിമാനായ ദ്രോണാചാര്യർ പുത്രനെ അയച്ചു അവരെ പിരിച്ചുവിട്ടു.'' (2000 : 31)

ഇതുപോലെ തുല്യശക്തരായ അർജ്ജുനനും കർണ്ണനും തമ്മിലുള്ള അഭ്യാസക്കാഴ്ചയിൽ അർജ്ജുനന്റെ നില്ക്കക്കള്ളിക്കുവേണ്ടി കർണ്ണന്റെ കുലമന്വേഷിക്കുന്നു. കൗരവപാണ്ഡവരുടെ സാധാരണമായ ബാലക്രീഡയിൽ വിത്തിട്ടു കഴിഞ്ഞതും ഭാവിയിൽ കുരുക്ഷേത്രത്തിലെ ആ മഹായുദ്ധമായി പടർന്നു പന്തലിക്കാനിരിക്കുന്നതുമായ കുടുംബമത്സരം കിളർന്ന് ഇലവിരിഞ്ഞ് വരുന്നതിനേയാണ് ഇതിഹാസകവി ഇവിടെ അസാധാരണ നാടകീയഭംഗിയോടെ കാഴ്ചയക്കുവെച്ചിരിക്കുന്നത് (2000: 34) എന്ന് മാരാർ ഈ അഭ്യാസക്കാഴ്ചയെ വിലയിരുത്തുന്നു.

എം ടിയുടെ ‘രണ്ടാമൂഴ'ത്തിലെ രണ്ടാം ഭാഗമായ കൊടുങ്കാറ്റിന്റെ മർമ്മരത്തിലെ അഞ്ച്, ആറ് ഭാഗങ്ങൾ ഈ അഭ്യാസക്കാഴ്ചയുടെ ഭീമപക്ഷാവതരണമാണ്. ദുര്യോധനനും ഭീമനും തമ്മിലുള്ള ഗദായുദ്ധം. തനിക്കിതു മത്സരമല്ലെന്നും പകവീട്ടലാണെന്നും ഭീമനു തോന്നുന്നു. അശ്വത്ഥാമാവ് ചാടിവീണ് അത് നിർത്തിക്കുന്നു. ദ്രോണരും കൃപരും ഓർമിപ്പിക്കുന്നു, ‘‘ഇത് യുദ്ധമല്ല അഭ്യാസക്കാഴ്ചയാണ്'' (1985 : 60).

ആറാം ഭാഗത്ത് അപമാനിതനായ കർണ്ണനോടുള്ള ഭീമന്റെ ഐക്യഭാവം. വടക്കൻ വീരഗാഥയിലെ ചന്തുവിൽ രണ്ടാമൂഴത്തിലെ ഭീമന്റെ അംശങ്ങൾ കലർന്നു കാണാം. അയാൾ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നുണ്ട് (സീൻ 15) അങ്കമുറകൾക്കനുസരിച്ചല്ലാതെ ആരോമലിന്റെയും ചന്തുവിന്റെയും അഭ്യാസം മുന്നേറിയപ്പോൾ അത്രമതി അങ്കമല്ല. അഭ്യാസക്കാഴ്ചയാണ് എന്നു കണ്ണപ്പച്ചേകവർ. കളരിയിൽ വെച്ച് ‘‘അങ്കംകൊണ്ടേ കലിയടങ്ങൂ എങ്കിൽ വാ രണ്ടുപേരും. ബോധക്കേട് ഞാൻ തീർത്തുതരുന്നുണ്ട്.''

പാണ്ഡവരുടെയും കൗരവരുടേയും അഭ്യാസക്കാഴ്ചയിൽ മഹാഭാരതയുദ്ധം സൂചിതമെന്നു വ്യാഖ്യാനിക്കുന്ന ‘ഭാരതപര്യടനത്തെ' അനുസ്മരിപ്പിച്ചുകൊണ്ട് വടക്കൻ വീരഗാഥയിൽ പുത്തൂരം വീട്ടിലെ അഭ്യാസക്കാഴ്ച ചന്തുവിനും പുത്തൂരം ചേകവർക്കുമിടയിൽ രൂപപ്പെട്ട മത്സരത്തെയും വരാനിരിക്കുന്ന അങ്കത്തെയും സൂചിപ്പിക്കുന്നു. ‘രണ്ടാമൂഴ'ത്തിൽ ഭീമനും ദുര്യോധനനും തമ്മിലും ഭീമനും കർണ്ണനും തമ്മിലും ഭാരതപര്യടനത്തിലെ കർണ്ണനും അർജ്ജുനനും തമ്മിലുമുണ്ടായ അഭ്യാസക്കാഴ്ചകളെ ഇതോർമ്മിപ്പിക്കുകയും ചെയ്യുന്നു.

സിനിമാരംഗത്തെ വടക്കൻപാട്ടു പൂർവ പാരമ്പര്യവും വടക്കൻ വീരഗാഥയും

വടക്കൻ പാട്ടുകൾ ഏറെക്കാലമായി സിനിമയ്ക്കു പ്രിയങ്കരമായ വിഷയമാണ്. കുഞ്ചാക്കോ- ശാരംഗപാണി ടീമിന്റെ കുറേയേറെ വടക്കൻപാട്ടു സിനിമകളുണ്ടായിട്ടുണ്ട്. അവക്കൊന്നും അച്ചടിച്ച ലിഖിത തിരക്കഥകൾ ഉണ്ടായിരുന്നതായി കാണുന്നില്ല. തിരുവിതാംകൂർ ഭാഷയായിരുന്നു കഥാപാത്രങ്ങൾ സംസാരിച്ചിരുന്നത്. പുത്തൂരംപാട്ടുകളെ കേന്ദ്രീകരിച്ച് ഉണ്ണിയാർച്ച, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തുമ്പോലാർച്ച എന്നിവ. പാലാട്ടുകോമൻ, തച്ചോളി ഒതേനൻ, തച്ചോളി അമ്പു, തോറ്റങ്ങൾ എന്നിങ്ങനെ മറ്റുള്ളവ.

അവയിലെ മിക്ക കഥാപാത്രങ്ങളും വാർപ്പുമാതൃകയിലുള്ളതായിരുന്നു. അവയിലെ ഗാനങ്ങൾ ജനപ്രിയമായി എന്നതാണ് ശ്രദ്ധേയം. ആ ഗാനങ്ങൾ പലതും വടക്കൻപാട്ടുവരികൾ തന്നെയായിരുന്നു. പ്രത്യേകിച്ച് പുത്തൂരംപാട്ടു സിനിമകളിൽ. ഒന്നുകിൽ വടക്കൻപാട്ടിനെ അതേപടി അനുവർത്തിക്കുകയോ അല്ലെങ്കിൽ അതിശയോക്തിപരമായി ചിലതു കൂട്ടിച്ചേർക്കുകയോ ചെയ്തു കൊണ്ടായിരുന്നു അവയുടെ കഥാഘടന. അതിശയോക്തിയുടെ അംശങ്ങൾ ആവശ്യത്തിൽക്കൂടുതൽ അനുഭവപ്പെടുത്തുന്ന സന്ദർഭങ്ങൾ അതിൽ നിരവധിയായിരുന്നു. കഥകളിയിൽ ശ്ലോകത്തിൽ കഴിക്കുന്നത് വടക്കൻ പാട്ടുസിനിമകളിൽ പാട്ടിൽ കഴിക്കുന്നതായും കാണാം.

കഥയോടും കഥാപാത്രങ്ങളോടുമുള്ള പരിചരണത്തിന്റെ കാര്യത്തിൽ വടക്കൻ വീരഗാഥ വ്യത്യസ്തമായിരിക്കുന്നു. കഥാപാത്ര പരിവർത്തനത്തിലൂടെ വ്യക്തിത്വമുള്ള മറ്റൊരു കഥാപാത്രത്തെ രൂപപ്പെടുത്തിയെടുക്കുന്നു. വടക്കൻ പാട്ടുവരികളെ പാട്ടിന് ആശ്രയിക്കുന്നില്ല. കഥാപാത്രങ്ങളുടെ വേഷം, ഭാഷ, ഭാവം എന്നിവയിൽപ്പുലർത്തിയ സൂക്ഷ്മതയാണ് അവർക്ക് ആധുനികമാനം നല്കിയത്. ഫ്യൂഡലായ അമാനുഷപരിവേഷത്തിൽനിന്ന് മുതലാളിത്ത ജനാധിപത്യത്തിന്റെ ആധുനിക ഭാവങ്ങളിലെത്തിപ്പെട്ടുവെന്നതാണ് മാറ്റം.

തിരക്കഥയിലെ സ്ഥലവും ഭാഷയും

സ്ഥലം, കഥാപാത്രങ്ങൾ എന്നിവ വടക്കനായിരിക്കുന്നു (കോരപ്പുഴയ്ക്ക് വടക്ക്) വെന്ന സൂചന സിനിമ നല്കുന്നു. പക്ഷേ വള്ളുവനാടിനെ ഓർമ്മിപ്പിച്ചുകൊണ്ടാണവയുള്ളത്. കറുത്തനേർനാട് കടത്തനാടാകാം. അതല്ലെങ്കിൽത്തന്നെ മൂരാടുപുഴയ്ക്ക് വടക്കുള്ള ഏതെങ്കിലും ചെറിയ ദേശമാണ്. പക്ഷേ തിരക്കഥയിൽ അവിടുത്തെ പുഴ നിളാനദി തന്നെയായിരിക്കുന്നു! ചന്ദനലേപസുഗന്ധം പൂശിയതാരോ എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ ചന്തുവിന്റെയും ഉണ്ണിയാർച്ചയുടെയും പ്രണയരംഗചിത്രീകരണം ഉദാഹരണം. പശ്ചാത്തലത്തിലുള്ള പുഴ ‘മുറപ്പെണ്ണി'ലെ പുഴ തന്നെയാണ്. പുത്തുരം വീട്ടിലെ കടത്തനാടൻ ഈഴവ പശ്ചാത്തലമാകട്ടെ തിരക്കഥയിൽ അസ്സൽ നായർ മരുമക്കത്തായ ഭൂമിക തന്നെയായിരിക്കുന്നു. അവർ സംസാരിക്കുന്ന ഭാഷയാകട്ടെ, അച്ചടിച്ച വള്ളുവനാടൻ ഭാഷയാണ്. കടത്തനാടൻ ഭാഷയിലല്ല കഥാപാത്രങ്ങൾ സംസാരിക്കുന്നത്. ഉദാ: കുഞ്ഞിരാമൻ: അഷ്ടികാലത്തും ചന്തു ഇവിടെത്തന്നെ നിൽക്കണതെന്താ?
കണ്ണപ്പച്ചേകവർ: നീയും എഴുത്തും പയറ്റും പഠിച്ച് കേമനാവണം.

വടക്കൻ പാട്ടുകളുടെ കടത്തനാടൻ അന്തഃരീക്ഷത്തിൽ നിന്ന്​ പിഴുതുമാറ്റപ്പെട്ട് വള്ളുവനാട്ടിലെ ഏതോ നാട്ടിൻപുറത്തെ ഓർമിപ്പിക്കുന്നതാണ് ഒരു വടക്കൻ വീരഗാഥ.

(ഐ ബുക്‌സ് പ്രസിദ്ധീകരിച്ച ഗീതയുടെ ‘ആൺതച്ചുകൾ ’എന്ന ഈ കൃതിയിൽനിന്ന്​)


ഗീത

സ്​ത്രീപക്ഷ പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. സാഹിത്യം, സിനിമ, സംസ്​കാര പഠനം എന്നിവയിൽ വിമർശനാത്​മക ഇടപെടൽ. വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായിരുന്നു. കണ്ണാടികൾ ഉടയ്​ക്കുന്നതെന്തിന്​, എഴുത്തമ്മമാർ, മലയാളത്തിന്റെ​​​​​​​ വെള്ളിത്തിര, കളിയമ്മമാർ, പെൺകാലങ്ങൾ, ഗീതയുടെ സമ്പൂർണ കഥകൾ, അമ്മക്കല്ല്​ (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments