ഗോൾഡ് റഷിൽ ചാർളി ചാപ്ലിൻ

ഗോൾഡ് റഷ്: ദുഃഖത്തെ ചൂഴ്​ന്നുനിൽക്കുന്ന ഹാസ്യം

ദി കിഡ്, സിറ്റിലൈറ്റ്‌സ്, ഗോൾഡ് റഷ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം നമ്മൾ അനുഭവിക്കുന്നത് ചിരിയെ ചൂഴ്ന്നുനിൽക്കുന്ന കണ്ണീരാണ്; കരുണയുടെ മേഘത്തിന് ചുറ്റുമുള്ള ചിരിയുടെ വെള്ളിവരയാണ്.

സിനിമയുടെ നിശബ്ദ യുഗത്തിലെ ഏറ്റവും മഹത്തായ സംഭാവനകൾ നൽകിയവരിൽ പ്രമുഖ സ്ഥാനമുള്ള ചലച്ചിത്രകാരനാണ് ചാർലി ചാപ്ലിൻ. ദരിദ്രവും ദുരിതമയവുമായ ജീവിത ചുറ്റുപാടുകളിൽ വളർന്ന്, കൊടും ദാരിദ്ര്യത്തിൽ നിന്നും സമ്പന്നതയുടെ കൊടുമുടിയിലേക്ക് എത്തിച്ചേർന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. ജീവിതത്തിലെ ദുഃഖങ്ങളെ പ്രസാദാത്മകമായ തന്റെ കലാസിദ്ധി കൊണ്ട് അതിജീവിക്കുകയും ലോകത്താകമാനമുള്ള സിനിമാ പ്രേക്ഷകരെ എക്കാലത്തും ഹാസ്യത്തിന്റെ നിസ്തുലമായ വിതാനങ്ങളിലേക്ക് ഉയർത്തുകയും ചെയ്തതാണ് ചാപ്ലിന്റെ വിജയം. ആക്ഷേപഹാസ്യവും ഹാസ്യാനുകരണവും സാമൂഹ്യ വിമർശനവും കോമാളിത്തവും പ്രഹസനവും എല്ലാം ചാപ്ലിൻ പ്രയോജനപ്പെടുത്തുന്നു; ഒപ്പംതന്നെ ജീവിതത്തിന്റെ വിഷാദാത്മകതയെ ഒരു ഒരു ദുരന്ത നാടകത്തിൽ എന്നപോലെ അതോടൊപ്പം അനാവരണം ചെയ്യാനും അനുഭവിപ്പിക്കുവാനും ആ പ്രതിഭാശാലിക്ക് കഴിയുന്നു.

സഞ്ജയൻ എന്ന കേരളത്തിലെ ഹാസ്യസാഹിത്യകാരന്റെ മറ്റൊരുരാജ്യത്തുള്ള, മറ്റൊരു രംഗത്തുള്ള, ഒരു അവതാരമാണ് ചാർലി ചാപ്ലിൻ എന്ന് പറയാം.

കലയിലൂടെ ലഭിക്കുന്ന സഹനത്തിന്റെ അനുഭവങ്ങളിൽനിന്ന് അനുവാചകർക്ക് ഉണ്ടാവുന്ന അനുതാപം ശക്തമായ ഒരു വൈകാരിക പ്രതികരണം ആണ്. കേവലയുക്തിയെ വിട്ടു നാം ഒരു വൈകാരിക സഹ ഭാവത്തിൽ എത്തിച്ചേരുകയാണ്. ഈ സഹഭാവത്തെ ചിരിയിലൂടെ ആസ്വാദ്യമാക്കുക എന്നതാണ് ചാപ്ലിൻ സിനിമകളുടെ മുഖമുദ്ര. ദി കിഡ്, സിറ്റിലൈറ്റ്‌സ്, ഗോൾഡ് റഷ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം നമ്മൾ അനുഭവിക്കുന്നത് ചിരിയെ ചൂഴ്ന്നുനിൽക്കുന്ന കണ്ണീരാണ്; കരുണയുടെ മേഘത്തിന് ചുറ്റുമുള്ള ചിരിയുടെ വെള്ളിവരയാണ്.

ദി കിഡ്, സിറ്റിലൈറ്റ്‌സ് - ചിത്രങ്ങളിൽ നിന്നുള്ള രംഗം

വ്യക്തിപരമായ പരാജയങ്ങൾ, സമൂഹത്തിന്റെ കണ്ണിൽ ചോരയില്ലായ്മ, ദാരിദ്ര്യം, ജീവിതം ഏൽപ്പിക്കുന്ന ദുരിതങ്ങൾ ഇതെല്ലാം ദുഃഖകാരണമാവുന്നു. ഇതിനെയെല്ലാം അതിജീവിക്കാനുള്ള ഒരു ഉപായമായി ചിരിയെ കൂട്ടുപിടിക്കുന്ന വൈദഗ്ധ്യമാണ് ചാപ്ലിനെ അനന്യനായ ഒരു ഹാസ്യകലാകാരനാക്കി മാറ്റുന്നത്. ദുരന്തങ്ങൾക്കു മുന്നിൽ നിസ്സഹായരായി പോകുന്ന മനുഷ്യർ തങ്ങളുടെ മാനസികസമനില തകരാതെ സൂക്ഷിക്കുന്നത് പലപ്പോഴും ഹാസ്യത്തിലൂടെയാണ്. "കരളെരിഞ്ഞാലും തലപുകഞ്ഞാലും ചിരിക്കണം അതേ വിദൂഷക ധർമ്മം '
എന്ന് സ്വന്തം ജീവിതം കൊണ്ടും എഴുത്തു കൊണ്ടും ഏതാണ്ട് അതേ കാലത്ത് നമുക്ക് കാട്ടിത്തന്ന സഞ്ജയൻ എന്ന കേരളത്തിലെ ഹാസ്യസാഹിത്യകാരന്റെ മറ്റൊരുരാജ്യത്തുള്ള, മറ്റൊരു രംഗത്തുള്ള, ഒരു അവതാരമാണ് ചാർലി ചാപ്ലിൻ എന്ന് പറയാം.

അലാസ്‌കയിൽ ഒളിഞ്ഞുകിടക്കുന്ന സ്വർണ്ണത്തിനു വേണ്ടി വേട്ടയ്ക്ക് ഇറങ്ങിയ ലക്ഷക്കണക്കിനു ഭാഗ്യാന്വേഷികളുടെ ചരിത്രത്തിൽ നിന്നാണ് ചാപ്ലിൻ ഗോൾഡ് റഷ് എന്ന ചിത്രത്തിനുള്ള ഇതിവൃത്തം കണ്ടെടുക്കുന്നത്.

അതിഭാവുകത്വതെ തിരസ്‌കരിച്ച്, ഗൗരവമുള്ള കോമഡി സൃഷ്ടിക്കുവാനാണ് ചാപ്ലിൻ എന്നും ശ്രമിച്ചിട്ടുള്ളത്. ദി കിഡ്, സിറ്റി ലൈറ്റ്‌സ്, ഗോൾഡ് റഷ്, മോഡേൺ ടൈംസ് , ദി ഗ്രേറ്റ് ഡിക്‌റ്റെറ്റർ തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് ഇത് ബോധ്യപ്പെടാൻ പ്രയാസമില്ല. വളരെ ഗൗരവമുള്ള കാര്യങ്ങളാണ് ചിരി ഉയർത്തുന്നത്. പലപ്പോഴും പ്രഹസനം ദുരന്തത്തിന്റെ മുഖംമൂടി അണിയുകയാണ്.ചിരിയുണ്ടാക്കാനുള്ള സന്ദർഭങ്ങളിൽ കെട്ടഴിച്ചുവിടുന്ന സ്വാതന്ത്ര്യം ചാപ്ലിൻ പ്രയോഗിക്കുന്നുണ്ടെങ്കിലും അതിഭാവുകത്വം ഒഴിവാക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തുന്നതായി ക്കാണാം.

മോഡേൺ ടൈംസ്, ദി ഗ്രേറ്റ് ഡിക്റ്റേറ്റർ

പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യത്തിൽ കാലിഫോർണിയയിലെ ചില്ക്കൂട്ട്ചുരത്തിലൂടെ അലാസ്‌കയിൽ ഒളിഞ്ഞുകിടക്കുന്ന സ്വർണ്ണത്തിനു വേണ്ടി വേട്ടയ്ക്ക് ഇറങ്ങിയ ലക്ഷക്കണക്കിനു ഭാഗ്യാന്വേഷികളുടെ ചരിത്രത്തിൽ നിന്നാണ് ചാപ്ലിൻ ഗോൾഡ് റഷ് എന്ന ചിത്രത്തിനുള്ള ഇതിവൃത്തം കണ്ടെടുക്കുന്നത്. തണുത്തുറഞ്ഞ, വിജനമായി കിടക്കുന്ന, ധ്രുവപ്രദേശസദൃശമായ പരപ്പുകളിലൂടെ കടുത്ത ഹിമപാതങ്ങളും ശീതക്കൊടുങ്കാറ്റുകളും മറ്റും സഹിച്ച് പ്രകൃതിയുടെ അതിശക്തമായ തിരിച്ചടികളെ അതിജീവിച്ച് സ്വർണവേട്ടക്കിറങ്ങിയവർക്ക് നേരിടാൻ ഉണ്ടായിരുന്നത് നരമാംസം ഭക്ഷിക്കുക പോലും വേണ്ടി വന്ന കൊടുംപട്ടിണിയും കടുത്ത മത്സരങ്ങളും മുൻപിൻ നോക്കാതെയുള്ള അപകടകരമായ കുതിപ്പും ഒക്കെയായിരുന്നു. സാമ്പത്തിക നേട്ടം കൊയ്യാനുള്ള ആർത്തിയും ദുരയും സ്വാർത്ഥവും ജീവിതവിജയം നേടാനുള്ള ത്വരയും എല്ലാം ഈ മനുഷ്യരെ ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു.

ഭക്ഷണം, പാർപ്പിടം, ചെലവിനുള്ള പണം, സ്വീകാര്യത, സ്‌നേഹം എന്നിങ്ങനെയുള്ള മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.

ഈ ഭാഗ്യാന്വേഷികളിൽ ചിലർ വിജയംകണ്ടു; അനേകംപേർ കടുത്ത പ്രതികൂലസാഹചര്യങ്ങൾ നേരിടാൻ കഴിയാതെ പിൻമാറുകയോ വഴിയിൽ മരിച്ചു മണ്ണടിയുകയോ ചെയ്യേണ്ടിവന്നു. ഇക്കൂട്ടത്തിൽ ആണ് നിധി തേടി പുറപ്പെട്ട ഏകാകിയായ ചാർലിയും തന്റെ ഭാഗ്യാന്വേഷണത്തിന് ഇറങ്ങുന്നത്. കണ്ടവരുടെ എല്ലാം പരിഹാസത്തിന് ഇരയാവുന്ന വേഷവുമായി- അയഞ്ഞ പാന്റും മുറുകിയ കോട്ടും തൊപ്പിയും വടിയും മുറി മീശയും ചേർന്ന ചാപ്ലിൻ അനശ്വരമാക്കിയ കോമാളി വേഷം - ഉത്കർഷേച്ഛയാൽ പ്രേരിതനായി തനിച്ച് ധ്രുവപ്രദേശത്തെ ശൈത്യത്തിന്റെ രൂക്ഷതകൾ സഹിച്ച്​ അയാൾ മുന്നോട്ട്‌ നീങ്ങുന്നു ഇതിനിടയിൽ കടുത്ത ഒരു ഹിമക്കൊടുങ്കാറ്റിൽ അകപ്പെട്ട് മരണം മുന്നിൽ കാണുന്ന ചാർലി കാലുമാറ്റക്കാരനായ ലാർസന്റെ കൂടാരത്തിൽ എത്തുന്നു. എങ്കിലും നിർദ്ദയനായ ലാർസൻ ചാർളിയെ തള്ളി പുറത്താക്കാൻ ശ്രമിക്കുകയാണ്.

അപ്പോഴാണ് വിധി ബിഗ് ജിം മക്കെയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. പൊരിഞ്ഞ ഒരു യുദ്ധത്തിൽ ബിഗ് ജിം ലാർസനെ കീഴടക്കുന്നു. ഏകാകിയും
ജിമ്മും കൂടാരത്തിൽ കഴിയുന്നു ലാർസനെ ഭക്ഷണം കണ്ടെത്താൻ പറഞ്ഞു വിടുന്നു. ഇരുവരും പട്ടിണികിടന്ന് അവശരായപ്പോഴാണ് ഭാഗ്യത്തിന് ഒരു കരടി വന്നത്. അതിനെ കൊന്ന് അവർ സൂക്ഷിച്ചു വെക്കുന്നു.

ചാർളി ചാപ്ലിൻ (ഏകാകി), മാക് സ്വൈൻ (ബിഗ് ജിം മെക്കി), ടോം മുറൈ (ബ്ലാക്ക് ലാർസൻ)

ഹിമക്കൊടുങ്കാറ്റ് ഒന്ന് അടങ്ങിയപ്പോൾ അടുത്ത പട്ടണത്തിലേക്ക് അവർ പുറപ്പെടുന്നു. അലാസ്‌കയിലെ ഏറ്റവും സമ്പന്നമായ ഒളിഞ്ഞുകിടക്കുന്ന ഖനിയിലേക്ക് മക്കെ യാത്രയാവുന്നു. അവിടെ തന്റെ സ്വത്ത് ലാർസൻ കൈവശപ്പെടുത്തിയതായി കണ്ടെത്തുന്നു. രൂക്ഷമായ സംഘട്ടനം നടന്നപ്പോൾ ലാർസന്റെ മഞ്ഞുകോരി കൊണ്ടുള്ള അടിയേറ്റ് മക്കെ വീഴുന്നു. ഓടിയകലുന്ന ലാർസൻ ആകട്ടെ ശക്തമായി ഉരുൾ പൊട്ടിയൊലിക്കുന്ന ഹിമപ്രവാഹത്തിൽപ്പെട്ട് മരണമടയുന്നു. മക്കെക്ക് ബോധം വീണ്ടു കിട്ടുന്നുണ്ടെങ്കിലും അടിയുടെ ശക്തിയിൽ ഓർമ്മ നഷ്ടപ്പെടുന്നു.

ഏകനായ ചാർലി, സ്വർണവേട്ടക്കിടയിൽ കൂൺ പോലെ മുളച്ചു വന്ന നഗരങ്ങളിൽ ഒന്നിൽ എത്തിപ്പെടുന്നു ആളുകൾക്ക് കളിയാക്കി ചിരിക്കാൻ ഉള്ള ഒരു പരിഹാസപാത്രമായി അയാൾ ഡാൻസ് ഹാളിന്റെ പരിസരങ്ങളിൽ അലയുന്നു. നൃത്തക്കാരികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ജോർജിയയിൽ അയാൾക്ക് താൽപര്യം ജനിക്കുന്നു- പ്രഥമദൃഷ്ട്യാ ഉളവായ പ്രണയം. അല്പം അകലത്തുനിന്നുകൊണ്ട് അയാൾ അവളെ ആരാധിക്കുന്നു. ജോർജിയയുടെ കയ്യിൽ കൊടുക്കാൻ കാമുകൻ ഒരു കുറിപ്പ് ഏൽപ്പിക്കുന്നത് അയാളെ ആണ്. കുറിപ്പുമായി അയാൾ ജോർജിയയെ തിരയുമ്പോൾ അതാ കുറച്ചൊക്കെ ഓർമ്മ തിരിച്ചു കിട്ടിയ ബിഗ് ജിം മെക്കെ കടന്നുവരുന്നു.

ചാർളി ചാപ്ലിൻ, ജോർജിയ ഹാലെ (ജോർജിയ)

ഖനി എവിടെ എന്ന് കണ്ടെത്തണമെങ്കിൽ നേരത്തെ താമസിച്ച കൂടാരം കണ്ടെത്തണം. അതിനായി മക്കെ ചാർളിയെ പിടിച്ചുവലിച്ച് കൂടാരത്തിലേക്ക് വഴി കാണിക്കാൻ നിർബന്ധിക്കുന്നു. രണ്ടാളും ലക്ഷപ്രഭുക്കളാവുമെന്ന വാഗ്ദാനമുണ്ട്. ലക്ഷപ്രഭുവായി തന്നെ കൂട്ടിക്കൊണ്ടുപോകാൻ തിരിച്ചെത്തുമെന്ന് ചാർലി ജോർജിയയോട് വിളിച്ചുപറയുന്നുണ്ട്

"ഈ ചിത്രത്തിന്റെ പേരിലാണ് ഞാൻ ഓർമിക്കപ്പെടാൻ ആഗ്രഹിക്കുന്നത്' എന്ന് 1925ൽ തന്നെ ഒരു പ്രദർശനം കഴിഞ്ഞ ഉടൻ ചാപ്ലിൻ പത്രലേഖകരോട് പറഞ്ഞിട്ടുണ്ട്.

ഒരുവർഷം കഴിഞ്ഞ് ജിമ്മും കൂട്ടാളിയായ ചാർലിയും സമ്പത്ത് നൽകുന്ന എല്ലാ പ്രൗഡിയും പദവിയുമായി മടങ്ങുകയാണ്. എങ്കിലും ജോർജിയ എങ്ങുപോയെന്നറിയാത്ത സങ്കടത്തിൽ ഏകാകിയുടെ മനസ്സ് നീറുന്നു. അതിപ്രശസ്തരായ കഴിഞ്ഞ ഈ കൂട്ടാളികളുമായി അഭിമുഖസംഭാഷണത്തിന് കപ്പലിൽ പത്രക്കാർ എത്തിച്ചേരുന്നു. പഴയ കോമാളിവേഷത്തിൽ ഒരു ഫോട്ടോ എടുക്കണം എന്ന് ചാർലിക്ക് ഒരു കുസൃതി തോന്നുന്നു. ആ വേഷത്തിൽ ഒരു ദ്വാരത്തിലൂടെ അബദ്ധത്തിൽ ചാപ്ലിൻ താഴോട്ട് വീഴുന്നത് അമേരിക്കയിലേക്ക് മടങ്ങുന്ന ജോർജിയയുടെ മടിയിലേക്ക് ആണ്. ആരാണ് ആ പെൺകുട്ടി എന്ന് പത്രക്കാർ ചോദിക്കുന്നുണ്ട്. പ്രണയാർദ്രരായി അവർ തോളോട് തോൾചേർന്ന് ഫോട്ടോകൾക്ക് പോസ് ചെയ്യുമ്പോൾ ''എന്തൊരു ഗംഭീര കഥയാണിത് !``എന്ന് പത്രക്കാർ അത്ഭുതം കൂറുന്നു.

ഭക്ഷണം, പാർപ്പിടം, ചെലവിനുള്ള പണം, സ്വീകാര്യത, സ്‌നേഹം എന്നിങ്ങനെയുള്ള മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. സ്വർണ്ണവേട്ടയുടെ പരുഷമായ പശ്ചാത്തലത്തിലാണ് ഇത് അവതരിപ്പിക്കുന്നത്. 1920 കളിലെ ഭൗതികസാഹചര്യങ്ങളുടെ പ്രതിഫലനം തന്നെയാണിത്. സാംസ്‌കാരികവും ചരിത്രപരവുമായ അതിരുകൾ ഭേദിച്ച് മുന്നേറുന്ന ഹാസ്യവും കാവ്യാത്മകതയുമാണ് ചിത്രത്തിനുള്ളത്. കുറിയവനും നിഷ്‌കളങ്കനും മറവിക്കാരനും ആദർശവാനും പ്രേമപരവശനും എല്ലാമായ തനിച്ചലഞ്ഞുതിരിയുന്ന കോമാളി എല്ലാ മനുഷ്യരുടെയും അകത്തു ജീവിക്കുന്ന ഒരു ബിംബമായി മാറിക്കഴിഞ്ഞു. അപ്രതീക്ഷിത സാഹചര്യങ്ങൾ സൃഷ്ടിച്ചു ഹാസ്യം രചിക്കുവാനുള്ള ചാപ്ലിനെ വിരുത് പ്രശംസനീയമാണ്.

ഭക്ഷണമില്ലാത്ത കടുത്ത ദുരവസ്ഥയിൽ ഷൂ തിന്നേണ്ടിവരുന്നതിന്റെ ദയനീയതയും സങ്കടവും നിലനിൽക്കെ അത് ഇറച്ചിയെന്നപോലെ ആസ്വദിച്ചു തിന്നുന്നതിലെ സ്വാഭാവികതയിലൂടെയാണ് ചാപ്ലിൻ നമ്മെ ചിരിപ്പിക്കുന്നത്.

കൊടുംപട്ടിണിയിൽ ഒന്നും കഴിക്കാൻ ഇല്ലാതെ ഷൂ പുഴുങ്ങി തിന്നുന്ന ദൃശ്യം നോക്കുക. ഷൂവിന്റെ മൃദുവായ മുകൾഭാഗം ജിമ്മിന് കൊടുത്ത്, സോളും ആണിയും ലെയ്‌സും എല്ലാം ചാർലി ആസ്വദിച്ചു തിന്നുന്നു. എല്ലിൽ നിന്ന് മജ്ജ ഊമ്പി കുടിക്കും പോലെയാണ് ഓരോ ആണിയും ചാർലി കൈകാര്യം ചെയ്യുന്നത്. ഭക്ഷണമില്ലാത്ത കടുത്ത ദുരവസ്ഥയിൽ ഷൂ തിന്നേണ്ടിവരുന്നതിന്റെ ദയനീയതയും സങ്കടവും നിലനിൽക്കെ അത് ഇറച്ചിയെന്നപോലെ ആസ്വദിച്ചു തിന്നുന്നതിലെ സ്വാഭാവികതയിലൂടെയാണ് ചാപ്ലിൻ നമ്മെ ചിരിപ്പിക്കുന്നത്. വിശന്നു പൊരിഞ്ഞിരിക്കുന്ന വിവശതയിൽ, ബിഗ് ജിം ഒരു ഭീമൻ കോഴിയായി മാറുന്നതായി തോന്നുന്ന രംഗങ്ങളും പുതുവത്സരാഘോഷവേളയിൽ ജോർജിയയെയും സുഹൃത്തുക്കളെയും പ്രതീക്ഷിച്ചു നിരാശനായി ഉറങ്ങി പ്പോയപ്പോൾ കാണുന്ന സ്വപ്നത്തിൽ അവരെ രസിപ്പിക്കാൻ ഫോർക്കും ബ്രെഡ് റോളും ഉപയോഗിച്ച് അവതരിപ്പിക്കുന്ന നൃത്തവുമെല്ലാം കേവലം തമാശ മാത്രമല്ല ചാപ്ലിന്റെ അസാമാന്യ പ്രതിഭയുടെ നിദർശനങ്ങളാണ്.

റൊളാങ്. എച്ച്. ആണ് ചാപ്ലിന്റെ സ്ഥിരം ക്യാമറാമാൻ എന്ന് പറയാം. അദ്ദേഹംതന്നെയാണ് ഗോൾഡ് റഷിലെ അവിസ്മരണീയമായ രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. 1942ൽ ചാപ്ലിൻ ഈ സിനിമയുടെ ശബ്ദം കൂട്ടിച്ചേർത്ത പതിപ്പ് ഇറക്കുകയുണ്ടായി. ""ചാപ്ലിന്റെ ഏറ്റവും മികച്ച ചിത്രം'' എന്ന് ന്യൂയോർക്ക് ടൈംസ് ഈ ചിത്രത്തെ വിശേഷിപ്പിച്ചു.""ഈ ചിത്രത്തിന്റെ പേരിലാണ് ഞാൻ ഓർമ്മിക്കപ്പെടാൻ ആഗ്രഹിക്കുന്നത്'' എന്ന് 1925ൽ തന്നെ ഒരു പ്രദർശനം കഴിഞ്ഞ ഉടൻ ചാപ്ലിൻ പത്രലേഖകരോട് പറഞ്ഞിട്ടുണ്ട്. മനുഷ്യന്റെ ആകുലതകളിൽ അത്യന്തം ആശങ്കയും അനുതാപവുമുള്ള ഒരു മനുഷ്യസ്‌നേഹിയെ ചാപ്ലിന്റെ ഗോൾഡ്റഷ് ഉൾപ്പെടെയുള്ള മുഖ്യചിത്രങ്ങളിൽ ഉടനീളം കാണാം. എന്നാൽ ഈ ആകുലതകളിൽ വിഷാദിച്ചു നിരാശനാവുന്നതിനുപകരം, അവയിൽ നിഷ്‌കളങ്കമായ ചിരിയുടെ സന്നിവേശത്തിലൂടെ മനുഷ്യരുടെ മനസ്വാസ്ഥ്യം നഷ്ടപ്പെടുത്താതെ അവരെ ശുഭാപ്തിവിശ്വാസത്തിലേക്ക് നയിക്കുന്ന അപൂർവ സർഗവൈഭവമുള്ള ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹം കാലത്തെ അതിജീവിക്കുന്നു.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments