‘ജോജി’യുടെ പോസ്റ്റർ

JOJI മുറിവേറ്റ ആണത്തം

സാമൂഹികമോ, രാഷ്ട്രീയമോ ആയ വിശകലനത്തെക്കാൾ കൂടുതൽ മനഃശാസ്ത്രപരമായ വിശകലനമാണ് ജോജി എന്ന സിനിമ അർഹിക്കുന്നത്.

This is not my suicide note This is my MARANA MOZHI The society has fucked me The society has killed me Arrest them. - Joji

ത്മഹത്യാ കുറിപ്പുകളുണ്ടാക്കുന്ന ഭീതി ചെറുതല്ല. അതും സമൂഹത്തെ മുഴുവൻ പഴി ചാരി എഴുതപ്പെട്ട ഒന്നുണ്ടാക്കുന്ന ഭീതി ഭീകരമാണ്. അടുത്തിടെ അത്തരമൊരു മരണമൊഴി എഴുതിയത് ജോജിയാണ്. ശ്യാം പുഷ്‌ക്കരൻ തിരക്കഥ എഴുതി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം.

ബാല്യത്തിനും കൗമാരത്തിനുമിടയിൽ സ്വന്തം അസ്തിത്വവും, ജീവിതത്തിന്റെ അർത്ഥവും നഷ്ടപ്പെട്ട, പിതാവിൽ നിന്ന് അധികാരം നേടിയെടുക്കുവാൻ ശ്രമിക്കുന്ന, എന്നാൽ അത്തരം പല ശ്രമങ്ങൾക്കുശേഷവും മനസ്സിൽ മുറിവുമാത്രം ബാക്കിയാവുന്ന മനുഷ്യനാണ് ജോജി. ഹോളിവുഡ് സിനിമകളിൽ അൽ പച്ചീനോയെ പോലുള്ള അഭിനേതാക്കൾ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള ‘മുറിവേറ്റ ആണത്തം' (Wounded Masculinity) പ്രകടമാക്കുന്ന കഥാപാത്രങ്ങൾ ജോജിയുടെ പിതാമഹന്മാരാണ്. അധികാരം, അത് ഏതുവിധേനയും കൈയാളുക, കൊലയും ജീവിതവും ഒരേ താളത്തിൽ നിലനിർത്തുക എന്നിവ അത്തരത്തിൽ ആഴമേറിയ മുറിവുകൾ പേറുന്ന മനസിനുമാത്രം സാധ്യമാകുന്ന ഒന്നാണ്.

പറഞ്ഞുവരുന്നത് പാട്രിയാർക്കിയുടെ അതിഭീമമായ സ്വാധീനത്തെ കുറിച്ചാണ്, അത്തരമൊരു വ്യവസ്ഥക്ക് അധികാരത്തിനോടുള്ള അടുപ്പത്തെ കുറിച്ചും, അതിന് മതവും ജാതിയും ഉണ്ടാക്കിക്കൊടുക്കുന്ന വളക്കൂറുള്ള മണ്ണിനെക്കുറിച്ചും. കഥക്ക് പാശ്ചാത്തലമാകുന്ന കുടുംബം യഥാർത്ഥത്തിൽ ഒരു രാജ്യമാണ്. പി.കെ. കുട്ടപ്പൻ എന്ന ജോജിയുടെ പിതാവ് ആ രാജ്യത്തിന്റെ രാജാവും. ജോജിക്കും പിതാവിനുമിടയിലെ മറ്റു കഥാപാത്രങ്ങളെല്ലാം അവരവരുടെ രീതിയിൽ ആ രാജ്യത്തിന് ഉപയോഗമുള്ളവരാണ് എന്ന് പിതാവിന് ബോധ്യമുള്ളവരാണ്. ജോജി മാത്രമാണ് പിതാവിന് ഒരു നഷ്ടമായി തോന്നുന്നത്.

സ്‌കോർസെസിയുടെ 'ടാക്സി ഡ്രെെവർക്ക്' 'ജോക്കർ' എന്ന പോലെ, കെ.ജി. ജോർജ്ജിൻറെ 'ഇരകൾക്ക്' ഒരു ട്രിബ്യൂട്ട് ആണ് ജോജി

ഭീകരമായ രീതിയിൽ തന്റെ ബലഹീനനായ മകനെ കൈകാര്യം ചെയ്യുന്നുണ്ട് ആ പിതാവ്. എന്നാൽ മറ്റൊരു അവസരത്തിൽ ആ പിതാവ് ബലഹീനനാകുമ്പോൾ ജോജിയുടെ മുമ്പിൽ അധികാര സാധ്യതകൾ വളരുന്നു. ഈ സാധ്യത ഉപയോഗിച്ച് അധികാരം എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്ന ജോജി കഥാന്ത്യത്തിൽ സ്വന്തം നാശത്തിലേക്ക് എത്തുന്നു.
എന്നാൽ, ഇത്തരമൊരു നാശം അധികാരം മോഹിക്കുന്ന ഏതൊരു മനസിനും സംഭവിക്കാവുന്നതാണ് എന്ന രീതിയിൽ കഥ അവസാനിപ്പിക്കാമായിരുന്നിട്ടും കഥ എത്തിപ്പെടുന്നത് ജോജിയുടെ ആത്മഹത്യാശ്രമത്തിന്റെ പരാജയത്തിലാണ്.

ജീവിതത്തിലും മരണത്തിലും ഒരുപോലെ പരാജിതനാണ് ജോജി. ജീവിതമോ മരണമോ നിശ്ചയിച്ച രീതിയിൽ തീരുമാനിക്കാൻ സാധിക്കുന്നില്ല എന്ന മൗലികപ്രശ്‌നം ഈ കഥാപാത്രത്തെ അലട്ടുന്നു. അതുകൊണ്ടുതന്നെ ഒരേസമയം ജോജിയോട് അടുപ്പവും പുച്ഛവും നമുക്ക് തോന്നാം. ജോജിയുടെ ആത്മഹത്യശ്രമം ഒരേസമയം ചിരിയും വിഷമവും ഉണ്ടാക്കുന്നുണ്ട്, നമ്മളിൽ പലർക്കും സ്വജീവിതത്തോട് പലപ്പോഴായി തോന്നാറുള്ള പുച്ഛവും അടുപ്പവും പോലെ. സമൂഹത്തിൽ നിലനിൽക്കുന്ന പലതരം അധികാരശ്രേണിയിൽ അകപ്പെട്ട ജീവിതങ്ങളാണ് നമ്മളിൽ ഓരോരുത്തരും. എന്നാൽ അത്തരമൊരു അധികാരത്തെ (പിതാവിന്റെ സർവാധികാരം) ജോജി സിനിമയിൽ ചോദ്യം ചെയ്തുതുടങ്ങുമ്പോൾ തുടക്കം കുറിക്കുന്നത് സ്വന്തം തകർച്ചക്കുകൂടിയാണ്. മാക്‌ബെത്തിന് സംഭവിച്ച പോലെ ജോജി സ്വന്തം മനസിലെ ഇരുണ്ട ശക്തികളെ പുറത്തെടുക്കുമ്പോൾ അത്തരം ശക്തിയുടെ നിയന്ത്രണാതീതമായ സാധ്യത സ്വന്തം ജീവനെ കൂടി ഇല്ലാതാക്കുവാൻ കെൽപ്പുള്ളതാണെന്ന് തിരിച്ചറിയുന്നില്ല. പിതാവിനും മകനുമിടയിൽ നടക്കുന്ന അധികാരപ്രയോഗങ്ങൾക്ക് ഒരു ബദൽ ജോജി അന്വേഷിക്കുന്നത് സ്വന്തം പിതാവിൽ നിന്ന് പഠിച്ച അക്രമസ്വഭാവത്തിൽ നിന്ന് കൂടിയാകുമ്പോൾ, ആ അക്രമം തന്നെ ജോജിയെ നശിപ്പിക്കുന്നു.

ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ / Photo: Syam Pushkaran, IG

ഏതു വിധേനയും അധികാരവും സമ്പത്തും നേടിയെടുക്കാൻ സ്വപ്നം കാണുന്ന മകൻ സ്വന്തം സ്വപ്നങ്ങൾക്കും പ്രവൃത്തികൾക്കും ഇടയിലുള്ള അതിരുകൾ കൂടി മായ്ക്കുമ്പോൾ മലയാളത്തിലെ മികച്ച ട്രാജഡി കൂടിയാണ് ജനിക്കുന്നത്. അതുകൊണ്ടുതന്നെ ജോജി ഒരേസമയം അധികാരത്തെ വെറുക്കാനും അധികാരത്തെ ചോദ്യം ചെയ്യാനും ശ്രമിക്കുമ്പോഴുണ്ടാകുന്ന താളപ്പിഴകളെ കൂടി തുറന്നുകാട്ടി യാഥാർഥ്യത്തോട് വളരെ അടുത്തുനിൽക്കുന്നു. അങ്ങനെ കാഴ്ചക്കാർ പതിയെ തങ്ങളിലെ ജോജിയെ തിരിച്ചറിയുവാൻ തുടങ്ങും. ഈ തിരിച്ചറിയൽ തന്നെയാണ് സിനിമയിലൂടെ ഉദ്ദേശിച്ചിരിക്കുന്നതും.

ഹോളിവുഡിൽ മാർട്ടിൻ സ്‌കോർസെസിയുടെ ടാക്‌സി ഡ്രൈവറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എങ്ങനെ ജോക്കർ നിർമിക്കപ്പെട്ടോ അതുപോലെ കെ. ജി. ജോർജിന്റെ ഇരകൾക്ക് ഒരു ട്രിബ്യൂട്ടായി മാറുന്നു ജോജി. മാനസികമായ ചില അന്വേഷണങ്ങൾക്ക് തയ്യാറാകുന്നു എന്നതുകൊണ്ടുതന്നെ സാമൂഹികമോ, രാഷ്ട്രീയമോ ആയ വിശകലനത്തെക്കാൾ കൂടുതൽ മനഃശാസ്ത്രപരമായ വിശകലനമാണ് ജോജി അർഹിക്കുന്നത്.

ഒറ്റപ്പെട്ടു കിടക്കുന്ന കുളം

പുരയിടത്തിനടുത്ത് പുതുതായി വൃത്തിയാക്കപ്പെട്ട കുളം ഒരു പ്രധാന കഥാപാത്രമാണ് സിനിമയിൽ. എല്ലാ പ്രശ്‌നങ്ങളുടെയും, ജോജിയുടെ ഗൂഢാലോചനകളുടെയും ഇടം ഈ കുളമാണ്. കുളത്തിലെ വെള്ളം വറ്റിക്കുന്നതിന് ഇറക്കിവെച്ച വാൽവ് പുറത്തെടുക്കുവാൻ ശ്രമിക്കുമ്പോൾ പിതാവിന് സ്‌ട്രോക്കുണ്ടാകുന്നതും ‘മീനില്ലാത്ത കുളത്തിൽ മീൻ പിടിച്ച്' അക്രമത്തിനുള്ള ഗൂഢാലോചന മെനയാൻ ജോജി എത്തിപ്പെടുന്നതും അനക്കമില്ലാത്ത ഈ ജലാശയത്തിലാണ്. പിതാവും പുത്രനും ഒരുപോലെ അടക്കിവെക്കാൻ ശ്രമിക്കുന്ന ആഗ്രഹത്തിന്റെ ഇടം കൂടിയാണത്.

'ജോജി'യിലെ കുളം

ചെറുപ്പക്കാരാൽ എടുത്തുപൊക്കാൻ പറ്റാത്ത വാൽവ് എടുത്തുപൊക്കി തന്റെ അന്ത്യമില്ലാത്ത യൗവനവും ആരോഗ്യവും ആഘോഷിക്കുന്ന പിതാവ് പക്ഷെ ആ ആഗ്രഹത്തിൽ തന്നെ കാലിടറിവീഴുന്നു. തുടർന്ന് ഇതേ ഇടത്തിൽ മകൻ ജോജി തിരിച്ചെത്തുന്നത് ബലഹീനനായി താൻ കരുതിയിരുന്ന പിതാവിൽ നിന്ന് വീണ്ടും ഒരു ആക്രമണം നേരിട്ടശേഷമാണ്. പിതൃഹത്യയ്ക്ക് ഗൂഢാലോചന മെനയുമ്പോഴും ജോജി, താനും പിതാവിനെ പോലെ ആവുകയാണോ എന്ന് ഭയപ്പെടുന്നു (താൻ ചൂണ്ടയിട്ട് കുരുക്കിയ പിതാവ് തന്റെ കരങ്ങൾക്ക് താങ്ങുവാൻ കഴിയാത്ത വിധം ശക്തനാണോ എന്ന ഭയം ജോജിയുടെ സ്വപ്നത്തിൽ കാണാം).

ഫ്രോയ്ഡി​യൻ ചിന്തയിൽ പറഞ്ഞാൽ പിതാവിനും മകനും ഒരു പോലെ മനസിലുള്ള വന്യമായ തലമാണ്, ഒഴുക്കില്ലാതെ കെട്ടിനിൽക്കുന്ന ആ ജലാശയം. മനസിന്റെ Id (വന്യതയുടെയും തീക്ഷണമായ ആഗ്രഹങ്ങളുടെയും തലം). ജോജി എപ്പോൾ ഈ തലത്തിൽ എത്തി ചേരുന്നുവോ അപ്പോൾ മുതൽ കഥ മാറുന്നു. താൻ വാങ്ങിച്ച കുതിരയെ ഷെഡിൽ നിന്ന് മുറ്റത്തേക്ക് ഇറക്കുന്ന ജോജി വളരെ സിമ്പോളിക്കായ ഒരു ദൃശ്യസംവേദനമാണ് നടത്തുന്നത്. അതാകട്ടെ ഫ്രോയിഡ്Id എന്ന വന്യമായ തലത്തെ ഒരു കുതിരയുമായി ചേർത്തുനിർത്തിയ താരതമ്യം ഓർമിപ്പിക്കുന്നതും (The Id being a horse while the ego is the rider. The ego is like a man on horseback, who has to hold in check the superior strength of the horse).

എന്നാൽ തുടർന്നുള്ള കഥയുടെ ഗതിയിൽ ജോജി പായുകയാണ്, അധികാരത്തിലേക്ക് ഒരു കുതിരയെപ്പോലെ. ആ പാച്ചിലിന് വേഗം കൂട്ടുന്നത് കുളത്തിനരികെ വെച്ച് നടത്തുന്ന വന്യമായ ചിന്തകളും. മനസിന്റെ വന്യമായ തലത്തിൽ നിന്നുകൊണ്ടുള്ള ചിന്തയായതുകൊണ്ടുതന്നെ പലതും ലോജിക്കലല്ല, കഥയിൽ ജോജിയുടെ വന്യമായ ആഗ്രഹവും പ്രവൃത്തിയും തമ്മിലുള്ള അതിർവരമ്പുകൾ മായിക്കപ്പെടുന്നത് അവിടുന്നങ്ങോട്ടാണ്.
പിതൃഹത്യക്കുശേഷമുള്ള അടുത്ത കുറ്റകൃത്യം മനസിൽ കാണുമ്പോൾ തന്നെ ജോജി സ്വയം കാണുന്നത് ഇളക്കമില്ലാത്ത ആ ജലാശയത്തിനരികിൽ ചൂണ്ടയിട്ട് ഇരിക്കുന്നതായാണ്.

ആൽഫ്രഡ് ഹിച്ച്കോക്കിൻറെ 'സെെക്കോ'യിലെ രംഗം

ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ സൈക്കോ എന്ന ചിത്രത്തിലാണ് ഇതിനുമുൻപ് മനസിന്റെ മൂന്ന് തലങ്ങൾ ഭൗതികമായി ദൃശ്യവൽക്കരിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ നോക്കുമ്പോൾ ജോജിയുടെ മനസിന്റെ അടിത്തട്ട് (Id) എന്നത് ഒഴുക്കില്ലാത്ത ആ കുളവും, വീട് (Ego) എന്നത് മനസിന്റെ യാഥാർഥ്യബോധവും, ജോജിയുടെ മുറി എന്നത് (Joji's Palace - Super Ego) മനസിന്റെ മൂല്യബോധവുമാണ് (പിതാവിന്റെ മരണത്തെ ഓർത്തുള്ള ചെറിയ കുറ്റബോധം മുതൽ സമൂഹത്തെ തന്റെ മരണത്തിന് ഉത്തരവാദികളാക്കുന്ന മാനസിക തലം). ഈ മൂന്ന് തലങ്ങൾ തമ്മിൽ സംഘർഷങ്ങളുണ്ടാകുമ്പോഴും ജോജിയുടെ മാനസിക നില അഭയം തേടുന്നത് ഒറ്റപ്പെട്ട കുളത്തിലാണ്. മനസിന്റെ അടിത്തട്ടിൽ.

പിതൃഹത്യയിലോ ആത്മഹത്യയിലോ അവസാനിക്കുന്നതല്ല ജോജിയുടെ മനസിന്റെ താളപ്പിഴ. അത് സമ്പത്ത് സൃഷ്ടിക്കുന്ന ദാരിദ്ര്യത്തിലും, അധികാരപ്രയോഗത്തിലും തുടങ്ങി മനുഷ്യനെ മനുഷ്യനായി കണ്ട് ചിന്തിക്കാനുള്ള ശേഷി ഇല്ലാതാകുന്നതിൽ നിന്ന് ഉയർന്നുവരുന്നതാണ്. മാർക്‌സ് പറഞ്ഞതുപോലെ, സമൂഹത്തിൽ ഒരു കുറ്റവാളി ഉണ്ടാകുന്നത് ഒരു വ്യക്തിയുടെ കുഴപ്പമല്ല, മറിച്ച് സമൂഹത്തിന്റെ മുഴുവൻ കുഴപ്പമാണ് എന്ന് തിരിച്ചറിയുമ്പോൾ കാഴ്ചക്കാർ വീണ്ടും തങ്ങളിലെ ജോജിയെ തിരിച്ചറിയുന്നുണ്ട്.

കഥയുടെ പേരുപോലെ തന്നെ "ജോജിയാണ്' കഥയുടെ ഹീറോ, എപ്പോഴെല്ലാം ജോജിയിൽ സ്വഭാവവ്യത്യാസങ്ങൾ വരുന്നുവോ, ആ വ്യത്യാസത്തിനോട് പ്രതികരിക്കുക മാത്രമാണ് മറ്റ് കഥാപാത്രങ്ങൾ ചെയ്യുന്നത്. ഏറ്റവും നല്ല ഉദാഹരണം ജോജിയുടെ സ്വാധീനത്തിൽ ഒരു പരിധി വരെ കുറ്റകൃത്യത്തിന് കൂട്ട് നിന്ന "ബിൻസി' എന്ന, സിനിമയിലെ ഏക സ്ത്രീകഥാപാത്രമാണ്. മറ്റെല്ലാ കഥാപാത്രങ്ങളിലും ജോജിയുടെ ഒരു അംശം തിരക്കഥാകൃത്ത് നിലനിർത്തി എന്നുള്ളതുകൊണ്ടുതന്നെ ജോജി എന്നത് ഒരു കഥാപാത്രത്തേക്കാൾ കൂടുതൽ ഒരു മാനസിക തലമാണ്. ആ മാനസിക തലത്തോട് പ്രതികരിക്കുക എന്നത് മാത്രമാണ് കഥയിലെ മറ്റു കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളത്. ഫാന്റസിക്കും, വന്യമായ സ്വപ്നങ്ങൾക്കും ഒഴികെ മറ്റൊന്നിനും സ്ഥാനമില്ലാത്ത ആ മാനസികതലത്തെ മനസിലാക്കുക എന്നതാണ് പ്രധാനം. ▮

Comments